Wednesday, April 16, 2008

പൈ‌ലറ്റുമ്മാര്‍....!!! അഹങ്കാരികള്‍...!!

Take off is optional, but the landing is mandatory

വിമാനത്തിന്റെ സ്പീഡ്‌ V1 അഥവാ പൊങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും വരെയുള്ള സ്പീഡ്‌ എത്തുവോളം "ന്നാ ഇപ്പൊ പൊങ്ങണ്ട" എന്നു ഡ്രൈവര്‍ക്ക്‌ തീരുമാനിക്കാം! പക്ഷേ അതും കഴിഞ്ഞ്‌ ആകാശത്തെത്തിയ ഈ പണ്ടാരത്തെ എങ്ങനേലും ഒന്ന് നിലത്തെത്തിക്കണം എന്നത്‌ നിര്‍ബന്ധമാകുന്നു.

അസ്സലാകപ്പാടെ ആലോചിച്ചാല്‍ ഈ വിമാനമോടിക്കല്‍ എന്തെളുപ്പം! ഗ്രൗണ്ട്‌ കണ്‍ട്രോളര്‍ ഉരുട്ടിക്കോളാന്‍ പറഞ്ഞാല്‍ വിമാനം ഉരുട്ടി റണ്‍വേയില്‍ കൊണ്ടു വെയ്ക്കണം. ന്നിട്ട്‌ അപ്രത്തൂട്യോ ഇപ്രത്യൂടോ വേറെ വിമാനം ഒന്നും വരുന്നില്ലേല്‍ എയര്‍ കണ്ട്രോളര്‍ ഡബിള്‍ ബെല്ല് കൊടുക്കും "ന്നാ പൂവാ റൈറ്റ്‌"...!

ശ്‌റ്റ്റ്റ്റ്ര്‍..... ഓ മ്മളാകാശത്തെത്തി.!

പിന്നെന്താ? ആ ഓട്ടോ പൈലറ്റ്‌ അങ്ങട്ട്‌ ഓണ്‍ ചെയ്ത്‌ വെക്കാം. പിന്നെ വല്ല പാട്ടോ സിനിമയോ ഒക്കെ ആസ്വദിച്ച്‌ അങ്ങിനെ ഇരിക്കാം.

ഇറങ്ങേണ്ട സമയമാവുമ്പം താഴേന്ന് വീണ്ടും വിളി വരും.

"ഇങ്ങ്‌ പോരട്ടെ ഒരു പത്തിരുപതിനായിരം അടി താഴേക്ക്‌..."

"ആ...പോരട്ടേ പോരട്ടേ..."

"പ്പ എത്ര്യായി"

"ഏകദേശം ഒരു രണ്ടായിരം അടി"

"മാഷക്ക്‌ റണ്‍വേ കാണാവോ?"

"പിന്നെ, നല്ല മണി മണിയായിട്ട്‌ കാണാം"

"ന്നാ അബ്‌ടെത്തന്നെ ഇറക്കിക്കോളേ..."

ആഹഹാ..എന്തെളുപ്പം. പിന്നെ ഈ ഡ്രൈവര്‍മാര്‍ എന്തിനാപ്പാ എന്റെ സമയം കഴിഞ്ഞേ..ഇനി പറത്താന്‍ ആളെ വേറെ നോക്കിക്കോന്നൊക്കെ പറഞ്ഞ്‌ ആളെ മക്കാറാക്കണേ....ദിപ്പ ഇത്ര ഭാരിച്ച പണിയാ? ഇവന്മാരെയൊക്കെയുണ്ടല്ലോ ചവിട്ടിക്കൂട്ടി പന്തു തട്ടിക്കളിക്കണം...ഹാ!അഹങ്കാരികള്‍!

ശരി. എന്നാ കഥകളി വേറൊന്നുകൂടെ നടക്കുന്നുണ്ട്‌ ഇപ്പോ. പ്രതി ഡയറക്റ്ററേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (DGCA). വാദി ലോകത്തെ സകലമാന വിമാനക്കമ്പനികളും. കഥ കീചക വധം തന്നെ!

ഇപ്പോ ഒരു പൈലറ്റിന്റെ പറപ്പിക്കണ സമയത്തിന്റെ കടുപ്പം തുടര്‍ച്ചയായി വരുന്ന പന്ത്രണ്ട്‌ മാസങ്ങളില്‍ ആയിരത്തി അറുനൂറ്‌ മണിക്കൂറുകളാവുന്നു. അതില്‍ തന്നെ ഇരുപത്തിനാലു മണിക്കൂറില്‍ മൊത്തം എട്ട്‌ മണിക്കൂര്‍ ചങ്ങായിക്ക്‌ വിശ്രമവും അനുവദിക്കണം. DGCA പറയണത്‌ ഈ ആയിരത്തി അറുനൂറ്‌ മണിക്കൂര്‍ ഒരു കൊല്ലത്തില്‍ എന്നത്‌ ആയിരം മണിക്കൂര്‍ ആയി കുറയ്ക്കണം എന്നാണ്‌. അതായത്‌ പൈലറ്റുമാര്‍ ഇപ്പോ തന്നെ വിമാനം പറത്തുന്ന സമയം വളരെ കൂടുതല്‍ ആണെന്ന്. പോരേ പൂരം?

വിമാനക്കമ്പനിക്കാര്‍ വെറുതെയിരിക്ക്വോ? അവര്‌ പറേണത്‌ "ന്നാ പ്പിന്നെ തേരാപ്പാരാ നടക്കണ ചെക്കന്മാരെയൊക്കെ പിടിച്ച്‌ പൈലറ്റാക്ക്‌, ഇപ്പറേണ സമയം വെച്ച്‌ ഓടിക്കാനുള്ള പൈലറ്റുകളൊന്നും ഞാളേലില്ല" എന്നും.

"അതെന്തൊരു ഉളുപ്പില്ലാത്ത പണ്യാ DGCA കാണിച്ചത്‌. പൈലറ്റുമ്മാര്‍ക്ക്‌ അല്ലേത്തന്നെ മുഴുത്ത അഹങ്കാരല്ലേ? അതിനിടക്ക്‌ ഇതും....?"

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലം ലോകത്ത്‌ നടന്ന വിമാനാപകടങ്ങള്‍ മൊത്തം പരിശോധിച്ചിട്ടാണ്‌ DGCA ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്‌ എന്നൂടെ അറിയുമ്പഴോ?

വിശദമാക്കണം അല്ലേ?തന്നെക്കാളും മൂന്നാലു മീറ്റര്‍ പൊക്കത്തില്‍ ലോഡും കയറ്റി റോട്ടുമ്മെക്കൂടെ പോകുന്ന ട്രക്കുകള്‍ ഓടിക്കുക എന്നത്‌,അതേത്‌ വോള്‍വോ ആയാലും ബെന്‍സ്‌ ആയാലും ശരി, നല്ല കായികാദ്ധ്വാനം ആവശ്യമുള്ള പണിയാണ്‌. എന്നാലും ആ ഡ്രൈവര്‍ സ്കൂളില്‍ പോയിരിക്കണം എന്ന് ഒരു ഡ്രൈവേര്‍സ്‌ മാന്വലും പറയുന്നില്ല. എന്നാല്‍ പത്ത്‌ നാനൂറ്‌ ടണ്‍ ഭാരമുള്ള ഒരു വിമാനം ആകാശത്തൂടെ പറത്താന്‍ ഒരു ട്രക്ക്‌ ഓടിക്കുന്നതിന്റെ നൂറിലൊരംശം പോലും കായികാധ്വാനം ആവശ്യമില്ല. പക്ഷേ ആ പറത്തുന്നവന്‍ പഠിച്ച്‌ പരൂക്ഷയൊക്കെ പാസായി വന്നിരിക്കണം. ഗുട്ടന്‍സ്‌ പിടികിട്ടിയോ?

കായികാധ്വാനത്തിനെക്കാളും മനുഷ്യനെ ക്ഷീണിപ്പിക്കുന്ന മാനസികാധ്വാനം അഥവാ ടെന്‍ഷന്‍ ആണ്‌ ഒരു പൈലറ്റ്‌ അനുഭവിക്കുന്നത്‌. അങ്ങേരുടെ മനസ്സിന്‌ ആവശ്യമുള്ളത്രയും വിശ്രമം കിട്ടിയില്ലെങ്കില്‍ ചിലപ്പോ വിമാനത്തിലിരിക്കുന്ന പത്ത്‌ മുന്നൂറ്‌ ജീവന്‍ സ്വാഹ....!

ചുമ്മാ അങ്ങ്‌ ദുഫായീന്ന് അല്ലെങ്കില്‍ ഖത്തറീന്ന് കയറി കാലും നീട്ടിയിരുന്ന് ച്ചിരെ വീശി, ശാപ്പാടുമടിച്ച്‌ ഒരു സിനിമേം കണ്ട്‌ ഒരു നാലുമണിക്കൂര്‍ കൊണ്ട്‌ ഇങ്ങു കൊച്ചീലോ കോഴിക്കോട്ടൊ വന്നിറങ്ങുന്ന നമ്മളോര്‍ക്കുന്നോ ആ നാലു മണീക്കൂറില്‍ കോക്പിറ്റില്‍ നടന്ന കാര്യങ്ങള്‍?

ആകെ മൊത്തം കണക്കു കൂട്ടലുകളുടെ കളിയാണ്‌ സര്‍ ഈ പറക്കണ പറക്കലുകളെല്ലാം.

ഉദാഹരണത്തിന്‌ ടേക്ക്‌ ഓഫ്‌ തന്നെയെടുക്കാം.

"ന്നാ കൂട്ടിക്കോ..."

വിമാനത്തിന്റെ ഭാരം പ്ലസ്‌ അതിലെ മൊത്തം യാത്രക്കാരുടെ ശരാശരി തൂക്കം പ്ലസ്‌ ആകെമൊത്തം ലഗേജുകളുടെ തൂക്കം പ്ലസ്‌ വിമാനത്തില്‍ ഇപ്പോ നിറച്ച ഇന്ധനത്തിന്റെ തൂക്കം, കൂട്ടിയോ?

"ആ കൂട്ടി"

"നമ്മളീ പറക്കാന്‍ പോണ റണ്‍വേയുടെ നീളം അറിയോ"

"ഒവ്വ"

"ശരി, കാറ്റടിക്കുന്നുണ്ടോ?"

"ഒണ്ടല്ലോ"

"എത്ര നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍? എവിടന്ന് എങ്ങോട്ട്‌?"

"അതിപ്പോ വെതര്‍കാസ്റ്റ്‌ നോക്കി പറഞ്ഞ്‌ തരാം ട്ടോ"

"അപ്പോ ടേക്കോഫിന്‌ എഞ്ചിന്‍ ത്രസ്റ്റ്‌ എത്ര സെറ്റ്‌ ചെയ്യണം മഹനേ?"

ഇദൊക്കെ എന്തു കാര്യത്തിന്‌?

സിമ്പിള്‍..ഉദാഹരണത്തിന്‌ ഒരു വിമാനത്തിന്റെ റൊടേറ്റ്‌ സ്പീഡ്‌ (V2 അഥവാ "മേലോട്ട്‌ പോട്ടെയ്‌" എന്നും പറഞ്ഞ്‌ അതിന്റെ മൂക്ക്‌ ആകാശത്തോട്ട്‌ പൊക്കാന്‍ ആവശ്യമായ സ്പീഡ്‌) മണിക്കൂറില്‍ 145 നോട്ടിക്കല്‍ മൈല്‍ (എതാാണ്ട്‌ 270 കിലോമീറ്റര്‍) ആണെന്നിരിക്കട്ടെ. വിമാനത്തിന്റെ മൊത്തം ഭാരവും റണ്‍വെയുടെ നീളവും അടിക്കുന്ന കാറ്റിന്റെ ദിശയും വേഗവും ഒന്നും കണക്കാക്കാതെ പറപ്പിക്കാന്‍ നോക്കിയാല്‍ ഈ പറയുന്ന 145 നോട്ടിക്കല്‍ മൈല്‍ എത്തുമ്പോഴേക്കും വിമാനം ചിലപ്പോ റണ്‍വേയും കടന്ന് കണ്ടത്തൂടെയും വരമ്പത്തൂടെയുമൊക്കെ കുറെ ഓടിയിട്ടുണ്ടാവും.

ഇദാ വെല്യ കാര്യം? ഇതൊരു കമ്പ്യൂട്ടര്‍ പിടിപ്പിച്ച്‌ അതിനങ്ങ്‌ ഇന്‍പുട്‌ ചെയ്താ പോരെ, ഠപ്പേന്ന് കിട്ടൂലോ ഉത്തരം.

പോരാ. ഏത്‌ കമ്പ്യൂട്ടറുണ്ടായാലും പൈലറ്റ്‌ കണക്കു കൂട്ടിയുണ്ടാക്കണം അത്‌.

ലോകത്തുള്ള ഓരോ എയര്‍പോര്‍ട്ടിലേയും സാഹചര്യങ്ങള്‍ ഒന്നിനൊന്നു വത്യാസപ്പെട്ടാണിരിക്കുന്നത്‌.

അതു പോലെ ടേക്കോഫിനു മുന്നെയുള്ള പത്തു നൂറായിരം നടപടിക്രമങ്ങള്‍! ചെക്ക്‌ ലിസ്റ്റ്‌ വായിച്ച്‌ ഓരോന്നും വ്യകതമായി ഉറക്കെ പറഞ്ഞ്‌ അടയാളപ്പെടുത്തണം...! ഏതെങ്കിലും ഒന്ന് പിഴച്ചാല്‍ മതി. മൊത്തം അല്‍ക്കുല്‍ത്താവാന്‍.

ഏതായാലും പൊങ്ങി. ഇനി ഈ സംഗതിയൊന്നു താഴെയിറക്കണമെങ്കിലോ?

"കൂട്ടണോ?"

"വേണ്ട കുറച്ചാ മതി"

"എന്തോന്ന് കുറയ്ക്കാന്‍?"

"ആകെ നമ്മളെത്ര പറന്നു, അതിന്‌ എത്ര കിലോ ഇന്ധനം നാം കത്തിച്ചു?"

"അത്‌...?"

"അദോ അതിനെ നുമ്മടെ പറക്കാന്‍ തുടങ്ങുമ്പോഴുള്ള ഭാരത്തീന്നു കുറച്ചേ?"

"കുറച്ചു"

"ശരി അപ്പോ മ്മടെ എയര്‍പോര്‍ട്ടിലേക്ക്‌ എത്ര മൈല്‍ ഉണ്ടെന്നാ പറഞ്ഞെ?"

"ഒരു പത്തഞ്ഞൂറ്‌ കാണും"

"കാറ്റുണ്ടോഡെയ്‌?"

"ഒടുക്കത്തെ കാറ്റ്‌! ഉണ്ടെന്നാ തോന്നുന്നെ!"

"ഹെഡ്‌ വിന്റോ, ടെയില്‍ വിന്റോ അതോ ക്രോസ്സ്‌ വിന്റോ?"

"എന്തര്‌...എന്തര്‌?"

ഡേയ്‌, കാറ്റു മുന്നീന്നോ പിറകീന്നോ അതോ സൈഡീന്നോ"?

"ഈ ചില്ലൊന്നു താഴ്ത്തി നോക്കട്ടെ ട്ടോ"

"ശരി എന്നാ കൂട്ടിക്കോ! ഇത്രേം കനമുള്ള ഈ വിമ്മാനം, ഇത്രേം വേഗത്തിലുള്ള ഈ കാറ്റില്‍, ഇത്രേം ദൂരത്തുള്ള താവളത്തില്‍ പോയിറങ്ങാന്‍ മിനിറ്റില്‍ എത്ര അടി കണ്ട്‌ നാം താഴോട്ട്‌ പോണം?"

"പാരച്യൂട്ട്‌ സ്റ്റോക്കുണ്ടോ?"

"എന്തിനാ?"

"എനിക്കൊന്നു താഴേക്ക്‌ ചാടാന്‍!"

ഒരു പ്രശ്ന രഹിതമായ പറക്കലില്‍ ഇതൊന്നും ഒരു പക്ഷേ വലിയ കാര്യമായിരിക്കില്ല. എന്നാല്‍ എല്ലാ പറക്കലുകളും പ്രശ്നരഹിതമായിരിക്കും എന്നാരാണ്‌ നമുക്ക്‌ ഉറപ്പ്‌ തരുന്നത്‌? (അതന്നെ, മുന്ത്യെ വിമാനക്കമ്പനികള്‍ പത്തിരുപത്‌ കൊല്ലം പറപ്പിച്ച വിമാനം ചുളു വിലക്ക്‌ വാങ്ങി, കൊച്ചി കോഴിക്കോട്‌ - കോഴിക്കോട്‌ ബഹ്‌റൈന്‍- ബഹ്‌റൈന്‍ ദോഹ - ദോഹ മസ്കറ്റ്‌ ഓടിച്ചു കളിക്കുന്ന വിമാനക്കമ്പനികളുള്ളപ്പോള്‍ പ്രത്യേകിച്ചും!)

ഒരു അടിയന്തിരഘട്ടം ഓരോ പറക്കലിലും ഉണ്ടായേക്കാം.എയര്‍കണ്ടീഷന്‍ സിസ്റ്റത്തിലേക്കുള്ള ഒരു ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ രൂപത്തില്‍, ലോക്ക്‌ ചെയ്യാന്‍ വിസമ്മതിക്കുന്ന ലാന്‍ഡിംഗ്‌ ഗിയറിന്റെ രൂപത്തില്‍, തൊട്ടു മുന്‍പേ ഉയര്‍ന്ന ജെറ്റ്‌ വിമാനം ഉയര്‍ത്തിവിട്ട ടര്‍ബുലന്‍സിന്റെ രൂപത്തില്‍, വെടിച്ചില്ലു കണക്കെ എഞ്ചിനുള്ളില്‍ ഇടിച്ചു കയറുന്ന പക്ഷികളുടെ രൂപത്തില്‍, കാറ്റിന്റെയും മഴയുടെയും രൂപത്തില്‍ എന്തിനേറെ കക്കൂസില്‍ കയറിയിരുന്ന് പുകവലിക്കാന്‍ ശ്രമിച്ച്‌, ഫയര്‍ അലാറം ഒച്ചവെച്ചപ്പോള്‍ അണയാത്ത സിഗരറ്റ്‌ കുറ്റി ലിറ്റര്‍ ബോക്സില്‍ നിക്ഷേപിച്ച യാത്രക്കാരന്റെ രൂപത്തില്‍ വരെ നിര്‍ഭാഗ്യം വിരുന്നു വരാം!

സൈഡൊതുക്കി നിര്‍ത്തി, വാതിലു നാലും തുറന്നിട്ട്‌, "മക്കളേ, ജീവന്‍ വേണ്ടോര്‌ വേം തടി കൈച്ചലാക്കിക്കോ" എന്നു പറയാന്‍പറ്റില്ലല്ലോ പത്തു മുപ്പത്തയ്യായിരം അടി ഉയരെ ആകാശത്ത്‌!

നമ്മക്കപ്പോ മുന്നിലെ സീറ്റിലേക്ക്‌ തല ചേര്‍ത്ത്‌ പിടിച്ച്‌ അലറിക്കരഞ്ഞാ മതി! കത്തുന്ന എഞ്ചിനോ, പുകയുന്ന ഫ്യൂസിലേജോ, മിഴിതുറക്കാത്ത നാവിഗേഷന്‍ സിസ്റ്റമോ ഒക്കെ വെച്ച്‌ മന:സാന്നിധ്യം നഷ്ടമാവാതെ വിമാനത്തെ നയിക്കേണ്ട ചുമതല കൂടെ ആ അഹങ്കാരിയായ പൈലറ്റിനുണ്ട്‌! സെക്കന്റുകള്‍ വെച്ച്‌ തീരുമാനമെടുക്കേണ്ട അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ മനസ്സ്‌ ഏകാഗ്രമായിരിക്കണം, കാര്യ കാരണ ബന്ധങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് അളന്നെടുക്കാന്‍ പാകത്തില്‍ അയാളുടെ ബുദ്ധി തെളിഞ്ഞുമിരിക്കണം.

"അപ്പോ ടിയാന്‌ ദെവസത്തില്‍ മണിക്കൂറെട്ട്‌ മതിയോളീ വിശ്രമം?"

നാഷണല്‍ ജിയോഗ്രഫിക്‌ ചാനലില്‍ "എയര്‍ ക്രാഷ്‌ ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിപാടി കാണുന്നവരുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും.

എയര്‍ കാനഡയുടെ പുതു പുത്തന്‍ ബോയിംഗ്‌ വിമാനം, അത്‌ പോയിറങ്ങേണ്ട വിമാനത്താവളത്തില്‍ നിന്നും പകുതി ദൂരം പോലുമെത്തും മുന്നെ ആകാശത്ത്‌ ഏതാണ്ട്‌ നാല്‍പതിനായിരം അടി ഉയരത്തില്‍ വെച്ച്‌ ഇന്ധനം തീര്‍ന്നു കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ്‌ നല്‍കുന്നു. പരിചയ സമ്പന്നനായ പൈലറ്റ്‌ തൊട്ടടുത്ത്‌ കിട്ടിയ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ ഇരുപത്തിഅയ്യായിരം അടി എത്തുമ്പോഴേക്കും ഇന്ധനം മുഴുവന്‍ തീര്‍ന്ന വിമാനത്തിന്റെ രണ്ട്‌ എഞ്ചിനുകളും നിശ്ചലമായി. അസാധാരണ മനോധൈര്യം സംഭരിച്ച ആ ഗ്ലോറിഫൈഡ്‌ ഡ്രൈവര്‍, എഞ്ചിനുകള്‍ നിന്നു പോയ വിമാനം ഏറ്റവുമടുത്ത്‌ ഒരു അടച്ചു പൂട്ടിയ വിമാനത്താവളത്തിന്റെ ഉപയോഗശൂന്യമായ റണ്‍വേയില്‍ ആ ഇരുപത്തയ്യായിരം അടി ഉയരത്തുനിന്നും ഗ്ലൈഡ്‌ ചെയ്തിറക്കി. ആര്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ!

ഇത്രയും പേരു കേട്ട ഒരു വിമാനത്തിന്റെ ഇന്ധനടാങ്കില്‍ ഇങ്ങനെ ചോര്‍ച്ച വരാന്‍ ഇതെന്താ കേരളത്തിലെ പൊതു ഖജനാവോ? അന്വേഷണം നടന്നു. ടാങ്കില്‍ ഇന്ധനം ചോര്‍ന്നതിന്റെ ഒരു തെളിവും കണ്ടെത്താനായില്ലെന്നു മാത്രം. പിന്നെ ആകെയുള്ള ഒരു സാധ്യത വിമാനം പറന്നുയരുമ്പോള്‍ തന്നെ അതില്‍ ആവശ്യത്തിന്‌ ഇന്ധനം ഇല്ലാ എന്നതു മാത്രം.

അങ്ങിനെ വരാമ്പാട്വൊ?

എന്നാ പാടി. അതു തന്നെയാണ്‌ സംഭവിച്ചത്‌. ഗ്രൗണ്ട്‌ സ്റ്റാഫിനും പൈലറ്റിനും പറ്റിയ പിഴ! വിമാനത്തില്‍ അത്രേം ദൂരം പോകാന്‍ നറയ്ക്കേണ്ട ഇന്ധനത്തിന്റെ അളവിനെ അതിനു തുല്യമായ ഭാരത്തിലേക്ക്‌ മാറ്റിയപ്പോഴുണ്ടായ പിഴ! ആ പുതിയ വിമാനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ അളവുകള്‍ മെട്രിക്‌ ആയിരുന്നു. അതായത്‌ ഭാരം കണക്കാക്കേണ്ടിയിരുന്നത്‌ കിലോഗ്രാമിലായിരുന്നു എന്നര്‍ഥം. എന്നാല്‍ അത്‌ ഓര്‍മ്മയില്ലാതെ പൈലറ്റ്‌ കണക്കു കൂട്ടിക്കൊടുത്തത്‌ പഴയ പൗണ്ടിലും! കിലോഗ്രാമിന്റെ പകുതിയോളമല്ലേ വരൂ പൗണ്ട്‌! അപ്പോ കണ്‍വേര്‍ട്ടിംഗ്‌ ഫാക്റ്റര്‍ ഇരട്ടിയായി. ഫലം, ആവശ്യമുള്ളതിന്റെ പകുതി ഇന്ധനവുമായായിരുന്നു ആ വിമാനം പറന്നുയര്‍ന്നത്‌.

ആര്‍ക്കും പറ്റിയേക്കാവുന്ന ഒരു പിഴവ്‌. പക്ഷേ അതിനു കൊടുക്കേണ്ടി വന്നേക്കുമായിരുന്ന വിലയോ?

അതാണ്‌ പറഞ്ഞത്‌ പൈലറ്റിന്റെ ഓര്‍മ്മയും മനസ്സും ഏകാഗ്രമായിരിക്കണം. എല്ലായ്പ്പോഴും...അല്ലെങ്കില്‍ ഇതു പോലൊരു പിഴ ഏതു കൊടികെട്ടിയ പൈലറ്റിനും വന്നേക്കാം. ആ സാധ്യത കൂടെ ഇല്ലാതാക്കാനാണ്‌ ആവശ്യത്തിനുള്ള വിശ്രമം അങ്ങേര്‍ക്ക്‌ കൊടുക്കണം എന്ന് DGCA ഉരുവിട്ടോണ്ടിരിക്കുന്നത്‌.

ക്രിസ്റ്റ്യന്‍ മാര്‍ട്ടിയെ ഓര്‍മ്മയില്ലേ? 2000 ജൂലായ്‌ 25 നു പാരീസില്‍ തകര്‍ന്നുവീണ കോണ്‍കോര്‍ഡ്‌ ജറ്റിന്റെ പൈലറ്റ്‌...! എല്ലാം അവസാനിക്കാറായി എന്നുറപ്പിച്ചിട്ടും മന:സാന്നിധ്യം വിടാതെ അഗ്നിഗോളമായ തന്റെ വിമാനത്തെ തകര്‍ന്നുവീഴാനായി നഗരപരിധിക്കു പുറത്ത്‌ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തേക്ക്‌ നയിച്ച വൈമാനികന്‍!

എന്തിന്‌, ക്യാപ്റ്റന്‍ സാറനെയും നാം മറക്കാറായിട്ടില്ല! 1999 ഡിസംബര്‍ 24ന്‌ കാഠ്‌മണ്ഡു വില്‍ നിന്നും ഹൈജാക്ക്‌ ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം 814 ന്റെ പൈലറ്റ്‌! ഇന്ധനം തീരാറായ ആ വിമാനത്തെ, പാക്കിസ്ഥാനി ഉദ്യോഗസ്ഥന്മാര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച്‌ വിളക്കുകള്‍ മൊത്തം അണച്ചുകളഞ്ഞ ലാഹോര്‍ വിമാനത്താവളത്തില്‍ ഒരു നാവിഗേഷന്‍ ഗൈഡുമില്ലാതെ കൊണ്ടിറക്കിയ വീരന്‍....

അങ്ങിനെ എത്രപേര്‍....! ഓര്‍ക്കാപുറത്ത്‌ അശനിപാതം കണക്ക്‌ വന്നു വീഴുന്ന അത്യാപത്തുകള്‍ക്കു മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാവേണ്ടവര്‍.

അവര്‍ക്ക്‌ അത്യാവശ്യമായ വിശ്രമം നല്‍കാന്‍ നാം ബാധ്യസ്ഥരല്ലേ സര്‍?

"എന്നാലും പൈലറ്റ്‌ അങ്ങിനെ ചെയ്യാമ്പാട്വൊ? വിമാനം പറത്തില്ലാന്നൊക്കെ പറയാന്‍ അയ്യാളാരാണോളീ..?"

"അഥാണ്‌......!!"

Sunday, April 13, 2008

എന്നാലും എന്റെ അന്തിക്കാടേ.....!!

ട്രെയിന്‍ വരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി. വിഷു ത്തിരക്കിനാല്‍ വീര്‍പ്പു മുട്ടുന്ന കോഴിക്കോട്‌ നഗരം! ഒടുക്കത്തെ ചൂടും. അപ്പോ സ്വസ്ഥമായി കുറച്ചു നേരം കളയാന്‍ സിനിമാ തിയേറ്റര്‍ തന്നെ ശരണം. റെയില്‍വേ സ്റ്റേഷന്‌ തൊട്ടടുത്ത്‌ അപ്സര തിയേറ്ററും അവിടെ സത്യന്‍ അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയവും" കളിക്കുമ്പോള്‍ പിന്നെന്താലോചിക്കാന്‍....!!

ദൈവമേ...അന്തിക്കാട്‌ ഇങ്ങനൊരു കൊലച്ചതി ചെയ്യും എന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല.. ഒരു തിരക്കഥയെ എങ്ങിനൊക്കെ അംഗഭംഗപ്പെടുത്താം എന്ന വിഷയത്തില്‍ വല്ല പഠനവും നടത്തുന്നവര്‍ക്ക്‌ നല്ലൊരു റഫറന്‍സ്‌ ആവുന്നു. ഈ സിനിമ. രചയിതാവിന്റെ കൈയ്യില്‍ നിന്നും കുതറിച്ചാടി തോന്നിയ വഴിക്കൊക്കെ നടക്കാന്‍ തുടങ്ങുന്ന തിരക്കഥ "രസതന്ത്ര" ത്തിലും, "വിനോദയാത്ര" യിലുമൊക്കെ നാം കണ്ടതാണ്‌. പക്ഷേ തിരക്കഥാകാരനായ അന്തിക്കാട്‌ വരുത്തിയ പിഴവുകള്‍ സംവിധായകനായ അന്തിക്കാടിന്‌ മറികടക്കാനായത്‌ കൊണ്ട്‌ അസ്സലാകപ്പാടെ നോക്കിയാല്‍ ഭേദപ്പെട്ട എന്നു പറയാവുന്ന ചിത്രങ്ങളായിരുന്നു രണ്ടും. പക്ഷേ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അമ്പേ പരാജയപ്പെട്ട അന്തിക്കാടിനെനോക്കി അന്തം വിട്ടിറങ്ങിപ്പോരേണ്ടി വന്നു ഈ സിനിമയുടെ അവസാനം....പ്രത്യേകിച്ചും ചിന്താവിഷയത്തിന്റെ രണ്ടാം പകുതി കണ്ടിരിക്കുന്നതിനിടയില്‍ ഒന്നു കൂവാന്‍ മുട്ടിയതിനെ അടക്കണമെങ്കില്‍ പടം കാണാന്‍ പോകുന്നതിനു മുന്‍പ്‌ ക്ഷമാ വര്‍ദ്ധിനീ കഷായം ഒരു രണ്ടുകുപ്പിയെങ്കിലും കുടിക്കേണ്ടി വരും, മിനിമം! (അതിനു നേരം കിട്ടാത്തത്‌ കൊണ്ട്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെ നായകന്‍ എടുത്തിട്ടലക്കാന്‍ തുടങ്ങുന്ന രംഗത്തിന്റെ തുടക്കത്തിലെ കുയില്‍ നാദത്തോടൊപ്പം അറിയാതെ കൂവിപ്പോയി, ഒറ്റയ്ക്കല്ല മൊത്തം തിയേറ്ററിനൊപ്പം)

എനിക്കിഷ്ടപ്പെട്ട പത്ത്‌ മലയാളം സിനിമകളെ പറ്റി ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ പറയാന്‍ പറ്റുന്ന രണ്ടു സിനിമകളാണ്‌ അന്തിക്കാടിന്റെ അപ്പുണ്ണി യും പൊന്മുട്ടയിടുന്ന താറാവും. നല്ല നാടന്‍ പാട്ടു പോലെ ഹൃദ്യമായ രണ്ടു സിനിമകള്‍. കാവ്യഭംഗിയോലും തിരക്കഥയുടെയും ലക്ഷ്യബോധത്തോടെയുള്ള സംവിധാനത്തിന്റെയും മികച്ച ഒരു കൂടിച്ചേരല്‍ ഈ സിനിമകളെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റി എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. 'വീണ്ടും ചില വീട്ടു വിശേഷങ്ങള്‍" എന്ന സിനിമയും ഒരളവു വരെ ഈ ഗണത്തില്‍ പെടുത്താം.

എത്രമികച്ച സംവിധായകനായാലും ശരി, കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെ നടത്തുന്ന സംവിധാനാഭ്യാസങ്ങള്‍ മിക്കതും വന്‍ സിനിമാ ദുരന്തങ്ങളായി അവസാനിച്ച ചരിത്രമേ ഉള്ളൂ എന്നോര്‍ക്കുന്നത്‌ അവര്‍ക്കും പ്രേക്ഷകര്‍ക്കും നല്ലതിനായിരിക്കും എന്ന് അടിവരയിട്ട്‌ പറയുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന സിനിമ. ഒന്നുകൂടെ വിശാലമായി ചിന്തിച്ചാല്‍ തിരക്കഥയും സംവിധാനവും പരസ്പര പൂരകങ്ങളാവുന്നു എന്നു പറയുന്നതാവും ഒന്നു കൂടെ ശരി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ ഐ.വി. ശശിയും ഹരിഹരനും, ലോഹിതദാസിന്റെ തിരക്കഥകള്‍ സിബിമലയിലും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതിയാവും ഇക്കാര്യം ബോധ്യപ്പെടാന്‍. എം.ടിയുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത "ആള്‍ക്കൂട്ടത്തില്‍ തനിയെ", ഹരിഹരന്‍ സംവിധാനം ചെയ്ത"ആരണ്യകം", "വടക്കന്‍ വീരഗാഥ", ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം, മായാമയൂരം തുടങ്ങിയ സിനിമകളോക്കെ മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാവുന്നതും അതുകൊണ്ടു തന്നെ. തട്ടിക്കൂട്ട്‌ തിരക്കഥ കൊണ്ട്‌ ശില്‍പഗോപുരം പണിയാന്‍ ശ്രമിച്ച്‌ ഇതേ സംവിധായകരൊക്കെ തന്നെ മൂക്കും കുത്തി വീണ കാഴ്ചയും സമീപകാല സിനിമാക്കഥകളില്‍ നാം കണ്ടു. ഐ.വി ശശിക്ക്‌ പിന്നെയൊരു ഹിറ്റ്‌ സിനിമ ചെയ്യാന്‍, ഒരു പൊട്ട ഭാഗ്യം പോലെ രചയിതാവിനു വീണുകിട്ടിയ ദേവാസുരം വേണ്ടി വന്നു. മറ്റു രണ്ടു പേര്‍ പാല പോയ ഭൂതങ്ങളെ പോലെ മലയാള സിനിമയുടെ വെളിമ്പറമ്പുകളില്‍ അലഞ്ഞ്‌ നടക്കുന്നു. (പഴശ്ശി രാജ എന്താവുമോ എന്തോ?)

പക്ഷേ തിരക്കഥ മാത്രം നന്നായിട്ട്‌ വല്ല കാര്യവുമുണ്ടോ? ഒരു തിരക്കഥയെ അതിനിണങ്ങും വിധമുള്ള ദൃശ്യാനുഭവമാക്കി മാറ്റണമെങ്കില്‍ പ്രതിഭാധനനായ ഒരു സംവിധായകന്റെ ഭാവനയും നിരീക്ഷണ പാടവവും കൂടിയേ തീരൂ.

"നിസ്സഹായനായി മീരയെ നോക്കുന്ന രവി. അയാളുടെ കണ്ണുകളില്‍ നിരാശയും സങ്കടവും തെളിഞ്ഞു കാണാം" എന്നു തിരക്കഥാകൃത്ത്‌ എഴുതി വെച്ചാല്‍ ആ നിരാശയും സങ്കടവും അഭിനേതാവ്‌, ആ ഒരു പ്രത്യേക കഥാ സന്ദര്‍ഭത്തില്‍ എങ്ങനെ പ്രകടിപ്പിക്കണം എന്നു കൃത്യമായി അറിയുന്ന ഒരു സംവിധായകന്‍ ഇല്ലെങ്കില്‍ മോര്‍ച്ചറിയില്‍ കൊണ്ടു കിടത്താന്‍ പാകത്തിലുള്ളൊരു സിനിമയായിട്ടായിരിക്കും ആ തിരക്കഥ തിയേറ്ററുകളിലെത്തുന്നത്‌. ഭൂതക്കണ്ണാടി എന്ന മനോഹരമായൊരു തിരക്കഥയെ ലോഹിതദാസ്‌ സ്വയം സംവിധാനം ചെയ്തതിന്റെ അനുഭവം മാത്രം മതിയാകും ഇതു തെളിയിക്കാന്‍.

അങ്ങിനെയെങ്കില്‍ സ്വന്തം രചന, അതിന്റെ സത്ത ചോര്‍ന്നു പോകാതെ ചിത്രീകരിക്കാന്‍ കഴിയുന്ന തിരക്കഥാ കൃത്ത്‌ കം സംവിധായകനായിരിക്കണമല്ലോ സകല കലാവല്ലഭന്‍? ഒരു പക്ഷേ, അതേ എന്നു തന്നെയായിരിക്കും ഉത്തരം!തീര്‍ച്ചയായും ശ്രീനിവാസന്‍, ശ്യാമപ്രസാദ്‌, ബ്ലെസ്സി തുടങ്ങിയ കലാകാരന്മാരെ നമുക്കാ പട്ടികയില്‍ പെടുത്താം. (അടൂര്‍, റ്റി.വി. ചന്ദ്രന്‍, പി.റ്റി. കുഞ്ഞു മുഹമ്മദ്‌ തുടങ്ങിയവരെ വിസ്മരിച്ചതല്ല; സത്യന്‍ അന്തിക്കാടില്‍ നിന്നു തുടങ്ങിയത്‌ ആ വഴി തന്നെ പോട്ടെ എന്നു വെച്ചിട്ടാണ്‌.) സെല്‍ഫ്‌ കോണ്‍ഫിഡന്‍സ്‌ ചെലപ്പോ കൂടിപ്പോകുന്നത്‌ കൊണ്ട്‌ ഇട്യ്ക്കോരോ ഭാര്‍ഗവചരിതവും, പളുങ്കു മൊക്കെ വന്നു പെട്ടേയ്ക്കാമെങ്കിലും!

വീണ്ടും സത്യനിലേക്ക്‌ വരാം. ഈ അവസാനം പറഞ്ഞ വല്ലഭന്മാരുടെ നിരയിലേക്ക്‌ കസേര വലിച്ചിട്ടിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ദയനീയവും എന്നാല്‍ അനിവാര്യമായതുമായ ഒരു സമ്പൂര്‍ണ്ണപരാജയമാവുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

ഏറ്റവും മിതമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ പുറത്തു വരേണ്ട ഒരു സിനിമയെ അഴകപ്പന്റെ കിടിലന്‍ ക്യാമറ കൊണ്ട്‌ ആര്‍ഭാടമാക്കി ഇന്തക്കാലത്തേക്ക്‌ റിലീസ്‌ ചെയ്താല്‍ എങ്ങിനിരിക്കും. അതു തന്നെ ഇത്‌. (അത്രയും ദൃശ്യപ്പൊലിമയുള്ള ഫ്രെയിമുകള്‍ ഈ ചിത്രം ആവശ്യപ്പെടുന്നുണ്ടോ എന്നത്‌ വേറെകാര്യം)

ഒരു ഡോക്യുമെന്ററി ടച്ചോടെയാണ്‌ ചിത്രത്തിന്റെ തുടക്കം. ഭര്‍ത്താക്കന്മാരുടെ സ്വഭാവ വിശേഷങ്ങള്‍ സഹിക്കാന്‍ മേലാഞ്ഞ്‌, വീടു വിട്ടിറങ്ങി സ്വന്തമായി അധ്വാനിച്ച്‌ വാശിയോടെ ജീവിക്കുന്ന മൂന്ന് പെണ്ണുങ്ങളെ തുടക്കത്തില്‍ സംവിധായകന്റെ തന്നെ പശ്ചാത്തല വിവരണത്തിന്റെ അകമ്പടിയോടെ നാം പരിചയപ്പെടുന്നു. പക്ഷേ, ഉഗ്രന്‍, പുതിയൊരു ട്രീറ്റ്‌മന്റ്‌, ബലേ ഭേഷ്‌ എന്നൊക്കെ പറയാന്‍ തുടങ്ങുന്ന പ്രേക്ഷകന്റെ സഹന ശക്തിയെ കൊഞ്ഞനം കുത്തിക്കൊണ്ടാണ്, ഒരു പത്തിരുപതു കൊല്ലം മുന്നേ ജോഷിയും സാജനുമൊക്കെ കലക്കി വെച്ച സോപ്പ്‌ വെള്ളത്തില്‍ അഞ്ചാറു മാസം മുക്കിവെച്ച്‌ വെളുപ്പിച്ച്‌ ശുദ്ധീകരിച്ചെടുത്ത നായകന്‍ - സകലഗുണ സമ്പന്നനായ നായകന്‍! - ഇവര്‍ക്കിടയിലേക്ക്‌ പൊട്ടി വീഴുന്നത്‌.

പണ്ടത്തെ സ്റ്റോറി ബോര്‍ഡില്‍ ഒരു ലൈന്‍ പോലും മാറ്റേണ്ടി വരുന്നില്ല. ആദ്യം ഉടക്ക്‌, പിന്നെ കുട്ടികളുമായി ചങ്ങാത്തം, ഒടുക്കം ഈ മൂന്നു പെണ്ണുങ്ങളുടെയും മനസ്സില്‍ നായകന്‍ കയറിക്കൂടുന്നു. ഈ മൂന്നു പെണ്ണുങ്ങളില്‍ ഒരുത്തി അത്യത്ഭുത ഭയ ഭക്തി ഭാവത്തില്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്‌. “ഇക്കാലത്ത്‌ ഇത്രയും മാന്യനായ ആണുങ്ങളുമുണ്ടോ?“ എന്ന്. സ്ത്രീ പ്രേക്ഷകര്‍, സ്ത്രീ പ്രേക്ഷകര്‍ എന്ന് ഒരു ലക്ഷത്തി ഒന്നു തവണ ഉരുവിട്ട്‌ എഴുതാനിരുന്ന ഒരു തിരക്കഥയില്‍ നിന്നും ഇതിലപ്പുറം വല്ലതും പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്‍? (നല്ല ധീരവനിതകളായി അരങ്ങിലെത്തിയ ഈ പെണ്ണുങ്ങള്‍ നായകന്റെ മാസ്മരിക പ്രഭാവലയത്തിനുമുന്നില്‍ സാഷ്ടാംഗം വീഴുന്നത്‌ ഒരു മുന്നറിയിപ്പു പോലും തരാതെ അവതരിപ്പിച്ചുകളഞ്ഞ ആ ഭാവനയ്ക്ക്‌ കൊടുക്കണം പട്ടും വളയും ഒരു നാലെണ്ണം!)

പിന്നെ നായകനു കൂട്ടായി നായികയെത്തുന്നു. രണ്ടുപേരും കൂടെ ചേര്‍ന്ന് ഈ മൂന്നു കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യത്നങ്ങളാണ്‌ തുടര്‍ന്ന് കഥയെ മുന്നോട്ട്‌ നയിക്കുന്നത്‌ എന്നാണ്‌ സംവിധായകന്‍ കം തിരക്കഥാ കൃത്ത്‌ ഉദ്ദേശിച്ചത്‌ എന്നു തോന്നുന്നു. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന ഒരുപാട്‌ രംഗങ്ങളുടെ കുത്തൊഴുക്കില്‍ നിന്നും ഇതൊക്കെയാണ്‌ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്‌ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു മാത്രം.

അതിനിടക്ക്‌ നായികയുടെ കുടുംബ പശ്ചാത്തലം തേടി തമിഴ്‌നാട്ടിലേക്കോ കര്‍ണ്ണാടകത്തിലേക്കോ മറ്റോ ഒരു യാത്രയും നടത്തുന്നുണ്ട്‌ നായകന്‍. കഥയും കഥാഗതിയുമായും യാതൊരു ബന്ധവുമില്ലാത്ത ആ ഒരു ഉപ കഥ എന്തിനായിരുന്നു ഈ ചിത്രത്തില്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ ദൃശ്യസമ്പന്നമായ ഒരു തമിഴ്‌ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാട്ട്‌ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ ഒരു ഏച്ചുകെട്ടലായിരിക്കും ഇതെന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരുപാടു നീളത്തില്‍ അത്‌ നല്ലോണം മുഴച്ചു നില്‍ക്കുന്നുമുണ്ട്‌. ഇളയരാജയുടെ ഈണമൊപ്പിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി വരികളെഴുതിയ പാട്ടുകള്‍ ഒന്നു പോലും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയുമല്ല.

ഇന്നത്തെ കാലത്ത് സിനിമ കാണാനെത്തുന്ന സാധാരണ പ്രേക്ഷകനെ എത്ര വികലമായാണ് അല്ലെങ്കില്‍ എത്ര നിസ്സാരന്മാരായാണ് ലുബ്ധപ്രതിഷ്ഠരായ സംവിധായകന്‍‌മാര്‍ പോലും വിലയിരുത്തുന്നത് എന്ന് വിളിച്ചുപറയുന്ന ഒരു രംഗം ഈ ചിത്രത്തില്‍ സങ്കടപൂര്‍വം കാണേണ്ടിയും വന്നു. പണ്ടത്തെ പട്ടണപ്രവേശനത്തിലാണെന്നു തോന്നുന്നു, മോഹന്‍ലാലൂം ശ്രീനിവാസനും, കുടനന്നാക്കുന്നവരും കൈനോട്ടക്കാരുമൊക്കെയായി കേസ് തെളിയിക്കാന്‍ നടക്കുന്നത് നാം കണ്ടത്. ഇവിടെ മോഹന്‍ ലാലും ഇന്നസെന്റും വേഷം മാറി, ഹാജിയാരും മൊല്ലാക്കയുമായി, ഒരു മുസ്ലിം തറവാട്ടില്‍ പെണ്ണു കാണാന്‍ പോകുന്നത് യാതൊരുളുപ്പുമില്ലാതെ ചിത്രീകരിച്ചു വെച്ചിരിക്കുന്നു അന്തിക്കാട്!! ഇത്തരം കോപ്രായങ്ങളെ നോക്കി “ഹാ കഷ്ടം” എന്നല്ലാതെ എന്തു പറയാന്‍!

പക്ഷേ ഇതിനെക്കാളൊക്കെ അസഹനീയം ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന്‍ നടത്തുന്ന ഗിരിപ്രഭാഷണങ്ങളാവുന്നു. ഇതുവരെ ആരും പറഞ്ഞുതരാത്ത ചില അസാധ്യ വിശകലനങ്ങളും അദ്ദേഹം നമുക്കായ്‌ സദയം ഉത്ഘോഷിക്കുന്നുണ്ട്‌. പരസ്പരം വഴക്കടിച്ച്‌ പിരിഞ്ഞു നില്‍ക്കുന്ന മാതാപിതാക്കന്മാര്‍ ഏറ്റവുമധികം ബാധിക്കുക അവരുടെ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ ആയിരിക്കുമത്രേ! ഭയങ്കരം...!!ഇതൊന്നും മുന്‍പാരും കേട്ടിട്ടേ ഇല്ലെന്ന് ക്ലൈമാക്സില്‍ ഒന്നായ കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി അച്ചാലും മുച്ചാലും നടന്ന് നടത്തുന്ന ആ ഉത്ബോധനത്തിന്‌ തിയേറ്ററില്‍ നിന്നുയര്‍ന്ന നിര്‍ത്താതെയുള്ള കൂവലില്‍ നിന്നും മനസ്സിലായി. സത്യമായും അത്‌ മറ്റേ ഫാന്‍ അസോസിയേഷന്‍ കൂവലല്ല. സത്യന്‍ അന്തിക്കാടിനോടും മോഹന്‍ലാലിനോടും തോന്നിയ ആ ഒരു പിറ്റി ഫീലിംഗ്‌ ഉണ്ടല്ലോ. അതില്‍ നിന്നും ഉയര്‍ന്ന കൂവലാകുന്നു. (ഒരുപക്ഷേ ഒരു പാട്‌ പ്രതീക്ഷിച്ചു പോയ കാണികളുടെ ഒരു രോഷ പ്രകടനം കൂടെയാവാം)

അഴകപ്പന്റെ ക്യാമറയും, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മുകേഷ്‌, സുകന്യ, മോഹിനി, മുത്തുമണി തുടങ്ങിയ അഭിനേതാക്കളുടെ ആസ്‌ യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു ചിത്രം എന്നാണ്‌ ഒരവസാന വിശകലത്തില്‍ തോന്നുന്നത്‌.

എന്നും ഒരേ സ്റ്റോപ്പിലേക്ക്‌ കൃത്യമായും ഓടുന്ന ഒരു ബസ്സ്‌ എന്ന് സലീം കുമാര്‍ ഈയിടെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കണിശമായും വിലയിരുത്തിയിരുന്നു. പക്ഷേ ഈ ബസ്സ്‌ പാതിവഴിയില്‍ സകല ടയറും പഞ്ചറായി, ബ്രേക്ക്‌ ഡൗണ്‍ ആയി കിടക്കുന്ന കാഴ്ച, നല്ല മലയാളം സിനിമകളെ സ്നേഹിക്കുന്ന, സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക്‌ തീര്‍ത്തും ദു:ഖകരമാണല്ലോ!?.

(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന്‌ ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട്‌ ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്‌)