Wednesday, January 09, 2008

കൊല്ലാന്‍ വന്ന ആനയും ഇക്കാസിന്റെ കല്യാണവും!!

കുറെക്കാലങ്ങള്‍ക്കു ശേഷം ഇന്നാണ്‌ കുറച്ചു സമാധാനമായി ബ്ലോഗുകള്‍ നോക്കുന്നത്‌. (ഈ ജോലി ഇല്ലെങ്കിലുള്ളൊരു ഗുണമേയ്‌!!)അപ്പോഴാണ്‌ വനജയുടെ, ബ്ലോഗുകളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടത്‌. അതിലൂടെ കുട്ടിച്ചാത്തന്റെ താരോദയം 2007 കണ്ടു. അവിടെ ദേവരാഗത്തിന്റെ കമന്റ്‌ കണ്ടു(കടലില്‍ തിര കണ്ടു, കപ്പല്‍ കണ്ടു)!!

കുത്താന്‍ വരുന്ന ആനയുടെ മുന്നില്‍ പെട്ടാല്‍ എന്താണു തോന്നുക എന്ന്‌ എന്നോടും കൈപ്പള്ളിയോടും ചോദിക്കാന്‍!!! (ഉവ്വേയ്‌...)

ചാകാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന കാര്യമാണ്‌ ഈ പോസ്റ്റിന്റെ തലക്കെട്ട്‌...സത്യമായും എനിക്കാദ്യം ഓര്‍മ്മവന്നത്‌ ഇക്കാസിന്റേം ജാസൂട്ടിയുടെയും കല്യാ‍ണമായിരുന്നു!!!!! അതു കഴിഞ്ഞ്‌ മലയാള മനോരമാ ആഴ്ചപ്പതിപ്പും!!!!

(പിന്നെ കൈപ്പള്ളിയുടെ കാര്യത്തില്‍ ഒരു സംശയം....ആനയ്ക്കു മുന്നില്‍പ്പെട്ട കൈപ്പള്ളിയുടെ അനുഭവം കൈപ്പള്ളിയോടു ചോദിക്കുന്നതിലും ഭേദം, കൈപ്പള്ളിയുടെ മുന്നില്‍പ്പെട്ട ആനയുടെ അനുഭവം ആനയോടു ചോദിക്കുന്നതല്ലേ?!!!)

അതോടൊപ്പം ലിങ്ക്‌ കൊടുത്ത ഫൊട്ടോയിലെ വീഡിയോഗ്രാഫറുടെ സ്ഥിതി അത്രയ്ക്കങ്ങ്‌ ആശങ്കാ ജനകമണെന്നു തോന്നുന്നില്ല....(മൂപ്പര്‍ക്കറിയുമോ ആവോ). നാലാലോരു നിവൃത്തിയുണ്ടെങ്കില്‍ ആനകള്‍ കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങാന്‍ മിനക്കെടില്ല. മരണഭയം തലയില്‍ക്കയറിയപ്പോള്‍ ആ തിയറി എനിക്കു മറന്നുപോയെങ്കിലും, പിന്നീട്‌ കൊല്ലാന്‍ വന്ന ആനയ്ക്കത്‌ ഓര്‍ത്തെടുക്കാന്‍ പറ്റിയതു കൊണ്ട്‌ ഇതെല്ലാം എഴുതാന്‍ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. (ആനയെ അതെല്ലാം പഠിപ്പിച്ച മാഷ്ക്ക്‌ സര്‍വസ്തുതിയുമിരിക്കട്ടേ!)

പക്ഷേ ഇതിനെല്ലാമുപരി എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത മറ്റൊരു സംഭവവുമുണ്ട്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ തവണ പേടി സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍നിട്ടുള്ളത്‌ എന്നെ ആനകള്‍ കുത്താന്‍ ഓടിക്കുന്നതായിട്ടാണ്‌. വളരെ ചെറുപ്പം മുതലേ അത്തരം സ്വപ്നങ്ങള്‍ എന്നെ പേടിപ്പിക്കാറുണ്ട്‌. ആനകളെ എനിക്ക്‌ ഇഷ്ടമാണെങ്കിലും!!സ്വപ്നത്തില്‍ നിന്നും അത്തരം ഒരനുഭവം നേരിട്ട്‌ ജീവിതത്തിലേക്കിറങ്ങിവരും എന്ന്‌ സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചിരുന്നില്ല. സത്യം!!

ആനകള്‍ ഓടിക്കുന്ന സ്വപ്നം ഇങ്ങനെ സീരിയലായി കാണുന്നത്‌ കൊണ്ട്‌ ശരിക്കും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും എന്ന്‌ പണ്ടൊക്കെ ഒരു പാട്‌ ആലോചിച്ചിരുന്നു.അന്നൊക്കെ കരുതിയത്‌ വളഞ്ഞുപുളഞ്ഞ്‌ ഓടിയാലോ, അല്ലെങ്കില്‍ കയറ്റത്തിലേക്ക്‌ ഓടിക്കയറിയാലോ ആനയില്‍ നിന്നും രക്ഷപ്പെടാം എന്നായിരുന്നു. പക്ഷേ ഒരു ബജാജ് ഓട്ടോറിക്ഷ പോലെ ചുരുണ്ട്‌ നിന്ന്‌ (ക.ട്: സിനിമാ നടന്‍ ജയറാം) ചാര്‍ജ്‌ ചെയ്യാന്‍ വരുന്ന ആന, മണിക്കൂറില്‍ നാല്‍പത്തിയഞ്ച്‌ കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുമെന്നും, മനുഷ്യന്റെ ഇരട്ടി വേഗത്തില്‍ കയറ്റം കയറുമെന്നും അറിഞ്ഞതോടെ ആ ധാരണയൊക്കെ ചീറ്റിപ്പോയി. ആനകള്‍ക്ക്‌ പക്ഷേ ഇറക്കം ഇറങ്ങല്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രക്രിയയാണെന്ന പുതിയൊരറിവ്‌ അതോടൊപ്പം കിട്ടുകയും ചെയ്തു.

ഇനി ആ കാള രാത്രിയിലേക്ക്‌ നേരിട്ട്‌.......!!

കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ ലീവില്‍ ഒരു പത്തു ദിവസത്തേക്ക്‌ നാട്ടിലെത്തിയതായിരുന്നല്ലോ ഞങ്ങള്‍. പത്തീസം കഴിഞ്ഞ്‌ കെട്ടിയോളേം പിള്ളാരേം തിരിച്ച്‌ ഖത്തറിലേക്ക്‌ കയറ്റി വിട്ട്‌ കുറച്ചു ദിവസം സമാധാനമായി ഊരുതെണ്ടാം എന്നു കരുതിയേടത്തു നിന്നും കഥ ആരംഭിക്കാം.തെണ്ടി തെണ്ടി തൊട്ടില്‍പാലം മൈസൂര്‍ റോഡില്‍ മൂന്നാം കൈ എന്ന സ്ഥലത്തുള്ള കൊരണപ്പാറമല വിജയകരമായി കീഴടക്കി തിരിച്ച്‌ തൊട്ടില്‍പാലത്തെത്തുമ്പോള്‍ രാത്രി ഏഴു മണി.

"തോല്‍ പെട്ടിയ്ക്ക്‌ പോയാലോ"? ആശയം ഞങ്ങള്‍ നാലുപേരില്‍ ആരുടെ തലയിലാണുദിച്ചതെന്ന്‌ ഓര്‍മ്മയില്ല.

"ശരി ചലോ ചലോ തോല്‍പ്പെട്ടി" ..മുന്നും പിന്നും ആലോചിക്കാന്‍ നിന്നാല്‍ പിന്നെന്തു ജീവിതം?

വണ്ടി മൈസൂര്‍ റോഡില്‍ കുറെ മുന്നോട്ട്‌ പോഴപ്പഴാണ്‌ മറ്റൊരുത്തന്റെ തലയില്‍ ബള്‍ബ്‌ കത്തിയത്‌.

"ഡാ നിനക്ക്‌ സ്ഥലമറിയാമോ"?!

"ഇല്ലാ" കൂളായ ഉത്തരം.

"വഴിയോ"?

"റോഡ്‌ ഇതു തന്നെ, സ്ഥലം കര്‍ണ്ണാടക ബോര്‍ഡറിലാണെന്നു തോന്നുന്നു, വഴി മ്മക്ക്‌ ചോയ്ച്ച്‌ ചോയ്ച്ച്‌ പൂവാം!!!

"ബെസ്റ്റ്‌! നല്ല തണുപ്പും കോടയുമുള്ള രാത്രിയില്‍ അവന്റമ്മായിയപ്പനിരിക്കുന്നു ചുരത്തില്‍ വഴി ചോദിക്കാന്‍...!!

മുന്നില്‍ പോകുന്ന ഒരു പാണ്ടി ലോറിയുടെ പിറകില്‍ വെച്ചു പിടിച്ചു ഞങ്ങള്‍.

നിശ്ശബ്ദമായി അങ്ങിനെ വണ്ടി പോയ്ക്കൊണ്ടിരിക്കെ എനിക്കു ഇക്കാസിന്റേം ജാസൂട്ടീടെം കല്യാണം ഓര്‍മ്മ വന്നു. അത്‌ അടുത്തയാഴ്ചയാണല്ലോ. ഏതായാലും നാട്ടിലുള്ള സ്ഥിതിക്ക്‌ വെറുതെ ഒന്നു പോയാലോ എന്നൊരു തോന്നലുണ്ടായിരുന്നു. ചില ബ്ലോഗര്‍മാരെയെങ്കിലും കാണാനും പരിചയപ്പെടാനും പറ്റുമല്ലോ.

"ഡാ ആരേലും അടുത്താഴ്ച കാക്കനാട്ടേക്ക് വരുന്നോ, എനിക്കൊരു കല്ല്യാണം കൂടാനുണ്ട്‌"

പൊതുവായി ഞാനൊരു ചോദ്യമെറിഞ്ഞു.കൂട്ടത്തിലെ ഗായകനായ സുഹൃത്ത്‌ എനിക്കു കൂട്ടു വരാം എന്നേറ്റു.

ഒരുപാടു ദൂരം പിന്നിട്ടിരിക്കണം. മുന്നില്‍പോകുന്ന ലോറി ഒരു ചെറിയ കവലയില്‍ നിര്‍ത്തി. അത്യാവശ്യം ഒന്നു രണ്ടു കടകളും ഒന്നു രണ്ടാള്‍ക്കാരുമൊക്കെയുള്ള സ്ഥലം. അവിടെയിറങ്ങി ഒരോ കട്ടന്‍ ചായയുമടിച്ച്‌ ഈ തോല്‍പെട്ടിയെക്കുറിച്ച്‌ ലോറി ഡ്രൈവറോട്‌ അന്വേഷിച്ചു. കിട്ടിയ ഉത്തരം അത്ര സുഖമുള്ളതായിരുന്നില്ല.

രാത്രി ആ വഴി ചെറു വാഹനങ്ങള്‍ പോവാറില്ല. ആനയും കാട്ടുപോത്തും ചിലപ്പോ പുലിയും കരടിയുമൊക്കെ ഇറങ്ങി നടക്കുന്ന വനപ്രദേശമാണത്‌.

"അത്യാവശ്യമാണെങ്കില്‍ ഞങ്ങളുടെ പിറകില്‍ വന്നോളൂ.."

പിന്നെന്താലോചിക്കാന്‍? ആ ലോറിയുടെ പിറകെ തന്നെ വീണ്ടും വിട്ടു.

വീണ്ടും കുറെ ദൂരം താണ്ടിയപ്പോള്‍ പക്ഷേ, വേണ്ടിയിരുന്നില്ല എന്നും തോന്നി. വിജനവും നിഗൂഡവുമായ വനപ്രദേശം. പേടിപ്പെടുത്തുന്ന നിശ്ശബ്തയും ഇടവിട്ടിടവിട്ട് അതു കീറിമുറിക്കുന്ന കാടിന്റെ അലര്‍ച്ചയും. കയറ്റിറക്കങ്ങള്‍ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡും....ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിന്റെ തണുത്ത പുതപ്പും!

ക്ഷീണിച്ച സുഹൃത്തിനു വിശ്രമം അനുവദിച്ചു വണ്ടിയുടെ സാരഥ്യം ഞാനേറ്റെടുത്തു.

പൊടുന്നനെ മുന്നില്‍ വഴികാട്ടിയായിരുന്ന ലോറി ഒരു കുലുക്കത്തോടെ നിന്നു...

"എന്തു പറ്റി...?

"ആക്സിലൊടിഞ്ഞതാ" എന്നു നിസ്സഹായമായ ഉത്തരം.

ഒരു പത്ത്‌ കിലോമീറ്റര്‍ കൂടെ പോയാല്‍ ചെറിയൊരു ടൗണ്‍ കിട്ടും അവിടെ നിര്‍ത്തിയിട്ട്‌ രാവിലെ പോയാ മതി എന്ന ഡ്രൈവറുടെ ഉപദേശം ശിരസാ വഹിച്ച്‌ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

അങ്ങിനെ പോയിപ്പോയി ഒരിറക്കമിറങ്ങി വരുമ്പോഴാണ്‌ കാലക്കേട്‌ മൂത്ര ശങ്കയുടെ രൂപത്തില്‍ വന്നത്‌!!

റോഡു വക്കില്‍, ഇരുട്ടില്‍ നിരന്നു നിന്ന്‌ ശങ്ക തീര്‍ക്കുന്നതിനിടയില്‍, എതിര്‍ വശത്തു നിന്നും ചീറി വന്ന ഒരു മിനി ലോറി ഒരു ക്ഷണമാത്ര ഒന്നു ബ്രേക്കിട്ടു.

"ആന ഇറങ്ങീട്ടുണ്ട് വേഗം വിട്ടോ..." തല പുറത്തേക്കിട്ട്‌ അത്രയും പറഞ്ഞ്‌ ഡ്രൈവറദ്യം വണ്ടിയുമെടുത്തോണ്ടങ്ങു പോയി!

ശങ്ക പകുതിക്കു വെച്ചു നിര്‍ത്തി ഞങ്ങള്‍ ഓടി വണ്ടിയില്‍ കയറി....

മുന്നോട്ടോ പിന്നോട്ടോ...പരിഭ്രമത്തില്‍ വീണ്ടും വന്നു ശങ്ക! പക്ഷേ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നില്ല! കോടമഞ്ഞ്‌ വകഞ്ഞുമാറ്റി ആനക്കൂട്ടം വണ്ടിക്കു തൊട്ടടുത്തെത്തിയിരുന്നു അപ്പോഴേക്കും. ആനക്കൂട്ടം ഒന്നു നിന്നു. കൂട്ടത്തില്‍ മുന്നില്‍ നടന്നു വന്ന ആന ഒന്നു ചുരുളുന്നത്‌ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. അതിന്റെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്നു വന്നു. (വാല്‍ പിറകോട്ടും നിന്നിരിക്കണം, അതപ്പോ കാണാന്‍ പറ്റിയില്ല) ഒന്നു ചീറിക്കൊണ്ട്‌ സ്പ്രിംഗ്‌ ഏറ്റി വിടും പോലെ ഒരു വരവായിരുന്നു പിന്നെ.

"ഓടിക്കോടാ...." ആ ആശയത്തിന്റേയും പകര്‍പ്പവകാശം ആര്‍ക്കായിരുന്നോ എന്തോ.

ഇടതു ഭാഗത്തെ ഡോര്‍ വഴി പുറത്തു ചാടിയ കൂട്ടുകാര്‍ മൂക്കിനു നേരെ മുന്നോട്ട്‌ കുന്തിരിയെടുത്തു. അവര്‍ക്ക്‌ പക്ഷേ ഓടി ബുദ്ധിമുട്ടേണ്ടി വന്നില്ല. റോഡിന്റെ ഇടതുഭാഗത്തെ മൂന്നാലുമീറ്റര്‍ താഴ്ചയിലേക്ക്‌ ഓട്ടം തുടങ്ങാന്‍ ആലോചിക്കുമ്പോഴേക്കും അവര്‍ തലയും കുത്തി ലാന്‍ഡ്‌ ചെയ്തു കഴിഞ്ഞിരുന്നു.

"നിറയെ വള്ളിച്ചെടികള്‍ വളര്‍ന്നു നിന്ന ആ താഴ്ചയിലേക്ക്‌ ഇറങ്ങണ്ട, അപ്രത്തെ ഡോറിലൂടെ ഇറങ്ങിയോടുന്ന ഡ്രൈവര്‍ വിദ്വാനെ - അതായത്‌ എന്നെ- ശരിയാക്കിക്കളയാം" എന്ന തീരുമാനപ്പുറത്താവണം വലത്തു ഭാഗത്തു കൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച എന്നെ വണ്ടിയുടെ ഇടതുഭാഗം ചുറ്റിവന്ന്‌ പിടികൂടാനുള്ള തന്ത്രം ആന പുറത്തെടുത്തത്‌. അതോടെ ഇടതുഭാഗത്തേക്കോടി കൂട്ടുകാരന്മാരെ പിന്തുടര്‍ന്ന്‌ തലയും കുത്തി വീഴാനുള്ള സുവര്‍ണ്ണാവസരം എനിക്കു പോയിക്കിട്ടി. ആ ഇരുട്ടില്‍ വലതു ഭാഗത്ത്‌ എന്താണുള്ളത്‌ എന്ന ഗവേഷണം അസാധ്യമായതിനാല്‍ പിന്നെ ഒരേ ഒരു വഴിയേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ...വന്നവഴി! നേരെ പിറകോട്ട്‌ ഞങ്ങള്‍ ഇറങ്ങി വന്ന ഇറക്കം, സര്‍വശക്തിയും സംഭരിച്ച്‌ ജീവനും കൈയില്‍ പിടിച്ച്‌ ഞാന്‍ ഓടിക്കയറാന്‍ തുടങ്ങി.

പക്ഷേ മനുഷ്യരെക്കാള്‍ ഇരട്ടി വേഗത്തില്‍ ആനകള്‍ കയറ്റം കയറും എന്ന്‌ ഞാന്‍ നടേ പറഞ്ഞ തിയറിയുടെ പ്രാക്റ്റിക്കല്‍, നല്ല മണിമണിയായി പ്രൊഫസര്‍ ആനക്കൊമ്പന്‍ അന്നേരം എന്നെ പഠിപ്പിച്ചു തന്നു. (ആനക്കൊമ്പന്‍ എന്നൊരാവേശത്തിനു പറഞ്ഞതാ...അത്‌ ഒരു മോഴയാനയായിരുന്നു എന്നു ചങ്ങാതിയെ പരിചയമുള്ള നാട്ടുകാര്‍ പിറ്റേന്നു പറഞ്ഞറിഞ്ഞു )

ജീവനും കയ്യില്‍ പിടിച്ചുള്ള ഓട്ടത്തില്‍ ആ ഒരു നിമിഷം എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല! ആന തുമ്പിക്കൈ വെച്ച് തട്ടിയോ അതൊ കാലു വല്ല കല്ലിലോ വേരിലോ തടഞ്ഞോ..... നോ ഐഡിയ...!!!!

ആഹഹാ...നല്ല ഫ്രീയായി ആകാശത്തൂടെ പറക്കുന്ന സുഖം ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ചു.ഒരു മൂന്നാലു മീറ്റര്‍ പറന്ന്‌ നെഞ്ചിന്മേല്‍ അതി മനോഹരമായി ലാന്‍ഡ്‌ ചെയ്ത്‌, പിന്നെ രണ്ടു കരണം മറിഞ്ഞ്‌, പിന്നെയും നടുമ്പുറത്ത്‌ ഒരു സ്കീയിംഗ്‌ നടത്തി റോഡ്‌ സൈഡിലെ ഒരു മരത്തില്‍ തടഞ്ഞു ഞാന്‍ നിന്നു പോയി. എന്റെ ബോധം അവിടന്നും താഴോട്ട്‌ നടന്നും പോയി!!

ദേവരാഗമേ,ആന ഓടിവരുന്നത്‌ കണ്ടതുമുതല്‍ ഈ ബോധം പോയ നേരംവരെയും എന്തൊക്കെയാണ്‌ എന്റെ മനസ്സിലൂടെ കടന്നു പോയതെന്ന്‌ സത്യമായും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.പക്ഷേ ഒരുമൂന്നാലു സെക്കന്റ്‌ നീണ്ടുനിന്ന ആ മരവിപ്പില്‍ നിന്നും ഞാനുണര്‍ന്നത്‌ ഇടതു കാലിന്‌ അസഹ്യമായ വേദനയുമായായിരുന്നു. സത്യം, ആ ഉണര്‍ച്ചയില്‍ ആദ്യമായും ഒരു മിന്നല്‍ പോലെ ഉണര്‍ന്നുവന്ന ചിന്ത -

"പടച്ചോനേ, കാലൊടിഞ്ഞല്ലോ....ഈ കാലും വെച്ച്‌ ഞാനെങ്ങനെ ഇക്കാസിന്റെ കല്യാണത്തിനു പോകും!!"

എന്നായിരുന്നു. ആനയും മരണവും ഒന്നും അന്നേരം എന്റെ മനസ്സിലില്ലായിരുന്നു. അതെന്തു കൊണ്ടായിരുന്നു അങ്ങിനെ എന്ന്‌ വിശദീകരിക്കാന്‍ അന്നും ഇന്നും എനിക്കറിയില്ല!

ഒരു പത്തു പതിനഞ്ചടി മുകളില്‍ റോഡില്‍ നിന്ന്‌ ആനയുടെ ചീറല്‍ വീണ്ടും കേട്ടില്ലായിരുന്നെങ്കില്‍, മോട്ടോര്‍ സൈക്കിളില്‍ വണ്ടിയിടിച്ചു റോഡില്‍ വീണ കൊച്ചു ത്രേസ്യ പണ്ടാലോചിച്ച പോലെ പലതും ഞാനുമാലോചിച്ചു കൂട്ടിയേനെ!

ബ്ലോഗിലെ ആദ്യ വിവാഹം കമന്റിട്ട്‌ ആഘോഷിക്കുന്നതിനിടെ, ബ്ലോഗിലെ ആദ്യ മരണം എത്ര കമന്റിട്ട്‌ ബ്ലോഗര്‍മാര്‍ ആഘോഷിക്കുമെന്നോ, അല്ലെങ്കില്‍ എന്റെ മയ്യത്തടക്കിന്‌ എത്ര ബ്ലോഗര്‍മാര്‍ പങ്കെടുമെന്നോ ഒക്കെ ആലോചിച്ചുണ്ടാക്കാന്‍ പക്ഷേ, എനിക്കു സമയം കിട്ടിയില്ല. അതിനും മുന്‍പേ "അവനെ പീസ്‌ പീസാക്കിയില്ലേല്‍ ആനകള്‍ക്ക്‌ നാണക്കേടല്ലേ" എന്ന ചിന്തയാല്‍ വിജൃംഭിതവീര്യനായി, പതിയെ താഴേക്കിറങ്ങി വരാന്‍ തുടങ്ങുന്ന ആനയെ അവ്യക്തമായി ഞാന്‍ കണ്ടു. അതോടെ എന്റെ അടിവയറ്റില്‍ ഒരഗ്നിപര്‍വതം പൊട്ടി. നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു വിറയാല്‍ ഞാന്‍ അടിമുടി ഒന്നുലഞ്ഞു. പക്ഷേ അത്ഭുതം! എന്റെ ചിന്തകളും, കാഴ്ചയും, കേള്‍വിയുമൊക്കെ കൂടുതല്‍ ഷാര്‍പ്‌ ആവുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങുന്നു. താഴേക്കിറങ്ങാന്‍ ശ്രമിക്കുന്ന ആനയെ എനിക്കിപ്പോള്‍ വ്യക്തമായും കണാം. അതിന്റെ കോപാകുലമായ ശ്വാസോച്ഛ്വാസം എന്റെ ഹൃദയമിടിപ്പു പോലെ എനിക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നു!

എഴുനേല്‍ക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി. അപ്പോള്‍ എന്റെ ഓവര്‍ക്കോട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന്‌ താഴെ വീണു. ഇരുട്ടില്‍ ഞാനത്‌ തപ്പിയെടുത്തു. കൊരണമലയിറങ്ങുന്നതിനിടയിലെപ്പഴോ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന എന്റെ കാമറാ ഫ്ലാഷ്‌!! നിക്കോണ്‍ എസ്‌. ബി. എണ്ണൂറ്‌!! അത്‌ പോക്കറ്റിലിടുമ്പോള്‍ ഓഫ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരുന്നോ? ഓര്‍മ്മയില്ല. ഒരു വിളിച്ചം എനിക്കപ്പോള്‍ അത്യാവശ്യമായിരുന്നു. എന്തായാലും ഫ്ലാഷ്‌ ഓണ്‍ ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അത്‌ ഒന്നു ഫയര്‍ ചെയ്തു. അതോടെ ഇറങ്ങിവരാനുള്ള ശ്രമം ഉപേക്ഷിച്ച്‌ ആന അവിടെ തന്നെ നിന്നു.

ഫ്ലാഷ്‌ ഫയര്‍ ചെയ്തത്‌ കണ്ട്‌ പേടിച്ച്‌ ആന അവിടെ തന്നെ നിന്നു എന്നാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. പക്ഷേ കാര്യം അതായിരിക്കാന്‍ വഴിയില്ല. കാരണം, ആനകളുടെ കാഴ്ചശക്തി വളരെ വളരെ മോശമാണ്‌ എന്നതു തന്നെ.(മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഘ്രാണ ശക്തിയും,അനിത സാധാരണമായ കേള്‍വി ശക്തിയുമാണ്‌ കണ്ണിനു പകരം ആനകളെ നയിക്കുന്നത്‌) തീരെ ചെറിയ ഒരാംഗിളിലല്ലാതെ നേരെമുന്നോട്ട്‌ കാണാന്‍ കഴിവില്ലാത്ത ആന ആ ഫ്ലാഷ്‌ ഫയര്‍ചെയ്തത്‌ കണ്ടിരിക്കാന്‍ സാധ്യത വളരെ കുറവാണ്‌. ഒരു പക്ഷേ പണ്ടെങ്ങാണ്ട്‌ ഇമ്പോസിഷന്‍ എഴുതിപ്പഠിച്ച മറ്റേ തിയറി ആ ആനമണ്ടയില്‍ അപ്പോള്‍ കത്തിക്കയറി വന്നിരിക്കണം. ഇറക്കമിറങ്ങാന്‍ ആനകള്‍ക്ക്‌ ഭയങ്കര ബുദ്ധിമുട്ടാണെന്ന ആ തിയറി!

സംഭവം എങ്ങിനെയൊക്കെയായാലും മൂപ്പര്‍ക്ക്‌ എന്നെ പെരുത്ത്‌ പെരുത്ത്‌ ഇഷ്ടമായി എന്നു തോന്നുന്നു. നിസ്സഹായനായി മരംചാരിയിരിക്കുന്ന എനിക്കു കൂട്ടായി റോഡിനു മുകളില്‍ ചങ്ങാതിയും നിലയുറപ്പിച്ചു. "എനിക്കങ്ങോട്ട്‌ ഇറങ്ങിവരാന്‍ മേലെഡേയ്‌, നീയിങ്ങു കേറിവാ, ഞാനൊന്നു സ്നേഹിക്കട്ടെ" എന്നൊരു ലൈനില്‍!

ഏതായാലും ചാവാന്‍ നേരം വീണു കിട്ടിയ ആ ഇടവേള ഞാനൊരു സീനറി കാണാന്‍ ഉപയോഗപ്പെടുത്തി എന്നു വേണമെങ്കില്‍ പറയാം. നിക്കോണ്‍ എസ്‌.ബി. എണ്ണൂറിനു ഞെക്കിപ്പിടിച്ചാല്‍ തുടര്‍ച്ചയായി സ്റ്റ്രോബ്‌ ഫയര്‍ ചെയ്യുന്ന ഒരു ബട്ടണുണ്ട്‌. ഫ്ലാഷ്‌ തുടര്‍ച്ചയായി ഫയര്‍ ചെയ്യുന്ന ഇടവേള നമ്മുടെ കണ്ണുകള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റാത്തത്‌ കൊണ്ട്‌ ഒരു ടോര്‍ച്ച്‌ ലൈറ്റിന്റെ ഫലം ചെയ്യുന്ന ഒരു ടെക്നോളജി. ഇരുട്ടില്‍ ആ ബട്ടണ്‍ തപ്പിപ്പിടിച്ചു, പിന്നെ ഞെക്കിപ്പിടിച്ചു.

ശക്തമായ ആ വെളിച്ചത്തില്‍ എനിക്കു മുന്നില്‍ അനാവൃതമായ ആ സീനറിയില്‍ എന്റെ കണ്ണഞ്ചിപ്പോയി!ഞാന്‍ ചാരിയിരിക്കുന്ന മരത്തിനു താഴോട്ട്‌, നോക്കിയാല്‍ പേടിയാകുന്ന ചെങ്കുത്തായ ഇറക്കമാണ്‌.സന്തോഷം!എങ്ങിനെ സന്തോഷിക്കാതിരിക്കും? ആമരത്തില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ ആന മെനക്കെടേണ്ടി വരില്ലായിരുന്നു,എന്റെ ചീട്ടു കീറാന്‍!

സന്തോഷിക്കാന്‍ കാരണം വേറെയുമുണ്ടല്ലോ?! ആ ഇരിക്കുന്നിടത്ത്‌ നിന്ന്‌ പതുക്കെ താഴോട്ട്‌ നിരങ്ങി രക്ഷപ്പെടാം എന്ന ഒരു തോന്നല്‍ അതോടെ തീര്‍ന്നും കിട്ടി!

അമ്പടാ കൊച്ചു കള്ളാ..സോറി! ആനക്കള്ളാ..മോനേ ആനേ.....! ചുമ്മാതല്ല പൊന്നുമോന്‍ താഴേക്കിറങ്ങി എന്നെ സ്നേഹിക്കാന്‍ വരാത്തത്‌. കാലൊന്നു തെറ്റിയാല്‍ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ എന്ന്‌ സ്ഥലവാസിയായ നിനക്ക്‌ എന്നേക്കാള്‍ നന്നായി അറിയാം...അല്ല്യോടാ?

ആനയ്ക്ക്‌ ചെറിയ വിശേഷബുദ്ധിയൊക്കെയുണ്ടെന്നുള്ള ഒരു പഴം പറച്ചിലില്‍ ചെറിയ കാര്യമൊക്കെയുണ്ടെന്നുള്ള ഒരു തോന്നലിനും ഇവിടെ കാരണമുണ്ടെന്നുതോന്നുന്നു. ആ കെണിഞ്ഞ കെണിയില്‍ നിന്നും ഊരിപ്പോകാന്‍ എനിക്കാകെയുള്ളൊരു വഴി റോഡ്‌ വഴി മാത്രമാണെന്നു ആനയ്ക്ക്‌ നല്ല നിശ്ചയം കാണണം! അപ്പോ ഇറങ്ങിപ്പോയി സ്വന്തം തടി വെടക്കാക്കുന്നതിലും നല്ലത്‌ ഞാനങ്ങ് കയറിവരാന്‍ കാത്തിരിക്കുന്നത്‌ തന്നെ എന്ന്‌ മൂപ്പരും വിചാരിച്ചു. അത്രതന്നെ!!

ആന ഇറങ്ങിവരാന്‍ സാധ്യത കുറവാണെന്നു മനസ്സിലായതോടെ എനിക്ക്‌ പുതിയൊരുന്മേഷം വന്നു. കാത്തിരിക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. നേരം വെളുത്തിട്ട്‌ ആനയുമായി ഉഭയ കക്ഷി കരാര്‍ ഒപ്പിടാം എന്നും തീരുമാനമായി. പക്ഷേ കൊലവിളിച്ചു നില്‍ക്കുന്ന ആനയുടെ മുന്നില്‍ അങ്ങിനെ ഇരിക്കുന്നത്‌ വെല്യ സുഖമുള്ളൊരു കാര്യമല്ലല്ലോ? അസഹ്യമായ തണുപ്പും,പിന്നെ കാട്ടിലാണല്ലോ കിടക്കുന്നത്‌ എന്ന ചിന്തയും എന്നെ വീണ്ടും പേടിപ്പിക്കാന്‍ തുടങ്ങി.ആന ചവിട്ടിയല്ലേലും വല്ല പാമ്പു കടിച്ചോ, നൈറ്റ്‌ വാക്കിനിറങ്ങുന്ന ഏതേലും പുലിയ്ക്കോ കരടിയ്ക്കോ ഒക്കെ ഡിന്നറായോ ആയാലും, തണുത്ത്‌ വിറച്ചായാലും ചത്താല്‍ ചത്തതു തന്നെയല്ലേ!

അവിടെ വീണ്ടും വിശദീകരിക്കാന്‍ കഴിയാത്ത ഒരത്ഭുതം എന്റെ മനസ്സില്‍ സംഭവിക്കുന്നു!പത്തിരുപത്തഞ്ചു വര്‍ഷം മുന്നെ വായിച്ച ഒരു മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കാലപ്പഴക്കം കോണ്ട്‌ മഞ്ഞച്ച പേജുകളും മാത്തുക്കുട്ടി എന്ന ഒരാനവേട്ടക്കാരനും ശൂന്യതയില്‍ നിന്നെന്നോണം എന്റെ ബോധ മനസ്സിലേക്ക്‌ അപ്പോള്‍ കയറിവന്നു!!!!

ബോബനും മോളിയും നിര്‍ത്തിയതില്‍ പിന്നെ മലയാളമനോരമ ആഴ്ചപ്പതിപ്പ്‌ സ്ഥിരമായി വായിച്ചിട്ടില്ല.പണ്ട്‌ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോബനും മോളിയും പിന്നെ ഡോ. റോയി എന്ന ഡിറ്റക്ടീവ്‌ നായകനായുള്ള കുറ്റാന്വേഷണ നോവലും കഴിഞ്ഞാല്‍ വളരെ താത്‌പര്യത്തോടെ വായിച്ചിരുന്ന രണ്ട്‌ പരമ്പരകളായിരുന്നു ജിം കോര്‍ബറ്റിന്റെ കടുവാ പുലി വേട്ടക്കഥകളും മാത്തുക്കുട്ടി എന്ന ആനവേട്ടക്കാരന്റെ ആന വേട്ടക്കഥകളും. (കൂട്ടത്തില്‍ പറയട്ടെ...'കുമയോണിലെ കടുവാകള്‍' എന്ന പേരില്‍ വളരെ മുന്നെ മലയാളത്തിലിറങ്ങിയ ജിം കോര്‍ബറ്റിന്റെ വേട്ടക്കഥകള്‍ അസാധാരണമായ വായനാനുഭവം തരുന്ന ഒരു പുസ്തകമായിരുന്നു.അത്‌ ഒന്നു കൂടെ വായിക്കാന്‍ ഈയടുത്ത്‌ വീണ്ടും തപ്പിയിറങ്ങിയെങ്കിലും കിട്ടിയില്ല. പക്ഷേ ഈ ആന എപ്പിഡോസൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഖത്തറിലേക്ക്‌ വരുന്നതിനു മുന്നോടിയായി കോഴിക്കോട്‌ ഡി.സി ബുക്സില്‍ പോയപ്പോള്‍ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ ഇംഗ്ലീഷ്‌ വേര്‍ഷന്‍ എനിക്കു കിട്ടി!! ജിം കോര്‍ബറ്റ്‌ ഓമ്നിബസ്‌ എന്ന പേരില്‍)

മാത്തുക്കുട്ടിച്ചായന്റെ ആ ആനവേട്ടക്കഥകളിലായിരുന്നു,, ആനകളുടെ ഘ്രാണ ശക്തിയെക്കുറിച്ച്‌ ആദ്യമായി ഞാന്‍ വായിച്ചത്‌.ആക്രമിക്കാന്‍ വരുന്ന ആനയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരുപായം അതില്‍ അദ്ദേഹം വിവരിച്ചിരുന്നതായിരുന്നു ആ മധുരമനോജ്ഞരാത്രിയില്‍ ശൂന്യമായ എന്റെ ബോധ മനസ്സിലേക്ക്‌ ഒന്നു മുട്ടുകപോലും ചെയ്യാതെ വാതില്‍ തുറന്ന്‌ കയറി വന്നത്‌! ഇനി വല്ലപ്പോഴുമെങ്ങാന്‍ ആനയ്ക്കു മുന്നില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള ബ്ലോഗര്‍മാര്‍ക്കു വേണ്ടി ആ തിയറി ഇങ്ങനെ സംഗ്രഹിക്കാം.

"ഒന്നു കുത്തി നോക്കട്രാ, ഒന്നു ചവിട്ടിനോക്കട്ട്രാ...പ്ലീസ് ഒന്നു നില്‍ക്കെടാ കുട്ടാ.." എന്നും പറഞ്ഞ്‌ ഒരാനയും, "വേണ്ട മോനെ നീ ചവിട്ടിയാല്‍ പിന്നെ എന്റെ ഡെഡ്ബോഡി നാട്ടുകാര്‍ക്ക്‌ കാണാന്‍ വെല്യ ഭംഗിയുണ്ടാവില്ല" എന്ന ലൈനില്‍ നിങ്ങളും ഒരോട്ട മത്സരം നടത്തുന്നു എന്നു വെയ്ക്കുക. ഓടിയോടി തടി കൈച്ചലാക്കാം എന്ന്‌ വിചാരിച്ച്‌ വെറുതെ തടി വിയര്‍പ്പിക്കണ്ട. നല്ല ഇറക്കത്തിലേക്കോ അല്ലെങ്കില്‍ ആനയ്ക്ക്‌ ഓടിക്കയറാന്‍ പറ്റാത്തിടത്തേക്കോ അല്ല നിങ്ങള്‍ ഓടുന്നതെങ്കില്‍ ആനയ്ക്കു തന്നെ ഒന്നാം സമ്മാനം എന്നത്‌ മൂന്നരത്തരം! വീതിയുള്ള കോണിപ്പടി വരെ ആന കയറും. (തൃശൂരില്‍ മുന്‍പൊരിക്കല്‍ സംഭവിച്ച മാതിരി) ഇനി ഇതൊന്നും പറ്റാത്ത അവസ്ഥയിലാണു നിങ്ങളെങ്കില്‍, (നിങ്ങള്‍ക്ക്‌ നല്ല മനോധൈര്യമുണ്ടെങ്കിലും) ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്‌.

നിങ്ങള്‍ ആനയ്ക്ക്‌ മുന്നില്‍ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഓടുന്നുണ്ടെന്ന്‌ ആനയ്ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ വിദ്വാന്‍ നിങ്ങളെ കാണുന്നത്‌ കൊണ്ടല്ല.(മേലെ പറഞ്ഞ മാതിരി അതിന്റെ മോശം കാഴ്ചശക്തിക്ക്‌ സോഡാക്കുപ്പി ഗ്ലാസിന്റെ ആനക്കണ്ണടയും മതിയാവില്ല!!നേരെമുന്നോട്ടേക്ക്‌ ആനയ്ക്ക്‌ വ്യക്തമായി കാണാനും കഴിയില്ല) മറിച്ച്‌ തുമ്പിക്കൈ ഉപയോഗിച്ച്‌ അത്‌ വലിച്ചെടുക്കുന്ന നിങ്ങളുടെ ഗന്ധവും, നിങ്ങളുടെ ചലനങ്ങളുടെ ശബ്ദവും ഉപയോഗിച്ചാണ്‌ ! (അതു കൊണ്ടാണ്‌ ആക്രമിക്കാന്‍ വരുന്ന ആനയുടെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്ന്‌ നില്‍ക്കുന്നത്‌.)

ഓടുന്ന ഓട്ടത്തിനിടയില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടോ അല്ലെങ്കില്‍ മുണ്ടോ അഴിച്ച്‌ ഒരു ഭാഗത്തേക്ക്‌ എറിഞ്ഞ്‌ മറുഭാഗത്തേക്ക്‌ അല്ലെങ്കില്‍ നേരെ നിങ്ങള്‍ക്ക്‌ ഓടാന്‍ കഴിഞ്ഞാല്‍ ഗന്ധം പിന്തുടരുന്ന ആനയ്ക്ക്‌ ഒരു ഐഡന്റിറ്റി കണ്‍ഫൂഷന്‍ ഉണ്ടാക്കാന്‍ അതു ധാരാളം മതി. (വെറും പാന്റ്സ്‌ അല്ലെങ്കില്‍ അണ്ടര്‍വെയര്‍ മാത്രമേ നിങ്ങള്‍ ധരിച്ചിട്ടുള്ളൂവെങ്കില്‍ ഈ തിയറി വര്‍ക്ക്‌ ചെയ്യില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക!!) തൊട്ടടുത്തു കിട്ടുന്ന നിങ്ങളുടെ ഗന്ധത്തിലേക്ക്‌ ആന, ശൗര്യം ഫോക്കസ്‌ ചെയ്യുന്ന തക്കത്തിന്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ പറ്റിയേക്കും. ഇതാണ്‌ തിയറി.

അതെങ്ങനെ അന്നേരം എനിക്ക്‌ ഓര്‍മ്മ വന്നു? അറിയില്ല!അത്രേം ദൂരത്തു നിന്ന്‌ ആ ഓര്‍മ്മ എന്നെ തേടി വന്ന സ്ഥിതിക്ക്‌ അതൊന്നു പരീക്ഷിക്കാതെ വിടുന്നത്‌ മോശമല്ലേ. അല്ലെങ്കില്‍ കാലം ചെയ്ത മാത്തുക്കുട്ടിച്ചായന്റെ ആത്മാവ്‌ എന്തു വിചാരിക്കും....!?

ഇരുന്ന ഇരുപ്പില്‍ ഒരു ചെറിയ പാറക്കല്ല്‌ ഞാന്‍ തപ്പിയെടുത്തു. പിന്നെ എന്റെ ഓവര്‍ക്കോട്ടൂരി. അതിന്നടിയില്‍ ധരിച്ചിരുന്ന റ്റീ ഷര്‍ട്ട്‌ ഊരി(ഹൂശ്‌...എന്തൊരു തണുപ്പ്‌!!) റ്റീഷര്‍ട്ട്‌ കോണ്ട്‌ പാറക്കല്ല്‌ ഭദ്രമായി പൊതിഞ്ഞു. പിന്നെ സര്‍വശക്തിയുമെടുത്ത്‌ ആ സമ്മാനപ്പൊതി ആനയുടെ ഒരു വശത്തേക്ക്‌ ആഞ്ഞെറിഞ്ഞു.

എന്തൊരത്ഭുതം...!! ഒന്നു വെട്ടിത്തിരിഞ്ഞ ആന ആ പൊതി പോയ ദിക്കിലേക്ക്‌ ശരം വിട്ടപോലെ ഒരു നടത്തം!! (മരമണ്ടനാന!!...ബുഹുഹ്ഹഹായ്‌....)

പക്ഷേ അതു കൊണ്ടൊന്നും ആന എന്നെ പിരിഞ്ഞു പോയ്ക്കളയുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല പോയദിക്കില്‍ എന്നെ കണ്ടില്ലെങ്കില്‍ അത്‌ തിരിച്ചു വരുമെന്നു തന്നെയാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ ആ ആന പിന്നെ തിരിച്ചു വന്നതേയില്ല. പോയ വഴി നേരെ നടന്ന്‌ തന്റെ കൂട്ടാനകളോട്‌ ചേര്‍ന്ന്‌ അവന്‍ കാട്ടിലേക്ക്‌ തന്നെ കയറിപ്പോയിരിക്കണം.(ഒരു പീറ മനുഷ്യന്‍ തന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോ ആനയ്ക്ക് നാണം വന്നിട്ടുണ്ടാവും...പാവം!!)

കുറച്ചു നേരം ആനയെ കാണാഞ്ഞപ്പോഴുള്ള സങ്കടത്തില്‍ ഞാന്‍ വീണ്ടും എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അയ്യട മനമേ...നല്ല സുന്ദരമായി ഞാനെന്റെ കാലുകളില്‍ എഴുനേറ്റ്‌ നിന്നു. (അപ്പോ കാലൊടിഞ്ഞില്ലായിരുന്നോ...?!സമാധാനം!! ഇക്കാസിന്റേം ജാസൂട്ടീടേം കല്യാണം കൂടാലോ)

എന്തായാലും റോഡിലേക്ക്‌ കയറാന്‍ ഞാന്‍ മിനക്കെട്ടില്ല. ആന പോയി എന്ന്‌ നല്ല ഉറപ്പില്ലായിരുന്നല്ലോ എനിക്ക്‌. ഒരു പക്ഷേ ഈ ഗന്ധത്തിന്റെ തിയറി എന്നേക്കാള്‍ മുന്നെ പഠിച്ച്‌ ആനശാസ്ത്രത്തില്‍ വല്ല ഡിഗ്രിയെങ്ങാനുമെടുത്തിട്ടുള്ള പഹയന്‍ "ഞാനിത പോന്നേ" ന്ന്‌ എന്നെ തെറ്റിധരിപ്പിച്ചിട്ട്‌ ഇത്തിരി ദൂരെ മാറി നില്‍ക്കുകയാണെങ്കിലോ? ഛായ്‌ നാണക്കേടല്ലേ, ചതിയിലൂടെയുള്ള ആ മരണം? പച്ചോലയില്‍ കെട്ടിവലിക്കുന്നതില്‍ ഭേദം ആദ്യത്തെ ആ അടിയില്‍ തന്നെ സിദ്ധി കൂടുന്നതല്ലേ!

അധികം ചിന്തിച്ച്‌ ബുദ്ധിമുട്ടേണ്ടി വന്നില്ല. ദൂരെ റോഡില്‍ നിന്നും ശബ്ദവും (മനുഷ്യരുടെ) വെളിച്ചവും എന്നെ തേടിവന്നു. കുഴിയില്‍ നിന്നും വലിഞ്ഞു കയറിയ എന്റെ സുഹൃത്തുക്കള്‍ അതുവഴി വന്ന ഒരു ലോറി കൈകാണിച്ചു നിര്‍ത്തി സംഭവം പറയുകയും, ഒരു രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള റ്റൗണില്‍ നിന്ന്‌ ആള്‍ക്കാരേയും കൂട്ടി ചൂട്ടും കത്തിച്ച്‌ എന്നെയും ആനയേയും തിരക്കിയിറങ്ങിയതായിരുന്നു.

"ഞാനിവിടുണ്ടേയ്‌" എന്നൊന്നു കൂവാന്‍ ഞാന്‍ ശ്രമിച്ചു. എവടെ?! വറ്റി വരണ്ടു സഹാറ മരുഭൂമിപോലായ എന്റെ തൊണ്ടയില്‍ നിന്നും എന്തു ശബ്ദം വരാന്‍? കാറ്റല്ലാതെ! പക്ഷേ ഞാനാരാമോന്‍? വീണ്ടും ഫ്ലാഷ്‌ യൂണിറ്റ്‌ ഞാന്‍ കയ്യിലെടുത്തു. തിരച്ചില്‍ക്കാര്‍ വരുന്ന വഴിയിലേക്ക്‌ അവനെ മിന്നിച്ചു പിടിച്ചു.

അതോടെ ഓടിയെത്തിയ രക്ഷകര്‍ എന്നെ തൂക്കിയെടുക്കുകയും അനന്തരം എന്റെ കയ്യ്‌, കാല്‌ വാരിയെല്ലുകള്‍, ഒടുക്കം തല എന്നീ ഭാഗങ്ങള്‍ യഥാസ്ഥാനങ്ങളില്‍ തന്നെയുണ്ടോ എന്നു തപ്പി നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ അത്ര നേരവും നല്ല റങ്ക്‌ റങ്കായി വര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്ന എന്റെ കാഴ്ചയും കേള്‍വിയും മങ്ങിവരുന്നതായും, എന്റെ ബുദ്ധി(?) മരവിക്കുന്നതായും എനിക്കപ്പോള്‍ അനുഭവപ്പെട്ടു. പിന്നെ ഇരുളിന്റെ ഒരു കടലിലേക്ക്‌, ഗാഡമായൊരു മയക്കത്തിലേക്ക്‌, പതിയെ ഞാന്‍ ഊര്‍ന്നു വീണു!

ഏതായാലും പിറ്റേന്നു രാവിലെ സൈഡൊതുക്കി പാര്‍ക്ക്‌ ചെയ്ത വണ്ടിയുടെ പിന്‍ സീറ്റില്‍ ഞാനുറക്കമുണര്‍ന്നത്‌ ഒരു പുതിയ ജന്മത്തിലേക്കായിരുന്നു. അതും മൂന്നരത്തരം.!!!!

അനന്തരം? അസ്സലാകെപ്പാടെ നോക്കിയാല്‍ ഈ ഒരു ആനമണ്ടത്തരം ആന കാണിച്ചത്‌ കൊണ്ടുള്ള കനത്ത നഷ്ടം ആര്‍ക്കു പറ്റി? സംശയമെന്ത്‌ മലയാളം ബ്ലോഗര്‍മാര്‍ക്ക്‌!! ഒരു ബ്ലോഗറുടെ മരണത്തിന്‌ ആദ്യമാദ്യം കമന്റിട്ട്‌, ചാവും പതിനാറടിയന്തിരവും കഴിക്കാനുള്ള സുവര്‍ണ്ണാവസരമല്ലേ അവര്‍ക്ക്‌ നഷ്ടമായത്‌?

രഹസ്യം :- മലയാള മനോരമയില്‍ ഒരു സണ്‍ഡേ ഫീച്ചറിനു വകുപ്പുണ്ടെങ്കിലും, ഈ കഥ ഇതുവരെ പുറത്തു വിട്ടിട്ടില്ല ഞങ്ങള്‍. കഷ്ട കാലത്തിനു ഈ ബ്ലോഗ്‌ ഞങ്ങളിലാരുടെയെങ്കിലും നല്ലപാതിമാരോ, കുടുംബക്കാരോ വായിച്ചാല്‍ തീര്‍ന്നു! പിന്നെ കുദാകുത്തനെ (ക.ട്‌..എന്റെ വലിയുമ്മ)യുള്ള ഈ കാടു തെണ്ടല്‍ അതോടെ നിന്നു കിട്ടും. സോ ഇതൊരു ആഗോള രഹസ്യമാകുന്നു.

വാല്‍ക്കഷണം :-എന്നിട്ട്‌ ഇക്കാസിന്റെ കല്യാണത്തിനു പോയോ ഞാന്‍? പിന്നെ പോവാതെ.!! എന്റെ അതിഭയങ്കരമായ കൃത്യ നിഷ്ഠ കാരണം വൈകുന്നേരം അഞ്ചു മണിക്കു തുടങ്ങിയ റിസപ്ഷനു ഞാനെത്തിയത്‌ രാത്രി പത്തു മണിക്ക്‌!! അതും വഴി പോലുമറിയാതെ. ഒടുക്കം ആലുവായില്‍ വെച്ച അതുല്യേച്ചിയെ വിളിക്കുന്നു. അതു വഴി കുമാര്‍ജിയെ വിളിക്കുന്നു, പാച്ചാളത്തെ വിളിക്കുന്നു, വില്ലൂസിനെ വിളിക്കുന്നു ഒടുക്കം ഇക്കാസിനെ തന്നെ നേരിട്ടു വിളിക്കുന്നു!

എന്തായാലും ആദ്യരാത്രി ഉറങ്ങാന്‍ (ഉവ്വ്‌!) കിടക്കുന്ന വധൂവരന്മാരെ വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടി(ച്ച്) കാണേണ്ടി വന്നില്ല. ആ ക്രിട്ടിക്കല്‍ അവേര്‍സിനു മുന്നെ തന്നെ ഇക്കാസിന്റെ വീട്ടില്‍ എത്തിപ്പെടാനും, ഏതാനും മിനിട്ടുകള്‍ അവിടെ ചിലവഴിക്കാനും (അല്ലേലും ആനേരത്ത്‌ അധികം നില്‍ക്കാന്‍ പാട്വോ...?) സാധിച്ചത്‌ ആനയുടെ കാരുണ്യം കൊണ്ടാണെങ്കിലും, കഴിഞ്ഞ അവധിക്കാലത്തിന്റെ ഹൃദയം നിറയ്ക്കുന്ന ഒരു നേട്ടമായി സൂക്ഷിക്കാന്‍ കഴിഞ്ഞല്ലോ!!

ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ....

ഇന്നേക്കും എന്നെന്നേക്കും!!

ബ്ലോമ്മേന്‍.....!!