Wednesday, January 09, 2008

കൊല്ലാന്‍ വന്ന ആനയും ഇക്കാസിന്റെ കല്യാണവും!!

കുറെക്കാലങ്ങള്‍ക്കു ശേഷം ഇന്നാണ്‌ കുറച്ചു സമാധാനമായി ബ്ലോഗുകള്‍ നോക്കുന്നത്‌. (ഈ ജോലി ഇല്ലെങ്കിലുള്ളൊരു ഗുണമേയ്‌!!)അപ്പോഴാണ്‌ വനജയുടെ, ബ്ലോഗുകളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടത്‌. അതിലൂടെ കുട്ടിച്ചാത്തന്റെ താരോദയം 2007 കണ്ടു. അവിടെ ദേവരാഗത്തിന്റെ കമന്റ്‌ കണ്ടു(കടലില്‍ തിര കണ്ടു, കപ്പല്‍ കണ്ടു)!!

കുത്താന്‍ വരുന്ന ആനയുടെ മുന്നില്‍ പെട്ടാല്‍ എന്താണു തോന്നുക എന്ന്‌ എന്നോടും കൈപ്പള്ളിയോടും ചോദിക്കാന്‍!!! (ഉവ്വേയ്‌...)

ചാകാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന കാര്യമാണ്‌ ഈ പോസ്റ്റിന്റെ തലക്കെട്ട്‌...സത്യമായും എനിക്കാദ്യം ഓര്‍മ്മവന്നത്‌ ഇക്കാസിന്റേം ജാസൂട്ടിയുടെയും കല്യാ‍ണമായിരുന്നു!!!!! അതു കഴിഞ്ഞ്‌ മലയാള മനോരമാ ആഴ്ചപ്പതിപ്പും!!!!

(പിന്നെ കൈപ്പള്ളിയുടെ കാര്യത്തില്‍ ഒരു സംശയം....ആനയ്ക്കു മുന്നില്‍പ്പെട്ട കൈപ്പള്ളിയുടെ അനുഭവം കൈപ്പള്ളിയോടു ചോദിക്കുന്നതിലും ഭേദം, കൈപ്പള്ളിയുടെ മുന്നില്‍പ്പെട്ട ആനയുടെ അനുഭവം ആനയോടു ചോദിക്കുന്നതല്ലേ?!!!)

അതോടൊപ്പം ലിങ്ക്‌ കൊടുത്ത ഫൊട്ടോയിലെ വീഡിയോഗ്രാഫറുടെ സ്ഥിതി അത്രയ്ക്കങ്ങ്‌ ആശങ്കാ ജനകമണെന്നു തോന്നുന്നില്ല....(മൂപ്പര്‍ക്കറിയുമോ ആവോ). നാലാലോരു നിവൃത്തിയുണ്ടെങ്കില്‍ ആനകള്‍ കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങാന്‍ മിനക്കെടില്ല. മരണഭയം തലയില്‍ക്കയറിയപ്പോള്‍ ആ തിയറി എനിക്കു മറന്നുപോയെങ്കിലും, പിന്നീട്‌ കൊല്ലാന്‍ വന്ന ആനയ്ക്കത്‌ ഓര്‍ത്തെടുക്കാന്‍ പറ്റിയതു കൊണ്ട്‌ ഇതെല്ലാം എഴുതാന്‍ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. (ആനയെ അതെല്ലാം പഠിപ്പിച്ച മാഷ്ക്ക്‌ സര്‍വസ്തുതിയുമിരിക്കട്ടേ!)

പക്ഷേ ഇതിനെല്ലാമുപരി എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത മറ്റൊരു സംഭവവുമുണ്ട്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ തവണ പേടി സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍നിട്ടുള്ളത്‌ എന്നെ ആനകള്‍ കുത്താന്‍ ഓടിക്കുന്നതായിട്ടാണ്‌. വളരെ ചെറുപ്പം മുതലേ അത്തരം സ്വപ്നങ്ങള്‍ എന്നെ പേടിപ്പിക്കാറുണ്ട്‌. ആനകളെ എനിക്ക്‌ ഇഷ്ടമാണെങ്കിലും!!സ്വപ്നത്തില്‍ നിന്നും അത്തരം ഒരനുഭവം നേരിട്ട്‌ ജീവിതത്തിലേക്കിറങ്ങിവരും എന്ന്‌ സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചിരുന്നില്ല. സത്യം!!

ആനകള്‍ ഓടിക്കുന്ന സ്വപ്നം ഇങ്ങനെ സീരിയലായി കാണുന്നത്‌ കൊണ്ട്‌ ശരിക്കും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും എന്ന്‌ പണ്ടൊക്കെ ഒരു പാട്‌ ആലോചിച്ചിരുന്നു.അന്നൊക്കെ കരുതിയത്‌ വളഞ്ഞുപുളഞ്ഞ്‌ ഓടിയാലോ, അല്ലെങ്കില്‍ കയറ്റത്തിലേക്ക്‌ ഓടിക്കയറിയാലോ ആനയില്‍ നിന്നും രക്ഷപ്പെടാം എന്നായിരുന്നു. പക്ഷേ ഒരു ബജാജ് ഓട്ടോറിക്ഷ പോലെ ചുരുണ്ട്‌ നിന്ന്‌ (ക.ട്: സിനിമാ നടന്‍ ജയറാം) ചാര്‍ജ്‌ ചെയ്യാന്‍ വരുന്ന ആന, മണിക്കൂറില്‍ നാല്‍പത്തിയഞ്ച്‌ കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുമെന്നും, മനുഷ്യന്റെ ഇരട്ടി വേഗത്തില്‍ കയറ്റം കയറുമെന്നും അറിഞ്ഞതോടെ ആ ധാരണയൊക്കെ ചീറ്റിപ്പോയി. ആനകള്‍ക്ക്‌ പക്ഷേ ഇറക്കം ഇറങ്ങല്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രക്രിയയാണെന്ന പുതിയൊരറിവ്‌ അതോടൊപ്പം കിട്ടുകയും ചെയ്തു.

ഇനി ആ കാള രാത്രിയിലേക്ക്‌ നേരിട്ട്‌.......!!

കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ ലീവില്‍ ഒരു പത്തു ദിവസത്തേക്ക്‌ നാട്ടിലെത്തിയതായിരുന്നല്ലോ ഞങ്ങള്‍. പത്തീസം കഴിഞ്ഞ്‌ കെട്ടിയോളേം പിള്ളാരേം തിരിച്ച്‌ ഖത്തറിലേക്ക്‌ കയറ്റി വിട്ട്‌ കുറച്ചു ദിവസം സമാധാനമായി ഊരുതെണ്ടാം എന്നു കരുതിയേടത്തു നിന്നും കഥ ആരംഭിക്കാം.തെണ്ടി തെണ്ടി തൊട്ടില്‍പാലം മൈസൂര്‍ റോഡില്‍ മൂന്നാം കൈ എന്ന സ്ഥലത്തുള്ള കൊരണപ്പാറമല വിജയകരമായി കീഴടക്കി തിരിച്ച്‌ തൊട്ടില്‍പാലത്തെത്തുമ്പോള്‍ രാത്രി ഏഴു മണി.

"തോല്‍ പെട്ടിയ്ക്ക്‌ പോയാലോ"? ആശയം ഞങ്ങള്‍ നാലുപേരില്‍ ആരുടെ തലയിലാണുദിച്ചതെന്ന്‌ ഓര്‍മ്മയില്ല.

"ശരി ചലോ ചലോ തോല്‍പ്പെട്ടി" ..മുന്നും പിന്നും ആലോചിക്കാന്‍ നിന്നാല്‍ പിന്നെന്തു ജീവിതം?

വണ്ടി മൈസൂര്‍ റോഡില്‍ കുറെ മുന്നോട്ട്‌ പോഴപ്പഴാണ്‌ മറ്റൊരുത്തന്റെ തലയില്‍ ബള്‍ബ്‌ കത്തിയത്‌.

"ഡാ നിനക്ക്‌ സ്ഥലമറിയാമോ"?!

"ഇല്ലാ" കൂളായ ഉത്തരം.

"വഴിയോ"?

"റോഡ്‌ ഇതു തന്നെ, സ്ഥലം കര്‍ണ്ണാടക ബോര്‍ഡറിലാണെന്നു തോന്നുന്നു, വഴി മ്മക്ക്‌ ചോയ്ച്ച്‌ ചോയ്ച്ച്‌ പൂവാം!!!

"ബെസ്റ്റ്‌! നല്ല തണുപ്പും കോടയുമുള്ള രാത്രിയില്‍ അവന്റമ്മായിയപ്പനിരിക്കുന്നു ചുരത്തില്‍ വഴി ചോദിക്കാന്‍...!!

മുന്നില്‍ പോകുന്ന ഒരു പാണ്ടി ലോറിയുടെ പിറകില്‍ വെച്ചു പിടിച്ചു ഞങ്ങള്‍.

നിശ്ശബ്ദമായി അങ്ങിനെ വണ്ടി പോയ്ക്കൊണ്ടിരിക്കെ എനിക്കു ഇക്കാസിന്റേം ജാസൂട്ടീടെം കല്യാണം ഓര്‍മ്മ വന്നു. അത്‌ അടുത്തയാഴ്ചയാണല്ലോ. ഏതായാലും നാട്ടിലുള്ള സ്ഥിതിക്ക്‌ വെറുതെ ഒന്നു പോയാലോ എന്നൊരു തോന്നലുണ്ടായിരുന്നു. ചില ബ്ലോഗര്‍മാരെയെങ്കിലും കാണാനും പരിചയപ്പെടാനും പറ്റുമല്ലോ.

"ഡാ ആരേലും അടുത്താഴ്ച കാക്കനാട്ടേക്ക് വരുന്നോ, എനിക്കൊരു കല്ല്യാണം കൂടാനുണ്ട്‌"

പൊതുവായി ഞാനൊരു ചോദ്യമെറിഞ്ഞു.കൂട്ടത്തിലെ ഗായകനായ സുഹൃത്ത്‌ എനിക്കു കൂട്ടു വരാം എന്നേറ്റു.

ഒരുപാടു ദൂരം പിന്നിട്ടിരിക്കണം. മുന്നില്‍പോകുന്ന ലോറി ഒരു ചെറിയ കവലയില്‍ നിര്‍ത്തി. അത്യാവശ്യം ഒന്നു രണ്ടു കടകളും ഒന്നു രണ്ടാള്‍ക്കാരുമൊക്കെയുള്ള സ്ഥലം. അവിടെയിറങ്ങി ഒരോ കട്ടന്‍ ചായയുമടിച്ച്‌ ഈ തോല്‍പെട്ടിയെക്കുറിച്ച്‌ ലോറി ഡ്രൈവറോട്‌ അന്വേഷിച്ചു. കിട്ടിയ ഉത്തരം അത്ര സുഖമുള്ളതായിരുന്നില്ല.

രാത്രി ആ വഴി ചെറു വാഹനങ്ങള്‍ പോവാറില്ല. ആനയും കാട്ടുപോത്തും ചിലപ്പോ പുലിയും കരടിയുമൊക്കെ ഇറങ്ങി നടക്കുന്ന വനപ്രദേശമാണത്‌.

"അത്യാവശ്യമാണെങ്കില്‍ ഞങ്ങളുടെ പിറകില്‍ വന്നോളൂ.."

പിന്നെന്താലോചിക്കാന്‍? ആ ലോറിയുടെ പിറകെ തന്നെ വീണ്ടും വിട്ടു.

വീണ്ടും കുറെ ദൂരം താണ്ടിയപ്പോള്‍ പക്ഷേ, വേണ്ടിയിരുന്നില്ല എന്നും തോന്നി. വിജനവും നിഗൂഡവുമായ വനപ്രദേശം. പേടിപ്പെടുത്തുന്ന നിശ്ശബ്തയും ഇടവിട്ടിടവിട്ട് അതു കീറിമുറിക്കുന്ന കാടിന്റെ അലര്‍ച്ചയും. കയറ്റിറക്കങ്ങള്‍ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡും....ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിന്റെ തണുത്ത പുതപ്പും!

ക്ഷീണിച്ച സുഹൃത്തിനു വിശ്രമം അനുവദിച്ചു വണ്ടിയുടെ സാരഥ്യം ഞാനേറ്റെടുത്തു.

പൊടുന്നനെ മുന്നില്‍ വഴികാട്ടിയായിരുന്ന ലോറി ഒരു കുലുക്കത്തോടെ നിന്നു...

"എന്തു പറ്റി...?

"ആക്സിലൊടിഞ്ഞതാ" എന്നു നിസ്സഹായമായ ഉത്തരം.

ഒരു പത്ത്‌ കിലോമീറ്റര്‍ കൂടെ പോയാല്‍ ചെറിയൊരു ടൗണ്‍ കിട്ടും അവിടെ നിര്‍ത്തിയിട്ട്‌ രാവിലെ പോയാ മതി എന്ന ഡ്രൈവറുടെ ഉപദേശം ശിരസാ വഹിച്ച്‌ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

അങ്ങിനെ പോയിപ്പോയി ഒരിറക്കമിറങ്ങി വരുമ്പോഴാണ്‌ കാലക്കേട്‌ മൂത്ര ശങ്കയുടെ രൂപത്തില്‍ വന്നത്‌!!

റോഡു വക്കില്‍, ഇരുട്ടില്‍ നിരന്നു നിന്ന്‌ ശങ്ക തീര്‍ക്കുന്നതിനിടയില്‍, എതിര്‍ വശത്തു നിന്നും ചീറി വന്ന ഒരു മിനി ലോറി ഒരു ക്ഷണമാത്ര ഒന്നു ബ്രേക്കിട്ടു.

"ആന ഇറങ്ങീട്ടുണ്ട് വേഗം വിട്ടോ..." തല പുറത്തേക്കിട്ട്‌ അത്രയും പറഞ്ഞ്‌ ഡ്രൈവറദ്യം വണ്ടിയുമെടുത്തോണ്ടങ്ങു പോയി!

ശങ്ക പകുതിക്കു വെച്ചു നിര്‍ത്തി ഞങ്ങള്‍ ഓടി വണ്ടിയില്‍ കയറി....

മുന്നോട്ടോ പിന്നോട്ടോ...പരിഭ്രമത്തില്‍ വീണ്ടും വന്നു ശങ്ക! പക്ഷേ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നില്ല! കോടമഞ്ഞ്‌ വകഞ്ഞുമാറ്റി ആനക്കൂട്ടം വണ്ടിക്കു തൊട്ടടുത്തെത്തിയിരുന്നു അപ്പോഴേക്കും. ആനക്കൂട്ടം ഒന്നു നിന്നു. കൂട്ടത്തില്‍ മുന്നില്‍ നടന്നു വന്ന ആന ഒന്നു ചുരുളുന്നത്‌ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. അതിന്റെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്നു വന്നു. (വാല്‍ പിറകോട്ടും നിന്നിരിക്കണം, അതപ്പോ കാണാന്‍ പറ്റിയില്ല) ഒന്നു ചീറിക്കൊണ്ട്‌ സ്പ്രിംഗ്‌ ഏറ്റി വിടും പോലെ ഒരു വരവായിരുന്നു പിന്നെ.

"ഓടിക്കോടാ...." ആ ആശയത്തിന്റേയും പകര്‍പ്പവകാശം ആര്‍ക്കായിരുന്നോ എന്തോ.

ഇടതു ഭാഗത്തെ ഡോര്‍ വഴി പുറത്തു ചാടിയ കൂട്ടുകാര്‍ മൂക്കിനു നേരെ മുന്നോട്ട്‌ കുന്തിരിയെടുത്തു. അവര്‍ക്ക്‌ പക്ഷേ ഓടി ബുദ്ധിമുട്ടേണ്ടി വന്നില്ല. റോഡിന്റെ ഇടതുഭാഗത്തെ മൂന്നാലുമീറ്റര്‍ താഴ്ചയിലേക്ക്‌ ഓട്ടം തുടങ്ങാന്‍ ആലോചിക്കുമ്പോഴേക്കും അവര്‍ തലയും കുത്തി ലാന്‍ഡ്‌ ചെയ്തു കഴിഞ്ഞിരുന്നു.

"നിറയെ വള്ളിച്ചെടികള്‍ വളര്‍ന്നു നിന്ന ആ താഴ്ചയിലേക്ക്‌ ഇറങ്ങണ്ട, അപ്രത്തെ ഡോറിലൂടെ ഇറങ്ങിയോടുന്ന ഡ്രൈവര്‍ വിദ്വാനെ - അതായത്‌ എന്നെ- ശരിയാക്കിക്കളയാം" എന്ന തീരുമാനപ്പുറത്താവണം വലത്തു ഭാഗത്തു കൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച എന്നെ വണ്ടിയുടെ ഇടതുഭാഗം ചുറ്റിവന്ന്‌ പിടികൂടാനുള്ള തന്ത്രം ആന പുറത്തെടുത്തത്‌. അതോടെ ഇടതുഭാഗത്തേക്കോടി കൂട്ടുകാരന്മാരെ പിന്തുടര്‍ന്ന്‌ തലയും കുത്തി വീഴാനുള്ള സുവര്‍ണ്ണാവസരം എനിക്കു പോയിക്കിട്ടി. ആ ഇരുട്ടില്‍ വലതു ഭാഗത്ത്‌ എന്താണുള്ളത്‌ എന്ന ഗവേഷണം അസാധ്യമായതിനാല്‍ പിന്നെ ഒരേ ഒരു വഴിയേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ...വന്നവഴി! നേരെ പിറകോട്ട്‌ ഞങ്ങള്‍ ഇറങ്ങി വന്ന ഇറക്കം, സര്‍വശക്തിയും സംഭരിച്ച്‌ ജീവനും കൈയില്‍ പിടിച്ച്‌ ഞാന്‍ ഓടിക്കയറാന്‍ തുടങ്ങി.

പക്ഷേ മനുഷ്യരെക്കാള്‍ ഇരട്ടി വേഗത്തില്‍ ആനകള്‍ കയറ്റം കയറും എന്ന്‌ ഞാന്‍ നടേ പറഞ്ഞ തിയറിയുടെ പ്രാക്റ്റിക്കല്‍, നല്ല മണിമണിയായി പ്രൊഫസര്‍ ആനക്കൊമ്പന്‍ അന്നേരം എന്നെ പഠിപ്പിച്ചു തന്നു. (ആനക്കൊമ്പന്‍ എന്നൊരാവേശത്തിനു പറഞ്ഞതാ...അത്‌ ഒരു മോഴയാനയായിരുന്നു എന്നു ചങ്ങാതിയെ പരിചയമുള്ള നാട്ടുകാര്‍ പിറ്റേന്നു പറഞ്ഞറിഞ്ഞു )

ജീവനും കയ്യില്‍ പിടിച്ചുള്ള ഓട്ടത്തില്‍ ആ ഒരു നിമിഷം എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല! ആന തുമ്പിക്കൈ വെച്ച് തട്ടിയോ അതൊ കാലു വല്ല കല്ലിലോ വേരിലോ തടഞ്ഞോ..... നോ ഐഡിയ...!!!!

ആഹഹാ...നല്ല ഫ്രീയായി ആകാശത്തൂടെ പറക്കുന്ന സുഖം ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ചു.ഒരു മൂന്നാലു മീറ്റര്‍ പറന്ന്‌ നെഞ്ചിന്മേല്‍ അതി മനോഹരമായി ലാന്‍ഡ്‌ ചെയ്ത്‌, പിന്നെ രണ്ടു കരണം മറിഞ്ഞ്‌, പിന്നെയും നടുമ്പുറത്ത്‌ ഒരു സ്കീയിംഗ്‌ നടത്തി റോഡ്‌ സൈഡിലെ ഒരു മരത്തില്‍ തടഞ്ഞു ഞാന്‍ നിന്നു പോയി. എന്റെ ബോധം അവിടന്നും താഴോട്ട്‌ നടന്നും പോയി!!

ദേവരാഗമേ,ആന ഓടിവരുന്നത്‌ കണ്ടതുമുതല്‍ ഈ ബോധം പോയ നേരംവരെയും എന്തൊക്കെയാണ്‌ എന്റെ മനസ്സിലൂടെ കടന്നു പോയതെന്ന്‌ സത്യമായും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.പക്ഷേ ഒരുമൂന്നാലു സെക്കന്റ്‌ നീണ്ടുനിന്ന ആ മരവിപ്പില്‍ നിന്നും ഞാനുണര്‍ന്നത്‌ ഇടതു കാലിന്‌ അസഹ്യമായ വേദനയുമായായിരുന്നു. സത്യം, ആ ഉണര്‍ച്ചയില്‍ ആദ്യമായും ഒരു മിന്നല്‍ പോലെ ഉണര്‍ന്നുവന്ന ചിന്ത -

"പടച്ചോനേ, കാലൊടിഞ്ഞല്ലോ....ഈ കാലും വെച്ച്‌ ഞാനെങ്ങനെ ഇക്കാസിന്റെ കല്യാണത്തിനു പോകും!!"

എന്നായിരുന്നു. ആനയും മരണവും ഒന്നും അന്നേരം എന്റെ മനസ്സിലില്ലായിരുന്നു. അതെന്തു കൊണ്ടായിരുന്നു അങ്ങിനെ എന്ന്‌ വിശദീകരിക്കാന്‍ അന്നും ഇന്നും എനിക്കറിയില്ല!

ഒരു പത്തു പതിനഞ്ചടി മുകളില്‍ റോഡില്‍ നിന്ന്‌ ആനയുടെ ചീറല്‍ വീണ്ടും കേട്ടില്ലായിരുന്നെങ്കില്‍, മോട്ടോര്‍ സൈക്കിളില്‍ വണ്ടിയിടിച്ചു റോഡില്‍ വീണ കൊച്ചു ത്രേസ്യ പണ്ടാലോചിച്ച പോലെ പലതും ഞാനുമാലോചിച്ചു കൂട്ടിയേനെ!

ബ്ലോഗിലെ ആദ്യ വിവാഹം കമന്റിട്ട്‌ ആഘോഷിക്കുന്നതിനിടെ, ബ്ലോഗിലെ ആദ്യ മരണം എത്ര കമന്റിട്ട്‌ ബ്ലോഗര്‍മാര്‍ ആഘോഷിക്കുമെന്നോ, അല്ലെങ്കില്‍ എന്റെ മയ്യത്തടക്കിന്‌ എത്ര ബ്ലോഗര്‍മാര്‍ പങ്കെടുമെന്നോ ഒക്കെ ആലോചിച്ചുണ്ടാക്കാന്‍ പക്ഷേ, എനിക്കു സമയം കിട്ടിയില്ല. അതിനും മുന്‍പേ "അവനെ പീസ്‌ പീസാക്കിയില്ലേല്‍ ആനകള്‍ക്ക്‌ നാണക്കേടല്ലേ" എന്ന ചിന്തയാല്‍ വിജൃംഭിതവീര്യനായി, പതിയെ താഴേക്കിറങ്ങി വരാന്‍ തുടങ്ങുന്ന ആനയെ അവ്യക്തമായി ഞാന്‍ കണ്ടു. അതോടെ എന്റെ അടിവയറ്റില്‍ ഒരഗ്നിപര്‍വതം പൊട്ടി. നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു വിറയാല്‍ ഞാന്‍ അടിമുടി ഒന്നുലഞ്ഞു. പക്ഷേ അത്ഭുതം! എന്റെ ചിന്തകളും, കാഴ്ചയും, കേള്‍വിയുമൊക്കെ കൂടുതല്‍ ഷാര്‍പ്‌ ആവുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങുന്നു. താഴേക്കിറങ്ങാന്‍ ശ്രമിക്കുന്ന ആനയെ എനിക്കിപ്പോള്‍ വ്യക്തമായും കണാം. അതിന്റെ കോപാകുലമായ ശ്വാസോച്ഛ്വാസം എന്റെ ഹൃദയമിടിപ്പു പോലെ എനിക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നു!

എഴുനേല്‍ക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി. അപ്പോള്‍ എന്റെ ഓവര്‍ക്കോട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന്‌ താഴെ വീണു. ഇരുട്ടില്‍ ഞാനത്‌ തപ്പിയെടുത്തു. കൊരണമലയിറങ്ങുന്നതിനിടയിലെപ്പഴോ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന എന്റെ കാമറാ ഫ്ലാഷ്‌!! നിക്കോണ്‍ എസ്‌. ബി. എണ്ണൂറ്‌!! അത്‌ പോക്കറ്റിലിടുമ്പോള്‍ ഓഫ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരുന്നോ? ഓര്‍മ്മയില്ല. ഒരു വിളിച്ചം എനിക്കപ്പോള്‍ അത്യാവശ്യമായിരുന്നു. എന്തായാലും ഫ്ലാഷ്‌ ഓണ്‍ ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അത്‌ ഒന്നു ഫയര്‍ ചെയ്തു. അതോടെ ഇറങ്ങിവരാനുള്ള ശ്രമം ഉപേക്ഷിച്ച്‌ ആന അവിടെ തന്നെ നിന്നു.

ഫ്ലാഷ്‌ ഫയര്‍ ചെയ്തത്‌ കണ്ട്‌ പേടിച്ച്‌ ആന അവിടെ തന്നെ നിന്നു എന്നാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. പക്ഷേ കാര്യം അതായിരിക്കാന്‍ വഴിയില്ല. കാരണം, ആനകളുടെ കാഴ്ചശക്തി വളരെ വളരെ മോശമാണ്‌ എന്നതു തന്നെ.(മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഘ്രാണ ശക്തിയും,അനിത സാധാരണമായ കേള്‍വി ശക്തിയുമാണ്‌ കണ്ണിനു പകരം ആനകളെ നയിക്കുന്നത്‌) തീരെ ചെറിയ ഒരാംഗിളിലല്ലാതെ നേരെമുന്നോട്ട്‌ കാണാന്‍ കഴിവില്ലാത്ത ആന ആ ഫ്ലാഷ്‌ ഫയര്‍ചെയ്തത്‌ കണ്ടിരിക്കാന്‍ സാധ്യത വളരെ കുറവാണ്‌. ഒരു പക്ഷേ പണ്ടെങ്ങാണ്ട്‌ ഇമ്പോസിഷന്‍ എഴുതിപ്പഠിച്ച മറ്റേ തിയറി ആ ആനമണ്ടയില്‍ അപ്പോള്‍ കത്തിക്കയറി വന്നിരിക്കണം. ഇറക്കമിറങ്ങാന്‍ ആനകള്‍ക്ക്‌ ഭയങ്കര ബുദ്ധിമുട്ടാണെന്ന ആ തിയറി!

സംഭവം എങ്ങിനെയൊക്കെയായാലും മൂപ്പര്‍ക്ക്‌ എന്നെ പെരുത്ത്‌ പെരുത്ത്‌ ഇഷ്ടമായി എന്നു തോന്നുന്നു. നിസ്സഹായനായി മരംചാരിയിരിക്കുന്ന എനിക്കു കൂട്ടായി റോഡിനു മുകളില്‍ ചങ്ങാതിയും നിലയുറപ്പിച്ചു. "എനിക്കങ്ങോട്ട്‌ ഇറങ്ങിവരാന്‍ മേലെഡേയ്‌, നീയിങ്ങു കേറിവാ, ഞാനൊന്നു സ്നേഹിക്കട്ടെ" എന്നൊരു ലൈനില്‍!

ഏതായാലും ചാവാന്‍ നേരം വീണു കിട്ടിയ ആ ഇടവേള ഞാനൊരു സീനറി കാണാന്‍ ഉപയോഗപ്പെടുത്തി എന്നു വേണമെങ്കില്‍ പറയാം. നിക്കോണ്‍ എസ്‌.ബി. എണ്ണൂറിനു ഞെക്കിപ്പിടിച്ചാല്‍ തുടര്‍ച്ചയായി സ്റ്റ്രോബ്‌ ഫയര്‍ ചെയ്യുന്ന ഒരു ബട്ടണുണ്ട്‌. ഫ്ലാഷ്‌ തുടര്‍ച്ചയായി ഫയര്‍ ചെയ്യുന്ന ഇടവേള നമ്മുടെ കണ്ണുകള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റാത്തത്‌ കൊണ്ട്‌ ഒരു ടോര്‍ച്ച്‌ ലൈറ്റിന്റെ ഫലം ചെയ്യുന്ന ഒരു ടെക്നോളജി. ഇരുട്ടില്‍ ആ ബട്ടണ്‍ തപ്പിപ്പിടിച്ചു, പിന്നെ ഞെക്കിപ്പിടിച്ചു.

ശക്തമായ ആ വെളിച്ചത്തില്‍ എനിക്കു മുന്നില്‍ അനാവൃതമായ ആ സീനറിയില്‍ എന്റെ കണ്ണഞ്ചിപ്പോയി!ഞാന്‍ ചാരിയിരിക്കുന്ന മരത്തിനു താഴോട്ട്‌, നോക്കിയാല്‍ പേടിയാകുന്ന ചെങ്കുത്തായ ഇറക്കമാണ്‌.സന്തോഷം!എങ്ങിനെ സന്തോഷിക്കാതിരിക്കും? ആമരത്തില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ ആന മെനക്കെടേണ്ടി വരില്ലായിരുന്നു,എന്റെ ചീട്ടു കീറാന്‍!

സന്തോഷിക്കാന്‍ കാരണം വേറെയുമുണ്ടല്ലോ?! ആ ഇരിക്കുന്നിടത്ത്‌ നിന്ന്‌ പതുക്കെ താഴോട്ട്‌ നിരങ്ങി രക്ഷപ്പെടാം എന്ന ഒരു തോന്നല്‍ അതോടെ തീര്‍ന്നും കിട്ടി!

അമ്പടാ കൊച്ചു കള്ളാ..സോറി! ആനക്കള്ളാ..മോനേ ആനേ.....! ചുമ്മാതല്ല പൊന്നുമോന്‍ താഴേക്കിറങ്ങി എന്നെ സ്നേഹിക്കാന്‍ വരാത്തത്‌. കാലൊന്നു തെറ്റിയാല്‍ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ എന്ന്‌ സ്ഥലവാസിയായ നിനക്ക്‌ എന്നേക്കാള്‍ നന്നായി അറിയാം...അല്ല്യോടാ?

ആനയ്ക്ക്‌ ചെറിയ വിശേഷബുദ്ധിയൊക്കെയുണ്ടെന്നുള്ള ഒരു പഴം പറച്ചിലില്‍ ചെറിയ കാര്യമൊക്കെയുണ്ടെന്നുള്ള ഒരു തോന്നലിനും ഇവിടെ കാരണമുണ്ടെന്നുതോന്നുന്നു. ആ കെണിഞ്ഞ കെണിയില്‍ നിന്നും ഊരിപ്പോകാന്‍ എനിക്കാകെയുള്ളൊരു വഴി റോഡ്‌ വഴി മാത്രമാണെന്നു ആനയ്ക്ക്‌ നല്ല നിശ്ചയം കാണണം! അപ്പോ ഇറങ്ങിപ്പോയി സ്വന്തം തടി വെടക്കാക്കുന്നതിലും നല്ലത്‌ ഞാനങ്ങ് കയറിവരാന്‍ കാത്തിരിക്കുന്നത്‌ തന്നെ എന്ന്‌ മൂപ്പരും വിചാരിച്ചു. അത്രതന്നെ!!

ആന ഇറങ്ങിവരാന്‍ സാധ്യത കുറവാണെന്നു മനസ്സിലായതോടെ എനിക്ക്‌ പുതിയൊരുന്മേഷം വന്നു. കാത്തിരിക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. നേരം വെളുത്തിട്ട്‌ ആനയുമായി ഉഭയ കക്ഷി കരാര്‍ ഒപ്പിടാം എന്നും തീരുമാനമായി. പക്ഷേ കൊലവിളിച്ചു നില്‍ക്കുന്ന ആനയുടെ മുന്നില്‍ അങ്ങിനെ ഇരിക്കുന്നത്‌ വെല്യ സുഖമുള്ളൊരു കാര്യമല്ലല്ലോ? അസഹ്യമായ തണുപ്പും,പിന്നെ കാട്ടിലാണല്ലോ കിടക്കുന്നത്‌ എന്ന ചിന്തയും എന്നെ വീണ്ടും പേടിപ്പിക്കാന്‍ തുടങ്ങി.ആന ചവിട്ടിയല്ലേലും വല്ല പാമ്പു കടിച്ചോ, നൈറ്റ്‌ വാക്കിനിറങ്ങുന്ന ഏതേലും പുലിയ്ക്കോ കരടിയ്ക്കോ ഒക്കെ ഡിന്നറായോ ആയാലും, തണുത്ത്‌ വിറച്ചായാലും ചത്താല്‍ ചത്തതു തന്നെയല്ലേ!

അവിടെ വീണ്ടും വിശദീകരിക്കാന്‍ കഴിയാത്ത ഒരത്ഭുതം എന്റെ മനസ്സില്‍ സംഭവിക്കുന്നു!പത്തിരുപത്തഞ്ചു വര്‍ഷം മുന്നെ വായിച്ച ഒരു മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കാലപ്പഴക്കം കോണ്ട്‌ മഞ്ഞച്ച പേജുകളും മാത്തുക്കുട്ടി എന്ന ഒരാനവേട്ടക്കാരനും ശൂന്യതയില്‍ നിന്നെന്നോണം എന്റെ ബോധ മനസ്സിലേക്ക്‌ അപ്പോള്‍ കയറിവന്നു!!!!

ബോബനും മോളിയും നിര്‍ത്തിയതില്‍ പിന്നെ മലയാളമനോരമ ആഴ്ചപ്പതിപ്പ്‌ സ്ഥിരമായി വായിച്ചിട്ടില്ല.പണ്ട്‌ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോബനും മോളിയും പിന്നെ ഡോ. റോയി എന്ന ഡിറ്റക്ടീവ്‌ നായകനായുള്ള കുറ്റാന്വേഷണ നോവലും കഴിഞ്ഞാല്‍ വളരെ താത്‌പര്യത്തോടെ വായിച്ചിരുന്ന രണ്ട്‌ പരമ്പരകളായിരുന്നു ജിം കോര്‍ബറ്റിന്റെ കടുവാ പുലി വേട്ടക്കഥകളും മാത്തുക്കുട്ടി എന്ന ആനവേട്ടക്കാരന്റെ ആന വേട്ടക്കഥകളും. (കൂട്ടത്തില്‍ പറയട്ടെ...'കുമയോണിലെ കടുവാകള്‍' എന്ന പേരില്‍ വളരെ മുന്നെ മലയാളത്തിലിറങ്ങിയ ജിം കോര്‍ബറ്റിന്റെ വേട്ടക്കഥകള്‍ അസാധാരണമായ വായനാനുഭവം തരുന്ന ഒരു പുസ്തകമായിരുന്നു.അത്‌ ഒന്നു കൂടെ വായിക്കാന്‍ ഈയടുത്ത്‌ വീണ്ടും തപ്പിയിറങ്ങിയെങ്കിലും കിട്ടിയില്ല. പക്ഷേ ഈ ആന എപ്പിഡോസൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഖത്തറിലേക്ക്‌ വരുന്നതിനു മുന്നോടിയായി കോഴിക്കോട്‌ ഡി.സി ബുക്സില്‍ പോയപ്പോള്‍ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ ഇംഗ്ലീഷ്‌ വേര്‍ഷന്‍ എനിക്കു കിട്ടി!! ജിം കോര്‍ബറ്റ്‌ ഓമ്നിബസ്‌ എന്ന പേരില്‍)

മാത്തുക്കുട്ടിച്ചായന്റെ ആ ആനവേട്ടക്കഥകളിലായിരുന്നു,, ആനകളുടെ ഘ്രാണ ശക്തിയെക്കുറിച്ച്‌ ആദ്യമായി ഞാന്‍ വായിച്ചത്‌.ആക്രമിക്കാന്‍ വരുന്ന ആനയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരുപായം അതില്‍ അദ്ദേഹം വിവരിച്ചിരുന്നതായിരുന്നു ആ മധുരമനോജ്ഞരാത്രിയില്‍ ശൂന്യമായ എന്റെ ബോധ മനസ്സിലേക്ക്‌ ഒന്നു മുട്ടുകപോലും ചെയ്യാതെ വാതില്‍ തുറന്ന്‌ കയറി വന്നത്‌! ഇനി വല്ലപ്പോഴുമെങ്ങാന്‍ ആനയ്ക്കു മുന്നില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള ബ്ലോഗര്‍മാര്‍ക്കു വേണ്ടി ആ തിയറി ഇങ്ങനെ സംഗ്രഹിക്കാം.

"ഒന്നു കുത്തി നോക്കട്രാ, ഒന്നു ചവിട്ടിനോക്കട്ട്രാ...പ്ലീസ് ഒന്നു നില്‍ക്കെടാ കുട്ടാ.." എന്നും പറഞ്ഞ്‌ ഒരാനയും, "വേണ്ട മോനെ നീ ചവിട്ടിയാല്‍ പിന്നെ എന്റെ ഡെഡ്ബോഡി നാട്ടുകാര്‍ക്ക്‌ കാണാന്‍ വെല്യ ഭംഗിയുണ്ടാവില്ല" എന്ന ലൈനില്‍ നിങ്ങളും ഒരോട്ട മത്സരം നടത്തുന്നു എന്നു വെയ്ക്കുക. ഓടിയോടി തടി കൈച്ചലാക്കാം എന്ന്‌ വിചാരിച്ച്‌ വെറുതെ തടി വിയര്‍പ്പിക്കണ്ട. നല്ല ഇറക്കത്തിലേക്കോ അല്ലെങ്കില്‍ ആനയ്ക്ക്‌ ഓടിക്കയറാന്‍ പറ്റാത്തിടത്തേക്കോ അല്ല നിങ്ങള്‍ ഓടുന്നതെങ്കില്‍ ആനയ്ക്കു തന്നെ ഒന്നാം സമ്മാനം എന്നത്‌ മൂന്നരത്തരം! വീതിയുള്ള കോണിപ്പടി വരെ ആന കയറും. (തൃശൂരില്‍ മുന്‍പൊരിക്കല്‍ സംഭവിച്ച മാതിരി) ഇനി ഇതൊന്നും പറ്റാത്ത അവസ്ഥയിലാണു നിങ്ങളെങ്കില്‍, (നിങ്ങള്‍ക്ക്‌ നല്ല മനോധൈര്യമുണ്ടെങ്കിലും) ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്‌.

നിങ്ങള്‍ ആനയ്ക്ക്‌ മുന്നില്‍ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഓടുന്നുണ്ടെന്ന്‌ ആനയ്ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ വിദ്വാന്‍ നിങ്ങളെ കാണുന്നത്‌ കൊണ്ടല്ല.(മേലെ പറഞ്ഞ മാതിരി അതിന്റെ മോശം കാഴ്ചശക്തിക്ക്‌ സോഡാക്കുപ്പി ഗ്ലാസിന്റെ ആനക്കണ്ണടയും മതിയാവില്ല!!നേരെമുന്നോട്ടേക്ക്‌ ആനയ്ക്ക്‌ വ്യക്തമായി കാണാനും കഴിയില്ല) മറിച്ച്‌ തുമ്പിക്കൈ ഉപയോഗിച്ച്‌ അത്‌ വലിച്ചെടുക്കുന്ന നിങ്ങളുടെ ഗന്ധവും, നിങ്ങളുടെ ചലനങ്ങളുടെ ശബ്ദവും ഉപയോഗിച്ചാണ്‌ ! (അതു കൊണ്ടാണ്‌ ആക്രമിക്കാന്‍ വരുന്ന ആനയുടെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്ന്‌ നില്‍ക്കുന്നത്‌.)

ഓടുന്ന ഓട്ടത്തിനിടയില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടോ അല്ലെങ്കില്‍ മുണ്ടോ അഴിച്ച്‌ ഒരു ഭാഗത്തേക്ക്‌ എറിഞ്ഞ്‌ മറുഭാഗത്തേക്ക്‌ അല്ലെങ്കില്‍ നേരെ നിങ്ങള്‍ക്ക്‌ ഓടാന്‍ കഴിഞ്ഞാല്‍ ഗന്ധം പിന്തുടരുന്ന ആനയ്ക്ക്‌ ഒരു ഐഡന്റിറ്റി കണ്‍ഫൂഷന്‍ ഉണ്ടാക്കാന്‍ അതു ധാരാളം മതി. (വെറും പാന്റ്സ്‌ അല്ലെങ്കില്‍ അണ്ടര്‍വെയര്‍ മാത്രമേ നിങ്ങള്‍ ധരിച്ചിട്ടുള്ളൂവെങ്കില്‍ ഈ തിയറി വര്‍ക്ക്‌ ചെയ്യില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക!!) തൊട്ടടുത്തു കിട്ടുന്ന നിങ്ങളുടെ ഗന്ധത്തിലേക്ക്‌ ആന, ശൗര്യം ഫോക്കസ്‌ ചെയ്യുന്ന തക്കത്തിന്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ പറ്റിയേക്കും. ഇതാണ്‌ തിയറി.

അതെങ്ങനെ അന്നേരം എനിക്ക്‌ ഓര്‍മ്മ വന്നു? അറിയില്ല!അത്രേം ദൂരത്തു നിന്ന്‌ ആ ഓര്‍മ്മ എന്നെ തേടി വന്ന സ്ഥിതിക്ക്‌ അതൊന്നു പരീക്ഷിക്കാതെ വിടുന്നത്‌ മോശമല്ലേ. അല്ലെങ്കില്‍ കാലം ചെയ്ത മാത്തുക്കുട്ടിച്ചായന്റെ ആത്മാവ്‌ എന്തു വിചാരിക്കും....!?

ഇരുന്ന ഇരുപ്പില്‍ ഒരു ചെറിയ പാറക്കല്ല്‌ ഞാന്‍ തപ്പിയെടുത്തു. പിന്നെ എന്റെ ഓവര്‍ക്കോട്ടൂരി. അതിന്നടിയില്‍ ധരിച്ചിരുന്ന റ്റീ ഷര്‍ട്ട്‌ ഊരി(ഹൂശ്‌...എന്തൊരു തണുപ്പ്‌!!) റ്റീഷര്‍ട്ട്‌ കോണ്ട്‌ പാറക്കല്ല്‌ ഭദ്രമായി പൊതിഞ്ഞു. പിന്നെ സര്‍വശക്തിയുമെടുത്ത്‌ ആ സമ്മാനപ്പൊതി ആനയുടെ ഒരു വശത്തേക്ക്‌ ആഞ്ഞെറിഞ്ഞു.

എന്തൊരത്ഭുതം...!! ഒന്നു വെട്ടിത്തിരിഞ്ഞ ആന ആ പൊതി പോയ ദിക്കിലേക്ക്‌ ശരം വിട്ടപോലെ ഒരു നടത്തം!! (മരമണ്ടനാന!!...ബുഹുഹ്ഹഹായ്‌....)

പക്ഷേ അതു കൊണ്ടൊന്നും ആന എന്നെ പിരിഞ്ഞു പോയ്ക്കളയുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല പോയദിക്കില്‍ എന്നെ കണ്ടില്ലെങ്കില്‍ അത്‌ തിരിച്ചു വരുമെന്നു തന്നെയാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ ആ ആന പിന്നെ തിരിച്ചു വന്നതേയില്ല. പോയ വഴി നേരെ നടന്ന്‌ തന്റെ കൂട്ടാനകളോട്‌ ചേര്‍ന്ന്‌ അവന്‍ കാട്ടിലേക്ക്‌ തന്നെ കയറിപ്പോയിരിക്കണം.(ഒരു പീറ മനുഷ്യന്‍ തന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോ ആനയ്ക്ക് നാണം വന്നിട്ടുണ്ടാവും...പാവം!!)

കുറച്ചു നേരം ആനയെ കാണാഞ്ഞപ്പോഴുള്ള സങ്കടത്തില്‍ ഞാന്‍ വീണ്ടും എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അയ്യട മനമേ...നല്ല സുന്ദരമായി ഞാനെന്റെ കാലുകളില്‍ എഴുനേറ്റ്‌ നിന്നു. (അപ്പോ കാലൊടിഞ്ഞില്ലായിരുന്നോ...?!സമാധാനം!! ഇക്കാസിന്റേം ജാസൂട്ടീടേം കല്യാണം കൂടാലോ)

എന്തായാലും റോഡിലേക്ക്‌ കയറാന്‍ ഞാന്‍ മിനക്കെട്ടില്ല. ആന പോയി എന്ന്‌ നല്ല ഉറപ്പില്ലായിരുന്നല്ലോ എനിക്ക്‌. ഒരു പക്ഷേ ഈ ഗന്ധത്തിന്റെ തിയറി എന്നേക്കാള്‍ മുന്നെ പഠിച്ച്‌ ആനശാസ്ത്രത്തില്‍ വല്ല ഡിഗ്രിയെങ്ങാനുമെടുത്തിട്ടുള്ള പഹയന്‍ "ഞാനിത പോന്നേ" ന്ന്‌ എന്നെ തെറ്റിധരിപ്പിച്ചിട്ട്‌ ഇത്തിരി ദൂരെ മാറി നില്‍ക്കുകയാണെങ്കിലോ? ഛായ്‌ നാണക്കേടല്ലേ, ചതിയിലൂടെയുള്ള ആ മരണം? പച്ചോലയില്‍ കെട്ടിവലിക്കുന്നതില്‍ ഭേദം ആദ്യത്തെ ആ അടിയില്‍ തന്നെ സിദ്ധി കൂടുന്നതല്ലേ!

അധികം ചിന്തിച്ച്‌ ബുദ്ധിമുട്ടേണ്ടി വന്നില്ല. ദൂരെ റോഡില്‍ നിന്നും ശബ്ദവും (മനുഷ്യരുടെ) വെളിച്ചവും എന്നെ തേടിവന്നു. കുഴിയില്‍ നിന്നും വലിഞ്ഞു കയറിയ എന്റെ സുഹൃത്തുക്കള്‍ അതുവഴി വന്ന ഒരു ലോറി കൈകാണിച്ചു നിര്‍ത്തി സംഭവം പറയുകയും, ഒരു രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള റ്റൗണില്‍ നിന്ന്‌ ആള്‍ക്കാരേയും കൂട്ടി ചൂട്ടും കത്തിച്ച്‌ എന്നെയും ആനയേയും തിരക്കിയിറങ്ങിയതായിരുന്നു.

"ഞാനിവിടുണ്ടേയ്‌" എന്നൊന്നു കൂവാന്‍ ഞാന്‍ ശ്രമിച്ചു. എവടെ?! വറ്റി വരണ്ടു സഹാറ മരുഭൂമിപോലായ എന്റെ തൊണ്ടയില്‍ നിന്നും എന്തു ശബ്ദം വരാന്‍? കാറ്റല്ലാതെ! പക്ഷേ ഞാനാരാമോന്‍? വീണ്ടും ഫ്ലാഷ്‌ യൂണിറ്റ്‌ ഞാന്‍ കയ്യിലെടുത്തു. തിരച്ചില്‍ക്കാര്‍ വരുന്ന വഴിയിലേക്ക്‌ അവനെ മിന്നിച്ചു പിടിച്ചു.

അതോടെ ഓടിയെത്തിയ രക്ഷകര്‍ എന്നെ തൂക്കിയെടുക്കുകയും അനന്തരം എന്റെ കയ്യ്‌, കാല്‌ വാരിയെല്ലുകള്‍, ഒടുക്കം തല എന്നീ ഭാഗങ്ങള്‍ യഥാസ്ഥാനങ്ങളില്‍ തന്നെയുണ്ടോ എന്നു തപ്പി നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ അത്ര നേരവും നല്ല റങ്ക്‌ റങ്കായി വര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്ന എന്റെ കാഴ്ചയും കേള്‍വിയും മങ്ങിവരുന്നതായും, എന്റെ ബുദ്ധി(?) മരവിക്കുന്നതായും എനിക്കപ്പോള്‍ അനുഭവപ്പെട്ടു. പിന്നെ ഇരുളിന്റെ ഒരു കടലിലേക്ക്‌, ഗാഡമായൊരു മയക്കത്തിലേക്ക്‌, പതിയെ ഞാന്‍ ഊര്‍ന്നു വീണു!

ഏതായാലും പിറ്റേന്നു രാവിലെ സൈഡൊതുക്കി പാര്‍ക്ക്‌ ചെയ്ത വണ്ടിയുടെ പിന്‍ സീറ്റില്‍ ഞാനുറക്കമുണര്‍ന്നത്‌ ഒരു പുതിയ ജന്മത്തിലേക്കായിരുന്നു. അതും മൂന്നരത്തരം.!!!!

അനന്തരം? അസ്സലാകെപ്പാടെ നോക്കിയാല്‍ ഈ ഒരു ആനമണ്ടത്തരം ആന കാണിച്ചത്‌ കൊണ്ടുള്ള കനത്ത നഷ്ടം ആര്‍ക്കു പറ്റി? സംശയമെന്ത്‌ മലയാളം ബ്ലോഗര്‍മാര്‍ക്ക്‌!! ഒരു ബ്ലോഗറുടെ മരണത്തിന്‌ ആദ്യമാദ്യം കമന്റിട്ട്‌, ചാവും പതിനാറടിയന്തിരവും കഴിക്കാനുള്ള സുവര്‍ണ്ണാവസരമല്ലേ അവര്‍ക്ക്‌ നഷ്ടമായത്‌?

രഹസ്യം :- മലയാള മനോരമയില്‍ ഒരു സണ്‍ഡേ ഫീച്ചറിനു വകുപ്പുണ്ടെങ്കിലും, ഈ കഥ ഇതുവരെ പുറത്തു വിട്ടിട്ടില്ല ഞങ്ങള്‍. കഷ്ട കാലത്തിനു ഈ ബ്ലോഗ്‌ ഞങ്ങളിലാരുടെയെങ്കിലും നല്ലപാതിമാരോ, കുടുംബക്കാരോ വായിച്ചാല്‍ തീര്‍ന്നു! പിന്നെ കുദാകുത്തനെ (ക.ട്‌..എന്റെ വലിയുമ്മ)യുള്ള ഈ കാടു തെണ്ടല്‍ അതോടെ നിന്നു കിട്ടും. സോ ഇതൊരു ആഗോള രഹസ്യമാകുന്നു.

വാല്‍ക്കഷണം :-എന്നിട്ട്‌ ഇക്കാസിന്റെ കല്യാണത്തിനു പോയോ ഞാന്‍? പിന്നെ പോവാതെ.!! എന്റെ അതിഭയങ്കരമായ കൃത്യ നിഷ്ഠ കാരണം വൈകുന്നേരം അഞ്ചു മണിക്കു തുടങ്ങിയ റിസപ്ഷനു ഞാനെത്തിയത്‌ രാത്രി പത്തു മണിക്ക്‌!! അതും വഴി പോലുമറിയാതെ. ഒടുക്കം ആലുവായില്‍ വെച്ച അതുല്യേച്ചിയെ വിളിക്കുന്നു. അതു വഴി കുമാര്‍ജിയെ വിളിക്കുന്നു, പാച്ചാളത്തെ വിളിക്കുന്നു, വില്ലൂസിനെ വിളിക്കുന്നു ഒടുക്കം ഇക്കാസിനെ തന്നെ നേരിട്ടു വിളിക്കുന്നു!

എന്തായാലും ആദ്യരാത്രി ഉറങ്ങാന്‍ (ഉവ്വ്‌!) കിടക്കുന്ന വധൂവരന്മാരെ വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടി(ച്ച്) കാണേണ്ടി വന്നില്ല. ആ ക്രിട്ടിക്കല്‍ അവേര്‍സിനു മുന്നെ തന്നെ ഇക്കാസിന്റെ വീട്ടില്‍ എത്തിപ്പെടാനും, ഏതാനും മിനിട്ടുകള്‍ അവിടെ ചിലവഴിക്കാനും (അല്ലേലും ആനേരത്ത്‌ അധികം നില്‍ക്കാന്‍ പാട്വോ...?) സാധിച്ചത്‌ ആനയുടെ കാരുണ്യം കൊണ്ടാണെങ്കിലും, കഴിഞ്ഞ അവധിക്കാലത്തിന്റെ ഹൃദയം നിറയ്ക്കുന്ന ഒരു നേട്ടമായി സൂക്ഷിക്കാന്‍ കഴിഞ്ഞല്ലോ!!

ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ....

ഇന്നേക്കും എന്നെന്നേക്കും!!

ബ്ലോമ്മേന്‍.....!!

Sunday, September 10, 2006

അര്‍പ്പണം

എടുത്തു കൊള്ളുക,
സഖീ നീയെടുത്തു കൊള്ളുക ഞാനെന്റെ
ഹൃദയരക്തത്താല്‍ കുറിച്ചിട്ട വാക്കുകള്‍
‍എടുത്തുകൊള്ളുക ഞാനെന്റെയാത്മാവില്‍
‍പ്രാണന്‍ വളമിട്ട ചെമ്പനീര്‍ പൂവുകള്‍

‍ആരവമൊഴിഞ്ഞു, കറുത്തമൗനം പുതച്ചൊരീ
പഴയ കലാലയ മുറ്റത്തു നില്‍പൂ ഞാന്‍
‍ഇത്തിരിമുന്‍പെന്റെ ജീവന്‍ തുടിക്കുന്ന
സ്വപ്നങ്ങള്‍ കൊണ്ടു നീ യാത്ര പറഞ്ഞു പോയ്‌
പൂക്കള്‍ കരിഞ്ഞൊരീ ഗുല്‍മോഹറിന്‍ ചോട്ടില്‍
‍ഞാനുമെന്‍ നെഞ്ചിലെ തേങ്ങലും ബാക്കിയായ്‌

ഓര്‍ത്തു വെയ്ക്കുക, നീ വിറയ്ക്കുന്ന ചുണ്ടിനാല്‍
‍രാഗമുദ്രകള്‍ ചാര്‍ത്തിക്കഴിയുമ്പോള്‍
‍പൊള്ളും വലംകവിളശ്രുവാല്‍ തണുപ്പിച്ച്‌
കാത്തിരിപ്പുണ്ട്‌ ഞാന്‍ കാതങ്ങള്‍ക്കപ്പുറം
എങ്കിലും കൊണ്ടുപോയ്ക്കൊള്ളുക നീയെന്റെ
ഇത്തിരി വെട്ടം പകരും ചെരാതിനെ

കാത്തുകൊള്ളുക കൈക്കുമ്പിളാലാ വെളിച്ചത്തെ
കാറ്റിലണയാതെ, കരിന്തിരി കത്താതെ
കാത്തു കൊള്ളുക, നിന്റെ മാറിലെ ചൂടേറ്റു
കത്തുന്ന നോവും മറന്നവനുറങ്ങട്ടെ
നെഞ്ചോടു ചേര്‍ത്തു പുണരുക നീയെന്റെ
ചിതകത്തിത്തീര്‍ന്നൊരാ വ്യര്‍ത്ഥമോഹങ്ങളെ

ജന്മാന്തരങ്ങള്‍ക്കുമപ്പുറം ഞാനെന്റെ
നോവിന്‍ കടങ്ങള്‍ വീട്ടിക്കഴിയുമ്പോള്‍
‍തിരികെത്തന്നുകൊള്ളുക സഖീ എനിക്കായി നീ
സൂക്ഷിച്ചു വെച്ചൊരെന്‍ പ്രാണന്റെ പ്രാണനെ

ഇപ്പൊഴീ പുലരാന്‍ തുടങ്ങുന്ന രാവിലെന്‍
‍പ്രാര്‍ഥനപ്പായ നിവര്‍ത്തി വെയ്ക്കട്ടെ ഞാന്‍

Thursday, September 07, 2006

കാട്ടാളനൃത്തം

(.......വിയറ്റ്‌നാം,ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,പലസ്തീന്‍,ഇറാഖ്‌....ഇതാ ഇപ്പോള്‍ ലെബനോണും. നാളെ ഒരു പക്ഷേ ഇറാന്‍ പിന്നെ കൊറിയ.......? തുടക്കവും ഒടുക്കവുമില്ലാത്ത ഈ പട്ടികയില്‍ ടിപ്പണിചേര്‍ക്കപ്പട്ട ജീവിതങ്ങള്‍ക്കു മുന്നില്‍ ഇതു സമര്‍പ്പിക്കുന്നു)

കാട്ടാളനൃത്തം

കേള്‍ക്കുന്നുവോ നിങ്ങള്‍ രാവിന്റെയങ്ങേക്കരെ നിന്നും
കരള്‍പൊട്ടിക്കീറുമാ ദീന പ്രരോദനം
കേള്‍ക്കുന്നുവോ നിങ്ങള്‍ ഇരുളിന്‍ മറപറ്റി-
ത്താണു പറക്കും കഴുകിന്‍ ചിറകടി

നരകാന്ധകാരത്തിന്‍ ഗര്‍ഭം പിളര്‍ന്നേതോ
നരകാസുരന്മാര്‍ കനലാട്ടമാടുന്നു
നീലിച്ച രാവിന്റെ മാറില്‍ നഖമാഴ്ത്തി
നക്തഞ്ചരന്മാര്‍ പേക്കൂത്തു കൂവുന്നു

അഗ്നിച്ചിറകോലുമാകാശയാനങ്ങള്‍
ഉഷ്ണം ജ്വലിപ്പിച്ചിരമ്പിപ്പറക്കുന്നു
ശോണപുഷ്പം ചിതറും തെരുവിന്റെ മക്കളോ
ശ്വാസം വിലങ്ങിപ്പിടഞ്ഞു മരിക്കുന്നു.

കേള്‍ക്കുന്നുവോ നിങ്ങള്‍,
കേള്‍ക്കുന്നുവോ നിങ്ങള്‍,രാവിന്റെയങ്ങേക്കരെ നിന്നും
കരള്‍പൊട്ടിക്കീറുമാ ദീനപ്രരോദനം
ആര്‍ത്തനാദങ്ങള്‍ തീണ്ടാത്ത ശയ്യാതലങ്ങളില്‍
ഗാഢം ശയിപ്പൂ കാവല്‍മാലാഖമാര്‍

ഛേദിച്ചു പോയ കൈത്തണ്ടില്‍ തല ചായ്ചു
നിത്യവിശ്രമം കൊള്ളും കുരുന്നിന്‍ തളിര്‍മുഖം
ഇത്തിരിമുന്‍പേതോ താരാട്ടിന്നീണത്തില്‍ കുഞ്ഞേ
അവള്‍ നിന്നെ പാടിയുറക്കിയോ

അമ്മിഞ്ഞപ്പാലിനു കേഴുന്ന പൈതലിന്‍ നെഞ്ചി-
ലഗ്നിബാണം തൊടുക്കുന്നു രാക്ഷസര്‍
ചെന്നിണച്ചാര്‍ത്തണിഞ്ഞാര്‍പ്പു വിളിച്ചവര്‍
കാട്ടാളനൃത്തച്ചുവടു മുറുകുന്നു

ഇല്ലയീമണ്ണില്‍ ജനിക്കില്ലിനിയൊരു മാമുനി
കൊല്ലരുതേയെന്നു തപിച്ചു പറയുവാന്‍
ഇല്ല നാം കാണില്ലിനിയൊരു നിസ്വനാം യോഗിയെ
നേര്‍വഴി കാണിച്ചു മുന്‍പേ നടക്കുവാന്‍

ഹിംസ തുടരട്ടെ, കാപാല നൃത്തം കൊഴുക്കട്ടെ, ചുടുചോര-
മോന്തിക്കുടിച്ചു തിമിര്‍ക്കട്ടെ ചെന്നായ്ക്കള്‍
കുന്നായ്‌ കുമിയും കബന്ധങ്ങള്‍ തിന്നു മൂര്‍ച്ഛി-
ച്ചാത്മദാഹം ശമിക്കട്ടെ നിങ്ങളില്‍

കുരുതിക്കളത്തിന്‍ നടുവില്‍, വിവസ്ത്രയായ്‌
ചത്തുകിടക്കും പെറ്റമ്മതന്‍ ചാരത്ത്‌
ദീനം വിലപിക്കും പൈതലെ കണ്ടു നി-
ന്നാര്‍ത്തു ചിരിക്കാം നമുക്കും, ദൈവത്തിനും

Saturday, September 02, 2006

ശവമുറിയിലേക്കുള്ളവഴി

കനത്ത നിശ്ശബ്ദതയിലാഴ്‌ന്ന്‌ നീണ്ടു കിടക്കുന്ന ഇടനാഴിയുടെ അറ്റത്ത്‌ ഇരുട്ട്‌ കട്ടപിടിച്ചു നിന്നു. ഇടനാഴിയിലൂടെ കടന്നാല്‍ എവിടെയാണെത്തിച്ചേരുക എന്നു പോയി നോക്കാന്‍ ഒന്നു രണ്ടു തവണ ആലോചിച്ചതാണ്‌. പക്ഷേ, എന്തു കൊണ്ടോ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. ഒരുപക്ഷേ, ഓപ്പറേഷന്‍ തിയേറ്ററുകളാവാം അപ്പുറത്ത്‌. അല്ലെങ്കില്‍ എക്സ്‌റേ എടുക്കുന്ന മുറിയോ, രക്തം പരിശോധിക്കുന്ന സ്ഥലമോ ആയിരിക്കും. അതുമല്ലെങ്കില്‍ ശവങ്ങള്‍ സൂക്ഷിക്കുന്ന തണുത്ത മുറിയിലേക്ക്‌ അതുവഴി എത്താമായിരിക്കും. വെളുത്ത നിഴല്‍ രൂപമായി ഇരുളില്‍ നിന്നും പ്രത്യക്ഷപ്പെട്ട നഴ്‌സ്‌ ഉറക്കച്ചടവ്‌ മാറാത്ത മുഖവുമായി ഇടനാഴിയിലൂടെ നടന്നു വന്നു. കലങ്ങിയ അവരുടെ കണ്ണുകളില്‍ ഒരു വലിയ കോട്ടുവാ ഉറങ്ങിക്കിടപ്പുണ്ടെന്നു തോന്നി. അവരുടെ വെളുത്ത ഷൂ നിലത്തു തട്ടി ഉയരുന്ന മൂര്‍ച്ചയുള്ള ശബ്ദം, ഇളം പച്ച ചായമടിച്ച ചുവരുകളില്‍ തട്ടി ഒരു ഘടികാരത്തിന്റെ കൃത്യമായ താളത്തോടെ ഇടനാഴി മുഴുവന്‍ പ്രതിധ്വനിച്ചു. ചുവന്ന വൃത്തത്തിനകത്ത്‌ വെളുത്ത കുരിശ്‌ വരച്ചുവെച്ച ചില്ലുവാതില്‍ തുറന്ന്‌ അവര്‍ അപ്രത്യക്ഷയായി. അവര്‍ക്കു പിന്നില്‍ വാതില്‍ പതുങ്ങിയ ശബ്ദത്തോടെ അടഞ്ഞു. വീണ്ടും നിശ്ശബ്ദത. അപ്പുറത്ത്‌ രോഗികള്‍ക്കിരിക്കാനുള്ള ബെഞ്ചില്‍ ദൃഷ്ടികള്‍ മുകളിലേക്കുയര്‍ത്തി നിശ്ചലനായിരിക്കുന്ന ചെറുപ്പക്കാരന്റെ മടിയില്‍ വളഞ്ഞു കൂനിക്കിടക്കുന്ന സ്‌ത്രീ വീണ്ടും അടഞ്ഞ ഒച്ചയില്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അയാളവിടെ ഇരിക്കാന്‍ തുടങ്ങിയതിനുശേഷം ഇടയ്ക്ക്‌ നിലച്ചും, ഇടയ്ക്കുയര്‍ന്നും ഇടയ്ക്കിടറിയും അവര്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

കറുത്ത്‌ തടിച്ച്‌ അല്‍പം കുള്ളനായ ഒരു ഡോക്ടര്‍ ചില്ലുവാതില്‍ തുറന്ന്‌ പുറത്ത്‌ വരികയും അയാളുടെ നരച്ചു വെളുത്ത താടി പതുക്കെ ഉഴിഞ്ഞ്‌ -അയാളിട്ടിരുന്ന മേല്‍ക്കുപ്പായത്തിനും തൂവെള്ള നിറമായിരുന്നു- "ഐം സോറി, ഷിസ്‌ നോ മോര്‍" എന്നു തണുത്ത്‌ മരവിച്ച സ്വരങ്ങള്‍ ആരോടെന്നില്ലാതെ പറഞ്ഞ്‌, ഇടനാഴിയിലെ ഇരുളില്‍ അലിഞ്ഞുചേരുകയും ചെയ്തിട്ട്‌ ഏതാണ്ട്‌ അര മണിക്കൂറോളം ആയിട്ടുണ്ടാവും. അവള്‍ മരിച്ചുപോയ കൃത്യ സമയം ഓര്‍ത്തുവെക്കാന്‍, പക്ഷേ കൈത്തണ്ടയില്‍ അയാളൊരു റിസ്റ്റ്‌വാച്ച്‌ ധരിച്ചിട്ടുണ്ടായിരുന്നില്ല. മുമ്പ്‌ പലപ്പോഴുമെന്നപോലെ ആ ഒരു ദുഃശീലത്തില്‍ (ആ ഒരു ദുഃശീലം മാത്രമായിരുന്നില്ല താനും അയാള്‍ക്കുണ്ടായിരുന്നത്‌) സ്വയം ഈര്‍ഷ്യ തോന്നുകയും ചെയ്തു. മരണവാര്‍ത്ത പെട്ടെന്നറിഞ്ഞപ്പോള്‍ ഉണ്ടായ പരിഭ്രമംകൊണ്ടും, ആ സ്‌ത്രീയും ചെറുപ്പക്കാരനും -അവളുടെ ചേച്ചിയും മകനുമാണ്‌ അവര്‍ എന്ന്‌ അയാള്‍ക്ക്‌ അതിനകം മനസ്സിലായിരുന്നു- എങ്ങിനെയാവും പ്രതികരിക്കുക എന്ന ഉത്‌കണ്ഠയാലും സമയത്തെക്കുറിച്ച്‌ വേവലാതിപ്പെടാന്‍ അപ്പോള്‍ കഴിഞ്ഞിരുന്നില്ല. യുവാവ്‌ അങ്ങിനെയൊരു മരണം പ്രതീക്ഷിച്ചിരുന്നു എന്നു തോന്നി. അതുവരെ ചില്ലുവാതിലിന്‌ എതിര്‍വശത്തായി ചുമരും ചാരി നില്‍ക്കുകയായിരുന്ന അയാള്‍, പെട്ടെന്ന്‌ ഉച്ചത്തില്‍ ചിതറി വീണ ഒരു കരച്ചില്‍ ദേഹം മുഴുവന്‍ ശക്തമായി ഇളകിക്കൊണ്ടിരുന്ന അമ്മയുടെ അടുത്ത്‌ ബെഞ്ചില്‍ ചെന്നിരുന്ന്‌, അവരുടെ തല മെല്ലെയെടുത്ത്‌ മടിയില്‍ വെച്ച്‌, അങ്ങിങ്ങ്‌ സിമന്റു തേപ്പടര്‍ന്ന്‌ തുരുമ്പിച്ച കമ്പികള്‍ വെളിയില്‍ കാണുന്ന മോന്തായത്തില്‍ നോട്ടമുറപ്പിച്ച്‌ ഇരിക്കാന്‍ തുടങ്ങി. ഇനിയും എന്താണ്‌ ചെയ്യേണ്ടത്‌ എന്ന ഒരുതരം അനിശ്ചിതാവസ്ഥ ആ ചെറുപ്പക്കാരന്റെ ചലനങ്ങളില്‍നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.

അതെല്ലാം കഴിഞ്ഞ്‌ നിശ്ശബ്ദതയുടെയും തേങ്ങിക്കരച്ചിലിന്റെയും കാലൊച്ചകളുടെയുമെല്ലാം ഒരുദ്ദേശം അര മണിക്കൂര്‍ കഴിഞ്ഞു പോയിട്ടിപ്പോഴാണ്‌ അവളുടെ കൃത്യമായ മരണ സമയത്തെക്കുറിച്ചുള്ള ചിന്ത അയാളുടെ തലയിലേക്ക്‌ കയറിവന്നത്‌. "കോളേജ്‌ ലക്ചറര്‍ ആത്മഹത്യ ചെയ്തു"എന്ന തലക്കെട്ടിനു താഴെ "നഗരത്തിലെ പ്രശസ്തമായൊരു കോളേജിലെ ഇംഗ്ലീഷ്‌ ഭാഷാധ്യാപികയും, അറിയപ്പെട്ടു വരുന്ന ഒരെഴുത്തുകാരിയുമായിരുന്ന ആശാമാത്യു തുരുത്തിക്കാട്ടില്‍ (39) ആത്മഹത്യ ചെയ്തു. വിഷം കഴിച്ച്‌ അബോധാവസ്ഥയില്‍ വെള്ളിയാഴ്ച രാത്രി മൂത്ത സഹോദരിയുടെ വീട്ടില്‍ കാണപ്പെട്ട ഇവരെ ഉടന്‍തന്നെ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച വെളുപ്പിന്‌ മരണം സംഭവിക്കുകയായിരുന്നു" എന്നു തുടങ്ങുന്ന ഒരു സിംഗിള്‍ കോളം വാര്‍ത്തയില്‍, വെളുപ്പിന്‌ രണ്ടേ അമ്പത്തി മൂന്നിന്‌ അല്ലെങ്കില്‍ മൂന്നേ ആറിന്‌ മരണം സംഭവിക്കുകയായിരുന്നു എന്ന ഒരു തിരുത്തലിന്റെ അസ്വാഭാവികത, ലക്ഷക്കണക്കിന്‌ വായനക്കാരുള്ള ഒരു പത്രത്തിന്റെ സബ്‌ എഡിറ്ററായി ജോലി ചെയ്യുന്ന അയാള്‍ക്ക്‌ നല്ലപോലെ ബോധ്യമുണ്ടായിരുന്നു. അത്തരം വാര്‍ത്താധിഷ്ഠിതമായ ഒരു സമയപ്രശ്നമായിരുന്നില്ല അയാളെ അപ്പോള്‍ അലട്ടിക്കൊണ്ടിരുന്നതും. ഉറങ്ങുമ്പോള്‍പ്പോലും വട്ടത്തില്‍ വെളുത്ത ഡയലും കറുത്ത സ്ട്രാപ്പുമുള്ള ഒരു പഴയ എച്ച്‌.എം.ടി. വാച്ച്‌ കൈയില്‍ ധരിച്ചിരുന്നവളും (ആ ഒരു പഴയ വാച്ചും അരയില്‍ കറുപ്പു നൂലില്‍ കോര്‍ത്തു കെട്ടിയ ഒരേലസ്സുമല്ലാതെ മറ്റൊരാഭരണവും അവളുടെ ദേഹത്ത്‌ അയാള്‍ കണ്ടിരുന്നില്ല) ഇണചേരുന്ന നേരത്തായാലും ശക്തമായൊരു സമയംബോധം വെച്ചു പുലര്‍ത്തിയിരുന്നവളുമായ അവളുടെ മരണസമയം കൃത്യമായി രേഖപ്പെടുത്തി വെക്കാന്‍ കഴിയാതെ പോവുന്നത്‌, മരിച്ചു കഴിഞ്ഞിട്ടാണെങ്കില്‍പോലും അവളോടു ചെയ്യുന്ന കടുത്ത ഒരനീതി ആയിട്ടാണ്‌ അയാള്‍ക്കനുഭവപ്പെട്ടു കൊണ്ടിരുന്നത്‌. പ്രത്യേകിച്ചും അവളുടെ ജീവിതത്തിലെ അവസാനത്തെ ഏഴു മാസങ്ങള്‍ മിക്കവാറും അയാളോടൊത്താണ്‌ അവള്‍ ചെലവഴിച്ചിരുന്നത്‌ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ഒഴിവാക്കാന്‍ പാടില്ലായിരുന്ന ഒരു ബാധ്യത ആയിരുന്നു എന്നുതന്നെ അയാള്‍ കരുതി. അയാള്‍ക്കു മാത്രമായി ഒരു ബാധ്യത ബാക്കി വെച്ചിട്ടാണല്ലോ അവള്‍ പോയതും. പാന്റ്‌സിന്റെ കീശയില്‍ പോലീസിന്‌ കൈമാറാന്‍ വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അവളുടെ മരണക്കുറിപ്പില്‍ നിന്നും അപ്പോഴും ജീവന്റെ നേരിയ ചൂട്‌ പുറപ്പെടുന്നുണ്ട്‌ എന്നയാള്‍ക്ക്‌ തോന്നി.

മൂന്നു ദിവസം നീണ്ട ഒരു സെമി ഒഫീഷ്യല്‍ യാത്ര കഴിഞ്ഞ്‌ രാത്രി തിരിച്ചെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ അയാള്‍. തണുത്ത വെള്ളത്തില്‍ ഒരു കുളി, രണ്ടു ലാര്‍ജ്‌, 'കോളറാ കാലത്തെ പ്രണയ'ത്തിന്റെ ഒരു രണ്ടാം വായനയുടെ തുടക്കം. വന്നു കയറുമ്പോള്‍ തന്നെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ടെലിഫോണ്‍ ബെല്‍ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അപ്പുറത്ത്‌ മാധവേട്ടന്റെ ശബ്ദം ഉദ്വേഗംകൊണ്ട്‌ വിറച്ചിരുന്നു എന്നു തോന്നി.

"താനിതെവിടെപ്പോയി...?"

"ഞാനിപ്പോ വന്നു കയറിയേ ഉള്ളൂ മാധവേട്ടാ... എന്തേ?"

"ഡോ, നമ്മുടെ ആശ വിഷം കഴിച്ചൂന്ന്‌... മെഡിക്കല്‍കോളേജിലാ... ഒരാള്‍ മൂന്നാലു തവണയായി..."

മാധവേട്ടന്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.മുമ്പൊരിക്കലും അത്രയും വേഗത്തില്‍ ഡ്രൈവ്‌ ചെയ്തിരുന്നില്ല. രാത്രി ഏറെ വൈകിയതു കൊണ്ടാവണം റോഡ്‌ മിക്കവാറും വിജനമായിരുന്നു. തകര്‍ത്തു പെയ്യാനൊരുങ്ങുന്ന മഴയുടെ തിരപ്പുറപ്പാടെന്നവണ്ണം ആകാശത്ത്‌ മിന്നല്‍പ്പിണരുകള്‍ പുളഞ്ഞു. സില്‍വര്‍ഹില്‍സില്‍ നിന്നും മെഡിക്കല്‍കോളേജിലേക്കുള്ള എട്ടു കിലോമീറ്റര്‍ ദൂരം തനിക്കു മുന്നില്‍ അവസാനമില്ലാതെ നീണ്ടു പോവുകയാണെന്നു തോന്നി. കാഷ്വാലിറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത്‌ ധൃതിയില്‍ ഇറങ്ങി നടക്കുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. എന്‍ക്വയറി ഒരു ശവപ്പറമ്പുപോലെ ശൂന്യം. ഇരച്ചുവന്ന ദ്വേഷ്യം ഒതുക്കി എമര്‍ജന്‍സിയിലേക്ക്‌ നടക്കവേ പൊട്ടിവീണപോലെ മുന്നില്‍ ഡോ. സിദ്ധാര്‍ഥ്.

"ഏയ്‌, ഇയ്യാളെന്താ ഇവിടെ...?"

"താങ്ക്‌ ഗോഡ്‌... ഞാനൊരു പേഷ്യന്റിനെ അന്വേഷിച്ച്‌..."

"ആരാ?"

"വിഷം കഴിച്ച്‌ ഒരു സ്‌ത്രീയെ കൊണ്ടുവന്നില്ലായിരുന്നോ..."

"ആശാ മാത്യു?"

"അതെ, അവര്‍...?"

"അവരെ ഐസിയുവിലേക്ക്‌ മാറ്റി"

"എനിതിംഗ്‌ സീരിയസ്‌?"

"തന്റെ ആരാ?"

"അടുത്ത സുഹൃത്താണ്‌"

പൊടുന്നനെ സിദ്ധാര്‍ത്ഥിന്റെ മുഖത്തെ ചിരി മാഞ്ഞു. തെല്ലിട ഒന്നു സംശയിച്ചു നിന്ന്‌ പിന്നെ തോളില്‍ തട്ടിയിട്ട്‌ അയാള്‍ പതിയെ പറഞ്ഞു.

"ലെറ്റ്‌സ്‌ ഹോപ്‌ ഫോര്‍ ദ ഗുഡ്‌"

പുറത്ത്‌ മഴ കനത്തു.

ഐ.സി.യു.വിന്‌ മുന്നില്‍ ചെറുപ്പക്കാരനെയും അയാളുടെ അമ്മയെയും കൂടാതെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു വന്നപോലെ മറ്റു രണ്ടു പേര്‍ കൂടെ ഉണ്ടായിരുന്നു അപ്പോള്‍. ഇരുളിലേക്ക്‌ നീണ്ടുപോകുന്ന ഇടനാഴിയുടെ നിശ്ശബ്ദതയില്‍ ഉച്ചത്തിലുച്ചത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തിന്റെ അദൃശ്യ സാന്നിധ്യം അയാള്‍ക്കനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. മൗനത്തിന്റെ സുതാര്യമായ ചില്ലുപാളികള്‍ ഉടച്ച്‌ ഏതു നിമിഷവും വന്നെത്താവുന്ന ഒരു കറുത്ത ദൂതിന്റെ കാലൊച്ചകള്‍പോലെ അതയാള്‍ക്കു തോന്നി. അപരിചിതന്റെ സന്ദേഹത്താല്‍ പതിഞ്ഞ കാല്‍വെപ്പുകളോടെ അവരില്‍ അല്‍പം പ്രായം തോന്നിക്കുന്ന ഒരാള്‍ അയാള്‍ക്കരികിലേക്ക്‌ വന്നിട്ട്‌ കീശയില്‍നിന്നും നാലായി മടക്കിയ എഴുത്തെടുത്ത്‌ ശ്രദ്ധാപൂര്‍വം തുറന്നു.

"ഈ അഡ്രസ്സ്‌...?" അയാളുടെ സ്വരം വല്ലാതെ താഴ്‌ന്നിരുന്നു.

മുകളില്‍ ഇടതു മൂലയ്ക്ക്‌ തന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌ പിന്‍ ചെയ്തുവെച്ച കനം കുറഞ്ഞ ഇളം നീലക്കടലാസ്സില്‍ ചുവന്ന മഷിയില്‍ കുറിച്ച, അല്‍പം ചെരിഞ്ഞ്‌ മനോഹരമായ ചെറിയ അക്ഷരങ്ങള്‍ അയാള്‍ക്ക്‌ നല്ല പരിചയമുള്ളവയായിരുന്നു.

"ഞാനാണ്‌"

ആ എഴുത്ത്‌ വായിക്കാന്‍ തുടങ്ങിയ അതേ നേരത്താണ്‌ നരച്ചു വെളുത്ത താടി വെച്ച ഡോക്ടര്‍ ചില്ലുവാതില്‍ തുറന്ന്‌ ഇടനാഴിയിലേക്കിറങ്ങി വന്ന്‌ അവള്‍ മരിച്ചുപോയി എന്നറിയിച്ചിട്ട്‌ ഇരുളിലേക്ക്‌ നടന്നു മറഞ്ഞത്‌.ഇടനാഴിയില്‍ പൂര്‍ണമായ നിശ്ശബ്ദതയാണിപ്പോള്‍. കൈകള്‍ തലയ്ക്കു പിറകില്‍ പിണച്ചു ചേര്‍ത്ത്‌, എണ്ണപ്പാടുകള്‍ കറുത്തു കിടക്കുന്ന ചുവരില്‍ തല ചാരി കണ്ണടച്ചിരിക്കുകയാണ്‌ ആ യുവാവ്‌. മടിയില്‍ അയാളുടെ അമ്മ ഒരു മയക്കത്തിലേക്കു ചുരുങ്ങി അനങ്ങാതെ കിടന്നു. ഇടക്കെപ്പഴോ അവരുടെ തളര്‍ന്ന തേങ്ങലുകള്‍ നേര്‍ത്തു നേര്‍ത്ത്‌ അവസാനിച്ചിരുന്നു. അപരിചിതരായ മറ്റു രണ്ടു പേരും അപ്പോള്‍ ഇടനാഴിയില്‍ ഉണ്ടായിരുന്നില്ല. അവരെപ്പോഴാണ്‌ അവിടെനിന്നും പോയതെന്ന്‌ അയാള്‍ ശ്രദ്ധിച്ചിരുന്നുമില്ല. ആശുപത്രിയുടെ ഏതോ ഒരു കോണില്‍ നിന്നും ദീനം പിടിച്ച ഒരു കുഞ്ഞ്‌ ദയനീയമായി നിര്‍ത്താതെ കരയുന്നത്‌ അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. ഒരുവേള ഇടനാഴിയുടെ അറ്റത്തെ ഇരുളില്‍ നിന്നാണ്‌ ആ കുഞ്ഞിന്റെ നേരിയ കരച്ചില്‍ ഉയരുന്നത് എന്നയാള്‍ക്കു തോന്നി. അതോടൊപ്പം പതിഞ്ഞ ഒച്ചയില്‍ ഉറക്കമിഴയുന്ന ഒരീണത്തില്‍ കേള്‍ക്കാമെന്ന്‌ ആശിച്ച ഒരു താരാട്ടിനു വേണ്ടി ആ ഇരുളിലേക്ക്‌ അയാള്‍ വെറുതേ ചെവിയോര്‍ത്തു.കനം കുറഞ്ഞ ഇളം നീലക്കടലാസ്സില്‍ ചുവന്ന അക്ഷരങ്ങളില്‍ കുറിച്ച, ഇപ്പോഴും ജീവന്റെ നേരിയ ചൂട്‌ തങ്ങി നില്‍പുണ്ടെന്ന്‌ തോന്നിയ ആ കറുപ്പിനെപ്പറ്റി അയാള്‍ വീണ്ടും ഓര്‍ത്തു. ഇരുന്നിരുന്ന പ്ലാസ്റ്റിക്‌ കസേരയില്‍ നിന്നും പാതിയെഴുന്നേറ്റ്‌ പാന്റ്‌സിന്റെ കീശയില്‍നിന്നും അയാള്‍ ആ കത്ത്‌ പുറത്തേക്കെടുത്തു. നീല അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട നിറമായിരുന്നുവല്ലോ. ജ്വലിക്കുന്ന ഉച്ചയുടെ നിറമാണ്‌ നീല എന്നാണവള്‍ പറയുക. ചുവപ്പ്‌ അസ്തമയത്തിന്റേയും. അസ്തമയം ചുവപ്പിക്കുന്ന വൈകുന്നേരങ്ങളില്‍ കടപ്പുറത്തെ ചവോക്ക്‌ മരങ്ങളുടെ നിഴലില്‍ രക്തവര്‍ണം പൂക്കുന്ന ആകാശത്തിന്‌ പുറംതിരിഞ്ഞേ അവളിരിക്കൂ. അസ്തമയസൂര്യന്റെ ചുവന്ന ആകാശത്ത്‌, ഒഴുകിപ്പരന്ന ചോരയില്‍ വാ പിളര്‍ത്തിക്കിടക്കുന്ന മരണത്തിന്റെ പാതി തുറന്നിരിക്കുന്ന കണ്ണുകള്‍ അവള്‍ കണ്ടു. ഇളം നീലക്കടലാസ്സില്‍ അവസാനമായി അവള്‍ കോറിയിട്ട, ഒരല്‍പം ചരിഞ്ഞ്‌ മനോഹരമായ ചുവന്ന അക്ഷരങ്ങള്‍, ജീവന്റെ നേരിയ ചൂടും നഷ്ടപ്പെട്ട്‌ ഇപ്പോള്‍ അയാള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു കിടന്നു.

ജനവരി 13, 2006 - വെള്ളി - 10.35 pm
"...എങ്കിലും ഭൂമിയില്‍ ഈ ജീവിതം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു, അതുകൊണ്ട്‌, പ്രതാപവാനായിരുന്ന ആ മുഗള്‍ ചക്രവര്‍ത്തിയെപ്പോലെ ഞാനെന്റെ ജീവിതം ഇവിടെ ഉപേക്ഷിക്കുന്നു.എന്റെ മരണം എന്റെ മാത്രം സ്വകാര്യത ആയിരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതെന്റെ മാത്രം മരണമായിത്തന്നെയിരിക്കട്ടെ. അതിനുമേല്‍ നടത്തുന്ന ഏതൊരന്വേഷണവും മരിച്ചു കിടക്കുന്ന ഒരു പെണ്ണിന്റെ നഗ്നത ആസ്വദിക്കുന്നതിന്‌ തുല്യമായിരിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു. എന്റെ മരണത്തിന്‌ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. അല്ലെങ്കില്‍ എന്റെയീ മരണത്തിനു ഭൂമിയില്‍ ഞാനിഷ്ടപ്പെടുന്ന, എനിക്കേറ്റവും പ്രിയപ്പെട്ട എല്ലാവരും, എല്ലാതും ഉത്തരവാദികളാണ്‌. അതുകൊണ്ടാണല്ലോ ജീവിതത്തിനെ ഞാനിത്രമേല്‍ സ്നേഹിച്ചുപോയത്‌. സ്വപ്നത്തില്‍, എനിക്കേറ്റവും വിലപ്പെട്ടതെന്തോ, അതുപേക്ഷിക്കാനാണ് അവനെന്നോട്‌ പറഞ്ഞത്‌. എനിക്കേറ്റവും വിലപ്പെട്ടത്‌ എന്റെയീ ജീവിതം തന്നെയാണല്ലോ... അതുകൊണ്ട്‌, അവര്‍ക്കുവേണ്ടി ഈ ജീവിതം ഞാനുപേക്ഷിക്കുന്നു. അത്ര മാത്രം.
കുഞ്ഞൂഞ്ഞിന്‌,
ഇതോടൊപ്പം വെച്ച അഡ്രസ്സില്‍ മാത്രം ഈവിവരം അറിയിക്കുക. വിട്ടിട്ടു പോകാന്‍ എനിക്കൊട്ടും ഇഷ്ടമില്ലാത്ത ഈഭൂമിയിലേക്ക്‌ എന്നെ ഇനിയും ബന്ധിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി മാത്രം ചില കടപ്പാടുകള്‍ ഞാന്‍ കൂടെ കൊണ്ടുപോകുന്നു. എന്റെ ഭര്‍ത്താവായിരുന്ന മാത്യു സാമുവേല്‍ ഇപ്പോഴെവിടെ ആണെന്ന്‌ എനിക്കറിയില്ല. ഞങ്ങളുടെ വിവാഹത്തിന്റെ ചില ശേഷിപ്പുകള്‍ എന്റെ ബാഗില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. എപ്പോഴെങ്കിലും അതദ്ദേഹത്തിന്‌ എത്തിച്ചു കൊടുക്കണം. അമ്മയ്ക്ക്‌ ആശ്രയമായി ഇനി നീ മാത്രമേ ഉള്ളൂ എന്ന്‌ ഒരിക്കലും മറന്നു പോവരുത്‌."

ഒരു പ്രാര്‍ത്ഥനപോലെ നിത്യവും മുടങ്ങാതെ കുറിപ്പുകള്‍ എഴുതാറുള്ള അവളുടെ ഡയറിയില്‍, ജനവരി പതിമൂന്നാം തീയതിയിലെ പേജ്‌, തുടര്‍ന്നു വരാനുള്ള പേജുകള്‍ പോലെ തന്നെ ശൂന്യമായിരിക്കും, ഒരുപക്ഷേ.കടുത്ത പനിയിറങ്ങിയ തളര്‍ച്ചയില്‍ വിളറിയ മഞ്ഞ നിറം പകര്‍ന്ന ഒരു വൈകുന്നേരമാണ്‌, അയാളൊറ്റയ്ക്ക്‌ താമസിക്കുന്ന ചെറിയ വീടിന്റെ തുരുമ്പിച്ച ഗെയിറ്റ്‌ തള്ളിത്തുറന്ന്‌ അവള്‍ കയറി വന്നത്‌. ഇരുണ്ടതെങ്കിലും സൗമ്യമായ അവളുടെ ആകാരത്തിന്‌ ചേരാത്ത എന്തോ ഒരു പൊരുത്തക്കേട്‌ അവളുടെ കാല്‍വെപ്പുകളില്‍ ഉണ്ടോ എന്നതായിരുന്നു അവളെക്കുറിച്ച്‌ അയാള്‍ക്കുണ്ടായ ആദ്യത്തെ സന്ദേഹം. (നിറയെ അര്‍ധ വിരാമങ്ങളും, കുത്തുകളിട്ട്‌ നീട്ടിയ ശൂന്യതയും നിറഞ്ഞ്‌ അവളെഴുതുന്നതുപോലെ തന്നെയാണ്‌ അവളും എന്ന്‌ മനസ്സിലായതിനു ശേഷമാണ്‌, അറ്റമില്ലാതെ നീണ്ട സംശയങ്ങളെ അയാള്‍ മറക്കാന്‍ തുടങ്ങിയത്‌) അപരിചിതത്വത്തിന്റെ ഉപചാരങ്ങളൊന്നുമില്ലാതെ മുന്നില്‍ മുഷിഞ്ഞ കുഷ്യനിട്ട ചൂരല്‍ കസേരയില്‍ സ്വസ്ഥമായി ചാരിയിരിക്കുന്ന അവള്‍ തെല്ലൊരമ്പരപ്പാണ്‌ അപ്പോള്‍ അയാളില്‍ സൃഷ്ടിച്ചത്‌.

"മാധവേട്ടന്‍ ഓഫീസിലേക്ക്‌ വിളിക്കാന്‍ പറഞ്ഞിരുന്നു"

മുഖവുര കൂടാതെ ശാന്തമായാണ്‌ അവള്‍ സംസാരിച്ചു തുടങ്ങിയത്‌. അയാള്‍ ജോലി ചെയ്യുന്ന പത്രത്തിലെ സീനിയര്‍ ആര്‍ട്ടിസ്റ്റാണ്‌ മാധവേട്ടന്‍. ലൈന്‍ കണക്ട്‌ ചെയ്ത്‌ കിട്ടിയ ഉടന്‍ മുഴങ്ങുന്ന ഒരു ചിരിയാണ്‌ അയാളെ എതിരേറ്റത്‌.

"ആളവിടെ എത്തി അല്ലേ?"

"ഉവ്വ്‌"

"ഡോ, തന്നെ ഒരല്‍പം ബുദ്ധിമുട്ടിക്കാനാണ്‌ എന്റെ തീരുമാനം. ആള്‌ എന്റെ ജൂനിയറായി കോളേജില്‍ ഉണ്ടായിരുന്നതാ. ഇപ്പോ കോളേജില്‍ പഠിപ്പിക്കുന്നു. അല്‍പം എഴുത്തിന്റെ അസുഖോണ്ട്‌. ഇങ്ങോട്ട്‌ സ്ഥലം മാറ്റായി നേരെ എന്റടുത്താ വന്നത്‌. ഞാനതിന്‌ പറ്റിയ ഒരു സ്ഥലം തപ്പിയെടുക്കുന്ന വരെ ഒരു രണ്ടു ദിവസം അവളെ തന്റൊപ്പം നിര്‍ത്തണം."

"മാധവേട്ടാ അത്‌..."

"താനൊറ്റയ്ക്കാന്നും, പെണ്ണു കെട്ടീട്ടില്ലാന്നും ഒക്കെ എനിക്കറിയാഡോ. പക്ഷേ, അതിനെ വിശ്വസിച്ചേല്‍പിച്ചു തരാന്‍ എന്റട്ത്തിപ്പോ താന്‍ മാത്രേ ഉള്ളൂ. അതോണ്ട്‌ താനൊന്ന്‌ സഹായിച്ചേ പറ്റൂ."

പിന്നെ മറുത്തൊന്നും പറയാന്‍ അയാള്‍ക്കു തോന്നിയില്ല.

"ബുദ്ധിമുട്ടായി അല്ലേ?"

അവളുടെ സ്വരത്തില്‍ ക്ഷമാപണം കലര്‍ന്നിരുന്നു.

"ഏയ്‌ അതല്ല, ഞാനിവിടെ തനിച്ചാ താമസം"

അതിനു പക്ഷേ, അവള്‍ ചിരിച്ചതേ ഉള്ളൂ. ചിരിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ മാത്രമേ ചിരിക്കുന്നുള്ളൂ എന്നും, കറുത്ത ഫ്രെയിമുള്ള കണ്ണടയുടെ കട്ടിച്ചില്ലുകള്‍ക്കു പിറകില്‍ അവളുടെ കണ്ണുകള്‍ ജീവിതത്തിലൊരിക്കലും ചിരിച്ചിട്ടേയില്ലെന്നും അയാള്‍ക്കു തോന്നി.പിന്നീടെന്തു കൊണ്ടോ മറ്റൊരു താമസ സ്ഥലത്തിന്റെ കാര്യം അവര്‍ മൂന്നു പേരും മറന്നു പോയിരുന്നു.

ഇടനാഴിയുടെ അറ്റത്തെ സാന്ദ്രമായ ഇരുളിനെ പിളര്‍ന്നുകൊണ്ട്‌ നിറം മങ്ങിയ വെളുത്ത യൂനിഫോം ധരിച്ച അറ്റന്റര്‍ ഒരു സ്ട്രെച്ചര്‍ തള്ളിക്കൊണ്ട്‌ വരുന്നത്‌ അയാള്‍ക്ക്‌ കാണാമായിരുന്നു. വിദൂരമായ ഒരു ഭൂതകാലത്തില്‍ അതിനുണ്ടായിരുന്ന വെണ്‍മയുടെ അവശിഷ്ടങ്ങളെന്നോണം അങ്ങിങ്ങ്‌ മുഷിഞ്ഞ വെള്ളപ്പാടുകള്‍ പറ്റിപ്പിടിച്ചിരുന്ന സ്ട്രെച്ചറിന്റെ വശങ്ങളില്‍ ചോരക്കറ പുരണ്ട പ്ലാസ്റ്റര്‍ തുണ്ടുകള്‍ ഒട്ടിച്ചു വെച്ചിരുന്നു. ചില്ലു വാതില്‍ പൂര്‍ണമായും തുറന്നു വെച്ച്‌ അയാള്‍ ആ സ്ട്രെച്ചര്‍ വലിച്ചുകൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോയി. ഉയരം കുറഞ്ഞ മേശ മേല്‍ തല ചായ്ച്ചിരുന്നുറങ്ങുന്ന നഴ്‌സിന്റെ ഒരു പിന്‍ഭാഗ ദൃശ്യം ഒരു നിമിഷനേരത്തേക്ക്‌ അയാള്‍ക്കു മുന്നില്‍ അവശേഷിപ്പിച്ചിട്ട്‌ വാതില്‍ അടഞ്ഞു. ചെറുപ്പക്കാരന്റെ മടിയില്‍ മയക്കം ഞെട്ടിയ ആ സ്‌ത്രീ ആയാസപ്പെട്ട്‌ പതുക്കെ എഴുന്നേറ്റിരുന്നു. ഇരു കൈകളും കൂട്ടി നെഞ്ചിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌, അടഞ്ഞു പോയ വാതിലിനു നേര്‍ക്ക്‌ നോക്കിയിരുന്ന്‌ അവര്‍ നിശ്ശബ്ദമായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.

"ദൈവം ചിലപ്പോള്‍ നാലര വയസ്സുള്ള ഒരു കുട്ടിയെപ്പോലാവും അല്ലേ?"

അതു പറയുമ്പോള്‍ അവളുടെ സ്വരം മഞ്ഞുകട്ട പോലെ തണുത്തിരുന്നു എന്ന്‌ അയാള്‍ വ്യക്തമായും ഓര്‍ത്തു. പാതി ഉണര്‍ച്ചയില്‍ ഉറഞ്ഞു പോയ ഒരു മൈഥുനത്തിന്റെ ആരംഭവും അന്നേരം അയാളുടെ ഓര്‍മയിലുണ്ടായിരുന്നു. രതി അവര്‍ക്കിടയില്‍ വല്ലപ്പോഴുമൊക്കെ സംഭവിച്ചു പോകുന്ന ഒരു അനിവാര്യത മാത്രമായിരുന്നു. അര്‍ഥശൂന്യവും ഭ്രാന്തവുമായ ലൈംഗികത ഇഴചേര്‍ത്ത്‌ മെനഞ്ഞ ഒരു ഫ്രഞ്ച്‌ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷയ്ക്ക്‌ ഒരാസ്വാദനക്കുറിപ്പ്‌ തയ്യാറാക്കുന്നതിനിടയിലെപ്പഴോ ആണ്‌ ആ നോവലിലെ തന്നെ കഥാപാത്രങ്ങളായി അവര്‍ സ്വയം രൂപാന്തരപ്പെട്ടു പോയത്‌. പിന്നീട്‌ ചിലപ്പോള്‍ ഇനിയും പ്രതിരോധിക്കാന്‍ കഴിയാത്ത ഒരാവശ്യമായി, ഒരസ്വസ്ഥതയായി അവര്‍ക്കിടയില്‍ അത്‌ വളരുമ്പോള്‍ മാത്രം, ആ നോവലിലെ അധ്യായങ്ങള്‍ക്ക്‌ ചില പുനര്‍ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായി. അത്തരം ഒരു ശമനത്തിലേക്കുള്ള ഉണര്‍ച്ചയുടെ ഉഷ്ണപാതയിലെങ്ങോ വെച്ചാണ്‌ അവളുടെ ഇടത്‌ കാല്‍മുട്ടിനു കീഴെ നെടുനീളത്തില്‍ തിണര്‍ത്തു കിടക്കുന്ന മുറിപ്പാടില്‍ അയാളുടെ കൈവിരലുകള്‍ തടഞ്ഞു നിന്നു പോയത്‌.

"ഹെയ്‌ വാട്‌സ്‌ ദിസ്‌?"

എഴുത്തു മുറിയുടെ വെറും നിലത്ത്‌ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കു നടുവില്‍ അവള്‍ പൂര്‍ണ നഗ്നയായി തണുത്തു കിടന്നു. അവളുടെ ഞരമ്പുകളിലെ ഉഷ്ണമാപിനിയില്‍ രസനിരപ്പ്‌ അതിന്റെ ആരംഭത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌ അയാളറിയുന്നുണ്ടായിരുന്നു. ഉരുണ്ടുയര്‍ന്നു വരുന്ന തിരമാലകള്‍ കരയിലേക്കടിച്ചു കയറി ശാന്തമായി പിന്‍വാങ്ങുന്നത്‌ പോലെ തോന്നി അയാള്‍ക്ക്‌. എഴുത്തു മുറിയുടെ തണുത്ത നിലത്ത്‌ വാക്കുകള്‍ മഞ്ഞുകട്ട പോലെ ഉറഞ്ഞു.

"രണ്ടു മക്കളെ പെറ്റവളാ ഞാനെന്ന്‌ നിനക്കറിയോ...?"

എന്തോ ചോദിക്കാനാഞ്ഞ അയാളെ കൈ ഉയര്‍ത്തി വിലക്കി അവള്‍ പതുക്കെ എഴുന്നേറ്റ്‌ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. പിന്നെ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ കവച്ചു കടന്ന്‌, അയാളുടെ എഴുത്തുമേശയ്ക്കരികില്‍ ഇട്ടിരുന്ന കസേര ജനാലയ്ക്കരികിലേക്ക്‌ വലിച്ചിട്ട്‌, അടഞ്ഞു കിടന്നിരുന്ന ജനല്‍ പാളികള്‍ തുറന്നുവെച്ച്‌, പുറത്ത്‌ തിളയ്ക്കുന്ന വെയിലിലേക്ക്‌ നോക്കി അവളിരുന്നു. തെല്ലു നേരം കഴിഞ്ഞ്‌ ദീര്‍ഘമായി ഒന്നു നിശ്വസിച്ച്‌, വീണ്ടും അയാള്‍ക്കു നേരെ തിരിഞ്ഞ്‌ സ്വയമെന്നോണം പറഞ്ഞു തുടങ്ങുമ്പോള്‍ അവള്‍ക്കെങ്ങിനെ ഇത്ര നിര്‍വികാരയാകാന്‍ കഴിഞ്ഞു എന്ന്‌ അയാള്‍ പിന്നീട്‌ പലപ്പോഴും അമ്പരന്നിട്ടുണ്ട്‌.

“ദൈവം നാലര വയസ്സുള്ള ഒരു കുട്ടിയെപ്പോലാവും ചിലപ്പോള്‍, അല്ലേ? ഇഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കാന്‍ വാശി പിടിക്കുന്ന ഒരു കുട്ടി. എന്റെ മക്കളെ എന്നേക്കാള്‍ അതിനിഷ്ടപ്പെട്ടു പോയിട്ടുണ്ടാവണം. അതുകൊണ്ടല്ലേ എന്നെ ഇവിടെ ജീവിക്കാന്‍ വിട്ടിട്ട്‌ അവരെയുംകൊണ്ട്‌ അവന്‍ പൊയ്ക്കളഞ്ഞത്‌?“

പ്രതിവചനങ്ങളുടെ നിരര്‍ത്ഥകത മറ്റൊരസ്വാസ്ഥ്യമായി അയാളില്‍ വളരാന്‍ തുടങ്ങിയപ്പോള്‍ എഴുത്തുമുറിയുടെ ജനാലയ്ക്കരികില്‍ അവളെ തനിയെ വിട്ട്‌ അയാളെഴുന്നേറ്റ്‌ ആ മുറിയില്‍നിന്നും പുറത്തേക്ക്‌ പോയി. ഒരവധിക്കാല യാത്രയ്ക്കിടയില്‍ ഉണ്ടായ ഒരപകടത്തില്‍ മരിച്ചുപോയ രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചും, അതിനുശേഷം വെളിച്ചത്തെപ്പോലും ഭയന്ന്‌ അടച്ചുപൂട്ടിയ ഇരുള്‍മുറിയില്‍ സ്വയം ബന്ധനസ്ഥയായി കുറേനാള്‍ കഴിഞ്ഞ അവരുടെ അമ്മയെക്കുറിച്ചും, ഒരു ദിവസം ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയ മാത്യു സാമുവേല്‍ എന്ന അവരുടെ അച്ഛനെക്കുറിച്ചും പിന്നീടൊരിക്കല്‍ മാധവേട്ടനാണ്‌ അയാള്‍ക്കു പറഞ്ഞുകൊടുത്തത്‌.

പൊടുന്നനെ ഇടനാഴിയില്‍ അവശേഷിച്ചിരുന്ന വെളിച്ചവും അണഞ്ഞുപോയതായും, ഇരുളില്‍ വെളിച്ചത്തിന്റെ ഒരു ദീര്‍ഘ ചതുരം കുത്തി നിര്‍ത്തിയതുപോലെ ആ ചില്ലുവാതില്‍ മാത്രം കാണപ്പെടുന്നതായും അയാള്‍ക്കു തോന്നി. നിശ്ചേഷ്ടനായി അയാളങ്ങിനെ നോക്കിക്കൊണ്ടിരിക്കെ വാതില്‍ പൂര്‍ണമായും തുറക്കപ്പെടുകയും, മുഷിഞ്ഞ വെളുത്ത യൂനിഫോം ധരിച്ച അറ്റന്റര്‍ വശങ്ങളില്‍ ചോരക്കറ പുരണ്ട പ്ലാസ്റ്റര്‍ തുണ്ടുകള്‍ ഒട്ടിച്ചുവെച്ച സ്ട്രെച്ചറില്‍ അവളുടെ ജഡം പുറത്തേക്ക്‌ തള്ളിക്കൊണ്ടു വരികയും ചെയ്തു. വെളുത്ത ബാന്‍ഡേജുകൊണ്ട്‌ തള്ള വിരലുകള്‍ ചേര്‍ത്തുകെട്ടിയ അവളുടെ കാല്‍പ്പാദങ്ങള്‍ ഒരു നിമിഷം തന്റെ മുഖത്തേക്ക്‌ അടുത്തു വരുന്നതായി അയാള്‍ കണ്ടു. നിസ്സഹായമായ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഇരിപ്പിടം വിട്ട്‌ അയാളെഴുന്നേറ്റു. പിറ്റേന്നത്തേക്കുള്ള പഠനക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനിടയില്‍ പേന പോലും അടച്ചുവെക്കാന്‍ മറന്ന്‌ തന്റെ കിടക്കയില്‍ അവള്‍ നീണ്ടു നിവര്‍ന്നു കിടന്ന്‌ ഉറങ്ങുകയാണെന്ന്‌ അയാള്‍ വൃഥാ സങ്കല്‍പിച്ചു. പക്ഷേ, മരണത്തിന്റെ തിളക്കമറ്റ കണ്ണുകള്‍ പാതി തുറന്നുവെച്ച്‌ അവള്‍ അയാളെ ശൂന്യമായി നോക്കിക്കൊണ്ടിരുന്നു. കണ്ണുകളിലേക്ക്‌ നേരിട്ട്‌ തീവ്രമായി വെളിച്ചം പ്രവഹിക്കുന്നതുപോലെ അവളങ്ങിനെ നോക്കിക്കൊണ്ടിരിക്കുന്നത്‌ അസഹ്യമായി തോന്നി അയാള്‍ക്ക്‌. മൃദുവായി ഉഴിഞ്ഞ്‌ അവളുടെ കണ്ണുകള്‍ അടച്ചുകളയണമെന്നും അല്ലെങ്കില്‍ എന്നത്തേയുംപോലെ അശ്രദ്ധമായി അവളുടുത്തിരിക്കുന്ന സാരിത്തലപ്പാല്‍ അവയെ മൂടി വെക്കണം എന്നുമൊക്കെ അയാള്‍ അതിയായി ആഗ്രഹിച്ചു. എന്നിട്ടും ഒന്നു ചലിക്കാന്‍പോലുമാവാതെ, ആ സ്ട്രെച്ചറില്‍ വെറുതേ തിരുപ്പിടിച്ചുകൊണ്ട്‌ ഒരു വിഡ്ഡിയെപ്പോലെ അയാളവിടെത്തന്നെ നിന്നു.അവളുടെ മുഖം കൈകളില്‍ ചേര്‍ത്തുപിടിച്ച്‌, ആ സ്‌ത്രീ കുനിഞ്ഞ്‌ അവളുടെ നെറ്റിയില്‍ പതുക്കെ ചുംബിക്കുന്നത്‌ ഒരു മൂടല്‍ മഞ്ഞിലൂടെയെന്നവണ്ണം അവ്യക്തമായി അയാള്‍ക്ക്‌ കാണാമായിരുന്നു. അവരുടെ ഇരു തോളുകളിലും ബലമായി പിടിച്ചുകൊണ്ട്‌ ആ ചെറുപ്പക്കാരന്‍ അവര്‍ക്കു പിന്നില്‍ അയാളെത്തന്നെ ഉറ്റു നോക്കിക്കൊണ്ടു നിന്നു. താഴ്‌ന്ന സ്ഥായിയില്‍, അവസാനമില്ലാത്ത ഒരു ഞരക്കംപോലെ അടഞ്ഞ ഒച്ചയില്‍ വീണ്ടും ഒരു കരച്ചില്‍ ഇടറിയുയര്‍ന്നു. അനുവാദത്തിനെന്നോണം അയാളെ ഒന്നു നോക്കിയശേഷം, അറ്റന്റര്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട്‌ ഇടനാഴിയിലൂടെ മുന്നോട്ടു നടക്കാന്‍ തുടങ്ങി. അയാള്‍ക്കു പിറകിലായി ചെറുപ്പക്കാരനും അയാളുടെ ചുമലില്‍ മുറുകെ പിടിച്ചുകൊണ്ട്‌ തളര്‍ന്ന ചുവടുകളോടെ ആ സ്‌ത്രീയും അവളെ അനുഗമിച്ചു. അടഞ്ഞു കിടന്ന ചില്ലു വാതിലിനു മുന്നില്‍ അയാളെ തനിച്ചാക്കിയിട്ട്‌ ആ ചെറിയ വിലാപയാത്രാ സംഘം സാവധാനം നീങ്ങി ഇടനാഴിയുടെ അറ്റത്തെ ഇരുളില്‍ മറഞ്ഞുപോയി. അവര്‍ പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞിട്ടും സ്ട്രെച്ചറിന്റെ ചക്രങ്ങളില്‍ നിന്നുയരുന്ന നേര്‍ത്ത മുരള്‍ച്ചയും ഒരിക്കലും അവസാനിക്കാത്ത ഞരക്കംപോലെ ഒരു വിലാപവും ആ ഇടനാഴിയില്‍ തങ്ങിനില്‍പുണ്ടെന്ന്‌ അയാള്‍ക്കു തോന്നി.

ഓളങ്ങളില്ലാതെ നിശ്ചലമായ തെളിഞ്ഞ ജലാശയംപോലെ അയാളുടെ മനസ്സിപ്പോള്‍ ശാന്തമായിരുന്നു. തൂ വെണ്മയാര്‍ന്ന കടലാസ്സില്‍, ഒരല്‍പം ചരിഞ്ഞ്‌ മനോഹരമായ നീല അക്ഷരങ്ങളില്‍ ആരോ എഴുതുന്നതുപോലെ, ഒരിക്കലെവിടെയോ അവള്‍ കുറിച്ചിട്ടിരുന്ന വരികള്‍ ഒരുറവയായി പൊടിഞ്ഞ്‌ അയാളില്‍ നിറഞ്ഞു.

"മൃത്യുവിന്റെ ഇരുണ്ട ആകാശത്ത്‌ ഒരു നക്ഷത്രം പോലും ഉദിക്കുന്നില്ല,
ഈകറുത്ത നിശ്ശബ്ദതയെ ഭേദിക്കാന്‍ ഒരു രാപ്പാടി പോലും പാടുന്നുമില്ല
ദൂരെ ചക്രവാളത്തില്‍ വിളറിയ ഒരമ്പിളിക്കീറു മാത്രം
നോക്കൂ,ഈ തെരുവിപ്പോള്‍ ശൂന്യമാണ്‌
തന്ത്രികള്‍ നുറുങ്ങി രാഗങ്ങളൊഴിഞ്ഞു പോയ തംബുരു പോലെ
എന്റെ ആത്മാവും
എങ്കിലും ഭൂമിയില്‍ ഈജീവിതം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു,
അതുകൊണ്ട്‌,
പ്രതാപവാനായിരുന്ന ആ മുഗള്‍ ചക്രവര്‍ത്തിയെ പോലെ
ഞാനെന്റെ ജീവിതം ഇവിടെ ഉപേക്ഷിക്കുന്നു.
എന്റെയുള്ളില്‍ ഇനിയും മരിക്കാത്തഎന്റെ മക്കള്‍ക്കുവേണ്ടി ഉപേക്ഷിക്കാന്‍
ഇഴകള്‍ പിഞ്ഞിപ്പോയ ഈജീവിതമല്ലാതെ മറ്റെന്തുള്ളൂ എനിക്ക്‌"

ഇടനാഴിയുടെ അറ്റത്ത്‌ ഘനീഭവിച്ചു നില്‍ക്കുന്ന ഇരുളിലൂടെ കടന്നാല്‍ ശവങ്ങള്‍ സൂക്ഷിക്കുന്ന തണുത്ത ചെറിയ മുറിയിലേക്ക്‌ എത്തിച്ചേരാന്‍ കഴിയും എന്ന തിരിച്ചറിവോടെ, ഒരല്‍പം മുമ്പ്‌ അവളുടെ ജഡവുമായി അവര്‍ പോയി മറഞ്ഞ വഴിയിലൂടെ അയാള്‍ ഒട്ടും ധൃതിയില്ലാതെ നടക്കാന്‍ തുടങ്ങി.

ന്നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി....

ഉച്ചമയക്കത്തിന്റെ നനുത്ത പഞ്ഞിക്കെട്ടുകള്‍ക്ക്‌ മുകളില്‍ പാതിയടഞ്ഞ മനസ്സുമായി വെറുതെയിങ്ങനെ കിടക്കാന്‍ നല്ലസുഖം. താഴ്‌വരയിലേക്ക്‌ തുറക്കുന്ന വലിയ ജനാലയുടെ വിരികള്‍ താഴ്ത്തിയിട്ടതു കൊണ്ടാവണം മുറിയില്‍ നല്ല ഇരുട്ടുണ്ട്‌. അതോ നേരം സന്ധ്യ കഴിഞ്ഞോ? എഴുനേല്‍ക്കാതെ തന്നെ കൈ നീട്ടി ലൈറ്റിട്ടു. സൈഡ്‌ടേബിളിലിരിക്കുന്ന ടൈംപീസില്‍ സമയം നാലുമണി ആവുന്നേയുള്ളൂ. "ഓ, ഈ വൈകുന്നേരവും ഈ രാത്രിയും തനിക്കു സ്വന്തമാണല്ലോ"! ഉള്ളിലെവിടെയോ ഒരു മൂളിപ്പാട്ടിന്റെ ഉറവ പൊട്ടുന്നതറിഞ്ഞു. ബോഗന്‍വില്ലകള്‍ അതിരിടുന്ന നീണ്ട വഴിക്കൊടുവില്‍, അരണ്ടവെളിച്ചവും നേര്‍ത്ത സംഗീതവും ഒഴുകിനടക്കുന്ന നെടുങ്കന്‍ ഇടനാഴികളുള്ള, 'പറുദീസ'യിലെ വി.ഐ.പി. സ്യൂട്ടുകളിലൊന്നില്‍, ഇളംനീല വിരിയിട്ട തൂവല്‍ക്കിടക്കയില്‍ ഇന്നു തന്നെ കാത്തിരിക്കാന്‍ അതിഥികളാരുമുണ്ടാവില്ല. കക്ഷത്തില്‍ കറുത്ത ബാഗും മുഖത്ത്‌ അറപ്പുളവാക്കുന്ന ഭവ്യതയുമായി പാണ്ഡ്യരാജനും ഇന്നു വരില്ല. ഉള്ളിലുയിര്‍ത്ത മൂളിപ്പാട്ട്‌ അറിയാതെ ചുണ്ടുകളിലുതിര്‍ന്നു.

വെറുതെ ഒന്നു നടക്കാനിറങ്ങാം. ഇങ്ങനെ കിടക്കാന്‍ തുടങ്ങിയാല്‍ തലയ്ക്കുള്ളിലെ ഈവിങ്ങല്‍ ഒടുങ്ങുമെന്നു തോന്നുന്നില്ല. നിലാവും മഞ്ഞും മദ്യവും പിന്നെ കുളിരിലും വിയര്‍ക്കുന്ന ഉടലുകളുടെ താളവും കിതപ്പും...., ഇന്നലെ രാവേറെ ചെന്നിരിക്കണം, താഴെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന അഗ്നി എരിഞ്ഞൊടുങ്ങാന്‍. ആരൊക്കെയായിരുന്നു കൂടെ? എഴുന്നേറ്റിരുന്നു കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. ആളുന്ന തീയില്‍ ഞെരിഞ്ഞുപൊട്ടുന്ന നനഞ്ഞ ചുള്ളിക്കമ്പുകള്‍... ഉടഞ്ഞുചിതറിയ കുപ്പികള്‍... ഗിറ്റാറിന്റെ തന്ത്രികളില്‍ ഒഴുകി നീങ്ങുന്ന നീണ്ടു മെലിഞ്ഞ വിരലുകള്‍... അട്ടഹാസങ്ങള്‍... സീല്‍ക്കാരങ്ങള്‍... കെട്ടുപിണയുന്ന ശരീരങ്ങള്‍ക്കു കീഴെ ഉണങ്ങിയ തേക്കിലകളുടെ മര്‍മരം..., എല്ലാം കൂടെ കൂടിക്കുഴഞ്ഞ്‌ ഒന്നും വേര്‍തിരിച്ചെടുക്കാനേ കഴിയുന്നില്ല. അല്ലെങ്കിലും എന്തിനതൊക്കെ ഓര്‍ത്തെടുക്കണം? പാണ്ഡ്യരാജന്‍ മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച, തന്റെ ശരീരത്തിന്റെ രാത്രിവാടക പറ്റിക്കഴിഞ്ഞാല്‍ പിന്നെയും ഈ ഓര്‍മകളെന്തിന്‌? എങ്കിലും കൂര്‍ത്ത കരിങ്കല്‍ച്ചീളുപോലെ ഉള്ളിലെവിടെയോ തറച്ച, അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ വീണ്ടും വീണ്ടും തികട്ടി വരുന്നു. പ്രാണന്‍ പറിഞ്ഞുവരുംപോലെ ഒരു കരച്ചില്‍. ആരേ കരഞ്ഞത്‌? വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിറഞ്ഞുപെയ്യുന്ന ഒരു കര്‍ക്കിടകസന്ധ്യക്ക്‌, അരക്കെട്ടു പിളരുന്ന വേദനയില്‍, ഞരങ്ങുന്ന കട്ടിലിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ പല്ലു ഞെരിച്ചൊതുക്കിയ അതേ നിലവിളി. വേണ്ട, ഓര്‍മകളേ അരുത്‌....

നെരിപ്പോടില്‍ കനലുകളണഞ്ഞിരിക്കുന്നു. തണുപ്പ്‌ ഒരു തേരട്ടയെപ്പോലെ മുറിയിലരിച്ചു നടന്നു. സ്കോച്ചും മള്‍ബറോയുമൊക്കെ മണക്കുന്ന ചുണ്ടുകള്‍ ദേഹം മുഴുവന്‍ പരതി നീങ്ങുമ്പോഴും ഉള്ളില്‍ ഇതേ തണുപ്പാണ്‌. മരണത്തിന്റെ തണുപ്പ്‌. ഈശ്വരാ... എത്ര വര്‍ഷങ്ങള്‍... എന്നിട്ടുമിപ്പഴും ഇവിടത്തെ ഈ തണുപ്പും തന്നെയുണര്‍ത്താന്‍ പാടുപെടുന്ന ചുണ്ടുകളും... സഹിക്കാനാവുന്നില്ലല്ലോ എനിക്ക്‌... ഉടലാകെ ഒരായിരം കറുത്ത തേരട്ടകള്‍ ഇഴഞ്ഞു നടക്കാന്‍ തുടങ്ങും അന്നേരം. പൊടുന്നനെ മുറിയില്‍ വീശിയ തണുത്ത കാറ്റിന്‌ കനലില്‍ പൊരിയുന്ന തേരട്ടകളുടെ ഗന്ധം. നെഞ്ചിനുള്ളില്‍ തിരമാലകള്‍ മറിഞ്ഞു വരുന്നു. പിടഞ്ഞെണീറ്റ്‌ കുളിമുറിയിലേക്ക്‌ നടന്നു. പരുത്ത തറയോടുകള്‍ പാകിയ നിലത്ത്‌ കാലുകള്‍ വേച്ചുപോകുന്നു. വാഷ്ബേസിനിന്റെ വശങ്ങളില്‍ മുറുകെപ്പിടിച്ച്‌ കണ്ണുകളടച്ചു. ഒരു പാഴ്ജന്മത്തിന്റെ പാപക്കറകളത്രയും മഞ്ഞച്ച കയ്‌പുനീരായി തിളങ്ങുന്ന വെളുത്ത പ്രതലത്തില്‍ പടര്‍ന്നു കിടന്നു. നെഞ്ചിനുള്ളിലെ തിരമാലകള്‍ ഒന്നൊടുങ്ങിയെന്നു തോന്നുന്നു. പക്ഷേ, ഉള്ളിലിപ്പോഴും കര്‍ക്കിടക മഴയിരമ്പുന്നു.

കരിയണിഞ്ഞ്‌, മണി കിലുക്കി, കലിയിളകിത്തുള്ളുന്ന കരിംപൂതക്കെട്ടുപോലെ മഴയുറഞ്ഞു. ദ്രവിച്ചു തൂങ്ങിയ കഴുക്കോലുകള്‍ക്കു മീതെ പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ ഇരുട്ടടച്ച തളങ്ങളില്‍ മഴ കൂലംകുത്തി. അകായില്‍ മഴവെള്ളം ചോരാത്ത ഒരിത്തിരി മൂലയില്‍ നീക്കിയിട്ട അഴിക്കട്ടിലില്‍, മുറ്റത്ത്‌ കലങ്ങിയൊഴുകുന്ന ചെളിവെള്ളത്തില്‍ വെറുതെ നോക്കിയിരുന്നിരുന്ന പെണ്‍കുട്ടിക്ക്‌ അന്നെത്രയായിരുന്നു വയസ്സ്‌? പതിനഞ്ച്‌... അതോ പതിനാറോ? ഓര്‍മയുടെ മാറാല പിടിച്ച അറകളില്‍ പിന്നെയും കറുത്ത തേരട്ടകള്‍ പ്രാണസഞ്ചാരം തുടങ്ങുന്നു. നെടുനീളെ അടര്‍ന്നിളകിയ തറയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍നിന്നും, ചെത്തിത്തേക്കാത്ത ചുവരിലെ വിള്ളലുകളില്‍ നിന്നുമൊക്കെ അവ വന്നുകൊണ്ടേയിരിക്കും. മൗനവും ഇരുളും നിറഞ്ഞു തണുത്ത നിലങ്ങളില്‍, അമ്മയുടെ കണ്ണുനീരുണങ്ങിയ പാടുകള്‍ കടന്ന ദിശയറിയാത്ത പഥികരെപ്പോലെ അവ വീടു മുഴുവന്‍ അരിച്ചു നടന്നു. പിന്നെ, ചാരായവും വിയര്‍പ്പും നാറുന്ന, അച്ഛന്റെ മുഷിഞ്ഞ കുപ്പായങ്ങള്‍ക്കിടയിലും, ഉമിനീര്‍പാടു നിറഞ്ഞ്‌ തണുപ്പു മണക്കുന്ന തലയിണകള്‍ക്കിടയിലും, പൂതലിച്ച പഴയ പത്തായത്തിനുള്ളിലുമൊക്കെ അവ ആശയറ്റ്‌ ചുരുണ്ട്‌ കിടക്കും.

(ജന്മാന്തരങ്ങള്‍ക്കപ്പുറത്തെങ്ങോ നിന്ന്‌ ചുക്കിച്ചുളിഞ്ഞ്‌ വിറയാര്‍ന്ന ഒരു കൈ മൂര്‍ധാവില്‍ തലോടുന്നു. കഥ പറഞ്ഞ്‌ മടുത്ത അച്ഛമ്മ, "ഇനീം വേണം കത" എന്നു ചിണുങ്ങുന്ന പൊടിക്കുട്ടിയെ ഉറക്കാന്‍ ഒരു പഴംപാട്ടു പാടുന്നു.

"കത പറഞ്ഞമ്മായ്‌ കഞ്ഞ്യേച്ചു,
കഞ്ഞ്യേച്ചമ്മായ്‌ പ്‌ലാവെലക്ക്‌ പോയ്‌
പ്‌ലാവ്‌ നെറച്ചും ചക്ക
ചക്ക കൊയ്യാന്‍ വാളിന്‌ പോയ്‌
വാള്‌ നെറച്ചും ചോര
ചോര കഴുകാന്‍ കൊളത്തില്‍ പോയ്‌
കൊളം നിറച്ചും മീന്‌
മീനെ പിടിക്കാന്‍ വലക്ക്‌ പോയ്‌
വല നിറച്ചും തേരട്ട
തേരട്ടേ കൊല്ലാന്‍ തീക്ക്‌ പോയ്‌
തീയില്‌ വീണ്‌ മരിച്ചും പോയ്‌")

ആത്മനിന്ദയുടെ ഉമിത്തീയില്‍ നീറിനീറിത്തീരാന്‍ തന്നെയാവണം വിധി. ദ്വാരം വീണു തുടങ്ങിയ പഴയ ഇരുമ്പുചട്ടിയില്‍ ചിരട്ടക്കനല്‍ ഊതിനീറ്റി അതിനുമുന്നില്‍ തീകായാനിരിക്കും അച്ഛന്‍. മുജ്ജന്മത്തിലാരോ ജീവിച്ചുതീര്‍ത്ത കെടുജന്മത്തിന്റെ ശാപവും പേറി ചുരുണ്ടു കിടക്കുന്ന തേരട്ടകളെ ഓരോന്നായി അച്ഛന്‍ ഈര്‍ക്കിലിയില്‍ കുത്തിയെടുത്ത്‌ കനലിലേക്കിടും. തീയില്‍ വെന്തു മലര്‍ന്ന്‌ പുളയുന്ന പുഴുജന്മങ്ങളെ നോക്കിയിരിക്കേ അച്ഛന്റെ ചുവന്ന കണ്ണുകളില്‍ പിന്നെയും കനല്‍ ചുവക്കും. വീശിയടിക്കുന്ന തണുത്ത കാറ്റിനപ്പോള്‍ കനലില്‍ പൊരിയുന്ന തേരട്ടകളുടെ മണം. ബീഡിക്കറ പിടിച്ചു കറുത്ത ചുണ്ടുകള്‍ കോട്ടി, വലിയ നാസാദ്വാരങ്ങള്‍ വിടര്‍ത്തി ആകാറ്റിനെ മുഴുവന്‍ ആവാഹിച്ചെടുക്കും അച്ഛന്‍... അടുക്കളപ്പടിയില്‍ കുനിഞ്ഞിരുന്ന്‌ പുറത്തെ മഴയിലേക്ക്‌ ഛര്‍ദിച്ചു തളര്‍ന്ന്‌ എത്ര നാളുകള്‍... എന്നിട്ട്‌ ആ അച്ഛന്‍... ആ അച്ഛനാണ്‌ തന്നെ...

അഴിഞ്ഞുപോകുന്ന മുണ്ട്‌ ഒരു കൈയില്‍ വാരിപ്പിടിച്ച്‌, വാതില്‍പ്പടിയില്‍ സ്വയം താങ്ങി തന്നെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്ന അച്ഛന്റെ രൂപം കല്ലില്‍ കൊത്തിവെച്ചപോലെ... മരണത്തിനു തൊട്ടുമുമ്പുള്ള അവസാനക്കാഴ്ചയായി, ലഹരിയുടെ പുക മൂടിയ കണ്ണുകളില്‍, പത്തി വിടര്‍ത്തിയെഴുന്നേറ്റ്‌ വിറയ്ക്കുന്ന കരിനാഗത്തിന്റെ നിഴലിളക്കം..., നാഭിയും നെഞ്ചും രണ്ടായിപ്പിളരുന്ന വേദനയില്‍ മറിഞ്ഞു മറിഞ്ഞു പോകുന്ന കണ്ണുകള്‍ക്കു മുന്നില്‍, പുനര്‍ജനിയുടെ പൊരുളറിയുന്ന പെരും കരിഞ്ഛേരട്ടകളെപ്പോലെ ബീഡിക്കറ പിടിച്ച്‌ കറുത്ത ചുണ്ടുകള്‍... മുറ്റത്ത്‌ ഇടിഞ്ഞു വീണ തുളസിത്തറയ്ക്കു മുകളിലേക്ക്‌ ഊക്കനൊരു കൊള്ളിയാന്‍ മിന്നി.

ബോധമണ്ഡലം നെടുകെ പിളര്‍ന്ന്‌ വെള്ളിടി വെട്ടി. മരവിച്ചുപോയ ചേതനയെ മൂടിയ നടുക്കത്തിന്റെ പുകമഞ്ഞ്‌ നീങ്ങിപ്പോകെ ചുറ്റിലും പേടിപ്പെടുത്തുന്ന തണുത്ത നിശ്ശബ്ദത മാത്രം. ഇരുള്‍ കനത്ത കുഴിമാടംപോലെ പൊതിഞ്ഞിരുന്ന ശൂന്യതയുടെ ഗര്‍ഭപാത്രം വികസിച്ചു. അടിവയറിന്റെ സ്നിഗ്‌ധതയിലെവിടെയോ ഉറക്കം ഞെട്ടിയ ഒരു കുരുന്നുജീവന്‍ നിസ്സഹായയായി കൈകാലുകളനക്കി. കാണെക്കാണെ, കണ്ണാടിയില്‍ പൂര്‍ണനഗ്‌നയായി മരിച്ചുനില്‍ക്കുന്ന സ്‌ത്രീരൂപം ചെറുതാവാന്‍ തുടങ്ങുന്നു. ചെറുതായിച്ചെറുതായി ഒടുവില്‍ അറ്റുപോന്ന പൊക്കിള്‍ക്കൊടിയുമായി, ചോരവഴുക്കുന്ന ഒരു കുഞ്ഞ്‌ കണ്ണാടിയില്‍ അനക്കമറ്റു കിടന്നു. പിന്നെ പീലികുരുക്കാത്ത കണ്ണുകള്‍ ഇറുകെ ചിമ്മി, ചുവപ്പ്‌ തിണര്‍ക്കുന്ന കൈകള്‍ ചുരുട്ടിക്കുടഞ്ഞ്‌ അത്‌ ഉറക്കെ കരയാന്‍ തുടങ്ങി.

മതിഭ്രമത്തിന്റെ മായക്കാഴ്ചകളില്‍ കൊരുത്ത്‌, നുരയൊലിപ്പിച്ച്‌ കുതിക്കുന്ന ഭ്രാന്തന്‍ കുതിരയെപ്പോലെ ഓര്‍മകള്‍..., ഇതെന്നെ എവിടേക്കാണ്‌ കൊണ്ടുപോവുന്നത്‌? മാറിയുടുക്കാനെടുത്ത വസ്‌ത്രങ്ങളുമായി കണ്ണാടിക്കു മുന്നില്‍ ഈ നില്‍പു തുടങ്ങിയിട്ട്‌ ഇതെത്ര നേരം? വയ്യ, ഏകാന്തതയുടെ ഈ ചതുപ്പില്‍ ഇനിയും ഒറ്റയ്ക്കാവാന്‍ വയ്യ. ധൃതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചു. അലമാരയില്‍നിന്നും പാതിയൊഴിഞ്ഞ ജിന്‍ബോട്ടില്‍ എടുത്തു തുറന്നു. ചെറുനാരങ്ങ നീരിന്റെ ചവര്‍പ്പു കൂട്ടി ഒരല്‍പം. ഇല്ലെങ്കില്‍ കഴിഞ്ഞരാത്രിയുടെ ഹാങ്ങോവര്‍ മാറിക്കിട്ടില്ല. കട്ടിലില്‍ അലക്ഷ്യമായെറിഞ്ഞ കടുംപച്ച നിറമുള്ള വൂളന്‍ സ്വെറ്ററെടുത്തു കൈത്തണ്ടയിലിട്ട്‌ വാതില്‍ പൂട്ടി വരാന്തയിലേക്കിറങ്ങി.

വെളിയില്‍ ചൂളം കുത്തുന്ന ശീതക്കാറ്റ്‌ നിലച്ചിരിക്കുന്നു. പുകമഞ്ഞിന്റെ കട്ടിത്തിരശ്ശീലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന നേര്‍ത്ത വെയില്‍നാളങ്ങള്‍. നീലമലകളുടെ അവസാനത്തെ മടക്കില്‍, ചെറിയ ക്രിസ്ത്യ‍ന്‍പള്ളി കഴിഞ്ഞുള്ള കയറ്റം അവസാനിക്കുന്നത്‌ "ലെയ്ക്ക്‌വ്യൂ ഹൗസി"ന്റെ ചെറിമരങ്ങള്‍ നിറഞ്ഞ മുറ്റത്താണ്‌. ഇവിടെ ഇതിന്റെ രണ്ടാംനിലയിലെ മരയഴികള്‍ പിടിപ്പിച്ച ഈ വരാന്തയില്‍ നിന്നു നോക്കിയാല്‍ അങ്ങു താഴെ വക്കുകളുടഞ്ഞ ഒരു വലിയ കണ്ണാടിപോലെ തടാകം കാണാം. തടാകം ചുറ്റി മുകളിലേക്കു വരുന്ന റോഡിന്റെ വശങ്ങളില്‍ അലക്ഷ്യമായി മേഞ്ഞുനടക്കുന്ന ചടച്ച കുതിരകള്‍. പാര്‍ക്കില്‍ ഒരു നല്ല വൈകുന്നേരത്തിന്റെ ആള്‍ത്തിരക്കേയില്ല. ചെമന്ന ഇഷ്ടികകള്‍ പാകിയ നടപ്പാതയ്ക്കപ്പുറം, തടാകത്തിലേക്കിറങ്ങുന്ന കല്‍പ്പടവുകള്‍ക്കു കീഴെ, കടുംനിറങ്ങളണിഞ്ഞ ഫൈബര്‍ ബോട്ടുകള്‍ യാത്രക്കാരെ കാത്ത്‌ അലസം കിടന്നു. ഉവ്വ്‌, സീസണ്‍ കഴിയാറായിരിക്കുന്നു. ഗോതമ്പുനിറമുള്ള പൂവുകള്‍ പൂക്കുന്ന മേടുകളില്‍ മടുപ്പിന്റെ ചാരനിറം പടരുന്നത്‌ ഇന്നലെയേ ശ്രദ്ധിച്ചിരുന്നു. കുതിരവണ്ടികളുടെ കടകടശബ്ദത്തിനും മീതേ കലപില കൂട്ടി നടന്നിരുന്ന സഞ്ചാരിക്കൂട്ടങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. കുതിരച്ചാണകത്തിന്റേയും നനഞ്ഞ വൈക്കോലിന്റെയും സമ്മിശ്രഗന്ധം തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ തെരുവുകള്‍ വിജനമാവും ഇനി. ഒടുവില്‍ വിളറിനരച്ച ആകാശത്തിനു കീഴെ, വിരസതയുടെ കമ്പിളിപ്പുതപ്പും വലിച്ചിട്ട്‌ നീലക്കുന്നുകള്‍ ഒരു നീണ്ട ഉറക്കത്തിലേക്ക്‌ വഴുതിവീഴും. ഇനിയും വരാനുള്ള മറ്റൊരു പൂക്കാലത്തിലേക്ക്‌ സ്വപ്നത്തിലെ ജനാലകളും തുറന്നുവെച്ച്‌.

താഴെ പോര്‍ച്ചില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്തോ തമാശ പറഞ്ഞ്‌ ഉറക്കെച്ചിരിച്ചു. അവരില്‍ മുഖപരിചയം തോന്നുന്ന ഒരുവള്‍ മുകളിലേക്ക്‌ കൈയുയര്‍ത്തി വീശി. പാണ്ഡ്യരാജന്‍ ഏര്‍പ്പാടുചെയ്യുന്ന മിനിബസ്സും കാത്തുനില്‍ക്കയാവണം. അവരുടെ ഇവിടത്തെ ജോലി കഴിഞ്ഞിരിക്കുന്നു. അങ്ങുദൂരെ വലിയ പട്ടണത്തില്‍, നിയോണ്‍ ബള്‍ബുകള്‍ പൂക്കുന്ന സന്ധ്യകളിലേക്ക്‌ ചേക്കേറാം അവര്‍ക്കിനി. കോടമഞ്ഞും മഴയും തെളിഞ്ഞ്‌ വീണ്ടും മേടുകള്‍ പൂക്കാന്‍ തുടങ്ങുന്ന ഋതുപ്പകര്‍ച്ചയില്‍, ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്കൊപ്പം, ദേശാടനപ്പറവകള്‍പോലെ അവരിനിയും വരും. കാലഗണനയും ദിശാബോധവും തെറ്റി, കൂട്ടംവിട്ടൊയ്ക്കായ ഒരു പക്ഷിയായി, താന്‍മാത്രം ഇവിടെയിങ്ങനെ തനിച്ച്‌... പിറകില്‍ പാദസരം കിലുങ്ങി. നനഞ്ഞ കിളിക്കുഞ്ഞിന്റെ കരച്ചില്‍പോലെ നേര്‍ത്ത ശബ്ദത്തില്‍ ആരോ വിളിക്കുന്നു.

"ചേച്ചീ"

ചെറിയ വട്ടമുഖത്തില്‍നിന്ന്‌ ഇപ്പോള്‍ താഴെ വീഴും എന്നു തോന്നിക്കുന്ന വലിയ കണ്ണുകളാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌. നന്നേ മെലിഞ്ഞ്‌ ഉയരംകൂടിയ ഒരു പെണ്‍കുട്ടി. കൗതുകം തോന്നിക്കുംവിധം ചെമ്പിച്ച നീണ്ടമുടി ഹാഫ്‌സാരിക്കു മുകളിലൂടെ മുന്നിലേക്ക്‌ മെടഞ്ഞിട്ടിരിക്കുന്നു. അവള്‍ കൈയിലെ വൃത്തിയായി മടക്കിയ ചെറിയ രോമപ്പുതപ്പ്‌ നീട്ടി.

"ഞാന്‍... ദ്‌ തരാനാ...."

കണ്ണുകളിലെ ചോദ്യഭാവം വായിച്ചിട്ടെന്നോണം അവള്‍ പിന്നെയും പറഞ്ഞു.

"ന്നലെ രാത്രി നിയ്ക്ക്‌ പൊതച്ചു തന്നതാ..."

പ്രാണനില്‍ കൊളുത്തിയ തേങ്ങലിന്റെ ആര്‍ദ്രമായ ഒരോര്‍മയുടെ നീറ്റലില്‍ അറിയാതെ അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു.

"എന്തിനേ ന്നലെ കരഞ്ഞേ?"

പെട്ടെന്ന്‌ നിറഞ്ഞുപോയ വലിയ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, വിതുമ്പാന്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൂട്ടിക്കടിച്ച്‌, അവള്‍ തലകുലുക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ കൈകള്‍ വലിച്ചെടുത്ത്‌, പുറങ്കൈകൊണ്ട്‌ കണ്ണു തുടച്ച്‌ വെറുതെ എന്ന്‌ കണ്ണീരിലൂടെ ചിരിച്ചു. മഞ്ഞ്‌ പൂക്കുന്ന നാരക മരത്തിന്റെ ഇലകളില്‍, കാറ്റ്‌ വീണ്ടും സങ്കടം നിറഞ്ഞ്‌ തണുത്ത ഒരു നിശ്വാസമായി.

"ചേച്ചി പൂവാന്‍ നില്‍ക്ക്വാ?"

"എവിട്‌യ്ക്ക്‌?"

"ബേങ്ക്‌ളൂര്‍ക്ക്‌, വിജയമ്മ്വൊക്കെ നേര്‍ത്തെ പോയില്ലോ""

എനിയ്ക്കെവ്‌ടേം പോവാനില്ല കുട്ടീ"...

തലയ്ക്കല്‍ കൊളുത്തി വെച്ച നിലവിളക്കില്ല. ചന്ദനത്തിരികളെരിയുന്നില്ല. ഒന്നു കരയാന്‍പോലും ആരുമില്ലാതെ പഴമ്പായില്‍ പൊതിഞ്ഞ ശവം ഉമ്മറത്തെ സിമന്റു തിണ്ണയില്‍ ഒരുപാടു നേരം അനാഥമായി കിടന്നു. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന്‌ തെക്കേപ്പറമ്പില്‍ കുഴി വെട്ടി. റെയില്‍പ്പാളത്തില്‍ തീവണ്ടിയിടിച്ച്‌ ചത്ത പയ്യിനെ കുഴിച്ചിട്ട അതേ നിസ്സംഗതയോടെ അവര്‍ അച്ഛനെ മണ്ണിട്ടു മൂടി. എന്നിട്ട്‌ എല്ലാം കഴിഞ്ഞ്‌, കൂട്ടിന്‌ ഒരു വിളക്കുപോലും കൊളുത്തിവെയ്ക്കാതെ ഓരോരുത്തരായി പടിയിറങ്ങിപ്പോയി. മരണത്തിന്റെ അഴുകിയ ഗന്ധവും പേറി പെരുകുന്ന ഇരുട്ടില്‍ താനൊറ്റയ്ക്കാണെന്ന തോന്നല്‍ അസ്തികളില്‍ ഒരു മരവിപ്പായി പടര്‍ന്നു. ഇരുള്‍ മെഴുകിയ പ്രതിമപോലെ ഒരുപാടു നേരം അതേ ഇരുപ്പിരുന്നിരിക്കണം. പുറത്ത്‌ വിറങ്ങലിച്ചു കിടന്ന രാത്രിയുടെ നെഞ്ചില്‍, ചാറ്റല്‍ മഴ ഊര്‍ദ്ധ്വശ്വാസമായി കുറുകി. ഒടുവില്‍ മഴപെയ്‌തൊഴിഞ്ഞ്‌, കാര്‍മേഘങ്ങള്‍ നീങ്ങി, തെളിഞ്ഞു വരുന്ന പുലരിയുടെ ശാന്തിയിലേക്ക്‌ വാതില്‍ തുറന്ന്‌ ഇറങ്ങി നടന്നു. ചെളി വഴുക്കുന്ന മുറ്റം കടന്ന്‌, നീര്‍ച്ചാലൊഴുകുന്ന ഇടവഴി പിന്നിട്ട്‌, റെയില്‍പ്പാത മുറിച്ചു കടന്ന്‌, പാടവും പുഴയും കടന്ന്‌...

സമതലങ്ങളില്‍ ആസുരമായ തൃഷ്ണയുടെ ഉച്ചസൂര്യന്‍ തിളച്ചു. ഉഷ്ണഗന്ധം സ്ഖലിക്കുന്ന രാവുകളില്‍, പൊട്ടിയൊലിക്കുന്ന വിയര്‍പ്പിന്റെ ഉപ്പുചൂരില്‍ കുതിര്‍ന്ന വിരികളില്‍, രതിമൂര്‍ച്ഛയറിഞ്ഞ ഉടലുകള്‍ ഇണപിരിഞ്ഞു. ഉടയാടകളഴിച്ചു വിരിഞ്ഞു കിടക്കുന്ന നഗരങ്ങള്‍... കാമം ചുട്ടുപൊള്ളുന്ന കിതപ്പുകളുടെ താളം ഉന്മത്തമായ ശരീരത്തിന്റെ ദ്രുതചലനങ്ങളില്‍ തൊടുത്ത്‌, അശാന്തമായ ആസക്തിയുടെ ഊഷരഭൂമികളിലൂടെ ചുടുമണല്‍ക്കാറ്റുയര്‍ത്തി കടന്നുപോയ അശ്വമേധം... അവസാനം ഇഴഞ്ഞു തളര്‍ന്ന്‌, കരിമ്പുക തുപ്പി മല കയറിയെത്തിയ വണ്ടിയില്‍, വെളുത്ത മഞ്ഞുകൂരയ്ക്കു കീഴില്‍ കുളിര്‍ന്നു വിറച്ച്‌ നിന്നിരുന്ന സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും നിനക്കുമിടയില്‍ പിന്നിട്ടുപോന്ന ഈ കാലങ്ങളത്രയും അവിടെ ഘനീഭവിച്ചു നില്‍പ്പുണ്ടായിരുന്നിരിക്കണം.
"ചേച്ചി എന്താ ഓര്‍ക്ക്ന്നേ?"

"ഒന്നൂല്ല്യ, ഞാനൊന്ന്‌ പുറത്തേക്കിറങ്ങാന്‍ തുടങ്ങ്വായിരുന്നു"

"ഞാങ്കൂടെ വരട്ടെ... വെറ്‌തെ സ്ഥലോക്കെ ഒന്നു കാണാന്‍..."

"ന്താ മോള്‍ടെ പേര്‌?"

"വേണി"

"പുതപ്പ്‌ വേണ്യന്നെ പൊതച്ചോളൂ, ഇത്തിരി കഴിഞ്ഞാ തണുപ്പ്‌ സഹിയ്ക്കില്ല്യ"വരാന്തയുടെ അറ്റത്തെ പടികള്‍ പാതിയിറങ്ങി ഇനിയും വയ്യാത്തതുപോലെ വേണി നിന്നു. കൂമ്പാള പോലെ വിളറിയ കവിളുകളില്‍ വേദനയുടെ ചുവപ്പുരാശി പടരുന്നു. ഒരാശ്രയത്തിനെന്നോണം മെലിഞ്ഞ വിരലുകള്‍കൊണ്ട്‌ അവള്‍ ഗോവണിയുടെ കൈവരിയില്‍ മുറുകെ പിടിച്ചു.

"ന്താ കുട്ടീ, ഇറങ്ങാന്‍ വയ്യേ?"

"ഞാന്‍... എനിയ്ക്ക്‌...." പറയാന്‍ വന്നത്‌ ഗദ്ഗദം ഇടറിയ തൊണ്ടയില്‍ കുരുങ്ങി മുറിഞ്ഞു.

നീറിക്കത്തിയിരുന്ന തീനാളങ്ങള്‍ അണയാന്‍ തുടങ്ങിയ നേരത്ത്‌, ഗിറ്റാര്‍ വായിച്ചു കൊണ്ടിരുന്ന, തോളറ്റം മുടിവളര്‍ത്തിയ ചെറുപ്പക്കാരന്റെ മടിയില്‍ തല വെച്ച്‌ ചുരുണ്ട്‌ കിടന്ന്‌, പെരുമഴയത്ത്‌ ആരോ വഴിവക്കിലുപേക്ഷിച്ചു പോയ പൂച്ചക്കുഞ്ഞിനെപ്പോലെ വിറച്ചിരുന്ന മെലിഞ്ഞ പെണ്‍കുട്ടി. പൊടുന്നനെ നെഞ്ചിനുള്ളില്‍ ഉറല്‍ പാറി വീണ്‌ ഒരോര്‍മ പൊള്ളി.

"ന്നലെ രാത്രി ആദ്യായിട്ടാ മോള്‌...?

"ഉള്ളുലച്ചു വന്ന കരച്ചില്‍, പക്ഷേ അവളുടെ കണ്‍കോണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികളായൊടുങ്ങി.

"നടക്കാന്‍ വയ്യാന്ന്ണ്ടെങ്കീ നമുക്ക്‌ മുറീല്‍ക്ക്‌ പോകാം"

"വേണ്ട ചേച്ചീ, പത്ക്കെ നടക്കാം"

ചുമലിലൂടെ കൈയിട്ട്‌ ഒരു കൊച്ചുകുട്ടിയെപ്പോലെ അവളെ ചേര്‍ത്തു പിടിച്ച്‌ മെല്ലെ പടികളിറങ്ങി. ഉതിര്‍ന്നു വീണ മഞ്ഞുമണികള്‍ കായ്ച്ചു നില്‍ക്കുന്ന ചെറിമരങ്ങള്‍ക്കിടയിലൂടെ, വെളുത്ത ചായം തേച്ച ഗെയിറ്റ്‌ കടന്ന്‌ പതുക്കെ ഇറക്കമിറങ്ങി പള്ളിക്കടുത്തെത്തുവോളം വേണി പിന്നെയൊന്നും പറഞ്ഞില്ല. റോഡ്‌ മുറിച്ചു കടന്ന്‌ മുക്കുറ്റിപ്പൂവിന്റെ പരവതാനി നിവര്‍ത്തിയിട്ടപോലെ നിറയെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ചെരിവില്‍, താഴെ തടാകക്കരയിലേക്കിറങ്ങിപ്പോവുന്ന പടവുകളിലെത്തുമ്പോഴേക്കും അവള്‍ നന്നേ തളര്‍ന്നിരുന്നു.

"നമുക്കിത്തിരി ഇവിടെ ഇരുന്നാലോ കുട്ടീ"

മൗനമുറഞ്ഞ്‌ കട്ടിയായത്‌ പോലെ മുന്നില്‍ തടാകം. ആകാശത്തിലെമ്പാടും ഉണങ്ങിയ പഞ്ഞിക്കായകള്‍ പൊട്ടിച്ചിതറി. മിനുത്ത പഞ്ഞുത്തുണ്ടുകളായി പാറി നടക്കുന്ന മഞ്ഞ്‌ ഒന്നുകൂടി ഒരു വെളുത്ത മേല്‍ക്കട്ടിയായി തടാകത്തിനു മുകളില്‍ തൂങ്ങിക്കിടന്നു. നോക്കിയിരിക്കെ, എങ്ങുനിന്നില്ലാതെ വീശിയ തണുത്ത കാറ്റ്‌ പഞ്ഞിത്തുണ്ടുകളെ മുഴുവന്‍ അടിച്ചു പറത്തിക്കൊണ്ടുപോയി. ഒരു പടവ്‌ താഴെയിരുന്ന്‌, മടിയിലേക്ക്‌ തല ചായ്ച്ച്‌ കിടന്നിരുന്ന വേണി തണുപ്പിന്റെ ഒരു പാളിയടര്‍ന്ന്‌ ദേഹത്ത്‌ വീണാലെന്നോണം വിറച്ചു.

"തണുപ്പടിയ്ക്ക്‌ണുണ്ടല്ലേ?"

"കൊറേശ്ശെ"

"വേണി വിജയത്തിന്റെ കൂടെയാ വന്നേ?"

"ഉം...""വിജയത്തിന്റെ ആരാ?"

"ആരുമല്ല. ആസ്പത്രീന്ന്‌ പരിചയപ്പെട്ടതാ... അമ്മടെ കൂടെ നിക്കുമ്പോ"

"അമ്മ...?"

"മരിച്ചു പോയി... അപ്പഴ്‌ വിജയമ്മ മാത്രേ ഉണ്ടായിര്‍ന്നുള്ളു ഒരു സഹായത്തിന്‌. ശവടക്കാനുള്ള ചെലവൊക്കെ അവരാ കൊടുത്തെ. പിന്നെ അവര്‌ പോന്നപ്പൊ എന്നേം കൂടെ കൂട്ടി".

"ഇതിനാ വരു‍ന്നേന്ന്‌ പറഞ്ഞിരു‍ന്നോ ആദ്യം?"

"ഞങ്ങള്‌ കൊറച്ചീസം അവര്‌ടെ പാലക്കാട്ള്ള വീട്ടി നിന്നിരുന്നു. അപ്പളാ ഒക്കെ പറഞ്ഞെ. ഇഷ്‌ടൊണ്ടെങ്കീ മാത്രം പോന്നാ മതി അല്ലേല്‌ നാട്ടിലേക്ക്‌ പോകാനുള്ള ഏര്‍പ്പാടൊക്കെ ചെയ്‌തു തരാം എന്നു പറഞ്ഞു. എനിക്കവിടെ വേറെ ആരുല്ല്യ, അതോണ്ട്‌ ഞാനും കൂടെ പോന്നു."

“പിന്നെന്തേ ബേങ്ക്‌ളൂര്‍ക്ക്‌ കൊണ്ടു പോകാഞ്ഞെ?"

"അവര്‌ അട്ത്താഴ്ച വരും. അത്‌ വരെ ഇവ്‌ടെത്തന്നെ നിന്നോളാന്‍ പറഞ്ഞു"

കോട വീഴാന്‍ തുടങ്ങിയാല്‍ മലമടക്കുകളില്‍ സന്ധ്യ മയങ്ങുന്നതും രാത്രി പരക്കുന്നതും ഒട്ടും നിനച്ചിരിക്കാത്ത നേരത്താവും. വെറുതെയിങ്ങനെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന്‌ താഴ്‌വരയില്‍ നിന്നും ഇരുട്ട്‌ കയറി വന്ന്‌ ആകാശവും തടാകവും അതിലെ ബോട്ടുകളും മരങ്ങളും ഒക്കെ മുങ്ങിപ്പോവും. തടാകത്തിനു ചുറ്റും ചില്ലു കൂടുകളില്‍ വര്‍ണവിളക്കുകള്‍ തെളിഞ്ഞു. ഇരുണ്ടു കറുക്കാന്‍ തുടങ്ങിയ ജലപ്പരപ്പില്‍ ചുവപ്പും നീലയും പച്ചയുമൊക്കെ ഇടകലര്‍ന്ന്‌ വെളിച്ചത്തിന്റെ പൊട്ടുകള്‍ നീന്തിക്കളിച്ചു. അലോസരപ്പെടുത്തുന്ന ഒരു തണുത്ത തലോടലായി നനഞ്ഞ കാറ്റ്‌ വീശിക്കൊണ്ടിരുന്നു.

"ഇന്നലെ രാത്രി എന്തിനേ കുട്ടി അവിടെ വന്നേ? അതും ആദ്യായിട്ട്‌..."

"ങ്ങനെ ആളും ബഹളോക്കെണ്ടാവൂന്ന്‌ പാണ്ഡ്യന്‍ പറഞ്ഞിരു‍ന്നില്ല ചേച്ചി. ഇന്ന്‌ രാവിലെ വന്നപ്പൊ വിജയമ്മ തല്ലാന്‍ ചെന്നു അയാളെ."

എണ്ണമയം തീരെയില്ലാത്ത അവളുടെ മുടിയിഴകളില്‍ തലോടിക്കൊണ്ടിരിക്കെ നെഞ്ചിനുള്ളില്‍ എന്തിനെന്നറിയാതെ ഉള്ളുലഞ്ഞു വരുന്ന ഒരു കരച്ചലിരുന്ന്‌ വിങ്ങുന്നുണ്ടായിരുന്നു.

"നാട്ടിലേക്ക്‌ പൊയ്ക്കൂടായിരു‍ന്നോ മോളെ നിനക്ക്‌..."

തകര്‍ന്നു പോയ ഒരാത്‌മാവിന്റെ ആഴങ്ങളിലെങ്ങോ നിന്ന്‌ ഉയര്‍ന്ന ഒരു നിശ്വാസം തണുത്ത കാറ്റിലലിഞ്ഞു ചേര്‍ന്നു.

"ഓര്‍മ്മ വെച്ചെടം മുതല്‍ നിയ്ക്കാകെ അമ്മ മാത്രെണ്ടായിര്‍ന്നുള്ളൂ... അതൂടെ പോയപ്പോ പിന്നെ... ഞാനൊറ്റയ്ക്ക്‌... ന്റെ യോഗം ഇങ്ങനാവണംന്നായിരിക്കും, അല്ലാണ്ടെ...."

പറയാന്‍ വന്നതിന്റെ തുടര്‍ച്ചയിലേക്ക്‌ സ്വയം നഷ്ടപ്പെട്ട്‌ അവള്‍ എന്തൊക്കെയോ സങ്കടം നിറഞ്ഞ ഓര്‍മകളിലേക്ക്‌ ചുരുങ്ങി ഒന്നും മിണ്ടാതെ കിടന്നു....

വിധി! അല്ലെങ്കില്‍ അമ്മയ്ക്കെങ്ങിനെ അത്‌ ചെയ്യാന്‍ കഴിഞ്ഞു. അമ്മ ആരോടെങ്കിലും ഒന്നു മിണ്ടിയിട്ട്‌ തന്നെ ഒരുപാടു നാളുകളായിരുന്നല്ലോ അപ്പൊഴേയ്ക്കും. കരിയും മാറാലയും പിടിച്ച വീടിന്റെ ഉള്ളറകളില്‍ അങ്ങിനെയൊരു ജന്മം പടുതിരി കത്തിയിരുന്നു എന്നുപോലും ആരുമോര്‍ത്തിരുന്നില്ല... കറുത്ത ആകാശത്തിനും കറുത്ത മഴയ്ക്കും ഭ്രാന്തു പിടിച്ചു. ചോര ചിതറി ചുവന്ന പാവാടയില്‍ പാതി നിലത്തും പാതി കട്ടിലിലുമായി ബോധമറ്റു കിടന്ന മകള്‍ക്കരികില്‍, പ്രാകൃതമായൊരു മൈഥുനത്തിന്റെ തളര്‍ച്ചയില്‍ മയങ്ങിക്കിടക്കുന്ന അച്ഛന്റെ നാഭിയില്‍ വിഷം ചീറ്റി തളര്‍ന്ന്‌ ചുരുണ്ടുകിടന്ന കരിനാഗത്തിനെ, പുല്ലരിയാനെടുത്ത അരിവാളിന്റെ മൂര്‍ച്ച വെച്ച്‌ അരിഞ്ഞെടുത്തു അമ്മ. താളം തെറ്റിയ മനസ്സില്‍ കത്തിയെരിഞ്ഞ പകയുടെ ഊക്കില്‍, കരിഞ്ചേരട്ടകള്‍ വെന്തു കരിഞ്ഞു കിടക്കുന്ന കനല്‍ചട്ടിയിലേക്ക്‌ അതിനെ വലിച്ചെറിഞ്ഞിട്ട്‌, പേ പിടിച്ചലറിപ്പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങി നടന്ന്‌ അമ്മ പോയി. ഭ്രാന്താശുപത്രിയിലെ കുറ്റവാളികളുടെ സെല്ലില്‍ ആത്മപീഢയുടെ നരകപര്‍വവും പിന്നിട്ട്‌ കടന്നു പോയിട്ടുണ്ടാവുമോ അമ്മയിപ്പോള്‍? അറിഞ്ഞുകൂടാ... ഒന്നും അറിഞ്ഞുകൂടല്ലോ എനിയ്ക്കിപ്പോള്‍.

മടിയില്‍, പ്രാണനെ പൊതിയുന്ന വാത്സല്യത്തിന്റെ നേരിയ ചൂടില്‍, അസ്വസ്ഥമായ മനസ്സോടെ വേണി തിരിഞ്ഞു കിടന്നു. പൊരുളറിയാത്ത ഏതോ ഒരുള്‍പ്രേരണയാലെന്നപോലെ, അനാദിയായ സ്നേഹത്തിന്റെ വെളുത്ത പാടുകള്‍ വീണ അടിവയറില്‍ അവള്‍ മുഖം ചേര്‍ത്തു. മഞ്ഞു നീങ്ങി തെളിഞ്ഞു വരുന്ന ആകാശച്ചെരിവില്‍, നിഴല്‍രൂപങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന നീലമലകളുടെ ഉച്ചി തുടുത്തു. മലകള്‍ക്കു മുകളിലായി അപ്പോള്‍ മെല്ലെ ഉദിച്ചുവരുന്ന നിലാവിന്റെ മുലപ്പാല്‍ ചുരന്നു. പിന്നെ നേര്‍ത്ത ചുണ്ടുകള്‍ തെല്ലു പിളര്‍ത്തി, കൈകള്‍ മാറില്‍ച്ചേര്‍ത്ത്‌ മുറുകെ പുണര്‍ന്ന്‌, ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി അവള്‍ ഉറങ്ങാന്‍ തുടങ്ങി.