Sunday, September 10, 2006

അര്‍പ്പണം

എടുത്തു കൊള്ളുക,
സഖീ നീയെടുത്തു കൊള്ളുക ഞാനെന്റെ
ഹൃദയരക്തത്താല്‍ കുറിച്ചിട്ട വാക്കുകള്‍
‍എടുത്തുകൊള്ളുക ഞാനെന്റെയാത്മാവില്‍
‍പ്രാണന്‍ വളമിട്ട ചെമ്പനീര്‍ പൂവുകള്‍

‍ആരവമൊഴിഞ്ഞു, കറുത്തമൗനം പുതച്ചൊരീ
പഴയ കലാലയ മുറ്റത്തു നില്‍പൂ ഞാന്‍
‍ഇത്തിരിമുന്‍പെന്റെ ജീവന്‍ തുടിക്കുന്ന
സ്വപ്നങ്ങള്‍ കൊണ്ടു നീ യാത്ര പറഞ്ഞു പോയ്‌
പൂക്കള്‍ കരിഞ്ഞൊരീ ഗുല്‍മോഹറിന്‍ ചോട്ടില്‍
‍ഞാനുമെന്‍ നെഞ്ചിലെ തേങ്ങലും ബാക്കിയായ്‌

ഓര്‍ത്തു വെയ്ക്കുക, നീ വിറയ്ക്കുന്ന ചുണ്ടിനാല്‍
‍രാഗമുദ്രകള്‍ ചാര്‍ത്തിക്കഴിയുമ്പോള്‍
‍പൊള്ളും വലംകവിളശ്രുവാല്‍ തണുപ്പിച്ച്‌
കാത്തിരിപ്പുണ്ട്‌ ഞാന്‍ കാതങ്ങള്‍ക്കപ്പുറം
എങ്കിലും കൊണ്ടുപോയ്ക്കൊള്ളുക നീയെന്റെ
ഇത്തിരി വെട്ടം പകരും ചെരാതിനെ

കാത്തുകൊള്ളുക കൈക്കുമ്പിളാലാ വെളിച്ചത്തെ
കാറ്റിലണയാതെ, കരിന്തിരി കത്താതെ
കാത്തു കൊള്ളുക, നിന്റെ മാറിലെ ചൂടേറ്റു
കത്തുന്ന നോവും മറന്നവനുറങ്ങട്ടെ
നെഞ്ചോടു ചേര്‍ത്തു പുണരുക നീയെന്റെ
ചിതകത്തിത്തീര്‍ന്നൊരാ വ്യര്‍ത്ഥമോഹങ്ങളെ

ജന്മാന്തരങ്ങള്‍ക്കുമപ്പുറം ഞാനെന്റെ
നോവിന്‍ കടങ്ങള്‍ വീട്ടിക്കഴിയുമ്പോള്‍
‍തിരികെത്തന്നുകൊള്ളുക സഖീ എനിക്കായി നീ
സൂക്ഷിച്ചു വെച്ചൊരെന്‍ പ്രാണന്റെ പ്രാണനെ

ഇപ്പൊഴീ പുലരാന്‍ തുടങ്ങുന്ന രാവിലെന്‍
‍പ്രാര്‍ഥനപ്പായ നിവര്‍ത്തി വെയ്ക്കട്ടെ ഞാന്‍

15 comments:

Physel said...

മറന്നുവോ നിങ്ങള്‍ ഷാഹിറയെ..കരീം മാഷിന്റെ ഷാഹിറയെ....മാഷ്‌ ഏറെപ്പറയാതെ വിട്ടു കളഞ്ഞ അവരുടെ പ്രണയത്തെ....സാബിയാണുതാരം എന്നു നിങ്ങള്‍ പറയുമ്പോഴും പണ്ടു പഠിച്ച കലാലയ മുറ്റത്ത്‌, പൂക്കള്‍ കൊഴിഞ്ഞുപോയ ആ ഗുല്‍മോഹറിന്‍ ചോട്ടില്‍, പഴയ കളിക്കൂട്ടുകാരിക്ക്‌ സ്വന്തം പ്രാണന്‍ പറിച്ചു നല്‍കിയ ഷാഹിറയെ നിങ്ങള്‍ മറന്നു, അവളുടെ ഹൃദയ വേദനയും നിങ്ങള്‍ മറന്നു....കരീം മാഷ്‌ ക്ഷമിക്കുക, സാബിറ യാത്ര പറഞ്ഞു പോയ ശേഷം ഏകയായി ആ ഗുല്‍മോഹറിന്‍ ചുവട്ടില്‍ നിന്ന ഷാഹിറയെ ഞാനെടുക്കുന്നു..ആ ഹൃദയത്തിന്റെ തേങ്ങല്‍ മാഷ്‌ കേള്‍ക്കുന്നില്ലേ

Anonymous said...

കവിത ഭംഗിയായി. ഷാഹിറയുടെ നൊമ്പരം താങ്കള്‍ കണ്ടുവല്ലോ. അതിവിടെ പലരും കാണാതെ പോയി.ഇവിടെ ആരാണ് താരം എന്നതിന് പ്രസക്തിയില്ല.ആര് ആരോട് നീതി കാണിച്ചു എന്നതിനാണ് പ്രസക്തി. സാബി ഷാഹിറയോടും, ഷാഹിറ സാബിയോടും നീതി കാണിച്ചു. നായകനോ?
ഒരു പാട് പറയാനുണ്ട്. പക്ഷെ അത് കരിം മാഷിനെ വേദനിപ്പിക്കും.
ഇതു കഥയായിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ പറയുമായിരുന്നു. ഇതു ആത്മകഥയല്ലെ. ആരെയും വേദനിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല.ഞാനിവിടെ എല്ലാവരുടേയും കഥയും, കവിതയും സ്ഥിരമായി വായിക്കുന്ന ഒരാളാണ്.

ബാബു said...

ഫൈസല്‍, കവിതയുടെ ആദ്യഭാഗത്തിന്‌ ഒരു ചുള്ളിക്കാടന്‍ ചുവ(ആനന്ദധാര).
കവിത കൊള്ളാം. ഞാന്‍ ഷാഹീറയുടെയോ സാബിയുടെയോ കരീംമാഷിന്റെയൊ ഭാഗം പിടിക്കുന്നില്ല.

അത്തിക്കുര്‍ശി said...

കവിത നന്നായിട്ടുണ്ട്‌.

ആദ്യം കൊടുത്തപശ്ചാത്തല വിവരണം ഒഴിവാക്കാമായിരുന്നു. അല്ലെങ്കില്‍, അവസാനം ഒരു ചെറു സൂചനയിലൊതുക്കാമായിരുന്നു.

തേങ്ങല്‍ കേള്‍ക്കുന്നില്ലേ എന്ന രോധനവും, ഞാനെടുക്കുന്നു എന്ന അവകാശവും കഥാകാരന്റെ തികച്ചും സ്വകാര്യമായ ദു:ഖങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെ?

അതൊക്കെ ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നു കൂടെ നന്നാവുമായിരുന്നു എന്നു തോന്നുന്നു.. നല്ലൊരു വിരഹ ഗാനം.

Kalesh Kumar said...

നല്ല കവിത!!

Physel said...

ചൂടാതെപോയ്‌ നീ നിനക്കായി ചോര -
ചാറിച്ചുവപ്പിച്ചൊരീ പനീര്‍ പൂവുകള്‍
കാണാതെപോയ്‌ നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍"

ഈ വരികളാണല്ലേ ബാബുജി ചൂണ്ടിക്കാട്ടിയത്‌...

പിന്നെ അത്തിക്കുര്‍ശി പറഞ്ഞതുപോലെ കഥാകാരന്റെ സ്വകാര്യദുഖം അല്ലല്ലോ അത്‌. അദ്ദേഹം എപ്പോള്‍ ആ കഥാപാത്രങ്ങളെ വായനാക്കര്‍ക്കു മുന്‍പില്‍ സമര്‍പ്പിച്ചുവോ, അന്നു മുതല്‍ അവര്‍ നമ്മള്‍ വായനക്കാരുടെതു കൂടെയായി മാറിയില്ലേ? പിന്നെങ്ങനെ അതു കഥാകാരന്റെ സ്വകാര്യദു:ഖം ആവുന്നു?

ഏതായാലും ജയശ്രീ, ബാബുജി,അത്തിക്കുര്‍ശി,കലേഷ്‌... എല്ലാവര്‍ക്കും നന്ദി!

magnifier said...
This comment has been removed by a blog administrator.
തറവാടി said...

കവിത ഇഷ്ടപ്പെട്ടു , വൈകിയോ കാണാന്‍ ?

മുസാഫിര്‍ said...

കവിത നന്നായിട്ടുണ്ടു ഫൈസല്‍,ആരെങ്കിലും ചെല്ലി കേള്‍പ്പിച്ചെങ്കില്‍ എന്നു ആശിക്കുന്നു.

വേണു venu said...

ഇപ്പൊഴീ പുലരാന്‍ തുടങ്ങുന്ന രാവിലെന്‍
‍പ്രാര്‍ഥനപ്പായ നിവര്‍ത്തി വെയ്ക്കട്ടെ ഞാന്‍
ഫൈസല്‍ കവിത നന്നായിരിക്കുന്നു.

sree said...

aകവിത ഭംഗിയായി ഫൈസല്‍ . ഷാഹിറയുടെ നൊമ്പരം
പലരും കാണാതെ പോയി

sree said...

കവിത ഭംഗിയായി ഫൈസല്‍ . ഷാഹിറയുടെ നൊമ്പരം
പലരും കാണാതെ പോയി

mumsy-മുംസി said...

.. ഏതു നിരാശഭരിതനായ കാമുകനും കവി ആവുകയും മലയാളിയാണെങ്കില്‍ തുടക്കത്തില്‍ അവനെ ബാലചന്ദ്രന്‍ ചുള്ളിക്കാട് മണക്കുകയും ചെയ്യും . അതു സാരമില്ല.
ഇനിയും നോവുകളെഴുതുക .

ജന്മാന്തരങ്ങള്‍ക്കുമപ്പുറം ഞാനെന്റെ
നോവിന്‍ കടങ്ങള്‍ വീട്ടിക്കഴിയുമ്പോള്‍
‍തിരികെത്തന്നുകൊള്ളുക സഖീ എനിക്കായി നീ
സൂക്ഷിച്ചു വെച്ചൊരെന്‍ പ്രാണന്റെ പ്രാണനെ
ഈ വരികള്‍ കൊള്ളാം...

sree said...

കാത്തുകൊള്ളുക കൈക്കുമ്പിളാലാ വെളിച്ചത്തെ
കാറ്റിലണയാതെ, കരിന്തിരി കത്താതെ
കാത്തു കൊള്ളുക

കവിത.....ഭംഗിയായി......

Anonymous said...

"ഓര്‍ത്തു വെയ്ക്കുക, നീ വിറയ്ക്കുന്ന ചുണ്ടിനാല്‍
‍രാഗമുദ്രകള്‍ ചാര്‍ത്തിക്കഴിയുമ്പോള്‍
‍പൊള്ളും വലംകവിളശ്രുവാല്‍ തണുപ്പിച്ച്‌
കാത്തിരിപ്പുണ്ട്‌ ഞാന്‍ കാതങ്ങള്‍ക്കപ്പുറം
എങ്കിലും കൊണ്ടുപോയ്ക്കൊള്ളുക നീയെന്റെ
ഇത്തിരി വെട്ടം പകരും ചെരാതിനെ"
വളരെ മനോഹരമായ വരികള്‍ ഫൈസലെ. നന്നായി ഇഷ്ടപ്പെട്ടു..