കാലം....വിളക്കുമാടങ്ങള്‍ തിരിതെളിയാത്ത അതിന്റെ നിഗൂഡമായ വഴിത്താരയില്‍ അപ്രതീക്ഷിതമായ പലതും നമുക്കായി കാത്തു വെയ്ക്കുന്നു. നിറം കെട്ട് പായല്‍ പിടിച്ച് പൊളിഞ്ഞു തുടങ്ങിയ വഴിയമ്പലങ്ങളുടെ തണുത്ത ഇടനാഴികളില്‍ ഒട്ടും നിനച്ചിരിക്കാതെ ഓര്‍മ്മയുടെ പിഞ്ഞിത്തുടങ്ങിയ ഭാണ്ടക്കെട്ടുകള്‍ പേറിയ അരൂപികളെ നാം കണ്ടുമുട്ടുന്നു.....!!
1992 -ല്‍ ആര്‍ത്തലച്ചു പെയ്യുന്ന ജൂണ്മാസത്തിലെ ഒരു രാത്രിയിലാണ് ആദ്യമായി അവളെ കാണുന്നത്. തലശ്ശേരിയിലെ ഒരാശുപത്രിയില്‍, മാലാഖമാരുടെ വെളുത്ത ഉടുപ്പണിഞ്ഞ്, സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ഉടലാര്‍ന്നരൂപമായി....!അന്നവള്‍ സ്വയം പരിചയപ്പെടുത്തിയത് നൂര്‍ജഹാന്‍ എന്ന പേരുപറഞ്ഞായിരുന്നു.
വളരെ അടുത്ത ഒരു സുഹൃത്തിന്റെ ഭാര്യയ്ക്ക് അടിയന്തിരമായി വേണ്ടി വന്ന ഒരു സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് ഒ നെഗറ്റീവ് രക്തം വേണ്ടി വന്നപ്പോള്‍, സുമനസ്കായ രണ്ടുപേരെ വായനശാലയുടെ ബ്ലഡ്ഗ്രൂപ്പ് ഡയക്ടറിയില്‍ നിന്ന് തപ്പിയെടുത്ത് ആശുപത്രിയിലെത്തിയതായിരുന്നു ഞാന്‍.
പകല്‍ ഷിഫ്റ്റിലെ ജോലി ആയിരുന്നിട്ടു കൂടി, വളരെയധികം അപകടാവസ്ഥയിലൂടെ കടന്നുപോയ ആ പ്രസവം കഴിയുവോളം അമ്മയ്ക്കും കൂടെയുണ്ടായിരുന്നവര്‍ക്കും ധൈര്യവും ആശ്വാസവും പകര്‍ന്ന് രാത്രി മുഴുവന്‍ അവളാ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ തള്ളയും പിള്ളയും ദൈവസഹായത്താല്‍ കുഴപ്പങ്ങളൊന്നുമില്ലാതെ വേര്‍പെട്ടു. ആ സമയത്ത് നാട്ടിലേക്ക് ബസ്സുകളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നറിയാവുന്നത് കൊണ്ട് നേരം പുലരാന്‍ നേരത്താണ് നാട്ടിലേക്ക് തിരിച്ചത്. താഴെ റിസപ്ഷന്‍ വഴി കടന്നുപോവുമ്പോള്‍ ഒരു രാത്രിയിലെ ഉറക്കം മുഴുവന്‍ തളം കെട്ടി നില്‍ക്കുന്ന കണ്ണുകളോടെ അവളവിടെ നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ ചെറിയൊരാശ്വാസമായപോലെ.
"ബസ്റ്റാന്റിലേക്കാണോ?" ക്ഷീണം കൊണ്ട് ശബ്ദം തീരെയില്ലായിരുന്നു ചോദ്യത്തിന്.
"അതേ"
"ന്നാ ഞാനൂണ്ട്, ഒറ്റയ്ക്കായതോണ്ട് നിക്ക്വായിര്‍ന്ന്..." കറുത്തമഴക്കാറിനാല്‍ ഇരുള്‍ കനത്തു നില്‍ക്കുകയായിരുന്നു പുറത്തപ്പോഴും.
ഉത്തരത്തിനു കാത്തുനില്‍ക്കാതെ നനഞ്ഞ് ഈറന്‍പിണ്ടിയായ ആ പുലരിയില്‍ അവളെന്നോടൊപ്പം ബസ്റ്റാന്റിലേക്ക് നടന്നു തുടങ്ങി.
"എവിടെയ്ക്കാ പോണ്ടെ?" ഇടയ്ക്കെപ്പൊഴോ ഞാന്‍ ചോദിച്ചു.
"വടകരയ്ക്ക്" "ന്നാ സാരമില്ല, ഞാന്‍ കൊയിലാണ്ടിക്കാ, അപ്പൊ നമുക്കൊരുമിച്ച് പോവാം"
സ്റ്റാന്‍ഡില്‍ വടകര കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസ്സുകള്‍ എത്തിയിരുന്നില്ല അപ്പോഴും. നനഞ്ഞ മഴയും നല്ല തണുപ്പും, തലേരാത്രിയിലെ ഉറക്കവും...., ആകെക്കൂടെ വശക്കേടായിരുന്നു രണ്ടുപേരും.
"എന്തായാലും നമുക്കോരോ ചായ കുടിക്കാം" എന്ന എന്റെ തന്നെ സ്വയം പറച്ചിലിന് എതിരൊന്നും പറഞ്ഞില്ല അവള്‍.
ബസ്റ്റാന്‍ഡിനു തൊട്ടുള്ള തട്ടുകടയില്‍ നിന്നും ചായ വാങ്ങി ചൂടോടെ ഊതിക്കുടിക്കുന്നതിനിടയ്ക്കാണ് അവളുടെ പേര് ചോദിച്ചില്ലല്ലോ എന്ന ബോധോദയം എനിക്കുണ്ടായത്!
"നൂര്‍ജഹാന്‍" ഒരു കുസൃതിച്ചിരിയോടെയായിരുന്നു അവളുടെ മറുപടി. കൂടെ "ക്രിസ്റ്റ്യനാണുട്ടോ" എന്നൊരു അനുബന്ധവും.
ക്രിസ്ത്യാനിപ്പെണ്ണിനെങ്ങിനാണാവോ താത്തക്കുട്ടീടെ പേര്? എന്നു തികട്ടിവന്നെങ്കിലും "വടകരയാണോ വീട്?" എന്നാണ് ഞാന്‍ പിന്നെ ചോദിച്ചത്!
"യ്യോ ഞാന്‍ കട്ടപ്പനക്കാരിയാണപ്പാ..."
പേരു നൂര്‍ജഹാന്‍,ആളു കൃസ്ത്യാനി, വീട് കട്ടപ്പനേല്‍, താമസം വടകരേല്‍, ജോലി തലശ്ശേരിയിലും...! അമ്പ് കുമ്പളത്ത്, വില്ല് ചോപ്പാട്ട്, എയ്യുന്ന നായര് പനങ്ങാട്ടും....!! ബെസ്റ്റ്.!!
വടകരയ്ക്ക് പുറപ്പെടാന്‍ തയ്യാറായി വന്ന ബസ്സില്‍ എന്റെ തൊട്ടടുത്തിരിക്കുവാന്‍ അവള്‍ക്കൊരു സങ്കോചവുമുണ്ടായിരുന്നില്ല. അവളുടെ മൊത്തത്തിലുള്ള പെരുമാറ്റം, പിടി തരാതെ വഴുതുന്ന എന്തൊക്കെയോ ബാക്കിയാക്കുന്നു എന്നെനിക്കു വ്യക്തമായും തോന്നിയിരുന്നു അപ്പോള്‍. ആ കൗതുകം വീണ്ടും അറിയാതെ ഒരു ചോദ്യമായി.
"ഇവിടെങ്ങിനെ എത്തിപ്പെട്ടു?"
"അതൊക്കെ വലീയ്യ കഥകളാ മാഷേ, സൗകര്യമായി പിന്നെപ്പറയാം ട്ടോ..."
പിന്നെ തെല്ലുനേരം കഴിഞ്ഞു ഇത്രേം കൂടെ കൂട്ടിച്ചേര്‍ത്തു.
"വടകരേല്‍ ശ്രീ ജ്യോതി കോളേജിന്റെ പിറകിലാ താമസം..."
"ഏത്...നാരായണ വനിതാ ഹോസ്റ്റലിലോ"?
"അഡാ..വനിതാ ഹോസ്റ്റലൊക്കെ നല്ല ബൈഹാര്‍ട്ടാ അല്ലേ?അവടെ തന്നെ"
"അതല്ല, ഞാനവിടെ ശ്രീ ജ്യോതീല്‍ ക്ലാസെടുക്കുന്നുണ്ട്"
"അപ്പ വാധ്യാരാ?”
"ഞാന്‍ മേഴ്സി കോളേജില്‍ പഠിക്കുന്നു, എംകോമിന്, കൂടെ ഈ പണിയും അത്രേയുള്ളൂ. പിന്നെ എന്റെ പഴയൊരു ക്ലാസ്മേറ്റും അവിടെ താമസിച്ചിരുന്നു, ഒരു ബെറ്റി"
"പെരുവണ്ണാമൂഴീന്നു വരുന്ന ബെറ്റിയാണോ, ബെറ്റി ജോസഫ്?"
"അതെ. എന്റെ കൂടെ ബീക്കോമിനു പഠിച്ചിരുന്നതാ"
പൊടുന്നനെ അവളുടെ മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞുപോവുകയും തെല്ലുനേരം എന്തോ ആലോചിച്ചെന്നപോലെ ഒന്നും മിണ്ടാതിരിക്കുകയും ചെയ്തു. പിന്നെ പതിയെ തന്നോടുതന്നെന്നവണ്ണം പറഞ്ഞു.
"ആ കുട്ടി എന്റെ റൂമിലാ താമസിക്കുന്നെ."
അതെനിക്കൊരു പുതിയ അറിവായിരുന്നു. ബീക്കോം ഫൈനല്‍ എക്‌സാം എഴുതാതെ ബെറ്റി പഠിത്തം മതിയാക്കി പോയി എന്നായിരുന്നു ഞങ്ങളൊക്കെ കരുതിയിരുന്നത്. വിശ്വാസം വരാതെ ഒന്നുകൂടെ ഞാന്‍ ചോദിച്ചു.
"ഇപ്പഴും?"
"അതെ." എന്റെ മുഖത്തെ അമ്പരപ്പു കണ്ടിട്ട് ഇത്രയും കൂടെ പറഞ്ഞു.
"ആ കുട്ടിയ്ക്ക് വീട്ടിപ്പോവാന്‍ വയ്യല്ലോ, ഇവിടിപ്പം ഒരു ടെക്സ്റ്റെയില്‍ ഷോപ്പില്‍ സെയില്‍സ് ഗേളാ"
അതെന്തുകൊണ്ട് ബെറ്റിയ്ക്ക് വീട്ടില്‍ പോയിക്കൂടാ എന്നു ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാമായിരുന്നു, ഒരു പക്ഷേ ബീക്കോമിനു ഒന്നിച്ചുണ്ടായിരുന്ന ഞങ്ങള്‍ ഇരുപത്തിമൂന്നു സഹപാഠികളില്‍ എനിക്കു മാത്രമായിരുന്നു അതറിയാവുന്നതും. മൂന്നാം വര്‍ഷത്തിന്റെ അവസാന നാളുകളിലൊന്നില്‍, വടകര സാന്‍ഡ് ബാങ്ക്സിലെ വിശാലമായ പൂഴിപ്പരപ്പിലിരുന്ന് അവളെന്നോട് ആ കഥ പറഞ്ഞിരുന്നു. പ്രണയമെന്നു മാത്രം പേരിട്ടുവിളിക്കാന്‍ വയ്യാത്തൊരടുപ്പം മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നിരുന്നുവല്ലോ അപ്പോഴേക്കും....!
ഒറ്റമോളായിരുന്നു അവള്‍. ഒരു സാദാ കദന കഥയുടെ തുടക്കം പോലെ അച്ഛന്‍ തികഞ്ഞ മദ്യപാനി.പരസ്ത്രീകളുമായി പരസ്യമായി പട്ടാപകല്‍ സ്വന്തം വീട്ടില്‍ കയറിവന്ന് പ്രായപൂര്‍ത്തിയായ മകളുടെ മുന്നിലൂടെ അകത്തുകയറി കതകടയ്ക്കുന്ന നീചവൃത്തന്‍. അമ്മയുടെ ചെറിയ ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനവും അത്യാവശ്യം തുന്നല്‍ പണിയുമൊക്കെയായി ജീവിതം ഉന്തിത്തള്ളിക്കൊണ്ടു പോകവെയാണ് പൊടുന്നനെ ദുരന്തങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് അവളുടെ ജീവിതം നിസ്സഹായമായി താഴ്‌ന്നുപോയത്.
ഒരു ക്രിസ്മസ് കാലത്ത് രാവിലെ ജോലിക്കു പുറപ്പെട്ടു പോയ അമ്മ, ചേതനയറ്റ ശരീരമായി തിരികെയെത്തിയതായിരുന്നു ആദ്യം. പോകുന്നവഴിയുണ്ടായ ഒരു ബസ്സപകടമായിരുന്നു അവള്‍ക്കാകെയുണ്ടായിരുന്ന ആ ആശ്രയം തല്ലിക്കെടുത്തിക്കളഞ്ഞത്.ഇരുളില്‍ ഒറ്റയ്ക്കായിപ്പോയ ബെറ്റിയ്ക്ക് ആ ഞെട്ടലില്‍ നിന്നും സമനില വീണ്ടെടുക്കും മുന്നെ അടുത്ത ആഘാതവും ഏറ്റു വാങ്ങേണ്ടി വന്നു. ഒരു രാത്രി അടച്ചുറപ്പില്ലാത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അവളെ മൂക്കറ്റം മദ്യപിച്ചുവന്ന സ്വന്തം അച്ഛന്‍ കാമഭ്രാന്തു മൂത്ത് കയറിപ്പിടിച്ചു. ഒരു വിധേന അയാളെ തള്ളിത്താഴെയിട്ട് അവള്‍ ഓടി രക്ഷപ്പെട്ടു അന്ന്. മദ്യത്തിന്റെ ലഹരിയില്‍ അറിയാതെ പറ്റിയ അബദ്ധം എന്നവള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ക്കു ചുറ്റും കാമത്തിന്റെ ലഹരി കത്തുന്ന കണ്ണുകളുമായി അയാള്‍ ചുറ്റി നടന്നു, സ്വന്തം ചോരയിലുയിര്‍കൊണ്ട മകളെ കീഴടക്കാന്‍ ഒരവസരം പാര്‍ത്ത്.
അപമാനവും, ആത്മനിന്ദയും, നിസ്സഹായതയുമൊക്കെ കൂടി ആത്മഹത്യയുടെ വക്കു വരെ കൊണ്ടെത്തിച്ച ആ നാളുകളെകുറിച്ചു പറയുമ്പോള്‍ അന്നു പക്ഷേ അവളുടെ ശബ്ദം തെല്ലു പോലും ഇടറിയിരുന്നില്ല.. ഒടുവില്‍ ഇനിയും അയാളില്‍നിന്നും സ്വയം പ്രതിരോധിക്കാന്‍ ആവില്ല എന്ന തിരിച്ചറിവില്‍ ബെറ്റി ആ വീടു വിട്ടു. അമ്മയുടെ അകന്ന ഒരു ബന്ധുവായ ഒരു വികാരിയാണ് അവസാനം ആ സാധുപെണ്ണിനെ വടകരയിലെ വനിതാ ഹോസ്റ്റലില്‍ എത്തിച്ചത്. തുടര്‍ന്നു പഠിക്കാനുള്ള സഹായവും ആ നല്ല മനുഷ്യന്‍ തന്നെ ചെയ്തു കൊടുത്തു.
ഫൈനല്‍ ഇയര്‍ സ്റ്റഡിലീവു കഴിഞ്ഞു പരീക്ഷയെഴുതാന്‍ പക്ഷേ, ബെറ്റി വന്നില്ല. അവള്‍ക്കെന്തു പറ്റി എന്ന് ആര്‍ക്കുമറിവുമുണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ പരീക്ഷയ്ക്കും ഒരാഴ്ചമുന്നെ അവള്‍ നാട്ടിലേക്കു തന്നെ പോയി എന്നറിയാന്‍ കഴിഞ്ഞു. അതിനുശേഷം അവളെ കുറിച്ച് ഒരു വിവരവും അറിഞ്ഞിരുന്നില്ല. ഇത്രയും കാലം അവള്‍ വടകര തന്നെയുണ്ടായിരുന്നു എന്ന അറിവ്, അതുകൊണ്ടു തന്നെ ഒരമ്പരപ്പായിരുന്നു എനിക്ക്.
പുറത്ത് വെട്ടം വിരിഞ്ഞുണരാന്‍ തുടങ്ങിയ പുലരിയില്‍, വീണ്ടും ചിനുങ്ങിപ്പെയ്യാന്‍ തുടങ്ങിയ മഴയിലൂടെ ബസ്സ്, വടകരയെ ലക്ഷ്യമാക്കി പതുക്കെ ഓടിക്കൊണ്ടിരുന്നു. സൈഡ് കര്‍ട്ടനുകള്‍ താഴിത്തിയിട്ട ബസ്സിനുള്ളിലെ നേര്‍ത്തയിരുളില്‍, തണുപ്പില്‍, എന്റെ തോളില്‍ തലചായ്ച്ച് ഗാഡമായൊരു മയക്കത്തിലായിരുന്നു നൂര്‍ജഹാനപ്പോള്‍.
ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. വീണ്ടും പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. ചില സായാഹ്നങ്ങളില്‍ പബ്ലിക് ലൈബ്രറിയുടെ മുന്നിലൂടെയുള്ള ഊടുവഴിയിലൂടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ട് നൂര്‍ജഹാന്‍ എന്നോടൊപ്പം നടന്നു. ബ്ലൂഡയമണ്ട് റെസ്റ്റോറന്റില്‍ മസാലദോശയുടെയും ഉഴുന്നുവടയുടെയുമൊക്കെ മുന്നിലായിരുന്നു പലപ്പോഴും അതവസാനിക്കുക. പക്ഷേ എന്നും രാത്രിയുടെ ഇരുളിലേക്ക്, അവ്യക്തതകളുടെയും നിഗൂഡതയുടേയും ഒരുപാടു ശേഷിപ്പുകള്‍ പൂരിപ്പിക്കാന്‍ ബാക്കിവെച്ചാവും അവള്‍ യാത്രയാവുക. നാലുമാസത്തോളം നീണ്ട പരിചയവേളയിലും, വിവാഹബന്ധം തകര്‍ന്നവളാണെന്നും ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും, അത് എറണാകുളത്ത് ഒരു കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുകയാണെന്നുമുള്ളതില്‍ കൂടുതലായി യാതൊരു വിവരവും അവളെക്കുറിച്ച അവള്‍ പറഞ്ഞിരുന്നില്ല.പിന്നെ പിന്നെ അത്തരം കാര്യങ്ങള്‍ ഞാനും ചോദിക്കാതായി.
പക്ഷേ പലപ്പോഴും ബെറ്റിയുടെ കാര്യത്തില്‍ ഞങ്ങള്‍ വഴക്കിടാറുണ്ടായിരുന്നു. അവളെ കാണണം എന്ന എന്റെ ആവശ്യം പലകാരണങ്ങള്‍ പറഞ്ഞ് നൂര്‍ജഹാന്‍ ഒഴിവാക്കാന്‍ തുടങ്ങിയപ്പൊഴായിരുന്നു അത്. വടകരയിലുള്ള എല്ലാ ടെക്സ്റ്റയില്‍ ഷോപ്പിലും അതിനിടെ അവളെ അന്വേഷിച്ച് ഞാന്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇനി ബെറ്റിയെ കണ്ടാലല്ലാതെ നമ്മള്‍ തമ്മില്‍ കാണണ്ട എന്ന ഭീഷണിക്കു മുന്നില്‍ നൂര്‍ജഹാന്‍ സത്യം പറഞ്ഞു. എന്നെ കണ്ടു എന്നവള്‍ ബെറ്റിയോട് പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ അവള്‍ വടകരവിട്ടിരുന്നു. ഒരു കാരണവശാലും എന്നെ കാണണ്ട എന്നു നൂര്‍ജഹാനോട് അവള്‍ അറുത്തു മുറിച്ചു പറഞ്ഞിരുന്നുവത്രേ.
"എന്തിന്, ഞാനവള്‍ക്കെന്തു ദ്രോഹം ചെയ്തു?" ചോദ്യം ഞാന്‍ എന്നോടു തന്നെ പലവട്ടം ചോദിച്ചു. പക്ഷേ അതെന്റെ ഉള്ളില്‍കിടന്നങ്ങിനെ മുഴങ്ങിയതല്ലാതെ ഒരുത്തരവും എത്രതന്നെ ആലോചിച്ചിട്ടും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞതേയില്ല. അതിനേക്കാളേറെ എന്നെ അമ്പരപ്പിച്ചത് നൂര്‍ജഹാന്റെ നിസ്സംഗ ഭാവമായിരുന്നു. "എന്തേ നിങ്ങള്‍ തമ്മിലുള്ള പ്രശ്നം" എന്നൊരിക്കല്‍ പോലും അവളെന്നോടു ചോദിച്ചില്ല. ഒരു പക്ഷേ എന്നേക്കാള്‍ കൂടുതല്‍ അവള്‍ക്കായിരുന്നല്ലോ അതെല്ലാം അറിവുണ്ടായിരുന്നത്!
എംകോം കഴിഞ്ഞതോടെ ഞാന്‍ വടകരയോട് സലാം പറഞ്ഞു. പിന്നെ മലയാളമനോരമയിലും ഇന്ത്യാറിവ്യൂ വാരികയിലുമൊക്കെയായി പത്രപ്രവര്‍ത്തനത്തിന്റെ ഒരു ഹൃസ്വകാലഘട്ടം.ഒപ്പം സി.എ യ്ക്കുകൂടെ ഒരു കൈ നോക്കിയാലോ എന്നൊരു തോന്നലും. എന്റെജീവിതം വടകരനിന്നു അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടേക്ക് പറിച്ചുനടപ്പെട്ടു. പതിയെ പതിയെ നൂര്‍ജഹാനും ബെറ്റിയുമൊക്കെ വല്ലപ്പോഴും വരുന്ന ഒരു ഇന്‍ലാന്‍ഡിലോ ഒരാശംസാകാര്‍ഡിലോ ഒക്കെ ഉണര്‍ന്നുവരുന്ന സ്മരണകളായി മാറിപ്പോയിരുന്നു അപ്പോഴേക്കും.
വര്‍ഷങ്ങള്‍ കടന്നുപോയി...!
ആയിടയ്ക്കാണ് എന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് ഗള്‍ഫിലേക്ക് വിസ ശരിയായത്. ചങ്ങാതിക്ക് ഗംഭീരമായ ഒരു യാത്രയയപ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തു. കോഴിക്കോട് ബീച്ച് ഹോട്ടലിനടുത്തുള്ള സ്ഥിരം താവളമായ സാഗേര്‍സ് കഫേയില്‍ ഒരു നേരംവൈകിയ നേരത്ത് ഞങ്ങള്‍ ഒത്തുകൂടി. നേരം പിന്നെയും കടന്നുപോയി. ചഷകങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടേയിരുന്നു! ഒപ്പം ഒരു ചങ്ങാതിയുടെ വക മനോഹരമായ ഗസലുകളും ചേര്‍ന്നതോടെ രാവുകൊഴുത്തു. കൂട്ടത്തില്‍ എനിക്കായി പ്രത്യേകം വാങ്ങിയ കിംഗ്‌ഫിഷര്‍ ബിയറുമായി മല്ലടിച്ചുകൊണ്ട് ഞാനും....!ഒടുവില്‍ പാതിരാക്കഴിഞ്ഞ് കണക്കെടുത്തപ്പോള്‍ നിവര്‍ന്ന തലയും ഉറയ്ക്കുന്ന ചുവടുകളുമായി ബാക്കിവന്നവര്‍ ഞാനും കഫേയുടെ ഉടമസ്ഥന്‍ സാഗറും മാത്രം! ഇതിങ്ങനെയൊക്കെയേ അവസാനിക്കൂ എന്നത് സാഗറിന് ആദ്യമേ അറിയാമായിരുന്നു. അനുഭവം ഗുരു! വാളുവെച്ചും വെക്കാതെയും പാതി ബോധത്തിലും നിര്‍ബോധത്തിലും ബാക്കിയായവരെയൊക്കെ കഫേയുടെ തറയില്‍ നിരത്തിക്കിടത്തി സാഗര്‍. പിന്നെ എന്നോടായി പറഞ്ഞു.
"എനിക്കെന്തായാലും വീട്ടിപ്പോയേ പറ്റൂ. നീ ഒരുകാര്യം ചെയ്യ്. തല്‍ക്കാലം എന്റെ പ്രൈവറ്റ് റൂമില്‍ കിടന്നോ, ബോധംവരുന്ന മുറയ്ക്ക് ഒരോന്നിനേയും പെറുക്കി വണ്ടീലിട്ടോണ്ട് രാവിലെ വിട്ടോ, അതാ നല്ലേ..."
ഞങ്ങളങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കേ കഫേയോട് തൊട്ടു കിടക്കുന്ന വീട്ടിനുമുന്നില്‍ ഒരു ബഹളം കേള്‍ക്കുമാറായി. വാഹനങ്ങള്‍ സഡന്‍ബ്രേക്കിട്ട് നിര്‍ത്തുന്നശബ്ദം...ആരൊക്കെയോ ഓടുന്നു, ആരെയൊക്കെയോ ശകാരിക്കുന്നു..ശപിക്കുന്നു...!!
സാഗര്‍ പതുക്കെ ജനാല തുറന്നു നോക്കി.
"കര്‍ത്താവേ, ഇവിടേം റെയ്ഡോ....!!"
"എന്താ സംഭവം?"
"ഡോ, അത് മ്മളെ കോഴിക്കോട്ടെ ഒരൊന്നാം നമ്പര്‍ നക്ഷത്ര കേന്ദ്രമാ, മറ്റേ! ഇവിടെ റെയ്ഡ് വരാന്‍ വകുപ്പില്ലല്ലോ,ഇനീപ്പോ ഇങ്ങോട്ടും കയറി വരണ്ട, പണ്ടാരടങ്ങാന്‍....!!"
സാഗര്‍ ലൈറ്റ് ഓഫ് ചെയ്തു.
ജനാലയിലൂടെ ഞങ്ങള്‍ നോക്കിക്കൊണ്ടിരുന്നു.
വീട്ടിനുമുന്നിലേക്ക് തിരിച്ചു നിര്‍ത്തിയ പോലീസ് ജീപ്പുകളുടെ തീഷ്ണവെളിച്ചത്തില്‍ നിയമപാലകര്‍ അകത്തേക്കും പുറത്തേക്കുമൊക്കെ തിരക്കിട്ട് നീങ്ങുന്നു. ഒടുവില്‍ അവര്‍ ആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ ഒരു കൊച്ചു സംഘത്തെ വലിച്ചുകൊണ്ടുവന്ന് ജീപ്പുകളിലേക്ക് കയറ്റി. റബ്ബര്‍ ടയറുകള്‍ ടാര്‍റോഡില്‍ അമര്‍ഷത്തോടെ ഉരയുന്ന ശബ്ദം. പോലീസ് ജീപ്പുകള്‍ അകന്നു പോയി. കഫേയും പരിസരവും വീണ്ടും ശാന്തമായി. സാഗറില്‍ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പുയര്‍ന്നു.
പെട്ടെന്ന് ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്, പാതി തുറന്നിരുന്ന വാതിലിലൂടെ ഒരു സ്ത്രീരൂപം മിന്നല്‍ പോലെ കടന്നുവരികയും, ചിരപരിചിതമായ ഒരു സ്ഥലത്തെത്തിപ്പെട്ട പോലെ,സംശയമേതുമില്ലാതെ കഫേയുടെ സൈഡ് റൂമിലേക്ക് ഓടിക്കയറി അപ്രത്യക്ഷമാവുകയും ചെയ്തു.
"ഹാരാദ്..!!?" എന്ന ഭീഷണികലര്‍ന്നൊരു ചോദ്യവുമായി സാഗറും ആരൂപത്തിനു പിറകേ മുറിയിലേക്ക് കടന്നു.
"ആഹാ...നീയ്യോ..!!" റൂമിനുള്ളില്‍നിന്നും അവന്റെ ആശ്ചര്യം കലര്‍ന്ന ചോദ്യവും, അതിനു മറുപടിയെന്നോണം ഒരു സ്ത്രീ യുടെ താഴ്‌ന്ന സ്ഥായിലുള്ള പിറുപിറുക്കലും എനിക്കു അവ്യക്തമായി കേള്‍ക്കാമായിരുന്നു.അല്‍പസമയത്തിനുള്ളില്‍ ആകപ്പാടെ അങ്കലാപ്പിലായ മുഖഭാവവുമായി സാഗര്‍ ആ റൂമില്‍ നിന്നും പുറത്തേക്ക് വന്നു.
"പുലിവാലായല്ലോ, എനിക്കാണേല്‍ വീട്ടിലും പോണം!!"
"ആരാത്?"
"അത് ആ വീട്ടിലെ ഒരു സ്ഥിരം പാര്‍ട്ടിയാ, പോലീസുകാരു വന്നപ്പോ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു...ഇതിപ്പോ അവസാനം നമ്മളെ തലേലായല്ലോ..!!"
"പരിചയമുണ്ടെന്നു തോന്നുന്നു?!!" എന്റെ ചോദ്യത്തിലെ നാനാര്‍ഥം അവനു മനസ്സിലായി.
"പോടാ പോടാ...അവിടത്തെ ഫുഡ് സപ്ലൈ നമ്മളാരുന്നു, നല്ലൊരു കച്ചോടാ പോയേ..., ഇനീപ്പം ഈ മൊതലിനെ എന്തു ചെയ്യും കര്‍ത്താവേ..!?"
പെട്ടെന്ന് എന്തോ കത്തിയപോലെ അവന്‍ എന്നെ ഒന്നിരുത്തി നോക്കി. പിന്നെ ചെറുവിരല്‍ ഉയര്‍ത്തി ഒന്നു കണ്ണടച്ചു കാണിച്ചു വീണ്ടും ആ മുറിയിലേക്ക് കയറിപ്പോയി. അവിടെനിന്നും ഒരു ഗൂഡാലോചനയുടെ മുന്നൊരുക്കങ്ങള്‍ പോലെ വീണ്ടും പിറുപിറുക്കലുകള്‍.... ശേഷം മുഖം നിറയെ വിരിഞ്ഞ ഒരു കള്ളച്ചിരിയുമായി അവന്‍ വീണ്ടും വന്നു.
"ഡാ..അതിന്നത്തേക്കു വേണ്ടി ഒരുപാടു ദൂരേന്നു വന്നതാ..ഇനി തിരികെ പോണേല്‍ നേരം വെളുക്കണം..ഏതായാലും വന്നു പെട്ടു... അതിന് ഈ രാത്രിക്ക് നീ ഒരു കമ്പനി കൊട്...എന്തായാലും നീയും ഇവിടെ നിന്നല്ലേ പറ്റൂ...നല്ല ഡീസന്റ് പാര്‍ട്ടിയാ....ചെല്ലെടാ..!!ഞാനേതായാലും സ്ഥലം വിടുന്നു...ഓക്കേ...!!"
എന്റെ മറുപടിക്കു പോലും കാത്തു നില്‍ക്കാതെ അവന്‍ വാതിലടച്ച് ഇറങ്ങിപ്പോയി. പുറത്ത് അവന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം. പിന്നെ അതകന്നകന്ന് ഒടുവില്‍ കടലിരമ്പത്തിന്റെ നിതാന്തമായ അലര്‍ച്ചയില്‍ ലയിച്ച് ഇല്ലാതായി.
ഡിസംബറിന്റെ നല്ല കുളിരുള്ള രാത്രി...ഉള്ളില്‍ നുരയുന്ന ബിയറിന്റെ ലഹരി...,ശാന്തമായ, ഭയലേശമില്ലാത്ത അന്തരീക്ഷം....പിന്നെ അരികെ എന്തിനും തയ്യാറായി ഒരു പെണ്ണും!!ഇരുപത്തഞ്ച് വയസ്സു മാത്രം പ്രായമായ ഒരു യുവഹൃദയം ക്രമം വിട്ട്, താളം തെറ്റി മിടിക്കുന്നത് ഞാന്‍ വ്യക്തമായും അറിയുന്നുണ്ടായിരുന്നു!
വിറയ്ക്കുന്ന പാദങ്ങളോടെ ഞാന്‍ ആ മുറിയെ ലക്ഷ്യം വെച്ചു നടന്നു. വാതില്‍ പടിയില്‍ "ടു ബീ ഓര്‍ നോട് ടു ബീ" എന്ന ആ ചിരപുരാതന സമസ്യയില്‍ തട്ടിത്തടഞ്ഞു നിന്ന എന്നെ, സാഗറിന്റെ കട്ടിലില്‍ പുറം തിരിഞ്ഞിരിക്കുകയായിരുന്ന ആ പെണ്ണ് തോളിനു മുകളിലൂടെ തല തിരിച്ചൊന്നു നോക്കി.
ആ ഒരൊറ്റ നിമിഷത്തില്‍ എന്റെ ബോധവും ഉണര്‍ച്ചയും കടലെടുത്തു.തീക്കനലില്‍ ചവിട്ടിയാലെന്നപോലെ ഞാന്‍ ഞെട്ടി പിറകോട്ട് മാറി. ഒരു പേക്കിനാവിന്റെ ഭീകരതയോടെ ആ രൂപം വെള്ളവസ്ത്രങ്ങളില്‍ എന്റെയുള്ളില്‍ ഉയിര്‍ത്തു....!!
അതവളായിരുന്നു....നൂര്‍ജഹാന്‍!!!
അവിശ്വസനീയതയും, അമ്പരപ്പും, നിസ്സഹായതയുമൊക്കെ സമ്മിശ്രമായൊരു അലര്‍ച്ചയോടെ അവള്‍ കട്ടിലില്‍നിന്നും ചാടിയെഴുനേല്‍ക്കുന്നത് അവ്യക്തമായി എനിക്കു കാണാമായിരുന്നു. ചോരയോട്ടം നിലച്ച് കടലാസുപോലെ വിളറിയ മുഖത്ത് "നീയോ" എന്നൊരന്ധാളിപ്പ് നിറഞ്ഞ തുറിച്ച നോട്ടവുമായി അവള്‍ മരവിച്ച് നിന്നു. തണുത്ത മൗനമുറഞ്ഞ നിമിഷങ്ങള്‍..., ഒടുവില്‍ നിശ്ശബ്ദമായൊരു നിലവിളിയോടെ മുഖം പൊത്തിക്കൊണ്ട് അവള്‍ ചുവരിലേക്ക് ചാരി. അരികു കീറിയ അടിപ്പാവാടയും ഇറക്കം കുറഞ്ഞ ബ്ലൗസും അനാവൃതമാക്കുന്ന തന്റെ ശരീരത്തെ മറന്നു കൊണ്ട് അവളവിടെ തറഞ്ഞു നിന്നു.
നിരാശയും, കോപവും സങ്കടവും, ആത്മനിന്ദയുമെല്ലാം കൂടിക്കുഴഞ്ഞൊരു നെടുവീര്‍പ്പോടെ ഞാന്‍ പിന്തിരിഞ്ഞു. ചങ്ങാതിയുടെ യാത്രയ്ക് മുന്നൊരുക്കമായി വൈകുന്നേരം വാങ്ങിയ സാധനങ്ങള്‍ക്കിടയില്‍നിന്നും ഒരു മുണ്ട് തപ്പിയെടുത്ത് വീണ്ടും അവള്‍ക്കരികിലെത്തി. കട്ടിലില്‍, കൈകളില്‍ തല താങ്ങിയിരിക്കുകയായിരുന്നു അവള്‍. ഞാന്‍ നീട്ടിയ മുണ്ട് യാന്ത്രികമായി വാങ്ങിയുടുക്കുമ്പോള്‍, പക്ഷേ അവളുടെ മുഖത്ത് വിളര്‍ത്തൊരു പുഞ്ചിരിതെളിഞ്ഞിരുന്നു. മൂടല്‍ മഞ്ഞു തെളിയുമ്പോള്‍ ദൃശ്യമാവുന്ന അമ്പിളിക്കലപോലെ..!
നിശ്ശബ്തയെ ഗര്‍ഭം ധരിച്ച സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പുറത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം ജനലിലൂടെ മിന്നിമറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു.റോഡിനുമപ്പുറം അലകളൊഴിയാത്ത കടലിന്റെ പതുങ്ങിയ ശബ്ദം തേങ്ങലുകളായി ഒടുങ്ങി. എപ്പൊഴോ ഒരിക്കല്‍ ആ ശബ്ദത്തിനും മുകളില്‍ അവള്‍ എന്നെ പേരെടുത്തു വിളിക്കുന്നത് ഞാന്‍ കേട്ടു.
"എനിക്ക് കുടിക്കാനെന്തെങ്കിലും വേണം"
"തണുത്ത വെള്ളം മതിയോ"
"പോരാ, നീ സാഗറിന്റെ കൗണ്ടറിനു താഴെയുള്ള കബോര്‍ഡില്‍ നോക്കൂ, അവിടെ ഹോട് ആയി വല്ലതും കാണും"
അവിശ്വസനീയതയുടെയും അമ്പരപ്പിന്റെയും ഘട്ടം എപ്പഴേ പിന്നിട്ടു കഴിഞ്ഞിരുന്നു ഞങ്ങള്‍!
ഞാന്‍ എഴുനേറ്റുപോയി, ഞങ്ങളുടെ മേളം കഴിഞ്ഞ ടേബിളില്‍ ബാക്കിയുണ്ടായിരുന്ന ഹാഫ് ബോട്ടില്‍ ബ്ലൂറിബാന്‍ഡ് ജിന്നും ചെരുനാരങ്ങയും പിന്നെ ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളവും, ഗ്ലാസും എടുത്തു കോണ്ടുവന്നു. ജിന്നും ചെറുനാരങ്ങാസത്തും വെള്ളവും പാകത്തിനു ചേര്‍ത്ത് ആദ്യവട്ടം അവള്‍ പെട്ടെന്നു തീര്‍ത്തു.
"നിനക്ക് വേണ്ടേ?" അടുത്ത റൗണ്ട് ഗ്ലാസിലൊഴിച്ചു കോണ്ട് അവള്‍ ചോദിച്ചു.
"നോ"
രണ്ടാമൂഴത്തിനു ചുണ്ടോടടുപ്പിച്ച ഗ്ലാസ് പെട്ടെന്നു താഴെവെച്ച് വിവേചിച്ചറിയാനാവാത്തൊരു ഭാവത്തോടെ അവളെന്നെ ഉറ്റുനോക്കി. പിന്നെ താഴ്‌ന്ന ശബ്ദത്തില്‍ സാവധാനമായിരുന്നു അവള്‍ ചോദിച്ചത്.
"എന്നെ വേണോ നിനക്ക്?"
"വേണ്ടാ.." അതേ സ്ഥായിയില്‍ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയാണ് ഞാനത് പറഞ്ഞത്. എന്റെ സ്വരത്തില്‍ കലര്‍ന്നിരുന്ന ശാഠ്യം തിരിച്ചറിഞ്ഞ് അവളൊന്നു ചിരിച്ചു. തെല്ലുറക്കെ തന്നെ. പിന്നെ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി, കുപ്പിയും അനുസാരികകളുമെല്ലാം ഒരരികിലേക്ക് മാറ്റി വെച്ചു.
നിശ്ശബ്ദത വീണ്ടും ഒരു കരിമ്പടമായി ഞങ്ങളെ പൊതിഞ്ഞു. സമയമെത്രയോ കടന്നുപോയിരിക്കണം.
"നീ എന്താ ഒന്നും ചോദിക്കാത്തെ?" മൗനം വീണ്ടുമൊരു ചില്ലുപാത്രം പോലെ ഉടഞ്ഞു.
"എന്തു ചോദിക്കാന്‍!"
"ഞാനെങ്ങനെ ഇങ്ങിനെയൊക്കെ ആയീന്നെങ്കിലും....?"
"എനിക്കറിയണമെന്നില്ല, അല്ലെങ്കിലും എല്ലാ......" പറയാന്‍ വന്നത് മുഴുവനാക്കാതെ ഞാന്‍ നിര്‍ത്തി.
"വേശ്യകള്‍ക്കും പറയാന്‍ ഒരു കഥയുണ്ടാവും എന്നല്ലേ"....ലഹരി ബാധിച്ച ചിരിയോടെ അവള്‍ തുടര്‍ന്നു. എനിക്ക് പറയാന്‍ അത്തരം സെന്റിമന്റ് കഥകള്‍ ഒന്നൂല്ല മാഷേ..."
"പിന്നെ നീയിതൊരു ഹോബിയായിട്ട് തുടങ്ങീതായിരിക്കും" എത്ര നിയന്ത്രിച്ചിട്ടും സ്വരത്തില്‍ ദ്വേഷ്യം കലരുന്നു."
എന്നും വേണമെങ്കില്‍ പറയാം...നീ കട്ടപ്പനേല്‍ വന്നിട്ട് എന്റപ്പായെ പറ്റി ചോദിച്ചു നോക്ക്. അങ്ങേരവിടത്തെ കൊടികെട്ടിയ പണക്കാരനാ...അറിയോ...പിന്നെ എന്നെ കല്യാണം കഴിച്ചത് കൊച്ചിന്‍ ഷിപ്‌യാര്‍ഡിലെ ഒരു വലിയ ഉദ്യോഗസ്ഥന്‍..എന്നിട്ടെന്തായി? പക്ഷേ ഒന്നുണ്ട്, ഞാന്‍ തിരഞ്ഞെടുത്ത വഴിയാ ഇത്. ചുമ്മാ....!”
ലഹരി അവളെ ആവേശിച്ചിരിക്കുന്നു. പണ്ട് വടകരയിലെ ഊടു വഴികളിലൂടെ നിര്‍ത്താതെ സംസാരിച്ചു നടക്കുംപോലെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു.
കല്യാണം കഴിയുംവരെ അവളും ഒരു സാദാ പെണ്‍കുട്ടി തന്നെയായിരുന്നു.കട്ടപ്പനയിലെ ആ ഓണംകേറാ മൂലയില്‍നിന്ന് കൊച്ചിപോലൊരു മഹാനഗരത്തിലേക്ക് പറിച്ചു നടപ്പെട്ടതോടെ അവളുടെ ജീവിതം ആകപ്പാടെ കീഴ്മേല്‍ മറിഞ്ഞു. മഹാനഗരത്തിന്റെ മായക്കാഴ്ചകളില്‍ ഒരു നീര്‍ക്കിളിയെപോലെ അവള്‍ മുങ്ങിത്താഴ്‌ന്നു. ഒരു നാടന്‍ പെണ്ണില്‍ നിന്നും സൊസൈറ്റിയുടെ വെണ്ണപ്പാളിയിലുള്ളൊരു മദാലസയായ കൊച്ചമ്മയിലേക്കുള്ള അവളുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. വെറും അര ഗ്ലാസ് മുന്തിരി വൈനില്‍ തുടങ്ങി മൂന്നോ നാലോ ലാര്‍ജ് ഷീവാസ് റീഗല്‍ നീറ്റായി ഉള്ളിലെത്തിയാലും നല്ല പയറു പയറുപോലെ നടന്നു പോകുന്നവരെയെത്തിയ വളര്‍ച്ച...! കൂടെ അവളുടെ ഭര്‍ത്താവിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും...!
ജീവിതം എന്ന ആഘോഷത്തിന്റെ ഒഴുക്കിനൊപ്പം ലക്ഷ്യമില്ലാതെ ഒഴുകിപ്പോകുന്നതിനിടയിലെപ്പഴോ ആണ് അവര്‍ ആ സമൂഹത്തിലെ ഉന്നതരായ ചിലര്‍ ചേര്‍ന്നു നടത്തിയിരുന്ന ഒരു രഹസ്യ കൂട്ടായ്മയില്‍ എത്തിപ്പെടുന്നത്. ടെന്‍ഷനുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ മാസത്തിലൊരിക്കല്‍ ഏതെങ്കിലും അഞ്ജാത കേന്ദ്രങ്ങളില്‍ അവര്‍ ഒത്തുകൂടും....സാമൂഹ്യ, സാമുദായിക നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അറുത്തെറിയുന്ന ഒരു ദിവസം. വിലക്കുകളുടെ അതിര്‍ വരമ്പുകള്‍ ഇടിച്ചു നിരത്തി ആണും പെണ്ണും ആടിത്തിമിര്‍ക്കുന്നൊരു ദിവസം....! ഇരുട്ടി വെളുക്കും വരെ കുടിക്കാം, കൂത്താടാം,ഉടുപുടവകള്‍ പറിച്ചെറിയാം, പ്രജ്ഞ നശിച്ചു കിടക്കാം, ആര്‍ക്കുമാരേയും കാമിക്കാം, വേണമെന്നുതോന്നിയാല്‍ ആരുമായും ഇണചേരാം....ആധുനിക മനുഷ്യന്റെ ബന്ധിതമുദ്രമായ ജീവിതത്തില്‍ നിന്നും ആദിമ മനുഷ്യന്റെ പ്രാകൃത കാമനകളിലേക്കൊരു തിരിച്ചു പോക്ക്....!!
നാലേ നാല് വര്‍ഷങ്ങള്‍ നീണ്ട അര്‍ഥശൂന്യമായ ദാമ്പത്യം...;ഇതിനിടയില്‍ അവളൊരു പെണ്‍കുഞ്ഞിന്റെ അമ്മയായിക്കഴിഞ്ഞിരുന്നു. ആ കുഞ്ഞിനെ തന്റേതെന്ന് അംഗീകരിക്കാന്‍, പക്ഷേ അയാള്‍ തയ്യാറല്ലായിരുന്നു. അതങ്ങിനെ തന്നെ എന്നുറപ്പിച്ചു പറയാന്‍ അവളും...! നല്ല മനസ്സുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്ന നിലപാടില്‍ അവളുറച്ചു നിന്നതോടെ അവര്‍ പിരിഞ്ഞു. "പോടാ പുല്ലേ" എന്നും പറഞ്ഞ് കൊച്ചിനെയും എടുത്ത് അവളിറങ്ങിപ്പോന്നു.
തിരിച്ചു കട്ടപ്പനയിലെത്തിയ അവള്‍ക്ക് അവിടെയും അധിക കാലം നില്‍ക്കാനൊത്തില്ല.വര്‍ഷങ്ങളായി ശീലിച്ചു പോയ ജീവിത രീതികളില്‍ നിന്നും പെട്ടെന്നൊരു മാറ്റം അസാധ്യമായിരുന്നു അവള്‍ക്ക്. സ്വന്തം അച്ഛനും സഹോദരങ്ങളും അവള്‍ക്കെതിരെ തിരിഞ്ഞതോടെ അവള്‍ ആ വീടും വിട്ടു. പിന്നെ അവള്‍ പൊങ്ങിയത് അനന്തപുരിയിലെ രാഷ്ട്രീയ മാഫിയകളുടെ നടുവിലായിരുന്നു. നൂര്‍ജഹാന്‍ എന്ന പേരില്‍! വടിവൊത്ത ഉടലും, തികവൊത്ത ചങ്കൂറ്റവും, എന്തിനും പോന്ന പ്രകൃതവും ഒത്തുചേര്‍ന്നതോടെ അവളാ സാമ്രാജ്യത്തിലെ കിരീടം വെയ്ക്കാത്ത രാജ്ഞിയായി മാറാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. അനന്തപുരിയിലെ, കൊച്ചിയിലെ, കോട്ടയത്തെ, കോഴിക്കോട്ടെ എന്തിനധികം അങ്ങു ദില്ലിയിലെ വരെ പഞ്ച നക്ഷത്ര ഹോട്ടലുകളിലെ പട്ടു തൂവല്‍ കിടക്കകളില്‍ ഉടുപുടവകളില്ലാതെ കിടന്ന അവളുടെ ശരീരത്തിന്റെ ത്രസിപ്പിക്കുന്ന നിമ്നോന്നതങ്ങളിലൂടെ പലരും അധികാരങ്ങളുടെ ചെങ്കോലണിഞ്ഞു. കോടികളുടെ കള്ളപ്പണങ്ങള്‍ ഒഴുകി......!!! ഒപ്പം അവളുടെ ബാങ്ക് ബാലന്‍സും!
പക്ഷേ, അനിവാര്യമായൊരു അന്ത്യം എല്ലാത്തിനുമുണ്ടല്ലോ...!തൊണ്ണൂറുകളില്‍ കേരളാ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ചുയര്‍ന്ന - ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന - ഒരു വനിതാ നക്ഷത്രത്തിന്റെ കണ്ണിലെ കരടായതോടെ നൂര്‍ജഹാന്റെ പതനത്തിന്റെ ആരംഭവും കുറിക്കപ്പെട്ടു. ഒടുവില്‍ ഏതെങ്കിലുമൊരു ഹോട്ടല്‍ റൂമില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച് കിടക്കേണ്ടിവന്നേക്കാം എന്നൊരവസ്ഥ വന്നതോടെ നൂര്‍ജഹാന്‍ തലസ്ഥാനം വിട്ടു. മകളെ കൊച്ചിയിലൊരു കോണ്‍വെന്റിലാക്കി തന്റെ രതി സാമ്രാജ്യം കോഴിക്കോട്ടേക്ക് മാറ്റി നട്ടു അവള്‍. ദില്ലിവാസിയും വടകര തട്ടകവുമാക്കിയ ഒരു പഴയ നേതാവിന്റെ സഹായത്തോടെയാണ് തലശ്ശേരിയിലെ ആ ആശുപത്രിയില്‍ അവള്‍ കയറിപ്പറ്റുന്നത്....
"എന്റെ ശരീരത്തിനിപ്പഴും നല്ല മാര്‍ക്കറ്റുണ്ട്...അതു തീരുന്നത് വരെ ഞാന്‍ സമ്പാദിക്കും, സുഖിക്കും. നിനക്കറിയോ? ഈ കോപ്പിലെ ആദര്‍ശോം പറഞ്ഞിരിക്കുന്ന വെല്യ വെല്യ കൊഞ്ഞാണന്മാരെ? അടിവസ്ത്രം അഴിഞ്ഞു വീഴും വരെയുള്ളൂ ഒക്കെ..പിന്നെ എല്ലവന്മാരും ഒരുപോലെയാ..എന്തും ചെയ്യാന്‍ തയ്യാറുള്ള പട്ടികള്‍...ഒരൊറ്റ രാത്രിയില്‍ നിന്റെ ജാതിയുടെ നേതാവും, എന്റെ സ്വന്തം ജാതിയിലെ നേതാവും പിന്നെ മറ്റവന്മാരുടെ നേതാവും കയറി നിരങ്ങിയിട്ടുണ്ട് എന്റെ നെഞ്ചത്ത്. അങ്ങ് കോവളം അശോകാ ഹോട്ടലില്‍ വെച്ച്...."
വാക്കുകളുടെ പെരും കുത്തൊഴുക്കിനിടയില്‍ പലവട്ടം അവളുടെ ഗ്ലാസ് നിറയുകയും ഒഴിയുകയും ചെയ്തിരുന്നു. പക്ഷേ ആ വാക്കുകള്‍ ഒരിക്കലും വഴുക്കിപ്പോയിരുന്നില്ല, കണ്ണുകള്‍ പാതിയടഞ്ഞുമിരുന്നില്ല.
പെയ്തു തോര്‍ന്ന ഒരു പെരുമഴയ്ക്ക് ശേഷമുള്ള ശാന്തമായ മൗനം. പുറത്ത് ചൂളം കുത്തുന്ന പാതിരാക്കാറ്റും അലയൊഴിയാത്ത മഹാസമുദ്രവും സാക്ഷി....!
ഒടുവില്‍ ചോദിക്കാന്‍ മന:പുര്‍വം മറന്നൊരു ചോദ്യം ഞാന്‍ പോലുമറിയാതെ എന്റെ നാവില്‍ നിന്നൂര്‍ന്നു വീണു!
"ബെറ്റി എവിടെയാണിപ്പോള്‍?"
പാതിയൊഴിഞ്ഞിരുന്ന ഗ്ലാസ് അവളുടെ കൈ തട്ടി നിലത്തുവീണുടഞ്ഞു!
"ബാംഗ്ലൂരില്‍"
"അവിടെ....?"
അമര്‍ത്തിയുള്ളൊരു മൂളല്‍ മാത്രമായിരുന്നു ഉത്തരം.
"അതിനേം അങ്ങിനെയാക്കി അല്ലേ...!?"
ഒരു മൂളലില്‍ വീണ്ടും ഉത്തരമൊതുങ്ങി.
"ആ നായിന്റെമോളെ എന്നെങ്കിലും കയ്യീ കിട്ടിയാല്‍ പച്ചയ്ക്കു കത്തിക്കും ഞാന്‍, അതുറപ്പാ..."
ഒട്ടൊരു നിശ്ശബ്‌തയ്ക്കു ശേഷം ചിതറി വീണ വാക്കുകളില്‍ അമര്‍ഷവും സങ്കടവും തിളച്ചു.
"ആരെ? ബെറ്റിയേയോ?"
"അല്ല, അവള്‍ടെ അച്ഛന്‍ രണ്ടാമതു കല്യാണം കഴിച്ചതാ എന്നും പറഞ്ഞ്, ബെറ്റിയെ ഹോസ്റ്റലീന്നു വിളിച്ചു കൊണ്ടു പോയ ആ കൂത്തിച്ചി നായിന്റെ മോളെ....."
നൂര്‍ജഹാന്റെ ശബ്ദത്തിന് ഒരു തരം വിറയല്‍ ബാധിച്ചിരുന്നു.
"അവള്‍ പോവണ്ടായിരുന്നു...പൊട്ടി...!!ആ കൊടിച്ചിപ്പട്ടി വന്ന് നാലു പഞ്ചാരവാക്കു പറഞ്ഞ്, തേനേ, മുത്തേന്നൊക്കെ വിളിച്ചപ്പോ, അവളങ്ങ് പോയി.... ചതിച്ചു കളഞ്ഞതാടാ അവളെ..., അവള്‍ടപ്പന്‍ ഒരു മൃഗമാ..പിശാശ്! കൊച്ചു പെണ്ണാന്ന് പോലും അങ്ങേര് നോക്കിയില്ല..ഒരു രാത്രി മുഴുവന്‍ ആ പന്നി .......... മോന്‍ സ്വന്തം മോള്‍ക്കിട്ട് പണിത്... വൈനില്‍ ഉറക്ക ഗുളിക ചേര്‍ത്ത് കുടിപ്പിച്ചതാ അതിനെ....എന്നിട്ട് പുറത്തു നിന്നും വാതില്‍ പൂട്ടി മറ്റേ പെണ്ണ് കാവലും നിന്നു....അവളെ പെട്രോളൊഴിച്ചു കത്തിക്കും ഞാന്‍ എന്നേലും....നീ നോക്കിക്കോ"
"നെറയെ തുന്നലുമിട്ട്, മൂത്രം പോലും പോകാതെ ആ കൊച്ച് രണ്ടാഴ്ചയോളം ആശുപത്രിയില്‍ കിടന്നു. ഒടുക്കം അവിടെയുള്ള ഒരു നഴ്സിന്റെ കയ്യില്‍ ഫോണ്‍ നമ്പര്‍ കൊടുത്ത് എന്നെ വിളിപ്പിക്കുകയായിരുന്നു പാവം...!" ഡോക്ടരുടെ കാലുപിടിച്ച് കരഞ്ഞ് അവസാനം കേസൊന്നുമാക്കാതെ അവളെ ഞാന്‍ കൊണ്ടു പോന്നു...അല്ലേലും കേസിനും പുക്കാറിനും പോയിട്ടെന്നാ? ഉള്ള മാനം കൂടെ പോകുല്ലാതെ...”
ചലിക്കാന്‍ പോലുമാവാതെ ഒരു മരവിപ്പില്‍ അറിയാതെ ഞാന്‍ വിളിച്ചു പോയി...
"നൂര്‍ജഹാന്‍!!”
പക്ഷേ അവളത് കേട്ടതായി പോലും തോന്നിയില്ല...
"എന്നിട്ടെന്താ...അത് കുറെക്കാലം ആരോടും ഒന്നും മിണ്ടാതെ നടന്നു. ചത്തു കളയുമോന്ന് വരെ ഞാന്‍ പേടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. അവള്‍ടെ സങ്കടോം ദേഷ്യോം അവളങ്ങ് ജീവിച്ചു തീര്‍ത്തു. ഒരു തരം വാശി തീര്‍ക്കും പോലെ......സ്വന്തം അപ്പനായിട്ട്......."
പറയാന്‍ വന്നത് ബാക്കി നിര്‍ത്തി പാതിമയക്കത്തിലെന്ന വണ്ണം അവള്‍ കിടക്കയിലേക്കൂര്‍ന്നു വീണു. അതിനിടയില്‍ അവ്യക്തമായി ഞാനിത്രയും കൂടെ കേട്ടു.
"വിളിക്കുമ്പോഴൊക്കെ നിന്റെ കാര്യം ചോദിക്കും, പാവം..."
പുറത്ത് കടലപ്പോള്‍ ശാന്തമായിരുന്നു. തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് മുറിയിലേക്കടിച്ചു കയറി. ഞാന്‍ എഴുന്നേറ്റ് പോയി ജനാലയടച്ചു. അകത്തും പുറത്തും ഉറഞ്ഞ തണുത്ത ഇരുളില്‍ പുകയുന്ന മനസ്സോടെ ഞാനങ്ങിനെയിരുന്നു. യുഗങ്ങളോളം...
ദൈവമേ, ഒടുക്കം മണ്ണിനടിയില്‍ പുഴുവരിച്ച് അളിഞ്ഞടിഞ്ഞു പോവുന്ന ഈ ശരീരം...എന്നിട്ടും ....!!
ഉന്നതങ്ങളില്‍ ആരൊക്കെയോ ഇടപെട്ടിരിക്കണം. അറസ്റ്റു ചെയ്തു കൊണ്ടു പോയവരെ കൊണ്ടു പോയ പോലെ തിരിച്ചു കൊണ്ടു വിട്ടു പോലീസുകാര്‍. ആ വീട്ടില്‍ വെട്ടം തെളിഞ്ഞതോടെ നൂര്‍ജഹാനെ ഞാന്‍ വിളിച്ചുണര്‍ത്തി.
"അവരൊക്കെ വന്നൂന്ന് തോന്നുന്നു...."
അവള്‍ എഴുനേറ്റ് ജനലിലൂടെ നോക്കി. പിന്നെ വാഷ്ബേസിനില്‍ പോയി മുഖം കഴുകി വന്നു. പെട്ടെന്ന് തികച്ചും അപ്രതീക്ഷിതമായി എന്റെ മുഖം രണ്ടു കൈകളാലും ചേര്‍ത്തു പിടിച്ച്, നെറ്റിയില്‍ അവള്‍ അമര്‍ത്തി ചുംബിച്ചു...!
"ഞാന്‍ പോണു"
ഒന്നു തിരിഞ്ഞു പോലും നോക്കാതെ വാതില്‍ തുറന്ന് പുലരാതെ നില്‍ക്കുന്ന രാവിന്റെ ഇരുളിലേക്ക് അവള്‍ ഇറങ്ങിപ്പോയി....!
************************************************************************************
അനുബന്ധം:- ബെറ്റിയുടെ ദുരന്തം പക്ഷേ എനിക്ക് എളുപ്പം മറക്കാന്‍ കഴിഞ്ഞില്ല. ചാരം മൂടിയ കനല്‍ പോലെ ഒരുപാടു കാലം അതെന്റെ മനസ്സില്‍ തന്നെയുണ്ടായിരുന്നു. പിന്നീടെപ്പഴോ ആ ഒരോര്‍മ്മയില്‍ ഞാനൊരു കഥയെഴുതി. "നിങ്ങളില്‍ പാപം ചെയ്തവര്‍ക്കയി...."എന്നപേരില്‍. ആ നീചനായ അച്ഛനോടുള്ള പക തീര്‍ക്കുവാന്‍ കഥയില്‍ ആ പിശാചിനെ അവളുടെ അമ്മ ലിംഗച്ഛേദം ചെയ്തു കൊല്ലുന്നതായാണ് ആ കഥ ഞാന്‍ അവസാനിപ്പിച്ചത്.
ഒരു നിയോഗം പോലെ മാതൃഭൂമിയിലെ ഒരു ഫീച്ചറില്‍ നിന്നും മലയാളം ബ്ലോഗിങ്ങിനെ പറ്റിയും ബൂലോഗ ക്ലബ്ബിനെ പറ്റിയുമൊക്കെ അറിഞ്ഞത് കഴിഞ്ഞ ഓണക്കാലത്തായിരുന്നെന്നു തോന്നുന്നു. ബ്ലോഗിംഗ് എന്നാല്‍ ബൂലോഗ ക്ലബ്ബാണെന്ന ധാരണയുടെ പുറത്ത്, ദേവരാഗം അതില്‍ മെംബര്‍ഷിപ് തന്ന ഉടനെ കയ്യിലുണ്ടായിരുന്ന ഈ കഥ ഞാന്‍ ക്ലബ്ബില്‍ പോസ്റ്റു ചെയ്തു. ആദ്യ കമന്റിട്ട പാര്‍വതി എന്ന ബ്ലോഗറുടെ നിര്‍ദേശാനുസരണം ഈ ബ്ലോഗ് തുടങ്ങി അതേ കഥ ഇവിടെയും ഇട്ടു. (അങ്ങിനെ ഒരു സാഹസം ചെയ്തതിന് സൂവും ശ്രീജിത്തുമൊക്കെ പരിഭവവും പറഞ്ഞു. ക്ലബ്ബിനെ ബ്ലോഗിന്റെ പരസ്യപ്പലകയാക്കുന്നു എന്നൊക്കെ പറഞ്ഞ്..ആ ക്ലബ്ബും ആ നല്ല കാലവുമൊക്കെ ഇപ്പോഴും മായാതെയുണ്ട് മനസ്സില്‍...ദാ ഒരു വര്‍ഷം കടന്നു പോയതുപോലും അറിഞ്ഞില്ല)
സെപ്റ്റംബര്‍ 18 - 2007, ഇന്ന് അവള്‍ വിളിച്ചിരുന്നു, നൂര്‍ജഹാന്‍......!ആഴമളക്കാനാവാത്ത നിസ്സംഗതയോടെ അവളൊരു വിശേഷം പറഞ്ഞു.
"ഡാ, ബെറ്റി പോയി"
പ്രതീക്ഷിച്ചതായിരുന്നത് കോണ്ട് അതേ നിസ്സംഗതയോടെ ചോദിക്കാന്‍ പറ്റി
"എപ്പോ...?"
"ഇന്നലെ രാത്രി"
"നീ പോണുണ്ടോ കോഴിക്കോടേക്ക്?"
“ഇല്ലാ...അത് മരിച്ചു കിടക്കണത് കാണാന്‍ വയ്യാ....വല്ലപ്പോഴും ഓര്‍ക്കുമ്പോ ജീവനോടെ ഓര്‍ക്കാലോ..."
"ഉം....."
കഴിഞ്ഞ ഒരാഴ്ചയായി നീണ്ട ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഞാണിന്മേല്‍ കളി അവസാനിപ്പിച്ച് അവള്‍ പോയിരിക്കുന്നു. ഏത് നരകത്തിന്റെ അടിത്തട്ടിലേക്കായാലും ആ ആത്മാവിന് ശാന്തിയും സമാധാനവുമായിരിക്കും വിധിച്ചിരിക്കുക എന്നുറപ്പാണ്....ഈ ഭൂമിയില്‍ കണ്ടതിനേക്കാളും വലിയ പിശാചുക്കളെയൊന്നും അവള്‍ക്കവിടെ നേരിടേണ്ടി വരില്ലല്ലോ....!!
അങ്ങേത്തലയ്ക്കല്‍ എപ്പഴേ നിശ്ശബ്ദമായ ടെലെഫോണ്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ ഡിസ്കണക്ട് ചെയ്തു.....
Monday, October 01, 2007
Subscribe to:
Posts (Atom)

