Wednesday, July 15, 2009

ഭ്രമരം (ഒരാസ്വാദനം മാത്രം!!)

സത്യമായും ഇത്‌ കളരിക്ക്‌ പുറത്തുള്ള ചവിട്ട്‌! കണ്ട്‌ സഹിക്കാൻ മേലാഞ്ഞിട്ട്‌ സത്യൻ അന്തിക്കാടിനെ ഒരിക്കൽ ഭള്ള്‌ പറഞ്ഞതു ഇതിനു മുന്നേ ഈ ബ്ലോഗിൽ ഞാൻ ആകപ്പാടെ ചെയ്ത സിനിമാ പാതകം! (ഉൽപത്തിയെ മറക്കുന്നില്ല!). സൂകര പ്രസവം പോലെ മലയാളത്തിലിറങ്ങുന്ന ചവറുകളും അല്ലാത്തവയുമൊക്കെ കണ്ട്‌ സമയാസമയങ്ങളിൽ അതിനു റിവ്യൂ എഴുതി എന്നെപോലെയുള്ളവരുടെ പണവും അതിനുമുപരി സമയവും പിന്നെ ക്ഷമയും സേവ്‌ ചെയ്തു തരുന്ന ഹരിയെ പോലെയുള്ളവരെയൊക്കെ പൂവിട്ട്‌ തൊഴണം! (എന്നിട്ടും ചിലതിനോക്കെ പോയി തല വെച്ചു കൊടുക്കും..ഈ അടുത്ത കാലത്ത്‌ ലവ്‌ ഇൻ സിംഗപോർ കണ്ടപ്പോഴുണ്ടായ ഭീകരാനുഭവം....!!!)പക്ഷേ ഭ്രമരത്തിനെ അങ്ങനങ്ങു വിടാൻ തോന്നിയില്ല!

"ജുറാസിക്‌ പാർക്ക്‌" (1) എന്ന സ്പിൽബർഗ്‌ സിനിമയുടെ ഓപണിംഗ്‌ ഓർക്കുന്നുണ്ടാവും. ഇരുണ്ട തിരശ്ശീലയിൽ ആദ്യ ടൈറ്റിൽ തെളിയുമ്പോൾ അകമ്പടിയെത്തുന്ന ആ മുഴക്കം. ഹൃദയം വിറപ്പിക്കുന്ന ആ മുഴക്കത്തിന്റെ ആഘാതം ആ സിനിമ അവസാനിക്കുവോളവും പ്രേക്ഷകന്റെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ആലോചിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു അതിലെ ഓരോ ദൃശ്യ ഭാഗങ്ങളും! ഭ്രമരം എന്ന ബ്ലെസ്സി ചിത്രം നിരാശപ്പെടുത്തിയതും അവിടെയാണ്‌. പ്ലാനിംഗ്‌! ഒരു മന്ത്രസ്ഥായിയിൽ തുടങ്ങി പടിപടിയായി മുറുകി ഒടുക്കം ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ഒരു പാറ്റേൺ ഈ സിനിമയ്ക്കുണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോയി ഈ പടം കണ്ടിറങ്ങിയപ്പോൾ!

ഒരു സസ്പെൻസ്‌ ത്രില്ലർ എന്ന പട്ടമാണ്‌ ഇതിന്റെ പരസ്യങ്ങളും ചില നിരൂപണങ്ങളും ഈ ചിത്രത്തിന്‌ ചാർത്തിക്കൊടുത്തിരിക്കുന്നത്‌. ഭ്രമരം എന്ന ചിത്രം ശരിയായി പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. (ത്രില്ലർ എന്ന പദം ഇവിടെ ഉപയോഗിക്കാമോ എന്നും ഉറപ്പില്ല.) മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത, തികച്ചും വത്യസ്തമായ ഒരു കഥാ പശ്ചാത്തലം ഈ സിനിമയ്ക്ക്‌ അവകാശപ്പെടാനാവില്ല! എന്നാൽ തികച്ചും സാധാരണമായ ഒരു സിനിമാ കഥാ തന്തുവിന്‌ വളരെ അസാധാരണമായ ഒരു സിനിമാ ഭാഷ്യം കൊടുക്കാനുള്ള ആത്മാർത്ഥമായ ആ ഒരു ശ്രമമായിരുന്നു സത്യത്തിൽ ഈ ചിത്രത്തെ വത്യസ്തമായൊരു അനുഭവമാക്കേണ്ടിയിരുന്നത്‌.

എന്നാൽ മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തിയ രീതി, രണ്ടാം പകുതിയിലെ ആ യാത്രയുടെ ചിത്രീകരണം പിന്നെ പാശ്ചാത്തല സംഗീതം, ഇത്രയും ഭാഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമയുടെ മറ്റു ഘടകങ്ങളോടും കഥാപാത്രങ്ങളോടും സംവിധായകൻ കാണിച്ച്‌ അക്ഷന്തവ്യമായ അലംഭാവം ഒരു വേറിട്ട സിനിമ എന്ന തലത്തിലേക്കുയരുന്നതിൽ നിന്നും ഈ ചിത്രത്തെ പിറകോട്ട്‌ വലിച്ചു എന്നു പറയുന്നതാവും ശരി.

ഒരു പ്രത്യേക സാഹചര്യത്തിൽ, ഏഴാം ക്ലാസിൽ തന്റെ കൂടെ പഠിച്ച ഉണ്ണി എന്ന സുഹൃത്തിനെ കാണാനെത്തുന്ന ശിവൻ കുട്ടിയിൽ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ഒരൽപം കോമിക്‌ ടച്ചോടെയുള്ള തുടക്കം...അക്ഷരമറിയാത്ത ഓട്ടോ ഡ്രൈവർ,കൈ വെള്ളയിൽ എഴുതിയ അഡ്ഡ്രസ്‌ നോക്കുന്നതിനിടെ ശൃംഗരിക്കാൻ വരുന്ന വേശ്യ എന്നിങ്ങനെ നീളുന്ന ദൃശ്യങ്ങൾ! സിനിമ മൊത്തം കണ്ടു കഴിഞ്ഞ്‌ ഒരു റീവൈൻഡ്‌ നടത്തുമ്പോൾ,അസാധാരണമായ ഒരു ദൃശ്യാനുഭവമായി ഈ സിനിമ അനുഭവപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഈ ഓപണിംഗിൽ തന്നെ തുടങ്ങുന്നു. വേട്ടക്കാരൻ തന്റെ ഇരകളെയും കൊണ്ട്‌ നടത്തുന്ന അസാധാരണമായ ആ യാത്രയുടെ ഒടുക്കം....ശരിക്കും പറഞ്ഞാൽ ആ ഒടുക്കത്തിൽ നിന്നാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌ തന്നെ. അങ്ങിനെ വരുമ്പോൾ ഈ അവസാനത്തിന്റെ ഒരു തുടർച്ച ആവേണ്ടിയിരുന്നു ഈ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ തുടക്കത്തിനെ അങ്ങിനെയൊരു അനുഭവമാക്കി മാറ്റുന്നതിൽ സംവിധായകൻ മനസ്സു വെച്ചില്ല എന്നത്‌ സത്യം. തീഷ്ണമായൊരു വൈകാരികാഘാതത്തിലാണ്‌ ആ കഥാപാത്രം വന്നിറങ്ങുന്നതെന്ന കാര്യം സംവിധായകൻ വിസ്മരിച്ചു എന്നു തോന്നിപ്പോകും വിധം സാധാരണമായ ദൃശ്യങ്ങൾ മാത്രമായിപ്പോയി അവ!

പക്ഷേ പൊടുന്നനെ സിനിമ ഉത്കണ്ഠയുടെ അടിയൊഴുക്കുകളിലേക്ക്‌ എടുത്തെറിയപ്പെടുന്നു! നഗരത്തിൽ നടക്കുന്ന ബോംബ്‌ സ്ഫോടനങ്ങൾ...ഓട്ടോറിക്ഷയിൽ അജ്ഞാതൻ വെച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന അഭ്യൂഹം...ഈ ഒരു ടെൻഷനിടയിൽ ഉണ്ണിയുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്ന ശിവൻ കുട്ടി... "ആണ്ണാറക്കണ്ണാ വാ വാ.." എന്ന പാട്ടിന്റെ അവതരണം... തുടർന്നു വരുന്ന റെയിൽവേ സ്റ്റേഷൻ യാത്ര..അങ്ങിനെ ഒരൊഴുക്കിലേക്ക്‌ സിനിമ തെന്നിയിറങ്ങുന്ന നേരം നോക്കി സംവിധായകൻ ഒരൊറ്റ ബ്രേക്കാണ്‌!!! പിന്നെ വീണ്ടും ഒരു സാദാ മോഹൻലാൽ പടത്തിന്റെ കെട്ടിലും മട്ടിലുമാണ്‌ ഇടവേള വരെ സിനിമ ഇഴയുന്നത്‌. അഭ്യാസം കാണിച്ച്‌ കുട്ടികളെ സന്തോഷിപ്പിക്കൽ, കോഴി ബിരിയാണി വെക്കൽ ഇതൊക്കെയാണ്‌ തുടർന്നു വരുന്ന കലാ പരിപാടികൾ! സിനിമയുടെ മൊത്തം ഒരു മൊമന്റം തന്നെ നശിപ്പിച്ചു കളഞ്ഞു ഈ രംഗങ്ങൾ! സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കേണ്ടതെന്താണ്‌ എന്ന പ്രാഥമികമായ ഒരു ചോദ്യം സംവിധായകൻ കം തിരക്കഥാകൃത്ത്‌ മറന്നു പോയിരിക്കുന്നു ഇവിടെ!

പക്ഷേ, ഇടവേളയ്ക്കു ശേഷം കുരുക്കിട്ടു പിടിച്ച ഇരകളേയും കൊണ്ട്‌ ശിവൻ കുട്ടി നടത്തുന്ന ആയാത്ര....! അതിന്റെ ചിത്രീകരണം...! ബ്ലെസ്സി എന്ന സംവിധായകൻ യഥാർത്തത്തിൽ എന്താണ്‌ എന്ന് ശരിക്കും അനുഭവിപ്പിച്ചു തരുന്നതായി ഈ രംഗങ്ങൾ. ഷോട്ട്‌ ബൈ ഷോട്ട്‌ ആയി പ്രേക്ഷകനെ ഭ്രമിപ്പിച്ചു കളയുന്ന ചിത്രീകരണ ശൈലി. മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ അങ്ങേയറ്റം അളന്നെടുക്കുന്ന പ്രകടനം. അതുവരെ ആവറേജ്‌ എന്നു പോലും പറയാനില്ലാത്ത അഭിനയം കാഴ്ച വെച്ചു കൊണ്ടിരുന്ന സുരേഷ്‌ മേനോൻ പോലും അവസരത്തിനൊത്തുയർന്നു.മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ ശൈലി എന്നു നിസ്സംശയം പറയാം. അസാധ്യം എന്നു തന്നെ തോന്നുന്ന ചില ഷോട്ടുകൾ. കാമറാമാൻ അജയൻ വിൻസന്റിനു ഫുൾ മാർക്ക്‌! കിഴ്ക്കാം തൂക്കായ കൊല്ലിയുടെ വക്കിൽ ലോറി ചവിട്ടി നിർത്തി പുറത്തിറങ്ങി വരുന്ന ശിവൻകുട്ടിയുടെ, ശൂന്യതയിൽ കാമറ വെച്ച്‌ എന്ന പോലെ എടുത്ത ആ ഷോട്‌ ഉദാഹരണം!

വീണ്ടും ആ യാത്രയുടെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ ഒഴുക്കിന്‌ ഭംഗം വരുന്നു. സത്യത്തിൽ ആ ഒരു യാത്രയുടെ മൊത്തം ഇംപാക്ട്‌ പ്രേകഷകൻ അനുഭവിക്കുന്നത്‌, അതിന്റെ അവസാനം തന്നെ കാത്തിരിക്കുന്നതെന്ത്‌ എന്ന അനിശ്ചിതത്തിന്റെ നിഴൽ കൂടെയുള്ളത്‌ കോണ്ടാണ്‌. പക്ഷേ ആ അശുപത്രി രംഗങ്ങളും ഏറ്റു പറച്ചിലും തുടാർന്ന് വളരെ റിലാക്സ്ഡ്‌ ആയി തുടരുന്ന യാത്രയും, പിന്നെ ഏതാണ്ട്‌ ഇവിടെ വെച്ച്‌ പ്രേക്ഷകൻ ഊഹിച്ചെടുക്കുന്ന ചില കാര്യങ്ങളും,അതിൽ നിന്നും വത്യസ്തമായി ഒന്നും നൽകാനില്ലതെ അവസാനിക്കുന്ന സിനിമയും...ഒടുക്കം ആർത്ത്ലച്ചു വന്ന തിരമാല പുഴിമണലിൽ അടിച്ചു കയറി നിശ്ശബ്ദമായി പിൻവാങ്ങിപ്പോയപോലൊരു അനുഭവം! തിയേറ്റർ വിട്ടിറങ്ങി വരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത്‌ അങ്ങിനെയൊരു വികാരമാണ്‌.

സിനിമയുടെ മൊത്തം അടിത്തറയിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ മറ്റു ചില കാര്യങ്ങൾ കൂടെ. സിനിമയുടെ അവസാനം തീഷ്ണമായൊരു അനുഭവമായി മാറേണ്ടിയിരുന്നെങ്കിൽ, ശിവൻകുട്ടിയും അയാളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകനിൽ കൂടെ എത്തേണ്ടതായിരുന്നു. ഭൂമികയുടെ അൽപ സ്വൽപം ഭൂമിശാസ്ത്രം മനസ്സിലാക്കാനായി എന്നതല്ലാതെ അതിനുദ്ദേശിച്ച ആ ഗാന രംഗം കൊണ്ട്‌ പ്രത്യേകിച്ചൊരു കാര്യവുമുണ്ടായില്ല. മകളായഭിനയിച്ച കുട്ടിയുടെ, എൽ.കെ.ജി കുഞ്ഞുങ്ങൾ ആംഗ്യപ്പാട്ട്‌ പാടും പോലെയുള്ള അഭിനയം കൂടെയായപ്പോൾ ആ ഒരു ഭാഗം നൂറു ശതമാനം ഫ്ലോപ്പ്‌!ഇതാണ്‌ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം. അക്ഷന്തവ്യമായ അലംഭാവം. ഇത്തരം ഒരു സിനിമയിൽ ഇഴയടുപ്പത്തോടെ ഇഴുകിച്ചേർന്നു നിൽക്കേണ്ട ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച ആ ഉദാസീനത...മോഹൻലാലിനൊപ്പം കട്ടയ്ക്കു കട്ട നിന്നഭിനയിക്കേണ്ട ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്‌ മേനോൻ എന്ന നടന്റെ കാസ്റ്റിംഗ്‌...ഇതിനൊന്നും ബ്ലെസ്സി എന്ന സംവിധായകൻ കം തിരക്കഥാകൃത്തിന്‌ മാപ്പു കൊടുക്കാൻ തോന്നുന്നില്ല.

അതു വരെ അടക്കി വെച്ചതെല്ലാം ഒരുരുൾപൊട്ടലായി ശിവൻകുട്ടിയെ വിഴുങ്ങിക്കളയുന്ന ആ രംഗത്തിന്റെ ചിത്രീകരണവും ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ. ഒരു ഭ്രമരത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന മുരളലിന്റെ അകമ്പടിയോടെ വന്ന ആ സീക്വൻസ്‌, പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്ന ചില സംവിധായകരുടെ ഗിമ്മിക്സ്‌ പോലെ ബാലിശമായ ഒരവതരണം ആയിപ്പോയി സത്യത്തിൽ. വൈഡ്‌ ആംഗിൾ ലെൻസിൽ എടുക്കുന്ന ക്ലോസപ്‌ ഷോട്ടുകൾ വക്രീകരിക്കുന്ന മുഖവും, നാലുഭാഗത്തു നിന്നും കുലുങ്ങി പാഞ്ഞടുക്കുന്ന കാമറയുടെ ദ്രുതചലനവും എന്ന ക്ലീഷേ ഇവിടെയെടുത്തു പ്രയോഗിച്ചതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കങ്ങ്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല! സത്യം. ചിലപ്പോ എന്റെ ആസ്വാദന നിലവാരത്തിന്റെ കുഴപ്പം ആയിരിക്കും!

താഴ്‌വാരം എന്ന ഭരതൻ ചിത്രമല്ല ഭ്രമരത്തിന്റെ ബഞ്ച്‌ മാർക്ക്‌. സദയം എന്ന എം.ടി - സിബി മലയിൽ ചിത്രത്തിനോടാണ്‌ എനിക്കിതിനെ ചേർത്തു വെയ്ക്കാൻ തോന്നുന്നത്‌. പ്രത്യേകിച്ചും മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ മാറ്റുരയ്ക്കുന്നതിൽ. രണ്ടു കുട്ടികളെയടക്കം നാലുപേരെ കൊന്ന കുറ്റത്തിന്‌ തൂക്കിലേറ്റപ്പെടുന്ന സത്യനാഥ്‌ എന്ന ചിത്രകാരൻ, ഒരു പക്ഷേ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അണ്ടർ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട കഥാപാത്രം ഇതായിരിക്കും എന്നു തോന്നുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിൽ ഈ കഥാപാത്രത്തിന്‌ ഒരു ഡയലോഗ്‌ പോലുമില്ല. പക്ഷേ വെറും ശരീര ഭാഷയിലൂടെ താൻ കടന്നു വന്ന അഗ്നിപാതകൾ എത്ര അനായാസമായാണ്‌ ആ നടൻ വരച്ചിട്ടത്‌!പറഞ്ഞു വന്നത്‌ അതല്ല. ഈ സിനിമയുടെ അവസാനം കാണിക്കുന്ന, സത്യനാഥിനെ തൂക്കിക്കൊല്ലുന്ന ജയിൽ രംഗങ്ങളുടെ തീവ്രതയിലേക്ക്‌ പ്രേക്ഷകനെ പടിപടിയായി എത്തിക്കുന്നതിൽ എം.ടി യും സിബിയും കാണിച്ച അസൂയാ വഹമായ ആ കയ്യടക്കം ഭ്രമരത്തിൽ ബ്ലെസ്സിക്ക്‌ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല തന്നെ! തൂക്കി ക്കൊല്ലുന്നതിനു തൊട്ടു മുൻപ്‌ ജയിൽ ഡോക്ടറോട്‌, "എനിക്കിപ്പോ ജീവിക്കണം എന്നു തോന്നുന്നു സർ" എന്ന ഒരൊറ്റ ഡയലോഗിൽ അന്ത്യരംഗങ്ങളുടെ മുഴുവൻ തീഷ്ണതയും ആവാഹിച്ചു നിർത്തിയ ആ ഒരു ഇന്ദ്രജാലം പോലൊന്ന് ശരിക്കും ഭ്രമരം എന്ന സിനിമയിൽ നഷ്ടപ്പെടുന്നു.

എങ്കിലും ചപ്പുചിപ്പു ചവറുകളുടെ കുത്തൊഴുക്കിനിടയിൽ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആത്മാർത്ഥ ശ്രമങ്ങൾക്ക്‌ ബ്ലെസ്സി എന്ന സംവിധായകനോട്‌ ഒരു ശരാശരി മലയാളി സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഉറപ്പായിട്ടും!

Sunday, July 05, 2009

ഈച്ചയും കുളിസീനും! ഒരു ഗുണപാഠ കഥ!

ഒരു പഴം കഥ....ചുമ്മാ!

ഈ വളിച്ച കഥകളൊക്കെ എന്തിനെക്കോണ്ട്‌ ഇവ്ടെ തട്ടണ്‌?

ചുമ്മാന്നു പറഞ്ഞില്ലേ...

ന്നാ പറ..!

ഒരു ഞരമ്പു രോഗിയുടെ കഥയാണ്‌....പണ്ട്‌ പണ്ട്‌....

ഡാ‍ായ്‌.....ഞരമ്പു രോഗികളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്‌..സത്യമായും നിന്നെ ഞാൻ ചുടും..ദൈവത്തിനാണെ!

ഹേയ്‌ അതല്ലടാ...നീ കേൾ..ഇതൊരു ഗുണപാഠ കഥയാകുന്നു!

ശരി...

അപ്പോ...പണ്ട്‌ പണ്ട്‌, അല്ലേ പോട്ട്‌ ,ഈയടുത്തകാലത്ത്‌, ഒരു ഞരമ്പുരോഗിയായ ചെറുപ്പക്കാരനുണ്ടായിരുന്നു! ഒരു കമ്പിൽ സാരിയോ ചുരിദാറോ ചുറ്റിക്കൊടുത്താൽ അതിനു ചുറ്റും മൊബെയിൽ കാമറയുമായി കറങ്ങിക്കളയുന്ന ഇനം ഒന്ന്‌..

ശ്ശെ! ഇതൊരു സാധാരണ കഥയല്ലേ...വളരെ സാധാരണം!

ഇടയ്ക്ക്‌ കേറിയാ പിന്നെ കഥയില്ല..മിണ്ടാണ്ടിരുന്ന്‌ കേട്ടോളണം..

ശരി....

ഭയങ്കര മറവിക്കാരനായിരുന്നു ഈ കഥാനായകൻ...അയൽവക്കത്തെ കുളിമുറിയുടെ വെന്റിലേറ്ററിൽ സ്വന്തം കാമറാ ഫോൺ മറന്നുവെയ്ക്കും, ഓപ്പൺ ബാത്തുള്ള വീടുകളിലെ മറപ്പുരയ്ക്കടുത്തുള്ള തെങ്ങിൻ മോളിൽ എന്തിനെന്നറിയാതെ കയറിയിരിക്കും..., തിരക്കുള്ള ബസ്സുകളിൽ കയറിയാൽ അതിന്റെ മുൻഭാഗമേതാ പിൻഭാഗമേതാന്നു മറക്കും.., എന്തിനധികം പറയുന്നു, കറന്റു കട്ടുള്ള അത്യുഷ്ണരാവുകളിൽ അയൽവീടുകളിലെ തുറന്നിട്ട ജനാലപ്പടിമേൽ സ്വന്തം തല തന്നെ മറന്നു വെച്ചിട്ടുണ്ട്‌ ടി വിദ്വാൻ!

എന്നിട്ട്‌...?

എന്നിട്ടെന്താ...മറവിരോഗം അധികമാവുമ്പോ നാട്ടുകാർ ഓടിച്ചിട്ട്‌ പിടിച്ച്‌ കുനിച്ചു നിർത്തി കൂമ്പിനിട്ട്‌ കൊടുക്കും മറവിമാറാനുള്ള മരുന്ന്‌! അപ്പോ കുറച്ചുകാലം നോർമലാവും. അങ്ങ്നിരിക്കേ ഒരീസം വീണ്ടും ചങ്കരനെ തെങ്ങിൻ മോളിൽ കാണാം.

അങ്ങിനെയങ്ങിനെ ഞരമ്പോന്റെ ജീവിതം സുന്ദരസുരഭിലമായി ഒഴുകുന്ന കാലത്തിങ്കൽ ഒരു ചിങ്ങം പിറന്ന ഒന്നാം തിയ്യതി...

നോട്ടിയാൻ താമസിക്കുന്ന വീടിന്റെ തൊട്ടയൽപക്കത്ത്‌ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ, നഗരത്തിലെ വനിതാ കോളജിൽ പഠിക്കുന്ന അഞ്ച്‌ സുന്ദരിക്കുട്ടികൾ ഒരുമിച്ച്‌ താമസിച്ചു പഠിക്കാനെത്തുന്നു!!!!!

ഹെന്റമ്മേ......

അതന്നെ.... വിശന്നു വലഞ്ഞിരിക്കുന്ന ചാലിയന്റെ തലയിൽ പഴഞ്ചക്ക വീണതു പോലായി എന്നു പറഞ്ഞാ മതീലോ...!

ഇപ്ലത്തെകാലത്ത്‌ യുവജനങ്ങളിൽ അത്യപൂർവ്വമായി മാത്രം കണ്ടു വരുന്ന സമയനിഷ്ഠ ഒരു ജീവിതവ്രതമായി കൊണ്ടു നടന്നിരുന്ന നായകരത്നത്തിന്റെ കമ്പ്ലീറ്റ്‌ ഡെയിലി റുട്ടീൻ അതോടെ തലകീഴായി മറിഞ്ഞു. രാവിലെ ഏഴു മണിക്ക്‌ പഞ്ചായത്ത്‌ ബസ്റ്റോപ്പ്‌, ഏഴു മുപ്പതിന്‌ മുൻസിപ്പൽ ബസ്‌ സ്റ്റാൻഡ്‌, ഏഴു നാൽപത്തിയഞ്ചിന്‌ ജനതാ പാരലൽകോളജിനു മുന്നിലെ മരച്ചുവട്‌, എട്ട്‌ മുപ്പതിന്‌ ഗവ: ആർട്ട്സ്‌ കോളജിനു മുന്നിലെ ചായക്കട, ഒൻപത്‌ മുപ്പത്തിയെട്ടിന്‌ ഗേൾസ്‌ ഹൈസ്കൂളിനുമുന്നിലെ പെട്ടിക്കട തുടങ്ങി പാതിരാക്കോഴി കൂവുമ്പോൾ (വെടി)വഴിപാട്‌ ശാന്തയുടെ ഒറ്റമുറി വീടിന്റെ ജനാലച്ചോട്ടിൽ അവസാനിക്കുന്ന വിശ്രമരഹിതമായ ബിസിനസ്സ്‌ മീറ്റിംഗുകൾ ആകെ മൊത്തം അവതാളത്തിലുമായി.

അയൽവക്കത്തെ അഞ്ചു സുന്ദരികൾ കുളിച്ച്‌ കുറിയിട്ട്‌ പുത്തക സഞ്ചീം തൂക്കി കോളജിൽ പോവും വരെ വീടിന്റെ വടക്കേ ജനാലപ്പടിയിൽ സ്വയം ഒരു കാനായിക്കുഞ്ഞിരാമന്റെ പ്രതിമയായി മാറും നുമ്മടെ എനർജൈസർ. തരുണീമണികൾ തിരിച്ചെത്തിയാൽ പിന്നെ ആ വീട്ടിലെ വിളക്കുകൾ അണയുവോളം അവളൂമാരിൽ ആരിന്റെയിങ്കിലും ഒരുത്തിയുടെ വല്ല മിന്നായവും തരപ്പെട്ടാലോന്ന്‌ കരുതി മാക്സിമം പോസിബിൾ ആയ എല്ലാ പോസിഷനുകളിലും മാറിമാറി ഗാർഡെഡുക്കാനും തുടങ്ങി ഹതാശയൻ!

നിലാവില്ലാത്ത പാതിരാത്രികളിൽ, ഒരിറ്റു വെളിച്ചം അരിച്ചു വീഴുന്ന ഏതെങ്കിലും ഒരു ദ്വാരം തേടി സ്വന്തം മൊബെയിൽ ഫോണുമായി ആ വീടിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ മണ്ടി നടക്കും! പക്ഷേ, സാക്ഷരകേരളത്തിന്റെ ഏത്‌ ഓണം കേറാമൂലയിൽ പോയാലും, നായ്ക്കാട്ടത്തിൽ പുല്ലു മുളച്ചപോലെ ഇജ്ജാതി സാധനങ്ങൾ എമ്പാടും കാണും എന്ന്‌ നന്നായറിയാവുന്ന പെണ്മണീ രത്നങ്ങൾ യുദ്ധകാലത്തെ പട്ടാള ബങ്കർ പോലെ ആ വീട്ടിലെ ഓരോ ജനലും വാതിലും അടച്ച്‌ ബന്തോസ്താക്കി വച്ചായിരുന്നു ദിനരാത്രസരണികൾ തരപ്പെടുത്തിയിരുന്നത്‌. ആയതിനാൽ "എന്തായിരിക്കും......എങ്ങിനെയിരിക്കും...??" എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത സമസ്യകളാൽ വലയം ചെയ്ത്‌, പൊട്ടിയ അലൂമിനിയം കുടത്തിനുള്ളിൽ തല കുടുങ്ങിയ പട്ടികണക്ക്‌ സ്വന്തം വീട്ടിനുള്ളിൽ ഉഴറിനടക്കാനും തുടങ്ങി നൽക്കുമാരനായകൻ!

കാലം പോകെ ഊണിലും ഉറക്കിലും ഉണർവിലും പടമുരിഞ്ഞ നാഗകന്യമാരുടെ നഗ്നദേഹങ്ങൾ ഒരിക്കലും നിലയ്ക്കാത്ത ഒരു ഘോഷ യാത്ര കണക്ക്‌ ടിയാന്റെ മനോ മണ്ഡലത്തിൽ ഫുൾ ടൈം കുച്ചിപ്പുടി കളിച്ചു തുടങ്ങുന്നു. അതോടെ പ്രസ്തുത ഊണും, തുടർന്നുള്ള ആ വിളിയും പിന്നെ ഉറക്കവും നഷ്ടപ്പെട്ട്‌ ഭ്രാന്തമായ ഒരവസ്ഥയിൽ വടക്കേ ജനാലയുടെ ഓരത്ത്‌ വടക്കേ വീട്ടിലേക്ക്‌ തിരിച്ചു വച്ച രീതിയിൽ ഒരു യോഗമുദ്രയിൽ യോ(രോ)ഗി ഒരേയിരുപ്പ്‌ തുടങ്ങി....ആ ഒരിരുപ്പങ്ങിനെ നീണ്ട്‌ നീണ്ട്‌ ഒടുക്കം ഒരു ഘോര തപസ്സായി മാറുകയും ചെയ്തു.

കഠിനതപസ്സിന്റെ ഉഗ്രത ദിനം തോറും ഏറിയേറിവന്നു!ഒടുക്കം ആയകാലത്ത് ഇമ്മാതിരിപ്പെട്ട കുളിസീൻ കാണലും, മുലക്കച്ച കക്കലുമൊക്കെ ഒരു പൊടിക്ക്‌ ഹോബിയാക്കി കൊണ്ടു നടന്നിരുന്ന ഒരു ഭഗവാണ്‌ മനസ്സലിവുണ്ടാവുന്നു. ഒരന്തി മയക്കത്തിന്‌ ഠപ്പേന്ന്‌ പ്രത്യക്ഷണായി അസ്മാദൃശൻ!

"ഹാരാത്‌?"

"ദ്‌ ഞാനാ...വത്സലന്റെ തപസ്സിൽ നാം സന്തോഷനായിരിക്കുന്നു...വരം വല്ലതും വേണോ...?"

"കാണണം..."

"എന്തോന്ന്‌.....?'

"കുളിസീൻ!!"

"തൽക്കാലം ഞാൻ കുളിച്ചു കാണിച്ചു തന്നാ മതിയോ...?"

"നോ‍.........ദാണ്ടെ ലവളുമാര്‌ഡെ കാണണം"

"അത്‌ ഞാൻ വിചാരിച്ചിട്ട്‌ നടന്നിട്ടില്ല..പിന്നാ നീ!!"

"എന്നാ എന്നെ അപ്രത്യക്ഷണാക്ക്‌...ഞാൻ പോയി കണ്ടോളാം!"

"നടക്കൂല്ല മോനെ ദിനേശാ...മനുഷ്യനെ അപ്ഗ്രേഡ്‌ ചെയ്ത്‌ മായാവിയാക്കലിന്‌ തൽക്കാലം സ്റ്റേ ഓർഡറാ ദേവലോകത്ത്‌!"

"എന്നാ എന്നെ ഒരീച്ചയെങ്കിലുമാക്കിത്താഡേയ്‌!"

"എന്തോന്ന്‌?"

"അപ്ഗ്രേഡ്‌ ചെയ്യാനല്ലേ സ്റ്റേയുള്ള്‌! ഡീഗ്രേഡ്‌ ചെയ്ത്‌ ഒരീച്ചയാക്കിത്താ...ഞാനെങ്ങിനേലും പോയിക്കണ്ടോളാം...പ്ലീസ്‌!!!"

"അതൊരൊന്നൊന്നര ബുദ്ധിയാണല്ലോ...നടത്തിത്തരാം!"

"ശരിക്കും??"

"ഇന്നുരാത്രി കാഫ്കയുടെ "മെറ്റമോർഫിസസ്‌" തലങ്ങും വിലങ്ങും പഠി! രാവിലെ ഫലമുണ്ടാവും"

"ഉറപ്പാണോ..?"

"ഞാനൊരു കുറുപ്പല്ല..."

"എന്നാ ഡാങ്ക്യു ഡാ കണ്ണാ....ഉം...മ്മ!

"ഹെന്റമ്മേ...കോടതി വിധി ഇന്നലെ വന്നതേയുള്ള്‌! ഞാൻ പോണ്‌..(തടിയുണ്ടേൽ മോളിൽ പുല്ല്‌ പറിച്ചെങ്കിലും ജീവിക്കാം)

എന്തിനേറെപ്പറയുന്നു...പിറ്റേന്ന്‌ രാവിലെ സൗഭാഗ്യ കുമാരൻ നോട്ടക്കാരൻ ഒരീച്ചയായി ഉറക്കമുണർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ! ഉറങ്ങിയുണർന്ന ഈച്ച നേരെ ക്ലോക്കിലേക്ക്‌ നോക്കി!

"ഹയ്യോ...മണി ഏഴ്‌..മിനിമം രണ്ടു കുളി കഴിഞ്ഞു പോയിക്കാണുമല്ലോ...."

ഒരൊറ്റ പറക്കലാണ്‌ പിന്നെ. മുന്നീ കണ്ട വിടവുകളിലെല്ലാം നൂർന്നു കയറി കുളിമുറിയുടെ ഭിത്തിയിൽ എമർജൻസി ലാൻഡ്‌ ചെയ്ത്‌ ശ്വാസമൊന്ന്‌ വലിച്ചു വിട്ട ഈച്ച കുമാരൻ തന്റെ സ്വപ്ന ലോകത്തെ ആകമാനമൊന്ന്‌ വീക്ഷിച്ചു നിർവൃതി കൊള്ളലും, കൂട്ടത്തിൽ ഇളയവളും മൊഞ്ചിൽ മൂത്തവളുമായ ട്രീസാ മേരി ജോൺ കുളിമുറിയുടെ വാതിൽ തുറന്ന്‌ ഉള്ളിൽ കയറലും ഏതാണ്ട്‌ ഒരേസമയത്ത്‌ നടന്നു!

ഈച്ചയുടെ ചങ്കിടിപ്പിന്‌ ഒരു ഗുഡ്സ്‌ വണ്ടി പോകുന്ന താളം!

കുളിക്കാൻ കയറിയ സുന്ദരി ഇഞ്ച താളി സോപ്പെല്ലാം ഒരുക്കി വെച്ച്‌ ഒന്നു മൂരി നിവർന്ന്‌, നിലക്കണ്ണാടിയിൽ സ്വന്തം സൗന്ദര്യമൊന്ന്‌ വിശദമായി അവലോകനം ചെയ്തു...പിന്നെ ഉയ്‌ർത്തിക്കെട്ടിയ മുടിക്കെട്ടഴിച്ച്‌ പിറകിൽ വിടർത്തിയിട്ടു...

"മതീടീ..നീ തന്നെ ഐശ്വര്യാ റായ്‌....ഒന്നു കുളിക്കുന്നുണ്ടോ നീയ്യ്‌?" കണ്ട്രോൾപോയ ഈച്ച അലറി...ആരു കേൾക്കാൻ!?

ബ്ലഡ്‌ പ്രഷർ മൂർദ്ധാവിൽ കയറിയ ഈച്ച കണ്ണിമയ്ക്കാതെ അങ്ങിനെ നോക്കിക്കൊണ്ടിരിക്കേ സുന്ദരിക്കുട്ടി തന്റെ രാവാട തലവഴിയേ ഊരി അയയിൽ തൂക്കി!

ഛാ‍യ്‌! ഈച്ചയ്ക്ക്‌ ആകാംക്ഷ കൊണ്ട്‌ ബോധക്ഷയം വരാൻ തുടങ്ങി.....ഫെമിനാ അൺഡർ വെയേർസിന്റെ പരസ്യം പോലെ മുന്നിൽ ട്രീസാ മേരി ജോണിന്റെ രൂപം. ഈച്ചയ്ക്ക്‌ ചുറ്റും ലോകം, അരക്കുപ്പി ആനമയക്കി ഒരൊറ്റവലിക്ക്‌ കാലിയാക്കിയ പോലേകറങ്ങി!!

മായിക വിഭ്രമത്തിന്റെ മാസ്മരിക നിദ്രയിൽ മങ്ങി വരുന്ന കാഴ്ചയിൽ ചിരകാല സ്വപ്നത്തിന്റെ ഒന്നാം അടിവസ്ത്രം കൊളുത്തഴിഞ്ഞ്‌ വീഴുന്നത്‌ അർദ്ധബോധാസസ്ഥയിൽ ഈച്ച കണ്ടു.പിന്നെ മറിമായക്കാഴ്ചയുടെ ക്ലൈമാക്സ്പോലെ ട്രീസാമേരിജോണിന്റെ കൈകൾ തന്റെ ശരീരത്തിൽ അവശേഷിച്ചിരുന്ന ഒടുക്കത്തെ പീസിന്റെ ഇലാസ്റ്റിക്‌ ലക്ഷ്യമാക്കി നീണ്ടു.....ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട ഈച്ച കാറ്റിൽ പെട്ട അപ്പൂപ്പൻ താടിപോലെ.....

"എന്നിട്ട്‌...എന്നിട്ട്‌...??"

"എന്നിട്ടെന്താ....കൃത്യം ആ മുഹൂർത്തത്തിൽ ബ്രേക്‌ ഫാസ്റ്റിനിറങ്ങിയ ഒരു പല്ലി, കൊട്ടു വടിവെച്ച്‌ തലക്കിടി കിട്ടിയപോലെ ലക്കു കെട്ടിരിക്കുന്ന ഈച്ചയെ കാണുകയും ഒരൊറ്റക്കുതിക്ക്‌ വെള്ളം പോലും തൊടാതെ അതിനെയങ്ങ്‌ ശാപ്പിട്ട്‌ കളയുകയും ചെയ്തു.......!!!!!

ഛായ്‌....നശിപ്പിച്ച്‌....മൊത്തം നശിപ്പിച്ച്‌!!

ഹ..ഹ...ഹായ്‌!

"വല്ലാണ്ടെ ചിരിക്കല്ലേ...എന്നാലും ഈകഥ ഞാൻ മുന്നെയെവിടെയോ കേട്ടിട്ടുണ്ടല്ലോ?"

"ഉണ്ടാവും, അപ്പറഞ്ഞയാൾ ഈ കഥയുടെ ഗുണപാഠം പറഞ്ഞു കാണില്ല"

"എന്തോന്ന് ഗുണപാഠം?"

"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ ഒളിച്ചു നോക്കുന്നത്‌ ഇപ്ലത്തെ കാലത്ത്‌ ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത്‌ മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!

Wednesday, April 29, 2009

ഈ ഇടതുപക്ഷത്തിന്റെ ഒരു കാര്യം!!

ഇതാണ്‌ പറഞ്ഞത്‌, ഇ.എം.എസിനു ശേഷം പ്രായോഗിക ബുദ്ധിയോടെ കേരളാ രാഷ്ട്രീയത്തെ വിശകലനം ചെയ്ത്‌ കരുക്കൾ നീക്കിയ ഒരു നേതാവ്‌ ഇടതു പക്ഷത്ത്‌ ഇനിയും വരേണ്ടിയിരിക്കുന്നു എന്ന്! ഇങ്ങേയറ്റം പിണറായി വിജയനോ അങ്ങേയറ്റം പ്രകാശ്‌ കാരാട്ടൊ ഒക്കെ തല കുത്തി നിന്നു കൂലം കഷിച്ചിട്ടും...മഅദനിയെ പിടിച്ച്‌ തോളിലിരുത്തി പൊന്നാനി ചുറ്റി രണ്ടത്താണിക്ക്‌ സിന്ദാബാദ്‌ വിളിക്കുന്ന തലം വരെയൊക്കെയേ അങ്ങെത്താൻ കഴിയുന്നുള്ളൂ! അതിനുമപ്പുറം വിശാലമായ ഒരു ലോകമുണ്ടെന്ന് പാവങ്ങളെ ആരേലും ഒന്നോർമ്മിപ്പിക്കുന്നത്‌ നന്ന്!

അറ്റ്ലീസ്റ്റ്‌ ശശി തരൂരിന്റെ കാര്യത്തിലെങ്കിലും മന്ദബുദ്ധികളുടെ കോൺഗ്രസ്‌ എന്ന് നാഴികയ്ക്ക്‌ നാൽപതു വട്ടം വീരപട്ടം ചാർത്തിക്കൊടുക്കുന്ന സാക്ഷാൽ കോഗ്രസ്‌ പാർട്ടി പിണറായിയും കാരാട്ടും മരത്തിൽ കണ്ടതിന്റെ ഇരട്ടി മേലേമാനത്ത്‌ കണ്ടു എന്നു പറയേണ്ടിയിരിക്കുന്നു.

ആരാണീ ഡോ. ശശി തരൂർ? 53 വയസ്സിന്റെ ചെറുപ്പമുള്ള (ഇപ്ലത്തെ രാഷ്ട്രിയ നേതാകന്മാരുടെ ആവ്‌റേജ്‌ വയസ്സ്‌ വെച്ച്‌ കണക്കു കൂട്ടുമ്പോൾ) തിരുവനന്തപുരത്തെ കോൺഗ്രസ്‌ പാർലമന്ററി ഇലക്ഷൻ സ്ഥാനാർത്ഥി!

അതിന്‌ അദ്ദേഹത്തെ പ്രാപ്തനാക്കിയ യോഗ്യതകൾ?

1978ൽ ഫ്ലെച്ചർ സ്കൂൾ ഓഫ്‌ ലോ ആൻഡ്‌ ഡിപ്ലോമസി യിൽ നിന്നും ഡോക്റ്ററേറ്റ്‌,അവിടത്തെ തന്നെ ബ്രില്യന്റ്‌ സ്റ്റുഡന്റിനുള്ള റോബർട്ട്‌ സ്റ്റ്യുവർട്ട്‌ അവാർഡ്‌ നേടിയ ആൾ...ഫ്ലെച്ചർ ഫോറം ഓഫ്‌ ഇന്റർനാഷനൽ അഫയേഴ്സ്‌ എന്ന ജേണലിന്റെ ഫൗൻഡർ എഡിറ്റർ. സർവ്വോപരി നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഭംഗിയായി പ്രസംഗിക്കാനറിയാം (മലയാളം കഷ്ടിയാണേലും). 1978 മുതൽ തന്നെ യുണൈറ്റഡ്‌ നാഷൻസിൽ ഉദ്യോഗസ്ഥൻ. പിന്നീട്‌ യു എൻ സെക്രട്ടറി ജനറലിന്റെ സീനിയർ അഡ്വൈസർ, തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ. 2007 ൽ യു. എൻ വിട്ടു.

ഇത്രയും പോരെ യോഗ്യതകൾ? ഇനി കോൺഗ്രസ്‌ സ്ഥാനാർത്ഥിയാകാൻ ഇത്രയും മിനിമം യോഗ്യതകൾ പോരെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള ആ ഒരു വിഷൻ കൂടെ അറിയണം! (അല്ലേലും കോൺഗ്രസ്സിൽ ഇതൊക്കെ ഒരു യോഗ്യതയാണോ സർ?)

കോൺഗ്രസ്‌ നേതാക്കന്മാരെക്കുറിച്ച്‌ അദ്ദേഹത്തിന്റെ അഭിപ്രായം...? വെരി സിമ്പിൾ, ഖദറിട്ട മാംസപിണ്ഡങ്ങൾ! (വൗ..എന്തൊരുപമ!!!)

സോണിയാ ഗാന്ധി...? ടൂറിനിലെ ശവക്കച്ച ! പിന്നെ വെറുമൊരു വിവാഹ സർട്ടീക്കറ്റിന്റെ ബലത്തിൽ ഇന്ത്യയെ പണയത്തിനെടുക്കാൻ വന്ന വിദേശ വനിത! പോരെങ്കിൽ ചിരിക്കാത്തവൾ, പൊതു ജീവിതത്തെ ക്കുറിച്ച്‌ വിവരമില്ലാത്തവൾ, പഠിപ്പില്ലാത്തവൾ എന്നൊക്കെ ഉപ ബിരുദങ്ങളും. (ഇയ്യാൾ കോൺഗ്രസ്സിന്റെ തന്നെ സ്ഥാനാർത്ഥിയാവണം!)

ഗാന്ധിസം സമ്പൂർണ്ണപരാജയമാണെന്നും, നെഹ്രുവിന്റെ ഭരണം ഇന്ത്യയുടെ വികസനത്തിനെ തടഞ്ഞു എന്നും, ഇന്ദിരാഗാന്ദി ക്രൂരയും തന്നിഷ്ടക്കാരിയുമായ ഒരു ഭരണാധികാരിയായിരുന്നുവേന്നും സൻജയ്‌ ഗാന്ധി സാമൂഹ്യവിരുദ്ധനായിരുന്നുവേന്നും സർവ്വോപരി ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ ലോകത്തിലെ ഏറ്റവും വലിയ തമാശയാണെന്നും നല്ല ഭംഗിയായി എഴുതിപ്പിടിപ്പിച്ച ശശി തരൂർ എങ്ങിനെ ഒരു കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി?!

അഥാണ്‌...അഥാണ്‌ ഞാൻ പറഞ്ഞത്‌ ആരെന്തൊക്കെ പറഞ്ഞാലും പ്രായോഗിക രാഷ്ട്രീയം പഠിക്കാൻ പ്രകാശ്‌ കാരാട്ടും പിണറായി വിജയനുമൊക്കെ കോൺഗ്രസ്സുകാരുടെ മുന്നിൽ വെറ്റിലയും പാക്കും വെച്ച്‌ തൊഴണം എന്ന്!

കാരണം?

സിമ്പിൾ, ഡോ.ശശി തരൂർ ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു പക്ഷ സ്ഥാനാർത്ഥി ആയില്ല! അതുതന്നെ. ഇത്രേം അക്കാഡമിക്‌ യോഗ്യതയുള്ള, നയതന്ത്രജ്ഞത കൈമുതലായുള്ള ഊർജസ്വലനായ ഒരു വാഗ്മി, അതും ഇത്രേം തികഞ്ഞ ഒരു കോൺഗ്രസ്‌ അവബോധമുള്ള ഒരാൾ ഇടതു പക്ഷത്തിന്റെ തമ്പിൽ ചെന്നു കയറിയാൽ അതുണ്ടാക്കിയേക്കാവുന്ന ഇമ്പാക്റ്റ്‌, പ്രായോഗിക ബുദ്ധിയുള്ള കോൺഗ്രസ്‌ നേതാക്കൾ വളരെ വേഗം തിരിച്ചറിഞ്ഞു എന്നതാണ്‌ പോയിന്റ്‌! ഫലം? കോൺഗ്രസിനെതിരെ തരൂർ ഛർദ്ദിച്ചു വെച്ചതെല്ലാം വാരിക്കൂട്ടി കെട്ടിവെച്ച്‌, തിരുവനന്തപുരം സീറ്റെന്ന തൊണ്ടിയലുവക്കഷണം നല്ല വലിപ്പത്തിൽ ഉരുട്ടി വായിൽ തിരുകി ക്കൊടുത്ത്‌ തരൂരിനെ കോൺഗ്രസ്‌ കക്ഷത്തിലിറുക്കി പറന്നു.കാര്യ വിവരം തിരിയാത്ത ഉമ്മൻചാണ്ടിയും ചെന്നിത്തലയുമൊക്കെ ഒന്നു കുതറി നോക്കിയെങ്കിലും കാര്യവിവരമു ദേശീയനേതൃത്വം സംഗതി കബൂലാക്കി എന്നു പറഞ്ഞാ മതിയല്ലോ!

അങ്ങേർ കോൺഗ്രസ്‌ വണ്ടിയിൽ കയറിക്കഴിഞ്ഞതിനു ശേഷമാണെന്നു തോന്നുന്നു ഇടതുപക്ഷത്തിന്‌ ബോധോദയമുണ്ടായത്‌.ഉടൻ തന്നെ ഇസ്രായേൽ ബാന്ധവം, ദേശിയഗാനക്കേസ്‌ തുടങ്ങിയവയൊക്കെ കുത്തിപ്പൊക്കി ഒരു പ്രതിരോധത്തിനു മുതിർന്നെങ്കിലും അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌ തിരിഞ്ഞു കിട്ടാൻ മെയ്‌ പതിനാറിന്റെ പുലരി പിറക്കേണ്ടിയിരിക്കുന്നു.

രണ്ടത്താണിയെ ഒരത്താണിയിലാക്കാൻ മഅദനിയെ എങ്ങിനെയൊക്കെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഗവേഷിച്ച്‌ പുകച്ചുകളഞ്ഞ വക്രബുദ്ധിയുടെ പാതിമതിയായിരുന്നു ഇങ്ങിനെയൊരക്കിടിപറ്റും എന്ന് ഗണിച്ചെടുക്കാൻ പിണറായിക്ക്‌! പറഞ്ഞിട്ടെന്തു ഫലം..പോയ ബുദ്ധിക്ക്‌ വടം കെട്ടി വലിക്കാൻ ആനയെ തപ്പി നടന്നിട്ട്‌ കാര്യമില്ലല്ലോ!


പിൻ കുറിപ്പ്‌ : അഥവാ ടി വിദ്വാനെങ്ങാൻ ഇടതു പക്ഷത്ത്‌ വന്നു കയറിയാൽ, കാലം പോകെ തന്റെ ഗ്ലാമർ കുടുമയും കെട്ടി കുടയുമെടുത്ത്‌ പഴനിക്ക്‌ പോകും എന്ന് ഇന്നേ തിരിച്ചറിഞ്ഞ കാരാട്ട്‌, മന:പൂർവ്വം വേണ്ടാന്നു വെച്ചതാവുമോ ഇച്ചാങ്ങാതിയെ?!

Wednesday, March 04, 2009

അഷ്ടദിക് പൃഷ്ഠങ്ങൾ....!!

ഈനായ്നോളീ പണ്ട്‌ വടകരക്കാർന്നൊരു ചങ്ങായ്‌ പറഞ്ഞെ, "ങ്ങി മ്മള തക്കാരം വിളിച്ചിട്ട്‌ മക്കാറാക്ക്വാ മരയ്ക്കാറേ....? ന്ന്"

“ക്ഷണിച്ച്‌ വരുത്തിയവരെ വിഷണ്ണരാക്കാൻ ഇതിലും വലിയ വേല വേറെയുണ്ടോ വേലപ്പാ“ എന്നും പാഠ ഭേദം

Tuesday, January 27, 2009

കേസു കൊടുത്തതിനു ശേഷം..(ചുമ്മാ ഒരു വിശേഷം!)

"അയ്യയ്യേ...ഛെ.ഛെ.ഛേ....വൃത്തികേട്‌, വൃത്തികേട്‌.... പൂട്ടി വെക്കോളീ കമ്പ്യുട്ടർ...ഉളുപ്പും മാനോം ഒന്നൂല്ലേ ഇതിങ്ങനെ കണ്ടോണ്ടിരിക്കാനെക്കൊണ്ട്‌.....?"

"എന്തുവാഡേയ്‌ രാവിലെ തന്നെ പുലമ്പുന്ന്...?"

"രാവിലെ തന്നെ കമ്പ്യ്യൂട്ടറും തുറന്ന് വെച്ച്‌ ഇമ്മാതിരി വൃത്തികെട്ട പടങ്ങൾ കണ്ടോണ്ടിരുന്നാ പിന്നെന്തു പറയണം...?"

" ഓ..ഇദോ...? ഇതാണ്‌ ബോഡി കാസ്റ്റിംഗ്‌"!

"എന്തോന്ന്...?"

"ന്നു വെച്ചാൽ ശിൽപങ്ങളുണ്ടാക്കുന്ന ഒരു പുതിയ രീതി..നമ്മുടെ ഏത്‌ ശരീരഭാഗങ്ങളും, മുഖമോ തലയോ, ഉടലോ, കയ്യോ,കാലോ, ഇനി എന്തിന്റെയായാലും അതിന്റെ ഒറിജിനലിൽ നിന്നും നേരിട്ട്‌ മോഡ്യൂൾ ഉണ്ടാക്കി മിനുക്കി ശരിക്കുള്ളതിനെ വെല്ലുന്ന പകർപ്പെടുക്കുന്ന കലാവിദ്യ..."

"എന്നിട്ട്‌ ഇതു മുഴുവൻ പെണ്ണുങ്ങളുടെ ആ ഭാഗത്തിന്റെ മാത്രം ചിത്രങ്ങളെടുത്ത്‌ ഒട്ടിച്ചു വെച്ചതാണല്ലോ...? അതും ഒരു പത്തു നാൽപതെണ്ണം നിരത്തി...ഒരു മാതിരി പൊതു ലേലത്തിനു വെച്ച മാതിരി...?"

"ഇദ്‌ പൊതു ലേലത്തിനു വെച്ചതല്ല, പൊതു പ്രദർശനത്തിനു വെച്ചതാണ്‌..അതും ഇംഗ്ലണ്ടിലെ ഇം‌പ്യൂർ ആർട്ട് ഗാലറിയിൽ....!ഇതിന്റെ ശിൽപി വളരെ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി, പതിനെട്ടാം പടി ചവിട്ടാൻ തുടങ്ങുന്ന കുമാരി മുതൽ അങ്ങ്‌ അറുപതിന്റെ ഉച്ചി തൊട്ട അമ്മൂമ്മ വരെയുള്ള കുറെ പെൺ വളന്റിയർമാരെ സംഘടിപ്പിച്ച്‌, അവരുടെയൊക്കെ ആ പ്രത്യേക ഭാഗത്തിന്റെ മോഡ്യൂൾ ഉണ്ടാക്കി, ഉരച്ചു മിനുക്കി, അടുക്കി നിരത്തി പ്രദർശനത്തിനു വെച്ചതിന്റെ പടമാണു മഹനേ നീയിക്കാണുന്നത്‌!"

"അപ്പോ അന്നാട്ടിലെങ്ങും ഊളമ്പാറയോ കുതിരവട്ടമോ ഇല്ലല്ലേ....?"

"മനസ്സിലായില്ല....."

"ഞാളെ നാട്ടിലൊക്കെ ഉച്ചിക്കിറുക്ക്‌ മൂത്താൽ അങ്ങിനെ ചില സ്ഥലങ്ങളുണ്ട്‌, ചികിത്സിക്കാൻ...."

"ദേ കളിച്ചു കളിച്ച്‌ കമ്പത്തിനുമേൽ കേറിക്കളിക്കരുത്‌...... കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ തൊട്ട്‌ കളിച്ചാൽ കളി കളിമക്കളിയാവും, പറഞ്ഞില്ലെന്ന് വേണ്ട!"

"ഇതിലെന്തോന്ന് കല...?"

"ശിൽപിയെ ക്വാട്ടിയാൽ, വൈവിദ്ധ്യമാണ്‌ ഇവിടെ പ്രതിപാദ്യ വിഷയം.മനുഷ്യന്മാരുടെ മുഖം പോലെ തന്നെ ഇതും, ഒരെണ്ണം കണ്ടിട്ട്‌ അതേപോലെ വേറൊന്ന് കൂടെ വേണംന്ന് ച്ചാൽ നടക്കില്ല ...ആ വൈവിദ്ധ്യം അങ്ങേരിങ്ങനെ ആ വിഷ്കരിച്ചു...അത്ര തന്നെ..."

"ഇതെല്ലാർക്കും അറിയണ കാര്യമല്ലേ....അത്രവലിയ മഹാസംഭവമൊന്നുമല്ലല്ലോ...ഇങ്ങനെ കലയാക്കി പ്രദർശിപ്പിക്കാൻ...?"

"റോസാപ്പൂവിനു ഭംഗിയുണ്ടെന്ന് നാട്ടാർക്ക്‌ മുഴോനും അറിയില്ലേ...എന്നിട്ട്‌ അതിന്റെ ഫോട്ടോയോ പടമോ കണ്ടിട്ട്‌ ആരും ഇതെന്തോന്ന് കല എന്നു പറയുന്നില്ലല്ലോ....!!"

"അതു പോലാണോ ഇത്‌...?"

"ഇതിന്‌ മാത്രം എന്തോന്ന് കുഴപ്പം...?"

"വൃത്തികേടല്ലേ.....?"

"ഹതുശരി....പെണ്ണുങ്ങൾഡേം ആണുങ്ങൾഡേമൊക്കെ ഈ ഒരു ഭാഗം മാത്രം വൃത്തികെട്ടതാണെന്ന് പറഞ്ഞു തന്ന മഹാൻ ആരാണ്‌ സർ?" ഈ ഒരു ഭാഗം മാത്രമാണ്‌ ശരീരത്തിൽ അസ്സലാകപ്പാടെ ഭംഗിയുള്ളതായുള്ളൂ എന്ന് ഈ ഞാൻ പറഞ്ഞാൽ അതങ്ങിനെയല്ല എന്ന് സ്ഥാപിക്കാൻ വല്ല കോപ്പും ഇയ്യാടെ കയ്യിലുണ്ടോ....ഉണ്ടെങ്കി പറ!" വേറൊരു കാര്യം കൂടെ കേട്ടോ............ ഈ പ്രദർശനം പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണെന്നു കൂടെ പറഞ്ഞിട്ടുണ്ട്‌ ടിയാൻ!"

"ഹൂശെന്റപ്പാ.......അതെന്ത്‌?"

"ഒടേ തമ്പുരാൻ കനിഞ്ഞ്‌ സ്വന്തം ശരീരത്തിൽ ഫിറ്റ്‌ ചെയ്ത്‌ തന്ന ആ ഒരെണ്ണം തന്നെ നേരെചൊവ്വേ ഒന്ന് നോക്കാൻ മെനക്കെടാത്തവരാണത്രെ ബഹുഭൂരിഭാഗം പെണ്ണുങ്ങളും!എന്നിട്ടല്ലേ വേറൊരുവൾഡെ? അപ്പോ "നിങ്ങൾക്കായി കിട്ടിയത്‌ പോലെ വേറൊരെണ്ണം ഈ ഭൂമിമലയാളത്തിൽ മഷിയിട്ട്‌ നോക്കിയാൽ കിട്ടില്ല, ആയതിനാൽ നിങ്ങൾക്കുള്ളതിൽ നിങ്ങൾ അഭിമാനിപ്പിൻ" എന്ന് അവരെ ഓർമ്മിപ്പിക്കാനും കൂടിയാണ്‌ ഇത്രേം പെടാപ്പാട്‌ പെട്ട്‌ താനിതൊപ്പിച്ചതെന്ന് അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിട്ടുണ്ട്‌"

നട്ടപ്രാന്തെന്ന് പറഞ്ഞാൽ പൊട്ടും പൊളിയുമല്ല, ഇതുപോലെ ഏതാണ്ടൊക്കെയോ ആണെന്ന് സാരം! താൻ ചിരിക്കണ്ട, പൊതു സമൂഹത്തിൽ പാലിക്കേണ്ട ചില മിനിമം മര്യാദകൾ പാലിക്കാൻ ഞാനും നീയും ഈ കിറുക്കനും ഒക്കെ ബാദ്ധ്യസ്ഥരല്ലേ എന്ന് ചോദിച്ചാൽ.....?

"അപ്പോ തിരിച്ചും ചോദ്യം വരും, ഏത്‌ മര്യാദകൾ? എവിടുന്നുണ്ടായ മര്യാദകൾ? സമൂഹത്തിൽ മുന്നേയില്ലാത്ത ഒന്ന്, അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, മതങ്ങളായും, പ്രവാചകന്മാരായും, അവതാരങ്ങളായും,ആശയങ്ങളായും ഇസങ്ങളായുമൊക്കെ ഉരുത്തിരിഞ്ഞു വന്ന വിധി വിലക്കുകൾ, നിയമങ്ങൾ, സാമൂഹികക്രമങ്ങൾ... ഇവയൊക്കെ സ്ഥായിയായി നിലനിൽക്കുന്നവയാണോ? ഇന്നലെയുടെ ശരി ഇന്നിന്റെ അസംബന്ധവും, ഇന്നിന്റെ ശരികേട്‌ നാളെയുടെ നീതിയും ഒക്കെയായി മാറിമറിഞ്ഞ്‌ കുഴഞ്ഞുമറിഞ്ഞ്‌ കിടക്കുന്ന അവസ്ഥയിൽ യഥാർത്ത ശരിയേത്‌ തെറ്റേത്‌ എന്ന് ആർക്കു പറയാൻ പറ്റും? അല്ലെങ്കിൽ യഥാർത്തത്തിൽ ശരി തറ്റ്‌ എന്നൊന്നുണ്ടോ?"

"അങ്ങിനെയൊക്കെ കടന്നു ചിന്തിക്കണോ......?"

"വേണം, ഓഷോ രജനീഷ്‌ പറഞ്ഞിട്ടുണ്ട്‌, "പ്രകൃതിയിൽ സ്വാഭാവികമായുള്ളതിനെ മതിൽ കെട്ടി തടയാൻ മനുഷ്യൻ മുതിരുന്നിടത്താണ്‌ അരാജകത്വത്തിന്റെ തുടക്കം" എന്ന്. കൊടുമുടിയിൽ ഉത്ഭവിക്കുന്ന പ്രവാഹങ്ങൾ വളരെ സ്വാഭാവികമായി മഹാസമുദ്രത്തെ തേടിയെത്തിക്കൊള്ളും..പ്രകൃത്യാ ഉള്ള വൻപാറക്കെട്ടുകളും, അഗാധ ഗർത്തങ്ങളും ഒന്നും അതിനെ വഴിയിൽ തടയില്ല. പക്ഷേ അതേ നദിപ്രവാഹത്തിൽ വൻ മതിൽ തീർത്ത്‌ മനുഷ്യൻ ഇടപെട്ടാലോ, ആ പുഴയ്ക്ക്‌ പിന്നീടൊരിക്കലും സമുദ്രത്തിലെത്തിച്ചേരാനേ കഴിഞ്ഞെന്നു വരില്ല"

"അതദ്ദേഹം ലൈംഗികതയെ കുറിച്ചു പറഞ്ഞതല്ലേ...?"

അതെ...അതേ ലൈഗികതയെയാണല്ലോ പാപങ്ങളുടെ തമ്പുരാനായി ഇപ്പോ അവതരിപ്പിക്കപ്പെടുന്നത്‌? അതു പോട്ടെ..കാലത്തെ അല്ലെങ്കിൽ കാലഘട്ടത്തെ ആപേക്ഷികമാക്കിയെടുത്താണ്‌ ശരിയും തെറ്റും ബലാബലം കളിക്കുന്നതെന്ന് സമ്മതിച്ചാൽ തന്നെയും കടന്നുപോയതും കണ്മുന്നിൽ നിൽക്കുന്നതുമായ കാലഘട്ടങ്ങളിലൊക്കെയും കലാകാരന്മാരും എഴുത്തുകാരുമൊക്കേതന്നെ മാറ്റിവരയ്ക്കപ്പെടുന്ന അതിർവരമ്പുകൾ ലംഘിച്ച്‌ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അപഥ സഞ്ചാരം നടത്തിയതായി കാണാൻ കഴിയില്ലേ"

"എന്നു വെച്ചാൽ എഴുത്തുകാർക്കും, ചിത്രകാരന്മാർക്കും, ശിൽപികൾക്കും പിന്നെ നിങ്ങൾ ബ്ലോഗർമാർക്കുമൊക്കെ എന്തു തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ്‌ കാലാകാലങ്ങളായി പതിച്ചു കിട്ടിയിട്ടുണ്ട്‌ എന്നാണോ?"

"അതെന്തരെഡേയ്‌ അതിനിടയിൽ ബ്ലോഗർമാർക്കിട്ടൊരു ഞോണ്ട്‌?"

"ഹല്ല, ഒരു എം. എഫ്‌. ഹുസൈന്‌ ഹിന്ദു വനിതാ ദൈവങ്ങളെ തുണീം കോണോനുമില്ലാതെ വരയ്ക്കാം.....ഒരു ചിത്രകാരന്‌ സരസ്വതിയുടെ ഏതാണ്ടൊക്കെ അവയവങ്ങളുടെ എണ്ണമെടുക്കാം....പിന്നെ കുറെ സർവ്വ വിജ്ഞാന കോശ ബ്ലോഗ്‌ എഴുത്തുകാർക്ക്‌ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും, അതെഴുതിയവനെ തെറിവിളിച്ചും, ആ തെറിവിളിച്ചവന്റെ തന്തയ്ക്ക്‌ വിളിച്ചും അർമ്മാദിക്കാം....ഇതല്ലെങ്കിൽ തോന്ന്യാസം എന്ന വാക്കിന്‌ താനെനിയ്ക്ക്‌ നിർവ്വചനം വേറെ തരണം...."

"ഇതിലൊക്കെ എന്തോന്ന് കൊഴപ്പം"?

"ഒരു കൊഴപ്പോം ഇല്ലാഞ്ഞിട്ടാണോ സന്തോഷ്‌ ജനാർദ്ദനൻ എന്ന ബ്ലോഗർ ചിത്രകാരൻ എന്ന ബ്ലോഗർക്കെതിരെ കേസ്‌ കൊടുത്തത്‌?"

"കാര്യമറിയാതെ വല്ലോം വിളിച്ചു പറയല്ല്....സരസ്വതീ ദേവിക്ക്‌ സേൻസസെടുത്ത പോസ്റ്റിട്ടതിനല്ല, മറിച്ച്‌ ബ്ലോഗിലൂടെ ജാതി വിദ്വേഷം തീർക്കുന്നു എന്ന ആരോപണത്തിൻ പുറത്താണ്‌ കേസ്‌ കൊടുത്തത്‌ എന്ന് ശ്രീ സന്തോഷ്‌ ജനാർദ്ദനൻ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ..."

അങ്ങിനാണേൽ അതും കുഴപ്പമല്ലേ....

ഇന്ന് രാജ്യത്ത്‌ നിലവിലുള്ള നീതിന്യായ വ്യവസ്ഥ വെച്ച്‌ അതു പ്രശ്നമാണെന്ന് കോടതിക്ക്‌ തോന്നിയാൽ ചിത്രകാരനു ചിലപ്പോ കുഴപ്പമാവും.അല്ലാതെന്ത്‌?

"എന്നാലും ആർക്കും എന്തും വിളിച്ചു പറയാനുള്ള പൊതു സ്ഥലമാണോ ഈ ബ്ലോഗ്‌?

"അതേ"

ങേ....! "

അതേന്ന്...വേലിയേലെങ്ങാൻ ചുമ്മാ വെയിലും കൊണ്ടിരിക്കുന്ന പാമ്പിനെയെടുത്ത്‌ വി.ഐ.പി ഫ്രഞ്ചിക്കുള്ളിൽ തിരുകിയാൽ, പിന്നെ ചിലപ്പോ ആസ്ഥാന മർമ്മാണിക്ക്‌ കാലമെത്തും മുന്നേ പെൻഷൻ കൊടുക്കേണ്ടതായീ വന്നേക്കാം എന്ന ഉത്തമബോദ്ധ്യത്തോടെ വല്ലവരും അങ്ങിനെ ചെയ്താൽ, അച്ചെയ്ത ചെയ്ത്തിന്‌, മേപ്പടിയാനെ കുറ്റം പറയാൻ പറ്റ്വോ?"

"ഹേ....യ്‌"

"എന്നാ അതന്നെ ഇതും"

"അപ്പോ ചിത്രകാരൻ ചെയ്തത്‌ തെറ്റല്ല?"

"അല്ല"

"അങ്ങിനെയെങ്കിൽ ശ്രീ. സന്തോഷ്‌ ജനാർദ്ധനൻ ചെയ്തത്താണ്‌ തെറ്റ്‌"?

അതുമല്ല

"അതെങ്ങിനെ? രണ്ടും ഒരുമിച്ചു ശരിയാവുന്നതെങ്ങിനെ ശരിയാവും"

"ചെലപ്പോ രണ്ടും ഒരുമിച്ചു തെറ്റുമാവാം!"

"ദേ...ഒരുമാതിരി.... "

ചൂടാവല്ല്...ചിത്രകാരൻ എഴുതിയ പോസ്റ്റായപോസ്റ്റെല്ലാം വായിച്ചാ, ഒരന്തോം കുന്തോമില്ലാത്ത ഒരാൾ എഴുതിയതാണെന്നു തോന്നുമോ"?

ഇല്ല...

അപ്പോ മിനിമം കോമൺസേൻസ്‌ എങ്കിലും ഉള്ള ഒരാൾ അതൊക്കെയെഴുതുമ്പോൾ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും മനസ്സിലാക്കിയിരിക്കും എന്നു കരുതുന്നതിൽ തെറ്റുണ്ടോ?

ഇല്ല

അപ്പോൾ സംഗ്രഹം : താൻ ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്ന (നോട്ട്‌ ദാറ്റ്‌ പോയിന്റ്‌) ധാരണകളുടെയും വിശ്വാസത്തിന്റെയും പുറത്ത്‌, തനിക്ക്‌ ശരിയെന്ന് തോന്നുന്ന ഭാഷയിൽ, വരും വരായ്കകളെകുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ്‌ ചിത്രകാരനതൊക്കെ എഴുതിയിട്ടുള്ളത്‌...

"ന്ന് ച്ചാൽ.....വേലിയിലിരിക്കുന്ന പാമ്പിനെ അറിയാണ്ടങ്ങ്‌ എടുത്ത്‌ വെച്ചതല്ല എന്ന്"

"അതന്നെ! ഒരു വ്യക്തി എന്ന നിലയിൽ ചിത്രകാരനുള്ള അവകാശങ്ങളൊക്കെയും ശ്രീ സന്തോഷ്‌ ജനാർദ്ദനൻ എന്ന വ്യക്തിക്കുമുണ്ട്‌. അങ്ങിനെ വരുമ്പോൾ താൻ ശരിയെന്നു വിശ്വസിക്കുന്ന ധാരണകളുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ, ചിത്രകാരൻ എഴുതുന്നത്‌ നിലവിലുള്ള സമൂഹ ക്രമത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണെന്നും, അപകടകരമാണെന്നും പ്രതിരോധിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്നതിൽ തർക്കമുണ്ടോ?

ഒട്ടുമില്ല... "

അതിനദ്ദേഹം ഇന്നത്തെ നിലയിൽ ഒരു മഹാഭൂരിപക്ഷം ആശ്രയിക്കുന്ന നീതിന്യായവ്യവസ്ഥയുടെ സഹായം തേടിയതിൽ പ്രതിഷേധിക്കാൻ ഈ നമുക്ക്‌ വല്ല വകുപ്പുമുണ്ടോ?

ഇല്ലെന്ന് തോന്നുന്നു.കോഴിക്കോട്ടോ കണ്ണൂരോ കാസർക്കോട്ടോ ഉള്ള വല്ല ക്വട്ടേഷൻ ചങ്ങായിമാരേം വിട്ട്‌ അദ്ദേഹം ചിത്രകാരനെ ഇരുട്ടടി അടിക്കാൻ ഏർപ്പാടാക്കിയിരുന്നെങ്കിൽ ഞാൻ ഘോര ഘോരം പ്രതിഷേധിച്ചേനേ.....!ബ്ലോഗ്‌ സ്തംഭിപ്പിച്ചേനെ!

അപ്പോ ഇതിലൊക്കെ എന്തര്‌ കുഴപ്പം എന്നു ഞാൻ ചോദിക്കുന്നതിൽ വല്ല കുഴപ്പവും ഒപ്പിക്കാനുള്ള വകുപ്പുണ്ടൊന്ന് നീ ശങ്കിച്ചാൽ എനിക്കെന്തെങ്കിലും കുഴപ്പം വരാൻ വഴുപ്പുണ്ടോ കുഴപ്പക്കാരാ?

എന്തോന്നെന്തോന്ന്...?

ഒന്നൂല്ല്യ....

"ഗൂഗിളിന്റെ ബ്ലോഗ്‌, എന്റെ കീബോർഡ്‌, വല്ലോന്റേം വരമൊഴി...എഴുത്തോടേഴുത്തും കമ്പക്കെട്ടും, നീയൊക്കെ നല്ല സൗകര്യമുണ്ടേൽ വായിച്ചാമതി" എന്ന ലൈനിലും കാര്യം തീർക്കാലോ തൽക്കാലം...."

"പബ്ലിക്‌ കംഫർട്ട്‌ സ്റ്റേഷന്റെ മതിലിൽ നോട്ടീസെഴുതി ഒട്ടിച്ചിട്ട്‌, സൗകര്യമുള്ളോൻ വായിച്ചാ മതി എന്നു പറയുന്നവന്റെ കോമൺസേൻസിൽ തൽക്കാലം എനിക്കിത്തിരി വിശ്വാസക്കുറവുണ്ട്‌"

"എന്നാലും ആ സരസ്വതീടെ......."

"ഷട്ടപ്‌....!!!"