സത്യമായും ഇത് കളരിക്ക് പുറത്തുള്ള ചവിട്ട്! കണ്ട് സഹിക്കാൻ മേലാഞ്ഞിട്ട് സത്യൻ അന്തിക്കാടിനെ ഒരിക്കൽ ഭള്ള് പറഞ്ഞതു ഇതിനു മുന്നേ ഈ ബ്ലോഗിൽ ഞാൻ ആകപ്പാടെ ചെയ്ത സിനിമാ പാതകം! (ഉൽപത്തിയെ മറക്കുന്നില്ല!). സൂകര പ്രസവം പോലെ മലയാളത്തിലിറങ്ങുന്ന ചവറുകളും അല്ലാത്തവയുമൊക്കെ കണ്ട് സമയാസമയങ്ങളിൽ അതിനു റിവ്യൂ എഴുതി എന്നെപോലെയുള്ളവരുടെ പണവും അതിനുമുപരി സമയവും പിന്നെ ക്ഷമയും സേവ് ചെയ്തു തരുന്ന ഹരിയെ പോലെയുള്ളവരെയൊക്കെ പൂവിട്ട് തൊഴണം! (എന്നിട്ടും ചിലതിനോക്കെ പോയി തല വെച്ചു കൊടുക്കും..ഈ അടുത്ത കാലത്ത് ലവ് ഇൻ സിംഗപോർ കണ്ടപ്പോഴുണ്ടായ ഭീകരാനുഭവം....!!!)പക്ഷേ ഭ്രമരത്തിനെ അങ്ങനങ്ങു വിടാൻ തോന്നിയില്ല!
"ജുറാസിക് പാർക്ക്" (1) എന്ന സ്പിൽബർഗ് സിനിമയുടെ ഓപണിംഗ് ഓർക്കുന്നുണ്ടാവും. ഇരുണ്ട തിരശ്ശീലയിൽ ആദ്യ ടൈറ്റിൽ തെളിയുമ്പോൾ അകമ്പടിയെത്തുന്ന ആ മുഴക്കം. ഹൃദയം വിറപ്പിക്കുന്ന ആ മുഴക്കത്തിന്റെ ആഘാതം ആ സിനിമ അവസാനിക്കുവോളവും പ്രേക്ഷകന്റെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ആലോചിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു അതിലെ ഓരോ ദൃശ്യ ഭാഗങ്ങളും! ഭ്രമരം എന്ന ബ്ലെസ്സി ചിത്രം നിരാശപ്പെടുത്തിയതും അവിടെയാണ്. പ്ലാനിംഗ്! ഒരു മന്ത്രസ്ഥായിയിൽ തുടങ്ങി പടിപടിയായി മുറുകി ഒടുക്കം ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ഒരു പാറ്റേൺ ഈ സിനിമയ്ക്കുണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോയി ഈ പടം കണ്ടിറങ്ങിയപ്പോൾ!
ഒരു സസ്പെൻസ് ത്രില്ലർ എന്ന പട്ടമാണ് ഇതിന്റെ പരസ്യങ്ങളും ചില നിരൂപണങ്ങളും ഈ ചിത്രത്തിന് ചാർത്തിക്കൊടുത്തിരിക്കുന്നത്. ഭ്രമരം എന്ന ചിത്രം ശരിയായി പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. (ത്രില്ലർ എന്ന പദം ഇവിടെ ഉപയോഗിക്കാമോ എന്നും ഉറപ്പില്ല.) മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത, തികച്ചും വത്യസ്തമായ ഒരു കഥാ പശ്ചാത്തലം ഈ സിനിമയ്ക്ക് അവകാശപ്പെടാനാവില്ല! എന്നാൽ തികച്ചും സാധാരണമായ ഒരു സിനിമാ കഥാ തന്തുവിന് വളരെ അസാധാരണമായ ഒരു സിനിമാ ഭാഷ്യം കൊടുക്കാനുള്ള ആത്മാർത്ഥമായ ആ ഒരു ശ്രമമായിരുന്നു സത്യത്തിൽ ഈ ചിത്രത്തെ വത്യസ്തമായൊരു അനുഭവമാക്കേണ്ടിയിരുന്നത്.
എന്നാൽ മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തിയ രീതി, രണ്ടാം പകുതിയിലെ ആ യാത്രയുടെ ചിത്രീകരണം പിന്നെ പാശ്ചാത്തല സംഗീതം, ഇത്രയും ഭാഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമയുടെ മറ്റു ഘടകങ്ങളോടും കഥാപാത്രങ്ങളോടും സംവിധായകൻ കാണിച്ച് അക്ഷന്തവ്യമായ അലംഭാവം ഒരു വേറിട്ട സിനിമ എന്ന തലത്തിലേക്കുയരുന്നതിൽ നിന്നും ഈ ചിത്രത്തെ പിറകോട്ട് വലിച്ചു എന്നു പറയുന്നതാവും ശരി.
ഒരു പ്രത്യേക സാഹചര്യത്തിൽ, ഏഴാം ക്ലാസിൽ തന്റെ കൂടെ പഠിച്ച ഉണ്ണി എന്ന സുഹൃത്തിനെ കാണാനെത്തുന്ന ശിവൻ കുട്ടിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഒരൽപം കോമിക് ടച്ചോടെയുള്ള തുടക്കം...അക്ഷരമറിയാത്ത ഓട്ടോ ഡ്രൈവർ,കൈ വെള്ളയിൽ എഴുതിയ അഡ്ഡ്രസ് നോക്കുന്നതിനിടെ ശൃംഗരിക്കാൻ വരുന്ന വേശ്യ എന്നിങ്ങനെ നീളുന്ന ദൃശ്യങ്ങൾ! സിനിമ മൊത്തം കണ്ടു കഴിഞ്ഞ് ഒരു റീവൈൻഡ് നടത്തുമ്പോൾ,അസാധാരണമായ ഒരു ദൃശ്യാനുഭവമായി ഈ സിനിമ അനുഭവപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഈ ഓപണിംഗിൽ തന്നെ തുടങ്ങുന്നു. വേട്ടക്കാരൻ തന്റെ ഇരകളെയും കൊണ്ട് നടത്തുന്ന അസാധാരണമായ ആ യാത്രയുടെ ഒടുക്കം....ശരിക്കും പറഞ്ഞാൽ ആ ഒടുക്കത്തിൽ നിന്നാണ് ഈ ചിത്രം തുടങ്ങുന്നത് തന്നെ. അങ്ങിനെ വരുമ്പോൾ ഈ അവസാനത്തിന്റെ ഒരു തുടർച്ച ആവേണ്ടിയിരുന്നു ഈ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ തുടക്കത്തിനെ അങ്ങിനെയൊരു അനുഭവമാക്കി മാറ്റുന്നതിൽ സംവിധായകൻ മനസ്സു വെച്ചില്ല എന്നത് സത്യം. തീഷ്ണമായൊരു വൈകാരികാഘാതത്തിലാണ് ആ കഥാപാത്രം വന്നിറങ്ങുന്നതെന്ന കാര്യം സംവിധായകൻ വിസ്മരിച്ചു എന്നു തോന്നിപ്പോകും വിധം സാധാരണമായ ദൃശ്യങ്ങൾ മാത്രമായിപ്പോയി അവ!
പക്ഷേ പൊടുന്നനെ സിനിമ ഉത്കണ്ഠയുടെ അടിയൊഴുക്കുകളിലേക്ക് എടുത്തെറിയപ്പെടുന്നു! നഗരത്തിൽ നടക്കുന്ന ബോംബ് സ്ഫോടനങ്ങൾ...ഓട്ടോറിക്ഷയിൽ അജ്ഞാതൻ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന അഭ്യൂഹം...ഈ ഒരു ടെൻഷനിടയിൽ ഉണ്ണിയുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്ന ശിവൻ കുട്ടി... "ആണ്ണാറക്കണ്ണാ വാ വാ.." എന്ന പാട്ടിന്റെ അവതരണം... തുടർന്നു വരുന്ന റെയിൽവേ സ്റ്റേഷൻ യാത്ര..അങ്ങിനെ ഒരൊഴുക്കിലേക്ക് സിനിമ തെന്നിയിറങ്ങുന്ന നേരം നോക്കി സംവിധായകൻ ഒരൊറ്റ ബ്രേക്കാണ്!!! പിന്നെ വീണ്ടും ഒരു സാദാ മോഹൻലാൽ പടത്തിന്റെ കെട്ടിലും മട്ടിലുമാണ് ഇടവേള വരെ സിനിമ ഇഴയുന്നത്. അഭ്യാസം കാണിച്ച് കുട്ടികളെ സന്തോഷിപ്പിക്കൽ, കോഴി ബിരിയാണി വെക്കൽ ഇതൊക്കെയാണ് തുടർന്നു വരുന്ന കലാ പരിപാടികൾ! സിനിമയുടെ മൊത്തം ഒരു മൊമന്റം തന്നെ നശിപ്പിച്ചു കളഞ്ഞു ഈ രംഗങ്ങൾ! സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കേണ്ടതെന്താണ് എന്ന പ്രാഥമികമായ ഒരു ചോദ്യം സംവിധായകൻ കം തിരക്കഥാകൃത്ത് മറന്നു പോയിരിക്കുന്നു ഇവിടെ!
പക്ഷേ, ഇടവേളയ്ക്കു ശേഷം കുരുക്കിട്ടു പിടിച്ച ഇരകളേയും കൊണ്ട് ശിവൻ കുട്ടി നടത്തുന്ന ആയാത്ര....! അതിന്റെ ചിത്രീകരണം...! ബ്ലെസ്സി എന്ന സംവിധായകൻ യഥാർത്തത്തിൽ എന്താണ് എന്ന് ശരിക്കും അനുഭവിപ്പിച്ചു തരുന്നതായി ഈ രംഗങ്ങൾ. ഷോട്ട് ബൈ ഷോട്ട് ആയി പ്രേക്ഷകനെ ഭ്രമിപ്പിച്ചു കളയുന്ന ചിത്രീകരണ ശൈലി. മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ അങ്ങേയറ്റം അളന്നെടുക്കുന്ന പ്രകടനം. അതുവരെ ആവറേജ് എന്നു പോലും പറയാനില്ലാത്ത അഭിനയം കാഴ്ച വെച്ചു കൊണ്ടിരുന്ന സുരേഷ് മേനോൻ പോലും അവസരത്തിനൊത്തുയർന്നു.മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ ശൈലി എന്നു നിസ്സംശയം പറയാം. അസാധ്യം എന്നു തന്നെ തോന്നുന്ന ചില ഷോട്ടുകൾ. കാമറാമാൻ അജയൻ വിൻസന്റിനു ഫുൾ മാർക്ക്! കിഴ്ക്കാം തൂക്കായ കൊല്ലിയുടെ വക്കിൽ ലോറി ചവിട്ടി നിർത്തി പുറത്തിറങ്ങി വരുന്ന ശിവൻകുട്ടിയുടെ, ശൂന്യതയിൽ കാമറ വെച്ച് എന്ന പോലെ എടുത്ത ആ ഷോട് ഉദാഹരണം!
വീണ്ടും ആ യാത്രയുടെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ ഒഴുക്കിന് ഭംഗം വരുന്നു. സത്യത്തിൽ ആ ഒരു യാത്രയുടെ മൊത്തം ഇംപാക്ട് പ്രേകഷകൻ അനുഭവിക്കുന്നത്, അതിന്റെ അവസാനം തന്നെ കാത്തിരിക്കുന്നതെന്ത് എന്ന അനിശ്ചിതത്തിന്റെ നിഴൽ കൂടെയുള്ളത് കോണ്ടാണ്. പക്ഷേ ആ അശുപത്രി രംഗങ്ങളും ഏറ്റു പറച്ചിലും തുടാർന്ന് വളരെ റിലാക്സ്ഡ് ആയി തുടരുന്ന യാത്രയും, പിന്നെ ഏതാണ്ട് ഇവിടെ വെച്ച് പ്രേക്ഷകൻ ഊഹിച്ചെടുക്കുന്ന ചില കാര്യങ്ങളും,അതിൽ നിന്നും വത്യസ്തമായി ഒന്നും നൽകാനില്ലതെ അവസാനിക്കുന്ന സിനിമയും...ഒടുക്കം ആർത്ത്ലച്ചു വന്ന തിരമാല പുഴിമണലിൽ അടിച്ചു കയറി നിശ്ശബ്ദമായി പിൻവാങ്ങിപ്പോയപോലൊരു അനുഭവം! തിയേറ്റർ വിട്ടിറങ്ങി വരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത് അങ്ങിനെയൊരു വികാരമാണ്.
സിനിമയുടെ മൊത്തം അടിത്തറയിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ മറ്റു ചില കാര്യങ്ങൾ കൂടെ. സിനിമയുടെ അവസാനം തീഷ്ണമായൊരു അനുഭവമായി മാറേണ്ടിയിരുന്നെങ്കിൽ, ശിവൻകുട്ടിയും അയാളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകനിൽ കൂടെ എത്തേണ്ടതായിരുന്നു. ഭൂമികയുടെ അൽപ സ്വൽപം ഭൂമിശാസ്ത്രം മനസ്സിലാക്കാനായി എന്നതല്ലാതെ അതിനുദ്ദേശിച്ച ആ ഗാന രംഗം കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമുണ്ടായില്ല. മകളായഭിനയിച്ച കുട്ടിയുടെ, എൽ.കെ.ജി കുഞ്ഞുങ്ങൾ ആംഗ്യപ്പാട്ട് പാടും പോലെയുള്ള അഭിനയം കൂടെയായപ്പോൾ ആ ഒരു ഭാഗം നൂറു ശതമാനം ഫ്ലോപ്പ്!ഇതാണ് തുടക്കത്തിൽ സൂചിപ്പിച്ച കാര്യം. അക്ഷന്തവ്യമായ അലംഭാവം. ഇത്തരം ഒരു സിനിമയിൽ ഇഴയടുപ്പത്തോടെ ഇഴുകിച്ചേർന്നു നിൽക്കേണ്ട ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച ആ ഉദാസീനത...മോഹൻലാലിനൊപ്പം കട്ടയ്ക്കു കട്ട നിന്നഭിനയിക്കേണ്ട ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോൻ എന്ന നടന്റെ കാസ്റ്റിംഗ്...ഇതിനൊന്നും ബ്ലെസ്സി എന്ന സംവിധായകൻ കം തിരക്കഥാകൃത്തിന് മാപ്പു കൊടുക്കാൻ തോന്നുന്നില്ല.
അതു വരെ അടക്കി വെച്ചതെല്ലാം ഒരുരുൾപൊട്ടലായി ശിവൻകുട്ടിയെ വിഴുങ്ങിക്കളയുന്ന ആ രംഗത്തിന്റെ ചിത്രീകരണവും ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ. ഒരു ഭ്രമരത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന മുരളലിന്റെ അകമ്പടിയോടെ വന്ന ആ സീക്വൻസ്, പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്ന ചില സംവിധായകരുടെ ഗിമ്മിക്സ് പോലെ ബാലിശമായ ഒരവതരണം ആയിപ്പോയി സത്യത്തിൽ. വൈഡ് ആംഗിൾ ലെൻസിൽ എടുക്കുന്ന ക്ലോസപ് ഷോട്ടുകൾ വക്രീകരിക്കുന്ന മുഖവും, നാലുഭാഗത്തു നിന്നും കുലുങ്ങി പാഞ്ഞടുക്കുന്ന കാമറയുടെ ദ്രുതചലനവും എന്ന ക്ലീഷേ ഇവിടെയെടുത്തു പ്രയോഗിച്ചതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല! സത്യം. ചിലപ്പോ എന്റെ ആസ്വാദന നിലവാരത്തിന്റെ കുഴപ്പം ആയിരിക്കും!
താഴ്‌വാരം എന്ന ഭരതൻ ചിത്രമല്ല ഭ്രമരത്തിന്റെ ബഞ്ച് മാർക്ക്. സദയം എന്ന എം.ടി - സിബി മലയിൽ ചിത്രത്തിനോടാണ് എനിക്കിതിനെ ചേർത്തു വെയ്ക്കാൻ തോന്നുന്നത്. പ്രത്യേകിച്ചും മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ മാറ്റുരയ്ക്കുന്നതിൽ. രണ്ടു കുട്ടികളെയടക്കം നാലുപേരെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുന്ന സത്യനാഥ് എന്ന ചിത്രകാരൻ, ഒരു പക്ഷേ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെട്ട കഥാപാത്രം ഇതായിരിക്കും എന്നു തോന്നുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിൽ ഈ കഥാപാത്രത്തിന് ഒരു ഡയലോഗ് പോലുമില്ല. പക്ഷേ വെറും ശരീര ഭാഷയിലൂടെ താൻ കടന്നു വന്ന അഗ്നിപാതകൾ എത്ര അനായാസമായാണ് ആ നടൻ വരച്ചിട്ടത്!പറഞ്ഞു വന്നത് അതല്ല. ഈ സിനിമയുടെ അവസാനം കാണിക്കുന്ന, സത്യനാഥിനെ തൂക്കിക്കൊല്ലുന്ന ജയിൽ രംഗങ്ങളുടെ തീവ്രതയിലേക്ക് പ്രേക്ഷകനെ പടിപടിയായി എത്തിക്കുന്നതിൽ എം.ടി യും സിബിയും കാണിച്ച അസൂയാ വഹമായ ആ കയ്യടക്കം ഭ്രമരത്തിൽ ബ്ലെസ്സിക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല തന്നെ! തൂക്കി ക്കൊല്ലുന്നതിനു തൊട്ടു മുൻപ് ജയിൽ ഡോക്ടറോട്, "എനിക്കിപ്പോ ജീവിക്കണം എന്നു തോന്നുന്നു സർ" എന്ന ഒരൊറ്റ ഡയലോഗിൽ അന്ത്യരംഗങ്ങളുടെ മുഴുവൻ തീഷ്ണതയും ആവാഹിച്ചു നിർത്തിയ ആ ഒരു ഇന്ദ്രജാലം പോലൊന്ന് ശരിക്കും ഭ്രമരം എന്ന സിനിമയിൽ നഷ്ടപ്പെടുന്നു.
എങ്കിലും ചപ്പുചിപ്പു ചവറുകളുടെ കുത്തൊഴുക്കിനിടയിൽ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആത്മാർത്ഥ ശ്രമങ്ങൾക്ക് ബ്ലെസ്സി എന്ന സംവിധായകനോട് ഒരു ശരാശരി മലയാളി സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഉറപ്പായിട്ടും!