Monday, October 20, 2008

മാതൃഭൂമിക്കു വേണ്ടി ഒരു യാത്ര!

വിജയ നഗര സാമ്രാജ്യത്തിന്റെ പുകൾ പെറ്റ തലസ്ഥാനമായിരുന്ന ഹം‌പി.....മുഗൾ അധിനിവേശം നശിപ്പിച്ചു കളഞ്ഞ ആ സൂവർണ്ണ നഗരത്തിന്റെ ശേഷിപ്പുകളിലൂടെ ഫോട്ടോ ഗ്രാ‍ഫർ നന്ദകുമാറുമൊത്ത് മാതൃഭൂമി യാത്ര മാഗസിനു വേണ്ടി നടത്തിയ ഒരു യാത്ര ഇവിടെ വായിക്കാം

Wednesday, August 20, 2008

അനോണിമാഷേയ്.....!!

വരമൊഴി/വരമ്പെറ്റമിഴിമൊഴി/ഒളിവെട്ടം;മായക്കാഴ്ച/മുലക്കാമ്പിലന്‍പുറവ്‌/മുലപറിച്ചെറിഞ്ഞ്‌ കലിയാട്ടം/കണ്ണകിത്വം/കലാത്മകത്വംചിത്രഭാഷ/നിറഭേദമൊഴിയാട്ടക്കളം/യാങ്കിച്ചുണ്ടില്‍ ചിത്രലിപി/ചിത്രാക്ഷരമൊഴി വിചിത്രം/

വല്ലോം തിരിഞ്ഞോ? (തിരിഞ്ഞോന്‌ തിരിഞ്ഞ്‌, അല്ലാത്തോന്‍ നട്ടം തിരിഞ്ഞ്‌)
ഇല്ലല്ലേ.. സത്യായിട്ടും എനിക്കും മനസ്സിലായില്ല! എന്നാലും ഇതും കൂടെ...

മഹാവിസ്ഫോടനം/അന്ത്യാന്തകപ്രളയം/അവിനാശവിരല്‍മുദ്ര/അണ്ണാന്മുതുക്‌/ചിത്രശലഭച്ചിറക്‌/വരയാടുടല്‌/മയില്‍പ്പീലിക്കണ്ണേറ്‌/

ഇനീം പിടികിട്ടീല്ലാ?..ഇതാണ്‌ കവിത!!മേല്‍ക്കണ്ടത്‌ ചുമ്മാ വെറുമൊരു സാമ്പിള്‍ വെടിക്കെട്ട്‌!അദുമാതിരി ഖണ്ഡികകള്‍ 20 നു മേലുണ്ട്‌, വായിച്ചര്‍മ്മാദിക്കാന്‍.

എഴുതിയത്‌ വിജയന്‍ കുനിശ്ശേരി...അച്ചടിച്ചു വന്നത്‌ മെയ്‌ 25ആം തിയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍!

എന്തായാലും മലയാളത്തിലെ എണ്ണം പറഞ്ഞ വാരികയിലൊന്നില്‍ അച്ചടിക്കപ്പെട്ടതല്ലേ. എന്റെ ആസ്വാദന നിലവാരത്തിന്റെ അതിഭീകരമായ മൂല്യശോഷണം ഹേതുവായി എനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാവും വെള്ളം കൂട്ടാത്ത സത്യം. ശരി ഞാനത്‌ വിട്ടു.പക്ഷേ കവിത എന്നെ വിടാന്‍ ഭാവമില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാ? ദേണ്ടെ പിന്നേം..!

നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രിയില്‍/വരണ്ടകാറ്റിന്റെ പിതൃപേച്ചുകള്‍/ആത്മാക്കള്‍ ആത്മഗതം കൊള്ളുന്ന ഇടനാഴികള്‍/ചുറ്റുഗോവണി ഇറങ്ങിവരുന്നത്‌/തൂങ്ങിച്ചത്ത കന്യക/ലോകത്തെവിടെയോ ഒരു ചുഴി/തിളക്കുന്ന എലിപ്പനി/

തുടക്കം കൊള്ളാം അല്ലേ...തീര്‍ന്നില്ല!

.....വയലറ്റ്‌മുഖങ്ങള്‍/തീയാളുന്നമുഖങ്ങള്‍/സ്ഫടികമുഖങ്ങള്‍/ശിലാമുഖങ്ങള്‍/പച്ചമുഖങ്ങള്‍/കളിമണ്മുഖങ്ങള്‍/പിച്ചളമുഖങ്ങള്‍/നീര്‍പോളമുഖങ്ങള്‍/എനിക്ക്‌ മരിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാം/ജീവിച്ചിരിക്കുന്നവരെക്കാള്‍/വള്ളിപ്പന്നപടരുന്നത്‌ പോലെ സ്ഫുടമായി/......ഒരുകൊള്ളിയാന്‍/ഒരുപ്യൂപ്പ/നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രി/ഒരു നിഗൂഡ ത്രികോണം/

(ആ അവസാനത്തെ വരി കഷ്ടിച്ച്‌ നിരുപിക്കാം എന്നു തോന്നുന്നു!!!!)

വായിച്ചത്‌ മാധ്യമം ആഴ്ചപ്പതിപ്പില്‍..എഴുതിയത്‌ മന്ദാകിനി!
അതോടെ ഒന്നുറപ്പിച്ചു, ഇതാണ്‌ കവിത,ഇതു തന്നെയാണ്‌ കവിത, ഇതുമാത്രമാണ്‌ കവിത.അപ്പോ അനോണിമാഷേ, ഇതും കവിതയല്ലാ എന്നു പറഞ്ഞേക്കല്ല്‌!

കട്ടമരം,കാട്ടിലെമരം/ആനമറുതാ,വടം വലി (എന്റെ തേവരേ)
ചക്കപ്പഴം/മുയല്‍ക്കുഞ്ഞ്‌/പ്ലാശും മൂട്‌/കബന്ധം(പിന്നേം ചത്തോ)
അണ്ണാന്‍ കുഞ്ഞ്‌/ഹൈക്കു/വാര്‍മുളംതണ്ടില്‍ മുരളീരവം/
പാടവരമ്പ്‌/നനഞ്ഞകണ്‍കോണുകള്‍/കൈതപൂത്ത മണം/
ഇളംകാറ്റ്‌പാതിരാപ്പൂവ്‌/ചുടുനിശ്വാസം/ഉലഞ്ഞ വാര്‍കുഴല്‍/ഉടഞ്ഞ്‌ ചിതറിയ നിലാവ്‌/
കറുത്ത ആകാശം/അടക്കിയ കരച്ചില്‍/ഊഷരഭൂമിയിലെ കുളിര്‍മഴ
പ്രഭാതം, പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളി/മൂവാണ്ടന്മാവിന്റെ കൊമ്പ്‌
കാലപാശത്തിന്‍ കുരുക്ക്‌/തൂങ്ങിയാടുന്ന മരണം...!!!!

ബാക്കി പിന്നാലെ വരും...

പറഞ്ഞുവന്നത്‌ വഴിമാറി കൊടകരയ്ക്ക്‌ പോയ്‌ എന്നു തോന്നുന്നു.

അനുഭൂതികളുടെ അനസ്യൂതമായ മഹാപ്രവാഹം എന്നോ മനോഹരമായ വാക്കുകളുടെ സുന്ദരമായ ഒത്തു ചേരല്‍ എന്നോ ഒക്കെ പണ്ടെങ്ങാണ്ട്‌ ആരാണ്ടാലോ നിര്‍വചിക്കപ്പെട്ട ഒരു സാധനമാണല്ലോ ഈ കവിത..! അതു പണ്ട്‌..ഇപ്പോ അത്‌ മാറീല്ലെ!അവ്യക്തമായ ആശയങ്ങളുടെയും പരസ്പരബന്ധമില്ലാത്ത വാക്കുകളുടെയും ഒരു വട്ടമേശസമ്മേളനം എന്നോ മറ്റോ മാറ്റിയാരുന്നല്ലോ ഈയിടെ?

അതെന്തോ ആവട്ട്‌. എന്റെ കയ്യിലിരിക്കുന്ന കാശ്‌ കൊടുത്ത്‌ ഞാന്‍ വാങ്ങിയ വാരികയില്‍ ആയതോണ്ട്‌ എന്റെ വിമര്‍ശനത്തിന്‌ ഒരു ന്യായീകരണമുണ്ട്‌. സംഗതി ഉത്തമോദാത്തമഹാവീരപട്ടാഭിഷേകം ആണേലും എനിക്കു മനസ്സിലായില്ല. ആയതിനാല്‍ അതു പൊട്ട.അതെഴുതിയ കവിയെ ഞാന്‍ തെറി വിളിക്കും കാരണം എന്റെ കാശുപോയ്‌.എന്നാല്‍ കവി തന്റെ വീട്ടുമുറ്റത്ത്‌ ഒരു ബോര്‍ഡ്‌ വച്ച്‌ അതിന്മേലാണ്‌ ഈ കവിതയ്ക്ക്‌ വെട്ടം കൊളുത്തിയത്‌ എന്നു വെയ്ക്കുക...അപ്പോ ആ കവിതയെ അല്ലെങ്കില്‍ കവിയെ കുരിശു മരത്തുമ്മേക്കേറ്റി തുരുമ്പെടുത്ത ആണി നെടുകെയും കുറുകെയും അടിച്ചു കയറ്റുന്നതിനെന്തു ന്യായീകരണം?

ഗൂഗ്‌ളും,വേര്‍ഡ്‌ പ്രസ്സുമൊക്കെ സൗജന്യമായി പതിച്ചു തരുന്ന സ്ഥലത്ത്‌ ചുമ്മാ മനസ്സീ തോന്നിയതൊക്കെ കുത്തിക്കുറിച്ചു വെക്കുന്ന പാവം ബ്ലോഗേര്‍സിന്റെ നെഞ്ഞത്ത്‌ കുച്ചിപ്പുടീം ഭരതനാട്യോം ഒടുക്കം പോരാഞ്ഞ്‌ ഡപ്പാം കുത്തും കളിക്കണതും ഇതേ സാമാന്യ നായത്തിന്റെ വിശാലപരിധിയില്‍ വരില്ലേന്നൊരു ശങ്കയില്ലേന്നു ചോദിച്ചാ, ഇല്ലാന്നങ്ങുറപ്പിച്ചു പറയാനും പറ്റ്വോ?

"എന്‍ പൂവാടിയില്‍ നടന്നൊരുനാള്
‍ആദ്യമായൊരാഭാസന്‍ എന്‍ കയ്യില്‍ പിടിച്ചു" എന്നോ

ഹൃദയത്തില്‍ ഞാന്‍ നിന്‍ പേരെഴുതി
കാലം മഴപെയ്യിച്ചു,അഗ്നി വര്‍ഷിച്ചു
കടല്‍ തിളച്ചു തൂവി,
എന്നിട്ടുംഹൃദയത്തില്‍ നിന്‍ പേരു ചിരിച്ചു നിന്നു" എന്നോ

സൂര്യാംശു കിരണങ്ങള്‍ തഴുകിത്തലോടി
സൂര്യനെ കണ്ടു ഞാന്‍, സൂര്യ താപം കൊണ്ടു
സൂര്യനില്‍ ലയിച്ചു, സുരലോകം കണ്ടു ഞാന്‍സൂ
ര്യനായ്‌ സൂര്യനില്‍, കര്‍ണ്ണന്റെ അമ്മയായ്‌"

എന്നോ ഒക്കെ വായിക്കുമ്പോള്‍ അതു കവിതയല്ല, അതില്‍ കവിതയേയില്ല ആയതിനാല്‍ അതെഴുതിയവനെ /വളെ കൊല്ല്‌ കൊല്ല്‌ എന്ന്‌ വര്‍മ്മവക കീചകവധം ആട്ടക്കഥ ആടുന്നതില്‍ എന്തു സാംഗത്യം? ചുമ്മാ ഒരു തമാശ എന്നായിരുന്നുവെങ്കില്‍ അത്‌ നഗ്നമായ വ്യക്തി ഹത്യയിലേക്ക്‌ വഴുതിപ്പോയതിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നൊഴിഞ്ഞ്‌ മാറാന്‍ പറ്റുമോ? (ഈ വക കളകാഞ്ചിയും കാകളിയുമൊക്കെ കണ്ട്‌ ബ്ലോഗും പൂട്ടിപ്പോയവരെ നോക്കി ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!)ഏതായാലും കവിതയോടുള്ള ഒരു സ്വാഭാവിക പ്രതികരണം എന്ന വകുപ്പില്‍ പെടുത്തിക്കളയാനും വകുപ്പില്ലല്ലോ ഇതില്‍?

ഇനി,

അസ്ഥിക്കൂട്ടീന്നൊരു വിമോചിത പ്രാണപ്പറവ
പറന്ന്‌ പറന്ന്‌ സ്വയം ഹത്യ-കളബലി, കലബലിത്തം....(എന്താണാവോ ഈ കലബലിത്തം?)

കലാഭാഷ
കലാപഭാഷണം
അകപ്പുറത്ത്‌ബൊഹീമിയനാനക്കളി

ഇതിലൊക്കെ ഉദാത്ത കവിതയുണ്ടെന്ന്‌ എനിക്കു തോന്നിയില്ലെങ്കിലും പലര്‍ക്കും തോന്നി. അത്‌ കവിതയുടെ കുഴപ്പമല്ലല്ലൊ..എന്റെയല്ലെ എന്റെമാത്രം കുഴപ്പം! ആ ആശാരിക്കോലെടുത്ത്‌ അളവിനു വെച്ചാല്‍ ഏതു ന്യായത്തിന്റെ പുറത്താണ്‌ സഗീറും രാജുവും ശ്രീദേവി നായരും ഒക്കെ എഴുതുന്ന വരികള്‍ കവിതയല്ലാ എന്നു പറയുന്നത്‌?ഏറിപ്പോയാല്‍ സൂര്യാംശുകിരണങ്ങള്‍ എന്നപ്രയോഗം വൈയ്യാകരണ യുക്തിപ്രകാരം നിലനില്‍ക്കുന്നതാണോ എന്നൊന്ന്‌ ഗവേഷണം നടത്തി നോക്കാം അത്ര തന്നെ.

വയല്‍ക്കരയിലെ വീട്‌, കനല്‍ നിലാവിലെ കൈത,കാഴ്ചപ്പാതി,ഒളിഞ്ഞുനോട്ടം,കണ്ണാടിയിലെ കാഴ്ച, എനിക്കില്ലേ.... ഇതൊക്കെ കവിതകളാണെന്ന്‌ എനിക്കു തോന്നാമെങ്കില്‍.........കര്‍ക്കടകം,കുളം + പ്രാന്തത്തി,കുറിഞ്ഞി, ഞാന്‍ തിരക്കിലാണ്‌ മുതലായവയില്‍ വേറൊരാള്‍ക്ക്‌ കവിത കണ്ടെത്താമെങ്കില്‍........ഇപ്പറഞ്ഞ കോറിയിടലുകളിലും കവിതയുണ്ട്‌ എന്ന്‌ മൂന്നാമതൊരാള്‍ക്ക്‌ തോന്നിക്കൂടേ?

ആപേക്ഷികമല്ലേ മാഷേ ഗുണനും ഗുണാളനും?

ഇനി "പോയാലൊരു പോസ്റ്റ്‌ ആയാലൊരു ബെര്‍ളിതോമസ്‌" എന്ന ലൈനിലാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ തിരിച്ചെടുത്ത്‌ ചവച്ചരച്ച്‌ കഴിച്ച്‌ മോളില്‍ ഒരു ദ്രാം ചുക്കു കഷായം നില്‍പ്പനുമടിച്ച്‌..............!! സുലാന്‍!

Wednesday, May 14, 2008

കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!

"കൊഞ്ചനെ കോത്ത്‌ കൊളവനെ പിടിക്കുക" എന്നൊരു ചൊല്ലുണ്ട്‌ മലബാറില്‍. കൊഞ്ചന്‍ അഥവാ ചെമ്മീന്‍ തന്നെ വിലപിടിപ്പുള്ള ഒരു ഉരുപ്പടിയാണ്‌. അതിനെ ഇരയായി കോര്‍ത്ത്‌ ചൂണ്ടയിട്ടാല്‍ മിനിമം അതിനേക്കാളും വിലയുള്ള എന്തേലും കിട്ടണമല്ലോ?

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ സമ്മതത്തോടെയോ ബലപ്രയോഗത്തിലൂടെയോ അല്ലെങ്കില്‍ ഭീഷണീയിലൂടെയോ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്‌ ഇന്‍ഡ്യന്‍ പീനല്‍ കോഡ്‌ പ്രകാരം വളരെ ഗൗരവതരമായ കുറ്റകൃത്യമാവുന്നു. ജീവപര്യന്തം തടവ്‌ വരെ കിട്ടാവുന്ന കുറ്റ കൃത്യം! കൊലപാതകമടക്കം മറ്റേല്ലാ കുറ്റകൃത്യങ്ങളിലും, താന്‍ കുറ്റം ചെയ്തിട്ടില്ലാ എന്നു പ്രതിക്ക്‌ നിഷേധിച്ചാല്‍ മാത്രം മതി. അത്‌ തെളിയിക്കാനുള്ള ബാധ്യത നുമ്മടെ പോലീസിനാണ്‌! എന്നാല്‍ ഇതില്‍ മാത്രം താന്‍ കുറ്റം ചെയ്തിട്ടില്ല എന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാവുന്നു.

വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ ഈ ആസാമിചൈതന്യ സന്തോഷ മാധവനവര്‍കള്‍ടെ കേസില്‍ അസ്സലാകപ്പാടെ എന്തോ ഒരു വശപ്പിശകിന്റെ മണം അടിക്കുന്നുണ്ടോന്നൊരു ശങ്ക വരുന്നില്ലേ....

ഇല്ലെങ്കില്‍ നോക്കാം.

വസ്തുതകള്‍:-

അറസ്റ്റ്‌ ചെയ്യപ്പെടും വരെ ഈ ആസാമിക്കെതിരെ നമുക്കറിയാവുന്ന ആരോപണം എന്തായിരുന്നു? ദുബായില്‍ ബിസിനസ്സ്‌ നടത്തി വരുന്ന ഒരു സ്ത്രീയില്‍ നിന്നും ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 45 ലക്ഷത്തിനു മുകളില്‍ മൂല്യം വരുന്ന യൂ.ഇ.ഈ ദിര്‍ഹംസ്‌ വിദ്വാന്‍ പറ്റിച്ചു എന്നത്‌ മാത്രം! സംശയകരമായി പറയുന്നത്‌ ആയുധ കടത്തില്‍ ആസാമിക്ക്‌ പങ്കുണ്ടായിരുന്നു എന്നൊരാരോപണം! ആയുധം കടത്തിയ ആസാമിയും ഈസാമിയും ഒന്നല്ല എന്നു പോലീസ്‌ തന്നെ അവരുടെ പത്രസമ്മേളനത്തില്‍ തറപ്പിച്ചു പറഞ്ഞിരുന്നു എന്നുമോര്‍ക്കുക!

പിന്നെ ഹവാല ഇടപാടുകളില്‍ ഒരു വമ്പന്‍ സ്രാവായിരുന്നു എന്നൊരു ആരോപണവും ഉണ്ടായിരുന്നു.

ആദ്യം പറഞ്ഞ പറ്റിക്കല്‍സില്‍ യു.ഏ.ഇ യില്‍ നിലവിലുണ്ടായിരുന്ന കേസില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയുമായിരുന്നു മാധവനാചാരി!യു.ഏ.ഈ. യും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലില്ലാത്തിടത്തോളം ആ ഒരു കുറ്റത്തിന്‌ ഈസാമിയെ ഇന്ത്യയില്‍ അറസ്റ്റ്‌ ചെയ്യാനും വകുപ്പില്ല.

ഇന്നലത്തെ പത്ര സമ്മേളനത്തില്‍, ഇന്റര്‍പോളിന്റെ കത്തില്‍ ചങ്ങാതിയെ അറസ്റ്റ്‌ ചെയ്യേണ്ട, ഒരു ഫാക്സ്‌ മാത്രം അയച്ചാ മതി എന്നു പറയുന്ന ഭാഗം, ഐ.ജി വിന്‍സന്റ്‌ പോളും, കമ്മീഷണര്‍ മനോജ്‌ അബ്രഹാമും ഒന്നിലേറെ തവണ പരാമര്‍ശിക്കുകയും ചെയ്തു!

മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍, ആ ദുബായ്ക്കാരിയുമായി ഒരു സെറ്റില്‍ മെന്റില്‍ എത്താന്‍ കഴിഞ്ഞാല്‍ വളരെ ഈസിയായി ഊരിപ്പോകാമായിരുന്ന ചാര്‍ജുകള്‍.

അറിഞ്ഞിടത്തോളം രാഷ്ട്രിയ സാംസ്കാരിക മേഖലകളിലെ ഉന്നതന്മാരുമായി അടുത്ത ബന്ധമുള്ള വേന്ദ്രനാകുന്നു മാധവ വേന്ദ്രന്‍!

അപ്പോള്‍ ആശ്രമം റെയിഡിനും അറസ്റ്റിനും ശേഷം ഇതിലൊക്കെ ഗുരുതരമായ ഈ ലൈംഗിക പീഡനം, അതും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, ഏതു മാനത്തു നിനാണു പൊട്ടി വീണത്‌?

ആലോചിക്കണം....

ആദ്യം പറഞ്ഞ ആരോപണങ്ങള്‍ ശുദ്ധ കള്ളമാണെന്നു പറയാന്‍ മാധ്യമ സമക്ഷം സ്വയം അവതരിച്ചവനാണ്‌ സ്വാമി അമൃത ചൈതന്യ. അതേ ചൈതന്യ അമൃതു കുടിക്കുന്ന ലാഘവത്തോടെ താന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പോലീസിനോട്‌ സമ്മതിക്കുന്നു!! പത്രസമ്മേളനത്തിനു വന്ന ചൈതന്യമാര്‍ന്ന സന്തോഷനെ കണ്ടാല്‍ ആരേലും പറയുമോ അങ്ങേരെ തല്ലി സമ്മതിപ്പിച്ചതാണ്‌ പോലീസ്‌ ഇക്കഥയൊക്കെ എന്ന്!!??

വീണ്ടും സംശയങ്ങള്‍!
രണ്ടു കൊല്ലം മുന്നെ നടന്ന പീഡന കഥയുമായി ഈ ഒരു പെണ്‍കുട്ടി ഇപ്പോ മാത്രം പ്രത്യക്ഷപ്പെട്ടതെന്തേ? അതും റെയിഡിനും അറസ്റ്റിനും ശേഷം മാത്രം?

പീഡിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്ന മറ്റു പെണ്‍കുട്ടികളൊക്കെ എവിടെ?

തള്ളേ സംശയങ്ങള്‌ തീരണില്ലല്ലോ?

പത്ര സമ്മേളനത്തില്‍ ഏമാന്മാര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു...ഇതിയാനെതിരെ ഇപ്പോ നിലവിലുള്ള ചാര്‍ജുകള്‍ ഈ പീഡനവും, പുലിത്തോല്‍ കൈവശം വെച്ചതും മാത്രമാണ്‌...അതിനു മാത്രമായാണ്‌ ഇങ്ങേരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ എന്ന്!

അപ്പോള്‍?നമുക്കു ന്യായമായും സംഷയിച്ചൂടെ ഈ പൂണ്ട ആസാമിയും ഒരു പക്ഷേ ഉന്നതന്മാരായ മറ്റു പലരും ചേര്‍ന്ന് നടത്തിയിട്ടുള്ള അതീവ ഗുരുതരമായ മറ്റെന്തൊക്കെയോ കുറ്റകൃത്യങ്ങള്‍ പുറത്ത്‌ വരാതിരിക്കാനുള്ള ഒരു അതിജീവന തന്ത്രമാണ്‌ ഈ പീഡനക്കേസ്‌ എന്ന്? കൊഞ്ചനെ കോര്‍ത്ത്‌ കൊളവനെ പിടിക്കുന്ന അതേ തന്ത്രം?

കാരണം....ഒരാഴച, ഏറിവന്നാല്‍ പതിനഞ്ചു ദിവസം...അതിനകം ഈ വാര്‍ത്ത മറവിയില്‍ മൂടി മറ്റു വല്ല സെന്‍സേഷണല്‍ സംഭവങ്ങളും ഉയിര്‍ത്തെഴുനേല്‍ക്കും...

അപ്പോ..വിദഗ്‌ധ പരിശോധനയില്‍ പുലിത്തോള്‍ വ്യാജനായാല്‍? (അതിപ്പോ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌)

പോലീസിനു നല്‍കിയ കുറ്റസമ്മതം തെളിവായി നുമ്മടെ കോടതികള്‍ സ്വീകരിക്കില്ല. കോടതിയില്‍ സ്വാമി ക്ലീനായി കുറ്റം നിഷേധിക്കും, അന്നേരം പരാതിക്കാരിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്നു വന്നാല്‍?

ഇതു വരെ പരിശോധിച്ചിട്ടില്ലാത്ത സീഡികള്‍ക്ക്‌ അങ്ങിനെയൊരു പീഡന കഥയേ പറയാനില്ല എന്നു വന്നാല്‍?

സംശയം വേണ്ടാ...സന്തോഷ സ്വാമി ക്ലീന്‍ ക്ലീന്‍ ആയി പുറത്തു വരും. എന്നിട്ട്‌ വല്ല ലണ്ടനിലേക്കോ ആസ്ത്രേലിയായിലേക്കോ പറക്കും. നാലാമതൊരു പാസ്പോര്‍ട്ടുമായി!

അപ്പഴും ചാര്‍ജുചെയ്യാന്‍ കുറ്റമില്ലാത്ത ആസാമിയുടെ തലയില്‍ പീഡനക്കിരീടം എടുത്തു ഫിറ്റു ചെയ്ത മ്മടെ സ്വന്തം ഏമാന്മാരുടെ ശുഷ്കാന്തിയില്‍ പുളകിതഗാത്രരായി നാം അവര്‍ക്ക്‌ സല്യൂട്ട്‌ കൊടുത്തു കൊണ്ടിരിക്കും!

മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ്‌ മാധവന്‍ ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക്‌ കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!

പൊതുജനങ്ങള്‍...!!!പൊട്ടന്മാര്‍!!!

Saturday, May 10, 2008

ഞരമ്പുരോഗത്തിന്റെ മൂല കാരണങ്ങള്‍‌!!!

രംഗം ഒന്ന്‌...തൃശൂര്‍ കോഴിക്കോട്‌ ഫാസ്റ്റ്‌ പാസ്സഞ്ചര്‍.

ഞാന്‍: എന്നതാഡേയ്‌ ഇങ്ങനെ ചിരിക്കാന്‍?

ഭാര്യ : അല്ലാ...ഉറക്കത്തിലും കാല്‌ ഇങ്ങനെ കൃത്യായി വര്‍ക്ക്‌ ചെയ്യോ?

ഞാന്‍ : എന്തോന്ന്‌?

ഭാര്യ : ഒന്ന്‌ തിരിഞ്ഞു നോക്കൂ സാര്‍...

നോക്കി. പിറകിലെ സീറ്റില്‍ മൂന്ന്‌ മദ്ധ്യവയസ്കര്‍. അതില്‍ കെട്ടിയോള്‍ഡെ നേരെ പിറകിലിരിക്കുന്ന വിദ്വാന്‍ നല്ല പൂണ്ട ഉറക്കം! പക്ഷേ അവന്റെ കാല്‌....!?

"ഢാാ‍ാ‍ാ‍ാ‍ാ‍യ്‌......." എന്റെ ചോര തിളച്ചു.

"അടങ്ങ്‌ ഭൈരവാ...." ഭാര്യ കൂളായി പറഞ്ഞു. "ഞാനെന്റെ ലതര്‍ ബാഗ്‌ അവിടെ വെച്ചു കൊടുത്തിട്ടുണ്ട്‌, അവന്‍ ചവിട്ടിത്തിരുമ്മി സായൂജിക്കട്ടെ"

"എന്നാലും....." ഞാന്‍ വീണ്ടും കുതറി

"ഒരെന്നാലുമില്ല, ദേണ്ടെ മൂന്നും തടിമാടന്മാരാ...പിന്നെ ച്ചിരെ വെള്ളത്തിലുമാണെന്നു തോന്നുന്നു. വേണോ...?"

"ന്നാ വേണ്ട..നീ ഇപ്പുറത്തിരുന്നോ, ആ ചവിട്ട്‌ ഞാന്‍ ശരിയാക്കിത്തരാം"

"അതോക്കെ..."

എന്തായാലും കാലിന്റെ സ്വന്തം ബാറ്ററി അതോടെ തീര്‍ന്നു എന്നു തോന്നുന്നു. രണ്ടത്താണിയില്‍ മൂന്നു തണ്ണിയണ്ണന്മാരും ഇറങ്ങിപ്പോകുന്നത്‌ വരെ തിരിഞ്ഞു നോക്കി നോക്കി എന്റെ പിടലി ഉളുക്കിയത്‌ മിച്ചം!

രംഗം രണ്ട്‌....വാസ്കോ ഹൗറാ എക്സ്പ്രസ്സ്‌.

"സ്‌ക്യൂസ്‌ മീ....!!" ഒരു പാതി മയക്കത്തിലായിരുന്ന ഞാന്‍ കണ്ണു തുറന്നു. പിന്നെ കണ്ണു തുറിച്ചു. മുന്നില്‍ പാതി മുക്കാലും നഗ്നമായ ഒരു പെണ്‍വയര്‍!! കണ്ണു തിരുമ്മി ഒന്നൂടെ നോക്കി. നെഞ്ചിനും ഇച്ചിരെ താഴെ അവസാനിക്കുന്ന ടോപ്പും പൊക്കിളിനും ഒരു പാടു താഴേന്നു തുടങ്ങുന്ന ജീന്‍സുമണിഞ്ഞ്‌, അവളിട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പരസ്യം പോലെ ഒരു പെങ്കൊച്ച്‌. (ഷുവര്‍... മെയിഡിന്‍ ഇന്‍ഡിയാ....!)

ആകെ നാലാള്‍ക്കിരിക്കാനുള്ള സീറ്റില്‍ ഞെരുങ്ങിയിരിക്കുന്ന ഞങ്ങള്‍ അഞ്ചാണുങ്ങള്‍ക്കിടയില്‍ ചന്തി വെക്കാന്‍ ഒരിത്തിരി സ്ഥലം ആ കൊച്ച്‌ കണ്ടു പിടിച്ചിരിക്കുന്നു!(അദു ശരി... ഇവളായിരുന്നല്ലേ പണ്ട്‌ അറബിയോടെ വന്നിരുന്ന ഒട്ടകം!)

വളരെ ഓട്ടോമെറ്റിക്‌ ആയി ഞാന്‍ വലത്തോട്ടും ഇടതുവശത്തിരിക്കുന്നവന്‍ ഇടത്തോട്ടും ഒന്നും കൂടെ ഞെരുങ്ങിയൊതുങ്ങി. ഈര്‍ന്നു വെച്ച മരത്തിന്‌ ആപ്പടിക്കുംപോലെ അവളാ വിടവില്‍ തിരുകിക്കയറി!

കേവലം നാലു മാസങ്ങള്‍ക്കിടയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമായി എനിക്കുണ്ടായ ഈ രണ്ടനുഭവങ്ങള്‍ വെച്ച്‌ ഞാനൊരു തിയറി കണ്‍ക്ലൂഷിച്ചാലോ?

കേരളത്തിലെ ആണ്‍പിറന്നോന്മാരെല്ലാം തരം കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടും, ഞവിടും, ഞൊട്ടും! കേരളം വിട്ടാലോ...!! ഹമ്മേ വായില്‍ കയ്യിട്ടാപ്പോലും കടിക്കാത്ത മാന്യന്മാര്‍ ആണുങ്ങള്‍....!!!

അതെന്താണോളീ, വാളയാര്‍ ചുരം കടന്നാലോ അല്ലേല്‍ ഇരിട്ടി മട്ടന്നൂര്‍ ശ്രീകണ്ഠാപുരം വഴി മാക്കൂട്ടം കടന്നാലോ ഈ ആണുങ്ങളുടെ ആ ഞോണ്ടാനുള്ള പ്രചോദന്‍ ഹിമാലയം കേറി സന്യസിക്കാന്‍ പോക്വോളീ....?!

ഛായ്‌.....ദെന്തോരം ചര്‍ച്ച ചെയ്ത്‌ ചര്‍ച്ച ചെയ്ത്‌ മ്മളെത്ര കമന്റ്‌ വേസ്റ്റാക്കിയതാ, ഇതുവരെ രാമര്‍ സീതയ്ക്കെപ്പടി എന്നു പുരിഞ്ചില്ലയാ?

സഹോദരാ, മാന്യാ....സോറി മാന്യ സഹോദരാ... പ്രചോദന്‍ എല്ലാ ആണുങ്ങളിലും, അത്‌ പാടുള്ളതാണ്‌ എന്നുള്ള പെണ്ണുങ്ങളോട്‌ തോന്നും, അല്ലെങ്കില്‍ തോന്നണം. അത്‌ ജന്തു വര്‍ഗങ്ങളുടെ നില നില്‍പിനാവശ്യമായ ഒരു അടിസ്ഥാന ചോദനയാകുന്നു. ഭക്ഷണം പോലെ, വിസര്‍ജനം പോലെ തികച്ചും സ്വാഭാവികം. പക്ഷേ അതിനെ അടക്കി വെക്കാതെ, തോന്നും പോലെ പ്രകടിപ്പിക്കുന്നതാണ്‌ അമാന്യന്‍മാരും സഹോദരന്‍മാരുമല്ലാത്ത ആണുങ്ങളുടെ പ്രഖ്യാപിത ലക്ഷണങ്ങള്‍!!

ഹതു ശരി, അപ്പോ നല്ലോണം വിശക്കുമ്പം ചിക്കന്‍ ബിരിയാണി കണ്ടാല്‍ പിരിയാണി ഇളകാതെ "ഇപ്പം ഞമ്മക്ക്‌ മാണ്ടാ" ന്നു പറഞ്ഞാല്‍, അല്ലേല്‍ നല്ലോണം മുട്ടുന്നേരം രണ്ടാം ക്ലാസില്‍ പോവാതെ മസിലും മുറുക്കിപ്പിടിച്ചിരുന്നാല്‍ മ്മളും മാന്യനാകുമോ സര്‍/മാഡം?

ദാണ്ടെ കിടക്കണ്‌! ഡോ...മാന്യാനുഭാവീ, മാന്യനെന്നു ഭാവിക്കുന്നവനേ....തിന്നലും അതിന്റെ അനുബന്ധ പ്രക്രിയകളിലും വാദിയും പ്രതിയും നീ തന്നെയാകുന്നു. മറ്റേത്‌ അങ്ങിനെയല്ല കൂവേ! അത്‌ തരാതരം നടക്കണമെങ്കില്‍ മിനിമം രണ്ടാളെങ്കിലും വേണ്ടേ?

വേണേല്ലോ...അല്ലേല്‍ അത്‌ അവരൊക്കെ പറേണ ആ ലതായിപ്പോകില്ലേ?

ഏത്‌....?

ആ...ആ...സ്വയം.....?

കറക്ട്‌. അപ്പോ ഈ പ്രക്രിയയില്‍ പങ്കാളിയാകുന്ന ആ രണ്ടാമത്തവള്‍ഡെ അല്ലെങ്കില്‍ ആ രണ്ടാമത്തവന്റെ ഒരു സമ്മതം കൂടെ ആ സ്വാഭാവിക ചോദനയുടെ സ്വാഭാവിക പൂര്‍ത്തീകരണത്തിനു വേണേല്ലോ?

പിന്നെ പിന്നെ തീര്‍ച്ചയായും വേണ്ടതല്ലേ....

അപ്പോ മാന്യദേഹമേ, ബസ്സീന്നോ ഏറിപ്പോയാ വിമാനത്തീന്നോ സീറ്റിന്റെ എടേക്കൂടെ കയ്യിട്ട്‌ പിതുക്കും മുന്നേ നീ എത്ര പെണ്ണുങ്ങള്‍ഡെ സമ്മതം ചോദിച്ചിട്ടുണ്ട്‌?

ഹതുശരി അപ്പോ അതാണു പ്രശ്നം! സമ്മതമില്ലാതെ സ്പര്‍ശിക്കരുത്‌ അതാണ്‌ മര്‍മ്മം!

അതേ അതു തന്നെ മര്‍മ്മം! സമ്മതമില്ലാതെ തൊടുന്നത്‌ മാത്രമല്ല, തുറിച്ചു നോക്കണതും, കമന്റുന്നതും ഒക്കെ പീഡനത്തിന്റെ പരിധിയില്‍ വരും....(ഹപ്പ, ഈ ബ്ലോഗിലൊക്കെ കമന്റിടുന്നതും വരോളീ പീഡനത്തിന്റെ വിശാല പരിധിയില്‍?)

അപ്പോ ഒരു സംശയം...ചിലപ്പോ ബസ്സീന്നോ ട്രെയിനീന്നോ അല്ലേല്‍ സിനിമാതിയേറ്ററീന്നോ ഒക്കെ ആയതോണ്ടാണ്‌ തരുണീ മണി സേഫ്റ്റിപിന്‍ വെച്ചു കുത്തിയതെങ്കിലോ?

അതുശരി അപ്പോ കുത്തും കിട്ടീട്ടുണ്ട്‌! അതായത്‌ വളരെ പ്രൈവറ്റായി ചോദിച്ചാല്‍ ആരേലും സമ്മതിച്ചാലോന്ന്‌ അല്ലേ?

ഹദേ...

പിന്നെന്തു പ്രശ്നം? വളരെ പ്രൈവറ്റായി ആ ചോദന തീര്‍ക്കണം, അത്ര തന്നെ.

അതു പ്രശ്നമാവൂലേ...

അത്‌ നിങ്ങള്‍ഡെ ശ്രദ്ധക്കുറവിന്റെ അളവോ,തന്റെ ഭാര്യയുടെ ഉന്നമോ,അവള്‍ഡെ ആങ്ങളമാരുടെയോ കല്യാണം കഴിഞ്ഞതാണേല്‍ ഭര്‍ത്താവിന്റെയോ പിന്നെ നാട്ടുകാരുടെയോ ഒക്കെ തടി മിടുക്കോ ഏതാണു മുന്‍പില്‍, അതു പോലിരിക്കും. അല്ലാണ്ടെ ഇന്ത്യന്‍ ഭരണഘടനയില്‍ അതിനു വകുപ്പില്ല.

ഇല്ലേ?

ഭീഷണിയോ, ബ്ലാക്ക്‌ മെയിലിംഗോ,പരപ്രേരണയോ കൂടാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും, സ്വന്തം തീരുമാനപ്പുറത്ത്‌,ഏതെങ്കിലും വിധത്തിലുള്ള പ്രതിഫലേച്ഛ കൂടാതെയും, സമൂഹത്തിലെ മറ്റു വ്യക്തികള്‍ക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അലോസരമുണ്ടാക്കതെയും, ചോദനയ്ക്കൊരു ചാലു കീറിയാല്‍ അവരെ ശിക്ഷിക്കാന്‍ തല്‍ക്കാലം ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ല.....!!

അപ്പോള്‍ വേശ്യാവൃത്തിക്ക്‌ അറസ്റ്റു ചെയ്യപ്പെട്ട ആണിനും പെണ്ണിനും സ്വന്തമിഷ്ടപ്രകാരമാണെന്നും,കാശു വാങ്ങിച്ചിട്ടില്ലെന്നും വാദിച്ചു രക്ഷപ്പെടാല്ലോ? (ഹാവൂ...)

ഉവ്വ്‌, അതു തന്നല്ലേ നടക്കണത്‌....കൊട്ടും കുരവയും ആര്‍പ്പും വിളിയുമായി അറസ്റ്റ്‌ നടന്ന വാണിഭക്കേസുകളില്‍ എത്രയെണ്ണത്തിനു ശിക്ഷ കിട്ടി എന്നു തിരക്കിയിട്ടുണ്ടോ?

ഹേയ്‌..ഞാനെന്തിനു തിരക്കണം?

ചുമ്മാ അറിഞ്ഞിരിക്കാലോ...ഇപ്ലത്തെ കണക്കു വെച്ചു നോക്കിയാല്‍ വെറും രണ്ടു ശതമാനത്തിനും താഴെ!ഞാന്‍ പറഞ്ഞതല്ല...മ്മടെ ഐ.ജി തന്നെ പറഞ്ഞതാ.പക്ഷേ നുമ്മടെ പോലീസുകാര്‍ ആരാ മക്കള്‍!നിയമ പുസ്തകത്തില്‍ വകുപ്പില്ലെങ്കിലും, അറസ്റ്റ്‌ നടന്ന ഉടന്‍ സകല ലവന്‍മാരുടെയും ലവള്‍മാരുടെയും പേരും, വീട്ടുപേരും വിളിപ്പേരും നാളും ജാതകവുമെല്ലാം മീഡിയയ്ക്ക്‌ കൊടുത്തു കളയും, കണ്ണീച്ചോരയില്ലാതെ! വാണീന്നൊരു തുടക്കം വീണു കിട്ടിയാ മീഡിയ വിടുമോ....ബാക്കി വിവരങ്ങള്‍ പ്രാ.ലേയെ ഓടിച്ചിട്ട്‌ പിടിപ്പിച്ച്‌ ഒത്താല്‍ പടം സഹിതം വരും വാര്‍ത്ത...!!ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കോഴിക്കോട്ടെ അസി.മാനേജര്‍ ശിവശങ്കരന്‍ നായരെ,അതേ കോഴിക്കോട്ടുള്ളൊരു സുഖ തിരുമ്മു കേന്ദ്രത്തീന്ന്‌ "തൊണ്ടി" സഹിതം പിടികൂടീന്നൊരു വാര്‍ത്ത പത്രത്തില്‍ വായിച്ചാല്‍, ആ എണ്ണത്തോണീല്‍ കിടക്കും മുന്നെ ഞാനും നീയുമൊക്കെ രണ്ടാമതൊന്നാലോചിക്കും.അല്യോ?

അത്‌ താണ്ട്രാ പോലീസ്‌!

അപ്പോ, കോടതി വെര്‍ക്കനെ വിട്ടാ പോലീസേമാന്മാര്‍ക്കെതിരെ മാന നഷ്ടത്തിനു കേസ്‌ ഫയല്‍ ചെയ്തൂടോളീ?

ഒവ്വ...! ഏതായാലും പുഴുത്തു ഇനി അതിന്മേല്‍ ശുനകനെ കൊണ്ട്‌ അപ്പീം കൂടെ ഇടീക്കുമോഡെയ്‌ തലയ്ക്കു വെളിവുള്ള ആരേലും....!!

എന്നാലും ആ ഐപീസീ 497 ആം വകുപ്പെടുത്ത്‌ വീശിയാലോ കുരുത്തം കെട്ട വക്കീലമ്മാര്‍?

ചുള്ളന്‍ വകുപ്പും വെവരവുമെല്ലാം തെരക്കി തയ്യാറായിട്ടാണല്ലെ വരവ്‌! ഇദെന്തോന്നിനുള്ള പുറപ്പാടാണ്‌ ചക്കരേ? നാനൂറ്റി തൊണ്ണൂറ്റി എഴാമന്‍ ഐപീസി അഡല്‍റ്ററി എന്ന കുറ്റമാണ്‌ കൈകാര്യം ചെയ്യണത്‌.

അദെന്തോന്ന്‌ സാധനം?

പറയാം...ദേണ്ടെ ആ പോണത്‌ ചെത്തുകാരന്‍ ചെല്ലപ്പേട്ടന്റെ ഭാര്യ രാധാമണിച്ചേച്ചിയാണെന്ന്‌ നിനക്കറിയാലോ?

അതീനാട്ടിലെ ഏതു ചെറുപ്പക്കാരനാ അറിയാന്‍പാടില്ലാത്തേ?

അപ്പോ അതറിഞ്ഞോണ്ട്‌ നീ അവരെയൊന്നു വളയ്ക്കാന്‍ ശ്രമിച്ചൂന്ന്‌ വെക്കാ

ഹതുശരി...എന്റെ എറച്ചി കൊണ്ട്‌ ബിരിയാണി വെച്ചോളാന്ന്‌ വല്ല നേര്‍ച്ചേം ഉണ്ടോ?

ഹെയ്‌ നീ ചുമ്മാ വിചാരിക്ക്‌...

ആ വിചാരിച്ചു (ആ വിചാരിച്ചതെങ്ങാന്‍ അങ്ങേരറിഞ്ഞാ മതി..ഹെന്റമ്മോ)

ശരി...ചുമ്മാ അവരങ്ങ്‌ വളഞ്ഞൂന്നും വിചാരിക്ക്‌...

ശരിക്കും!!!? ന്നാ ഒരുമിനുട്ട്‌ ഞാനിപ്പോ വരാം

എവിടെപ്പോണ്‌?

ഒന്നു വളച്ചു നോക്കീട്ട്‌ ഠപ്പേന്നു വരാം

ഡേയ്‌ ചുമ്മാ വിചാരിച്ചാ മതി..

ശരി വിചാരിച്ചു നൂറു വട്ടം!

ഒടുക്കം ആ സംഭവം അങ്ങു നടന്നൂന്നും വിചാരിക്ക്‌..

ഏത്‌ സംഭവം....ഒ ഓ...ലാ സംഭവം. അതിങ്ങള്‌ പറേന്നതിലും മുന്നെ തന്നെ ഞാന്‍ വിചാരിച്ചു കഴിഞ്ഞു (പറ്റിച്ചേ)

ഇനി അത്‌ ചെല്ലപ്പേട്ടന്‍ അറിഞ്ഞൂന്നും കൂടെയങ്ങ്‌ വിചാരിക്ക്‌.

ദേ മനുഷ്യാ ചോര ഐസ്‌ വാട്ടറാക്കണ വര്‍ത്താനം പറേല്ലേ...പീസ്‌ പീസായ ഡെഡ്ബോഡി മയ്യത്തടക്കാന്‍ ശവപ്പെട്ടി വേണ്ടി വരില്ല, പെരുങ്കായത്തിന്റെ സഞ്ചി തോനെ മതിയാകും...

ഹെയ്‌ ചെല്ലപ്പേട്ടന്‍ നല്ല ശമരിയാക്കാരനായി നിനക്കെതിരെ ഒരു കേസ്‌ ഫയല്‍ ചെയ്താല്‍ നിനക്കു വേറെ കിട്ടും പണി...ഈ നാനൂറ്റി തൊണ്ണുറ്റി ഏഴു വക!(പ്രത്യേകം നോട്ട്‌ ചെയ്യുക ഇതില്‍ നാട്ടുകാര്‍ക്ക്‌ ഇടപെട്ടളയാന്‍ വകുപ്പില്ല!)

എത്ര?

അഞ്ചു കൊല്ലം തടവും അതിനൊത്ത പിഴയും.

അവള്‍ക്കോ?

ഹ ഹാ...ഈ ഒരു കുറ്റത്തിന്‌ തരുണീമണിയെ ശിക്ഷിക്കുന്നത്‌ പോയിട്ട്‌ അവള്‍ടെ പേരു പോലും മിണ്ടിപ്പോകരുതെന്ന്‌ ഹതേ നിയമപുസ്തകത്തില്‍ അതേ വകുപ്പില്‍ അടിവരയിട്ട്‌ പറയുന്നുണ്ട്‌ കുഞ്ഞേ...കുഞ്ഞാടേ!

ഹതേത്‌ കോപ്പിലെ ന്യായം? ഞാനും അവളും ചെയ്തത്‌ ഒരേ കുറ്റമല്ലേ...എന്നിട്ടും?

അത്‌ നിനക്ക്‌! ഇന്ത്യന്‍ ഭരണഘടനയ്ക്ക്‌ വേശ്യാവൃത്തി ഒഴിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ മുക്കാലേ മുണ്ടാണിയിലും പെണ്ണുങ്ങള്‍ അബലകളും, തദ്വാരാ ഇരകളും ആകുന്നു. ഇവിടെയും അങ്ങിനെ തന്നെ.

ദേ തിളയ്ക്കണ്‌..തിളയ്ക്കണ്‌...

എന്തോന്ന്‌ തിളയ്ക്കണ്‌?

എന്റെ ചോര! ഈ കൊടിയ അനീതിയ്ക്കെതിരെ ഘോര ഘോരം പ്രതികരിക്കാന്‍...

അത്‌ നട്ടെല്ലുള്ള പെണ്ണുങ്ങ പ്രതികരിച്ചോളും...ഈ ഉത്തരത്യന്താധുനിക ലോകത്തില്‍ പെണ്‍ വര്‍ഗത്തെ മൊത്തം അബലകളും ഉപഭോഗ വസ്തുക്കളുമാക്കി വെയ്ക്കുന്ന കാടന്‍ നിയമത്തിനെതിരെ അവര്‍ പ്രതികരിച്ചോളും....ഇതേതാണ്ട്‌ 1860ല്‍ ബ്രിട്ടീഷ്‌കാരന്മാര്‍ ഉണ്ടാക്കി വെച്ച നിയമമാകുന്നു. ഒരു പക്ഷേ അന്ന്‌ സ്ത്രീകളില്‍ ഈ പറേണ ലൈംഗിക ചോദനയും രതിമൂര്‍ച്ഛയുമൊന്നും കണ്ടുപിടിച്ചു കാണില്ല. അതൊക്കെ പിന്നിപ്പളെങ്ങാണ്ട്‌ വനിതേം ഗൃഹലക്ഷ്മിയുമൊക്കെ പ്രത്യേക പതിപ്പിറക്കിയും നിരന്തരം ഉത്ബോധിപ്പിച്ചും ഉണ്ടാക്കിയെടുത്ത മഹാ സംഭവങ്ങളല്ലേ!

എന്നാലും...!

ഒരെന്നാലുമില്ല. ദാ ഇതു കൂടെ കേളെടി കണ്മണീ...! ലൂസി ഗ്രെയ്‌ എന്ന സൈക്കോളജിസ്റ്റ്‌ പറേണത്‌, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു പരസ്ത്രീയേയോ, പരപുരുഷനെയോ മനസ്സിലെങ്കിലും ആഗ്രഹിക്കാത്തവരായി ഏതേലും ആണായി പിറന്നവനോ, പെണ്ണായി പിറന്നവളോ ഈ ഭൂമുഖത്തുണ്ടാവാന്‍ ഒരു സാധ്യതയുമില്ല എന്നാണ്‌! ഇനി അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവന്‌/അവള്‍ക്ക്‌ മാനസികമായി എന്തോ തകരാര്‍ ഉണ്ടായതാവാനേ വഴിയുള്ളൂ!

അതെന്തിന്‌ ലൂസി ഗ്രേ തന്നെ പറയണം? ഈ ഞാന്‍ പറഞ്ഞാലും പോരേ....!!എനിക്ക്‌ തോന്നണത്‌ ഈ സെക്സിന്‌ ലൈസന്‍സ്‌ കൊടുക്കണ കല്യാണം എന്ന ഏര്‍പ്പാടിനെന്തരോ കുഴപ്പങ്ങള്‍ ഉണ്ടെന്നാണ്‌! (ലേണേഴ്സ്‌ ലൈസന്‍സ്‌ മാത്രമെടുക്കുന്നവരെ പറ്റി ഒരക്ഷരം മിണ്ടരുത്‌...വിഷയം അതല്ല)

കല്യാണംന്നു പറേണത്‌ ലൈംഗിക ബന്ധത്തിനു കൊടുക്കുന്ന അനുമതിപത്രമാണെന്നു പറഞ്ഞു തന്ന മഹാന്‍ ആരാണു സര്‍?

എന്തേ അതല്ലേ?

ആ ബന്ധവും വിവാഹ ബന്ധനവും തമ്മില്‍ അത്രയ്ക്കങ്ങ്‌ ക്ലോസാവാനുള്ള വകുപ്പില്ല.കല്യാണത്തിന്‌ അതിലും സുപ്രധാനമായ ചില അവതാര ലക്ഷ്യങ്ങളുണ്ട്‌.

ഞെക്കിത്തെളിക്ക്‌...

ഈ മനുഷ്യ കുലം അതിന്റെ തുടക്കത്തിലേ ഇങ്ങിനൊന്നുമായിരുന്നില്ലല്ലോ...അതൊരുപാട്‌ പരീക്ഷണങ്ങളിലൂടെയും, കൊടുക്കല്‍ വാങ്ങലുകളിലൂടെയും പരിണമിച്ച്‌ പരിണമിച്ച്‌ ദേ ഇപ്പോ ഈ കോലത്തിലെത്തി നില്‍ക്കുന്ന ഒന്നല്ലേ...

എന്നു പറയുന്നതില്‍ തെറ്റില്ല....

ആ ട്രയല്‍ ആന്‍ഡ്‌ എറര്‍ പരിണാമങ്ങള്‍ക്കൊടുവില്‍, മനുഷ്യ കുലം തമ്മിലടിച്ചു നശിച്ചുപോകാതിരിക്കാനും, അന്യം നിന്നു പോകാതിരിക്കാന്‍ അതിന്റെ പുതു മുളകള്‍ക്ക്‌, അതായത്‌ കുഞ്ഞുങ്ങള്‍ക്ക്‌, ആവശ്യമായ ശ്രദ്ധയും പരിചരണവുമൊക്കെ കിട്ടാനും, നിസ്സഹായരായ വൃദ്ധജനങ്ങളെ നോക്കാനുമൊക്കെയായി കുടുംബം എന്ന ഒരു സാമൂഹ്യക്രമം ഉരുത്തിരിഞ്ഞു വന്നു. അതിന്റെ ആധാരശിലയായി വിവാഹം എന്ന ആചാരവും നിലവില്‍ വന്നു എന്നൊക്കെ പറയാം. ചുരുക്കത്തില്‍ മനുഷ്യന്‍ എന്ന മഹാ സൗധത്തിന്റെ ഇഷ്ടികകളാവുന്ന വ്യക്തികളെ തമ്മില്‍ ശക്തമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന സിമന്റാകുന്നു ഈ കല്യാണം.

ആലങ്കാരികം ച്ചിരെ കൂടിപ്പോയോന്നൊരു ശങ്ക!

ആ പോട്ട്‌...! ഞാനൊരൂട്ടം ചോദിക്കട്ടെ.ഈ കല്യാണം എന്ന ഏര്‍പ്പാടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്‌ ആരാണ്‌? ആണോ പെണ്ണോ?

ദെന്തൊരു മണ്ടന്‍ ചോദ്യം? പെണ്ണല്ലാണ്ട്‌ വേറാര്‌?

ആര്‌ പറഞ്ഞ്‌?

അത്‌ പണ്ടെങ്ങാണ്ട്‌ തന്നെ ഒരാള്‌ പറഞ്ഞു വെച്ചതല്ലേ? ചെറുപ്പത്തില്‍ പിതാവിനാലും, യൗവനത്തില്‍ ഭര്‍ത്താവിനാലും, വാര്‍ധക്യത്തില്‍ മക്കളാലും പൊന്നു പോലെ നോക്കപ്പെടേണ്ട ഒരു സാധനമാകുന്നു സ്ത്രീ എന്ന്‌!

അതെന്ത്‌ ചത്തു കഴിഞ്ഞാലുള്ള കാര്യം പറയാഞ്ഞെ! ചുമ്മാതല്ല, വെവരമുള്ള പെണ്ണുങ്ങള്‍ ആ പുത്തകം കൊണ്ട്‌ സ്വന്തം ഭര്‍ത്താവിന്‌ ചായ കൊടുക്കാന്‍ വെള്ളം തിളപ്പിച്ചത്‌.

ആണുങ്ങളെ മാനം കെടുത്തല്ലേ...?

ഡാ മണ്ടന്‍ കണേശാ..സ്മൃതിയായികഴിഞ്ഞ മനുവിനെ കൊണ്ടു കള! എന്നിട്ട്‌ സ്വന്തം ഉള്ളിലേക്കും പിന്നെ പുറത്തേക്കും കണ്ണു മിഴിച്ച്‌ നോക്ക്‌!

ഇതിനെന്തിത്ര നോക്കാനിരിക്കുന്ന്‌?

നീ നമുക്കു ചുറ്റും വിഭാര്യന്മാരും, വിധവകളുമായി ജീവിക്കുന്ന പ്രായം ചെന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?

അവരെ നോക്കാന്‍ അവരുടെ മക്കളും മരുമക്കളും ആരൂല്ലേല്‍ ഹോം നഴ്സുമാരുമൊക്കെ കാണൂല്ലോ?

അതല്ലെഡേയ്‌..

പിന്നെ?

ഭര്‍ത്താവ്‌ നേരത്തെ മരിച്ചു പോയ സ്ത്രീകള്‍,മറ്റു ശാരീരിക അവശതകളൊന്നുമില്ലെങ്കില്‍,പൊതുവെ വളരെ പോസിറ്റീവ്‌ ആയി ജീവിക്കുന്നു. കുടുംബ കാര്യങ്ങളൊക്കെ നോക്കി വളരെ സജീവമായി അവര്‍ ജീവിതത്തെ നേരിടുന്നു. എന്നാല്‍ ഭാര്യ നേരത്തെ മരിച്ചു പോയ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനും ഇത്‌ കഴിയുന്നില്ല. മിക്കവരുടെയും ജീവിതം, എത്ര മക്കളോ മരുമക്കളോ പരിചാരകരോ നോക്കാനുണ്ടെങ്കില്‍ പോലും വിരസമായും, ഭയങ്കരമായ ഏകാന്തതയില്‍പെട്ടും, പൊതുവെ അന്തര്‍ മുഖന്മാരായും ഒക്കെയാണ്‌ മുന്നോട്ട്‌ ഉന്തിത്തള്ളി പോകുന്നത്‌.

പറഞ്ഞു വരുന്നത്‌....?

പറഞ്ഞ്‌ വരുന്നത്‌, വൈകാരികമായ അരക്ഷിതാവസ്ഥ സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ്‌ കൂടുതല്‍. അതു കൊണ്ടു തന്നെ വിവാഹമെന്ന വൈകാരികമായ തണല്‍ അല്ലെങ്കില്‍ താങ്ങ്‌ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ്‌ അത്യാവശ്യം എന്നു തന്നെ!!.

ഓഫീസ്‌ റ്റേബിള്‍ ഇടിച്ചു പപ്പടമാക്കി രൗദ്രഭീമന്‍ കളിക്കുന്ന ബോസിന്റെ തേച്ചു വടിയാക്കിയ വരയന്‍ കുപ്പായത്തിനുള്ളിലും ഒരു ശിശു ഹൃദയമുണ്ട്‌!ലാളനയും സ്നേഹവും കൊതിക്കുന്ന ഒരു കുഞ്ഞു ഹൃദയം!

മാഷേ...ജീവന്‍ വേണമെങ്കില്‍ ഓടിക്കോ...ഇതൊക്കെ നമ്മള്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ പറ്റി കാലാന്തരങ്ങളായി പറഞ്ഞു വരുന്നതല്ലേ?

അതിനു പെണ്ണുങ്ങള്‍ സ്നേഹവും ലാളനയുമൊന്നും കൊതിക്കുന്നില്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ? അതൊക്കെ അതിലും ഒരു പൊടിക്ക്‌ കൂടുതല്‍ ആണുങ്ങളും ആഗ്രഹിക്കുന്നുണ്ട്‌ എന്നേ ഞാന്‍ പറഞ്ഞുള്ളൂ!ഒന്നൂടെ തെളിച്ചു പറഞ്ഞാല്‍ സ്ത്രീ എന്ന പടപ്പില്‍ മാത്രം കാണുന്ന മാതൃത്വം എന്ന വികാരം ഏറ്റുവാങ്ങാന്‍ കൊതിക്കുന്ന ഒരു കൊച്ച്‌ കുഞ്ഞ്‌, വയസ്സായി തൊണ്ടായി ചാവാന്‍ കിടക്കുമ്പോഴും പുരുഷന്മാരുടെ ഉള്ളിന്റെ ഉള്ളില്‍ കൈകാലിളക്കി കരഞ്ഞു കൊണ്ടിരിക്കും എന്ന്‌! പക്ഷേ തന്നേക്കാളും വലിപ്പത്തില്‍ കൊണ്ടു നടക്കുന്ന ഈഗോ കാരണം നമ്മള്‍ പുരുഷ കേസരികള്‍ കൊന്നാലും സമ്മതിക്കില്ലല്ലോ?

ശരി വാദത്തിനു വേണ്ടി സമ്മതിക്കാം....

അങ്ങിനെ വാതത്തിനു തൈലം പുരട്ടണ്ട....

ശരി, അങ്ങിനെയെങ്കില്‍ കുടുംബമെന്ന സാമൂഹ്യ ക്രമത്തില്‍ പെണ്ണുങ്ങളാണല്ലോ നംബര്‍ ഒണ്‍?

എന്ത്‌ സംശയം?

അതേല്‍ സംശയമില്ലെങ്കില്‍ കുടുംബം അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്രമത്തിലും അവര്‍ തന്നെയല്ലേ ഒന്നാം ബെഞ്ചില്‍ ഇരിക്കേണ്ടവര്‍?

സാങ്കേതികമായി അതെ...

സാങ്കേതികമായി....., അപ്പോ പ്രായോഗികമായോ?

അതിത്തിരി സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണല്ലോ മകനേ?

ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടരുത്‌!

അതല്ല...

ഏതല്ലാന്ന്‌...?

പത്ത്‌ മാസം ഗര്‍ഭം, പിന്നെ പ്രസവം, പിന്നെ അവരെ പോറ്റല്‍, ഇതിനിടയില്‍ പിന്നെയും ഗര്‍ഭം,പ്രസവം,ആ കൊച്ചിനേം കൂടെ നോക്കല്‍....ഇങ്ങനെയൊക്കെയായിരുന്നിരിക്കണമല്ലോ അന്ത തുടക്ക കാലം മുതല്‍ പെണ്ണുങ്ങള്‍ ജീവിച്ചു പോന്നിരുന്നത്‌.

ആയിരിക്കണം...! അല്ലാണ്ട്‌ പെറ്റു പെരുത്ത്‌ നമ്മള്‍ മനുഷ്യന്മാര്‍ ഇത്രേം വലിയൊരു മഹാ വിപത്തായി മാറില്ലായിരുന്നല്ലോ?

ശരി അപ്പോ ആഹാരം തേടല്‍, സ്വയം രക്ഷ തുടങ്ങിയ അധിക ഭാരങ്ങളും കൂടെ അവള്‍ക്കു താങ്ങേണ്ടിയും വന്നാലോ?

അതിച്ചിരെ അക്രമമായിപ്പോകും..

ഓക്കെ... അപ്പോ അത്തരം സപ്പോര്‍ട്ടീവ്‌ ആക്റ്റിവിറ്റീസ്‌ ഒക്കെ ആരുടെ ചുമലിലായി?

ബീജോല്‍പാദനം നടത്തിയ ആണിന്റെ...

ശരി. ഗര്‍ഭത്തിനുത്തരവാദിയായവന്‍ തന്നെ ഗര്‍ഭിണിയെ സംരക്ഷിക്കണം എന്ന ചിന്ന വ്യവസ്ഥ!

അതു പിന്നെ അങ്ങിനെ തന്നല്ലേ വേണ്ടതോളീ...

തകരാറ്‌ അവിടെയല്ല...പട്ടിയേം പൂച്ചയേം പശൂനെയുമൊക്കെ പോലെ വാവടുക്കുമ്പഴും, കന്നിമാസം പിറക്കുമ്പഴുമൊക്കെ ഇണചേരുന്ന ഒരു സാധാരണ മൃഗമല്ലല്ലോ മനുഷ്യന്‍. കാമം വരുമ്പോള്‍ കാണുന്നവരുമായൊക്കെ ഇണചേര്‍ന്നു നടക്കാന്‍ മനുഷ്യന്‍ തുടങ്ങിയാലോ? അതും ഒരു ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കമ്പനി പോലുമില്ലാതിരുന്ന ആ കാലത്ത്‌??!!

അപ്പോ പിന്നെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ എന്നു പാടാനേ നേരം കാണുള്ളല്ലോ ചങ്ങായീ....

അതന്നെ...കൂട്ടയടി നടക്കാന്‍ ബ്ലോഗില്‍ പോസ്റ്റിടേണ്ട സമയം പോലുമെടുക്കില്ല...

അത്‌ നാം എങ്ങിനെ പരിഹരിച്ചു?

വെരി സിമ്പിള്‍.....പ്രാകൃത സമൂഹം വളരെ സ്വാഭാവികമായി ജോഡികളും ഇണകളുമൊക്കെയായി പരിണമിച്ചു! വിവാഹത്തിന്റെ ആദിമ പ്രാക്‌ രൂപം അങ്ങിനെയായൈരുന്നിരിക്കാം ഉരുവം കൊണ്ടത്‌.

അപ്പഴും നടേപറഞ്ഞ ചോദ്യം കന്യകയായി തന്നെ നില്‍ക്കുന്നു!!

പറഞ്ഞു തീരട്ടെ! കഷ്ടകാലത്തിന്‌ മനുഷ്യന്റെ വളര്‍ച്ച അവിടെ തന്നങ്ങ്‌ നിന്നു പോയില്ല. പയ്യെ പയ്യെ അവന്‍ വിഭജിച്ചു മാറി. കുലങ്ങളുണ്ടായി, ഗോത്രങ്ങളുണ്ടായി പിന്നെ രാജ്യങ്ങളുണ്ടായി, മതങ്ങളുണ്ടായി, ഭരണമുണ്ടായി...അങ്ങിനെയങ്ങിനെ ഞാനും എന്റെ കെട്ടിയോളും പിന്നൊരു തട്ടാനും എന്ന ലവലില്‍ നിന്ന്‌ അതി വിശാലമായ, പരസ്പര ബന്ധിതമായ ഒരു സമൂഹമായി അവര്‍ പരിണമിച്ചു.

പക്ഷേ അപ്പഴും പെണ്‍ വര്‍ഗത്തിന്റെ അടിസ്ഥാന ജീവിതത്തിന്‌ മാറ്റമൊന്നും വന്നില്ല എന്നതായിരുന്നു ദു:ഖകരമായ സത്യം. കാരണം വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമൂഹത്തിന്റെ തായ്‌ വേരറ്റു പോകാതെ അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന മഹത്തായ കര്‍ത്തവ്യം അപ്പഴും അവളില്‍ തന്നായിരുന്നല്ലോ? കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കിടയില്‍ അവള്‍ക്കൊതുങ്ങേണ്ടി വന്നു. ഫലം? കുടുംബം എന്ന ഘട്ടവും കടന്ന്‌ പിന്നെയും വളര്‍ന്ന സമൂഹത്തിന്റെ മറ്റു തലങ്ങളില്‍ അവള്‍ക്കുള്ള പ്രാധിനിത്യം പരിമിതമായി. കുടുമ്മത്ത്‌ അവള്‍ റാണിയായി തന്നെ നിന്നെങ്കിലും അതിനും മുകളില്‍ സര്‍വാധിപതി പുരുഷനായി മാറി. ഒന്നൊതുക്കി പറഞ്ഞാല്‍ അവള്‍ഡെയും മക്കള്‍ഡെയും വെറുമൊരു കാവല്‍ക്കാരനായി നിന്നിരുന്നവന്‍ പിന്നെ കാര്യസ്ഥനായി, ഒടുക്കം കാരണവരുമായി. അത്ര തന്നെ! ഉറങ്ങിപ്പോയോഡെയ്‌?

ഹില്ല...എന്റെ സംശയം ഇപ്പോ അതല്ല...

വെയ്ക്ക്‌ വെടി....!

ഇപ്പോ കാലം മാറീല്ലേ?

ഉവ്വ്‌ മാറി...

ഇപ്പോ ആണും പെണ്ണുമൊക്കെ സമത്വ സുന്ദരമായി ജീവിക്കണ കാലമാണല്ലോ

തന്നെ തന്നെ

അവള്‍ഡേം മക്കള്‍ഡേം ചെലപ്പോ കെട്ടിയോന്റേം അന്നം അവള്‍ തേടുന്നു, അവളെ സംരക്ഷിക്കാന്‍ ആണായൊരുത്തന്‍ കരിമ്പൂച്ചയാവേണ്ട കാര്യമില്ല, അങ്ങനൊക്കല്ലേ ഇപ്പോ നാട്ട്‌ നടപ്പ്‌?

അദേ, നീ കാര്യം പറ!

അങ്ങനെ അസ്സലാകപ്പാടെ നോക്കിയാല്‍ നേരത്തെ പറഞ്ഞുണ്ടായ തരം വിവാഹത്തിന്‌ ഇപ്ലത്തെ കാലത്ത്‌ വല്ല പ്രസക്തിയുമുണ്ടോ സര്‍?

എന്തോന്നെഡെയ്‌?

അതായത്‌ യാതൊരു വിധ കെട്ടുപാടുകളും കടപ്പാടുകളുമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നും അതിലൊരു കൊച്ചെങ്ങാനും പിറന്നാല്‍ അതിന്റെ സംരക്ഷണത്തിന്‌ പൊതുവായ ഒരു വ്യവസ്ഥയുണ്ടാക്കാമെന്നുമൊക്കെയുള്ള ഒരു ധാരണയുടെ പുറത്ത്‌ ആണും പെണ്ണും ഒരുമിച്ചു ജീവിക്കുന്നതാണ്‌ ഈ സമത്വ സുന്ദരലോകത്ത്‌ നല്ലതെന്ന്‌ ആര്‍ക്കേലും തോന്നിയാ അവരെ കുറ്റം പറയാന്‍ പാട്വോ?

പാടില്ല!

ഇല്ലേ...

ഇല്ല. മരുമക്കത്തായം നിലനിന്ന കാലത്ത്‌ നായര്‍ തറവാടുകളില്‍ നിലനിന്ന ഒരു വിവാഹ രൂപമായിരുന്നല്ലോ സംബന്ധം! ഒരു പെണ്ണിനു തന്നെ മാറി മാറി പലര്‍ പുടവ കൊടുക്കുന്ന ഒരു സമ്പ്രദായം. പെണ്ണിനു മതിയായാല്‍ ഒരു രാത്രി വരുന്ന നായരുടെ പായും തലയിണയും പുറത്തു കാണും.അതോടെ തീരും ആ അസംബന്ധം! പിന്നെ പുതിയ സമ്മന്തം.. സമ്മന്തക്കാരന്‍...അങ്ങിനെയൊക്കെയായിരുന്നല്ലോ അതിന്റെയൊരു രീതി!

അതെന്തു കൊണ്ട്‌ അന്നൊരു സാമൂഹ്യ പ്രശ്നമായി മാറിയില്ല?

ഹെയ്‌ അന്നു മരുമക്കത്തായമല്ലേ? എത്ര നായരിലായാലും, എത്രമക്കളുണ്ടായാലും ആ പെണ്ണിന്റേം കൊച്ചുങ്ങള്‍ഡേം കാര്യത്തില്‍ ആശങ്കയ്ക്ക്‌ വകുപ്പില്ലായിരുന്നു... അതന്നെ!

പിന്നെ മരുമക്കത്തായം പോയി, മക്കത്തായം വന്നു. അതോടെ നിന്നു ആ സമ്മന്തം കൂടല്‍? എന്തു കൊണ്ട്‌?

മക്കത്തായത്തില്‍ അങ്ങിനെ തന്ത നോക്കാനില്ലാത്ത കൊച്ചുങ്ങളുണ്ടായാല്‍ ആ പെണ്ണിന്റേം ആ പയലുകള്‍ഡേം കാര്യം ഗോപി!

അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമങ്ങള്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക്‌ കുറുകെ കിടന്നേയ്ക്കും എന്നൊരവസ്ഥ സംജാതമായാല്‍ സ്വാഭാവികമായും ആ ഒരാചാരം ആദ്യം ഒരനാചാരവും പിന്നെ പതുക്കെ അപ്രത്യക്ഷവും ആയി മാറും എന്നല്ലേ അപ്പോ ആ തിയറി!

അതു പ്രാക്ടിക്കലാവുകയാണെങ്കില്‍, നീ സ്വപ്നം കാണുന്ന ആ സമത്വ സുന്ദര ലോകത്തിന്റെ അതിവേഗ കുതിപ്പിന്‌ വിവാഹം എന്ന സംഗതി ഒരു വിഘ്നമാകും എന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുകയും ചെയ്യുമെങ്കില്‍, നിശ്ചയം മകനേ, കല്യാണന്‍മാരെയും കല്യാണികളേയും പുരാവസ്തു വില്‍പനക്കാര്‍ കൊട്ടക്കണക്കിന്‌ തൂക്കിവാങ്ങുന്ന ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്‌. ബദല്‍ സംവിധാനം നീ പറഞ്ഞത്‌ തന്നെ ആയേക്കാനും മതി!

ഹോ...എന്നാണാവോ ആ ലോകമൊന്നു വന്നു കിട്ടുക...?

എന്തായാലും നിന്റെ പതിനാറടിയന്തിരം കഴിഞ്ഞിട്ടേ ഉള്ളൂ എന്നു മാത്രമേ എനിക്കിപ്പ പറയാന്‍ പറ്റൂ!

Wednesday, April 16, 2008

പൈ‌ലറ്റുമ്മാര്‍....!!! അഹങ്കാരികള്‍...!!

Take off is optional, but the landing is mandatory

വിമാനത്തിന്റെ സ്പീഡ്‌ V1 അഥവാ പൊങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും വരെയുള്ള സ്പീഡ്‌ എത്തുവോളം "ന്നാ ഇപ്പൊ പൊങ്ങണ്ട" എന്നു ഡ്രൈവര്‍ക്ക്‌ തീരുമാനിക്കാം! പക്ഷേ അതും കഴിഞ്ഞ്‌ ആകാശത്തെത്തിയ ഈ പണ്ടാരത്തെ എങ്ങനേലും ഒന്ന് നിലത്തെത്തിക്കണം എന്നത്‌ നിര്‍ബന്ധമാകുന്നു.

അസ്സലാകപ്പാടെ ആലോചിച്ചാല്‍ ഈ വിമാനമോടിക്കല്‍ എന്തെളുപ്പം! ഗ്രൗണ്ട്‌ കണ്‍ട്രോളര്‍ ഉരുട്ടിക്കോളാന്‍ പറഞ്ഞാല്‍ വിമാനം ഉരുട്ടി റണ്‍വേയില്‍ കൊണ്ടു വെയ്ക്കണം. ന്നിട്ട്‌ അപ്രത്തൂട്യോ ഇപ്രത്യൂടോ വേറെ വിമാനം ഒന്നും വരുന്നില്ലേല്‍ എയര്‍ കണ്ട്രോളര്‍ ഡബിള്‍ ബെല്ല് കൊടുക്കും "ന്നാ പൂവാ റൈറ്റ്‌"...!

ശ്‌റ്റ്റ്റ്റ്ര്‍..... ഓ മ്മളാകാശത്തെത്തി.!

പിന്നെന്താ? ആ ഓട്ടോ പൈലറ്റ്‌ അങ്ങട്ട്‌ ഓണ്‍ ചെയ്ത്‌ വെക്കാം. പിന്നെ വല്ല പാട്ടോ സിനിമയോ ഒക്കെ ആസ്വദിച്ച്‌ അങ്ങിനെ ഇരിക്കാം.

ഇറങ്ങേണ്ട സമയമാവുമ്പം താഴേന്ന് വീണ്ടും വിളി വരും.

"ഇങ്ങ്‌ പോരട്ടെ ഒരു പത്തിരുപതിനായിരം അടി താഴേക്ക്‌..."

"ആ...പോരട്ടേ പോരട്ടേ..."

"പ്പ എത്ര്യായി"

"ഏകദേശം ഒരു രണ്ടായിരം അടി"

"മാഷക്ക്‌ റണ്‍വേ കാണാവോ?"

"പിന്നെ, നല്ല മണി മണിയായിട്ട്‌ കാണാം"

"ന്നാ അബ്‌ടെത്തന്നെ ഇറക്കിക്കോളേ..."

ആഹഹാ..എന്തെളുപ്പം. പിന്നെ ഈ ഡ്രൈവര്‍മാര്‍ എന്തിനാപ്പാ എന്റെ സമയം കഴിഞ്ഞേ..ഇനി പറത്താന്‍ ആളെ വേറെ നോക്കിക്കോന്നൊക്കെ പറഞ്ഞ്‌ ആളെ മക്കാറാക്കണേ....ദിപ്പ ഇത്ര ഭാരിച്ച പണിയാ? ഇവന്മാരെയൊക്കെയുണ്ടല്ലോ ചവിട്ടിക്കൂട്ടി പന്തു തട്ടിക്കളിക്കണം...ഹാ!അഹങ്കാരികള്‍!

ശരി. എന്നാ കഥകളി വേറൊന്നുകൂടെ നടക്കുന്നുണ്ട്‌ ഇപ്പോ. പ്രതി ഡയറക്റ്ററേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (DGCA). വാദി ലോകത്തെ സകലമാന വിമാനക്കമ്പനികളും. കഥ കീചക വധം തന്നെ!

ഇപ്പോ ഒരു പൈലറ്റിന്റെ പറപ്പിക്കണ സമയത്തിന്റെ കടുപ്പം തുടര്‍ച്ചയായി വരുന്ന പന്ത്രണ്ട്‌ മാസങ്ങളില്‍ ആയിരത്തി അറുനൂറ്‌ മണിക്കൂറുകളാവുന്നു. അതില്‍ തന്നെ ഇരുപത്തിനാലു മണിക്കൂറില്‍ മൊത്തം എട്ട്‌ മണിക്കൂര്‍ ചങ്ങായിക്ക്‌ വിശ്രമവും അനുവദിക്കണം. DGCA പറയണത്‌ ഈ ആയിരത്തി അറുനൂറ്‌ മണിക്കൂര്‍ ഒരു കൊല്ലത്തില്‍ എന്നത്‌ ആയിരം മണിക്കൂര്‍ ആയി കുറയ്ക്കണം എന്നാണ്‌. അതായത്‌ പൈലറ്റുമാര്‍ ഇപ്പോ തന്നെ വിമാനം പറത്തുന്ന സമയം വളരെ കൂടുതല്‍ ആണെന്ന്. പോരേ പൂരം?

വിമാനക്കമ്പനിക്കാര്‍ വെറുതെയിരിക്ക്വോ? അവര്‌ പറേണത്‌ "ന്നാ പ്പിന്നെ തേരാപ്പാരാ നടക്കണ ചെക്കന്മാരെയൊക്കെ പിടിച്ച്‌ പൈലറ്റാക്ക്‌, ഇപ്പറേണ സമയം വെച്ച്‌ ഓടിക്കാനുള്ള പൈലറ്റുകളൊന്നും ഞാളേലില്ല" എന്നും.

"അതെന്തൊരു ഉളുപ്പില്ലാത്ത പണ്യാ DGCA കാണിച്ചത്‌. പൈലറ്റുമ്മാര്‍ക്ക്‌ അല്ലേത്തന്നെ മുഴുത്ത അഹങ്കാരല്ലേ? അതിനിടക്ക്‌ ഇതും....?"

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലം ലോകത്ത്‌ നടന്ന വിമാനാപകടങ്ങള്‍ മൊത്തം പരിശോധിച്ചിട്ടാണ്‌ DGCA ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്‌ എന്നൂടെ അറിയുമ്പഴോ?

വിശദമാക്കണം അല്ലേ?തന്നെക്കാളും മൂന്നാലു മീറ്റര്‍ പൊക്കത്തില്‍ ലോഡും കയറ്റി റോട്ടുമ്മെക്കൂടെ പോകുന്ന ട്രക്കുകള്‍ ഓടിക്കുക എന്നത്‌,അതേത്‌ വോള്‍വോ ആയാലും ബെന്‍സ്‌ ആയാലും ശരി, നല്ല കായികാദ്ധ്വാനം ആവശ്യമുള്ള പണിയാണ്‌. എന്നാലും ആ ഡ്രൈവര്‍ സ്കൂളില്‍ പോയിരിക്കണം എന്ന് ഒരു ഡ്രൈവേര്‍സ്‌ മാന്വലും പറയുന്നില്ല. എന്നാല്‍ പത്ത്‌ നാനൂറ്‌ ടണ്‍ ഭാരമുള്ള ഒരു വിമാനം ആകാശത്തൂടെ പറത്താന്‍ ഒരു ട്രക്ക്‌ ഓടിക്കുന്നതിന്റെ നൂറിലൊരംശം പോലും കായികാധ്വാനം ആവശ്യമില്ല. പക്ഷേ ആ പറത്തുന്നവന്‍ പഠിച്ച്‌ പരൂക്ഷയൊക്കെ പാസായി വന്നിരിക്കണം. ഗുട്ടന്‍സ്‌ പിടികിട്ടിയോ?

കായികാധ്വാനത്തിനെക്കാളും മനുഷ്യനെ ക്ഷീണിപ്പിക്കുന്ന മാനസികാധ്വാനം അഥവാ ടെന്‍ഷന്‍ ആണ്‌ ഒരു പൈലറ്റ്‌ അനുഭവിക്കുന്നത്‌. അങ്ങേരുടെ മനസ്സിന്‌ ആവശ്യമുള്ളത്രയും വിശ്രമം കിട്ടിയില്ലെങ്കില്‍ ചിലപ്പോ വിമാനത്തിലിരിക്കുന്ന പത്ത്‌ മുന്നൂറ്‌ ജീവന്‍ സ്വാഹ....!

ചുമ്മാ അങ്ങ്‌ ദുഫായീന്ന് അല്ലെങ്കില്‍ ഖത്തറീന്ന് കയറി കാലും നീട്ടിയിരുന്ന് ച്ചിരെ വീശി, ശാപ്പാടുമടിച്ച്‌ ഒരു സിനിമേം കണ്ട്‌ ഒരു നാലുമണിക്കൂര്‍ കൊണ്ട്‌ ഇങ്ങു കൊച്ചീലോ കോഴിക്കോട്ടൊ വന്നിറങ്ങുന്ന നമ്മളോര്‍ക്കുന്നോ ആ നാലു മണീക്കൂറില്‍ കോക്പിറ്റില്‍ നടന്ന കാര്യങ്ങള്‍?

ആകെ മൊത്തം കണക്കു കൂട്ടലുകളുടെ കളിയാണ്‌ സര്‍ ഈ പറക്കണ പറക്കലുകളെല്ലാം.

ഉദാഹരണത്തിന്‌ ടേക്ക്‌ ഓഫ്‌ തന്നെയെടുക്കാം.

"ന്നാ കൂട്ടിക്കോ..."

വിമാനത്തിന്റെ ഭാരം പ്ലസ്‌ അതിലെ മൊത്തം യാത്രക്കാരുടെ ശരാശരി തൂക്കം പ്ലസ്‌ ആകെമൊത്തം ലഗേജുകളുടെ തൂക്കം പ്ലസ്‌ വിമാനത്തില്‍ ഇപ്പോ നിറച്ച ഇന്ധനത്തിന്റെ തൂക്കം, കൂട്ടിയോ?

"ആ കൂട്ടി"

"നമ്മളീ പറക്കാന്‍ പോണ റണ്‍വേയുടെ നീളം അറിയോ"

"ഒവ്വ"

"ശരി, കാറ്റടിക്കുന്നുണ്ടോ?"

"ഒണ്ടല്ലോ"

"എത്ര നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍? എവിടന്ന് എങ്ങോട്ട്‌?"

"അതിപ്പോ വെതര്‍കാസ്റ്റ്‌ നോക്കി പറഞ്ഞ്‌ തരാം ട്ടോ"

"അപ്പോ ടേക്കോഫിന്‌ എഞ്ചിന്‍ ത്രസ്റ്റ്‌ എത്ര സെറ്റ്‌ ചെയ്യണം മഹനേ?"

ഇദൊക്കെ എന്തു കാര്യത്തിന്‌?

സിമ്പിള്‍..ഉദാഹരണത്തിന്‌ ഒരു വിമാനത്തിന്റെ റൊടേറ്റ്‌ സ്പീഡ്‌ (V2 അഥവാ "മേലോട്ട്‌ പോട്ടെയ്‌" എന്നും പറഞ്ഞ്‌ അതിന്റെ മൂക്ക്‌ ആകാശത്തോട്ട്‌ പൊക്കാന്‍ ആവശ്യമായ സ്പീഡ്‌) മണിക്കൂറില്‍ 145 നോട്ടിക്കല്‍ മൈല്‍ (എതാാണ്ട്‌ 270 കിലോമീറ്റര്‍) ആണെന്നിരിക്കട്ടെ. വിമാനത്തിന്റെ മൊത്തം ഭാരവും റണ്‍വെയുടെ നീളവും അടിക്കുന്ന കാറ്റിന്റെ ദിശയും വേഗവും ഒന്നും കണക്കാക്കാതെ പറപ്പിക്കാന്‍ നോക്കിയാല്‍ ഈ പറയുന്ന 145 നോട്ടിക്കല്‍ മൈല്‍ എത്തുമ്പോഴേക്കും വിമാനം ചിലപ്പോ റണ്‍വേയും കടന്ന് കണ്ടത്തൂടെയും വരമ്പത്തൂടെയുമൊക്കെ കുറെ ഓടിയിട്ടുണ്ടാവും.

ഇദാ വെല്യ കാര്യം? ഇതൊരു കമ്പ്യൂട്ടര്‍ പിടിപ്പിച്ച്‌ അതിനങ്ങ്‌ ഇന്‍പുട്‌ ചെയ്താ പോരെ, ഠപ്പേന്ന് കിട്ടൂലോ ഉത്തരം.

പോരാ. ഏത്‌ കമ്പ്യൂട്ടറുണ്ടായാലും പൈലറ്റ്‌ കണക്കു കൂട്ടിയുണ്ടാക്കണം അത്‌.

ലോകത്തുള്ള ഓരോ എയര്‍പോര്‍ട്ടിലേയും സാഹചര്യങ്ങള്‍ ഒന്നിനൊന്നു വത്യാസപ്പെട്ടാണിരിക്കുന്നത്‌.

അതു പോലെ ടേക്കോഫിനു മുന്നെയുള്ള പത്തു നൂറായിരം നടപടിക്രമങ്ങള്‍! ചെക്ക്‌ ലിസ്റ്റ്‌ വായിച്ച്‌ ഓരോന്നും വ്യകതമായി ഉറക്കെ പറഞ്ഞ്‌ അടയാളപ്പെടുത്തണം...! ഏതെങ്കിലും ഒന്ന് പിഴച്ചാല്‍ മതി. മൊത്തം അല്‍ക്കുല്‍ത്താവാന്‍.

ഏതായാലും പൊങ്ങി. ഇനി ഈ സംഗതിയൊന്നു താഴെയിറക്കണമെങ്കിലോ?

"കൂട്ടണോ?"

"വേണ്ട കുറച്ചാ മതി"

"എന്തോന്ന് കുറയ്ക്കാന്‍?"

"ആകെ നമ്മളെത്ര പറന്നു, അതിന്‌ എത്ര കിലോ ഇന്ധനം നാം കത്തിച്ചു?"

"അത്‌...?"

"അദോ അതിനെ നുമ്മടെ പറക്കാന്‍ തുടങ്ങുമ്പോഴുള്ള ഭാരത്തീന്നു കുറച്ചേ?"

"കുറച്ചു"

"ശരി അപ്പോ മ്മടെ എയര്‍പോര്‍ട്ടിലേക്ക്‌ എത്ര മൈല്‍ ഉണ്ടെന്നാ പറഞ്ഞെ?"

"ഒരു പത്തഞ്ഞൂറ്‌ കാണും"

"കാറ്റുണ്ടോഡെയ്‌?"

"ഒടുക്കത്തെ കാറ്റ്‌! ഉണ്ടെന്നാ തോന്നുന്നെ!"

"ഹെഡ്‌ വിന്റോ, ടെയില്‍ വിന്റോ അതോ ക്രോസ്സ്‌ വിന്റോ?"

"എന്തര്‌...എന്തര്‌?"

ഡേയ്‌, കാറ്റു മുന്നീന്നോ പിറകീന്നോ അതോ സൈഡീന്നോ"?

"ഈ ചില്ലൊന്നു താഴ്ത്തി നോക്കട്ടെ ട്ടോ"

"ശരി എന്നാ കൂട്ടിക്കോ! ഇത്രേം കനമുള്ള ഈ വിമ്മാനം, ഇത്രേം വേഗത്തിലുള്ള ഈ കാറ്റില്‍, ഇത്രേം ദൂരത്തുള്ള താവളത്തില്‍ പോയിറങ്ങാന്‍ മിനിറ്റില്‍ എത്ര അടി കണ്ട്‌ നാം താഴോട്ട്‌ പോണം?"

"പാരച്യൂട്ട്‌ സ്റ്റോക്കുണ്ടോ?"

"എന്തിനാ?"

"എനിക്കൊന്നു താഴേക്ക്‌ ചാടാന്‍!"

ഒരു പ്രശ്ന രഹിതമായ പറക്കലില്‍ ഇതൊന്നും ഒരു പക്ഷേ വലിയ കാര്യമായിരിക്കില്ല. എന്നാല്‍ എല്ലാ പറക്കലുകളും പ്രശ്നരഹിതമായിരിക്കും എന്നാരാണ്‌ നമുക്ക്‌ ഉറപ്പ്‌ തരുന്നത്‌? (അതന്നെ, മുന്ത്യെ വിമാനക്കമ്പനികള്‍ പത്തിരുപത്‌ കൊല്ലം പറപ്പിച്ച വിമാനം ചുളു വിലക്ക്‌ വാങ്ങി, കൊച്ചി കോഴിക്കോട്‌ - കോഴിക്കോട്‌ ബഹ്‌റൈന്‍- ബഹ്‌റൈന്‍ ദോഹ - ദോഹ മസ്കറ്റ്‌ ഓടിച്ചു കളിക്കുന്ന വിമാനക്കമ്പനികളുള്ളപ്പോള്‍ പ്രത്യേകിച്ചും!)

ഒരു അടിയന്തിരഘട്ടം ഓരോ പറക്കലിലും ഉണ്ടായേക്കാം.എയര്‍കണ്ടീഷന്‍ സിസ്റ്റത്തിലേക്കുള്ള ഒരു ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ രൂപത്തില്‍, ലോക്ക്‌ ചെയ്യാന്‍ വിസമ്മതിക്കുന്ന ലാന്‍ഡിംഗ്‌ ഗിയറിന്റെ രൂപത്തില്‍, തൊട്ടു മുന്‍പേ ഉയര്‍ന്ന ജെറ്റ്‌ വിമാനം ഉയര്‍ത്തിവിട്ട ടര്‍ബുലന്‍സിന്റെ രൂപത്തില്‍, വെടിച്ചില്ലു കണക്കെ എഞ്ചിനുള്ളില്‍ ഇടിച്ചു കയറുന്ന പക്ഷികളുടെ രൂപത്തില്‍, കാറ്റിന്റെയും മഴയുടെയും രൂപത്തില്‍ എന്തിനേറെ കക്കൂസില്‍ കയറിയിരുന്ന് പുകവലിക്കാന്‍ ശ്രമിച്ച്‌, ഫയര്‍ അലാറം ഒച്ചവെച്ചപ്പോള്‍ അണയാത്ത സിഗരറ്റ്‌ കുറ്റി ലിറ്റര്‍ ബോക്സില്‍ നിക്ഷേപിച്ച യാത്രക്കാരന്റെ രൂപത്തില്‍ വരെ നിര്‍ഭാഗ്യം വിരുന്നു വരാം!

സൈഡൊതുക്കി നിര്‍ത്തി, വാതിലു നാലും തുറന്നിട്ട്‌, "മക്കളേ, ജീവന്‍ വേണ്ടോര്‌ വേം തടി കൈച്ചലാക്കിക്കോ" എന്നു പറയാന്‍പറ്റില്ലല്ലോ പത്തു മുപ്പത്തയ്യായിരം അടി ഉയരെ ആകാശത്ത്‌!

നമ്മക്കപ്പോ മുന്നിലെ സീറ്റിലേക്ക്‌ തല ചേര്‍ത്ത്‌ പിടിച്ച്‌ അലറിക്കരഞ്ഞാ മതി! കത്തുന്ന എഞ്ചിനോ, പുകയുന്ന ഫ്യൂസിലേജോ, മിഴിതുറക്കാത്ത നാവിഗേഷന്‍ സിസ്റ്റമോ ഒക്കെ വെച്ച്‌ മന:സാന്നിധ്യം നഷ്ടമാവാതെ വിമാനത്തെ നയിക്കേണ്ട ചുമതല കൂടെ ആ അഹങ്കാരിയായ പൈലറ്റിനുണ്ട്‌! സെക്കന്റുകള്‍ വെച്ച്‌ തീരുമാനമെടുക്കേണ്ട അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ മനസ്സ്‌ ഏകാഗ്രമായിരിക്കണം, കാര്യ കാരണ ബന്ധങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് അളന്നെടുക്കാന്‍ പാകത്തില്‍ അയാളുടെ ബുദ്ധി തെളിഞ്ഞുമിരിക്കണം.

"അപ്പോ ടിയാന്‌ ദെവസത്തില്‍ മണിക്കൂറെട്ട്‌ മതിയോളീ വിശ്രമം?"

നാഷണല്‍ ജിയോഗ്രഫിക്‌ ചാനലില്‍ "എയര്‍ ക്രാഷ്‌ ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിപാടി കാണുന്നവരുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും.

എയര്‍ കാനഡയുടെ പുതു പുത്തന്‍ ബോയിംഗ്‌ വിമാനം, അത്‌ പോയിറങ്ങേണ്ട വിമാനത്താവളത്തില്‍ നിന്നും പകുതി ദൂരം പോലുമെത്തും മുന്നെ ആകാശത്ത്‌ ഏതാണ്ട്‌ നാല്‍പതിനായിരം അടി ഉയരത്തില്‍ വെച്ച്‌ ഇന്ധനം തീര്‍ന്നു കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ്‌ നല്‍കുന്നു. പരിചയ സമ്പന്നനായ പൈലറ്റ്‌ തൊട്ടടുത്ത്‌ കിട്ടിയ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ ഇരുപത്തിഅയ്യായിരം അടി എത്തുമ്പോഴേക്കും ഇന്ധനം മുഴുവന്‍ തീര്‍ന്ന വിമാനത്തിന്റെ രണ്ട്‌ എഞ്ചിനുകളും നിശ്ചലമായി. അസാധാരണ മനോധൈര്യം സംഭരിച്ച ആ ഗ്ലോറിഫൈഡ്‌ ഡ്രൈവര്‍, എഞ്ചിനുകള്‍ നിന്നു പോയ വിമാനം ഏറ്റവുമടുത്ത്‌ ഒരു അടച്ചു പൂട്ടിയ വിമാനത്താവളത്തിന്റെ ഉപയോഗശൂന്യമായ റണ്‍വേയില്‍ ആ ഇരുപത്തയ്യായിരം അടി ഉയരത്തുനിന്നും ഗ്ലൈഡ്‌ ചെയ്തിറക്കി. ആര്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ!

ഇത്രയും പേരു കേട്ട ഒരു വിമാനത്തിന്റെ ഇന്ധനടാങ്കില്‍ ഇങ്ങനെ ചോര്‍ച്ച വരാന്‍ ഇതെന്താ കേരളത്തിലെ പൊതു ഖജനാവോ? അന്വേഷണം നടന്നു. ടാങ്കില്‍ ഇന്ധനം ചോര്‍ന്നതിന്റെ ഒരു തെളിവും കണ്ടെത്താനായില്ലെന്നു മാത്രം. പിന്നെ ആകെയുള്ള ഒരു സാധ്യത വിമാനം പറന്നുയരുമ്പോള്‍ തന്നെ അതില്‍ ആവശ്യത്തിന്‌ ഇന്ധനം ഇല്ലാ എന്നതു മാത്രം.

അങ്ങിനെ വരാമ്പാട്വൊ?

എന്നാ പാടി. അതു തന്നെയാണ്‌ സംഭവിച്ചത്‌. ഗ്രൗണ്ട്‌ സ്റ്റാഫിനും പൈലറ്റിനും പറ്റിയ പിഴ! വിമാനത്തില്‍ അത്രേം ദൂരം പോകാന്‍ നറയ്ക്കേണ്ട ഇന്ധനത്തിന്റെ അളവിനെ അതിനു തുല്യമായ ഭാരത്തിലേക്ക്‌ മാറ്റിയപ്പോഴുണ്ടായ പിഴ! ആ പുതിയ വിമാനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ അളവുകള്‍ മെട്രിക്‌ ആയിരുന്നു. അതായത്‌ ഭാരം കണക്കാക്കേണ്ടിയിരുന്നത്‌ കിലോഗ്രാമിലായിരുന്നു എന്നര്‍ഥം. എന്നാല്‍ അത്‌ ഓര്‍മ്മയില്ലാതെ പൈലറ്റ്‌ കണക്കു കൂട്ടിക്കൊടുത്തത്‌ പഴയ പൗണ്ടിലും! കിലോഗ്രാമിന്റെ പകുതിയോളമല്ലേ വരൂ പൗണ്ട്‌! അപ്പോ കണ്‍വേര്‍ട്ടിംഗ്‌ ഫാക്റ്റര്‍ ഇരട്ടിയായി. ഫലം, ആവശ്യമുള്ളതിന്റെ പകുതി ഇന്ധനവുമായായിരുന്നു ആ വിമാനം പറന്നുയര്‍ന്നത്‌.

ആര്‍ക്കും പറ്റിയേക്കാവുന്ന ഒരു പിഴവ്‌. പക്ഷേ അതിനു കൊടുക്കേണ്ടി വന്നേക്കുമായിരുന്ന വിലയോ?

അതാണ്‌ പറഞ്ഞത്‌ പൈലറ്റിന്റെ ഓര്‍മ്മയും മനസ്സും ഏകാഗ്രമായിരിക്കണം. എല്ലായ്പ്പോഴും...അല്ലെങ്കില്‍ ഇതു പോലൊരു പിഴ ഏതു കൊടികെട്ടിയ പൈലറ്റിനും വന്നേക്കാം. ആ സാധ്യത കൂടെ ഇല്ലാതാക്കാനാണ്‌ ആവശ്യത്തിനുള്ള വിശ്രമം അങ്ങേര്‍ക്ക്‌ കൊടുക്കണം എന്ന് DGCA ഉരുവിട്ടോണ്ടിരിക്കുന്നത്‌.

ക്രിസ്റ്റ്യന്‍ മാര്‍ട്ടിയെ ഓര്‍മ്മയില്ലേ? 2000 ജൂലായ്‌ 25 നു പാരീസില്‍ തകര്‍ന്നുവീണ കോണ്‍കോര്‍ഡ്‌ ജറ്റിന്റെ പൈലറ്റ്‌...! എല്ലാം അവസാനിക്കാറായി എന്നുറപ്പിച്ചിട്ടും മന:സാന്നിധ്യം വിടാതെ അഗ്നിഗോളമായ തന്റെ വിമാനത്തെ തകര്‍ന്നുവീഴാനായി നഗരപരിധിക്കു പുറത്ത്‌ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തേക്ക്‌ നയിച്ച വൈമാനികന്‍!

എന്തിന്‌, ക്യാപ്റ്റന്‍ സാറനെയും നാം മറക്കാറായിട്ടില്ല! 1999 ഡിസംബര്‍ 24ന്‌ കാഠ്‌മണ്ഡു വില്‍ നിന്നും ഹൈജാക്ക്‌ ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം 814 ന്റെ പൈലറ്റ്‌! ഇന്ധനം തീരാറായ ആ വിമാനത്തെ, പാക്കിസ്ഥാനി ഉദ്യോഗസ്ഥന്മാര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച്‌ വിളക്കുകള്‍ മൊത്തം അണച്ചുകളഞ്ഞ ലാഹോര്‍ വിമാനത്താവളത്തില്‍ ഒരു നാവിഗേഷന്‍ ഗൈഡുമില്ലാതെ കൊണ്ടിറക്കിയ വീരന്‍....

അങ്ങിനെ എത്രപേര്‍....! ഓര്‍ക്കാപുറത്ത്‌ അശനിപാതം കണക്ക്‌ വന്നു വീഴുന്ന അത്യാപത്തുകള്‍ക്കു മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാവേണ്ടവര്‍.

അവര്‍ക്ക്‌ അത്യാവശ്യമായ വിശ്രമം നല്‍കാന്‍ നാം ബാധ്യസ്ഥരല്ലേ സര്‍?

"എന്നാലും പൈലറ്റ്‌ അങ്ങിനെ ചെയ്യാമ്പാട്വൊ? വിമാനം പറത്തില്ലാന്നൊക്കെ പറയാന്‍ അയ്യാളാരാണോളീ..?"

"അഥാണ്‌......!!"

Sunday, April 13, 2008

എന്നാലും എന്റെ അന്തിക്കാടേ.....!!

ട്രെയിന്‍ വരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി. വിഷു ത്തിരക്കിനാല്‍ വീര്‍പ്പു മുട്ടുന്ന കോഴിക്കോട്‌ നഗരം! ഒടുക്കത്തെ ചൂടും. അപ്പോ സ്വസ്ഥമായി കുറച്ചു നേരം കളയാന്‍ സിനിമാ തിയേറ്റര്‍ തന്നെ ശരണം. റെയില്‍വേ സ്റ്റേഷന്‌ തൊട്ടടുത്ത്‌ അപ്സര തിയേറ്ററും അവിടെ സത്യന്‍ അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയവും" കളിക്കുമ്പോള്‍ പിന്നെന്താലോചിക്കാന്‍....!!

ദൈവമേ...അന്തിക്കാട്‌ ഇങ്ങനൊരു കൊലച്ചതി ചെയ്യും എന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല.. ഒരു തിരക്കഥയെ എങ്ങിനൊക്കെ അംഗഭംഗപ്പെടുത്താം എന്ന വിഷയത്തില്‍ വല്ല പഠനവും നടത്തുന്നവര്‍ക്ക്‌ നല്ലൊരു റഫറന്‍സ്‌ ആവുന്നു. ഈ സിനിമ. രചയിതാവിന്റെ കൈയ്യില്‍ നിന്നും കുതറിച്ചാടി തോന്നിയ വഴിക്കൊക്കെ നടക്കാന്‍ തുടങ്ങുന്ന തിരക്കഥ "രസതന്ത്ര" ത്തിലും, "വിനോദയാത്ര" യിലുമൊക്കെ നാം കണ്ടതാണ്‌. പക്ഷേ തിരക്കഥാകാരനായ അന്തിക്കാട്‌ വരുത്തിയ പിഴവുകള്‍ സംവിധായകനായ അന്തിക്കാടിന്‌ മറികടക്കാനായത്‌ കൊണ്ട്‌ അസ്സലാകപ്പാടെ നോക്കിയാല്‍ ഭേദപ്പെട്ട എന്നു പറയാവുന്ന ചിത്രങ്ങളായിരുന്നു രണ്ടും. പക്ഷേ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അമ്പേ പരാജയപ്പെട്ട അന്തിക്കാടിനെനോക്കി അന്തം വിട്ടിറങ്ങിപ്പോരേണ്ടി വന്നു ഈ സിനിമയുടെ അവസാനം....പ്രത്യേകിച്ചും ചിന്താവിഷയത്തിന്റെ രണ്ടാം പകുതി കണ്ടിരിക്കുന്നതിനിടയില്‍ ഒന്നു കൂവാന്‍ മുട്ടിയതിനെ അടക്കണമെങ്കില്‍ പടം കാണാന്‍ പോകുന്നതിനു മുന്‍പ്‌ ക്ഷമാ വര്‍ദ്ധിനീ കഷായം ഒരു രണ്ടുകുപ്പിയെങ്കിലും കുടിക്കേണ്ടി വരും, മിനിമം! (അതിനു നേരം കിട്ടാത്തത്‌ കൊണ്ട്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെ നായകന്‍ എടുത്തിട്ടലക്കാന്‍ തുടങ്ങുന്ന രംഗത്തിന്റെ തുടക്കത്തിലെ കുയില്‍ നാദത്തോടൊപ്പം അറിയാതെ കൂവിപ്പോയി, ഒറ്റയ്ക്കല്ല മൊത്തം തിയേറ്ററിനൊപ്പം)

എനിക്കിഷ്ടപ്പെട്ട പത്ത്‌ മലയാളം സിനിമകളെ പറ്റി ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ പറയാന്‍ പറ്റുന്ന രണ്ടു സിനിമകളാണ്‌ അന്തിക്കാടിന്റെ അപ്പുണ്ണി യും പൊന്മുട്ടയിടുന്ന താറാവും. നല്ല നാടന്‍ പാട്ടു പോലെ ഹൃദ്യമായ രണ്ടു സിനിമകള്‍. കാവ്യഭംഗിയോലും തിരക്കഥയുടെയും ലക്ഷ്യബോധത്തോടെയുള്ള സംവിധാനത്തിന്റെയും മികച്ച ഒരു കൂടിച്ചേരല്‍ ഈ സിനിമകളെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റി എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. 'വീണ്ടും ചില വീട്ടു വിശേഷങ്ങള്‍" എന്ന സിനിമയും ഒരളവു വരെ ഈ ഗണത്തില്‍ പെടുത്താം.

എത്രമികച്ച സംവിധായകനായാലും ശരി, കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെ നടത്തുന്ന സംവിധാനാഭ്യാസങ്ങള്‍ മിക്കതും വന്‍ സിനിമാ ദുരന്തങ്ങളായി അവസാനിച്ച ചരിത്രമേ ഉള്ളൂ എന്നോര്‍ക്കുന്നത്‌ അവര്‍ക്കും പ്രേക്ഷകര്‍ക്കും നല്ലതിനായിരിക്കും എന്ന് അടിവരയിട്ട്‌ പറയുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന സിനിമ. ഒന്നുകൂടെ വിശാലമായി ചിന്തിച്ചാല്‍ തിരക്കഥയും സംവിധാനവും പരസ്പര പൂരകങ്ങളാവുന്നു എന്നു പറയുന്നതാവും ഒന്നു കൂടെ ശരി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ ഐ.വി. ശശിയും ഹരിഹരനും, ലോഹിതദാസിന്റെ തിരക്കഥകള്‍ സിബിമലയിലും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതിയാവും ഇക്കാര്യം ബോധ്യപ്പെടാന്‍. എം.ടിയുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത "ആള്‍ക്കൂട്ടത്തില്‍ തനിയെ", ഹരിഹരന്‍ സംവിധാനം ചെയ്ത"ആരണ്യകം", "വടക്കന്‍ വീരഗാഥ", ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം, മായാമയൂരം തുടങ്ങിയ സിനിമകളോക്കെ മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാവുന്നതും അതുകൊണ്ടു തന്നെ. തട്ടിക്കൂട്ട്‌ തിരക്കഥ കൊണ്ട്‌ ശില്‍പഗോപുരം പണിയാന്‍ ശ്രമിച്ച്‌ ഇതേ സംവിധായകരൊക്കെ തന്നെ മൂക്കും കുത്തി വീണ കാഴ്ചയും സമീപകാല സിനിമാക്കഥകളില്‍ നാം കണ്ടു. ഐ.വി ശശിക്ക്‌ പിന്നെയൊരു ഹിറ്റ്‌ സിനിമ ചെയ്യാന്‍, ഒരു പൊട്ട ഭാഗ്യം പോലെ രചയിതാവിനു വീണുകിട്ടിയ ദേവാസുരം വേണ്ടി വന്നു. മറ്റു രണ്ടു പേര്‍ പാല പോയ ഭൂതങ്ങളെ പോലെ മലയാള സിനിമയുടെ വെളിമ്പറമ്പുകളില്‍ അലഞ്ഞ്‌ നടക്കുന്നു. (പഴശ്ശി രാജ എന്താവുമോ എന്തോ?)

പക്ഷേ തിരക്കഥ മാത്രം നന്നായിട്ട്‌ വല്ല കാര്യവുമുണ്ടോ? ഒരു തിരക്കഥയെ അതിനിണങ്ങും വിധമുള്ള ദൃശ്യാനുഭവമാക്കി മാറ്റണമെങ്കില്‍ പ്രതിഭാധനനായ ഒരു സംവിധായകന്റെ ഭാവനയും നിരീക്ഷണ പാടവവും കൂടിയേ തീരൂ.

"നിസ്സഹായനായി മീരയെ നോക്കുന്ന രവി. അയാളുടെ കണ്ണുകളില്‍ നിരാശയും സങ്കടവും തെളിഞ്ഞു കാണാം" എന്നു തിരക്കഥാകൃത്ത്‌ എഴുതി വെച്ചാല്‍ ആ നിരാശയും സങ്കടവും അഭിനേതാവ്‌, ആ ഒരു പ്രത്യേക കഥാ സന്ദര്‍ഭത്തില്‍ എങ്ങനെ പ്രകടിപ്പിക്കണം എന്നു കൃത്യമായി അറിയുന്ന ഒരു സംവിധായകന്‍ ഇല്ലെങ്കില്‍ മോര്‍ച്ചറിയില്‍ കൊണ്ടു കിടത്താന്‍ പാകത്തിലുള്ളൊരു സിനിമയായിട്ടായിരിക്കും ആ തിരക്കഥ തിയേറ്ററുകളിലെത്തുന്നത്‌. ഭൂതക്കണ്ണാടി എന്ന മനോഹരമായൊരു തിരക്കഥയെ ലോഹിതദാസ്‌ സ്വയം സംവിധാനം ചെയ്തതിന്റെ അനുഭവം മാത്രം മതിയാകും ഇതു തെളിയിക്കാന്‍.

അങ്ങിനെയെങ്കില്‍ സ്വന്തം രചന, അതിന്റെ സത്ത ചോര്‍ന്നു പോകാതെ ചിത്രീകരിക്കാന്‍ കഴിയുന്ന തിരക്കഥാ കൃത്ത്‌ കം സംവിധായകനായിരിക്കണമല്ലോ സകല കലാവല്ലഭന്‍? ഒരു പക്ഷേ, അതേ എന്നു തന്നെയായിരിക്കും ഉത്തരം!തീര്‍ച്ചയായും ശ്രീനിവാസന്‍, ശ്യാമപ്രസാദ്‌, ബ്ലെസ്സി തുടങ്ങിയ കലാകാരന്മാരെ നമുക്കാ പട്ടികയില്‍ പെടുത്താം. (അടൂര്‍, റ്റി.വി. ചന്ദ്രന്‍, പി.റ്റി. കുഞ്ഞു മുഹമ്മദ്‌ തുടങ്ങിയവരെ വിസ്മരിച്ചതല്ല; സത്യന്‍ അന്തിക്കാടില്‍ നിന്നു തുടങ്ങിയത്‌ ആ വഴി തന്നെ പോട്ടെ എന്നു വെച്ചിട്ടാണ്‌.) സെല്‍ഫ്‌ കോണ്‍ഫിഡന്‍സ്‌ ചെലപ്പോ കൂടിപ്പോകുന്നത്‌ കൊണ്ട്‌ ഇട്യ്ക്കോരോ ഭാര്‍ഗവചരിതവും, പളുങ്കു മൊക്കെ വന്നു പെട്ടേയ്ക്കാമെങ്കിലും!

വീണ്ടും സത്യനിലേക്ക്‌ വരാം. ഈ അവസാനം പറഞ്ഞ വല്ലഭന്മാരുടെ നിരയിലേക്ക്‌ കസേര വലിച്ചിട്ടിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ദയനീയവും എന്നാല്‍ അനിവാര്യമായതുമായ ഒരു സമ്പൂര്‍ണ്ണപരാജയമാവുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

ഏറ്റവും മിതമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ പുറത്തു വരേണ്ട ഒരു സിനിമയെ അഴകപ്പന്റെ കിടിലന്‍ ക്യാമറ കൊണ്ട്‌ ആര്‍ഭാടമാക്കി ഇന്തക്കാലത്തേക്ക്‌ റിലീസ്‌ ചെയ്താല്‍ എങ്ങിനിരിക്കും. അതു തന്നെ ഇത്‌. (അത്രയും ദൃശ്യപ്പൊലിമയുള്ള ഫ്രെയിമുകള്‍ ഈ ചിത്രം ആവശ്യപ്പെടുന്നുണ്ടോ എന്നത്‌ വേറെകാര്യം)

ഒരു ഡോക്യുമെന്ററി ടച്ചോടെയാണ്‌ ചിത്രത്തിന്റെ തുടക്കം. ഭര്‍ത്താക്കന്മാരുടെ സ്വഭാവ വിശേഷങ്ങള്‍ സഹിക്കാന്‍ മേലാഞ്ഞ്‌, വീടു വിട്ടിറങ്ങി സ്വന്തമായി അധ്വാനിച്ച്‌ വാശിയോടെ ജീവിക്കുന്ന മൂന്ന് പെണ്ണുങ്ങളെ തുടക്കത്തില്‍ സംവിധായകന്റെ തന്നെ പശ്ചാത്തല വിവരണത്തിന്റെ അകമ്പടിയോടെ നാം പരിചയപ്പെടുന്നു. പക്ഷേ, ഉഗ്രന്‍, പുതിയൊരു ട്രീറ്റ്‌മന്റ്‌, ബലേ ഭേഷ്‌ എന്നൊക്കെ പറയാന്‍ തുടങ്ങുന്ന പ്രേക്ഷകന്റെ സഹന ശക്തിയെ കൊഞ്ഞനം കുത്തിക്കൊണ്ടാണ്, ഒരു പത്തിരുപതു കൊല്ലം മുന്നേ ജോഷിയും സാജനുമൊക്കെ കലക്കി വെച്ച സോപ്പ്‌ വെള്ളത്തില്‍ അഞ്ചാറു മാസം മുക്കിവെച്ച്‌ വെളുപ്പിച്ച്‌ ശുദ്ധീകരിച്ചെടുത്ത നായകന്‍ - സകലഗുണ സമ്പന്നനായ നായകന്‍! - ഇവര്‍ക്കിടയിലേക്ക്‌ പൊട്ടി വീഴുന്നത്‌.

പണ്ടത്തെ സ്റ്റോറി ബോര്‍ഡില്‍ ഒരു ലൈന്‍ പോലും മാറ്റേണ്ടി വരുന്നില്ല. ആദ്യം ഉടക്ക്‌, പിന്നെ കുട്ടികളുമായി ചങ്ങാത്തം, ഒടുക്കം ഈ മൂന്നു പെണ്ണുങ്ങളുടെയും മനസ്സില്‍ നായകന്‍ കയറിക്കൂടുന്നു. ഈ മൂന്നു പെണ്ണുങ്ങളില്‍ ഒരുത്തി അത്യത്ഭുത ഭയ ഭക്തി ഭാവത്തില്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്‌. “ഇക്കാലത്ത്‌ ഇത്രയും മാന്യനായ ആണുങ്ങളുമുണ്ടോ?“ എന്ന്. സ്ത്രീ പ്രേക്ഷകര്‍, സ്ത്രീ പ്രേക്ഷകര്‍ എന്ന് ഒരു ലക്ഷത്തി ഒന്നു തവണ ഉരുവിട്ട്‌ എഴുതാനിരുന്ന ഒരു തിരക്കഥയില്‍ നിന്നും ഇതിലപ്പുറം വല്ലതും പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്‍? (നല്ല ധീരവനിതകളായി അരങ്ങിലെത്തിയ ഈ പെണ്ണുങ്ങള്‍ നായകന്റെ മാസ്മരിക പ്രഭാവലയത്തിനുമുന്നില്‍ സാഷ്ടാംഗം വീഴുന്നത്‌ ഒരു മുന്നറിയിപ്പു പോലും തരാതെ അവതരിപ്പിച്ചുകളഞ്ഞ ആ ഭാവനയ്ക്ക്‌ കൊടുക്കണം പട്ടും വളയും ഒരു നാലെണ്ണം!)

പിന്നെ നായകനു കൂട്ടായി നായികയെത്തുന്നു. രണ്ടുപേരും കൂടെ ചേര്‍ന്ന് ഈ മൂന്നു കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യത്നങ്ങളാണ്‌ തുടര്‍ന്ന് കഥയെ മുന്നോട്ട്‌ നയിക്കുന്നത്‌ എന്നാണ്‌ സംവിധായകന്‍ കം തിരക്കഥാ കൃത്ത്‌ ഉദ്ദേശിച്ചത്‌ എന്നു തോന്നുന്നു. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന ഒരുപാട്‌ രംഗങ്ങളുടെ കുത്തൊഴുക്കില്‍ നിന്നും ഇതൊക്കെയാണ്‌ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്‌ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു മാത്രം.

അതിനിടക്ക്‌ നായികയുടെ കുടുംബ പശ്ചാത്തലം തേടി തമിഴ്‌നാട്ടിലേക്കോ കര്‍ണ്ണാടകത്തിലേക്കോ മറ്റോ ഒരു യാത്രയും നടത്തുന്നുണ്ട്‌ നായകന്‍. കഥയും കഥാഗതിയുമായും യാതൊരു ബന്ധവുമില്ലാത്ത ആ ഒരു ഉപ കഥ എന്തിനായിരുന്നു ഈ ചിത്രത്തില്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ ദൃശ്യസമ്പന്നമായ ഒരു തമിഴ്‌ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാട്ട്‌ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ ഒരു ഏച്ചുകെട്ടലായിരിക്കും ഇതെന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരുപാടു നീളത്തില്‍ അത്‌ നല്ലോണം മുഴച്ചു നില്‍ക്കുന്നുമുണ്ട്‌. ഇളയരാജയുടെ ഈണമൊപ്പിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി വരികളെഴുതിയ പാട്ടുകള്‍ ഒന്നു പോലും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയുമല്ല.

ഇന്നത്തെ കാലത്ത് സിനിമ കാണാനെത്തുന്ന സാധാരണ പ്രേക്ഷകനെ എത്ര വികലമായാണ് അല്ലെങ്കില്‍ എത്ര നിസ്സാരന്മാരായാണ് ലുബ്ധപ്രതിഷ്ഠരായ സംവിധായകന്‍‌മാര്‍ പോലും വിലയിരുത്തുന്നത് എന്ന് വിളിച്ചുപറയുന്ന ഒരു രംഗം ഈ ചിത്രത്തില്‍ സങ്കടപൂര്‍വം കാണേണ്ടിയും വന്നു. പണ്ടത്തെ പട്ടണപ്രവേശനത്തിലാണെന്നു തോന്നുന്നു, മോഹന്‍ലാലൂം ശ്രീനിവാസനും, കുടനന്നാക്കുന്നവരും കൈനോട്ടക്കാരുമൊക്കെയായി കേസ് തെളിയിക്കാന്‍ നടക്കുന്നത് നാം കണ്ടത്. ഇവിടെ മോഹന്‍ ലാലും ഇന്നസെന്റും വേഷം മാറി, ഹാജിയാരും മൊല്ലാക്കയുമായി, ഒരു മുസ്ലിം തറവാട്ടില്‍ പെണ്ണു കാണാന്‍ പോകുന്നത് യാതൊരുളുപ്പുമില്ലാതെ ചിത്രീകരിച്ചു വെച്ചിരിക്കുന്നു അന്തിക്കാട്!! ഇത്തരം കോപ്രായങ്ങളെ നോക്കി “ഹാ കഷ്ടം” എന്നല്ലാതെ എന്തു പറയാന്‍!

പക്ഷേ ഇതിനെക്കാളൊക്കെ അസഹനീയം ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന്‍ നടത്തുന്ന ഗിരിപ്രഭാഷണങ്ങളാവുന്നു. ഇതുവരെ ആരും പറഞ്ഞുതരാത്ത ചില അസാധ്യ വിശകലനങ്ങളും അദ്ദേഹം നമുക്കായ്‌ സദയം ഉത്ഘോഷിക്കുന്നുണ്ട്‌. പരസ്പരം വഴക്കടിച്ച്‌ പിരിഞ്ഞു നില്‍ക്കുന്ന മാതാപിതാക്കന്മാര്‍ ഏറ്റവുമധികം ബാധിക്കുക അവരുടെ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ ആയിരിക്കുമത്രേ! ഭയങ്കരം...!!ഇതൊന്നും മുന്‍പാരും കേട്ടിട്ടേ ഇല്ലെന്ന് ക്ലൈമാക്സില്‍ ഒന്നായ കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി അച്ചാലും മുച്ചാലും നടന്ന് നടത്തുന്ന ആ ഉത്ബോധനത്തിന്‌ തിയേറ്ററില്‍ നിന്നുയര്‍ന്ന നിര്‍ത്താതെയുള്ള കൂവലില്‍ നിന്നും മനസ്സിലായി. സത്യമായും അത്‌ മറ്റേ ഫാന്‍ അസോസിയേഷന്‍ കൂവലല്ല. സത്യന്‍ അന്തിക്കാടിനോടും മോഹന്‍ലാലിനോടും തോന്നിയ ആ ഒരു പിറ്റി ഫീലിംഗ്‌ ഉണ്ടല്ലോ. അതില്‍ നിന്നും ഉയര്‍ന്ന കൂവലാകുന്നു. (ഒരുപക്ഷേ ഒരു പാട്‌ പ്രതീക്ഷിച്ചു പോയ കാണികളുടെ ഒരു രോഷ പ്രകടനം കൂടെയാവാം)

അഴകപ്പന്റെ ക്യാമറയും, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മുകേഷ്‌, സുകന്യ, മോഹിനി, മുത്തുമണി തുടങ്ങിയ അഭിനേതാക്കളുടെ ആസ്‌ യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു ചിത്രം എന്നാണ്‌ ഒരവസാന വിശകലത്തില്‍ തോന്നുന്നത്‌.

എന്നും ഒരേ സ്റ്റോപ്പിലേക്ക്‌ കൃത്യമായും ഓടുന്ന ഒരു ബസ്സ്‌ എന്ന് സലീം കുമാര്‍ ഈയിടെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കണിശമായും വിലയിരുത്തിയിരുന്നു. പക്ഷേ ഈ ബസ്സ്‌ പാതിവഴിയില്‍ സകല ടയറും പഞ്ചറായി, ബ്രേക്ക്‌ ഡൗണ്‍ ആയി കിടക്കുന്ന കാഴ്ച, നല്ല മലയാളം സിനിമകളെ സ്നേഹിക്കുന്ന, സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക്‌ തീര്‍ത്തും ദു:ഖകരമാണല്ലോ!?.

(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന്‌ ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട്‌ ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്‌)

Wednesday, January 09, 2008

കൊല്ലാന്‍ വന്ന ആനയും ഇക്കാസിന്റെ കല്യാണവും!!

കുറെക്കാലങ്ങള്‍ക്കു ശേഷം ഇന്നാണ്‌ കുറച്ചു സമാധാനമായി ബ്ലോഗുകള്‍ നോക്കുന്നത്‌. (ഈ ജോലി ഇല്ലെങ്കിലുള്ളൊരു ഗുണമേയ്‌!!)അപ്പോഴാണ്‌ വനജയുടെ, ബ്ലോഗുകളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടത്‌. അതിലൂടെ കുട്ടിച്ചാത്തന്റെ താരോദയം 2007 കണ്ടു. അവിടെ ദേവരാഗത്തിന്റെ കമന്റ്‌ കണ്ടു(കടലില്‍ തിര കണ്ടു, കപ്പല്‍ കണ്ടു)!!

കുത്താന്‍ വരുന്ന ആനയുടെ മുന്നില്‍ പെട്ടാല്‍ എന്താണു തോന്നുക എന്ന്‌ എന്നോടും കൈപ്പള്ളിയോടും ചോദിക്കാന്‍!!! (ഉവ്വേയ്‌...)

ചാകാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന കാര്യമാണ്‌ ഈ പോസ്റ്റിന്റെ തലക്കെട്ട്‌...സത്യമായും എനിക്കാദ്യം ഓര്‍മ്മവന്നത്‌ ഇക്കാസിന്റേം ജാസൂട്ടിയുടെയും കല്യാ‍ണമായിരുന്നു!!!!! അതു കഴിഞ്ഞ്‌ മലയാള മനോരമാ ആഴ്ചപ്പതിപ്പും!!!!

(പിന്നെ കൈപ്പള്ളിയുടെ കാര്യത്തില്‍ ഒരു സംശയം....ആനയ്ക്കു മുന്നില്‍പ്പെട്ട കൈപ്പള്ളിയുടെ അനുഭവം കൈപ്പള്ളിയോടു ചോദിക്കുന്നതിലും ഭേദം, കൈപ്പള്ളിയുടെ മുന്നില്‍പ്പെട്ട ആനയുടെ അനുഭവം ആനയോടു ചോദിക്കുന്നതല്ലേ?!!!)

അതോടൊപ്പം ലിങ്ക്‌ കൊടുത്ത ഫൊട്ടോയിലെ വീഡിയോഗ്രാഫറുടെ സ്ഥിതി അത്രയ്ക്കങ്ങ്‌ ആശങ്കാ ജനകമണെന്നു തോന്നുന്നില്ല....(മൂപ്പര്‍ക്കറിയുമോ ആവോ). നാലാലോരു നിവൃത്തിയുണ്ടെങ്കില്‍ ആനകള്‍ കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങാന്‍ മിനക്കെടില്ല. മരണഭയം തലയില്‍ക്കയറിയപ്പോള്‍ ആ തിയറി എനിക്കു മറന്നുപോയെങ്കിലും, പിന്നീട്‌ കൊല്ലാന്‍ വന്ന ആനയ്ക്കത്‌ ഓര്‍ത്തെടുക്കാന്‍ പറ്റിയതു കൊണ്ട്‌ ഇതെല്ലാം എഴുതാന്‍ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. (ആനയെ അതെല്ലാം പഠിപ്പിച്ച മാഷ്ക്ക്‌ സര്‍വസ്തുതിയുമിരിക്കട്ടേ!)

പക്ഷേ ഇതിനെല്ലാമുപരി എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത മറ്റൊരു സംഭവവുമുണ്ട്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ തവണ പേടി സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍നിട്ടുള്ളത്‌ എന്നെ ആനകള്‍ കുത്താന്‍ ഓടിക്കുന്നതായിട്ടാണ്‌. വളരെ ചെറുപ്പം മുതലേ അത്തരം സ്വപ്നങ്ങള്‍ എന്നെ പേടിപ്പിക്കാറുണ്ട്‌. ആനകളെ എനിക്ക്‌ ഇഷ്ടമാണെങ്കിലും!!സ്വപ്നത്തില്‍ നിന്നും അത്തരം ഒരനുഭവം നേരിട്ട്‌ ജീവിതത്തിലേക്കിറങ്ങിവരും എന്ന്‌ സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചിരുന്നില്ല. സത്യം!!

ആനകള്‍ ഓടിക്കുന്ന സ്വപ്നം ഇങ്ങനെ സീരിയലായി കാണുന്നത്‌ കൊണ്ട്‌ ശരിക്കും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും എന്ന്‌ പണ്ടൊക്കെ ഒരു പാട്‌ ആലോചിച്ചിരുന്നു.അന്നൊക്കെ കരുതിയത്‌ വളഞ്ഞുപുളഞ്ഞ്‌ ഓടിയാലോ, അല്ലെങ്കില്‍ കയറ്റത്തിലേക്ക്‌ ഓടിക്കയറിയാലോ ആനയില്‍ നിന്നും രക്ഷപ്പെടാം എന്നായിരുന്നു. പക്ഷേ ഒരു ബജാജ് ഓട്ടോറിക്ഷ പോലെ ചുരുണ്ട്‌ നിന്ന്‌ (ക.ട്: സിനിമാ നടന്‍ ജയറാം) ചാര്‍ജ്‌ ചെയ്യാന്‍ വരുന്ന ആന, മണിക്കൂറില്‍ നാല്‍പത്തിയഞ്ച്‌ കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുമെന്നും, മനുഷ്യന്റെ ഇരട്ടി വേഗത്തില്‍ കയറ്റം കയറുമെന്നും അറിഞ്ഞതോടെ ആ ധാരണയൊക്കെ ചീറ്റിപ്പോയി. ആനകള്‍ക്ക്‌ പക്ഷേ ഇറക്കം ഇറങ്ങല്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രക്രിയയാണെന്ന പുതിയൊരറിവ്‌ അതോടൊപ്പം കിട്ടുകയും ചെയ്തു.

ഇനി ആ കാള രാത്രിയിലേക്ക്‌ നേരിട്ട്‌.......!!

കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ ലീവില്‍ ഒരു പത്തു ദിവസത്തേക്ക്‌ നാട്ടിലെത്തിയതായിരുന്നല്ലോ ഞങ്ങള്‍. പത്തീസം കഴിഞ്ഞ്‌ കെട്ടിയോളേം പിള്ളാരേം തിരിച്ച്‌ ഖത്തറിലേക്ക്‌ കയറ്റി വിട്ട്‌ കുറച്ചു ദിവസം സമാധാനമായി ഊരുതെണ്ടാം എന്നു കരുതിയേടത്തു നിന്നും കഥ ആരംഭിക്കാം.തെണ്ടി തെണ്ടി തൊട്ടില്‍പാലം മൈസൂര്‍ റോഡില്‍ മൂന്നാം കൈ എന്ന സ്ഥലത്തുള്ള കൊരണപ്പാറമല വിജയകരമായി കീഴടക്കി തിരിച്ച്‌ തൊട്ടില്‍പാലത്തെത്തുമ്പോള്‍ രാത്രി ഏഴു മണി.

"തോല്‍ പെട്ടിയ്ക്ക്‌ പോയാലോ"? ആശയം ഞങ്ങള്‍ നാലുപേരില്‍ ആരുടെ തലയിലാണുദിച്ചതെന്ന്‌ ഓര്‍മ്മയില്ല.

"ശരി ചലോ ചലോ തോല്‍പ്പെട്ടി" ..മുന്നും പിന്നും ആലോചിക്കാന്‍ നിന്നാല്‍ പിന്നെന്തു ജീവിതം?

വണ്ടി മൈസൂര്‍ റോഡില്‍ കുറെ മുന്നോട്ട്‌ പോഴപ്പഴാണ്‌ മറ്റൊരുത്തന്റെ തലയില്‍ ബള്‍ബ്‌ കത്തിയത്‌.

"ഡാ നിനക്ക്‌ സ്ഥലമറിയാമോ"?!

"ഇല്ലാ" കൂളായ ഉത്തരം.

"വഴിയോ"?

"റോഡ്‌ ഇതു തന്നെ, സ്ഥലം കര്‍ണ്ണാടക ബോര്‍ഡറിലാണെന്നു തോന്നുന്നു, വഴി മ്മക്ക്‌ ചോയ്ച്ച്‌ ചോയ്ച്ച്‌ പൂവാം!!!

"ബെസ്റ്റ്‌! നല്ല തണുപ്പും കോടയുമുള്ള രാത്രിയില്‍ അവന്റമ്മായിയപ്പനിരിക്കുന്നു ചുരത്തില്‍ വഴി ചോദിക്കാന്‍...!!

മുന്നില്‍ പോകുന്ന ഒരു പാണ്ടി ലോറിയുടെ പിറകില്‍ വെച്ചു പിടിച്ചു ഞങ്ങള്‍.

നിശ്ശബ്ദമായി അങ്ങിനെ വണ്ടി പോയ്ക്കൊണ്ടിരിക്കെ എനിക്കു ഇക്കാസിന്റേം ജാസൂട്ടീടെം കല്യാണം ഓര്‍മ്മ വന്നു. അത്‌ അടുത്തയാഴ്ചയാണല്ലോ. ഏതായാലും നാട്ടിലുള്ള സ്ഥിതിക്ക്‌ വെറുതെ ഒന്നു പോയാലോ എന്നൊരു തോന്നലുണ്ടായിരുന്നു. ചില ബ്ലോഗര്‍മാരെയെങ്കിലും കാണാനും പരിചയപ്പെടാനും പറ്റുമല്ലോ.

"ഡാ ആരേലും അടുത്താഴ്ച കാക്കനാട്ടേക്ക് വരുന്നോ, എനിക്കൊരു കല്ല്യാണം കൂടാനുണ്ട്‌"

പൊതുവായി ഞാനൊരു ചോദ്യമെറിഞ്ഞു.കൂട്ടത്തിലെ ഗായകനായ സുഹൃത്ത്‌ എനിക്കു കൂട്ടു വരാം എന്നേറ്റു.

ഒരുപാടു ദൂരം പിന്നിട്ടിരിക്കണം. മുന്നില്‍പോകുന്ന ലോറി ഒരു ചെറിയ കവലയില്‍ നിര്‍ത്തി. അത്യാവശ്യം ഒന്നു രണ്ടു കടകളും ഒന്നു രണ്ടാള്‍ക്കാരുമൊക്കെയുള്ള സ്ഥലം. അവിടെയിറങ്ങി ഒരോ കട്ടന്‍ ചായയുമടിച്ച്‌ ഈ തോല്‍പെട്ടിയെക്കുറിച്ച്‌ ലോറി ഡ്രൈവറോട്‌ അന്വേഷിച്ചു. കിട്ടിയ ഉത്തരം അത്ര സുഖമുള്ളതായിരുന്നില്ല.

രാത്രി ആ വഴി ചെറു വാഹനങ്ങള്‍ പോവാറില്ല. ആനയും കാട്ടുപോത്തും ചിലപ്പോ പുലിയും കരടിയുമൊക്കെ ഇറങ്ങി നടക്കുന്ന വനപ്രദേശമാണത്‌.

"അത്യാവശ്യമാണെങ്കില്‍ ഞങ്ങളുടെ പിറകില്‍ വന്നോളൂ.."

പിന്നെന്താലോചിക്കാന്‍? ആ ലോറിയുടെ പിറകെ തന്നെ വീണ്ടും വിട്ടു.

വീണ്ടും കുറെ ദൂരം താണ്ടിയപ്പോള്‍ പക്ഷേ, വേണ്ടിയിരുന്നില്ല എന്നും തോന്നി. വിജനവും നിഗൂഡവുമായ വനപ്രദേശം. പേടിപ്പെടുത്തുന്ന നിശ്ശബ്തയും ഇടവിട്ടിടവിട്ട് അതു കീറിമുറിക്കുന്ന കാടിന്റെ അലര്‍ച്ചയും. കയറ്റിറക്കങ്ങള്‍ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡും....ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിന്റെ തണുത്ത പുതപ്പും!

ക്ഷീണിച്ച സുഹൃത്തിനു വിശ്രമം അനുവദിച്ചു വണ്ടിയുടെ സാരഥ്യം ഞാനേറ്റെടുത്തു.

പൊടുന്നനെ മുന്നില്‍ വഴികാട്ടിയായിരുന്ന ലോറി ഒരു കുലുക്കത്തോടെ നിന്നു...

"എന്തു പറ്റി...?

"ആക്സിലൊടിഞ്ഞതാ" എന്നു നിസ്സഹായമായ ഉത്തരം.

ഒരു പത്ത്‌ കിലോമീറ്റര്‍ കൂടെ പോയാല്‍ ചെറിയൊരു ടൗണ്‍ കിട്ടും അവിടെ നിര്‍ത്തിയിട്ട്‌ രാവിലെ പോയാ മതി എന്ന ഡ്രൈവറുടെ ഉപദേശം ശിരസാ വഹിച്ച്‌ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

അങ്ങിനെ പോയിപ്പോയി ഒരിറക്കമിറങ്ങി വരുമ്പോഴാണ്‌ കാലക്കേട്‌ മൂത്ര ശങ്കയുടെ രൂപത്തില്‍ വന്നത്‌!!

റോഡു വക്കില്‍, ഇരുട്ടില്‍ നിരന്നു നിന്ന്‌ ശങ്ക തീര്‍ക്കുന്നതിനിടയില്‍, എതിര്‍ വശത്തു നിന്നും ചീറി വന്ന ഒരു മിനി ലോറി ഒരു ക്ഷണമാത്ര ഒന്നു ബ്രേക്കിട്ടു.

"ആന ഇറങ്ങീട്ടുണ്ട് വേഗം വിട്ടോ..." തല പുറത്തേക്കിട്ട്‌ അത്രയും പറഞ്ഞ്‌ ഡ്രൈവറദ്യം വണ്ടിയുമെടുത്തോണ്ടങ്ങു പോയി!

ശങ്ക പകുതിക്കു വെച്ചു നിര്‍ത്തി ഞങ്ങള്‍ ഓടി വണ്ടിയില്‍ കയറി....

മുന്നോട്ടോ പിന്നോട്ടോ...പരിഭ്രമത്തില്‍ വീണ്ടും വന്നു ശങ്ക! പക്ഷേ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നില്ല! കോടമഞ്ഞ്‌ വകഞ്ഞുമാറ്റി ആനക്കൂട്ടം വണ്ടിക്കു തൊട്ടടുത്തെത്തിയിരുന്നു അപ്പോഴേക്കും. ആനക്കൂട്ടം ഒന്നു നിന്നു. കൂട്ടത്തില്‍ മുന്നില്‍ നടന്നു വന്ന ആന ഒന്നു ചുരുളുന്നത്‌ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. അതിന്റെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്നു വന്നു. (വാല്‍ പിറകോട്ടും നിന്നിരിക്കണം, അതപ്പോ കാണാന്‍ പറ്റിയില്ല) ഒന്നു ചീറിക്കൊണ്ട്‌ സ്പ്രിംഗ്‌ ഏറ്റി വിടും പോലെ ഒരു വരവായിരുന്നു പിന്നെ.

"ഓടിക്കോടാ...." ആ ആശയത്തിന്റേയും പകര്‍പ്പവകാശം ആര്‍ക്കായിരുന്നോ എന്തോ.

ഇടതു ഭാഗത്തെ ഡോര്‍ വഴി പുറത്തു ചാടിയ കൂട്ടുകാര്‍ മൂക്കിനു നേരെ മുന്നോട്ട്‌ കുന്തിരിയെടുത്തു. അവര്‍ക്ക്‌ പക്ഷേ ഓടി ബുദ്ധിമുട്ടേണ്ടി വന്നില്ല. റോഡിന്റെ ഇടതുഭാഗത്തെ മൂന്നാലുമീറ്റര്‍ താഴ്ചയിലേക്ക്‌ ഓട്ടം തുടങ്ങാന്‍ ആലോചിക്കുമ്പോഴേക്കും അവര്‍ തലയും കുത്തി ലാന്‍ഡ്‌ ചെയ്തു കഴിഞ്ഞിരുന്നു.

"നിറയെ വള്ളിച്ചെടികള്‍ വളര്‍ന്നു നിന്ന ആ താഴ്ചയിലേക്ക്‌ ഇറങ്ങണ്ട, അപ്രത്തെ ഡോറിലൂടെ ഇറങ്ങിയോടുന്ന ഡ്രൈവര്‍ വിദ്വാനെ - അതായത്‌ എന്നെ- ശരിയാക്കിക്കളയാം" എന്ന തീരുമാനപ്പുറത്താവണം വലത്തു ഭാഗത്തു കൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച എന്നെ വണ്ടിയുടെ ഇടതുഭാഗം ചുറ്റിവന്ന്‌ പിടികൂടാനുള്ള തന്ത്രം ആന പുറത്തെടുത്തത്‌. അതോടെ ഇടതുഭാഗത്തേക്കോടി കൂട്ടുകാരന്മാരെ പിന്തുടര്‍ന്ന്‌ തലയും കുത്തി വീഴാനുള്ള സുവര്‍ണ്ണാവസരം എനിക്കു പോയിക്കിട്ടി. ആ ഇരുട്ടില്‍ വലതു ഭാഗത്ത്‌ എന്താണുള്ളത്‌ എന്ന ഗവേഷണം അസാധ്യമായതിനാല്‍ പിന്നെ ഒരേ ഒരു വഴിയേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ...വന്നവഴി! നേരെ പിറകോട്ട്‌ ഞങ്ങള്‍ ഇറങ്ങി വന്ന ഇറക്കം, സര്‍വശക്തിയും സംഭരിച്ച്‌ ജീവനും കൈയില്‍ പിടിച്ച്‌ ഞാന്‍ ഓടിക്കയറാന്‍ തുടങ്ങി.

പക്ഷേ മനുഷ്യരെക്കാള്‍ ഇരട്ടി വേഗത്തില്‍ ആനകള്‍ കയറ്റം കയറും എന്ന്‌ ഞാന്‍ നടേ പറഞ്ഞ തിയറിയുടെ പ്രാക്റ്റിക്കല്‍, നല്ല മണിമണിയായി പ്രൊഫസര്‍ ആനക്കൊമ്പന്‍ അന്നേരം എന്നെ പഠിപ്പിച്ചു തന്നു. (ആനക്കൊമ്പന്‍ എന്നൊരാവേശത്തിനു പറഞ്ഞതാ...അത്‌ ഒരു മോഴയാനയായിരുന്നു എന്നു ചങ്ങാതിയെ പരിചയമുള്ള നാട്ടുകാര്‍ പിറ്റേന്നു പറഞ്ഞറിഞ്ഞു )

ജീവനും കയ്യില്‍ പിടിച്ചുള്ള ഓട്ടത്തില്‍ ആ ഒരു നിമിഷം എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല! ആന തുമ്പിക്കൈ വെച്ച് തട്ടിയോ അതൊ കാലു വല്ല കല്ലിലോ വേരിലോ തടഞ്ഞോ..... നോ ഐഡിയ...!!!!

ആഹഹാ...നല്ല ഫ്രീയായി ആകാശത്തൂടെ പറക്കുന്ന സുഖം ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ചു.ഒരു മൂന്നാലു മീറ്റര്‍ പറന്ന്‌ നെഞ്ചിന്മേല്‍ അതി മനോഹരമായി ലാന്‍ഡ്‌ ചെയ്ത്‌, പിന്നെ രണ്ടു കരണം മറിഞ്ഞ്‌, പിന്നെയും നടുമ്പുറത്ത്‌ ഒരു സ്കീയിംഗ്‌ നടത്തി റോഡ്‌ സൈഡിലെ ഒരു മരത്തില്‍ തടഞ്ഞു ഞാന്‍ നിന്നു പോയി. എന്റെ ബോധം അവിടന്നും താഴോട്ട്‌ നടന്നും പോയി!!

ദേവരാഗമേ,ആന ഓടിവരുന്നത്‌ കണ്ടതുമുതല്‍ ഈ ബോധം പോയ നേരംവരെയും എന്തൊക്കെയാണ്‌ എന്റെ മനസ്സിലൂടെ കടന്നു പോയതെന്ന്‌ സത്യമായും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.പക്ഷേ ഒരുമൂന്നാലു സെക്കന്റ്‌ നീണ്ടുനിന്ന ആ മരവിപ്പില്‍ നിന്നും ഞാനുണര്‍ന്നത്‌ ഇടതു കാലിന്‌ അസഹ്യമായ വേദനയുമായായിരുന്നു. സത്യം, ആ ഉണര്‍ച്ചയില്‍ ആദ്യമായും ഒരു മിന്നല്‍ പോലെ ഉണര്‍ന്നുവന്ന ചിന്ത -

"പടച്ചോനേ, കാലൊടിഞ്ഞല്ലോ....ഈ കാലും വെച്ച്‌ ഞാനെങ്ങനെ ഇക്കാസിന്റെ കല്യാണത്തിനു പോകും!!"

എന്നായിരുന്നു. ആനയും മരണവും ഒന്നും അന്നേരം എന്റെ മനസ്സിലില്ലായിരുന്നു. അതെന്തു കൊണ്ടായിരുന്നു അങ്ങിനെ എന്ന്‌ വിശദീകരിക്കാന്‍ അന്നും ഇന്നും എനിക്കറിയില്ല!

ഒരു പത്തു പതിനഞ്ചടി മുകളില്‍ റോഡില്‍ നിന്ന്‌ ആനയുടെ ചീറല്‍ വീണ്ടും കേട്ടില്ലായിരുന്നെങ്കില്‍, മോട്ടോര്‍ സൈക്കിളില്‍ വണ്ടിയിടിച്ചു റോഡില്‍ വീണ കൊച്ചു ത്രേസ്യ പണ്ടാലോചിച്ച പോലെ പലതും ഞാനുമാലോചിച്ചു കൂട്ടിയേനെ!

ബ്ലോഗിലെ ആദ്യ വിവാഹം കമന്റിട്ട്‌ ആഘോഷിക്കുന്നതിനിടെ, ബ്ലോഗിലെ ആദ്യ മരണം എത്ര കമന്റിട്ട്‌ ബ്ലോഗര്‍മാര്‍ ആഘോഷിക്കുമെന്നോ, അല്ലെങ്കില്‍ എന്റെ മയ്യത്തടക്കിന്‌ എത്ര ബ്ലോഗര്‍മാര്‍ പങ്കെടുമെന്നോ ഒക്കെ ആലോചിച്ചുണ്ടാക്കാന്‍ പക്ഷേ, എനിക്കു സമയം കിട്ടിയില്ല. അതിനും മുന്‍പേ "അവനെ പീസ്‌ പീസാക്കിയില്ലേല്‍ ആനകള്‍ക്ക്‌ നാണക്കേടല്ലേ" എന്ന ചിന്തയാല്‍ വിജൃംഭിതവീര്യനായി, പതിയെ താഴേക്കിറങ്ങി വരാന്‍ തുടങ്ങുന്ന ആനയെ അവ്യക്തമായി ഞാന്‍ കണ്ടു. അതോടെ എന്റെ അടിവയറ്റില്‍ ഒരഗ്നിപര്‍വതം പൊട്ടി. നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു വിറയാല്‍ ഞാന്‍ അടിമുടി ഒന്നുലഞ്ഞു. പക്ഷേ അത്ഭുതം! എന്റെ ചിന്തകളും, കാഴ്ചയും, കേള്‍വിയുമൊക്കെ കൂടുതല്‍ ഷാര്‍പ്‌ ആവുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങുന്നു. താഴേക്കിറങ്ങാന്‍ ശ്രമിക്കുന്ന ആനയെ എനിക്കിപ്പോള്‍ വ്യക്തമായും കണാം. അതിന്റെ കോപാകുലമായ ശ്വാസോച്ഛ്വാസം എന്റെ ഹൃദയമിടിപ്പു പോലെ എനിക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നു!

എഴുനേല്‍ക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി. അപ്പോള്‍ എന്റെ ഓവര്‍ക്കോട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന്‌ താഴെ വീണു. ഇരുട്ടില്‍ ഞാനത്‌ തപ്പിയെടുത്തു. കൊരണമലയിറങ്ങുന്നതിനിടയിലെപ്പഴോ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന എന്റെ കാമറാ ഫ്ലാഷ്‌!! നിക്കോണ്‍ എസ്‌. ബി. എണ്ണൂറ്‌!! അത്‌ പോക്കറ്റിലിടുമ്പോള്‍ ഓഫ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരുന്നോ? ഓര്‍മ്മയില്ല. ഒരു വിളിച്ചം എനിക്കപ്പോള്‍ അത്യാവശ്യമായിരുന്നു. എന്തായാലും ഫ്ലാഷ്‌ ഓണ്‍ ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അത്‌ ഒന്നു ഫയര്‍ ചെയ്തു. അതോടെ ഇറങ്ങിവരാനുള്ള ശ്രമം ഉപേക്ഷിച്ച്‌ ആന അവിടെ തന്നെ നിന്നു.

ഫ്ലാഷ്‌ ഫയര്‍ ചെയ്തത്‌ കണ്ട്‌ പേടിച്ച്‌ ആന അവിടെ തന്നെ നിന്നു എന്നാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. പക്ഷേ കാര്യം അതായിരിക്കാന്‍ വഴിയില്ല. കാരണം, ആനകളുടെ കാഴ്ചശക്തി വളരെ വളരെ മോശമാണ്‌ എന്നതു തന്നെ.(മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഘ്രാണ ശക്തിയും,അനിത സാധാരണമായ കേള്‍വി ശക്തിയുമാണ്‌ കണ്ണിനു പകരം ആനകളെ നയിക്കുന്നത്‌) തീരെ ചെറിയ ഒരാംഗിളിലല്ലാതെ നേരെമുന്നോട്ട്‌ കാണാന്‍ കഴിവില്ലാത്ത ആന ആ ഫ്ലാഷ്‌ ഫയര്‍ചെയ്തത്‌ കണ്ടിരിക്കാന്‍ സാധ്യത വളരെ കുറവാണ്‌. ഒരു പക്ഷേ പണ്ടെങ്ങാണ്ട്‌ ഇമ്പോസിഷന്‍ എഴുതിപ്പഠിച്ച മറ്റേ തിയറി ആ ആനമണ്ടയില്‍ അപ്പോള്‍ കത്തിക്കയറി വന്നിരിക്കണം. ഇറക്കമിറങ്ങാന്‍ ആനകള്‍ക്ക്‌ ഭയങ്കര ബുദ്ധിമുട്ടാണെന്ന ആ തിയറി!

സംഭവം എങ്ങിനെയൊക്കെയായാലും മൂപ്പര്‍ക്ക്‌ എന്നെ പെരുത്ത്‌ പെരുത്ത്‌ ഇഷ്ടമായി എന്നു തോന്നുന്നു. നിസ്സഹായനായി മരംചാരിയിരിക്കുന്ന എനിക്കു കൂട്ടായി റോഡിനു മുകളില്‍ ചങ്ങാതിയും നിലയുറപ്പിച്ചു. "എനിക്കങ്ങോട്ട്‌ ഇറങ്ങിവരാന്‍ മേലെഡേയ്‌, നീയിങ്ങു കേറിവാ, ഞാനൊന്നു സ്നേഹിക്കട്ടെ" എന്നൊരു ലൈനില്‍!

ഏതായാലും ചാവാന്‍ നേരം വീണു കിട്ടിയ ആ ഇടവേള ഞാനൊരു സീനറി കാണാന്‍ ഉപയോഗപ്പെടുത്തി എന്നു വേണമെങ്കില്‍ പറയാം. നിക്കോണ്‍ എസ്‌.ബി. എണ്ണൂറിനു ഞെക്കിപ്പിടിച്ചാല്‍ തുടര്‍ച്ചയായി സ്റ്റ്രോബ്‌ ഫയര്‍ ചെയ്യുന്ന ഒരു ബട്ടണുണ്ട്‌. ഫ്ലാഷ്‌ തുടര്‍ച്ചയായി ഫയര്‍ ചെയ്യുന്ന ഇടവേള നമ്മുടെ കണ്ണുകള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റാത്തത്‌ കൊണ്ട്‌ ഒരു ടോര്‍ച്ച്‌ ലൈറ്റിന്റെ ഫലം ചെയ്യുന്ന ഒരു ടെക്നോളജി. ഇരുട്ടില്‍ ആ ബട്ടണ്‍ തപ്പിപ്പിടിച്ചു, പിന്നെ ഞെക്കിപ്പിടിച്ചു.

ശക്തമായ ആ വെളിച്ചത്തില്‍ എനിക്കു മുന്നില്‍ അനാവൃതമായ ആ സീനറിയില്‍ എന്റെ കണ്ണഞ്ചിപ്പോയി!ഞാന്‍ ചാരിയിരിക്കുന്ന മരത്തിനു താഴോട്ട്‌, നോക്കിയാല്‍ പേടിയാകുന്ന ചെങ്കുത്തായ ഇറക്കമാണ്‌.സന്തോഷം!എങ്ങിനെ സന്തോഷിക്കാതിരിക്കും? ആമരത്തില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ ആന മെനക്കെടേണ്ടി വരില്ലായിരുന്നു,എന്റെ ചീട്ടു കീറാന്‍!

സന്തോഷിക്കാന്‍ കാരണം വേറെയുമുണ്ടല്ലോ?! ആ ഇരിക്കുന്നിടത്ത്‌ നിന്ന്‌ പതുക്കെ താഴോട്ട്‌ നിരങ്ങി രക്ഷപ്പെടാം എന്ന ഒരു തോന്നല്‍ അതോടെ തീര്‍ന്നും കിട്ടി!

അമ്പടാ കൊച്ചു കള്ളാ..സോറി! ആനക്കള്ളാ..മോനേ ആനേ.....! ചുമ്മാതല്ല പൊന്നുമോന്‍ താഴേക്കിറങ്ങി എന്നെ സ്നേഹിക്കാന്‍ വരാത്തത്‌. കാലൊന്നു തെറ്റിയാല്‍ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ എന്ന്‌ സ്ഥലവാസിയായ നിനക്ക്‌ എന്നേക്കാള്‍ നന്നായി അറിയാം...അല്ല്യോടാ?

ആനയ്ക്ക്‌ ചെറിയ വിശേഷബുദ്ധിയൊക്കെയുണ്ടെന്നുള്ള ഒരു പഴം പറച്ചിലില്‍ ചെറിയ കാര്യമൊക്കെയുണ്ടെന്നുള്ള ഒരു തോന്നലിനും ഇവിടെ കാരണമുണ്ടെന്നുതോന്നുന്നു. ആ കെണിഞ്ഞ കെണിയില്‍ നിന്നും ഊരിപ്പോകാന്‍ എനിക്കാകെയുള്ളൊരു വഴി റോഡ്‌ വഴി മാത്രമാണെന്നു ആനയ്ക്ക്‌ നല്ല നിശ്ചയം കാണണം! അപ്പോ ഇറങ്ങിപ്പോയി സ്വന്തം തടി വെടക്കാക്കുന്നതിലും നല്ലത്‌ ഞാനങ്ങ് കയറിവരാന്‍ കാത്തിരിക്കുന്നത്‌ തന്നെ എന്ന്‌ മൂപ്പരും വിചാരിച്ചു. അത്രതന്നെ!!

ആന ഇറങ്ങിവരാന്‍ സാധ്യത കുറവാണെന്നു മനസ്സിലായതോടെ എനിക്ക്‌ പുതിയൊരുന്മേഷം വന്നു. കാത്തിരിക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. നേരം വെളുത്തിട്ട്‌ ആനയുമായി ഉഭയ കക്ഷി കരാര്‍ ഒപ്പിടാം എന്നും തീരുമാനമായി. പക്ഷേ കൊലവിളിച്ചു നില്‍ക്കുന്ന ആനയുടെ മുന്നില്‍ അങ്ങിനെ ഇരിക്കുന്നത്‌ വെല്യ സുഖമുള്ളൊരു കാര്യമല്ലല്ലോ? അസഹ്യമായ തണുപ്പും,പിന്നെ കാട്ടിലാണല്ലോ കിടക്കുന്നത്‌ എന്ന ചിന്തയും എന്നെ വീണ്ടും പേടിപ്പിക്കാന്‍ തുടങ്ങി.ആന ചവിട്ടിയല്ലേലും വല്ല പാമ്പു കടിച്ചോ, നൈറ്റ്‌ വാക്കിനിറങ്ങുന്ന ഏതേലും പുലിയ്ക്കോ കരടിയ്ക്കോ ഒക്കെ ഡിന്നറായോ ആയാലും, തണുത്ത്‌ വിറച്ചായാലും ചത്താല്‍ ചത്തതു തന്നെയല്ലേ!

അവിടെ വീണ്ടും വിശദീകരിക്കാന്‍ കഴിയാത്ത ഒരത്ഭുതം എന്റെ മനസ്സില്‍ സംഭവിക്കുന്നു!പത്തിരുപത്തഞ്ചു വര്‍ഷം മുന്നെ വായിച്ച ഒരു മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കാലപ്പഴക്കം കോണ്ട്‌ മഞ്ഞച്ച പേജുകളും മാത്തുക്കുട്ടി എന്ന ഒരാനവേട്ടക്കാരനും ശൂന്യതയില്‍ നിന്നെന്നോണം എന്റെ ബോധ മനസ്സിലേക്ക്‌ അപ്പോള്‍ കയറിവന്നു!!!!

ബോബനും മോളിയും നിര്‍ത്തിയതില്‍ പിന്നെ മലയാളമനോരമ ആഴ്ചപ്പതിപ്പ്‌ സ്ഥിരമായി വായിച്ചിട്ടില്ല.പണ്ട്‌ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോബനും മോളിയും പിന്നെ ഡോ. റോയി എന്ന ഡിറ്റക്ടീവ്‌ നായകനായുള്ള കുറ്റാന്വേഷണ നോവലും കഴിഞ്ഞാല്‍ വളരെ താത്‌പര്യത്തോടെ വായിച്ചിരുന്ന രണ്ട്‌ പരമ്പരകളായിരുന്നു ജിം കോര്‍ബറ്റിന്റെ കടുവാ പുലി വേട്ടക്കഥകളും മാത്തുക്കുട്ടി എന്ന ആനവേട്ടക്കാരന്റെ ആന വേട്ടക്കഥകളും. (കൂട്ടത്തില്‍ പറയട്ടെ...'കുമയോണിലെ കടുവാകള്‍' എന്ന പേരില്‍ വളരെ മുന്നെ മലയാളത്തിലിറങ്ങിയ ജിം കോര്‍ബറ്റിന്റെ വേട്ടക്കഥകള്‍ അസാധാരണമായ വായനാനുഭവം തരുന്ന ഒരു പുസ്തകമായിരുന്നു.അത്‌ ഒന്നു കൂടെ വായിക്കാന്‍ ഈയടുത്ത്‌ വീണ്ടും തപ്പിയിറങ്ങിയെങ്കിലും കിട്ടിയില്ല. പക്ഷേ ഈ ആന എപ്പിഡോസൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഖത്തറിലേക്ക്‌ വരുന്നതിനു മുന്നോടിയായി കോഴിക്കോട്‌ ഡി.സി ബുക്സില്‍ പോയപ്പോള്‍ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ ഇംഗ്ലീഷ്‌ വേര്‍ഷന്‍ എനിക്കു കിട്ടി!! ജിം കോര്‍ബറ്റ്‌ ഓമ്നിബസ്‌ എന്ന പേരില്‍)

മാത്തുക്കുട്ടിച്ചായന്റെ ആ ആനവേട്ടക്കഥകളിലായിരുന്നു,, ആനകളുടെ ഘ്രാണ ശക്തിയെക്കുറിച്ച്‌ ആദ്യമായി ഞാന്‍ വായിച്ചത്‌.ആക്രമിക്കാന്‍ വരുന്ന ആനയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരുപായം അതില്‍ അദ്ദേഹം വിവരിച്ചിരുന്നതായിരുന്നു ആ മധുരമനോജ്ഞരാത്രിയില്‍ ശൂന്യമായ എന്റെ ബോധ മനസ്സിലേക്ക്‌ ഒന്നു മുട്ടുകപോലും ചെയ്യാതെ വാതില്‍ തുറന്ന്‌ കയറി വന്നത്‌! ഇനി വല്ലപ്പോഴുമെങ്ങാന്‍ ആനയ്ക്കു മുന്നില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള ബ്ലോഗര്‍മാര്‍ക്കു വേണ്ടി ആ തിയറി ഇങ്ങനെ സംഗ്രഹിക്കാം.

"ഒന്നു കുത്തി നോക്കട്രാ, ഒന്നു ചവിട്ടിനോക്കട്ട്രാ...പ്ലീസ് ഒന്നു നില്‍ക്കെടാ കുട്ടാ.." എന്നും പറഞ്ഞ്‌ ഒരാനയും, "വേണ്ട മോനെ നീ ചവിട്ടിയാല്‍ പിന്നെ എന്റെ ഡെഡ്ബോഡി നാട്ടുകാര്‍ക്ക്‌ കാണാന്‍ വെല്യ ഭംഗിയുണ്ടാവില്ല" എന്ന ലൈനില്‍ നിങ്ങളും ഒരോട്ട മത്സരം നടത്തുന്നു എന്നു വെയ്ക്കുക. ഓടിയോടി തടി കൈച്ചലാക്കാം എന്ന്‌ വിചാരിച്ച്‌ വെറുതെ തടി വിയര്‍പ്പിക്കണ്ട. നല്ല ഇറക്കത്തിലേക്കോ അല്ലെങ്കില്‍ ആനയ്ക്ക്‌ ഓടിക്കയറാന്‍ പറ്റാത്തിടത്തേക്കോ അല്ല നിങ്ങള്‍ ഓടുന്നതെങ്കില്‍ ആനയ്ക്കു തന്നെ ഒന്നാം സമ്മാനം എന്നത്‌ മൂന്നരത്തരം! വീതിയുള്ള കോണിപ്പടി വരെ ആന കയറും. (തൃശൂരില്‍ മുന്‍പൊരിക്കല്‍ സംഭവിച്ച മാതിരി) ഇനി ഇതൊന്നും പറ്റാത്ത അവസ്ഥയിലാണു നിങ്ങളെങ്കില്‍, (നിങ്ങള്‍ക്ക്‌ നല്ല മനോധൈര്യമുണ്ടെങ്കിലും) ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്‌.

നിങ്ങള്‍ ആനയ്ക്ക്‌ മുന്നില്‍ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഓടുന്നുണ്ടെന്ന്‌ ആനയ്ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ വിദ്വാന്‍ നിങ്ങളെ കാണുന്നത്‌ കൊണ്ടല്ല.(മേലെ പറഞ്ഞ മാതിരി അതിന്റെ മോശം കാഴ്ചശക്തിക്ക്‌ സോഡാക്കുപ്പി ഗ്ലാസിന്റെ ആനക്കണ്ണടയും മതിയാവില്ല!!നേരെമുന്നോട്ടേക്ക്‌ ആനയ്ക്ക്‌ വ്യക്തമായി കാണാനും കഴിയില്ല) മറിച്ച്‌ തുമ്പിക്കൈ ഉപയോഗിച്ച്‌ അത്‌ വലിച്ചെടുക്കുന്ന നിങ്ങളുടെ ഗന്ധവും, നിങ്ങളുടെ ചലനങ്ങളുടെ ശബ്ദവും ഉപയോഗിച്ചാണ്‌ ! (അതു കൊണ്ടാണ്‌ ആക്രമിക്കാന്‍ വരുന്ന ആനയുടെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്ന്‌ നില്‍ക്കുന്നത്‌.)

ഓടുന്ന ഓട്ടത്തിനിടയില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടോ അല്ലെങ്കില്‍ മുണ്ടോ അഴിച്ച്‌ ഒരു ഭാഗത്തേക്ക്‌ എറിഞ്ഞ്‌ മറുഭാഗത്തേക്ക്‌ അല്ലെങ്കില്‍ നേരെ നിങ്ങള്‍ക്ക്‌ ഓടാന്‍ കഴിഞ്ഞാല്‍ ഗന്ധം പിന്തുടരുന്ന ആനയ്ക്ക്‌ ഒരു ഐഡന്റിറ്റി കണ്‍ഫൂഷന്‍ ഉണ്ടാക്കാന്‍ അതു ധാരാളം മതി. (വെറും പാന്റ്സ്‌ അല്ലെങ്കില്‍ അണ്ടര്‍വെയര്‍ മാത്രമേ നിങ്ങള്‍ ധരിച്ചിട്ടുള്ളൂവെങ്കില്‍ ഈ തിയറി വര്‍ക്ക്‌ ചെയ്യില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക!!) തൊട്ടടുത്തു കിട്ടുന്ന നിങ്ങളുടെ ഗന്ധത്തിലേക്ക്‌ ആന, ശൗര്യം ഫോക്കസ്‌ ചെയ്യുന്ന തക്കത്തിന്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ പറ്റിയേക്കും. ഇതാണ്‌ തിയറി.

അതെങ്ങനെ അന്നേരം എനിക്ക്‌ ഓര്‍മ്മ വന്നു? അറിയില്ല!അത്രേം ദൂരത്തു നിന്ന്‌ ആ ഓര്‍മ്മ എന്നെ തേടി വന്ന സ്ഥിതിക്ക്‌ അതൊന്നു പരീക്ഷിക്കാതെ വിടുന്നത്‌ മോശമല്ലേ. അല്ലെങ്കില്‍ കാലം ചെയ്ത മാത്തുക്കുട്ടിച്ചായന്റെ ആത്മാവ്‌ എന്തു വിചാരിക്കും....!?

ഇരുന്ന ഇരുപ്പില്‍ ഒരു ചെറിയ പാറക്കല്ല്‌ ഞാന്‍ തപ്പിയെടുത്തു. പിന്നെ എന്റെ ഓവര്‍ക്കോട്ടൂരി. അതിന്നടിയില്‍ ധരിച്ചിരുന്ന റ്റീ ഷര്‍ട്ട്‌ ഊരി(ഹൂശ്‌...എന്തൊരു തണുപ്പ്‌!!) റ്റീഷര്‍ട്ട്‌ കോണ്ട്‌ പാറക്കല്ല്‌ ഭദ്രമായി പൊതിഞ്ഞു. പിന്നെ സര്‍വശക്തിയുമെടുത്ത്‌ ആ സമ്മാനപ്പൊതി ആനയുടെ ഒരു വശത്തേക്ക്‌ ആഞ്ഞെറിഞ്ഞു.

എന്തൊരത്ഭുതം...!! ഒന്നു വെട്ടിത്തിരിഞ്ഞ ആന ആ പൊതി പോയ ദിക്കിലേക്ക്‌ ശരം വിട്ടപോലെ ഒരു നടത്തം!! (മരമണ്ടനാന!!...ബുഹുഹ്ഹഹായ്‌....)

പക്ഷേ അതു കൊണ്ടൊന്നും ആന എന്നെ പിരിഞ്ഞു പോയ്ക്കളയുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല പോയദിക്കില്‍ എന്നെ കണ്ടില്ലെങ്കില്‍ അത്‌ തിരിച്ചു വരുമെന്നു തന്നെയാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ ആ ആന പിന്നെ തിരിച്ചു വന്നതേയില്ല. പോയ വഴി നേരെ നടന്ന്‌ തന്റെ കൂട്ടാനകളോട്‌ ചേര്‍ന്ന്‌ അവന്‍ കാട്ടിലേക്ക്‌ തന്നെ കയറിപ്പോയിരിക്കണം.(ഒരു പീറ മനുഷ്യന്‍ തന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോ ആനയ്ക്ക് നാണം വന്നിട്ടുണ്ടാവും...പാവം!!)

കുറച്ചു നേരം ആനയെ കാണാഞ്ഞപ്പോഴുള്ള സങ്കടത്തില്‍ ഞാന്‍ വീണ്ടും എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അയ്യട മനമേ...നല്ല സുന്ദരമായി ഞാനെന്റെ കാലുകളില്‍ എഴുനേറ്റ്‌ നിന്നു. (അപ്പോ കാലൊടിഞ്ഞില്ലായിരുന്നോ...?!സമാധാനം!! ഇക്കാസിന്റേം ജാസൂട്ടീടേം കല്യാണം കൂടാലോ)

എന്തായാലും റോഡിലേക്ക്‌ കയറാന്‍ ഞാന്‍ മിനക്കെട്ടില്ല. ആന പോയി എന്ന്‌ നല്ല ഉറപ്പില്ലായിരുന്നല്ലോ എനിക്ക്‌. ഒരു പക്ഷേ ഈ ഗന്ധത്തിന്റെ തിയറി എന്നേക്കാള്‍ മുന്നെ പഠിച്ച്‌ ആനശാസ്ത്രത്തില്‍ വല്ല ഡിഗ്രിയെങ്ങാനുമെടുത്തിട്ടുള്ള പഹയന്‍ "ഞാനിത പോന്നേ" ന്ന്‌ എന്നെ തെറ്റിധരിപ്പിച്ചിട്ട്‌ ഇത്തിരി ദൂരെ മാറി നില്‍ക്കുകയാണെങ്കിലോ? ഛായ്‌ നാണക്കേടല്ലേ, ചതിയിലൂടെയുള്ള ആ മരണം? പച്ചോലയില്‍ കെട്ടിവലിക്കുന്നതില്‍ ഭേദം ആദ്യത്തെ ആ അടിയില്‍ തന്നെ സിദ്ധി കൂടുന്നതല്ലേ!

അധികം ചിന്തിച്ച്‌ ബുദ്ധിമുട്ടേണ്ടി വന്നില്ല. ദൂരെ റോഡില്‍ നിന്നും ശബ്ദവും (മനുഷ്യരുടെ) വെളിച്ചവും എന്നെ തേടിവന്നു. കുഴിയില്‍ നിന്നും വലിഞ്ഞു കയറിയ എന്റെ സുഹൃത്തുക്കള്‍ അതുവഴി വന്ന ഒരു ലോറി കൈകാണിച്ചു നിര്‍ത്തി സംഭവം പറയുകയും, ഒരു രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള റ്റൗണില്‍ നിന്ന്‌ ആള്‍ക്കാരേയും കൂട്ടി ചൂട്ടും കത്തിച്ച്‌ എന്നെയും ആനയേയും തിരക്കിയിറങ്ങിയതായിരുന്നു.

"ഞാനിവിടുണ്ടേയ്‌" എന്നൊന്നു കൂവാന്‍ ഞാന്‍ ശ്രമിച്ചു. എവടെ?! വറ്റി വരണ്ടു സഹാറ മരുഭൂമിപോലായ എന്റെ തൊണ്ടയില്‍ നിന്നും എന്തു ശബ്ദം വരാന്‍? കാറ്റല്ലാതെ! പക്ഷേ ഞാനാരാമോന്‍? വീണ്ടും ഫ്ലാഷ്‌ യൂണിറ്റ്‌ ഞാന്‍ കയ്യിലെടുത്തു. തിരച്ചില്‍ക്കാര്‍ വരുന്ന വഴിയിലേക്ക്‌ അവനെ മിന്നിച്ചു പിടിച്ചു.

അതോടെ ഓടിയെത്തിയ രക്ഷകര്‍ എന്നെ തൂക്കിയെടുക്കുകയും അനന്തരം എന്റെ കയ്യ്‌, കാല്‌ വാരിയെല്ലുകള്‍, ഒടുക്കം തല എന്നീ ഭാഗങ്ങള്‍ യഥാസ്ഥാനങ്ങളില്‍ തന്നെയുണ്ടോ എന്നു തപ്പി നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ അത്ര നേരവും നല്ല റങ്ക്‌ റങ്കായി വര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്ന എന്റെ കാഴ്ചയും കേള്‍വിയും മങ്ങിവരുന്നതായും, എന്റെ ബുദ്ധി(?) മരവിക്കുന്നതായും എനിക്കപ്പോള്‍ അനുഭവപ്പെട്ടു. പിന്നെ ഇരുളിന്റെ ഒരു കടലിലേക്ക്‌, ഗാഡമായൊരു മയക്കത്തിലേക്ക്‌, പതിയെ ഞാന്‍ ഊര്‍ന്നു വീണു!

ഏതായാലും പിറ്റേന്നു രാവിലെ സൈഡൊതുക്കി പാര്‍ക്ക്‌ ചെയ്ത വണ്ടിയുടെ പിന്‍ സീറ്റില്‍ ഞാനുറക്കമുണര്‍ന്നത്‌ ഒരു പുതിയ ജന്മത്തിലേക്കായിരുന്നു. അതും മൂന്നരത്തരം.!!!!

അനന്തരം? അസ്സലാകെപ്പാടെ നോക്കിയാല്‍ ഈ ഒരു ആനമണ്ടത്തരം ആന കാണിച്ചത്‌ കൊണ്ടുള്ള കനത്ത നഷ്ടം ആര്‍ക്കു പറ്റി? സംശയമെന്ത്‌ മലയാളം ബ്ലോഗര്‍മാര്‍ക്ക്‌!! ഒരു ബ്ലോഗറുടെ മരണത്തിന്‌ ആദ്യമാദ്യം കമന്റിട്ട്‌, ചാവും പതിനാറടിയന്തിരവും കഴിക്കാനുള്ള സുവര്‍ണ്ണാവസരമല്ലേ അവര്‍ക്ക്‌ നഷ്ടമായത്‌?

രഹസ്യം :- മലയാള മനോരമയില്‍ ഒരു സണ്‍ഡേ ഫീച്ചറിനു വകുപ്പുണ്ടെങ്കിലും, ഈ കഥ ഇതുവരെ പുറത്തു വിട്ടിട്ടില്ല ഞങ്ങള്‍. കഷ്ട കാലത്തിനു ഈ ബ്ലോഗ്‌ ഞങ്ങളിലാരുടെയെങ്കിലും നല്ലപാതിമാരോ, കുടുംബക്കാരോ വായിച്ചാല്‍ തീര്‍ന്നു! പിന്നെ കുദാകുത്തനെ (ക.ട്‌..എന്റെ വലിയുമ്മ)യുള്ള ഈ കാടു തെണ്ടല്‍ അതോടെ നിന്നു കിട്ടും. സോ ഇതൊരു ആഗോള രഹസ്യമാകുന്നു.

വാല്‍ക്കഷണം :-എന്നിട്ട്‌ ഇക്കാസിന്റെ കല്യാണത്തിനു പോയോ ഞാന്‍? പിന്നെ പോവാതെ.!! എന്റെ അതിഭയങ്കരമായ കൃത്യ നിഷ്ഠ കാരണം വൈകുന്നേരം അഞ്ചു മണിക്കു തുടങ്ങിയ റിസപ്ഷനു ഞാനെത്തിയത്‌ രാത്രി പത്തു മണിക്ക്‌!! അതും വഴി പോലുമറിയാതെ. ഒടുക്കം ആലുവായില്‍ വെച്ച അതുല്യേച്ചിയെ വിളിക്കുന്നു. അതു വഴി കുമാര്‍ജിയെ വിളിക്കുന്നു, പാച്ചാളത്തെ വിളിക്കുന്നു, വില്ലൂസിനെ വിളിക്കുന്നു ഒടുക്കം ഇക്കാസിനെ തന്നെ നേരിട്ടു വിളിക്കുന്നു!

എന്തായാലും ആദ്യരാത്രി ഉറങ്ങാന്‍ (ഉവ്വ്‌!) കിടക്കുന്ന വധൂവരന്മാരെ വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടി(ച്ച്) കാണേണ്ടി വന്നില്ല. ആ ക്രിട്ടിക്കല്‍ അവേര്‍സിനു മുന്നെ തന്നെ ഇക്കാസിന്റെ വീട്ടില്‍ എത്തിപ്പെടാനും, ഏതാനും മിനിട്ടുകള്‍ അവിടെ ചിലവഴിക്കാനും (അല്ലേലും ആനേരത്ത്‌ അധികം നില്‍ക്കാന്‍ പാട്വോ...?) സാധിച്ചത്‌ ആനയുടെ കാരുണ്യം കൊണ്ടാണെങ്കിലും, കഴിഞ്ഞ അവധിക്കാലത്തിന്റെ ഹൃദയം നിറയ്ക്കുന്ന ഒരു നേട്ടമായി സൂക്ഷിക്കാന്‍ കഴിഞ്ഞല്ലോ!!

ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ....

ഇന്നേക്കും എന്നെന്നേക്കും!!

ബ്ലോമ്മേന്‍.....!!