രംഗം ഒന്ന്...തൃശൂര്‍ കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചര്‍.
ഞാന്‍: എന്നതാഡേയ് ഇങ്ങനെ ചിരിക്കാന്‍?
ഭാര്യ : അല്ലാ...ഉറക്കത്തിലും കാല് ഇങ്ങനെ കൃത്യായി വര്‍ക്ക് ചെയ്യോ?
ഞാന്‍ : എന്തോന്ന്?
ഭാര്യ : ഒന്ന് തിരിഞ്ഞു നോക്കൂ സാര്‍...
നോക്കി. പിറകിലെ സീറ്റില്‍ മൂന്ന് മദ്ധ്യവയസ്കര്‍. അതില്‍ കെട്ടിയോള്‍ഡെ നേരെ പിറകിലിരിക്കുന്ന വിദ്വാന്‍ നല്ല പൂണ്ട ഉറക്കം! പക്ഷേ അവന്റെ കാല്....!?
"ഢാാാാാായ്......." എന്റെ ചോര തിളച്ചു.
"അടങ്ങ് ഭൈരവാ...." ഭാര്യ കൂളായി പറഞ്ഞു. "ഞാനെന്റെ ലതര്‍ ബാഗ് അവിടെ വെച്ചു കൊടുത്തിട്ടുണ്ട്, അവന്‍ ചവിട്ടിത്തിരുമ്മി സായൂജിക്കട്ടെ"
"എന്നാലും....." ഞാന്‍ വീണ്ടും കുതറി
"ഒരെന്നാലുമില്ല, ദേണ്ടെ മൂന്നും തടിമാടന്മാരാ...പിന്നെ ച്ചിരെ വെള്ളത്തിലുമാണെന്നു തോന്നുന്നു. വേണോ...?"
"ന്നാ വേണ്ട..നീ ഇപ്പുറത്തിരുന്നോ, ആ ചവിട്ട് ഞാന്‍ ശരിയാക്കിത്തരാം"
"അതോക്കെ..."
എന്തായാലും കാലിന്റെ സ്വന്തം ബാറ്ററി അതോടെ തീര്‍ന്നു എന്നു തോന്നുന്നു. രണ്ടത്താണിയില്‍ മൂന്നു തണ്ണിയണ്ണന്മാരും ഇറങ്ങിപ്പോകുന്നത് വരെ തിരിഞ്ഞു നോക്കി നോക്കി എന്റെ പിടലി ഉളുക്കിയത് മിച്ചം!
രംഗം രണ്ട്....വാസ്കോ ഹൗറാ എക്സ്പ്രസ്സ്.
"സ്‌ക്യൂസ് മീ....!!" ഒരു പാതി മയക്കത്തിലായിരുന്ന ഞാന്‍ കണ്ണു തുറന്നു. പിന്നെ കണ്ണു തുറിച്ചു. മുന്നില്‍ പാതി മുക്കാലും നഗ്നമായ ഒരു പെണ്‍വയര്‍!! കണ്ണു തിരുമ്മി ഒന്നൂടെ നോക്കി. നെഞ്ചിനും ഇച്ചിരെ താഴെ അവസാനിക്കുന്ന ടോപ്പും പൊക്കിളിനും ഒരു പാടു താഴേന്നു തുടങ്ങുന്ന ജീന്‍സുമണിഞ്ഞ്, അവളിട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പരസ്യം പോലെ ഒരു പെങ്കൊച്ച്. (ഷുവര്‍... മെയിഡിന്‍ ഇന്‍ഡിയാ....!)
ആകെ നാലാള്‍ക്കിരിക്കാനുള്ള സീറ്റില്‍ ഞെരുങ്ങിയിരിക്കുന്ന ഞങ്ങള്‍ അഞ്ചാണുങ്ങള്‍ക്കിടയില്‍ ചന്തി വെക്കാന്‍ ഒരിത്തിരി സ്ഥലം ആ കൊച്ച് കണ്ടു പിടിച്ചിരിക്കുന്നു!(അദു ശരി... ഇവളായിരുന്നല്ലേ പണ്ട് അറബിയോടെ വന്നിരുന്ന ഒട്ടകം!)
വളരെ ഓട്ടോമെറ്റിക് ആയി ഞാന്‍ വലത്തോട്ടും ഇടതുവശത്തിരിക്കുന്നവന്‍ ഇടത്തോട്ടും ഒന്നും കൂടെ ഞെരുങ്ങിയൊതുങ്ങി. ഈര്‍ന്നു വെച്ച മരത്തിന് ആപ്പടിക്കുംപോലെ അവളാ വിടവില്‍ തിരുകിക്കയറി!
കേവലം നാലു മാസങ്ങള്‍ക്കിടയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമായി എനിക്കുണ്ടായ ഈ രണ്ടനുഭവങ്ങള്‍ വെച്ച് ഞാനൊരു തിയറി കണ്‍ക്ലൂഷിച്ചാലോ?
കേരളത്തിലെ ആണ്‍പിറന്നോന്മാരെല്ലാം തരം കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടും, ഞവിടും, ഞൊട്ടും! കേരളം വിട്ടാലോ...!! ഹമ്മേ വായില്‍ കയ്യിട്ടാപ്പോലും കടിക്കാത്ത മാന്യന്മാര്‍ ആണുങ്ങള്‍....!!!
അതെന്താണോളീ, വാളയാര്‍ ചുരം കടന്നാലോ അല്ലേല്‍ ഇരിട്ടി മട്ടന്നൂര്‍ ശ്രീകണ്ഠാപുരം വഴി മാക്കൂട്ടം കടന്നാലോ ഈ ആണുങ്ങളുടെ ആ ഞോണ്ടാനുള്ള പ്രചോദന്‍ ഹിമാലയം കേറി സന്യസിക്കാന്‍ പോക്വോളീ....?!
ഛായ്.....ദെന്തോരം ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് മ്മളെത്ര കമന്റ് വേസ്റ്റാക്കിയതാ, ഇതുവരെ രാമര്‍ സീതയ്ക്കെപ്പടി എന്നു പുരിഞ്ചില്ലയാ?
സഹോദരാ, മാന്യാ....സോറി മാന്യ സഹോദരാ... പ്രചോദന്‍ എല്ലാ ആണുങ്ങളിലും, അത് പാടുള്ളതാണ് എന്നുള്ള പെണ്ണുങ്ങളോട് തോന്നും, അല്ലെങ്കില്‍ തോന്നണം. അത് ജന്തു വര്‍ഗങ്ങളുടെ നില നില്‍പിനാവശ്യമായ ഒരു അടിസ്ഥാന ചോദനയാകുന്നു. ഭക്ഷണം പോലെ, വിസര്‍ജനം പോലെ തികച്ചും സ്വാഭാവികം. പക്ഷേ അതിനെ അടക്കി വെക്കാതെ, തോന്നും പോലെ പ്രകടിപ്പിക്കുന്നതാണ് അമാന്യന്‍മാരും സഹോദരന്‍മാരുമല്ലാത്ത ആണുങ്ങളുടെ പ്രഖ്യാപിത ലക്ഷണങ്ങള്‍!!
ഹതു ശരി, അപ്പോ നല്ലോണം വിശക്കുമ്പം ചിക്കന്‍ ബിരിയാണി കണ്ടാല്‍ പിരിയാണി ഇളകാതെ "ഇപ്പം ഞമ്മക്ക് മാണ്ടാ" ന്നു പറഞ്ഞാല്‍, അല്ലേല്‍ നല്ലോണം മുട്ടുന്നേരം രണ്ടാം ക്ലാസില്‍ പോവാതെ മസിലും മുറുക്കിപ്പിടിച്ചിരുന്നാല്‍ മ്മളും മാന്യനാകുമോ സര്‍/മാഡം?
ദാണ്ടെ കിടക്കണ്! ഡോ...മാന്യാനുഭാവീ, മാന്യനെന്നു ഭാവിക്കുന്നവനേ....തിന്നലും അതിന്റെ അനുബന്ധ പ്രക്രിയകളിലും വാദിയും പ്രതിയും നീ തന്നെയാകുന്നു. മറ്റേത് അങ്ങിനെയല്ല കൂവേ! അത് തരാതരം നടക്കണമെങ്കില്‍ മിനിമം രണ്ടാളെങ്കിലും വേണ്ടേ?
വേണേല്ലോ...അല്ലേല്‍ അത് അവരൊക്കെ പറേണ ആ ലതായിപ്പോകില്ലേ?
ഏത്....?
ആ...ആ...സ്വയം.....?
കറക്ട്. അപ്പോ ഈ പ്രക്രിയയില്‍ പങ്കാളിയാകുന്ന ആ രണ്ടാമത്തവള്‍ഡെ അല്ലെങ്കില്‍ ആ രണ്ടാമത്തവന്റെ ഒരു സമ്മതം കൂടെ ആ സ്വാഭാവിക ചോദനയുടെ സ്വാഭാവിക പൂര്‍ത്തീകരണത്തിനു വേണേല്ലോ?
പിന്നെ പിന്നെ തീര്‍ച്ചയായും വേണ്ടതല്ലേ....
അപ്പോ മാന്യദേഹമേ, ബസ്സീന്നോ ഏറിപ്പോയാ വിമാനത്തീന്നോ സീറ്റിന്റെ എടേക്കൂടെ കയ്യിട്ട് പിതുക്കും മുന്നേ നീ എത്ര പെണ്ണുങ്ങള്‍ഡെ സമ്മതം ചോദിച്ചിട്ടുണ്ട്?
ഹതുശരി അപ്പോ അതാണു പ്രശ്നം! സമ്മതമില്ലാതെ സ്പര്‍ശിക്കരുത് അതാണ് മര്‍മ്മം!
അതേ അതു തന്നെ മര്‍മ്മം! സമ്മതമില്ലാതെ തൊടുന്നത് മാത്രമല്ല, തുറിച്ചു നോക്കണതും, കമന്റുന്നതും ഒക്കെ പീഡനത്തിന്റെ പരിധിയില്‍ വരും....(ഹപ്പ, ഈ ബ്ലോഗിലൊക്കെ കമന്റിടുന്നതും വരോളീ പീഡനത്തിന്റെ വിശാല പരിധിയില്‍?)
അപ്പോ ഒരു സംശയം...ചിലപ്പോ ബസ്സീന്നോ ട്രെയിനീന്നോ അല്ലേല്‍ സിനിമാതിയേറ്ററീന്നോ ഒക്കെ ആയതോണ്ടാണ് തരുണീ മണി സേഫ്റ്റിപിന്‍ വെച്ചു കുത്തിയതെങ്കിലോ?
അതുശരി അപ്പോ കുത്തും കിട്ടീട്ടുണ്ട്! അതായത് വളരെ പ്രൈവറ്റായി ചോദിച്ചാല്‍ ആരേലും സമ്മതിച്ചാലോന്ന് അല്ലേ?
ഹദേ...
പിന്നെന്തു പ്രശ്നം? വളരെ പ്രൈവറ്റായി ആ ചോദന തീര്‍ക്കണം, അത്ര തന്നെ.
അതു പ്രശ്നമാവൂലേ...
അത് നിങ്ങള്‍ഡെ ശ്രദ്ധക്കുറവിന്റെ അളവോ,തന്റെ ഭാര്യയുടെ ഉന്നമോ,അവള്‍ഡെ ആങ്ങളമാരുടെയോ കല്യാണം കഴിഞ്ഞതാണേല്‍ ഭര്‍ത്താവിന്റെയോ പിന്നെ നാട്ടുകാരുടെയോ ഒക്കെ തടി മിടുക്കോ ഏതാണു മുന്‍പില്‍, അതു പോലിരിക്കും. അല്ലാണ്ടെ ഇന്ത്യന്‍ ഭരണഘടനയില്‍ അതിനു വകുപ്പില്ല.
ഇല്ലേ?
ഭീഷണിയോ, ബ്ലാക്ക് മെയിലിംഗോ,പരപ്രേരണയോ കൂടാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും, സ്വന്തം തീരുമാനപ്പുറത്ത്,ഏതെങ്കിലും വിധത്തിലുള്ള പ്രതിഫലേച്ഛ കൂടാതെയും, സമൂഹത്തിലെ മറ്റു വ്യക്തികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള അലോസരമുണ്ടാക്കതെയും, ചോദനയ്ക്കൊരു ചാലു കീറിയാല്‍ അവരെ ശിക്ഷിക്കാന്‍ തല്‍ക്കാലം ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ല.....!!
അപ്പോള്‍ വേശ്യാവൃത്തിക്ക് അറസ്റ്റു ചെയ്യപ്പെട്ട ആണിനും പെണ്ണിനും സ്വന്തമിഷ്ടപ്രകാരമാണെന്നും,കാശു വാങ്ങിച്ചിട്ടില്ലെന്നും വാദിച്ചു രക്ഷപ്പെടാല്ലോ? (ഹാവൂ...)
ഉവ്വ്, അതു തന്നല്ലേ നടക്കണത്....കൊട്ടും കുരവയും ആര്‍പ്പും വിളിയുമായി അറസ്റ്റ് നടന്ന വാണിഭക്കേസുകളില്‍ എത്രയെണ്ണത്തിനു ശിക്ഷ കിട്ടി എന്നു തിരക്കിയിട്ടുണ്ടോ?
ഹേയ്..ഞാനെന്തിനു തിരക്കണം?
ചുമ്മാ അറിഞ്ഞിരിക്കാലോ...ഇപ്ലത്തെ കണക്കു വെച്ചു നോക്കിയാല്‍ വെറും രണ്ടു ശതമാനത്തിനും താഴെ!ഞാന്‍ പറഞ്ഞതല്ല...മ്മടെ ഐ.ജി തന്നെ പറഞ്ഞതാ.പക്ഷേ നുമ്മടെ പോലീസുകാര്‍ ആരാ മക്കള്‍!നിയമ പുസ്തകത്തില്‍ വകുപ്പില്ലെങ്കിലും, അറസ്റ്റ് നടന്ന ഉടന്‍ സകല ലവന്‍മാരുടെയും ലവള്‍മാരുടെയും പേരും, വീട്ടുപേരും വിളിപ്പേരും നാളും ജാതകവുമെല്ലാം മീഡിയയ്ക്ക് കൊടുത്തു കളയും, കണ്ണീച്ചോരയില്ലാതെ! വാണീന്നൊരു തുടക്കം വീണു കിട്ടിയാ മീഡിയ വിടുമോ....ബാക്കി വിവരങ്ങള്‍ പ്രാ.ലേയെ ഓടിച്ചിട്ട് പിടിപ്പിച്ച് ഒത്താല്‍ പടം സഹിതം വരും വാര്‍ത്ത...!!ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കോഴിക്കോട്ടെ അസി.മാനേജര്‍ ശിവശങ്കരന്‍ നായരെ,അതേ കോഴിക്കോട്ടുള്ളൊരു സുഖ തിരുമ്മു കേന്ദ്രത്തീന്ന് "തൊണ്ടി" സഹിതം പിടികൂടീന്നൊരു വാര്‍ത്ത പത്രത്തില്‍ വായിച്ചാല്‍, ആ എണ്ണത്തോണീല്‍ കിടക്കും മുന്നെ ഞാനും നീയുമൊക്കെ രണ്ടാമതൊന്നാലോചിക്കും.അല്യോ?
അത് താണ്ട്രാ പോലീസ്!
അപ്പോ, കോടതി വെര്‍ക്കനെ വിട്ടാ പോലീസേമാന്മാര്‍ക്കെതിരെ മാന നഷ്ടത്തിനു കേസ് ഫയല്‍ ചെയ്തൂടോളീ?
ഒവ്വ...! ഏതായാലും പുഴുത്തു ഇനി അതിന്മേല്‍ ശുനകനെ കൊണ്ട് അപ്പീം കൂടെ ഇടീക്കുമോഡെയ് തലയ്ക്കു വെളിവുള്ള ആരേലും....!!
എന്നാലും ആ ഐപീസീ 497 ആം വകുപ്പെടുത്ത് വീശിയാലോ കുരുത്തം കെട്ട വക്കീലമ്മാര്‍?
ചുള്ളന്‍ വകുപ്പും വെവരവുമെല്ലാം തെരക്കി തയ്യാറായിട്ടാണല്ലെ വരവ്! ഇദെന്തോന്നിനുള്ള പുറപ്പാടാണ് ചക്കരേ? നാനൂറ്റി തൊണ്ണൂറ്റി എഴാമന്‍ ഐപീസി അഡല്‍റ്ററി എന്ന കുറ്റമാണ് കൈകാര്യം ചെയ്യണത്.
അദെന്തോന്ന് സാധനം?
പറയാം...ദേണ്ടെ ആ പോണത് ചെത്തുകാരന്‍ ചെല്ലപ്പേട്ടന്റെ ഭാര്യ രാധാമണിച്ചേച്ചിയാണെന്ന് നിനക്കറിയാലോ?
അതീനാട്ടിലെ ഏതു ചെറുപ്പക്കാരനാ അറിയാന്‍പാടില്ലാത്തേ?
അപ്പോ അതറിഞ്ഞോണ്ട് നീ അവരെയൊന്നു വളയ്ക്കാന്‍ ശ്രമിച്ചൂന്ന് വെക്കാ
ഹതുശരി...എന്റെ എറച്ചി കൊണ്ട് ബിരിയാണി വെച്ചോളാന്ന് വല്ല നേര്‍ച്ചേം ഉണ്ടോ?
ഹെയ് നീ ചുമ്മാ വിചാരിക്ക്...
ആ വിചാരിച്ചു (ആ വിചാരിച്ചതെങ്ങാന്‍ അങ്ങേരറിഞ്ഞാ മതി..ഹെന്റമ്മോ)
ശരി...ചുമ്മാ അവരങ്ങ് വളഞ്ഞൂന്നും വിചാരിക്ക്...
ശരിക്കും!!!? ന്നാ ഒരുമിനുട്ട് ഞാനിപ്പോ വരാം
എവിടെപ്പോണ്?
ഒന്നു വളച്ചു നോക്കീട്ട് ഠപ്പേന്നു വരാം
ഡേയ് ചുമ്മാ വിചാരിച്ചാ മതി..
ശരി വിചാരിച്ചു നൂറു വട്ടം!
ഒടുക്കം ആ സംഭവം അങ്ങു നടന്നൂന്നും വിചാരിക്ക്..
ഏത് സംഭവം....ഒ ഓ...ലാ സംഭവം. അതിങ്ങള് പറേന്നതിലും മുന്നെ തന്നെ ഞാന്‍ വിചാരിച്ചു കഴിഞ്ഞു (പറ്റിച്ചേ)
ഇനി അത് ചെല്ലപ്പേട്ടന്‍ അറിഞ്ഞൂന്നും കൂടെയങ്ങ് വിചാരിക്ക്.
ദേ മനുഷ്യാ ചോര ഐസ് വാട്ടറാക്കണ വര്‍ത്താനം പറേല്ലേ...പീസ് പീസായ ഡെഡ്ബോഡി മയ്യത്തടക്കാന്‍ ശവപ്പെട്ടി വേണ്ടി വരില്ല, പെരുങ്കായത്തിന്റെ സഞ്ചി തോനെ മതിയാകും...
ഹെയ് ചെല്ലപ്പേട്ടന്‍ നല്ല ശമരിയാക്കാരനായി നിനക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്താല്‍ നിനക്കു വേറെ കിട്ടും പണി...ഈ നാനൂറ്റി തൊണ്ണുറ്റി ഏഴു വക!(പ്രത്യേകം നോട്ട് ചെയ്യുക ഇതില്‍ നാട്ടുകാര്‍ക്ക് ഇടപെട്ടളയാന്‍ വകുപ്പില്ല!)
എത്ര?
അഞ്ചു കൊല്ലം തടവും അതിനൊത്ത പിഴയും.
അവള്‍ക്കോ?
ഹ ഹാ...ഈ ഒരു കുറ്റത്തിന് തരുണീമണിയെ ശിക്ഷിക്കുന്നത് പോയിട്ട് അവള്‍ടെ പേരു പോലും മിണ്ടിപ്പോകരുതെന്ന് ഹതേ നിയമപുസ്തകത്തില്‍ അതേ വകുപ്പില്‍ അടിവരയിട്ട് പറയുന്നുണ്ട് കുഞ്ഞേ...കുഞ്ഞാടേ!
ഹതേത് കോപ്പിലെ ന്യായം? ഞാനും അവളും ചെയ്തത് ഒരേ കുറ്റമല്ലേ...എന്നിട്ടും?
അത് നിനക്ക്! ഇന്ത്യന്‍ ഭരണഘടനയ്ക്ക് വേശ്യാവൃത്തി ഒഴിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ മുക്കാലേ മുണ്ടാണിയിലും പെണ്ണുങ്ങള്‍ അബലകളും, തദ്വാരാ ഇരകളും ആകുന്നു. ഇവിടെയും അങ്ങിനെ തന്നെ.
ദേ തിളയ്ക്കണ്..തിളയ്ക്കണ്...
എന്തോന്ന് തിളയ്ക്കണ്?
എന്റെ ചോര! ഈ കൊടിയ അനീതിയ്ക്കെതിരെ ഘോര ഘോരം പ്രതികരിക്കാന്‍...
അത് നട്ടെല്ലുള്ള പെണ്ണുങ്ങ പ്രതികരിച്ചോളും...ഈ ഉത്തരത്യന്താധുനിക ലോകത്തില്‍ പെണ്‍ വര്‍ഗത്തെ മൊത്തം അബലകളും ഉപഭോഗ വസ്തുക്കളുമാക്കി വെയ്ക്കുന്ന കാടന്‍ നിയമത്തിനെതിരെ അവര്‍ പ്രതികരിച്ചോളും....ഇതേതാണ്ട് 1860ല്‍ ബ്രിട്ടീഷ്‌കാരന്മാര്‍ ഉണ്ടാക്കി വെച്ച നിയമമാകുന്നു. ഒരു പക്ഷേ അന്ന് സ്ത്രീകളില്‍ ഈ പറേണ ലൈംഗിക ചോദനയും രതിമൂര്‍ച്ഛയുമൊന്നും കണ്ടുപിടിച്ചു കാണില്ല. അതൊക്കെ പിന്നിപ്പളെങ്ങാണ്ട് വനിതേം ഗൃഹലക്ഷ്മിയുമൊക്കെ പ്രത്യേക പതിപ്പിറക്കിയും നിരന്തരം ഉത്ബോധിപ്പിച്ചും ഉണ്ടാക്കിയെടുത്ത മഹാ സംഭവങ്ങളല്ലേ!
എന്നാലും...!
ഒരെന്നാലുമില്ല. ദാ ഇതു കൂടെ കേളെടി കണ്മണീ...! ലൂസി ഗ്രെയ് എന്ന സൈക്കോളജിസ്റ്റ് പറേണത്, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു പരസ്ത്രീയേയോ, പരപുരുഷനെയോ മനസ്സിലെങ്കിലും ആഗ്രഹിക്കാത്തവരായി ഏതേലും ആണായി പിറന്നവനോ, പെണ്ണായി പിറന്നവളോ ഈ ഭൂമുഖത്തുണ്ടാവാന്‍ ഒരു സാധ്യതയുമില്ല എന്നാണ്! ഇനി അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവന്/അവള്‍ക്ക് മാനസികമായി എന്തോ തകരാര്‍ ഉണ്ടായതാവാനേ വഴിയുള്ളൂ!
അതെന്തിന് ലൂസി ഗ്രേ തന്നെ പറയണം? ഈ ഞാന്‍ പറഞ്ഞാലും പോരേ....!!എനിക്ക് തോന്നണത് ഈ സെക്സിന് ലൈസന്‍സ് കൊടുക്കണ കല്യാണം എന്ന ഏര്‍പ്പാടിനെന്തരോ കുഴപ്പങ്ങള്‍ ഉണ്ടെന്നാണ്! (ലേണേഴ്സ് ലൈസന്‍സ് മാത്രമെടുക്കുന്നവരെ പറ്റി ഒരക്ഷരം മിണ്ടരുത്...വിഷയം അതല്ല)
കല്യാണംന്നു പറേണത് ലൈംഗിക ബന്ധത്തിനു കൊടുക്കുന്ന അനുമതിപത്രമാണെന്നു പറഞ്ഞു തന്ന മഹാന്‍ ആരാണു സര്‍?
എന്തേ അതല്ലേ?
ആ ബന്ധവും വിവാഹ ബന്ധനവും തമ്മില്‍ അത്രയ്ക്കങ്ങ് ക്ലോസാവാനുള്ള വകുപ്പില്ല.കല്യാണത്തിന് അതിലും സുപ്രധാനമായ ചില അവതാര ലക്ഷ്യങ്ങളുണ്ട്.
ഞെക്കിത്തെളിക്ക്...
ഈ മനുഷ്യ കുലം അതിന്റെ തുടക്കത്തിലേ ഇങ്ങിനൊന്നുമായിരുന്നില്ലല്ലോ...അതൊരുപാട് പരീക്ഷണങ്ങളിലൂടെയും, കൊടുക്കല്‍ വാങ്ങലുകളിലൂടെയും പരിണമിച്ച് പരിണമിച്ച് ദേ ഇപ്പോ ഈ കോലത്തിലെത്തി നില്‍ക്കുന്ന ഒന്നല്ലേ...
എന്നു പറയുന്നതില്‍ തെറ്റില്ല....
ആ ട്രയല്‍ ആന്‍ഡ് എറര്‍ പരിണാമങ്ങള്‍ക്കൊടുവില്‍, മനുഷ്യ കുലം തമ്മിലടിച്ചു നശിച്ചുപോകാതിരിക്കാനും, അന്യം നിന്നു പോകാതിരിക്കാന്‍ അതിന്റെ പുതു മുളകള്‍ക്ക്, അതായത് കുഞ്ഞുങ്ങള്‍ക്ക്, ആവശ്യമായ ശ്രദ്ധയും പരിചരണവുമൊക്കെ കിട്ടാനും, നിസ്സഹായരായ വൃദ്ധജനങ്ങളെ നോക്കാനുമൊക്കെയായി കുടുംബം എന്ന ഒരു സാമൂഹ്യക്രമം ഉരുത്തിരിഞ്ഞു വന്നു. അതിന്റെ ആധാരശിലയായി വിവാഹം എന്ന ആചാരവും നിലവില്‍ വന്നു എന്നൊക്കെ പറയാം. ചുരുക്കത്തില്‍ മനുഷ്യന്‍ എന്ന മഹാ സൗധത്തിന്റെ ഇഷ്ടികകളാവുന്ന വ്യക്തികളെ തമ്മില്‍ ശക്തമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന സിമന്റാകുന്നു ഈ കല്യാണം.
ആലങ്കാരികം ച്ചിരെ കൂടിപ്പോയോന്നൊരു ശങ്ക!
ആ പോട്ട്...! ഞാനൊരൂട്ടം ചോദിക്കട്ടെ.ഈ കല്യാണം എന്ന ഏര്‍പ്പാടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ആരാണ്? ആണോ പെണ്ണോ?
ദെന്തൊരു മണ്ടന്‍ ചോദ്യം? പെണ്ണല്ലാണ്ട് വേറാര്?
ആര് പറഞ്ഞ്?
അത് പണ്ടെങ്ങാണ്ട് തന്നെ ഒരാള് പറഞ്ഞു വെച്ചതല്ലേ? ചെറുപ്പത്തില്‍ പിതാവിനാലും, യൗവനത്തില്‍ ഭര്‍ത്താവിനാലും, വാര്‍ധക്യത്തില്‍ മക്കളാലും പൊന്നു പോലെ നോക്കപ്പെടേണ്ട ഒരു സാധനമാകുന്നു സ്ത്രീ എന്ന്!
അതെന്ത് ചത്തു കഴിഞ്ഞാലുള്ള കാര്യം പറയാഞ്ഞെ! ചുമ്മാതല്ല, വെവരമുള്ള പെണ്ണുങ്ങള്‍ ആ പുത്തകം കൊണ്ട് സ്വന്തം ഭര്‍ത്താവിന് ചായ കൊടുക്കാന്‍ വെള്ളം തിളപ്പിച്ചത്.
ആണുങ്ങളെ മാനം കെടുത്തല്ലേ...?
ഡാ മണ്ടന്‍ കണേശാ..സ്മൃതിയായികഴിഞ്ഞ മനുവിനെ കൊണ്ടു കള! എന്നിട്ട് സ്വന്തം ഉള്ളിലേക്കും പിന്നെ പുറത്തേക്കും കണ്ണു മിഴിച്ച് നോക്ക്!
ഇതിനെന്തിത്ര നോക്കാനിരിക്കുന്ന്?
നീ നമുക്കു ചുറ്റും വിഭാര്യന്മാരും, വിധവകളുമായി ജീവിക്കുന്ന പ്രായം ചെന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?
അവരെ നോക്കാന്‍ അവരുടെ മക്കളും മരുമക്കളും ആരൂല്ലേല്‍ ഹോം നഴ്സുമാരുമൊക്കെ കാണൂല്ലോ?
അതല്ലെഡേയ്..
പിന്നെ?
ഭര്‍ത്താവ് നേരത്തെ മരിച്ചു പോയ സ്ത്രീകള്‍,മറ്റു ശാരീരിക അവശതകളൊന്നുമില്ലെങ്കില്‍,പൊതുവെ വളരെ പോസിറ്റീവ് ആയി ജീവിക്കുന്നു. കുടുംബ കാര്യങ്ങളൊക്കെ നോക്കി വളരെ സജീവമായി അവര്‍ ജീവിതത്തെ നേരിടുന്നു. എന്നാല്‍ ഭാര്യ നേരത്തെ മരിച്ചു പോയ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനും ഇത് കഴിയുന്നില്ല. മിക്കവരുടെയും ജീവിതം, എത്ര മക്കളോ മരുമക്കളോ പരിചാരകരോ നോക്കാനുണ്ടെങ്കില്‍ പോലും വിരസമായും, ഭയങ്കരമായ ഏകാന്തതയില്‍പെട്ടും, പൊതുവെ അന്തര്‍ മുഖന്മാരായും ഒക്കെയാണ് മുന്നോട്ട് ഉന്തിത്തള്ളി പോകുന്നത്.
പറഞ്ഞു വരുന്നത്....?
പറഞ്ഞ് വരുന്നത്, വൈകാരികമായ അരക്ഷിതാവസ്ഥ സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍. അതു കൊണ്ടു തന്നെ വിവാഹമെന്ന വൈകാരികമായ തണല്‍ അല്ലെങ്കില്‍ താങ്ങ് സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് അത്യാവശ്യം എന്നു തന്നെ!!.
ഓഫീസ് റ്റേബിള്‍ ഇടിച്ചു പപ്പടമാക്കി രൗദ്രഭീമന്‍ കളിക്കുന്ന ബോസിന്റെ തേച്ചു വടിയാക്കിയ വരയന്‍ കുപ്പായത്തിനുള്ളിലും ഒരു ശിശു ഹൃദയമുണ്ട്!ലാളനയും സ്നേഹവും കൊതിക്കുന്ന ഒരു കുഞ്ഞു ഹൃദയം!
മാഷേ...ജീവന്‍ വേണമെങ്കില്‍ ഓടിക്കോ...ഇതൊക്കെ നമ്മള്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ പറ്റി കാലാന്തരങ്ങളായി പറഞ്ഞു വരുന്നതല്ലേ?
അതിനു പെണ്ണുങ്ങള്‍ സ്നേഹവും ലാളനയുമൊന്നും കൊതിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? അതൊക്കെ അതിലും ഒരു പൊടിക്ക് കൂടുതല്‍ ആണുങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളൂ!ഒന്നൂടെ തെളിച്ചു പറഞ്ഞാല്‍ സ്ത്രീ എന്ന പടപ്പില്‍ മാത്രം കാണുന്ന മാതൃത്വം എന്ന വികാരം ഏറ്റുവാങ്ങാന്‍ കൊതിക്കുന്ന ഒരു കൊച്ച് കുഞ്ഞ്, വയസ്സായി തൊണ്ടായി ചാവാന്‍ കിടക്കുമ്പോഴും പുരുഷന്മാരുടെ ഉള്ളിന്റെ ഉള്ളില്‍ കൈകാലിളക്കി കരഞ്ഞു കൊണ്ടിരിക്കും എന്ന്! പക്ഷേ തന്നേക്കാളും വലിപ്പത്തില്‍ കൊണ്ടു നടക്കുന്ന ഈഗോ കാരണം നമ്മള്‍ പുരുഷ കേസരികള്‍ കൊന്നാലും സമ്മതിക്കില്ലല്ലോ?
ശരി വാദത്തിനു വേണ്ടി സമ്മതിക്കാം....
അങ്ങിനെ വാതത്തിനു തൈലം പുരട്ടണ്ട....
ശരി, അങ്ങിനെയെങ്കില്‍ കുടുംബമെന്ന സാമൂഹ്യ ക്രമത്തില്‍ പെണ്ണുങ്ങളാണല്ലോ നംബര്‍ ഒണ്‍?
എന്ത് സംശയം?
അതേല്‍ സംശയമില്ലെങ്കില്‍ കുടുംബം അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്രമത്തിലും അവര്‍ തന്നെയല്ലേ ഒന്നാം ബെഞ്ചില്‍ ഇരിക്കേണ്ടവര്‍?
സാങ്കേതികമായി അതെ...
സാങ്കേതികമായി....., അപ്പോ പ്രായോഗികമായോ?
അതിത്തിരി സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണല്ലോ മകനേ?
ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടരുത്!
അതല്ല...
ഏതല്ലാന്ന്...?
പത്ത് മാസം ഗര്‍ഭം, പിന്നെ പ്രസവം, പിന്നെ അവരെ പോറ്റല്‍, ഇതിനിടയില്‍ പിന്നെയും ഗര്‍ഭം,പ്രസവം,ആ കൊച്ചിനേം കൂടെ നോക്കല്‍....ഇങ്ങനെയൊക്കെയായിരുന്നിരിക്കണമല്ലോ അന്ത തുടക്ക കാലം മുതല്‍ പെണ്ണുങ്ങള്‍ ജീവിച്ചു പോന്നിരുന്നത്.
ആയിരിക്കണം...! അല്ലാണ്ട് പെറ്റു പെരുത്ത് നമ്മള്‍ മനുഷ്യന്മാര്‍ ഇത്രേം വലിയൊരു മഹാ വിപത്തായി മാറില്ലായിരുന്നല്ലോ?
ശരി അപ്പോ ആഹാരം തേടല്‍, സ്വയം രക്ഷ തുടങ്ങിയ അധിക ഭാരങ്ങളും കൂടെ അവള്‍ക്കു താങ്ങേണ്ടിയും വന്നാലോ?
അതിച്ചിരെ അക്രമമായിപ്പോകും..
ഓക്കെ... അപ്പോ അത്തരം സപ്പോര്‍ട്ടീവ് ആക്റ്റിവിറ്റീസ് ഒക്കെ ആരുടെ ചുമലിലായി?
ബീജോല്‍പാദനം നടത്തിയ ആണിന്റെ...
ശരി. ഗര്‍ഭത്തിനുത്തരവാദിയായവന്‍ തന്നെ ഗര്‍ഭിണിയെ സംരക്ഷിക്കണം എന്ന ചിന്ന വ്യവസ്ഥ!
അതു പിന്നെ അങ്ങിനെ തന്നല്ലേ വേണ്ടതോളീ...
തകരാറ് അവിടെയല്ല...പട്ടിയേം പൂച്ചയേം പശൂനെയുമൊക്കെ പോലെ വാവടുക്കുമ്പഴും, കന്നിമാസം പിറക്കുമ്പഴുമൊക്കെ ഇണചേരുന്ന ഒരു സാധാരണ മൃഗമല്ലല്ലോ മനുഷ്യന്‍. കാമം വരുമ്പോള്‍ കാണുന്നവരുമായൊക്കെ ഇണചേര്‍ന്നു നടക്കാന്‍ മനുഷ്യന്‍ തുടങ്ങിയാലോ? അതും ഒരു ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കമ്പനി പോലുമില്ലാതിരുന്ന ആ കാലത്ത്??!!
അപ്പോ പിന്നെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ എന്നു പാടാനേ നേരം കാണുള്ളല്ലോ ചങ്ങായീ....
അതന്നെ...കൂട്ടയടി നടക്കാന്‍ ബ്ലോഗില്‍ പോസ്റ്റിടേണ്ട സമയം പോലുമെടുക്കില്ല...
അത് നാം എങ്ങിനെ പരിഹരിച്ചു?
വെരി സിമ്പിള്‍.....പ്രാകൃത സമൂഹം വളരെ സ്വാഭാവികമായി ജോഡികളും ഇണകളുമൊക്കെയായി പരിണമിച്ചു! വിവാഹത്തിന്റെ ആദിമ പ്രാക് രൂപം അങ്ങിനെയായൈരുന്നിരിക്കാം ഉരുവം കൊണ്ടത്.
അപ്പഴും നടേപറഞ്ഞ ചോദ്യം കന്യകയായി തന്നെ നില്‍ക്കുന്നു!!
പറഞ്ഞു തീരട്ടെ! കഷ്ടകാലത്തിന് മനുഷ്യന്റെ വളര്‍ച്ച അവിടെ തന്നങ്ങ് നിന്നു പോയില്ല. പയ്യെ പയ്യെ അവന്‍ വിഭജിച്ചു മാറി. കുലങ്ങളുണ്ടായി, ഗോത്രങ്ങളുണ്ടായി പിന്നെ രാജ്യങ്ങളുണ്ടായി, മതങ്ങളുണ്ടായി, ഭരണമുണ്ടായി...അങ്ങിനെയങ്ങിനെ ഞാനും എന്റെ കെട്ടിയോളും പിന്നൊരു തട്ടാനും എന്ന ലവലില്‍ നിന്ന് അതി വിശാലമായ, പരസ്പര ബന്ധിതമായ ഒരു സമൂഹമായി അവര്‍ പരിണമിച്ചു.
പക്ഷേ അപ്പഴും പെണ്‍ വര്‍ഗത്തിന്റെ അടിസ്ഥാന ജീവിതത്തിന് മാറ്റമൊന്നും വന്നില്ല എന്നതായിരുന്നു ദു:ഖകരമായ സത്യം. കാരണം വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമൂഹത്തിന്റെ തായ് വേരറ്റു പോകാതെ അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന മഹത്തായ കര്‍ത്തവ്യം അപ്പഴും അവളില്‍ തന്നായിരുന്നല്ലോ? കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കിടയില്‍ അവള്‍ക്കൊതുങ്ങേണ്ടി വന്നു. ഫലം? കുടുംബം എന്ന ഘട്ടവും കടന്ന് പിന്നെയും വളര്‍ന്ന സമൂഹത്തിന്റെ മറ്റു തലങ്ങളില്‍ അവള്‍ക്കുള്ള പ്രാധിനിത്യം പരിമിതമായി. കുടുമ്മത്ത് അവള്‍ റാണിയായി തന്നെ നിന്നെങ്കിലും അതിനും മുകളില്‍ സര്‍വാധിപതി പുരുഷനായി മാറി. ഒന്നൊതുക്കി പറഞ്ഞാല്‍ അവള്‍ഡെയും മക്കള്‍ഡെയും വെറുമൊരു കാവല്‍ക്കാരനായി നിന്നിരുന്നവന്‍ പിന്നെ കാര്യസ്ഥനായി, ഒടുക്കം കാരണവരുമായി. അത്ര തന്നെ! ഉറങ്ങിപ്പോയോഡെയ്?
ഹില്ല...എന്റെ സംശയം ഇപ്പോ അതല്ല...
വെയ്ക്ക് വെടി....!
ഇപ്പോ കാലം മാറീല്ലേ?
ഉവ്വ് മാറി...
ഇപ്പോ ആണും പെണ്ണുമൊക്കെ സമത്വ സുന്ദരമായി ജീവിക്കണ കാലമാണല്ലോ
തന്നെ തന്നെ
അവള്‍ഡേം മക്കള്‍ഡേം ചെലപ്പോ കെട്ടിയോന്റേം അന്നം അവള്‍ തേടുന്നു, അവളെ സംരക്ഷിക്കാന്‍ ആണായൊരുത്തന്‍ കരിമ്പൂച്ചയാവേണ്ട കാര്യമില്ല, അങ്ങനൊക്കല്ലേ ഇപ്പോ നാട്ട് നടപ്പ്?
അദേ, നീ കാര്യം പറ!
അങ്ങനെ അസ്സലാകപ്പാടെ നോക്കിയാല്‍ നേരത്തെ പറഞ്ഞുണ്ടായ തരം വിവാഹത്തിന് ഇപ്ലത്തെ കാലത്ത് വല്ല പ്രസക്തിയുമുണ്ടോ സര്‍?
എന്തോന്നെഡെയ്?
അതായത് യാതൊരു വിധ കെട്ടുപാടുകളും കടപ്പാടുകളുമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നും അതിലൊരു കൊച്ചെങ്ങാനും പിറന്നാല്‍ അതിന്റെ സംരക്ഷണത്തിന് പൊതുവായ ഒരു വ്യവസ്ഥയുണ്ടാക്കാമെന്നുമൊക്കെയുള്ള ഒരു ധാരണയുടെ പുറത്ത് ആണും പെണ്ണും ഒരുമിച്ചു ജീവിക്കുന്നതാണ് ഈ സമത്വ സുന്ദരലോകത്ത് നല്ലതെന്ന് ആര്‍ക്കേലും തോന്നിയാ അവരെ കുറ്റം പറയാന്‍ പാട്വോ?
പാടില്ല!
ഇല്ലേ...
ഇല്ല. മരുമക്കത്തായം നിലനിന്ന കാലത്ത് നായര്‍ തറവാടുകളില്‍ നിലനിന്ന ഒരു വിവാഹ രൂപമായിരുന്നല്ലോ സംബന്ധം! ഒരു പെണ്ണിനു തന്നെ മാറി മാറി പലര്‍ പുടവ കൊടുക്കുന്ന ഒരു സമ്പ്രദായം. പെണ്ണിനു മതിയായാല്‍ ഒരു രാത്രി വരുന്ന നായരുടെ പായും തലയിണയും പുറത്തു കാണും.അതോടെ തീരും ആ അസംബന്ധം! പിന്നെ പുതിയ സമ്മന്തം.. സമ്മന്തക്കാരന്‍...അങ്ങിനെയൊക്കെയായിരുന്നല്ലോ അതിന്റെയൊരു രീതി!
അതെന്തു കൊണ്ട് അന്നൊരു സാമൂഹ്യ പ്രശ്നമായി മാറിയില്ല?
ഹെയ് അന്നു മരുമക്കത്തായമല്ലേ? എത്ര നായരിലായാലും, എത്രമക്കളുണ്ടായാലും ആ പെണ്ണിന്റേം കൊച്ചുങ്ങള്‍ഡേം കാര്യത്തില്‍ ആശങ്കയ്ക്ക് വകുപ്പില്ലായിരുന്നു... അതന്നെ!
പിന്നെ മരുമക്കത്തായം പോയി, മക്കത്തായം വന്നു. അതോടെ നിന്നു ആ സമ്മന്തം കൂടല്‍? എന്തു കൊണ്ട്?
മക്കത്തായത്തില്‍ അങ്ങിനെ തന്ത നോക്കാനില്ലാത്ത കൊച്ചുങ്ങളുണ്ടായാല്‍ ആ പെണ്ണിന്റേം ആ പയലുകള്‍ഡേം കാര്യം ഗോപി!
അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമങ്ങള്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കുറുകെ കിടന്നേയ്ക്കും എന്നൊരവസ്ഥ സംജാതമായാല്‍ സ്വാഭാവികമായും ആ ഒരാചാരം ആദ്യം ഒരനാചാരവും പിന്നെ പതുക്കെ അപ്രത്യക്ഷവും ആയി മാറും എന്നല്ലേ അപ്പോ ആ തിയറി!
അതു പ്രാക്ടിക്കലാവുകയാണെങ്കില്‍, നീ സ്വപ്നം കാണുന്ന ആ സമത്വ സുന്ദര ലോകത്തിന്റെ അതിവേഗ കുതിപ്പിന് വിവാഹം എന്ന സംഗതി ഒരു വിഘ്നമാകും എന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുകയും ചെയ്യുമെങ്കില്‍, നിശ്ചയം മകനേ, കല്യാണന്‍മാരെയും കല്യാണികളേയും പുരാവസ്തു വില്‍പനക്കാര്‍ കൊട്ടക്കണക്കിന് തൂക്കിവാങ്ങുന്ന ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്. ബദല്‍ സംവിധാനം നീ പറഞ്ഞത് തന്നെ ആയേക്കാനും മതി!
ഹോ...എന്നാണാവോ ആ ലോകമൊന്നു വന്നു കിട്ടുക...?
എന്തായാലും നിന്റെ പതിനാറടിയന്തിരം കഴിഞ്ഞിട്ടേ ഉള്ളൂ എന്നു മാത്രമേ എനിക്കിപ്പ പറയാന്‍ പറ്റൂ!
15 comments:
അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമങ്ങള്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കുറുകെ കിടന്നേയ്ക്കും എന്നൊരവസ്ഥ സംജാതമായാല്‍ സ്വാഭാവികമായും ആ ഒരാചാരം പിന്നെ ഒരനാചാരവും പിന്നെ പതുക്കെ അപ്രത്യക്ഷവും ആയി മാറും എന്നല്ലേ അപ്പോ ആ തിയറി!
അതു പ്രാക്ടിക്കലാവുകയാണെങ്കില്‍, നീ സ്വപ്നം കാണുന്ന ആ സമത്വ സുന്ദര ലോകത്തിന്റെ അതിവേഗ കുതിപ്പിന് വിവാഹം എന്ന സംഗതി ഒരു വിഘ്നമാകും എന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുകയും ചെയ്യുമെങ്കില്‍, നിശ്ചയം മകനേ, കല്യാണന്‍മാരെയും കല്യാണികളേയും പുരാവസ്തു വില്‍പനക്കാര്‍ കൊട്ടക്കണക്കിന് തൂക്കിവാങ്ങുന്ന ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്. ബദല്‍ സംവിധാനം നീ പറഞ്ഞത് തന്നെ ആയേക്കാനും മതി!
ഹോ...എന്നാണാവോ ആ ലോകമൊന്നു വന്നു കിട്ടുക...?
എന്തായാലും നിന്റെ പതിനാറടിയന്തിരം കഴിഞ്ഞിട്ടേ ഉള്ളൂ എന്നു മാത്രമേ എനിക്കിപ്പ പറയാന്‍ പറ്റൂ!
അടിപൊളി പോസ്റ്റ്! ഇതുപോലെ ഞാനൊരു പോസ്റ്റ് ഇങ്ങിനെയൊരു വിഷയത്തിനെക്കുറിച്ച് വായിച്ചിട്ടില്ല. റിയലി റിയലി ഗുഡ്!
കലക്കിയണ്ണാ! ഉഗ്ഗുഗ്രന്‍!
ഓ.ടോ. ഒരു അനോണി ആന്‍റണി സ്റ്റൈല്‍ ഇച്ചെരെ തോന്നി കേട്ടാ.. എന്നാലും കലക്കന്‍!
സംഭവം കലക്കി ഫൈസലിക്കാ ... നല്ല വിഷയം. നല്ല അവതരണം. നല്ല ഹാസ്യം.
നന്നായിട്ടുണ്ട്..
ഫൈസല്‍ഭായ്, നടുമുറ്റത്തുനിന്ന് കൊണ്ട് അതിഗംഭീരമായി ബോറടിപ്പിക്കാതെ വിളിച്ചുപറയേണ്ടുന്ന സത്യം അതിരസകരമായി പറഞ്ഞിരിക്കുന്നു. ഈയ്യിടെ വായിച്ചവയില്‍ ഏറ്റവും നല്ല ഗംഭീരപോസ്റ്റ് ഇതുതന്നെ. താങ്കളുടെ പോസ്റ്റുകളില്‍ ഏറ്റവും ബെസ്റ്റിതാണ്. വിഷയത്തിലേക്ക് എനിക്കൊന്നും പറയാനില്ല. എല്ലാം ഭായ് സുന്ദരമായി പറഞ്ഞുകഴിഞ്ഞു. :)
തറവാടിയും വല്യമ്മായിയും ക്ഷമികുക!ഈ ബ്ലോഗില്‍ വീഴുന്ന ഒരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണെനിക്ക്! എങ്കിലും ആ അജ്ഞാതന്‍ ഇട്ട കമന്റ് തറവാടിയെ വ്യക്തിപരമായി ആക്രമിക്കുന്നതായത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നു...!! ആയതിനാല്‍ അതിനു മറുപടിയായി തറവാടിയും വല്യമ്മായിയും ഇട്ട കമന്റുകള്‍ക്ക് ഇനിയും പ്രസക്തി ഇല്ലാത്തതിനാല്‍ ഖേദപൂര്‍വം അവയും ഒഴിവാക്കുന്നു. ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!മറ്റുള്ളവര്‍ക്കും....!!
നല്ല പോസ്റ്റ് ഫൈസല്‍. ലേഖനമായി എഴുതിയിരുന്നെങ്കില്‍ തീര്‍ച്ചയായും ബോറടിച്ചെനെ. സംഭാഷണമായി എഴുതിയതു കൊണ്ട് ബ്ലോഗിന്റെ സമയ പരിമിതിയിലും അവസാനം വരെ വായിക്കും.
ചില കാര്യങ്ങള്‍.
1. വയസാം കാലത്ത് പുരുഷന്‍ സ്ത്രീയില്‍ നിന്ന് കൊതിക്കുന്നത് മാതൃത്വഭാവമാണോ?
2. ഒരു മഹാഭൂരിപക്ഷം സ്ത്രീകളിപ്പോഴും കുടുംബത്തികത്ത് തന്നെ കെട്ടപ്പ്പെട്ടിരിക്കുകയാണ്. വനിതസംവരണ ബില്‍ പാസ്സാക്കാന്‍ ഇതുവരെ കഴിഞ്ഞീട്ടില്ല. ഇന്നും അധികാരം പുരുഷന്റെ കയില്‍ തന്നെ. (സ്ത്രീ ജെനറല്‍ സീറ്റില്‍ മത്സരിച്ചു ജയിച്ചൂടെ എന്ന വിഡ്ഡിച്ചോദ്യം ഈ പോസ്റ്റില്‍ ആരും ചോദിക്കില്ല എന്ന വിശ്വസിക്കം)ഇത്തരം സാഹചര്യത്തില്‍ സ്ത്രീയെ ഇര, അബല എന്നിങ്ങനെയായി നിലനിര്‍ത്തിയിരിക്കുന്ന നിയമങ്ങള്‍ ഒരുപരിധിവരെ നല്ലതാണ്. സ്ത്രീകള്‍ക്ക് സംവരണം വേണ്ടാതാകുന്ന കാലത്ത് ഈ നിയമവും അപ്രസക്തമാകും.
അയ്യോ തറവാടീ...ആദ്യ കമന്റ് എന്തിനേ ഒഴിവാക്കിയേ? എന്റെ ഉമ്മറത്തിരുന്ന് എന്റെ സുഹ്ര്‌ത്തുക്കളെ ചീത്തപറയുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ആ അനോണിക്കമന്റ് ഞാന്‍ കളഞ്ഞത്...പിന്നെ വെറുതെ അതിന്റെ മറുപടി മാത്രം ആവശ്യമില്ലല്ലോന്ന് കരുതിയാണ് മറ്റു രണ്ടും. എന്നാലും ആ പോസ്റ്റിനിട്ട കമന്റ് ഡിലീറ്റ് ചെയ്യണ്ടായിരുന്നു....!
ഡാലീസ്, വയസ്സാം കാലത്ത് വയസ്സനാണുങ്ങള്‍ മാത്ര്‌ത്വം മാത്രം കാംഷിക്കുന്നു എന്നല്ലല്ലോ ഞാന്‍ പറഞ്ഞെ? ശിശുവായാലും ബാലനായാലും കുമാരനായാലും പിന്നെ കാമുകനായാലും ഭര്‍ത്താവായാലും ഒടുക്കം വയസ്സനായാലും എല്ലായ്പ്പോഴും,സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും,സമാശ്വാസത്തിന്റെയും,പരിചരണത്തിന്റെയും ഒക്കെ ഒപ്പം അവന്‍ അതും കൂടെ ആഗ്രഹിക്കുന്നു എന്നേ പറഞ്ഞുള്ളൂ...!അല്ലേ..അതെ!! അല്ല ആണോ..ഹെയ് അങ്ങിനെതന്നെയാവും!
ഫൈസല്‍,
ഈ പോസ്റ്റന്റ്റെ നിലവാരത്തെപറ്റിപ്പറയാന്‍ ഞാന്‍ ആളല്ല കാരണം പൂര്‍ണ്ണമായി വയിക്കാനായില്ല എന്നതുതന്നെ. ക്ഷമ കുറച്ച് കുറവായതിനാല്‍ വായന കാല്‍ ഭാഗത്ത് നിര്‍ത്തി.
കുറച്ചുഭാഗമെങ്കിലും വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തുതോന്നിയോ അതവിടെ ഒരു കമന്‍റ്റായി ഇട്ടു. മാങ്ങയെപ്പറ്റിയുള്ള പോസ്റ്റില്‍ ചക്കയെപ്പറ്റി വായനക്കാരന് തോന്നിയാല്‍ എന്തെഴുതണം കമന്‍റ്റെന്നത് വായനക്കാരന്‍റ്റെ സ്വാതന്ത്ര്യമാണ്
100% യോജിക്കുന്നു തറവാടീ. അതു കൊണ്ടാണല്ലോ താങ്കള്‍ ആ കമന്റ് ഡിലീറ്റ് ചെയ്തപ്പൊ വിഷമം തോന്നിയതും!
പക്ഷേ താങ്കള്‍ക്കെതിരെ വന്ന തരത്ത്തിലുള്ള അനോണിക്കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഉണ്ടാവുന്നതും അതേപോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ്...
Post a Comment