Wednesday, April 29, 2009

ഈ ഇടതുപക്ഷത്തിന്റെ ഒരു കാര്യം!!

ഇതാണ്‌ പറഞ്ഞത്‌, ഇ.എം.എസിനു ശേഷം പ്രായോഗിക ബുദ്ധിയോടെ കേരളാ രാഷ്ട്രീയത്തെ വിശകലനം ചെയ്ത്‌ കരുക്കൾ നീക്കിയ ഒരു നേതാവ്‌ ഇടതു പക്ഷത്ത്‌ ഇനിയും വരേണ്ടിയിരിക്കുന്നു എന്ന്! ഇങ്ങേയറ്റം പിണറായി വിജയനോ അങ്ങേയറ്റം പ്രകാശ്‌ കാരാട്ടൊ ഒക്കെ തല കുത്തി നിന്നു കൂലം കഷിച്ചിട്ടും...മഅദനിയെ പിടിച്ച്‌ തോളിലിരുത്തി പൊന്നാനി ചുറ്റി രണ്ടത്താണിക്ക്‌ സിന്ദാബാദ്‌ വിളിക്കുന്ന തലം വരെയൊക്കെയേ അങ്ങെത്താൻ കഴിയുന്നുള്ളൂ! അതിനുമപ്പുറം വിശാലമായ ഒരു ലോകമുണ്ടെന്ന് പാവങ്ങളെ ആരേലും ഒന്നോർമ്മിപ്പിക്കുന്നത്‌ നന്ന്!

അറ്റ്ലീസ്റ്റ്‌ ശശി തരൂരിന്റെ കാര്യത്തിലെങ്കിലും മന്ദബുദ്ധികളുടെ കോൺഗ്രസ്‌ എന്ന് നാഴികയ്ക്ക്‌ നാൽപതു വട്ടം വീരപട്ടം ചാർത്തിക്കൊടുക്കുന്ന സാക്ഷാൽ കോഗ്രസ്‌ പാർട്ടി പിണറായിയും കാരാട്ടും മരത്തിൽ കണ്ടതിന്റെ ഇരട്ടി മേലേമാനത്ത്‌ കണ്ടു എന്നു പറയേണ്ടിയിരിക്കുന്നു.

ആരാണീ ഡോ. ശശി തരൂർ? 53 വയസ്സിന്റെ ചെറുപ്പമുള്ള (ഇപ്ലത്തെ രാഷ്ട്രിയ നേതാകന്മാരുടെ ആവ്‌റേജ്‌ വയസ്സ്‌ വെച്ച്‌ കണക്കു കൂട്ടുമ്പോൾ) തിരുവനന്തപുരത്തെ കോൺഗ്രസ്‌ പാർലമന്ററി ഇലക്ഷൻ സ്ഥാനാർത്ഥി!

അതിന്‌ അദ്ദേഹത്തെ പ്രാപ്തനാക്കിയ യോഗ്യതകൾ?

1978ൽ ഫ്ലെച്ചർ സ്കൂൾ ഓഫ്‌ ലോ ആൻഡ്‌ ഡിപ്ലോമസി യിൽ നിന്നും ഡോക്റ്ററേറ്റ്‌,അവിടത്തെ തന്നെ ബ്രില്യന്റ്‌ സ്റ്റുഡന്റിനുള്ള റോബർട്ട്‌ സ്റ്റ്യുവർട്ട്‌ അവാർഡ്‌ നേടിയ ആൾ...ഫ്ലെച്ചർ ഫോറം ഓഫ്‌ ഇന്റർനാഷനൽ അഫയേഴ്സ്‌ എന്ന ജേണലിന്റെ ഫൗൻഡർ എഡിറ്റർ. സർവ്വോപരി നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഭംഗിയായി പ്രസംഗിക്കാനറിയാം (മലയാളം കഷ്ടിയാണേലും). 1978 മുതൽ തന്നെ യുണൈറ്റഡ്‌ നാഷൻസിൽ ഉദ്യോഗസ്ഥൻ. പിന്നീട്‌ യു എൻ സെക്രട്ടറി ജനറലിന്റെ സീനിയർ അഡ്വൈസർ, തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ. 2007 ൽ യു. എൻ വിട്ടു.

ഇത്രയും പോരെ യോഗ്യതകൾ? ഇനി കോൺഗ്രസ്‌ സ്ഥാനാർത്ഥിയാകാൻ ഇത്രയും മിനിമം യോഗ്യതകൾ പോരെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള ആ ഒരു വിഷൻ കൂടെ അറിയണം! (അല്ലേലും കോൺഗ്രസ്സിൽ ഇതൊക്കെ ഒരു യോഗ്യതയാണോ സർ?)

കോൺഗ്രസ്‌ നേതാക്കന്മാരെക്കുറിച്ച്‌ അദ്ദേഹത്തിന്റെ അഭിപ്രായം...? വെരി സിമ്പിൾ, ഖദറിട്ട മാംസപിണ്ഡങ്ങൾ! (വൗ..എന്തൊരുപമ!!!)

സോണിയാ ഗാന്ധി...? ടൂറിനിലെ ശവക്കച്ച ! പിന്നെ വെറുമൊരു വിവാഹ സർട്ടീക്കറ്റിന്റെ ബലത്തിൽ ഇന്ത്യയെ പണയത്തിനെടുക്കാൻ വന്ന വിദേശ വനിത! പോരെങ്കിൽ ചിരിക്കാത്തവൾ, പൊതു ജീവിതത്തെ ക്കുറിച്ച്‌ വിവരമില്ലാത്തവൾ, പഠിപ്പില്ലാത്തവൾ എന്നൊക്കെ ഉപ ബിരുദങ്ങളും. (ഇയ്യാൾ കോൺഗ്രസ്സിന്റെ തന്നെ സ്ഥാനാർത്ഥിയാവണം!)

ഗാന്ധിസം സമ്പൂർണ്ണപരാജയമാണെന്നും, നെഹ്രുവിന്റെ ഭരണം ഇന്ത്യയുടെ വികസനത്തിനെ തടഞ്ഞു എന്നും, ഇന്ദിരാഗാന്ദി ക്രൂരയും തന്നിഷ്ടക്കാരിയുമായ ഒരു ഭരണാധികാരിയായിരുന്നുവേന്നും സൻജയ്‌ ഗാന്ധി സാമൂഹ്യവിരുദ്ധനായിരുന്നുവേന്നും സർവ്വോപരി ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ ലോകത്തിലെ ഏറ്റവും വലിയ തമാശയാണെന്നും നല്ല ഭംഗിയായി എഴുതിപ്പിടിപ്പിച്ച ശശി തരൂർ എങ്ങിനെ ഒരു കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി?!

അഥാണ്‌...അഥാണ്‌ ഞാൻ പറഞ്ഞത്‌ ആരെന്തൊക്കെ പറഞ്ഞാലും പ്രായോഗിക രാഷ്ട്രീയം പഠിക്കാൻ പ്രകാശ്‌ കാരാട്ടും പിണറായി വിജയനുമൊക്കെ കോൺഗ്രസ്സുകാരുടെ മുന്നിൽ വെറ്റിലയും പാക്കും വെച്ച്‌ തൊഴണം എന്ന്!

കാരണം?

സിമ്പിൾ, ഡോ.ശശി തരൂർ ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു പക്ഷ സ്ഥാനാർത്ഥി ആയില്ല! അതുതന്നെ. ഇത്രേം അക്കാഡമിക്‌ യോഗ്യതയുള്ള, നയതന്ത്രജ്ഞത കൈമുതലായുള്ള ഊർജസ്വലനായ ഒരു വാഗ്മി, അതും ഇത്രേം തികഞ്ഞ ഒരു കോൺഗ്രസ്‌ അവബോധമുള്ള ഒരാൾ ഇടതു പക്ഷത്തിന്റെ തമ്പിൽ ചെന്നു കയറിയാൽ അതുണ്ടാക്കിയേക്കാവുന്ന ഇമ്പാക്റ്റ്‌, പ്രായോഗിക ബുദ്ധിയുള്ള കോൺഗ്രസ്‌ നേതാക്കൾ വളരെ വേഗം തിരിച്ചറിഞ്ഞു എന്നതാണ്‌ പോയിന്റ്‌! ഫലം? കോൺഗ്രസിനെതിരെ തരൂർ ഛർദ്ദിച്ചു വെച്ചതെല്ലാം വാരിക്കൂട്ടി കെട്ടിവെച്ച്‌, തിരുവനന്തപുരം സീറ്റെന്ന തൊണ്ടിയലുവക്കഷണം നല്ല വലിപ്പത്തിൽ ഉരുട്ടി വായിൽ തിരുകി ക്കൊടുത്ത്‌ തരൂരിനെ കോൺഗ്രസ്‌ കക്ഷത്തിലിറുക്കി പറന്നു.കാര്യ വിവരം തിരിയാത്ത ഉമ്മൻചാണ്ടിയും ചെന്നിത്തലയുമൊക്കെ ഒന്നു കുതറി നോക്കിയെങ്കിലും കാര്യവിവരമു ദേശീയനേതൃത്വം സംഗതി കബൂലാക്കി എന്നു പറഞ്ഞാ മതിയല്ലോ!

അങ്ങേർ കോൺഗ്രസ്‌ വണ്ടിയിൽ കയറിക്കഴിഞ്ഞതിനു ശേഷമാണെന്നു തോന്നുന്നു ഇടതുപക്ഷത്തിന്‌ ബോധോദയമുണ്ടായത്‌.ഉടൻ തന്നെ ഇസ്രായേൽ ബാന്ധവം, ദേശിയഗാനക്കേസ്‌ തുടങ്ങിയവയൊക്കെ കുത്തിപ്പൊക്കി ഒരു പ്രതിരോധത്തിനു മുതിർന്നെങ്കിലും അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌ തിരിഞ്ഞു കിട്ടാൻ മെയ്‌ പതിനാറിന്റെ പുലരി പിറക്കേണ്ടിയിരിക്കുന്നു.

രണ്ടത്താണിയെ ഒരത്താണിയിലാക്കാൻ മഅദനിയെ എങ്ങിനെയൊക്കെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഗവേഷിച്ച്‌ പുകച്ചുകളഞ്ഞ വക്രബുദ്ധിയുടെ പാതിമതിയായിരുന്നു ഇങ്ങിനെയൊരക്കിടിപറ്റും എന്ന് ഗണിച്ചെടുക്കാൻ പിണറായിക്ക്‌! പറഞ്ഞിട്ടെന്തു ഫലം..പോയ ബുദ്ധിക്ക്‌ വടം കെട്ടി വലിക്കാൻ ആനയെ തപ്പി നടന്നിട്ട്‌ കാര്യമില്ലല്ലോ!


പിൻ കുറിപ്പ്‌ : അഥവാ ടി വിദ്വാനെങ്ങാൻ ഇടതു പക്ഷത്ത്‌ വന്നു കയറിയാൽ, കാലം പോകെ തന്റെ ഗ്ലാമർ കുടുമയും കെട്ടി കുടയുമെടുത്ത്‌ പഴനിക്ക്‌ പോകും എന്ന് ഇന്നേ തിരിച്ചറിഞ്ഞ കാരാട്ട്‌, മന:പൂർവ്വം വേണ്ടാന്നു വെച്ചതാവുമോ ഇച്ചാങ്ങാതിയെ?!