"ടാ..ങ്ങി ഏപ്പടം കണ്ടിറ്റുണ്ടോ....?"
കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിൽ എട്ടാം തരം ഇ യുടെ ജനാലമേൽ കയറിയിരുന്ന് കുട്ടൻപന്നി എന്ന കാട്ടിമണി എന്ന മണികണ്ഠന്റേയാണ് ചോദ്യം.
"പിന്നേ......" ഞാനും വിട്ട് കൊടുത്തില്ല
" തന്നെ തന്നേ....ഏതു പടാ?" മണിയ്ക്ക് ആവേശം കത്തി.
"ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു"
തോളോളം വളർന്ന ഹിപ്പിത്തലമുടി രണ്ട് കൈ കൊണ്ടും പിടിച്ച് വലിച്ച് മണി മടമടാന്ന് ചിരിച്ചു....
"പൊട്ടനാ യ്യ്!"
എങ്ങിനെ ചിരിക്കാണ്ടിരിക്കും? "ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം...." എന്ന മനോഹരമായ പാട്ടുള്ള, പ്രേം നസീറിന്റെ അക്കാലത്തെ ഒരു ഹിറ്റ് കുടുംബ ചിത്രം ഏ പടമാണെന്നു പറഞ്ഞാ പിന്നെ മണിയല്ല വാതം പിടിച്ച് കുഴഞ്ഞു കിടക്കുന്ന അവന്റെ അപ്പാപ്പൻ വരെ ചിരിക്കൂലേ?
അതിനും ഒരു രണ്ടു കൊല്ലം മുന്നേ ഗോപാലപുരം യു.പി. സ്കൂളിൽ ആറാം തരത്തിൽ പഠിക്കുമ്പോ ഒരു എസ്കർഷനു അഥവാ പഠന യാത്രയ്ക്ക് പോയപ്പോ കണ്ട സിനിമയായിരുന്ന് അത്. അന്നും കുട്ട്യോൾക്ക് കാണാൻ പാടില്ലാത്ത ഏതാണ്ടൊക്കെയോ ചില ചില്ലറ ഇടപാടുകൾ മുതിർന്ന് വെല്യ ആണുങ്ങളും പെണ്ണുങ്ങളും നടത്തുന്നുണ്ട് എന്നൊരു ബോധം ഞങ്ങൾ പിള്ളേർക്കുണ്ടായിരുന്നു എന്നത് സത്യം.
ഇപ്പറഞ്ഞ സിനിമയിൽ നായകനും നായികയും (?) ഒരു അംബാസഡർ കാറിൽ കയറി വാതിലടയ്ക്കുന്നതും പിന്നെ ആ കാറിൽ തൂക്കിയിട്ടിരുന്നൊരു പാവക്കുട്ടി താളത്തിൽ കുലുങ്ങി ആടുന്നതുമായൊരു സീൻ ഉണ്ടായിരുന്നു. ആ രംഗം വന്നപ്പോ ടാക്കീസിനകത്ത് ഉയർന്ന ചില വല്ലാത്ത തരം വില്ലൻ ചുമകളും അതോടെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ലീലാവതി ടീച്ചർ മുന്നോട്ട് കുനിഞ്ഞിരുന്ന് വാപൊത്തിച്ചിരിച്ചതും കണ്ടതോടെ ആ കാറിനകത്ത് നടന്നത് നടേപറഞ്ഞ മാതിരിയുള്ളൊരു പിള്ളേര് കാണാൻ പാടില്ലാത്ത എന്തോ ഫയങ്ങര സംഭവമാണെന്ന് ഞങ്ങളങ്ങ് ഊഹിച്ചെടുത്ത് കളഞ്ഞു. (ഞങ്ങളാരാ മക്കൾ?)
പിന്നെ ച്ചിരേം കൂടെ മുതിർന്നപ്പോ അത്തരം ഫയങ്ങര സംഗതികളുള്ള സിനിമയെ ആണ് ഏപ്പടങ്ങൾ എന്നു പറയുന്നത് എന്നും മനസ്സിലായി. അതോണ്ട് ഈ പടത്തിന് വളരെ സ്വാഭാവികമായി എന്റെ സ്വന്തം നിലയിൽ ഞാനൊരു ഏ സർട്ടിഫിക്കറ്റ് നൽകി സമാദരിച്ച താണ് സംഭവം!!
ഹല്ല...ഈ വയസ്സാം കാലത്ത്, അതും ഈ നട്ടുച്ചക്കിരുന്ന് ഏപ്പടങ്ങളിങ്ങനെ നിരുപിക്കാൻ എന്ത് സംഗതി മാഷേ?
ചുമ്മാ.....! ഇടയ്ക്കങ്ങിനെ വന്നു പെടുന്ന ശൂന്യ വേളകളിൽ മിസ്സോറാം മിസ്സിസ്സിപ്പിയായി പ്പോവുന്ന ബ്ലോഗുകൾ ഇടയ്ക്കും തലയ്ക്കും ഒന്നു ബ്രൗസി നോക്കും. അങ്ങിനെ നോക്കി നോക്കി വന്നപ്പോഴാണ് അനോണിയോസ് അന്റോണിയോസ് റോബർട്ട് മൗറില്യോസിന്റെ സിനിമാ ക്വിസ്സിൽ മൗസിന്റെ വള്ളി തടഞ്ഞു ഠപ്പേന്നങ്ങ് നിന്നു പോയത്.
ഹൗ....ക്രോസ് ബെൽറ്റ് മണി, കെ.എസ് ഗോപാലകൃഷ്ണൻ, മലയത്തിപ്പെണ്ണ്, അഭിലാഷ..ഏതേതൊക്കെ മധുര മനോഞ്ജ സ്മരണകളാണ് ആ ഒരൊറ്റ പോസ്റ്റിനാൽ രോമാഞ്ച കഞ്ചുകിത ചിന്തകളുണർത്തി എന്റെ മനസ്സിന്റെ വെള്ളിത്തിരയിലൂടെ ഒരു ന്യൂസ് റീൽ കണക്കങ്ങിനെ പാഞ്ഞു പോയത്!!!
പ്രത്യേകിച്ചും ആ ആറാം ചോദ്യവും അതിന്റെ ഉത്തരവും.....
ചോദ്യം ചുരുക്കത്തിൽ: സെൻസർ ബോർഡ് അനുമതി നിഷേധിച്ചിട്ടും കോടതി വിധിയുടെ ബലത്തിൽ കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ സിൽമാക്കളി ഏത്?
എതിരനുണ്ടോ എതിരാളി? ഓൺ ദ് സ്പോട്ടിൽ ഉത്തരയെ പൊക്കി - ഉൽപത്തി!
ഉൽപത്തി! എന്റെ അയലോക്ക നാട്ടുകാരനായ പള്ളിക്കര വി.പി. മുഹമ്മദ് സംവിധാനിച്ച്, 1984 ൽ - അതായത് ഞാൻ ഫസ്റ്റ് പി.ഡി.സി പഠിക്കുന്ന ആ അസുലഭ സുന്ദര കാലഘട്ടത്തിൽ- പുറത്തിറങ്ങിയ സിനിമ! ഒരു രഹസ്യം ഒതുക്കിപ്പറഞ്ഞാൽ ഒരു അതി ഭയങ്കര സാഹസം നടത്തി ഞാൻ കണ്ട ആദ്യത്തെ യഥാർത്ത ഏ പടം !
അതെന്ത്? അതിനും മുന്നേ മലയാളത്തിൽ ഏ പടങ്ങൾ ഇറങ്ങീട്ടില്ലേ?
ഉണ്ടല്ലോ....പക്ഷേ വലിയപെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാലെന്നപോലെ വല്ലപ്പോഴും, അതും കനത്ത ബന്ധുജന കാവലിൽ മാത്രം സിനിമാ കാണൽ ഒരു സംഭവമായി കൊണ്ടാടിയിരുന്ന അന്നത്തെ സാഹചര്യത്തിൽ അതൊന്ന് കാണുക എന്നത് പോട്ടെ കാണുന്നതിനെ കുറിച്ച് ആലോചിക്കുക എന്നതു പോലും ആലോചിക്കാൻ വയ്യായിരുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ കാര്യം?
പരമാവധി പോയാൽ ഉദയാ കുഞ്ചാക്കോയുടെ വടക്കൻപാട്ട് സിനിമകളിൽ മുലക്കച്ച കെട്ടിയ ജയഭാരതിയുടെയോ, ഷീലയുടെയോ, വിജയശ്രീയുടെയോ ഒക്കെ കോളം തിരിക്കാത്ത ത്രീ പാക്ക് വയറു മാത്രം കണ്ട് സായൂജ്യമടഞ്ഞിരുന്ന അക്കാലത്തെ ആൺ പിറന്നോന്മാരുടെ തലയിൽ കൂടം വെച്ച് വീക്കിയാലെന്ന പോലെ പ്രത്യക്ഷപ്പെട്ട ഉൽപത്തിയുടെ (കു) പ്രസിദ്ധമായ ആ ബ്ലാക് ആൻഡ് വൈറ്റ് പോസ്റ്ററായിരുന്നു യഥാർത്തത്തിൽ ഇബ്‌ലീസിന്റെ ശരിക്കുള്ള പ്രലോഭനോപാധി.
മുട്ടിനു മുകളിൽ നോക്കെത്താ ദൂരത്തോളം അനാവൃതമാക്കി സ്ഥാനം തെറ്റിക്കിടക്കുന്ന കൈലി മുണ്ടുടുത്ത്, മേൽ ഭാഗത്തെ ഹുക്കഴിഞ്ഞു വിടർന്ന ബ്ലസുമായി ഓലപ്പുരയുടെ തറയിൽ ചെരിഞ്ഞു കിടക്കുന്ന പ്രമീളാമ്മയുടെ ഒരൊന്നൊന്നര പോസ്റ്റർ. ...!(ഒരു പക്ഷേ അവളുടെ രാവുകളിലെ സീമ, താനാകപ്പാടെ ധരിച്ചിരിക്കുന്ന ഷർട്ട് പൊക്കി നോക്കുന്ന പോസ്റ്ററിനു ശേഷം മലയാളികളെ ഞെട്ടിച്ച പോസ്റ്റർ)
എന്നും രാവിലെ കോളെജിലേക്ക് പോകാൻ എക്സ് സർവ്വീസ് മെൻ ബസ്സ് കാത്തു നിൽക്കുമ്പോൾ, പാച്ചറേട്ടന്റെ കടയിലെ നാരങ്ങാ ഷോഡാ തട്ടിനു കീഴെ ചാരിവെച്ചിരിക്കുന്ന ചിത്രാ ടാക്കീസിന്റെ പരസ്യ ബോർഡിൽ, ആ പോസ്റ്ററിനോളം വലിപ്പത്തിൽ അടിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ആദ്യാക്ഷരം, കൈ കൂപ്പിനിന്ന് "വരൂ മകനേ...വരൂ മകനേ...വന്നു കണ്ടർമ്മാദിക്കൂ..!!" എന്ന് എന്നെ നിശ്ശബ്ദം ക്ഷണിച്ചു കൊണ്ടേയിരിക്കുന്നതായി എനിക്കു തോന്നി ത്തുടങ്ങുന്നു!
പോസ്റ്ററിൽ പ്രമീളാമ്മ ഇങ്ങനെ കിടക്കുമെങ്കിൽ ശരിക്കും വെള്ളിത്തിരയിൽ പിന്നെങ്ങിനെല്ലാം കിടക്കും എന്ന കഠിന കഠോര ചിന്ത ഉറക്കം കളഞ്ഞ ഏതാനും ചില കാളരാത്രികൾക്കൊടുവിൽ, “അതൊന്നു കണ്ടിട്ട് പിന്നെ വല്ലോരുമെങ്ങാൻ അറിഞ്ഞു പോയാൽ നേരെ പോയി ജയന്തി ജനതയ്ക്ക് തലവെയ്ക്കാം“ എന്നൊരു അതി ഭീകര തീരുമാനം ഞാനെടുത്തെന്നു പറഞ്ഞാൽ മസാൽദോശേം തിന്നുള്ള പ്രമീളാമ്മയുടെ ആ ഒരു കിടപ്പിന്റെ വശീകരണ തീവ്രത നിങ്ങൾക്ക് ഏതാണ്ടൊക്കെ മനസ്സിലാവും എന്നെനിക്ക് മനസ്സിലാവും.
പക്ഷേ എങ്ങിനെ? കോളജിൽ നിന്ന് ക്ലാസ് കട്ട് ചെയ്ത് പോകൽ എന്ന പരിപാടി എങ്ങിനെ ശ്രമിച്ചാലും നടക്കില്ല എന്ന് മൂന്നേമുക്കാൽത്തരം. ഓർമ്മ വെച്ച നാൾ മുതൽ ഒന്നിച്ചുണ്ടുറങ്ങി വളർന്നവളും എന്റെ സമപ്രായക്കാരിയുമായ പിതൃ സഹോദര പുത്രി ഹൈസ്കൂളിൽ ഗേൾസ് ഓൺലി യിലേക്ക് വഴിപിരിഞ്ഞു പോയിരുന്നെങ്കിലും പി.ഡി.സി മുതൽ വീണ്ടും ഒരേക്ലാസിലേക്ക് ഒരുമിച്ചെത്തിയിരുന്നു. ഒരു ദിവസം പോയിട്ട് ഒരവർ ക്ലാസിലെത്തിയില്ലെങ്കിൽ അന്ന് വൈന്നേരം വീട്ടിലേക്ക് പോവാതെ കൈതേരി തോട്ടിൽ തന്നെ മുങ്ങി കിടക്കുന്നതാവും കൂടുതൽ കരണീയം.
പിന്നെങ്ങിനെ? ഉണങ്ങിയ നീറ്റുകക്കയിലേക്ക് പച്ചവെള്ളമൊഴിച്ചാലെന്നപോലെ എന്റെ തല പുകഞ്ഞു കൊണ്ടേയിരുന്നു. അങ്ങിനെ പുകഞ്ഞ് പുകഞ്ഞ് ഒടുക്കം പുകമറയ്ക്കപ്പുറത്ത് എനിക്കു മുന്നിലൊരു മാർഗം മാർക്കം കൂടി വന്നു. ഞായറാഴ്ചയിലെ എക്കൗണ്ടൻസി ട്യൂഷൻ ക്ലാസിനെ മോർണിംഗ് ഷോയാക്കി മാറ്റുന്ന ഒരു മുതുകാടൻ മറിമായ കലാവിദ്യ!
വളരെ പെട്ടെന്ന് തന്നെ ഇന്ത്യാ പാക് യുദ്ധ കാലത്തെ സാം മനേക് ഷാ ആയി ഞാൻ രൂപാന്തരപ്പെട്ടു. പിന്നെ ഓപറേഷൻ ഉൽപത്തി യുടെ മോഡ് ഓഫ് ഒപെറാൻഡി തലങ്ങും വിലങ്ങും കൂലം കഷായം കുറുക്കി വറ്റിച്ചെടുത്തു.
കാലത്തേ ട്യൂഷൻ സെന്ററിലെത്തി നേരല്ലാത്ത പെങ്ങൾ പെൺപടയോടൊപ്പം അലിഞ്ഞു ചേർന്നാൽ പിന്നെ തിരിച്ചു പോവാൻ നേരത്തേ എന്നെ ഓർക്കൂ....വെരി ഗുഡ്! 8.30 നാരംഭിക്കുന്ന ആദ്യ മണിക്കൂർ ഭാഷാ പഠനം ഇംഗ്ലീഷിൽ.....;ഓ കെ അതു സഹിക്കാം. പിന്നെ ഒമ്പതര മണി മുതൽ ഒന്നരമണിവരെ അക്കൗണ്ടൻസി. പരീക്ഷ അടുത്ത കാലമായതിനാൽ റഗുലറിനും കോളജ് ഗോയിംഗിനുമെല്ലാം ഒന്നിച്ചാണ് ക്ലാസ്. ആയതിനാൽ വിദ്യാർത്ഥി ബാഹുല്യം ഹേതുവായി തിങ്ങി ഞെരുങ്ങുന്ന ക്ലാസ് മുറിയിൽ നിന്നും നരുന്തു സമാനമായ എന്റെ ശുഷ്ക ശരീരം തൽക്കാലികമായി അപ്രത്യക്ഷമാക്കി, പത്തു മണിക്കു മോണിംഗ് ഷോ തുടങ്ങുന്ന ചിത്രാ ടാക്കീസിലേക്കൊരു കൂടുവിട്ട് കൂടുമാറൽ നടത്തിയാൽ അത്രയെളുപ്പമൊന്നും കണ്ടുപിടിക്കപ്പെടുകയില്ല എന്നതായിരുന്നു മൊത്തത്തിൽ എന്റെ കിടയറ്റ പ്ലാനിംഗിന്റെ യഥാർത്ത മർമ്മം.
ഒരു പന്ത്രണ്ട് പന്ത്രണ്ടേ കാലിനു ടാക്കീസിൽ നിന്നു ചാടി ട്യൂഷൻ സെന്ററിലേക്കുള്ള ദൂരം പത്തു മിനിട്ടിനകത്തു താണ്ടിയാൽ പന്ത്രണ്ടരയുടെ ബ്രേക്കിന് ഞാനൊന്നുമറിഞ്ഞില്ലേ രാമാനാരായണാ എന്ന പാട്ടും പാടി വീണ്ടും അക്കൗണ്ടൻസിക്കുട്ടിയായി ഡെബിറ്റ് ചെയ്യേണ്ടത് ഇപ്രത്തും ക്രെഡിറ്റ് ചെയ്യേണ്ടത് മറ്റേപ്രത്തും പോസ്റ്റ് ചെയ്ത് കളിക്കാം എന്നും തീരുമാനമായി.
അസ്സലാകപ്പാടെ ആലോചിച്ചാലോചിച്ച് എന്റെ ബുദ്ധിയിൽ ഞാൻ തന്നെ കോരിത്തരിച്ചുപോയീന്ന് പറഞ്ഞാൽ അതൊരധിക പ്രസംഗമാവാൻ യാതൊരു ന്യായവുമില്ലല്ലോ അല്ലേ?
അങ്ങിനെ ശനിയാഴ്ച പോയി..ഞായറാഴ്ച വന്നു. എന്നും ഒന്നാമത്തെ ഏറിപ്പോയാൽ രണ്ടാമത്തെ ബഞ്ചിലെ സ്ഥിര സ്ഥാനക്കാരനായ ഞാൻ അന്ന് തന്ത്രപൂർവ്വം ഏറ്റവും പിന്നിലെ ബെഞ്ചിൽ ആസനസ്ഥനായി.ഇംഗ്ലീഷ് പഠിപ്പിച്ച് പുറത്തിറങ്ങിയ ബാലേന്ദ്രൻ മാഷിനു പിറകെ മൂത്രമൊഴിക്കാനെന്ന ഭാവത്തിൽ ഞാനും പുറത്തു ചാടി!
മെയിൻ റോഡ് പിടിക്കാതെ അരങ്ങാടത്തമ്പലത്തിന്റെ പിറകിലൂടെ ചുറ്റി വളഞ്ഞ് പോകുന്ന ഇടവഴിയിലൂടെ ചിത്രാടാക്കീസിനരികിലെത്തി. സിനിമ തുടങ്ങാനുള്ള ബെല്ല് മുഴങ്ങുന്നത് വരെ അതിനടുത്തുള്ള പെട്ടിക്കടകൾക്ക് ചുറ്റിപ്പറ്റിനിന്ന് പിന്നെ ഒരൊറ്റനടപ്പിന് കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് നേരെ കൊട്ടകയ്ക്കത്തു കയറി ആദ്യം കണ്ട സീറ്റിൽ ഉപവിഷ്ടനായി, അതുവരെ പിടിച്ചു വെച്ചിരുന്ന ശ്വാസം ഒന്നു വലിച്ചു വിട്ടു...ഹാവൂ!
സ്ക്രീനിൽ ചാന്ദ്രയാൻ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ പോലെ അക്കങ്ങൾ ....നാലെ...മൂന്നെ...രണ്ടെ...ഒന്നേ..പൂജ്യം.
കൃത്യം ആ ശുഭ മുഹൂർത്തത്തിൽ കൊട്ടകയുടെ തകരവാതിൽ വീണ്ടും തുറക്കപ്പെടുന്നു. തള്ളിക്കയറിയ വെളിച്ചത്തോടൊപ്പം ധൃതിയിൽ ഉള്ളിൽ കയറിയ മൂന്നുരൂപങ്ങളെ തിരിച്ചറിഞ്ഞ എന്റെ ഹൃദയം തൽക്ഷണം മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ഞെട്ടിത്തുറന്നുപോയ വായിലൂടെ പുറത്തേക്ക് ചാടാൻ ഒരു ശ്രമം നടത്തി നോക്കി!
ട്യൂഷൻ സെന്ററിൽ നിറഞ്ഞ പിള്ളേർക്കു മുന്നിൽ ഇപ്പോ ബിൽസ് ഓഫ് എക്സേഞ്ച് റിവിഷൻ നടത്തിക്കൊണ്ടിരിക്കുന്നു എന്ന് ഞാൻ ഉറപ്പിച്ച മുരളിമാഷ് മുന്നിൽ, തൊട്ട് പുറകേ അതിരാവിലെ ഞങ്ങൾക്ക് സ്വിഫ്റ്റ് തിംഗ്സ് ആർ ബ്യൂട്ടിഫുൾ പറഞ്ഞുതന്ന എലത്തൂർ ബാലേന്ദ്രൻ പിന്നെ ഏറ്റവും പിറകിലായി സാക്ഷാൽ ട്യ്യൂട്ടോറിയൽ പ്രിൻസിപ്പാൾ പുലിക്കോടൻ ശശിയും!!!!!
ഇടിവെട്ടിക്കിടന്നവനെ പാമ്പും കടിച്ചു പിന്നെ ആസ്പത്രിക്ക് കൊണ്ടോവും വഴി ആംബുലൻസും മറിഞ്ഞു എന്നറിഞ്ഞാൽ പോലും അന്നേരം എനിക്കാ ചങ്ങാതിയോട് ഒരു സഹതാപവും തോന്നില്ലായിരുന്നു...അപ്ലത്തെ എന്റെ അവസ്ഥ വെച്ചുനോക്കുമ്പോൾ!
കുനിഞ്ഞ് കുനിഞ്ഞ് ഭൂമിയോളം അമർന്നിരുന്ന ഞാൻ ഇടം കണ്ണിട്ട് ആ ഭയങ്കരന്മാരെ ഒന്നു കൂടെ നോക്കി. ടാക്കീസിലെ ഇരുളുമായി ഇനിയും സന്ധിയായിട്ടില്ലാത്ത കണ്ണും വെച്ച് സീറ്റ് തപ്പി നടക്കുന്നു വിദ്വാന്മാർ!
ആ നിമിഷാർദ്ധം എനിക്ക് ധാരാളമായിരുന്നു.പ്രമീളാമ്മയുടെ ഇരിപ്പും കിടപ്പും മറന്ന് ഒറ്റക്കുതിക്ക് ആ തകരവാതിൽ വലിച്ചു തുറന്ന് ഞാൻ പുറത്ത് ചാടി....ഇങ്ങോട്ട് വന്ന്തിന്റെ പകുതി സമയം കൊണ്ട് തിരിച്ചുള്ള ദൂരം പിന്നിട്ട് നേരെ ക്ലാസ്സിൽ വന്നു കയറി! പിന്നെ രാമനാരായണാന്നുള്ള ആ പാട്ട് പ്ലാൻ ചെയ്ത്തതിലും ഒരു രണ്ടു മണിക്കൂർ മുന്നേ പാടി അടുത്തിരിക്കുന്നവനോട് കാര്യം തിരക്കി!
കഴിഞ്ഞ അഞ്ചാറു കൊല്ലത്തെ ചോദ്യ പേപ്പറുകൾ കെട്ടാക്കി കൊണ്ടുവന്ന് അത് മുഴോനും കുട്ട്യേൾക്ക് വിതരണം ചെയ്ത്, "ക്ലാസ് കഴിയും മുന്നേ എല്ലാം ചെയ്തു തീർക്കണം" എന്നൊരു സുഗ്രീവാജ്ഞയും കൊടുത്ത് ഒരുപ്പോക്ക് പോയതാണത്രേ മാഷ്!
പറന്നു വെട്ടുന്നവനെ തടുക്കാൻ പടച്ചോൻ എറിഞ്ഞിടുന്നവനെ പടയ്ക്കും! അല്ലാണ്ടെന്തു പറയാൻ...!!
പിന്നീടെപ്പഴോ ബഹുജനങ്ങളുടെ നിരന്തരാഭ്യർത്ഥന മാനിച്ച് അതേ ടാക്കീസിൽ ഉൽപത്തി ഒരു രണ്ടാം വരവ് വന്നപ്പോഴാണ് ഒരിക്കൽ ചീറ്റിപ്പോയ തന്ത്രം തന്നെ പയറ്റി പ്രമീളാ മാഡത്തിനെ വിശാലമായി ഒന്നു കണ്ടത്. (പറയുമ്പോ എല്ല്ലാം പറയണമല്ലോ....അതിലെ യഥാർത്ത താരം പക്ഷേ പ്രമീള ആയിരുന്നില്ല...ആ താരത്തിനെ അതിനു മുൻപോ ശേഷമോ ഞാനൊട്ട് കണ്ടിട്ടുമില്ല)
ഇപ്പോ ആന്റണിയോസിന്റെ ബ്ലോഗിൽ കണ്ടപ്പഴാണ് ഉൽപത്തി വിണ്ടും പത്തിരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം ഒരോർമ്മ പുതുക്കലിനെത്തുന്നത്. അനാവൃതമായിക്കിടക്കുന്ന തുടകളും, പുതപ്പിട്ട് മൂടിയ രതിചലനങ്ങളും അരഞ്ഞാണച്ചരട് മാത്രം കെട്ടിയ സ്ഥൂല നിതംബങ്ങളും മാത്രം തീപ്പിടിപ്പിക്കാത്ത സിരകളുമായി ആലോചിക്കൂമ്പോൾ തോന്നുന്നു, യഥാർത്തത്തിൽ മലയാള സിനിമാ ചരിത്രത്തിൽ ഒരു വിപ്ലവമായി അടയാളപ്പെടുത്തേണ്ടുന്ന ഒരു സിനിമയായിരുന്നു ഉൽപത്തി.
പ്രമീളയും കാമുകനും (രവി കുമാർ?) തമ്മിലുള്ള അതിരു വിട്ടൊരു വേഴ്ചാരംഗം, കെ.പി ഉമ്മർ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രമീളയെ ബലാത്സംഗം ചെയ്യുന്ന ഒരു രംഗം (ഇത് തുണ്ട് കയറ്റി പൊലിപ്പിച്ചെടുത്തത്) പിന്നെ ആ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒരു നടിയും കെ.പി. ഉമ്മറും തുടങ്ങി വെച്ച് പിന്നീട് അക്കാലത്തെ നിലവാരം വെച്ചു നോക്കുമ്പോൾ നീല എന്നു തന്നെ പറയാവുന്ന തുണ്ട് കയറ്റിയ ഒരു രംഗം....ഇത്രയുമായിരുന്നു (കാല ദേശ വത്യാസങ്ങൾ കണ്ടേക്കാം, ഓർമ്മയിൽ നിന്നെടുത്തെഴുതിയതാണ്) ഉൽപത്തിയെ ഉൽപത്തിയാക്കി മാറ്റിയ ചേരുവകൾ!
പക്ഷേ കോമൺ സെൻസുള്ള ഒരു സംവിധായകനും ബിറ്റ് രംഗങ്ങൾ ഉൾപ്പെടുത്തിയ തന്റെ സിനിമ സെൻസർ ബോർഡിനയക്കില്ലല്ലോ? പിന്നെന്തിനായിരുന്നു ബോർഡ് ആ പടത്തിന് അനുമതി നിഷേധിച്ചത്?ഇനി അങ്ങിനെയാണെങ്കിൽ തന്നെ ആ പറഞ്ഞ രംഗങ്ങളോടെ ഒരു കോടതിയും ഒരു സിനിമയ്ക്കും പ്രദർശനാനുമതി കൊടുക്കാനും തരമില്ല! അപ്പോൾ......?
മലയാള സിനിമാ ചരിത്രത്തിൽ ഉൽപത്തിയ്ക്കു മുൻപോ അതിനു ശേഷമോ ഒരു സംവിധായകനും കഥയായി ആലോചിക്കുക പോലും ചെയ്യാത്ത അതിന്റെ പ്രമേയമായിരുന്നു ശരിക്കും സെൻസർ ബോർഡിനെ ചൊടിപ്പിച്ചിട്ടുണ്ടാവുക എന്നിപ്പോൾ തോന്നുന്നു.
“എന്തേലുമൊക്കെ ഇപ്പം വരും...ദാ വന്നു......ഛായ് നശിപ്പിച്ചു“ എന്നൊക്കെയുള്ള വെപ്രാളത്തിൽ അന്ന് ആ സിനിമയുടെ കഥയും കോപ്പും ക്ലൈമാക്സുമൊന്നും ശ്രദ്ധിച്ചിരുന്നിരിക്കാൻ തരമില്ല. പക്ഷേ ഇപ്പോൾ അതോർത്തെടുക്കാൻ കഴിയുന്നുണ്ട്. ആദി മദ്ധ്യാന്ത പ്പൊരുത്തത്തോടെയല്ലെങ്കിലും!
കെ.പി ഉമ്മർ അവതരിപ്പിക്കുന്ന പോലീസുകാരൻ ദുഷ്ട കഥാപാത്രം ഏതോ ഒരു സാഹചര്യത്തിൽ പ്രമീള അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഓടിച്ചു പിടിച്ച് ബാലാൽസംഗം ചെയ്യുന്നു.അതിലുണ്ടായ പെൺകുട്ടി പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി വളരുകയും പിന്നീടെപ്പൊഴോ ഒരു റെയ്ഡിനിടയിലോ മറ്റോ ഈ മകൾ പഴയ പോലീസുകാരന്റെ മുന്നിലെത്തിപ്പെടുകയും ആളറിയാതെ അയാൾ അവളെ പ്രാപിക്കുകയും ചെയ്യുന്നതായിരുന്നു അതിന്റെ പ്രമേയം!...ക്ലൈമാക്സ് ഓർമ്മയില്ല! (മിക്കാവാറും അതു കണ്ടിരിക്കാനും ഇടയില്ല)
കപട ലൈംഗിക സദാചാരത്തിന്റെ അപ്പോസ്‌തലന്മാരായ മലയാളിക്ക് മുന്നിൽ അച്ഛനും മകളും തമ്മിലുള്ള രതി പ്രമേയമാക്കാൻ ഇരുപത്തഞ്ചു വർഷം മുന്നേ ഒരു സംവിധായകൻ കാണിച്ച ധൈര്യത്തിനു കൊടുക്കണ്ടേ സാർ, കടുപ്പത്തിൽ ഒരു സലാം!

