Thursday, September 07, 2006

കാട്ടാളനൃത്തം

(.......വിയറ്റ്‌നാം,ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,പലസ്തീന്‍,ഇറാഖ്‌....ഇതാ ഇപ്പോള്‍ ലെബനോണും. നാളെ ഒരു പക്ഷേ ഇറാന്‍ പിന്നെ കൊറിയ.......? തുടക്കവും ഒടുക്കവുമില്ലാത്ത ഈ പട്ടികയില്‍ ടിപ്പണിചേര്‍ക്കപ്പട്ട ജീവിതങ്ങള്‍ക്കു മുന്നില്‍ ഇതു സമര്‍പ്പിക്കുന്നു)

കാട്ടാളനൃത്തം

കേള്‍ക്കുന്നുവോ നിങ്ങള്‍ രാവിന്റെയങ്ങേക്കരെ നിന്നും
കരള്‍പൊട്ടിക്കീറുമാ ദീന പ്രരോദനം
കേള്‍ക്കുന്നുവോ നിങ്ങള്‍ ഇരുളിന്‍ മറപറ്റി-
ത്താണു പറക്കും കഴുകിന്‍ ചിറകടി

നരകാന്ധകാരത്തിന്‍ ഗര്‍ഭം പിളര്‍ന്നേതോ
നരകാസുരന്മാര്‍ കനലാട്ടമാടുന്നു
നീലിച്ച രാവിന്റെ മാറില്‍ നഖമാഴ്ത്തി
നക്തഞ്ചരന്മാര്‍ പേക്കൂത്തു കൂവുന്നു

അഗ്നിച്ചിറകോലുമാകാശയാനങ്ങള്‍
ഉഷ്ണം ജ്വലിപ്പിച്ചിരമ്പിപ്പറക്കുന്നു
ശോണപുഷ്പം ചിതറും തെരുവിന്റെ മക്കളോ
ശ്വാസം വിലങ്ങിപ്പിടഞ്ഞു മരിക്കുന്നു.

കേള്‍ക്കുന്നുവോ നിങ്ങള്‍,
കേള്‍ക്കുന്നുവോ നിങ്ങള്‍,രാവിന്റെയങ്ങേക്കരെ നിന്നും
കരള്‍പൊട്ടിക്കീറുമാ ദീനപ്രരോദനം
ആര്‍ത്തനാദങ്ങള്‍ തീണ്ടാത്ത ശയ്യാതലങ്ങളില്‍
ഗാഢം ശയിപ്പൂ കാവല്‍മാലാഖമാര്‍

ഛേദിച്ചു പോയ കൈത്തണ്ടില്‍ തല ചായ്ചു
നിത്യവിശ്രമം കൊള്ളും കുരുന്നിന്‍ തളിര്‍മുഖം
ഇത്തിരിമുന്‍പേതോ താരാട്ടിന്നീണത്തില്‍ കുഞ്ഞേ
അവള്‍ നിന്നെ പാടിയുറക്കിയോ

അമ്മിഞ്ഞപ്പാലിനു കേഴുന്ന പൈതലിന്‍ നെഞ്ചി-
ലഗ്നിബാണം തൊടുക്കുന്നു രാക്ഷസര്‍
ചെന്നിണച്ചാര്‍ത്തണിഞ്ഞാര്‍പ്പു വിളിച്ചവര്‍
കാട്ടാളനൃത്തച്ചുവടു മുറുകുന്നു

ഇല്ലയീമണ്ണില്‍ ജനിക്കില്ലിനിയൊരു മാമുനി
കൊല്ലരുതേയെന്നു തപിച്ചു പറയുവാന്‍
ഇല്ല നാം കാണില്ലിനിയൊരു നിസ്വനാം യോഗിയെ
നേര്‍വഴി കാണിച്ചു മുന്‍പേ നടക്കുവാന്‍

ഹിംസ തുടരട്ടെ, കാപാല നൃത്തം കൊഴുക്കട്ടെ, ചുടുചോര-
മോന്തിക്കുടിച്ചു തിമിര്‍ക്കട്ടെ ചെന്നായ്ക്കള്‍
കുന്നായ്‌ കുമിയും കബന്ധങ്ങള്‍ തിന്നു മൂര്‍ച്ഛി-
ച്ചാത്മദാഹം ശമിക്കട്ടെ നിങ്ങളില്‍

കുരുതിക്കളത്തിന്‍ നടുവില്‍, വിവസ്ത്രയായ്‌
ചത്തുകിടക്കും പെറ്റമ്മതന്‍ ചാരത്ത്‌
ദീനം വിലപിക്കും പൈതലെ കണ്ടു നി-
ന്നാര്‍ത്തു ചിരിക്കാം നമുക്കും, ദൈവത്തിനും

5 comments:

Physel said...

.......വിയറ്റ്‌നാം,ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,പലസ്തീന്‍,ഇറാഖ്‌....ഇതാ ഇപ്പോള്‍ ലെബനോണും. നാളെ ഒരു പക്ഷേ ഇറാന്‍ പിന്നെ കൊറിയ.......? തുടക്കവും ഒടുക്കവുമില്ലാത്ത ഈ പട്ടികയില്‍ ടിപ്പണിചേര്‍ക്കപ്പെ്പ്പട്ട ജീവിതങ്ങള്‍ക്കു മുന്നില്‍ ഇതു സമര്‍പ്പിക്കുന്നു

വല്യമ്മായി said...

നാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ചകള്‍ നന്നായിരിക്കുന്നു

ഇത്തിരിവെട്ടം|Ithiri said...

അമ്മിഞ്ഞപ്പാലിനു കേഴുന്ന പൈതലിന്‍ നെഞ്ചി-
ലഗ്നിബാണം തൊടുക്കുന്നു രാക്ഷസര്‍
ചെന്നിണച്ചാര്‍ത്തണിഞ്ഞാര്‍പ്പു വിളിച്ചവര്‍
കാട്ടാളനൃത്തച്ചുവടു മുറുകുന്നു

കാണാനാഗ്രഹിക്കാത്ത് കാഴ്ച.. കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്തകള്‍..
എല്ലാം അറിഞ്ഞും ഒന്നുമറിയാതെ ജീവിക്കാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍... പാവപെട്ടവെന്റെ നെഞ്ചില്‍ അറപ്പില്ലാതെ ചവിട്ടുന്ന സാമ്രാജ്യത്വം...

വാല്‍ കഷ്ണം. ഇറാഖിനെ ആക്രമിക്കാന്‍ ആമേരിക്ക പറഞ്ഞ പ്രധാന ന്യായങ്ങളില്‍ ഒന്ന് സദ്ദാമിന്റെ അല്‍ ഖ്വയ്ദാ ബന്ധമായിരുന്നു. അത് ശരിയായിരുന്നില്ലന്ന് പുതിയ വെളിപ്പെടുത്തല്‍.. ആരെ ബോധിപ്പിക്കാന്‍.. ആര്‍ക്കുമറിയില്ല.. വെളിപെടലുകകള്‍ക്കായി കാത്തിരിക്കാം. കാലം തെറ്റിപെയ്യുന്ന മഴപോലെയുള്ള സത്യങ്ങള്‍.

ഫൈസല്‍, ഒത്തിരി നന്നയിരിക്കുന്നു

കുറുമാന്‍ said...

ഫൈസല്‍ മാഷെ. സത്യം കണ്ണു നിറഞ്ഞു പോയി. മനോഹരം. കവിതയെ നിരൂപിക്കാന്‍ ഞാന്‍ ആളല്ല (എന്റെ ഭാര്യ കവിതയെ ഞാന്‍ നിരൂപിക്കും, ആതാണ് മാക്സിമം). സത്യം, അടുത്തിടെ വായിച്ചതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ കവിതയാണിത്. സെപ്റ്റംബറില്‍ എഴുതിയ ഈ കവിത ഞാന്‍ എങ്ങനെ കാണാതെ പോയി.

നെഞ്ചില്‍ തട്ടി പറയുന്നു മാഷെ. ആസ്വദിച്ചല്ല വായിച്ചത്, വേദനിച്ചും, ഓരോ സീനും വിഷ്വലൈസ് ചെയ്തുമാണ്. നന്ദി. ഒരുപാടൊരുപാട് നന്ദി

Physel said...

ഹായ് കുറുമാന്‍...ദെന്താ ഈ നേരം തെറ്റിയ നേരത്ത് ഇവിടെങ്ങനെ എത്തിപ്പെട്ടു? ഏതായാലും കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട് കേട്ടോ!