കനത്ത നിശ്ശബ്ദതയിലാഴ്ന്ന് നീണ്ടു കിടക്കുന്ന ഇടനാഴിയുടെ അറ്റത്ത് ഇരുട്ട് കട്ടപിടിച്ചു നിന്നു. ഇടനാഴിയിലൂടെ കടന്നാല്‍ എവിടെയാണെത്തിച്ചേരുക എന്നു പോയി നോക്കാന്‍ ഒന്നു രണ്ടു തവണ ആലോചിച്ചതാണ്. പക്ഷേ, എന്തു കൊണ്ടോ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. ഒരുപക്ഷേ, ഓപ്പറേഷന് തിയേറ്ററുകളാവാം അപ്പുറത്ത്. അല്ലെങ്കില്‍ എക്സ്റേ എടുക്കുന്ന മുറിയോ, രക്തം പരിശോധിക്കുന്ന സ്ഥലമോ ആയിരിക്കും. അതുമല്ലെങ്കില്‍ ശവങ്ങള് സൂക്ഷിക്കുന്ന തണുത്ത മുറിയിലേക്ക് അതുവഴി എത്താമായിരിക്കും. വെളുത്ത നിഴല്‍ രൂപമായി ഇരുളില്‍ നിന്നും പ്രത്യക്ഷപ്പെട്ട നഴ്സ് ഉറക്കച്ചടവ് മാറാത്ത മുഖവുമായി ഇടനാഴിയിലൂടെ നടന്നു വന്നു. കലങ്ങിയ അവരുടെ കണ്ണുകളില്‍ ഒരു വലിയ കോട്ടുവാ ഉറങ്ങിക്കിടപ്പുണ്ടെന്നു തോന്നി. അവരുടെ വെളുത്ത ഷൂ നിലത്തു തട്ടി ഉയരുന്ന മൂര്‍ച്ചയുള്ള ശബ്ദം, ഇളം പച്ച ചായമടിച്ച ചുവരുകളില്‍ തട്ടി ഒരു ഘടികാരത്തിന്റെ കൃത്യമായ താളത്തോടെ ഇടനാഴി മുഴുവന്‍ പ്രതിധ്വനിച്ചു. ചുവന്ന വൃത്തത്തിനകത്ത് വെളുത്ത കുരിശ് വരച്ചുവെച്ച ചില്ലുവാതില്‍ തുറന്ന് അവര്‍ അപ്രത്യക്ഷയായി. അവര്‍ക്കു പിന്നില്‍ വാതില്‍ പതുങ്ങിയ ശബ്ദത്തോടെ അടഞ്ഞു. വീണ്ടും നിശ്ശബ്ദത. അപ്പുറത്ത് രോഗികള്‍ക്കിരിക്കാനുള്ള ബെഞ്ചില്‍ ദൃഷ്ടികള്‍ മുകളിലേക്കുയര്‍ത്തി നിശ്ചലനായിരിക്കുന്ന ചെറുപ്പക്കാരന്റെ മടിയില്‍ വളഞ്ഞു കൂനിക്കിടക്കുന്ന സ്ത്രീ വീണ്ടും അടഞ്ഞ ഒച്ചയില്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അയാളവിടെ ഇരിക്കാന്‍ തുടങ്ങിയതിനുശേഷം ഇടയ്ക്ക് നിലച്ചും, ഇടയ്ക്കുയര്‍ന്നും ഇടയ്ക്കിടറിയും അവര്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
കറുത്ത് തടിച്ച് അല്പം കുള്ളനായ ഒരു ഡോക്ടര്‍ ചില്ലുവാതില്‍ തുറന്ന് പുറത്ത് വരികയും അയാളുടെ നരച്ചു വെളുത്ത താടി പതുക്കെ ഉഴിഞ്ഞ് -അയാളിട്ടിരുന്ന മേല്ക്കുപ്പായത്തിനും തൂവെള്ള നിറമായിരുന്നു- "ഐം സോറി, ഷിസ് നോ മോര്" എന്നു തണുത്ത് മരവിച്ച സ്വരങ്ങള്‍ ആരോടെന്നില്ലാതെ പറഞ്ഞ്, ഇടനാഴിയിലെ ഇരുളില്‍ അലിഞ്ഞുചേരുകയും ചെയ്തിട്ട് ഏതാണ്ട് അര മണിക്കൂറോളം ആയിട്ടുണ്ടാവും. അവള് മരിച്ചുപോയ കൃത്യ സമയം ഓര്‍ത്തുവെക്കാന്‍, പക്ഷേ കൈത്തണ്ടയില്‍ അയാളൊരു റിസ്റ്റ്വാച്ച് ധരിച്ചിട്ടുണ്ടായിരുന്നില്ല. മുമ്പ് പലപ്പോഴുമെന്നപോലെ ആ ഒരു ദുഃശീലത്തില്‍ (ആ ഒരു ദുഃശീലം മാത്രമായിരുന്നില്ല താനും അയാള്‍ക്കുണ്ടായിരുന്നത്) സ്വയം ഈര്‍ഷ്യ തോന്നുകയും ചെയ്തു. മരണവാര്‍ത്ത പെട്ടെന്നറിഞ്ഞപ്പോള്‍ ഉണ്ടായ പരിഭ്രമംകൊണ്ടും, ആ സ്ത്രീയും ചെറുപ്പക്കാരനും -അവളുടെ ചേച്ചിയും മകനുമാണ് അവര്‍ എന്ന് അയാള്‍ക്ക് അതിനകം മനസ്സിലായിരുന്നു- എങ്ങിനെയാവും പ്രതികരിക്കുക എന്ന ഉത്കണ്ഠയാലും സമയത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ അപ്പോള്‍ കഴിഞ്ഞിരുന്നില്ല. യുവാവ് അങ്ങിനെയൊരു മരണം പ്രതീക്ഷിച്ചിരുന്നു എന്നു തോന്നി. അതുവരെ ചില്ലുവാതിലിന് എതിര്‍വശത്തായി ചുമരും ചാരി നില്‍ക്കുകയായിരുന്ന അയാള്‍, പെട്ടെന്ന് ഉച്ചത്തില്‍ ചിതറി വീണ ഒരു കരച്ചില് ദേഹം മുഴുവന്‍ ശക്തമായി ഇളകിക്കൊണ്ടിരുന്ന അമ്മയുടെ അടുത്ത് ബെഞ്ചില്‍ ചെന്നിരുന്ന്, അവരുടെ തല മെല്ലെയെടുത്ത് മടിയില്‍ വെച്ച്, അങ്ങിങ്ങ് സിമന്റു തേപ്പടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ വെളിയില്‍ കാണുന്ന മോന്തായത്തില്‍ നോട്ടമുറപ്പിച്ച് ഇരിക്കാന്‍ തുടങ്ങി. ഇനിയും എന്താണ് ചെയ്യേണ്ടത് എന്ന ഒരുതരം അനിശ്ചിതാവസ്ഥ ആ ചെറുപ്പക്കാരന്റെ ചലനങ്ങളില്‍നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.
അതെല്ലാം കഴിഞ്ഞ് നിശ്ശബ്ദതയുടെയും തേങ്ങിക്കരച്ചിലിന്റെയും കാലൊച്ചകളുടെയുമെല്ലാം ഒരുദ്ദേശം അര മണിക്കൂര്‍ കഴിഞ്ഞു പോയിട്ടിപ്പോഴാണ് അവളുടെ കൃത്യമായ മരണ സമയത്തെക്കുറിച്ചുള്ള ചിന്ത അയാളുടെ തലയിലേക്ക് കയറിവന്നത്. "കോളേജ് ലക്ചറര്‍ ആത്മഹത്യ ചെയ്തു"എന്ന തലക്കെട്ടിനു താഴെ "നഗരത്തിലെ പ്രശസ്തമായൊരു കോളേജിലെ ഇംഗ്ലീഷ് ഭാഷാധ്യാപികയും, അറിയപ്പെട്ടു വരുന്ന ഒരെഴുത്തുകാരിയുമായിരുന്ന ആശാമാത്യു തുരുത്തിക്കാട്ടില്‍ (39) ആത്മഹത്യ ചെയ്തു. വിഷം കഴിച്ച് അബോധാവസ്ഥയില്‍ വെള്ളിയാഴ്ച രാത്രി മൂത്ത സഹോദരിയുടെ വീട്ടില്‍ കാണപ്പെട്ട ഇവരെ ഉടന്‍തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു" എന്നു തുടങ്ങുന്ന ഒരു സിംഗിള്‍ കോളം വാര്‍ത്തയില്‍, വെളുപ്പിന് രണ്ടേ അമ്പത്തി മൂന്നിന് അല്ലെങ്കില്‍ മൂന്നേ ആറിന് മരണം സംഭവിക്കുകയായിരുന്നു എന്ന ഒരു തിരുത്തലിന്റെ അസ്വാഭാവികത, ലക്ഷക്കണക്കിന് വായനക്കാരുള്ള ഒരു പത്രത്തിന്റെ സബ് എഡിറ്ററായി ജോലി ചെയ്യുന്ന അയാള്‍ക്ക് നല്ലപോലെ ബോധ്യമുണ്ടായിരുന്നു. അത്തരം വാര്‍ത്താധിഷ്ഠിതമായ ഒരു സമയപ്രശ്നമായിരുന്നില്ല അയാളെ അപ്പോള്‍ അലട്ടിക്കൊണ്ടിരുന്നതും. ഉറങ്ങുമ്പോള്‍പ്പോലും വട്ടത്തില്‍ വെളുത്ത ഡയലും കറുത്ത സ്ട്രാപ്പുമുള്ള ഒരു പഴയ എച്ച്.എം.ടി. വാച്ച് കൈയില്‍ ധരിച്ചിരുന്നവളും (ആ ഒരു പഴയ വാച്ചും അരയില്‍ കറുപ്പു നൂലില്‍ കോര്‍ത്തു കെട്ടിയ ഒരേലസ്സുമല്ലാതെ മറ്റൊരാഭരണവും അവളുടെ ദേഹത്ത് അയാള്‍ കണ്ടിരുന്നില്ല) ഇണചേരുന്ന നേരത്തായാലും ശക്തമായൊരു സമയംബോധം വെച്ചു പുലര്‍ത്തിയിരുന്നവളുമായ അവളുടെ മരണസമയം കൃത്യമായി രേഖപ്പെടുത്തി വെക്കാന്‍ കഴിയാതെ പോവുന്നത്, മരിച്ചു കഴിഞ്ഞിട്ടാണെങ്കില്‍പോലും അവളോടു ചെയ്യുന്ന കടുത്ത ഒരനീതി ആയിട്ടാണ് അയാള്‍ക്കനുഭവപ്പെട്ടു കൊണ്ടിരുന്നത്. പ്രത്യേകിച്ചും അവളുടെ ജീവിതത്തിലെ അവസാനത്തെ ഏഴു മാസങ്ങള്‍ മിക്കവാറും അയാളോടൊത്താണ് അവള് ചെലവഴിച്ചിരുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ഒഴിവാക്കാന്‍ പാടില്ലായിരുന്ന ഒരു ബാധ്യത ആയിരുന്നു എന്നുതന്നെ അയാള്‍ കരുതി. അയാള്‍ക്കു മാത്രമായി ഒരു ബാധ്യത ബാക്കി വെച്ചിട്ടാണല്ലോ അവള് പോയതും. പാന്റ്സിന്റെ കീശയില്‍ പോലീസിന് കൈമാറാന്‍ വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അവളുടെ മരണക്കുറിപ്പില്‍ നിന്നും അപ്പോഴും ജീവന്റെ നേരിയ ചൂട് പുറപ്പെടുന്നുണ്ട് എന്നയാള്‍ക്ക് തോന്നി.
മൂന്നു ദിവസം നീണ്ട ഒരു സെമി ഒഫീഷ്യല്‍ യാത്ര കഴിഞ്ഞ് രാത്രി തിരിച്ചെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ അയാള്‍. തണുത്ത വെള്ളത്തില്‍ ഒരു കുളി, രണ്ടു ലാര്‍ജ്, 'കോളറാ കാലത്തെ പ്രണയ'ത്തിന്റെ ഒരു രണ്ടാം വായനയുടെ തുടക്കം. വന്നു കയറുമ്പോള്‍ തന്നെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ടെലിഫോണ്‍ ബെല്‍ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അപ്പുറത്ത് മാധവേട്ടന്റെ ശബ്ദം ഉദ്വേഗംകൊണ്ട് വിറച്ചിരുന്നു എന്നു തോന്നി.
"താനിതെവിടെപ്പോയി...?"
"ഞാനിപ്പോ വന്നു കയറിയേ ഉള്ളൂ മാധവേട്ടാ... എന്തേ?"
"ഡോ, നമ്മുടെ ആശ വിഷം കഴിച്ചൂന്ന്... മെഡിക്കല്കോളേജിലാ... ഒരാള്‍ മൂന്നാലു തവണയായി..."
മാധവേട്ടന് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.മുമ്പൊരിക്കലും അത്രയും വേഗത്തില്‍ ഡ്രൈവ് ചെയ്തിരുന്നില്ല. രാത്രി ഏറെ വൈകിയതു കൊണ്ടാവണം റോഡ് മിക്കവാറും വിജനമായിരുന്നു. തകര്‍ത്തു പെയ്യാനൊരുങ്ങുന്ന മഴയുടെ തിരപ്പുറപ്പാടെന്നവണ്ണം ആകാശത്ത് മിന്നല്‍പ്പിണരുകള്‍ പുളഞ്ഞു. സില്‍വര്‍ഹില്‍സില്‍ നിന്നും മെഡിക്കല്‍കോളേജിലേക്കുള്ള എട്ടു കിലോമീറ്റര്‍ ദൂരം തനിക്കു മുന്നില്‍ അവസാനമില്ലാതെ നീണ്ടു പോവുകയാണെന്നു തോന്നി. കാഷ്വാലിറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ധൃതിയില്‍ ഇറങ്ങി നടക്കുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. എന്‍ക്വയറി ഒരു ശവപ്പറമ്പുപോലെ ശൂന്യം. ഇരച്ചുവന്ന ദ്വേഷ്യം ഒതുക്കി എമര്‍ജന്‍സിയിലേക്ക് നടക്കവേ പൊട്ടിവീണപോലെ മുന്നില്‍ ഡോ. സിദ്ധാര്‍ഥ്.
"ഏയ്, ഇയ്യാളെന്താ ഇവിടെ...?"
"താങ്ക് ഗോഡ്... ഞാനൊരു പേഷ്യന്റിനെ അന്വേഷിച്ച്..."
"ആരാ?"
"വിഷം കഴിച്ച് ഒരു സ്ത്രീയെ കൊണ്ടുവന്നില്ലായിരുന്നോ..."
"ആശാ മാത്യു?"
"അതെ, അവര്‍...?"
"അവരെ ഐസിയുവിലേക്ക് മാറ്റി"
"എനിതിംഗ് സീരിയസ്?"
"തന്റെ ആരാ?"
"അടുത്ത സുഹൃത്താണ്"
പൊടുന്നനെ സിദ്ധാര്‍ത്ഥിന്റെ മുഖത്തെ ചിരി മാഞ്ഞു. തെല്ലിട ഒന്നു സംശയിച്ചു നിന്ന് പിന്നെ തോളില്‍ തട്ടിയിട്ട് അയാള്‍ പതിയെ പറഞ്ഞു.
"ലെറ്റ്സ് ഹോപ് ഫോര്‍ ദ ഗുഡ്"
പുറത്ത് മഴ കനത്തു.
ഐ.സി.യു.വിന് മുന്നില്‍ ചെറുപ്പക്കാരനെയും അയാളുടെ അമ്മയെയും കൂടാതെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു വന്നപോലെ മറ്റു രണ്ടു പേര് കൂടെ ഉണ്ടായിരുന്നു അപ്പോള്‍. ഇരുളിലേക്ക് നീണ്ടുപോകുന്ന ഇടനാഴിയുടെ നിശ്ശബ്ദതയില്‍ ഉച്ചത്തിലുച്ചത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തിന്റെ അദൃശ്യ സാന്നിധ്യം അയാള്‍ക്കനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. മൗനത്തിന്റെ സുതാര്യമായ ചില്ലുപാളികള്‍ ഉടച്ച് ഏതു നിമിഷവും വന്നെത്താവുന്ന ഒരു കറുത്ത ദൂതിന്റെ കാലൊച്ചകള്‍പോലെ അതയാള്‍ക്കു തോന്നി. അപരിചിതന്റെ സന്ദേഹത്താല്‍ പതിഞ്ഞ കാല്‍വെപ്പുകളോടെ അവരില്‍ അല്പം പ്രായം തോന്നിക്കുന്ന ഒരാള്‍ അയാള്‍ക്കരികിലേക്ക് വന്നിട്ട് കീശയില്‍നിന്നും നാലായി മടക്കിയ എഴുത്തെടുത്ത് ശ്രദ്ധാപൂര്‍വം തുറന്നു.
"ഈ അഡ്രസ്സ്...?" അയാളുടെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.
മുകളില്‍ ഇടതു മൂലയ്ക്ക് തന്റെ വിസിറ്റിംഗ് കാര്‍ഡ് പിന് ചെയ്തുവെച്ച കനം കുറഞ്ഞ ഇളം നീലക്കടലാസ്സില്‍ ചുവന്ന മഷിയില്‍ കുറിച്ച, അല്പം ചെരിഞ്ഞ് മനോഹരമായ ചെറിയ അക്ഷരങ്ങള്‍ അയാള്‍ക്ക് നല്ല പരിചയമുള്ളവയായിരുന്നു.
"ഞാനാണ്"
ആ എഴുത്ത് വായിക്കാന്‍ തുടങ്ങിയ അതേ നേരത്താണ് നരച്ചു വെളുത്ത താടി വെച്ച ഡോക്ടര്‍ ചില്ലുവാതില്‍ തുറന്ന് ഇടനാഴിയിലേക്കിറങ്ങി വന്ന് അവള് മരിച്ചുപോയി എന്നറിയിച്ചിട്ട് ഇരുളിലേക്ക് നടന്നു മറഞ്ഞത്.ഇടനാഴിയില്‍ പൂര്‍ണമായ നിശ്ശബ്ദതയാണിപ്പോള്‍. കൈകള്‍ തലയ്ക്കു പിറകില്‍ പിണച്ചു ചേര്‍ത്ത്, എണ്ണപ്പാടുകള്‍ കറുത്തു കിടക്കുന്ന ചുവരില്‍ തല ചാരി കണ്ണടച്ചിരിക്കുകയാണ് ആ യുവാവ്. മടിയില്‍ അയാളുടെ അമ്മ ഒരു മയക്കത്തിലേക്കു ചുരുങ്ങി അനങ്ങാതെ കിടന്നു. ഇടക്കെപ്പഴോ അവരുടെ തളര്‍ന്ന തേങ്ങലുകള്‍ നേര്‍ത്തു നേര്‍ത്ത് അവസാനിച്ചിരുന്നു. അപരിചിതരായ മറ്റു രണ്ടു പേരും അപ്പോള്‍ ഇടനാഴിയില്‍ ഉണ്ടായിരുന്നില്ല. അവരെപ്പോഴാണ് അവിടെനിന്നും പോയതെന്ന് അയാള്‍ ശ്രദ്ധിച്ചിരുന്നുമില്ല. ആശുപത്രിയുടെ ഏതോ ഒരു കോണില്‍ നിന്നും ദീനം പിടിച്ച ഒരു കുഞ്ഞ് ദയനീയമായി നിര്‍ത്താതെ കരയുന്നത് അയാള്‍ക്ക് കേള്‍ക്കാമായിരുന്നു. ഒരുവേള ഇടനാഴിയുടെ അറ്റത്തെ ഇരുളില്‍ നിന്നാണ് ആ കുഞ്ഞിന്റെ നേരിയ കരച്ചില് ഉയരുന്നത് എന്നയാള്‍ക്കു തോന്നി. അതോടൊപ്പം പതിഞ്ഞ ഒച്ചയില്‍ ഉറക്കമിഴയുന്ന ഒരീണത്തില്‍ കേള്‍ക്കാമെന്ന് ആശിച്ച ഒരു താരാട്ടിനു വേണ്ടി ആ ഇരുളിലേക്ക് അയാള്‍ വെറുതേ ചെവിയോര്‍ത്തു.കനം കുറഞ്ഞ ഇളം നീലക്കടലാസ്സില്‍ ചുവന്ന അക്ഷരങ്ങളില്‍ കുറിച്ച, ഇപ്പോഴും ജീവന്റെ നേരിയ ചൂട് തങ്ങി നില്പുണ്ടെന്ന് തോന്നിയ ആ കറുപ്പിനെപ്പറ്റി അയാള്‍ വീണ്ടും ഓര്‍ത്തു. ഇരുന്നിരുന്ന പ്ലാസ്റ്റിക് കസേരയില്‍ നിന്നും പാതിയെഴുന്നേറ്റ് പാന്റ്സിന്റെ കീശയില്‍നിന്നും അയാള്‍ ആ കത്ത് പുറത്തേക്കെടുത്തു. നീല അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട നിറമായിരുന്നുവല്ലോ. ജ്വലിക്കുന്ന ഉച്ചയുടെ നിറമാണ് നീല എന്നാണവള്‍ പറയുക. ചുവപ്പ് അസ്തമയത്തിന്റേയും. അസ്തമയം ചുവപ്പിക്കുന്ന വൈകുന്നേരങ്ങളില്‍ കടപ്പുറത്തെ ചവോക്ക് മരങ്ങളുടെ നിഴലില്‍ രക്തവര്‍ണം പൂക്കുന്ന ആകാശത്തിന് പുറംതിരിഞ്ഞേ അവളിരിക്കൂ. അസ്തമയസൂര്യന്റെ ചുവന്ന ആകാശത്ത്, ഒഴുകിപ്പരന്ന ചോരയില്‍ വാ പിളര്‍ത്തിക്കിടക്കുന്ന മരണത്തിന്റെ പാതി തുറന്നിരിക്കുന്ന കണ്ണുകള്‍ അവള് കണ്ടു. ഇളം നീലക്കടലാസ്സില്‍ അവസാനമായി അവള് കോറിയിട്ട, ഒരല്പം ചരിഞ്ഞ് മനോഹരമായ ചുവന്ന അക്ഷരങ്ങള്‍, ജീവന്റെ നേരിയ ചൂടും നഷ്ടപ്പെട്ട് ഇപ്പോള്‍ അയാള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു കിടന്നു.
ജനവരി 13, 2006 - വെള്ളി - 10.35 pm
"...എങ്കിലും ഭൂമിയില്‍ ഈ ജീവിതം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു, അതുകൊണ്ട്, പ്രതാപവാനായിരുന്ന ആ മുഗള്‍ ചക്രവര്‍ത്തിയെപ്പോലെ ഞാനെന്റെ ജീവിതം ഇവിടെ ഉപേക്ഷിക്കുന്നു.എന്റെ മരണം എന്റെ മാത്രം സ്വകാര്യത ആയിരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതെന്റെ മാത്രം മരണമായിത്തന്നെയിരിക്കട്ടെ. അതിനുമേല്‍ നടത്തുന്ന ഏതൊരന്വേഷണവും മരിച്ചു കിടക്കുന്ന ഒരു പെണ്ണിന്റെ നഗ്നത ആസ്വദിക്കുന്നതിന് തുല്യമായിരിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു. എന്റെ മരണത്തിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. അല്ലെങ്കില്‍ എന്റെയീ മരണത്തിനു ഭൂമിയില്‍ ഞാനിഷ്ടപ്പെടുന്ന, എനിക്കേറ്റവും പ്രിയപ്പെട്ട എല്ലാവരും, എല്ലാതും ഉത്തരവാദികളാണ്. അതുകൊണ്ടാണല്ലോ ജീവിതത്തിനെ ഞാനിത്രമേല്‍ സ്നേഹിച്ചുപോയത്. സ്വപ്നത്തില്‍, എനിക്കേറ്റവും വിലപ്പെട്ടതെന്തോ, അതുപേക്ഷിക്കാനാണ് അവനെന്നോട് പറഞ്ഞത്. എനിക്കേറ്റവും വിലപ്പെട്ടത് എന്റെയീ ജീവിതം തന്നെയാണല്ലോ... അതുകൊണ്ട്, അവര്‍ക്കുവേണ്ടി ഈ ജീവിതം ഞാനുപേക്ഷിക്കുന്നു. അത്ര മാത്രം.
കുഞ്ഞൂഞ്ഞിന്,
ഇതോടൊപ്പം വെച്ച അഡ്രസ്സില്‍ മാത്രം ഈവിവരം അറിയിക്കുക. വിട്ടിട്ടു പോകാന്‍ എനിക്കൊട്ടും ഇഷ്ടമില്ലാത്ത ഈഭൂമിയിലേക്ക് എന്നെ ഇനിയും ബന്ധിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി മാത്രം ചില കടപ്പാടുകള്‍ ഞാന്‍ കൂടെ കൊണ്ടുപോകുന്നു. എന്റെ ഭര്‍ത്താവായിരുന്ന മാത്യു സാമുവേല്‍ ഇപ്പോഴെവിടെ ആണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ വിവാഹത്തിന്റെ ചില ശേഷിപ്പുകള്‍ എന്റെ ബാഗില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും അതദ്ദേഹത്തിന് എത്തിച്ചു കൊടുക്കണം. അമ്മയ്ക്ക് ആശ്രയമായി ഇനി നീ മാത്രമേ ഉള്ളൂ എന്ന് ഒരിക്കലും മറന്നു പോവരുത്."
ഒരു പ്രാര്‍ത്ഥനപോലെ നിത്യവും മുടങ്ങാതെ കുറിപ്പുകള്‍ എഴുതാറുള്ള അവളുടെ ഡയറിയില്‍, ജനവരി പതിമൂന്നാം തീയതിയിലെ പേജ്, തുടര്‍ന്നു വരാനുള്ള പേജുകള്‍ പോലെ തന്നെ ശൂന്യമായിരിക്കും, ഒരുപക്ഷേ.കടുത്ത പനിയിറങ്ങിയ തളര്‍ച്ചയില്‍ വിളറിയ മഞ്ഞ നിറം പകര്‍ന്ന ഒരു വൈകുന്നേരമാണ്, അയാളൊറ്റയ്ക്ക് താമസിക്കുന്ന ചെറിയ വീടിന്റെ തുരുമ്പിച്ച ഗെയിറ്റ് തള്ളിത്തുറന്ന് അവള് കയറി വന്നത്. ഇരുണ്ടതെങ്കിലും സൗമ്യമായ അവളുടെ ആകാരത്തിന് ചേരാത്ത എന്തോ ഒരു പൊരുത്തക്കേട് അവളുടെ കാല്വെപ്പുകളില് ഉണ്ടോ എന്നതായിരുന്നു അവളെക്കുറിച്ച് അയാള്‍ക്കുണ്ടായ ആദ്യത്തെ സന്ദേഹം. (നിറയെ അര്‍ധ വിരാമങ്ങളും, കുത്തുകളിട്ട് നീട്ടിയ ശൂന്യതയും നിറഞ്ഞ് അവളെഴുതുന്നതുപോലെ തന്നെയാണ് അവളും എന്ന് മനസ്സിലായതിനു ശേഷമാണ്, അറ്റമില്ലാതെ നീണ്ട സംശയങ്ങളെ അയാള്‍ മറക്കാന്‍ തുടങ്ങിയത്) അപരിചിതത്വത്തിന്റെ ഉപചാരങ്ങളൊന്നുമില്ലാതെ മുന്നില്‍ മുഷിഞ്ഞ കുഷ്യനിട്ട ചൂരല്‍ കസേരയില്‍ സ്വസ്ഥമായി ചാരിയിരിക്കുന്ന അവള് തെല്ലൊരമ്പരപ്പാണ് അപ്പോള്‍ അയാളില്‍ സൃഷ്ടിച്ചത്.
"മാധവേട്ടന് ഓഫീസിലേക്ക് വിളിക്കാന്‍ പറഞ്ഞിരുന്നു"
മുഖവുര കൂടാതെ ശാന്തമായാണ് അവള് സംസാരിച്ചു തുടങ്ങിയത്. അയാള്‍ ജോലി ചെയ്യുന്ന പത്രത്തിലെ സീനിയര്‍ ആര്‍ട്ടിസ്റ്റാണ് മാധവേട്ടന്. ലൈന്‍ കണക്ട് ചെയ്ത് കിട്ടിയ ഉടന്‍ മുഴങ്ങുന്ന ഒരു ചിരിയാണ് അയാളെ എതിരേറ്റത്.
"ആളവിടെ എത്തി അല്ലേ?"
"ഉവ്വ്"
"ഡോ, തന്നെ ഒരല്പം ബുദ്ധിമുട്ടിക്കാനാണ് എന്റെ തീരുമാനം. ആള് എന്റെ ജൂനിയറായി കോളേജില്‍ ഉണ്ടായിരുന്നതാ. ഇപ്പോ കോളേജില്‍ പഠിപ്പിക്കുന്നു. അല്പം എഴുത്തിന്റെ അസുഖോണ്ട്. ഇങ്ങോട്ട് സ്ഥലം മാറ്റായി നേരെ എന്റടുത്താ വന്നത്. ഞാനതിന് പറ്റിയ ഒരു സ്ഥലം തപ്പിയെടുക്കുന്ന വരെ ഒരു രണ്ടു ദിവസം അവളെ തന്റൊപ്പം നിര്‍ത്തണം."
"മാധവേട്ടാ അത്..."
"താനൊറ്റയ്ക്കാന്നും, പെണ്ണു കെട്ടീട്ടില്ലാന്നും ഒക്കെ എനിക്കറിയാഡോ. പക്ഷേ, അതിനെ വിശ്വസിച്ചേല്പിച്ചു തരാന്‍ എന്റട്ത്തിപ്പോ താന്‍ മാത്രേ ഉള്ളൂ. അതോണ്ട് താനൊന്ന് സഹായിച്ചേ പറ്റൂ."
പിന്നെ മറുത്തൊന്നും പറയാന്‍ അയാള്‍ക്കു തോന്നിയില്ല.
"ബുദ്ധിമുട്ടായി അല്ലേ?"
അവളുടെ സ്വരത്തില്‍ ക്ഷമാപണം കലര്‍ന്നിരുന്നു.
"ഏയ് അതല്ല, ഞാനിവിടെ തനിച്ചാ താമസം"
അതിനു പക്ഷേ, അവള് ചിരിച്ചതേ ഉള്ളൂ. ചിരിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ മാത്രമേ ചിരിക്കുന്നുള്ളൂ എന്നും, കറുത്ത ഫ്രെയിമുള്ള കണ്ണടയുടെ കട്ടിച്ചില്ലുകള്‍ക്കു പിറകില്‍ അവളുടെ കണ്ണുകള്‍ ജീവിതത്തിലൊരിക്കലും ചിരിച്ചിട്ടേയില്ലെന്നും അയാള്‍ക്കു തോന്നി.പിന്നീടെന്തു കൊണ്ടോ മറ്റൊരു താമസ സ്ഥലത്തിന്റെ കാര്യം അവര്‍ മൂന്നു പേരും മറന്നു പോയിരുന്നു.
ഇടനാഴിയുടെ അറ്റത്തെ സാന്ദ്രമായ ഇരുളിനെ പിളര്‍ന്നുകൊണ്ട് നിറം മങ്ങിയ വെളുത്ത യൂനിഫോം ധരിച്ച അറ്റന്റര്‍ ഒരു സ്ട്രെച്ചര്‍ തള്ളിക്കൊണ്ട് വരുന്നത് അയാള്‍ക്ക് കാണാമായിരുന്നു. വിദൂരമായ ഒരു ഭൂതകാലത്തില്‍ അതിനുണ്ടായിരുന്ന വെണ്മയുടെ അവശിഷ്ടങ്ങളെന്നോണം അങ്ങിങ്ങ് മുഷിഞ്ഞ വെള്ളപ്പാടുകള്‍ പറ്റിപ്പിടിച്ചിരുന്ന സ്ട്രെച്ചറിന്റെ വശങ്ങളില് ചോരക്കറ പുരണ്ട പ്ലാസ്റ്റര്‍ തുണ്ടുകള്‍ ഒട്ടിച്ചു വെച്ചിരുന്നു. ചില്ലു വാതില്‍ പൂര്‍ണമായും തുറന്നു വെച്ച് അയാള്‍ ആ സ്ട്രെച്ചര്‍ വലിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി. ഉയരം കുറഞ്ഞ മേശ മേല്‍ തല ചായ്ച്ചിരുന്നുറങ്ങുന്ന നഴ്സിന്റെ ഒരു പിന്‍ഭാഗ ദൃശ്യം ഒരു നിമിഷനേരത്തേക്ക് അയാള്‍ക്കു മുന്നില്‍ അവശേഷിപ്പിച്ചിട്ട് വാതില്‍ അടഞ്ഞു. ചെറുപ്പക്കാരന്റെ മടിയില്‍ മയക്കം ഞെട്ടിയ ആ സ്ത്രീ ആയാസപ്പെട്ട് പതുക്കെ എഴുന്നേറ്റിരുന്നു. ഇരു കൈകളും കൂട്ടി നെഞ്ചിനു മുകളില്‍ ചേര്‍ത്തു പിടിച്ച്, അടഞ്ഞു പോയ വാതിലിനു നേര്‍ക്ക് നോക്കിയിരുന്ന് അവര്‍ നിശ്ശബ്ദമായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.
"ദൈവം ചിലപ്പോള്‍ നാലര വയസ്സുള്ള ഒരു കുട്ടിയെപ്പോലാവും അല്ലേ?"
അതു പറയുമ്പോള്‍ അവളുടെ സ്വരം മഞ്ഞുകട്ട പോലെ തണുത്തിരുന്നു എന്ന് അയാള്‍ വ്യക്തമായും ഓര്‍ത്തു. പാതി ഉണര്ച്ചയില് ഉറഞ്ഞു പോയ ഒരു മൈഥുനത്തിന്റെ ആരംഭവും അന്നേരം അയാളുടെ ഓര്‍മയിലുണ്ടായിരുന്നു. രതി അവര്‍ക്കിടയില്‍ വല്ലപ്പോഴുമൊക്കെ സംഭവിച്ചു പോകുന്ന ഒരു അനിവാര്യത മാത്രമായിരുന്നു. അര്‍ഥശൂന്യവും ഭ്രാന്തവുമായ ലൈംഗികത ഇഴചേര്‍ത്ത് മെനഞ്ഞ ഒരു ഫ്രഞ്ച് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഒരാസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനിടയിലെപ്പഴോ ആണ് ആ നോവലിലെ തന്നെ കഥാപാത്രങ്ങളായി അവര്‍ സ്വയം രൂപാന്തരപ്പെട്ടു പോയത്. പിന്നീട് ചിലപ്പോള്‍ ഇനിയും പ്രതിരോധിക്കാന്‍ കഴിയാത്ത ഒരാവശ്യമായി, ഒരസ്വസ്ഥതയായി അവര്‍ക്കിടയില്‍ അത് വളരുമ്പോള്‍ മാത്രം, ആ നോവലിലെ അധ്യായങ്ങള്‍ക്ക് ചില പുനര്‍ വ്യാഖ്യാനങ്ങള്‍ നല്കാന് അവര്‍ തയ്യാറായി. അത്തരം ഒരു ശമനത്തിലേക്കുള്ള ഉണര്‍ച്ചയുടെ ഉഷ്ണപാതയിലെങ്ങോ വെച്ചാണ് അവളുടെ ഇടത് കാല്‍മുട്ടിനു കീഴെ നെടുനീളത്തില്‍ തിണര്‍ത്തു കിടക്കുന്ന മുറിപ്പാടില്‍ അയാളുടെ കൈവിരലുകള്‍ തടഞ്ഞു നിന്നു പോയത്.
"ഹെയ് വാട്സ് ദിസ്?"
എഴുത്തു മുറിയുടെ വെറും നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കു നടുവില്‍ അവള് പൂര്‍ണ നഗ്നയായി തണുത്തു കിടന്നു. അവളുടെ ഞരമ്പുകളിലെ ഉഷ്ണമാപിനിയില്‍ രസനിരപ്പ് അതിന്റെ ആരംഭത്തിലേക്ക് തിരിച്ചെത്തുന്നത് അയാളറിയുന്നുണ്ടായിരുന്നു. ഉരുണ്ടുയര്‍ന്നു വരുന്ന തിരമാലകള്‍ കരയിലേക്കടിച്ചു കയറി ശാന്തമായി പിന്‍വാങ്ങുന്നത് പോലെ തോന്നി അയാള്‍ക്ക്. എഴുത്തു മുറിയുടെ തണുത്ത നിലത്ത് വാക്കുകള്‍ മഞ്ഞുകട്ട പോലെ ഉറഞ്ഞു.
"രണ്ടു മക്കളെ പെറ്റവളാ ഞാനെന്ന് നിനക്കറിയോ...?"
എന്തോ ചോദിക്കാനാഞ്ഞ അയാളെ കൈ ഉയര്‍ത്തി വിലക്കി അവള് പതുക്കെ എഴുന്നേറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. പിന്നെ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ കവച്ചു കടന്ന്, അയാളുടെ എഴുത്തുമേശയ്ക്കരികില്‍ ഇട്ടിരുന്ന കസേര ജനാലയ്ക്കരികിലേക്ക് വലിച്ചിട്ട്, അടഞ്ഞു കിടന്നിരുന്ന ജനല്‍ പാളികള്‍ തുറന്നുവെച്ച്, പുറത്ത് തിളയ്ക്കുന്ന വെയിലിലേക്ക് നോക്കി അവളിരുന്നു. തെല്ലു നേരം കഴിഞ്ഞ് ദീര്‍ഘമായി ഒന്നു നിശ്വസിച്ച്, വീണ്ടും അയാള്‍ക്കു നേരെ തിരിഞ്ഞ് സ്വയമെന്നോണം പറഞ്ഞു തുടങ്ങുമ്പോള്‍ അവള്‍ക്കെങ്ങിനെ ഇത്ര നിര്‍വികാരയാകാന്‍ കഴിഞ്ഞു എന്ന് അയാള്‍ പിന്നീട് പലപ്പോഴും അമ്പരന്നിട്ടുണ്ട്.
“ദൈവം നാലര വയസ്സുള്ള ഒരു കുട്ടിയെപ്പോലാവും ചിലപ്പോള്‍, അല്ലേ? ഇഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കാന്‍ വാശി പിടിക്കുന്ന ഒരു കുട്ടി. എന്റെ മക്കളെ എന്നേക്കാള്‍ അതിനിഷ്ടപ്പെട്ടു പോയിട്ടുണ്ടാവണം. അതുകൊണ്ടല്ലേ എന്നെ ഇവിടെ ജീവിക്കാന്‍ വിട്ടിട്ട് അവരെയുംകൊണ്ട് അവന് പൊയ്ക്കളഞ്ഞത്?“
പ്രതിവചനങ്ങളുടെ നിരര്‍ത്ഥകത മറ്റൊരസ്വാസ്ഥ്യമായി അയാളില്‍ വളരാന്‍ തുടങ്ങിയപ്പോള്‍ എഴുത്തുമുറിയുടെ ജനാലയ്ക്കരികില്‍ അവളെ തനിയെ വിട്ട് അയാളെഴുന്നേറ്റ് ആ മുറിയില്‍നിന്നും പുറത്തേക്ക് പോയി. ഒരവധിക്കാല യാത്രയ്ക്കിടയില്‍ ഉണ്ടായ ഒരപകടത്തില്‍ മരിച്ചുപോയ രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചും, അതിനുശേഷം വെളിച്ചത്തെപ്പോലും ഭയന്ന് അടച്ചുപൂട്ടിയ ഇരുള്‍മുറിയില്‍ സ്വയം ബന്ധനസ്ഥയായി കുറേനാള്‍ കഴിഞ്ഞ അവരുടെ അമ്മയെക്കുറിച്ചും, ഒരു ദിവസം ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയ മാത്യു സാമുവേല്‍ എന്ന അവരുടെ അച്ഛനെക്കുറിച്ചും പിന്നീടൊരിക്കല്‍ മാധവേട്ടനാണ് അയാള്‍ക്കു പറഞ്ഞുകൊടുത്തത്.
പൊടുന്നനെ ഇടനാഴിയില്‍ അവശേഷിച്ചിരുന്ന വെളിച്ചവും അണഞ്ഞുപോയതായും, ഇരുളില്‍ വെളിച്ചത്തിന്റെ ഒരു ദീര്‍ഘ ചതുരം കുത്തി നിര്‍ത്തിയതുപോലെ ആ ചില്ലുവാതില്‍ മാത്രം കാണപ്പെടുന്നതായും അയാള്‍ക്കു തോന്നി. നിശ്ചേഷ്ടനായി അയാളങ്ങിനെ നോക്കിക്കൊണ്ടിരിക്കെ വാതില്‍ പൂര്‍ണമായും തുറക്കപ്പെടുകയും, മുഷിഞ്ഞ വെളുത്ത യൂനിഫോം ധരിച്ച അറ്റന്റര്‍ വശങ്ങളില് ചോരക്കറ പുരണ്ട പ്ലാസ്റ്റര്‍ തുണ്ടുകള്‍ ഒട്ടിച്ചുവെച്ച സ്ട്രെച്ചറില്‍ അവളുടെ ജഡം പുറത്തേക്ക് തള്ളിക്കൊണ്ടു വരികയും ചെയ്തു. വെളുത്ത ബാന്‍ഡേജുകൊണ്ട് തള്ള വിരലുകള്‍ ചേര്‍ത്തുകെട്ടിയ അവളുടെ കാല്പ്പാദങ്ങള് ഒരു നിമിഷം തന്റെ മുഖത്തേക്ക് അടുത്തു വരുന്നതായി അയാള്‍ കണ്ടു. നിസ്സഹായമായ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഇരിപ്പിടം വിട്ട് അയാളെഴുന്നേറ്റു. പിറ്റേന്നത്തേക്കുള്ള പഠനക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനിടയില്‍ പേന പോലും അടച്ചുവെക്കാന്‍ മറന്ന് തന്റെ കിടക്കയില്‍ അവള് നീണ്ടു നിവര്‍ന്നു കിടന്ന് ഉറങ്ങുകയാണെന്ന് അയാള്‍ വൃഥാ സങ്കല്പിച്ചു. പക്ഷേ, മരണത്തിന്റെ തിളക്കമറ്റ കണ്ണുകള്‍ പാതി തുറന്നുവെച്ച് അവള് അയാളെ ശൂന്യമായി നോക്കിക്കൊണ്ടിരുന്നു. കണ്ണുകളിലേക്ക് നേരിട്ട് തീവ്രമായി വെളിച്ചം പ്രവഹിക്കുന്നതുപോലെ അവളങ്ങിനെ നോക്കിക്കൊണ്ടിരിക്കുന്നത് അസഹ്യമായി തോന്നി അയാള്‍ക്ക്. മൃദുവായി ഉഴിഞ്ഞ് അവളുടെ കണ്ണുകള്‍ അടച്ചുകളയണമെന്നും അല്ലെങ്കില്‍ എന്നത്തേയുംപോലെ അശ്രദ്ധമായി അവളുടുത്തിരിക്കുന്ന സാരിത്തലപ്പാല്‍ അവയെ മൂടി വെക്കണം എന്നുമൊക്കെ അയാള്‍ അതിയായി ആഗ്രഹിച്ചു. എന്നിട്ടും ഒന്നു ചലിക്കാന്‍പോലുമാവാതെ, ആ സ്ട്രെച്ചറില്‍ വെറുതേ തിരുപ്പിടിച്ചുകൊണ്ട് ഒരു വിഡ്ഡിയെപ്പോലെ അയാളവിടെത്തന്നെ നിന്നു.അവളുടെ മുഖം കൈകളില്‍ ചേര്‍ത്തുപിടിച്ച്, ആ സ്ത്രീ കുനിഞ്ഞ് അവളുടെ നെറ്റിയില്‍ പതുക്കെ ചുംബിക്കുന്നത് ഒരു മൂടല്‍ മഞ്ഞിലൂടെയെന്നവണ്ണം അവ്യക്തമായി അയാള്‍ക്ക് കാണാമായിരുന്നു. അവരുടെ ഇരു തോളുകളിലും ബലമായി പിടിച്ചുകൊണ്ട് ആ ചെറുപ്പക്കാരന് അവര്‍ക്കു പിന്നില്‍ അയാളെത്തന്നെ ഉറ്റു നോക്കിക്കൊണ്ടു നിന്നു. താഴ്ന്ന സ്ഥായിയില്‍, അവസാനമില്ലാത്ത ഒരു ഞരക്കംപോലെ അടഞ്ഞ ഒച്ചയില്‍ വീണ്ടും ഒരു കരച്ചില് ഇടറിയുയര്‍ന്നു. അനുവാദത്തിനെന്നോണം അയാളെ ഒന്നു നോക്കിയശേഷം, അറ്റന്റര്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട് ഇടനാഴിയിലൂടെ മുന്നോട്ടു നടക്കാന്‍ തുടങ്ങി. അയാള്‍ക്കു പിറകിലായി ചെറുപ്പക്കാരനും അയാളുടെ ചുമലില്‍ മുറുകെ പിടിച്ചുകൊണ്ട് തളര്‍ന്ന ചുവടുകളോടെ ആ സ്ത്രീയും അവളെ അനുഗമിച്ചു. അടഞ്ഞു കിടന്ന ചില്ലു വാതിലിനു മുന്നില്‍ അയാളെ തനിച്ചാക്കിയിട്ട് ആ ചെറിയ വിലാപയാത്രാ സംഘം സാവധാനം നീങ്ങി ഇടനാഴിയുടെ അറ്റത്തെ ഇരുളില്‍ മറഞ്ഞുപോയി. അവര്‍ പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞിട്ടും സ്ട്രെച്ചറിന്റെ ചക്രങ്ങളില്‍ നിന്നുയരുന്ന നേര്‍ത്ത മുരള്‍ച്ചയും ഒരിക്കലും അവസാനിക്കാത്ത ഞരക്കംപോലെ ഒരു വിലാപവും ആ ഇടനാഴിയില്‍ തങ്ങിനില്‍പുണ്ടെന്ന് അയാള്‍ക്കു തോന്നി.
ഓളങ്ങളില്ലാതെ നിശ്ചലമായ തെളിഞ്ഞ ജലാശയംപോലെ അയാളുടെ മനസ്സിപ്പോള്‍ ശാന്തമായിരുന്നു. തൂ വെണ്മയാര്ന്ന കടലാസ്സില്‍, ഒരല്പം ചരിഞ്ഞ് മനോഹരമായ നീല അക്ഷരങ്ങളില്‍ ആരോ എഴുതുന്നതുപോലെ, ഒരിക്കലെവിടെയോ അവള് കുറിച്ചിട്ടിരുന്ന വരികള്‍ ഒരുറവയായി പൊടിഞ്ഞ് അയാളില്‍ നിറഞ്ഞു.
"മൃത്യുവിന്റെ ഇരുണ്ട ആകാശത്ത് ഒരു നക്ഷത്രം പോലും ഉദിക്കുന്നില്ല,
ഈകറുത്ത നിശ്ശബ്ദതയെ ഭേദിക്കാന്‍ ഒരു രാപ്പാടി പോലും പാടുന്നുമില്ല
ദൂരെ ചക്രവാളത്തില്‍ വിളറിയ ഒരമ്പിളിക്കീറു മാത്രം
നോക്കൂ,ഈ തെരുവിപ്പോള്‍ ശൂന്യമാണ്
തന്ത്രികള്‍ നുറുങ്ങി രാഗങ്ങളൊഴിഞ്ഞു പോയ തംബുരു പോലെ
എന്റെ ആത്മാവും
എങ്കിലും ഭൂമിയില്‍ ഈജീവിതം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു,
അതുകൊണ്ട്,
പ്രതാപവാനായിരുന്ന ആ മുഗള്‍ ചക്രവര്‍ത്തിയെ പോലെ
ഞാനെന്റെ ജീവിതം ഇവിടെ ഉപേക്ഷിക്കുന്നു.
എന്റെയുള്ളില്‍ ഇനിയും മരിക്കാത്തഎന്റെ മക്കള്‍ക്കുവേണ്ടി ഉപേക്ഷിക്കാന്‍
ഇഴകള്‍ പിഞ്ഞിപ്പോയ ഈജീവിതമല്ലാതെ മറ്റെന്തുള്ളൂ എനിക്ക്"
ഇടനാഴിയുടെ അറ്റത്ത് ഘനീഭവിച്ചു നില്ക്കുന്ന ഇരുളിലൂടെ കടന്നാല്‍ ശവങ്ങള് സൂക്ഷിക്കുന്ന തണുത്ത ചെറിയ മുറിയിലേക്ക് എത്തിച്ചേരാന്‍ കഴിയും എന്ന തിരിച്ചറിവോടെ, ഒരല്പം മുമ്പ് അവളുടെ ജഡവുമായി അവര്‍ പോയി മറഞ്ഞ വഴിയിലൂടെ അയാള്‍ ഒട്ടും ധൃതിയില്ലാതെ നടക്കാന്‍ തുടങ്ങി.
9 comments:
ഈ ബ്ലോഗ് റീ പബ്ലിഷ് ചെയ്യുകയാണ്. തനിമലയാളം അഗ്രഗേറ്ററില് പുതിയ പോസ്റ്റിങ് വരാത്തതു കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. ഗൂഗിളില്‍ ബ്ലോഗിന്റെ ലിങ്കില്‍ നിന്നും ഈ ബ്ലോഗ് കാണാന്‍ കഴിഞിരുന്നില്ല. ഇതെന്തുകൊണ്ടാണെന്നു ആര്‍ക്കെങ്കിലും ഒന്നു വിശദീകരിച്ചു തരാമൊ?
Good story, but the name of the doctor, confused? Pls check. In just above middle part, little bit long. Atleast my thinking.
Good story physel. (enable the word verification for comments to avoid spam attacks)
പ്രിയ ഫൈസല്‍,
ഈ പോസ്റ്റ് കമന്റുകള്‍ക്കതീതം. ഇതു നശിക്കാതെ നില്ക്കും കാലാകാലം. ഇത്ര മനോഹരമായ കഥകള്‍ വളരെ വിരളം. നല്ല കയ്യടക്കം.
വീണ്ടും വീണ്ടും വീണ്ടും എഴുതൂ ഇതുപോലെ.......
കഥ ഇഷ്ടമായി :)
ഫൈസല്‍ ചേട്ടാ,
അസ്സലായിരിക്കുന്നു. ശരിക്കും ഇഷ്ടപ്പെട്ടു. :-)
നന്ദി എല്ലാവര്ക്കും..
സുനിലിനു പ്രത്യേകം നന്ദി..തെറ്റു തിരുത്തിയിട്ടുണ്ട്. പകര്‍ത്തിയെഴുതിയപ്പോള്‍ വന്‍ പെട്ടതാണ്.
ഫൈസല്‍ ഭായ്,
വളരെ മനോഹരമായ കഥ... റിയലി ടച്ചിങ്ങ്
ഇതിലേക്കെത്താന്‍ സഹായിച്ച കുമാര്‍ ജിയുടെ ഉദ്യമത്തിന് നന്ദി.
നന്നായി എഴുതിയ കഥ
ഇതിലേക്കെത്താന്‍ സഹായിച്ച പ്രിയമുള പോസ്റ്റുകള്‍ക്ക് നന്ദി.
Post a Comment