Wednesday, January 09, 2008

കൊല്ലാന്‍ വന്ന ആനയും ഇക്കാസിന്റെ കല്യാണവും!!

കുറെക്കാലങ്ങള്‍ക്കു ശേഷം ഇന്നാണ്‌ കുറച്ചു സമാധാനമായി ബ്ലോഗുകള്‍ നോക്കുന്നത്‌. (ഈ ജോലി ഇല്ലെങ്കിലുള്ളൊരു ഗുണമേയ്‌!!)അപ്പോഴാണ്‌ വനജയുടെ, ബ്ലോഗുകളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടത്‌. അതിലൂടെ കുട്ടിച്ചാത്തന്റെ താരോദയം 2007 കണ്ടു. അവിടെ ദേവരാഗത്തിന്റെ കമന്റ്‌ കണ്ടു(കടലില്‍ തിര കണ്ടു, കപ്പല്‍ കണ്ടു)!!

കുത്താന്‍ വരുന്ന ആനയുടെ മുന്നില്‍ പെട്ടാല്‍ എന്താണു തോന്നുക എന്ന്‌ എന്നോടും കൈപ്പള്ളിയോടും ചോദിക്കാന്‍!!! (ഉവ്വേയ്‌...)

ചാകാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന കാര്യമാണ്‌ ഈ പോസ്റ്റിന്റെ തലക്കെട്ട്‌...സത്യമായും എനിക്കാദ്യം ഓര്‍മ്മവന്നത്‌ ഇക്കാസിന്റേം ജാസൂട്ടിയുടെയും കല്യാ‍ണമായിരുന്നു!!!!! അതു കഴിഞ്ഞ്‌ മലയാള മനോരമാ ആഴ്ചപ്പതിപ്പും!!!!

(പിന്നെ കൈപ്പള്ളിയുടെ കാര്യത്തില്‍ ഒരു സംശയം....ആനയ്ക്കു മുന്നില്‍പ്പെട്ട കൈപ്പള്ളിയുടെ അനുഭവം കൈപ്പള്ളിയോടു ചോദിക്കുന്നതിലും ഭേദം, കൈപ്പള്ളിയുടെ മുന്നില്‍പ്പെട്ട ആനയുടെ അനുഭവം ആനയോടു ചോദിക്കുന്നതല്ലേ?!!!)

അതോടൊപ്പം ലിങ്ക്‌ കൊടുത്ത ഫൊട്ടോയിലെ വീഡിയോഗ്രാഫറുടെ സ്ഥിതി അത്രയ്ക്കങ്ങ്‌ ആശങ്കാ ജനകമണെന്നു തോന്നുന്നില്ല....(മൂപ്പര്‍ക്കറിയുമോ ആവോ). നാലാലോരു നിവൃത്തിയുണ്ടെങ്കില്‍ ആനകള്‍ കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങാന്‍ മിനക്കെടില്ല. മരണഭയം തലയില്‍ക്കയറിയപ്പോള്‍ ആ തിയറി എനിക്കു മറന്നുപോയെങ്കിലും, പിന്നീട്‌ കൊല്ലാന്‍ വന്ന ആനയ്ക്കത്‌ ഓര്‍ത്തെടുക്കാന്‍ പറ്റിയതു കൊണ്ട്‌ ഇതെല്ലാം എഴുതാന്‍ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. (ആനയെ അതെല്ലാം പഠിപ്പിച്ച മാഷ്ക്ക്‌ സര്‍വസ്തുതിയുമിരിക്കട്ടേ!)

പക്ഷേ ഇതിനെല്ലാമുപരി എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത മറ്റൊരു സംഭവവുമുണ്ട്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ തവണ പേടി സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍നിട്ടുള്ളത്‌ എന്നെ ആനകള്‍ കുത്താന്‍ ഓടിക്കുന്നതായിട്ടാണ്‌. വളരെ ചെറുപ്പം മുതലേ അത്തരം സ്വപ്നങ്ങള്‍ എന്നെ പേടിപ്പിക്കാറുണ്ട്‌. ആനകളെ എനിക്ക്‌ ഇഷ്ടമാണെങ്കിലും!!സ്വപ്നത്തില്‍ നിന്നും അത്തരം ഒരനുഭവം നേരിട്ട്‌ ജീവിതത്തിലേക്കിറങ്ങിവരും എന്ന്‌ സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചിരുന്നില്ല. സത്യം!!

ആനകള്‍ ഓടിക്കുന്ന സ്വപ്നം ഇങ്ങനെ സീരിയലായി കാണുന്നത്‌ കൊണ്ട്‌ ശരിക്കും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും എന്ന്‌ പണ്ടൊക്കെ ഒരു പാട്‌ ആലോചിച്ചിരുന്നു.അന്നൊക്കെ കരുതിയത്‌ വളഞ്ഞുപുളഞ്ഞ്‌ ഓടിയാലോ, അല്ലെങ്കില്‍ കയറ്റത്തിലേക്ക്‌ ഓടിക്കയറിയാലോ ആനയില്‍ നിന്നും രക്ഷപ്പെടാം എന്നായിരുന്നു. പക്ഷേ ഒരു ബജാജ് ഓട്ടോറിക്ഷ പോലെ ചുരുണ്ട്‌ നിന്ന്‌ (ക.ട്: സിനിമാ നടന്‍ ജയറാം) ചാര്‍ജ്‌ ചെയ്യാന്‍ വരുന്ന ആന, മണിക്കൂറില്‍ നാല്‍പത്തിയഞ്ച്‌ കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുമെന്നും, മനുഷ്യന്റെ ഇരട്ടി വേഗത്തില്‍ കയറ്റം കയറുമെന്നും അറിഞ്ഞതോടെ ആ ധാരണയൊക്കെ ചീറ്റിപ്പോയി. ആനകള്‍ക്ക്‌ പക്ഷേ ഇറക്കം ഇറങ്ങല്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രക്രിയയാണെന്ന പുതിയൊരറിവ്‌ അതോടൊപ്പം കിട്ടുകയും ചെയ്തു.

ഇനി ആ കാള രാത്രിയിലേക്ക്‌ നേരിട്ട്‌.......!!

കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ ലീവില്‍ ഒരു പത്തു ദിവസത്തേക്ക്‌ നാട്ടിലെത്തിയതായിരുന്നല്ലോ ഞങ്ങള്‍. പത്തീസം കഴിഞ്ഞ്‌ കെട്ടിയോളേം പിള്ളാരേം തിരിച്ച്‌ ഖത്തറിലേക്ക്‌ കയറ്റി വിട്ട്‌ കുറച്ചു ദിവസം സമാധാനമായി ഊരുതെണ്ടാം എന്നു കരുതിയേടത്തു നിന്നും കഥ ആരംഭിക്കാം.തെണ്ടി തെണ്ടി തൊട്ടില്‍പാലം മൈസൂര്‍ റോഡില്‍ മൂന്നാം കൈ എന്ന സ്ഥലത്തുള്ള കൊരണപ്പാറമല വിജയകരമായി കീഴടക്കി തിരിച്ച്‌ തൊട്ടില്‍പാലത്തെത്തുമ്പോള്‍ രാത്രി ഏഴു മണി.

"തോല്‍ പെട്ടിയ്ക്ക്‌ പോയാലോ"? ആശയം ഞങ്ങള്‍ നാലുപേരില്‍ ആരുടെ തലയിലാണുദിച്ചതെന്ന്‌ ഓര്‍മ്മയില്ല.

"ശരി ചലോ ചലോ തോല്‍പ്പെട്ടി" ..മുന്നും പിന്നും ആലോചിക്കാന്‍ നിന്നാല്‍ പിന്നെന്തു ജീവിതം?

വണ്ടി മൈസൂര്‍ റോഡില്‍ കുറെ മുന്നോട്ട്‌ പോഴപ്പഴാണ്‌ മറ്റൊരുത്തന്റെ തലയില്‍ ബള്‍ബ്‌ കത്തിയത്‌.

"ഡാ നിനക്ക്‌ സ്ഥലമറിയാമോ"?!

"ഇല്ലാ" കൂളായ ഉത്തരം.

"വഴിയോ"?

"റോഡ്‌ ഇതു തന്നെ, സ്ഥലം കര്‍ണ്ണാടക ബോര്‍ഡറിലാണെന്നു തോന്നുന്നു, വഴി മ്മക്ക്‌ ചോയ്ച്ച്‌ ചോയ്ച്ച്‌ പൂവാം!!!

"ബെസ്റ്റ്‌! നല്ല തണുപ്പും കോടയുമുള്ള രാത്രിയില്‍ അവന്റമ്മായിയപ്പനിരിക്കുന്നു ചുരത്തില്‍ വഴി ചോദിക്കാന്‍...!!

മുന്നില്‍ പോകുന്ന ഒരു പാണ്ടി ലോറിയുടെ പിറകില്‍ വെച്ചു പിടിച്ചു ഞങ്ങള്‍.

നിശ്ശബ്ദമായി അങ്ങിനെ വണ്ടി പോയ്ക്കൊണ്ടിരിക്കെ എനിക്കു ഇക്കാസിന്റേം ജാസൂട്ടീടെം കല്യാണം ഓര്‍മ്മ വന്നു. അത്‌ അടുത്തയാഴ്ചയാണല്ലോ. ഏതായാലും നാട്ടിലുള്ള സ്ഥിതിക്ക്‌ വെറുതെ ഒന്നു പോയാലോ എന്നൊരു തോന്നലുണ്ടായിരുന്നു. ചില ബ്ലോഗര്‍മാരെയെങ്കിലും കാണാനും പരിചയപ്പെടാനും പറ്റുമല്ലോ.

"ഡാ ആരേലും അടുത്താഴ്ച കാക്കനാട്ടേക്ക് വരുന്നോ, എനിക്കൊരു കല്ല്യാണം കൂടാനുണ്ട്‌"

പൊതുവായി ഞാനൊരു ചോദ്യമെറിഞ്ഞു.കൂട്ടത്തിലെ ഗായകനായ സുഹൃത്ത്‌ എനിക്കു കൂട്ടു വരാം എന്നേറ്റു.

ഒരുപാടു ദൂരം പിന്നിട്ടിരിക്കണം. മുന്നില്‍പോകുന്ന ലോറി ഒരു ചെറിയ കവലയില്‍ നിര്‍ത്തി. അത്യാവശ്യം ഒന്നു രണ്ടു കടകളും ഒന്നു രണ്ടാള്‍ക്കാരുമൊക്കെയുള്ള സ്ഥലം. അവിടെയിറങ്ങി ഒരോ കട്ടന്‍ ചായയുമടിച്ച്‌ ഈ തോല്‍പെട്ടിയെക്കുറിച്ച്‌ ലോറി ഡ്രൈവറോട്‌ അന്വേഷിച്ചു. കിട്ടിയ ഉത്തരം അത്ര സുഖമുള്ളതായിരുന്നില്ല.

രാത്രി ആ വഴി ചെറു വാഹനങ്ങള്‍ പോവാറില്ല. ആനയും കാട്ടുപോത്തും ചിലപ്പോ പുലിയും കരടിയുമൊക്കെ ഇറങ്ങി നടക്കുന്ന വനപ്രദേശമാണത്‌.

"അത്യാവശ്യമാണെങ്കില്‍ ഞങ്ങളുടെ പിറകില്‍ വന്നോളൂ.."

പിന്നെന്താലോചിക്കാന്‍? ആ ലോറിയുടെ പിറകെ തന്നെ വീണ്ടും വിട്ടു.

വീണ്ടും കുറെ ദൂരം താണ്ടിയപ്പോള്‍ പക്ഷേ, വേണ്ടിയിരുന്നില്ല എന്നും തോന്നി. വിജനവും നിഗൂഡവുമായ വനപ്രദേശം. പേടിപ്പെടുത്തുന്ന നിശ്ശബ്തയും ഇടവിട്ടിടവിട്ട് അതു കീറിമുറിക്കുന്ന കാടിന്റെ അലര്‍ച്ചയും. കയറ്റിറക്കങ്ങള്‍ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡും....ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിന്റെ തണുത്ത പുതപ്പും!

ക്ഷീണിച്ച സുഹൃത്തിനു വിശ്രമം അനുവദിച്ചു വണ്ടിയുടെ സാരഥ്യം ഞാനേറ്റെടുത്തു.

പൊടുന്നനെ മുന്നില്‍ വഴികാട്ടിയായിരുന്ന ലോറി ഒരു കുലുക്കത്തോടെ നിന്നു...

"എന്തു പറ്റി...?

"ആക്സിലൊടിഞ്ഞതാ" എന്നു നിസ്സഹായമായ ഉത്തരം.

ഒരു പത്ത്‌ കിലോമീറ്റര്‍ കൂടെ പോയാല്‍ ചെറിയൊരു ടൗണ്‍ കിട്ടും അവിടെ നിര്‍ത്തിയിട്ട്‌ രാവിലെ പോയാ മതി എന്ന ഡ്രൈവറുടെ ഉപദേശം ശിരസാ വഹിച്ച്‌ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

അങ്ങിനെ പോയിപ്പോയി ഒരിറക്കമിറങ്ങി വരുമ്പോഴാണ്‌ കാലക്കേട്‌ മൂത്ര ശങ്കയുടെ രൂപത്തില്‍ വന്നത്‌!!

റോഡു വക്കില്‍, ഇരുട്ടില്‍ നിരന്നു നിന്ന്‌ ശങ്ക തീര്‍ക്കുന്നതിനിടയില്‍, എതിര്‍ വശത്തു നിന്നും ചീറി വന്ന ഒരു മിനി ലോറി ഒരു ക്ഷണമാത്ര ഒന്നു ബ്രേക്കിട്ടു.

"ആന ഇറങ്ങീട്ടുണ്ട് വേഗം വിട്ടോ..." തല പുറത്തേക്കിട്ട്‌ അത്രയും പറഞ്ഞ്‌ ഡ്രൈവറദ്യം വണ്ടിയുമെടുത്തോണ്ടങ്ങു പോയി!

ശങ്ക പകുതിക്കു വെച്ചു നിര്‍ത്തി ഞങ്ങള്‍ ഓടി വണ്ടിയില്‍ കയറി....

മുന്നോട്ടോ പിന്നോട്ടോ...പരിഭ്രമത്തില്‍ വീണ്ടും വന്നു ശങ്ക! പക്ഷേ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നില്ല! കോടമഞ്ഞ്‌ വകഞ്ഞുമാറ്റി ആനക്കൂട്ടം വണ്ടിക്കു തൊട്ടടുത്തെത്തിയിരുന്നു അപ്പോഴേക്കും. ആനക്കൂട്ടം ഒന്നു നിന്നു. കൂട്ടത്തില്‍ മുന്നില്‍ നടന്നു വന്ന ആന ഒന്നു ചുരുളുന്നത്‌ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. അതിന്റെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്നു വന്നു. (വാല്‍ പിറകോട്ടും നിന്നിരിക്കണം, അതപ്പോ കാണാന്‍ പറ്റിയില്ല) ഒന്നു ചീറിക്കൊണ്ട്‌ സ്പ്രിംഗ്‌ ഏറ്റി വിടും പോലെ ഒരു വരവായിരുന്നു പിന്നെ.

"ഓടിക്കോടാ...." ആ ആശയത്തിന്റേയും പകര്‍പ്പവകാശം ആര്‍ക്കായിരുന്നോ എന്തോ.

ഇടതു ഭാഗത്തെ ഡോര്‍ വഴി പുറത്തു ചാടിയ കൂട്ടുകാര്‍ മൂക്കിനു നേരെ മുന്നോട്ട്‌ കുന്തിരിയെടുത്തു. അവര്‍ക്ക്‌ പക്ഷേ ഓടി ബുദ്ധിമുട്ടേണ്ടി വന്നില്ല. റോഡിന്റെ ഇടതുഭാഗത്തെ മൂന്നാലുമീറ്റര്‍ താഴ്ചയിലേക്ക്‌ ഓട്ടം തുടങ്ങാന്‍ ആലോചിക്കുമ്പോഴേക്കും അവര്‍ തലയും കുത്തി ലാന്‍ഡ്‌ ചെയ്തു കഴിഞ്ഞിരുന്നു.

"നിറയെ വള്ളിച്ചെടികള്‍ വളര്‍ന്നു നിന്ന ആ താഴ്ചയിലേക്ക്‌ ഇറങ്ങണ്ട, അപ്രത്തെ ഡോറിലൂടെ ഇറങ്ങിയോടുന്ന ഡ്രൈവര്‍ വിദ്വാനെ - അതായത്‌ എന്നെ- ശരിയാക്കിക്കളയാം" എന്ന തീരുമാനപ്പുറത്താവണം വലത്തു ഭാഗത്തു കൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച എന്നെ വണ്ടിയുടെ ഇടതുഭാഗം ചുറ്റിവന്ന്‌ പിടികൂടാനുള്ള തന്ത്രം ആന പുറത്തെടുത്തത്‌. അതോടെ ഇടതുഭാഗത്തേക്കോടി കൂട്ടുകാരന്മാരെ പിന്തുടര്‍ന്ന്‌ തലയും കുത്തി വീഴാനുള്ള സുവര്‍ണ്ണാവസരം എനിക്കു പോയിക്കിട്ടി. ആ ഇരുട്ടില്‍ വലതു ഭാഗത്ത്‌ എന്താണുള്ളത്‌ എന്ന ഗവേഷണം അസാധ്യമായതിനാല്‍ പിന്നെ ഒരേ ഒരു വഴിയേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ...വന്നവഴി! നേരെ പിറകോട്ട്‌ ഞങ്ങള്‍ ഇറങ്ങി വന്ന ഇറക്കം, സര്‍വശക്തിയും സംഭരിച്ച്‌ ജീവനും കൈയില്‍ പിടിച്ച്‌ ഞാന്‍ ഓടിക്കയറാന്‍ തുടങ്ങി.

പക്ഷേ മനുഷ്യരെക്കാള്‍ ഇരട്ടി വേഗത്തില്‍ ആനകള്‍ കയറ്റം കയറും എന്ന്‌ ഞാന്‍ നടേ പറഞ്ഞ തിയറിയുടെ പ്രാക്റ്റിക്കല്‍, നല്ല മണിമണിയായി പ്രൊഫസര്‍ ആനക്കൊമ്പന്‍ അന്നേരം എന്നെ പഠിപ്പിച്ചു തന്നു. (ആനക്കൊമ്പന്‍ എന്നൊരാവേശത്തിനു പറഞ്ഞതാ...അത്‌ ഒരു മോഴയാനയായിരുന്നു എന്നു ചങ്ങാതിയെ പരിചയമുള്ള നാട്ടുകാര്‍ പിറ്റേന്നു പറഞ്ഞറിഞ്ഞു )

ജീവനും കയ്യില്‍ പിടിച്ചുള്ള ഓട്ടത്തില്‍ ആ ഒരു നിമിഷം എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല! ആന തുമ്പിക്കൈ വെച്ച് തട്ടിയോ അതൊ കാലു വല്ല കല്ലിലോ വേരിലോ തടഞ്ഞോ..... നോ ഐഡിയ...!!!!

ആഹഹാ...നല്ല ഫ്രീയായി ആകാശത്തൂടെ പറക്കുന്ന സുഖം ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ചു.ഒരു മൂന്നാലു മീറ്റര്‍ പറന്ന്‌ നെഞ്ചിന്മേല്‍ അതി മനോഹരമായി ലാന്‍ഡ്‌ ചെയ്ത്‌, പിന്നെ രണ്ടു കരണം മറിഞ്ഞ്‌, പിന്നെയും നടുമ്പുറത്ത്‌ ഒരു സ്കീയിംഗ്‌ നടത്തി റോഡ്‌ സൈഡിലെ ഒരു മരത്തില്‍ തടഞ്ഞു ഞാന്‍ നിന്നു പോയി. എന്റെ ബോധം അവിടന്നും താഴോട്ട്‌ നടന്നും പോയി!!

ദേവരാഗമേ,ആന ഓടിവരുന്നത്‌ കണ്ടതുമുതല്‍ ഈ ബോധം പോയ നേരംവരെയും എന്തൊക്കെയാണ്‌ എന്റെ മനസ്സിലൂടെ കടന്നു പോയതെന്ന്‌ സത്യമായും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.പക്ഷേ ഒരുമൂന്നാലു സെക്കന്റ്‌ നീണ്ടുനിന്ന ആ മരവിപ്പില്‍ നിന്നും ഞാനുണര്‍ന്നത്‌ ഇടതു കാലിന്‌ അസഹ്യമായ വേദനയുമായായിരുന്നു. സത്യം, ആ ഉണര്‍ച്ചയില്‍ ആദ്യമായും ഒരു മിന്നല്‍ പോലെ ഉണര്‍ന്നുവന്ന ചിന്ത -

"പടച്ചോനേ, കാലൊടിഞ്ഞല്ലോ....ഈ കാലും വെച്ച്‌ ഞാനെങ്ങനെ ഇക്കാസിന്റെ കല്യാണത്തിനു പോകും!!"

എന്നായിരുന്നു. ആനയും മരണവും ഒന്നും അന്നേരം എന്റെ മനസ്സിലില്ലായിരുന്നു. അതെന്തു കൊണ്ടായിരുന്നു അങ്ങിനെ എന്ന്‌ വിശദീകരിക്കാന്‍ അന്നും ഇന്നും എനിക്കറിയില്ല!

ഒരു പത്തു പതിനഞ്ചടി മുകളില്‍ റോഡില്‍ നിന്ന്‌ ആനയുടെ ചീറല്‍ വീണ്ടും കേട്ടില്ലായിരുന്നെങ്കില്‍, മോട്ടോര്‍ സൈക്കിളില്‍ വണ്ടിയിടിച്ചു റോഡില്‍ വീണ കൊച്ചു ത്രേസ്യ പണ്ടാലോചിച്ച പോലെ പലതും ഞാനുമാലോചിച്ചു കൂട്ടിയേനെ!

ബ്ലോഗിലെ ആദ്യ വിവാഹം കമന്റിട്ട്‌ ആഘോഷിക്കുന്നതിനിടെ, ബ്ലോഗിലെ ആദ്യ മരണം എത്ര കമന്റിട്ട്‌ ബ്ലോഗര്‍മാര്‍ ആഘോഷിക്കുമെന്നോ, അല്ലെങ്കില്‍ എന്റെ മയ്യത്തടക്കിന്‌ എത്ര ബ്ലോഗര്‍മാര്‍ പങ്കെടുമെന്നോ ഒക്കെ ആലോചിച്ചുണ്ടാക്കാന്‍ പക്ഷേ, എനിക്കു സമയം കിട്ടിയില്ല. അതിനും മുന്‍പേ "അവനെ പീസ്‌ പീസാക്കിയില്ലേല്‍ ആനകള്‍ക്ക്‌ നാണക്കേടല്ലേ" എന്ന ചിന്തയാല്‍ വിജൃംഭിതവീര്യനായി, പതിയെ താഴേക്കിറങ്ങി വരാന്‍ തുടങ്ങുന്ന ആനയെ അവ്യക്തമായി ഞാന്‍ കണ്ടു. അതോടെ എന്റെ അടിവയറ്റില്‍ ഒരഗ്നിപര്‍വതം പൊട്ടി. നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു വിറയാല്‍ ഞാന്‍ അടിമുടി ഒന്നുലഞ്ഞു. പക്ഷേ അത്ഭുതം! എന്റെ ചിന്തകളും, കാഴ്ചയും, കേള്‍വിയുമൊക്കെ കൂടുതല്‍ ഷാര്‍പ്‌ ആവുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങുന്നു. താഴേക്കിറങ്ങാന്‍ ശ്രമിക്കുന്ന ആനയെ എനിക്കിപ്പോള്‍ വ്യക്തമായും കണാം. അതിന്റെ കോപാകുലമായ ശ്വാസോച്ഛ്വാസം എന്റെ ഹൃദയമിടിപ്പു പോലെ എനിക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നു!

എഴുനേല്‍ക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി. അപ്പോള്‍ എന്റെ ഓവര്‍ക്കോട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന്‌ താഴെ വീണു. ഇരുട്ടില്‍ ഞാനത്‌ തപ്പിയെടുത്തു. കൊരണമലയിറങ്ങുന്നതിനിടയിലെപ്പഴോ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന എന്റെ കാമറാ ഫ്ലാഷ്‌!! നിക്കോണ്‍ എസ്‌. ബി. എണ്ണൂറ്‌!! അത്‌ പോക്കറ്റിലിടുമ്പോള്‍ ഓഫ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരുന്നോ? ഓര്‍മ്മയില്ല. ഒരു വിളിച്ചം എനിക്കപ്പോള്‍ അത്യാവശ്യമായിരുന്നു. എന്തായാലും ഫ്ലാഷ്‌ ഓണ്‍ ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അത്‌ ഒന്നു ഫയര്‍ ചെയ്തു. അതോടെ ഇറങ്ങിവരാനുള്ള ശ്രമം ഉപേക്ഷിച്ച്‌ ആന അവിടെ തന്നെ നിന്നു.

ഫ്ലാഷ്‌ ഫയര്‍ ചെയ്തത്‌ കണ്ട്‌ പേടിച്ച്‌ ആന അവിടെ തന്നെ നിന്നു എന്നാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. പക്ഷേ കാര്യം അതായിരിക്കാന്‍ വഴിയില്ല. കാരണം, ആനകളുടെ കാഴ്ചശക്തി വളരെ വളരെ മോശമാണ്‌ എന്നതു തന്നെ.(മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഘ്രാണ ശക്തിയും,അനിത സാധാരണമായ കേള്‍വി ശക്തിയുമാണ്‌ കണ്ണിനു പകരം ആനകളെ നയിക്കുന്നത്‌) തീരെ ചെറിയ ഒരാംഗിളിലല്ലാതെ നേരെമുന്നോട്ട്‌ കാണാന്‍ കഴിവില്ലാത്ത ആന ആ ഫ്ലാഷ്‌ ഫയര്‍ചെയ്തത്‌ കണ്ടിരിക്കാന്‍ സാധ്യത വളരെ കുറവാണ്‌. ഒരു പക്ഷേ പണ്ടെങ്ങാണ്ട്‌ ഇമ്പോസിഷന്‍ എഴുതിപ്പഠിച്ച മറ്റേ തിയറി ആ ആനമണ്ടയില്‍ അപ്പോള്‍ കത്തിക്കയറി വന്നിരിക്കണം. ഇറക്കമിറങ്ങാന്‍ ആനകള്‍ക്ക്‌ ഭയങ്കര ബുദ്ധിമുട്ടാണെന്ന ആ തിയറി!

സംഭവം എങ്ങിനെയൊക്കെയായാലും മൂപ്പര്‍ക്ക്‌ എന്നെ പെരുത്ത്‌ പെരുത്ത്‌ ഇഷ്ടമായി എന്നു തോന്നുന്നു. നിസ്സഹായനായി മരംചാരിയിരിക്കുന്ന എനിക്കു കൂട്ടായി റോഡിനു മുകളില്‍ ചങ്ങാതിയും നിലയുറപ്പിച്ചു. "എനിക്കങ്ങോട്ട്‌ ഇറങ്ങിവരാന്‍ മേലെഡേയ്‌, നീയിങ്ങു കേറിവാ, ഞാനൊന്നു സ്നേഹിക്കട്ടെ" എന്നൊരു ലൈനില്‍!

ഏതായാലും ചാവാന്‍ നേരം വീണു കിട്ടിയ ആ ഇടവേള ഞാനൊരു സീനറി കാണാന്‍ ഉപയോഗപ്പെടുത്തി എന്നു വേണമെങ്കില്‍ പറയാം. നിക്കോണ്‍ എസ്‌.ബി. എണ്ണൂറിനു ഞെക്കിപ്പിടിച്ചാല്‍ തുടര്‍ച്ചയായി സ്റ്റ്രോബ്‌ ഫയര്‍ ചെയ്യുന്ന ഒരു ബട്ടണുണ്ട്‌. ഫ്ലാഷ്‌ തുടര്‍ച്ചയായി ഫയര്‍ ചെയ്യുന്ന ഇടവേള നമ്മുടെ കണ്ണുകള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റാത്തത്‌ കൊണ്ട്‌ ഒരു ടോര്‍ച്ച്‌ ലൈറ്റിന്റെ ഫലം ചെയ്യുന്ന ഒരു ടെക്നോളജി. ഇരുട്ടില്‍ ആ ബട്ടണ്‍ തപ്പിപ്പിടിച്ചു, പിന്നെ ഞെക്കിപ്പിടിച്ചു.

ശക്തമായ ആ വെളിച്ചത്തില്‍ എനിക്കു മുന്നില്‍ അനാവൃതമായ ആ സീനറിയില്‍ എന്റെ കണ്ണഞ്ചിപ്പോയി!ഞാന്‍ ചാരിയിരിക്കുന്ന മരത്തിനു താഴോട്ട്‌, നോക്കിയാല്‍ പേടിയാകുന്ന ചെങ്കുത്തായ ഇറക്കമാണ്‌.സന്തോഷം!എങ്ങിനെ സന്തോഷിക്കാതിരിക്കും? ആമരത്തില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ ആന മെനക്കെടേണ്ടി വരില്ലായിരുന്നു,എന്റെ ചീട്ടു കീറാന്‍!

സന്തോഷിക്കാന്‍ കാരണം വേറെയുമുണ്ടല്ലോ?! ആ ഇരിക്കുന്നിടത്ത്‌ നിന്ന്‌ പതുക്കെ താഴോട്ട്‌ നിരങ്ങി രക്ഷപ്പെടാം എന്ന ഒരു തോന്നല്‍ അതോടെ തീര്‍ന്നും കിട്ടി!

അമ്പടാ കൊച്ചു കള്ളാ..സോറി! ആനക്കള്ളാ..മോനേ ആനേ.....! ചുമ്മാതല്ല പൊന്നുമോന്‍ താഴേക്കിറങ്ങി എന്നെ സ്നേഹിക്കാന്‍ വരാത്തത്‌. കാലൊന്നു തെറ്റിയാല്‍ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ എന്ന്‌ സ്ഥലവാസിയായ നിനക്ക്‌ എന്നേക്കാള്‍ നന്നായി അറിയാം...അല്ല്യോടാ?

ആനയ്ക്ക്‌ ചെറിയ വിശേഷബുദ്ധിയൊക്കെയുണ്ടെന്നുള്ള ഒരു പഴം പറച്ചിലില്‍ ചെറിയ കാര്യമൊക്കെയുണ്ടെന്നുള്ള ഒരു തോന്നലിനും ഇവിടെ കാരണമുണ്ടെന്നുതോന്നുന്നു. ആ കെണിഞ്ഞ കെണിയില്‍ നിന്നും ഊരിപ്പോകാന്‍ എനിക്കാകെയുള്ളൊരു വഴി റോഡ്‌ വഴി മാത്രമാണെന്നു ആനയ്ക്ക്‌ നല്ല നിശ്ചയം കാണണം! അപ്പോ ഇറങ്ങിപ്പോയി സ്വന്തം തടി വെടക്കാക്കുന്നതിലും നല്ലത്‌ ഞാനങ്ങ് കയറിവരാന്‍ കാത്തിരിക്കുന്നത്‌ തന്നെ എന്ന്‌ മൂപ്പരും വിചാരിച്ചു. അത്രതന്നെ!!

ആന ഇറങ്ങിവരാന്‍ സാധ്യത കുറവാണെന്നു മനസ്സിലായതോടെ എനിക്ക്‌ പുതിയൊരുന്മേഷം വന്നു. കാത്തിരിക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. നേരം വെളുത്തിട്ട്‌ ആനയുമായി ഉഭയ കക്ഷി കരാര്‍ ഒപ്പിടാം എന്നും തീരുമാനമായി. പക്ഷേ കൊലവിളിച്ചു നില്‍ക്കുന്ന ആനയുടെ മുന്നില്‍ അങ്ങിനെ ഇരിക്കുന്നത്‌ വെല്യ സുഖമുള്ളൊരു കാര്യമല്ലല്ലോ? അസഹ്യമായ തണുപ്പും,പിന്നെ കാട്ടിലാണല്ലോ കിടക്കുന്നത്‌ എന്ന ചിന്തയും എന്നെ വീണ്ടും പേടിപ്പിക്കാന്‍ തുടങ്ങി.ആന ചവിട്ടിയല്ലേലും വല്ല പാമ്പു കടിച്ചോ, നൈറ്റ്‌ വാക്കിനിറങ്ങുന്ന ഏതേലും പുലിയ്ക്കോ കരടിയ്ക്കോ ഒക്കെ ഡിന്നറായോ ആയാലും, തണുത്ത്‌ വിറച്ചായാലും ചത്താല്‍ ചത്തതു തന്നെയല്ലേ!

അവിടെ വീണ്ടും വിശദീകരിക്കാന്‍ കഴിയാത്ത ഒരത്ഭുതം എന്റെ മനസ്സില്‍ സംഭവിക്കുന്നു!പത്തിരുപത്തഞ്ചു വര്‍ഷം മുന്നെ വായിച്ച ഒരു മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കാലപ്പഴക്കം കോണ്ട്‌ മഞ്ഞച്ച പേജുകളും മാത്തുക്കുട്ടി എന്ന ഒരാനവേട്ടക്കാരനും ശൂന്യതയില്‍ നിന്നെന്നോണം എന്റെ ബോധ മനസ്സിലേക്ക്‌ അപ്പോള്‍ കയറിവന്നു!!!!

ബോബനും മോളിയും നിര്‍ത്തിയതില്‍ പിന്നെ മലയാളമനോരമ ആഴ്ചപ്പതിപ്പ്‌ സ്ഥിരമായി വായിച്ചിട്ടില്ല.പണ്ട്‌ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോബനും മോളിയും പിന്നെ ഡോ. റോയി എന്ന ഡിറ്റക്ടീവ്‌ നായകനായുള്ള കുറ്റാന്വേഷണ നോവലും കഴിഞ്ഞാല്‍ വളരെ താത്‌പര്യത്തോടെ വായിച്ചിരുന്ന രണ്ട്‌ പരമ്പരകളായിരുന്നു ജിം കോര്‍ബറ്റിന്റെ കടുവാ പുലി വേട്ടക്കഥകളും മാത്തുക്കുട്ടി എന്ന ആനവേട്ടക്കാരന്റെ ആന വേട്ടക്കഥകളും. (കൂട്ടത്തില്‍ പറയട്ടെ...'കുമയോണിലെ കടുവാകള്‍' എന്ന പേരില്‍ വളരെ മുന്നെ മലയാളത്തിലിറങ്ങിയ ജിം കോര്‍ബറ്റിന്റെ വേട്ടക്കഥകള്‍ അസാധാരണമായ വായനാനുഭവം തരുന്ന ഒരു പുസ്തകമായിരുന്നു.അത്‌ ഒന്നു കൂടെ വായിക്കാന്‍ ഈയടുത്ത്‌ വീണ്ടും തപ്പിയിറങ്ങിയെങ്കിലും കിട്ടിയില്ല. പക്ഷേ ഈ ആന എപ്പിഡോസൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഖത്തറിലേക്ക്‌ വരുന്നതിനു മുന്നോടിയായി കോഴിക്കോട്‌ ഡി.സി ബുക്സില്‍ പോയപ്പോള്‍ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ ഇംഗ്ലീഷ്‌ വേര്‍ഷന്‍ എനിക്കു കിട്ടി!! ജിം കോര്‍ബറ്റ്‌ ഓമ്നിബസ്‌ എന്ന പേരില്‍)

മാത്തുക്കുട്ടിച്ചായന്റെ ആ ആനവേട്ടക്കഥകളിലായിരുന്നു,, ആനകളുടെ ഘ്രാണ ശക്തിയെക്കുറിച്ച്‌ ആദ്യമായി ഞാന്‍ വായിച്ചത്‌.ആക്രമിക്കാന്‍ വരുന്ന ആനയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരുപായം അതില്‍ അദ്ദേഹം വിവരിച്ചിരുന്നതായിരുന്നു ആ മധുരമനോജ്ഞരാത്രിയില്‍ ശൂന്യമായ എന്റെ ബോധ മനസ്സിലേക്ക്‌ ഒന്നു മുട്ടുകപോലും ചെയ്യാതെ വാതില്‍ തുറന്ന്‌ കയറി വന്നത്‌! ഇനി വല്ലപ്പോഴുമെങ്ങാന്‍ ആനയ്ക്കു മുന്നില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള ബ്ലോഗര്‍മാര്‍ക്കു വേണ്ടി ആ തിയറി ഇങ്ങനെ സംഗ്രഹിക്കാം.

"ഒന്നു കുത്തി നോക്കട്രാ, ഒന്നു ചവിട്ടിനോക്കട്ട്രാ...പ്ലീസ് ഒന്നു നില്‍ക്കെടാ കുട്ടാ.." എന്നും പറഞ്ഞ്‌ ഒരാനയും, "വേണ്ട മോനെ നീ ചവിട്ടിയാല്‍ പിന്നെ എന്റെ ഡെഡ്ബോഡി നാട്ടുകാര്‍ക്ക്‌ കാണാന്‍ വെല്യ ഭംഗിയുണ്ടാവില്ല" എന്ന ലൈനില്‍ നിങ്ങളും ഒരോട്ട മത്സരം നടത്തുന്നു എന്നു വെയ്ക്കുക. ഓടിയോടി തടി കൈച്ചലാക്കാം എന്ന്‌ വിചാരിച്ച്‌ വെറുതെ തടി വിയര്‍പ്പിക്കണ്ട. നല്ല ഇറക്കത്തിലേക്കോ അല്ലെങ്കില്‍ ആനയ്ക്ക്‌ ഓടിക്കയറാന്‍ പറ്റാത്തിടത്തേക്കോ അല്ല നിങ്ങള്‍ ഓടുന്നതെങ്കില്‍ ആനയ്ക്കു തന്നെ ഒന്നാം സമ്മാനം എന്നത്‌ മൂന്നരത്തരം! വീതിയുള്ള കോണിപ്പടി വരെ ആന കയറും. (തൃശൂരില്‍ മുന്‍പൊരിക്കല്‍ സംഭവിച്ച മാതിരി) ഇനി ഇതൊന്നും പറ്റാത്ത അവസ്ഥയിലാണു നിങ്ങളെങ്കില്‍, (നിങ്ങള്‍ക്ക്‌ നല്ല മനോധൈര്യമുണ്ടെങ്കിലും) ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്‌.

നിങ്ങള്‍ ആനയ്ക്ക്‌ മുന്നില്‍ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഓടുന്നുണ്ടെന്ന്‌ ആനയ്ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ വിദ്വാന്‍ നിങ്ങളെ കാണുന്നത്‌ കൊണ്ടല്ല.(മേലെ പറഞ്ഞ മാതിരി അതിന്റെ മോശം കാഴ്ചശക്തിക്ക്‌ സോഡാക്കുപ്പി ഗ്ലാസിന്റെ ആനക്കണ്ണടയും മതിയാവില്ല!!നേരെമുന്നോട്ടേക്ക്‌ ആനയ്ക്ക്‌ വ്യക്തമായി കാണാനും കഴിയില്ല) മറിച്ച്‌ തുമ്പിക്കൈ ഉപയോഗിച്ച്‌ അത്‌ വലിച്ചെടുക്കുന്ന നിങ്ങളുടെ ഗന്ധവും, നിങ്ങളുടെ ചലനങ്ങളുടെ ശബ്ദവും ഉപയോഗിച്ചാണ്‌ ! (അതു കൊണ്ടാണ്‌ ആക്രമിക്കാന്‍ വരുന്ന ആനയുടെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്ന്‌ നില്‍ക്കുന്നത്‌.)

ഓടുന്ന ഓട്ടത്തിനിടയില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടോ അല്ലെങ്കില്‍ മുണ്ടോ അഴിച്ച്‌ ഒരു ഭാഗത്തേക്ക്‌ എറിഞ്ഞ്‌ മറുഭാഗത്തേക്ക്‌ അല്ലെങ്കില്‍ നേരെ നിങ്ങള്‍ക്ക്‌ ഓടാന്‍ കഴിഞ്ഞാല്‍ ഗന്ധം പിന്തുടരുന്ന ആനയ്ക്ക്‌ ഒരു ഐഡന്റിറ്റി കണ്‍ഫൂഷന്‍ ഉണ്ടാക്കാന്‍ അതു ധാരാളം മതി. (വെറും പാന്റ്സ്‌ അല്ലെങ്കില്‍ അണ്ടര്‍വെയര്‍ മാത്രമേ നിങ്ങള്‍ ധരിച്ചിട്ടുള്ളൂവെങ്കില്‍ ഈ തിയറി വര്‍ക്ക്‌ ചെയ്യില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക!!) തൊട്ടടുത്തു കിട്ടുന്ന നിങ്ങളുടെ ഗന്ധത്തിലേക്ക്‌ ആന, ശൗര്യം ഫോക്കസ്‌ ചെയ്യുന്ന തക്കത്തിന്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ പറ്റിയേക്കും. ഇതാണ്‌ തിയറി.

അതെങ്ങനെ അന്നേരം എനിക്ക്‌ ഓര്‍മ്മ വന്നു? അറിയില്ല!അത്രേം ദൂരത്തു നിന്ന്‌ ആ ഓര്‍മ്മ എന്നെ തേടി വന്ന സ്ഥിതിക്ക്‌ അതൊന്നു പരീക്ഷിക്കാതെ വിടുന്നത്‌ മോശമല്ലേ. അല്ലെങ്കില്‍ കാലം ചെയ്ത മാത്തുക്കുട്ടിച്ചായന്റെ ആത്മാവ്‌ എന്തു വിചാരിക്കും....!?

ഇരുന്ന ഇരുപ്പില്‍ ഒരു ചെറിയ പാറക്കല്ല്‌ ഞാന്‍ തപ്പിയെടുത്തു. പിന്നെ എന്റെ ഓവര്‍ക്കോട്ടൂരി. അതിന്നടിയില്‍ ധരിച്ചിരുന്ന റ്റീ ഷര്‍ട്ട്‌ ഊരി(ഹൂശ്‌...എന്തൊരു തണുപ്പ്‌!!) റ്റീഷര്‍ട്ട്‌ കോണ്ട്‌ പാറക്കല്ല്‌ ഭദ്രമായി പൊതിഞ്ഞു. പിന്നെ സര്‍വശക്തിയുമെടുത്ത്‌ ആ സമ്മാനപ്പൊതി ആനയുടെ ഒരു വശത്തേക്ക്‌ ആഞ്ഞെറിഞ്ഞു.

എന്തൊരത്ഭുതം...!! ഒന്നു വെട്ടിത്തിരിഞ്ഞ ആന ആ പൊതി പോയ ദിക്കിലേക്ക്‌ ശരം വിട്ടപോലെ ഒരു നടത്തം!! (മരമണ്ടനാന!!...ബുഹുഹ്ഹഹായ്‌....)

പക്ഷേ അതു കൊണ്ടൊന്നും ആന എന്നെ പിരിഞ്ഞു പോയ്ക്കളയുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല പോയദിക്കില്‍ എന്നെ കണ്ടില്ലെങ്കില്‍ അത്‌ തിരിച്ചു വരുമെന്നു തന്നെയാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ ആ ആന പിന്നെ തിരിച്ചു വന്നതേയില്ല. പോയ വഴി നേരെ നടന്ന്‌ തന്റെ കൂട്ടാനകളോട്‌ ചേര്‍ന്ന്‌ അവന്‍ കാട്ടിലേക്ക്‌ തന്നെ കയറിപ്പോയിരിക്കണം.(ഒരു പീറ മനുഷ്യന്‍ തന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോ ആനയ്ക്ക് നാണം വന്നിട്ടുണ്ടാവും...പാവം!!)

കുറച്ചു നേരം ആനയെ കാണാഞ്ഞപ്പോഴുള്ള സങ്കടത്തില്‍ ഞാന്‍ വീണ്ടും എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അയ്യട മനമേ...നല്ല സുന്ദരമായി ഞാനെന്റെ കാലുകളില്‍ എഴുനേറ്റ്‌ നിന്നു. (അപ്പോ കാലൊടിഞ്ഞില്ലായിരുന്നോ...?!സമാധാനം!! ഇക്കാസിന്റേം ജാസൂട്ടീടേം കല്യാണം കൂടാലോ)

എന്തായാലും റോഡിലേക്ക്‌ കയറാന്‍ ഞാന്‍ മിനക്കെട്ടില്ല. ആന പോയി എന്ന്‌ നല്ല ഉറപ്പില്ലായിരുന്നല്ലോ എനിക്ക്‌. ഒരു പക്ഷേ ഈ ഗന്ധത്തിന്റെ തിയറി എന്നേക്കാള്‍ മുന്നെ പഠിച്ച്‌ ആനശാസ്ത്രത്തില്‍ വല്ല ഡിഗ്രിയെങ്ങാനുമെടുത്തിട്ടുള്ള പഹയന്‍ "ഞാനിത പോന്നേ" ന്ന്‌ എന്നെ തെറ്റിധരിപ്പിച്ചിട്ട്‌ ഇത്തിരി ദൂരെ മാറി നില്‍ക്കുകയാണെങ്കിലോ? ഛായ്‌ നാണക്കേടല്ലേ, ചതിയിലൂടെയുള്ള ആ മരണം? പച്ചോലയില്‍ കെട്ടിവലിക്കുന്നതില്‍ ഭേദം ആദ്യത്തെ ആ അടിയില്‍ തന്നെ സിദ്ധി കൂടുന്നതല്ലേ!

അധികം ചിന്തിച്ച്‌ ബുദ്ധിമുട്ടേണ്ടി വന്നില്ല. ദൂരെ റോഡില്‍ നിന്നും ശബ്ദവും (മനുഷ്യരുടെ) വെളിച്ചവും എന്നെ തേടിവന്നു. കുഴിയില്‍ നിന്നും വലിഞ്ഞു കയറിയ എന്റെ സുഹൃത്തുക്കള്‍ അതുവഴി വന്ന ഒരു ലോറി കൈകാണിച്ചു നിര്‍ത്തി സംഭവം പറയുകയും, ഒരു രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള റ്റൗണില്‍ നിന്ന്‌ ആള്‍ക്കാരേയും കൂട്ടി ചൂട്ടും കത്തിച്ച്‌ എന്നെയും ആനയേയും തിരക്കിയിറങ്ങിയതായിരുന്നു.

"ഞാനിവിടുണ്ടേയ്‌" എന്നൊന്നു കൂവാന്‍ ഞാന്‍ ശ്രമിച്ചു. എവടെ?! വറ്റി വരണ്ടു സഹാറ മരുഭൂമിപോലായ എന്റെ തൊണ്ടയില്‍ നിന്നും എന്തു ശബ്ദം വരാന്‍? കാറ്റല്ലാതെ! പക്ഷേ ഞാനാരാമോന്‍? വീണ്ടും ഫ്ലാഷ്‌ യൂണിറ്റ്‌ ഞാന്‍ കയ്യിലെടുത്തു. തിരച്ചില്‍ക്കാര്‍ വരുന്ന വഴിയിലേക്ക്‌ അവനെ മിന്നിച്ചു പിടിച്ചു.

അതോടെ ഓടിയെത്തിയ രക്ഷകര്‍ എന്നെ തൂക്കിയെടുക്കുകയും അനന്തരം എന്റെ കയ്യ്‌, കാല്‌ വാരിയെല്ലുകള്‍, ഒടുക്കം തല എന്നീ ഭാഗങ്ങള്‍ യഥാസ്ഥാനങ്ങളില്‍ തന്നെയുണ്ടോ എന്നു തപ്പി നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ അത്ര നേരവും നല്ല റങ്ക്‌ റങ്കായി വര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്ന എന്റെ കാഴ്ചയും കേള്‍വിയും മങ്ങിവരുന്നതായും, എന്റെ ബുദ്ധി(?) മരവിക്കുന്നതായും എനിക്കപ്പോള്‍ അനുഭവപ്പെട്ടു. പിന്നെ ഇരുളിന്റെ ഒരു കടലിലേക്ക്‌, ഗാഡമായൊരു മയക്കത്തിലേക്ക്‌, പതിയെ ഞാന്‍ ഊര്‍ന്നു വീണു!

ഏതായാലും പിറ്റേന്നു രാവിലെ സൈഡൊതുക്കി പാര്‍ക്ക്‌ ചെയ്ത വണ്ടിയുടെ പിന്‍ സീറ്റില്‍ ഞാനുറക്കമുണര്‍ന്നത്‌ ഒരു പുതിയ ജന്മത്തിലേക്കായിരുന്നു. അതും മൂന്നരത്തരം.!!!!

അനന്തരം? അസ്സലാകെപ്പാടെ നോക്കിയാല്‍ ഈ ഒരു ആനമണ്ടത്തരം ആന കാണിച്ചത്‌ കൊണ്ടുള്ള കനത്ത നഷ്ടം ആര്‍ക്കു പറ്റി? സംശയമെന്ത്‌ മലയാളം ബ്ലോഗര്‍മാര്‍ക്ക്‌!! ഒരു ബ്ലോഗറുടെ മരണത്തിന്‌ ആദ്യമാദ്യം കമന്റിട്ട്‌, ചാവും പതിനാറടിയന്തിരവും കഴിക്കാനുള്ള സുവര്‍ണ്ണാവസരമല്ലേ അവര്‍ക്ക്‌ നഷ്ടമായത്‌?

രഹസ്യം :- മലയാള മനോരമയില്‍ ഒരു സണ്‍ഡേ ഫീച്ചറിനു വകുപ്പുണ്ടെങ്കിലും, ഈ കഥ ഇതുവരെ പുറത്തു വിട്ടിട്ടില്ല ഞങ്ങള്‍. കഷ്ട കാലത്തിനു ഈ ബ്ലോഗ്‌ ഞങ്ങളിലാരുടെയെങ്കിലും നല്ലപാതിമാരോ, കുടുംബക്കാരോ വായിച്ചാല്‍ തീര്‍ന്നു! പിന്നെ കുദാകുത്തനെ (ക.ട്‌..എന്റെ വലിയുമ്മ)യുള്ള ഈ കാടു തെണ്ടല്‍ അതോടെ നിന്നു കിട്ടും. സോ ഇതൊരു ആഗോള രഹസ്യമാകുന്നു.

വാല്‍ക്കഷണം :-എന്നിട്ട്‌ ഇക്കാസിന്റെ കല്യാണത്തിനു പോയോ ഞാന്‍? പിന്നെ പോവാതെ.!! എന്റെ അതിഭയങ്കരമായ കൃത്യ നിഷ്ഠ കാരണം വൈകുന്നേരം അഞ്ചു മണിക്കു തുടങ്ങിയ റിസപ്ഷനു ഞാനെത്തിയത്‌ രാത്രി പത്തു മണിക്ക്‌!! അതും വഴി പോലുമറിയാതെ. ഒടുക്കം ആലുവായില്‍ വെച്ച അതുല്യേച്ചിയെ വിളിക്കുന്നു. അതു വഴി കുമാര്‍ജിയെ വിളിക്കുന്നു, പാച്ചാളത്തെ വിളിക്കുന്നു, വില്ലൂസിനെ വിളിക്കുന്നു ഒടുക്കം ഇക്കാസിനെ തന്നെ നേരിട്ടു വിളിക്കുന്നു!

എന്തായാലും ആദ്യരാത്രി ഉറങ്ങാന്‍ (ഉവ്വ്‌!) കിടക്കുന്ന വധൂവരന്മാരെ വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടി(ച്ച്) കാണേണ്ടി വന്നില്ല. ആ ക്രിട്ടിക്കല്‍ അവേര്‍സിനു മുന്നെ തന്നെ ഇക്കാസിന്റെ വീട്ടില്‍ എത്തിപ്പെടാനും, ഏതാനും മിനിട്ടുകള്‍ അവിടെ ചിലവഴിക്കാനും (അല്ലേലും ആനേരത്ത്‌ അധികം നില്‍ക്കാന്‍ പാട്വോ...?) സാധിച്ചത്‌ ആനയുടെ കാരുണ്യം കൊണ്ടാണെങ്കിലും, കഴിഞ്ഞ അവധിക്കാലത്തിന്റെ ഹൃദയം നിറയ്ക്കുന്ന ഒരു നേട്ടമായി സൂക്ഷിക്കാന്‍ കഴിഞ്ഞല്ലോ!!

ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ....

ഇന്നേക്കും എന്നെന്നേക്കും!!

ബ്ലോമ്മേന്‍.....!!

44 comments:

Physel said...

എന്തായാലും ആദ്യരാത്രി ഉറങ്ങാന്‍ (ഉവ്വ്‌!) കിടക്കുന്ന വധൂവരന്മാരെ വിളിച്ചുണര്‍ത്തി കാണേണ്ടി വന്നില്ല. ആ ക്രിട്ടിക്കല്‍ അവേര്‍സിനു മുന്നെ തന്നെ ഇക്കാസിന്റെ വീട്ടില്‍ എത്തിപ്പെടാനും, ഏതാനും മിനിട്ടുകള്‍ അവിടെ ചിലവഴിക്കാനും (അല്ലേലും ആനേരത്ത്‌ അധികം നില്‍ക്കാന്‍ പാട്വോ...?) സാധിച്ചത്‌ ആനയുടെ കാരുണ്യം കോണ്ടാണെങ്കിലും, കഴിഞ്ഞ അവധിക്കാലത്തിന്റെ ഹൃദയം നിറയ്ക്കുന്ന ഒരു നേട്ടമായി സൂക്ഷിക്കാന്‍ കഴിഞ്ഞല്ലോ!!

ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ....

ഇന്നേക്കും എന്നെന്നേക്കും!!

ബ്ലോമ്മേന്‍.....!!

sreeni sreedharan said...

മനുഷ്യാആആആആ.
എന്‍റെ തൊണ്ടേലെ വെള്ളം വരെ വറ്റിപ്പോയി!!!

(അടങ്ങ് രോമാഞ്ചമെ)

മാത്തുക്കുട്ടിച്ചായന്‍റെ ആത്മാവിനു എന്‍റെം സ്തുതി!

ഇടിവാള്‍ said...

ഹഹഹഹ! നല്ല ഉഗ്രന്‍ വിവരണം..


ആന ടീഷര്‍ട്ടിന്റെ പുറകെ പോയി, പിന്നെ ഒളിച്ചു നിന്നു വീണ്ടും കുത്താന്‍ വരുമോ എന്നൊക്കെയുള്ള മനോഗതങ്ങള്‍ വായിച്ച് കണ്ണീന്നു വെള്ളവന്നു [ ചിരിച്ചിട്ട്]

ഗംഭീരം!

Dinkan-ഡിങ്കന്‍ said...

മരണത്തെ മുന്നില്‍ കണ്ട ഈ പോസ്റ്റില്‍ ഒരു സലാം വെച്ചില്ലെങ്കിലെങ്ങനാ.

തകര്‍പ്പന്‍ വിവരണം, ശരിക്കും ആ മരണഭയത്തിന്റെ ഫീല്‍ കിട്ടി.

ഓഫ്.ടോ
ഭാഷാ ഇന്‍സ്‌റ്റ്യൂട്ടിന്റെ “ആന” കഴിഞ്ഞയാഴ്ച വായിച്ച് തീര്‍ത്തേ ഉള്ളൂ

കുറുമാന്‍ said...

അയ്യോ ഫൈസല്‍ ഭായ്.......

ദൈവത്തിന് സ്തുതി....

വിവരണം കസറി എന്നു പറയാതിരിക്കാന്‍ വയ്യ (അനുഭവിച്ചതിന്റെ വേദന അനുഭവിച്ചവനല്ലെ അറിയൂ).

ഇതു പോലെ സേം ഒരനുഭവം എനിക്ക് പറമ്പികുളത്ത് വച്ചുണ്ടായിട്ടുണ്ട്.....അത് മുഖക്കുരു എന്ന കഥയുടെ രണ്ടാം ഭാഗമായി ഇടണംm എന്ന് കരുതി ഇരിക്കുകയായിരുന്നു.....

എന്തായാലും ഞാന്‍ അതും കൂടെ എഴുതാം.....

ശ്രീ said...

അടിപൊളി വിവരണം മാഷേ...
നടന്ന സംഭവമായതു കൊണ്ടും ഈ സംഭവപരമ്പര നടക്കുമ്പോള്‍‌ മാഷ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു എന്നു മനസ്സിലാക്കുന്നതു കൊണ്ടും അടിപൊലി എഴുത്ത് എന്നു പറയാന്‍‌ പാടില്ലാത്തതാണ്‍. പക്ഷേ,പറയാതിരിയ്ക്കാനാകുന്നില്ല.
ഇത്ര നീളമുള്ള പോസ്റ്റായിട്ടും ശ്വാസമടക്കിപ്പിടിച്ച് ഒറ്റയിരുപ്പിനു വായിച്ചു തീര്‍‌ത്തു.

മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനു സ്തുതി!
:)

ജാസൂട്ടി said...

എന്റെ അറിവില്‍ ആ കല്യാണത്തിനു ആനയും അമ്പാരിയുമൊന്നുമില്ലായിരുന്നു. അതു കൊണ്ട് തലക്കെട്ട് കണ്ടപ്പോള്‍ പേടിച്ചു പോയി. പിന്നെ കമ്പ്ലീറ്റ് വായിച്ചപ്പോളല്ലേ സംഭവം പിടി കിട്ടിയത്.

" ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ...."

---വൈകിയാണെങ്കിലും വളരെ കഷ്ടപെട്ട് കാക്കനാട് വരെ വന്ന് ഞങ്ങളെ കാണാനും ആശിര്‍വദിക്കാനും കഴിഞ്ഞ താങ്കളുടെ വലിയ മനസിനു ഒരായിരം നന്ദി.

ഓ.ഫ്: ജാസൂട്ടി എന്നത് ഒരു വനിതാ ബ്ലോഗര്‍ ആണെന്ന് അന്ന് മനസിലായല്ലൊ അല്ലേ?

മുല്ലപ്പൂ said...

കണ്ണ് ചിമ്മാതെ വായിച്ചു തീര്ത്തു .
പേടിച്ചു ചത്തു പോയെനേം ബാക്കി ഉള്ളവര്‍ ആണെന്കില്‍

[ nardnahc hsemus ] said...

ഫൈസല്‍ഭായ്..അതിമനോഹരം.. ഒരുപാട് പുതുമ തോന്നി, നന്ദി!

(ഫൈസല്‍ എന്ന് ഇംഗ്ലീഷില്‍ ഇങനെ എഴുതുന്നത് ആദ്യമായിട്ടാണ് കാണുന്നത്! :) )

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: ആ ഫോട്ടോ കണ്ടപ്പോഴേ ഇത് വായിക്കാന്‍ നോക്കിയിരിക്കുവാരുന്നു.

ആ ഫ്ലാഷടിക്കുന്ന സാധനത്തിന്റെ കൂടെ ഒരു കൊച്ച് ക്യാമറേം കൂടി ഉണ്ടായിരുന്നെങ്കില്‍ :(...

ചുമ്മാ പറഞ്ഞതാണേ... കിടുക്കിക്കളഞ്ഞു

അതുല്യ said...

എന്നെ കൊണ്ടൊന്നും പറയിപ്പിയ്കണ്ട നിങ്ങളു അവിടെ മിണ്ടാണ്ടെ ഇരുന്നോ. കൊച്ചീന്ന് ദുബായ്ക് വിളിച്ചിട്ട്,ഒന്ന് ഇക്കാസിന്റെ വഴി പറയെന്നല്ല, ഫൈസല്‍ എവിടെയോ ഉണ്ട്, ആ വഴിയൊക്കെ പച്ചാളത്തിനെ വിളിച്ച് പറയാന്‍.പച്ചാളം ആരാ മോന്‍, ഞാന്‍ വിളിച്ചപ്പോ അവന്‍ പറഞു,ചേച്ചിയേ.. കലേഷണ്ണനോ മറ്റോ കാണും അവിടെ അങ്ങോട്ട് വിളിയെന്ന്. അവസാനം ഈ വിളിയും ആ വിളിയും മറ്റേ വിളീം ഒക്കേനും കൂടി... മ്ം മ്ം കണ്ടോളാം പിന്നെ ഞാന്‍.

ഈ ഫൈസലിനെന്താ.. അതൂടെ അറിയില്ലേ? ശ്ശോ.. ശീവേലിയ്ക് ആനേടേ മുമ്പില്‍ പന്തം പിടിച്ച് നിര്‍ത്തിയേക്കണതെന്തിനാന്ന് കരുതിയാ? ആനേടെ കണ്ണ് ഫ്യൂസായി പോയി അവിടെന്ന് അനങ്ങാണ്ടേ ഇരിയ്കാന്‍. അല്ലാണ്ടെ, കൊട്ടു കാര്‍ക്ക് ചെണ്ട കാണാനല്ല. അതും പോരാണ്ടെ നെറ്റി പട്ടം തിളങ്ങണമെങ്കില്‍ പന്തം വേണം. അല്ലെങ്കില്‍ പിന്നെ നെറ്റി പട്ടം ചുമ്മ ഒരു ബാനറു പോലെ ഇരിയ്കും.

മിസ്റ്റര്‍ പച്ചാളം.. രോമാഞ്ചമടങ്ങാന്‍ സെല്ലോ ടേയ്പ്പ് ഒട്ടിച്ചാ മതി.

ആന ഓടിച്ചിടുമ്പോ നേരെ ആനയുടെ മൂട്ടിലേയ്ക് ഓടി പോയാ മതീന്ന് കേട്ടിട്ടുണ്ട്. ആന തിരിഞ് പുറകോട്ടാവാന്‍ കുറേ സമയം എടുക്കും എന്നത് കൊണ്ടാവും.

ശ്ശോ.. എന്ന്തോരും ഇന്‍ഷുറന്‍സ് കിട്ടേണ്ട വകുപ്പായിരുന്നു :)

ആന : ഒരു സംഭവം തന്നെ.

എതിരന്‍ കതിരവന്‍ said...

ചാവും പതിനാറടിയന്തിരവും ആഘോഷിക്കാന്‍ ബ്ലോഗര്‍മാര്‍ക്കു ചാന്‍സു തരാത്ത ആന എന്തൊരാന.

ഷര്‍ട്ടൂരി കല്ലിലാക്കി എറിഞ്ഞാല്‍‍ അങ്ങോട്ടു പോകുമെന്നു വിചാരിച്ച ഈ അതിലളിത ഹൃദയനെ ഒന്നും ചെയ്യേണ്ടെന്ന് ആന വിചാരിച്ചു.

Unknown said...

ടീഷര്‍ട്ട് ഐഡിയ ഈസ് ഗുഡ് പക്ഷെ അതിന്റെ സത്യാവസ്ഥ ഇതല്ലേ: ടീഷര്‍ട്ട് പോലും ഇടാതെ നില്‍ക്കുന്ന ഒരു ആളിന്റെ അടുത്തേയ്ക്ക് പെണ്ണാന വന്നത് തന്നെ. പ്രത്യേകിച്ചും മലയാളീസിന്റെ അടുത്തേയ്ക്ക്. ആനയാണെങ്കിലും പത്രമൊക്കെ വായിക്കുന്നുണ്ടാവുമേ.

ഓടോ: വിവരണം തകര്‍ത്തു. ഭയങ്കര സിറ്റുവേഷന്‍ തന്നെ. എന്തായാലും ഒന്നും പറ്റാതിരുന്നത് ഭാഗ്യം.

Satheesh said...

അതി ഭീകരമായ ഒരു രംഗത്തിന്റെ അതി രസകരമായ വര്‍ണ്ണന! ഇങ്ങിനെയൊക്കെ ഒള്ള മനുഷന്മാര്‍ ഇപ്പഴും ഒണ്ട്‌ല്ലേ!? :)

krish | കൃഷ് said...

ഒരു സാഹസികകഥ വായിക്കുന്നപോലെയല്ലെ വായിച്ചുതീര്‍ത്തത്. എന്തുസംഭവിച്ചു, എന്നറിയാനുള്ള ഒരു ആവേശമേ..

ആന ഉറുമ്പുമായി സ്നേഹിക്കാന്‍ പോയ ‘കഥ’കള്‍ കേട്ടിട്ടുണ്ട്. ഇത് ആദ്യമാ ആനി ഫൈസലിനെ
സ്നേഹിക്കാന്‍ വന്ന് നിരാശയായി പോയത്.

കല്യാണ രാത്രിയില്‍ ഇക്കാസിനേയും ജാസൂട്ടിയേയും കാണാന്‍ ചെന്നിട്ട് ഈ സാഹസിക പുരാണം വിളമ്പിയോ.. എങ്കില് പിന്നെ അവര്‍ തീര്‍ച്ചയായും ഉറങ്ങിക്കാണില്ല !!!(പേടികൊണ്ട്)

കോരിത്തരിപ്പിക്കുന്ന വിവരണം.

കാര്‍വര്‍ണം said...

നമിച്ചു മാഷെ. ചോര ഐസാകുന്ന ഈ അനുഭവം ഇങ്ങനെ തമാശപൊതിഞ്ഞ് അവതരിപ്പിച്ചുവല്ലൊ. എന്നാലും ഇതൊരു വല്ലാത്ത സംഭവം തന്നെ.
ദില്‍ബാസുരന്റെ കമന്റിന് ഒരു സ്പെഷ്യല്‍:).
ഏതാ‍ായാലും വിവരണം കലക്കി.

ദിവാസ്വപ്നം said...

ആ ! എന്താ വിവരണം !! അവിടെ കൂടെയുണ്ടായിരുന്നതുപോലെ !!!

എന്നാലും സംഗതി ഇത്തിരി കടന്നുപോയി. വായിച്ചിട്ട് ടെന്‍ഷനായി.

ആന എടുത്തെറിഞ്ഞാല്‍ പിന്നെ തല വര്‍ക്ക് ചെയ്യുമോ ?

ഏതിനും, രക്ഷപെട്ടതിന് ദൈവത്തിനു നന്ദി പറയേണ്ടിയിരിക്കുന്നു.

സാജന്‍| SAJAN said...

ഹോ ! ഭയങ്കരം തന്നെ, ഇതിത്ര രസകരമായി എങ്ങനെ എഴുതാന്‍ കഴിഞ്ഞു?
എന്തായാലും ടീഷര്‍ട്ട് മണപ്പിച്ച് സഥലം വിട്ട ആന ബോഡി സ്പ്രേ വാ‍ങ്ങാന്‍ പോയതായിരിക്കും:):)

Physel said...

പാച്ചാളം,കൊച്ചി വരെ വന്നിട്ട് പാച്ചാളത്തെ കാണാന്‍ കഴിഞ്ഞില്ലാ എന്നൊരു സങ്കടം ഇപ്പോഴു ബാക്കി.

ഇഡീ, എന്റെ അന്നേരത്തെ ചിന്തകള്‍ സത്യം സത്യമായി എഴുതാന്‍ വയ്ക്ക്വോ...മാനം കപ്പല്‍ കയറും ഗഡീ!

ഡിങ്ക്സ്, “ആന” നമ്മള്‍ വായിച്ചു പഠിച്ചതോണ്ട് കാര്യമില്ലല്ലോ...കുത്താന്‍ വരുന്ന ആന അതു വായിച്ചവനല്ലെങ്കില്‍ തീര്‍ന്നില്ലേ?

കുറുമാന്‍, അനുഭവിച്ച കാര്യമാണെങ്കില്‍ ഞാനൊന്നും പറയണില്ല...അനുഭവിച്ചു തന്നെ അറിയണം!സംഭവം വേഗം പുറത്തു വിടൂ..

ശ്രീ, ഡാങ്ക്യൂ,ഡാങ്യൂ...

ജാസൂട്ടിയേയ്, ജാസൂട്ടി ഒരു വനിതാ ബ്ലോഗറാണെന്ന് അന്നല്ല അറിഞ്ഞത്. അത് ഇക്കാസിന്റേം ജാസൂട്ടീടേം കല്യാണം മനോരമ പുറത്തു വിട്ടന്നേ മനസ്സില്ലായി! (ഇക്കാസ് ആളു ഡീസന്റല്ലേ...!!)പിന്നെ അന്നു കണ്ടപ്പോ ഉറപ്പുമായി. അത്രയേ ഉള്ളൂ. നല്ല വാക്കുകള്‍ക്ക് നന്ദി.

മുല്ലപ്പൂ, പേടിച്ചു...ചത്തില്ലാന്നേ ഉള്ളൂ!

സുമേഷ്, ഫൈസല്‍ എന്ന് ശരിയായി എഴുതാന്‍ എനിക്കും മോഹമുണ്ട്! പക്ഷേ എസ്.എസ്.എല്‍.സി ബുക്കില്‍ പേരെഴുതിയപ്പോ പത്താം തരം ബി യിലെ നാരായണന്‍ മാഷ് അതങ്ങിനെയാ എഴുതിയെ! പിന്നെ അതു തിരുത്താന്‍ നടന്നാല്‍, ആ എത്സീ പരീക്ഷയ്ക്ക് എനിക്കു കിട്ടിയ മാര്‍ക് പുറത്താവൂലോ എന്നു കരുതി മിണ്ടാണ്ടിരുന്നതാ..(ആ ബുക്ക് ഞാനെന്റെ ഭാര്യയെ പോലും കാണിച്ചിട്ടില്ല..പിന്നല്ലേ!)

ചാത്താ, ചാത്തന്റെ ആ പോസ്റ്റ് കണ്ടില്ലായിര്രുന്നെങ്കില്‍ ഇതു പുറത്തു വിടാനുള്ള ഒരു ഇന്‍സ്പിരേഷന്‍ കിട്ടില്ലായിരുന്നു. നന്ദി

അതുല്യേച്ചിയേയ്, അല്‍‌ഷിമേഴ്സും തുടങ്ങി അല്ലേ...?! അങ്ങിനെ തന്ന്യാണോ ആവോ ഞാന്‍ ചോദീച്ചേ...!! അന്നു ചത്തിരുന്നേല്‍ വല്ല സര്‍കാര്‍ ധാന സഹായവും കിട്ടിയേനെ!! എനിക്ക് ഇന്‍ഷൂ ഇല്ലാ, വെറുമൊരു കാന്‍‌വാസ് ഷൂ മാത്രമേ ഉള്ളൂ..!ഈ ചേനയ്ക്കൊക്കെ ഇപ്പൊ ഭയങ്കര ചൊറിച്ചിലാ അല്യോ?

എതിരന്‍...എല്ലാത്തിനും ഒരു യോഗം വേണം.എന്തു ചെയ്യാം!?

ദില്‍ബൂ...അതു പെണ്ണായിരുന്നില്ല മോഴയായിരുന്നു. (ഇനി മോഴ പെണ്ണാണോ ആവോ?) ആണും പെണ്ണും ഒത്തു ചേര്‍ന്ന സാധനം.അതോ ആണും പെണ്ണുമല്ലാത്ത ആനയോ?

സതീഷ്...ചിലനേരങ്ങളില്‍ ചില മനുഷ്യര്‍ എന്നല്ലേ

ക്രിഷ്ജീ, അന്നേരം ആനക്കഥ പറയാന്‍ നിന്നാല്‍ ഇക്കാസ് എന്നെ തൂക്കിയെടുത്ത് പുറത്തെറിയില്ലേ!? (തന്നെ തന്നെ...ആദ്യ രാത്രിക്ക് മണിയറ കേറാന്‍ നില്‍ക്കുന്ന സമയം തന്നെ വേണം ആ കഥ പറയാന്‍!)

കാര്‍വര്‍ണ്ണമേ..അതെന്തിനാ ദില്‍ബൂന്റെ കമന്റിനൊരു സ്പെഷ്യല്‍? അപ്പോള്‍ ഈ ഞാനും...!!!??? (യൂ റ്റൂ കാര്‍വര്‍ണ്ണം...?)

എസ്.പി. ഷെര്‍ലക് ഹോംസ് ന്നൊക്കെ കണ്ട് ഞെട്ടി..ആളെ തപ്പി നോക്കിയപ്പോ കിട്ടി! ദിവാ സ്വപ്നം (ചാരുകസേരമേല്‍)!!! ഇതെപ്പോ തൊട്ട് ഈ അവതാ‍രം?ആന എടുത്തിരുന്നേല്‍ പിന്നെ നോക്കേണ്ടിയിരുന്നില്ല. അവന്‍ ചുമ്മാ “നീപോമോനേ ദിനേശാ“ എന്ന ലൈനില്‍‍ പുറം കൈക്കൊന്ന് തട്ടിയേ ഉള്ളൂ. (നമ്മളെ സ്ട്രെച്ചറിന് അതു ധാരാളം!)! കൊല്ലണ്ടാ ഒന്നു പേടിപ്പിച്ചു വിട്ടാ മതി എന്നു കരുതി ക്കാണും!

Physel said...

സാജാ...അങ്ങിനൊരു സാധ്യത തള്ളിക്കളയാന്‍ വയ്യ. വീടു വിട്ടിട്ട് അന്നേക്ക് നാളുകള്‍ നാലു കഴിഞ്ഞിരുന്ന്നു!!

സു | Su said...

അഞ്ചാറ് ദിവസം കഴിഞ്ഞപ്പോ ഞാനാവഴിയ്ക്ക് പോയി. നോക്കുമ്പോ, ഒരാന ബോധം കെട്ട് കിടക്കുന്നു. അതിന്റ്റടുത്തൊരു ടീഷര്‍ട്ടും കിടക്കുന്നു. ഇപ്പഴല്ലേ മനസ്സിലായത്. ;)

(ഇനി ഞാന്‍ ഓടി രക്ഷപ്പെടട്ടെ.)

എന്തായാലും പടച്ചോന്‍ കാത്തു എന്നു പറയൂ. :)

R. said...

ഇവിടം വരെ വന്നു, വായിച്ചു - കമന്റിടാതെ പോകാന്‍ തോന്നീല്ലേയ് !

Kaithamullu said...

തൃശ്ശൂര്‍ പൂരം കഴിഞ്ഞ് പോകുന്ന ആനയുടെ പുരോഭാഗത്ത്, കേച്ചേരിയില്‍ വച്ച്, വെടിക്കെട്ട് കണ്ട മടങ്ങിയ ഞങ്ങളുടെ മാരുതി 1000 ഇടിച്ചപ്പോള്‍ ആനയുടെ ക്രൌര്യം എങ്ങനെയിരിക്കുമെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞിരുന്നു. മുന്‍സീറ്റിലിരുന്ന എന്റെ കുറച്ച് തലമുടി (ആ ഭാഗമാ ഇപ്പോ കഷണ്ടി)ആനയുടെ തുമ്പികൈയില്‍ ...
-ആനക്കാരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടതാ അന്ന്!

ഫൈസല്‍, വിവരണം പാച്ചാ‍ളം പറഞ്ഞപോലെ തന്നെ!

....”ടീഷര്‍ട്ട് പോലും ഇടാതെ നില്‍ക്കുന്ന ഒരു ആളിന്റെ അടുത്തേയ്ക്ക് പെണ്ണാന വന്നത് തന്നെ. പ്രത്യേകിച്ചും മലയാളീസിന്റെ അടുത്തേയ്ക്ക്. .“

എന്ന് ദില്‍ബനും പറഞ്ഞ സ്ഥിതിക്ക് ഞാനെന്ത് പറയാന്‍!

മഴത്തുള്ളി said...

വളരെ ആകാംഷയോടെ ഒറ്റയിരുപ്പിന്നു വായിച്ചുതീര്‍ത്ത ഒരു സംഭവകഥ. ഇവിടെ വിവരിച്ചതുപോലെ ആനക്കഥകള്‍ ധാരാളം വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഞാനും നാട്ടില്‍ വച്ച് വനത്തിനുള്ളിലൂടെ പോകേണ്ട അവസരം വരുമ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതെല്ലാം മറന്നതുതന്നെ എന്ന് ചിന്തിക്കാറുണ്ട്. അതുപോലെ ഉറ്റസുഹൃത്തിന്റെ അച്ഛന്‍ ഒരിക്കല്‍ ആനക്കൂട്ടം വന്നപ്പോള്‍ ഓടാതെ തിരിഞ്ഞ് നിന്ന് കൂവിവിളിച്ചാല്‍ മതിയെന്ന് എവിടെയോ പറഞ്ഞ് കേട്ട അറിവ് വെച്ച് നാല് ഡിക്ഷ്നറിയിലില്ലാത്ത പദങ്ങള്‍ പറഞ്ഞ ഉടനെ ഒരാന ഓടിയടുക്കുകയും ഉടുമുണ്ട് നഷ്ടപ്പെട്ട് എങ്ങനെയോ ഓടിരക്ഷപെടുകയും ചെയ്ത സംഭവം ഞാന്‍ കേട്ടത് ഓര്‍മ്മ വന്നു.

എന്തായാലും താങ്കളുടെ അനുഭവം ഒരു ഒന്നര അനുഭവം തന്നെ. ഞാനും പറയട്ടെ, ബ്ലോമ്മേന്‍...

Mubarak Merchant said...

(ഇക്കാസ് ആളു ഡീസന്റല്ലേ...!!)
ഹൌ!! ഞാന്‍ കോരിത്തരിച്ച് പോയി.
പോസ്റ്റ് രസിച്ചൂട്ടാ :)

ആഷ | Asha said...

എന്റമ്മേ ഇത്രയും ഭീകരമായ അനുഭവം തമാശിച്ചു എഴുതികളഞ്ഞല്ലോ.

ദേവന്‍ said...

ഫൈസലേ, ഈ സംഭവം കേള്‍ക്കാനിരിക്കുകയായിരുന്നു ഞാന്‍ (കൈപ്പള്ളിയണ്ണന്റെ
കാര്യം ശരിയാ. പുള്ളിയും കൂട്ടുകാരും കൂടി ഒരു വഴിക്കു പോവുമ്പോള്‍
ആനകളും കാട്ടുപോത്തുകളും തമ്മില്‍ ചെറിയൊരു കബഡികളി നടക്കുന്നത് കണ്ട്
പുള്ളി വണ്ടീന്നിറങ്ങി ഓടിച്ചെന്നെന്നും . ഡേയ് പയലുകളേ കൊണവതിയാരം
നിര്‍ത്തി വീട്ടി പെയ്യിനെടേ എന്ന് അലറിക്കോണ്ട് മുടിയും വളര്‍ത്തി
വള്ളിക്കളസമിട്ട ഒരു നരസിംഹം പാഞ്ഞു വരുന്നത് കണ്ട് ആനകളും പോത്തുകളും
ഓടിത്തള്ളിയെന്നാണ്‌ നാട്ടിലെ പാട്ട്)

ആദ്യം പാച്ചൂന്റെ വീഡിയോഗ്രാഫറുടെ കാര്യം. ആനയ്ക്ക് ഇറക്കം ഇറങ്ങാന്‍
ശകലം സ്പീഡ് കുറവാണ്‌. പടികള്‍ പ്രത്യേകിച്ച് അവറ്റ ഒഴിവാക്കും. പക്ഷേ,
അനുഭവത്തീന്നു പഠിച്ചല്ലോ, ആനകളിലും മനുഷ്യരിലും കൊമ്പനും പിടിയും പൊതുവേ
ഡീസന്റ് ആണ്‌, പക്ഷേ മോഴകള്‍ കൂതറകളും തൊട്ടീച്ചാടികളും
സാമൂഹ്യവിരുദ്ധരുമാണ്‌. കഴുത കാമം കരഞ്ഞു തീര്‍ക്കും മോഴ കൊമ്പനായി
ജനിക്കാത്തതിന്റെയും ആനക്കൂട്ടം നയിക്കാനുള്ള ആമ്പിയര്‍
ഇല്ലാത്തതിന്റെയും ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഉള്ളവനാണ്‌. ഈ
ശിഖണ്ഡികള്‍ അനാവശ്യമായി മനുഷ്യരെപ്പോലെയുള്ള സാധുക്കളുടെ മെക്കിട്ടു
കേറും.

പറഞ്ഞു വന്നത്. അത്രയും ക്ലോസ് റേഞ്ചില്‍ ഒരുത്തനെ പണിയാന്‍ കിട്ടിയാല്‍
ദേഷ്യം കൊണ്ട് കണ്ണുകാണാന്‍ വയ്യാത്ത മോഴേട്ടന്‍ ആ സ്റ്റെപ്പുകള്‍
ഇരുന്നു നിരങ്ങി ഇറങ്ങിക്കളയും. അതിനു മുന്നേല്‍ നൂറേല്‍ പാഞ്ഞ്
ഒളിച്ചില്ലേല്‍ അങ്ങേരെ മുറുക്കാന്‍ ചവച്ചു തുപ്പിയ പരുവത്തില്‍ കിട്ടും.

എന്തു കാര്യവും സംഭവിക്കുമ്പോള്‍ അങ്ങ് പറ്റും, വീട്ടിനകത്തിരുന്ന്
അതിനെ വിശകലനം ചെയ്യാന്‍ ആര്‍ക്കും പറ്റുമല്ലോ, അതിനു തുനിയുന്നില്ല.
കാട്ടുപോത്ത് ഓടിച്ച അനുഭവം ഉള്ളതുകാരണം
http://commentara.blogspot.com/2007/04/blog-post_29.html

ക്രൈസിസ് ഉണ്ടായാല്‍ നമ്മളെന്തു ചെയ്യുമെന്ന് നല്ലപോലെ അറിയാം :)

ആദ്യ ബ്ലിക്കാഹിന്റെ സമയത്തു തന്നെ ഫൈസലും റിക്കോര്‍ഡില്‍ കേറി. ആനയുടെ
കയ്യീന്നു സമ്മാനം വാങ്ങിച്ച ആദ്യ ബൂലോഗന്‍ എന്ന അവാര്‍ഡ് ദാ തരുന്നു.
(അടുത്ത തവണ മെച്ചപ്പെട്ട അവാര്‍ഡിനു ശ്രമിക്കല്ലേ!)

ഓഫ്: ആന നിരങ്ങി പടിയിറങ്ങുന്നത് കണ്ടിട്ടുണ്ട് ഒരിക്കല്‍. അതും ഒരു മോഴ
തന്നെ. പണ്ടാറക്കാലന്‍ വാള്‍പ്പാറയിലെ ഞങ്ങളെ അതിഥികളായി സ്വീകരിച്ച
ക്വാര്‍ട്ടേര്‍സിന്റെ മുറ്റത്ത് ചുമ്മാ ഉലാത്തുകയായിരുന്നു. (ഞങ്ങള്‍
അകത്തടച്ചു പൂട്ടി കൂട്ടിലിട്ട വെരുകിനെപ്പോലെ പരക്കം പായുകയും, ഓടും
കുമ്മായവുമൊക്കെ അവന്‍ തൊട്ടാല്‍ പപ്പടന്‍സ് പോലെ പോടിയും.) ഈ കുരിപ്പ്
അവിടെ തൂക്കിയിട്ടിരുന്ന ഒരു ബള്‍ബ് എന്തോ പഴമാണെന്നു കരുതി പറിച്ചു
തിന്നത്രേ. (കണ്ടില്ല, അടുത്ത ദിവസം കേട്ടതാ) അതോടെ ആളു വയലന്റ് ആയി
വാഴേം മരവും മറിച്ചിടാന്‍ തുടങ്ങി. വാച്ച് മാന്‍ ഗാര്‍ഡ് ടവറില്‍ കേറി
നിന്ന് നാലഞ്ച്ചു പടക്കം പടപടോന്നു പൊട്ടിച്ചു. വിരണ്ടുപോയ പാവം മോഴ
ഒറ്റയോട്ടം. ഓടുന്ന വഴി താഴോട്ടുള്ള പടികള്‍ നിരങ്ങി ഇറങ്ങി ആശാന്‍
കണ്ടവഴി പാഞ്ഞു.

കൊച്ചുത്രേസ്യ said...

കിടിലന്‍ വിവരണം..എന്നു വെച്ചാല്‍ കിടിലം കൊള്ളിക്കുന്ന വിവരണംന്ന്‌..

ഞാനെങ്ങാനുമായിരുന്നേല്‍ ആനയ്ക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലായിരുന്നു.. ഭീരുക്കളെപോലെ ആനേടെ അടികൊണ്ടു മരിക്കുന്നതിനെക്കാള്‍ മുന്‍പേ തന്നെ ധീരമായി ഹാര്‍ട്ടറ്റാക്കു വന്ന്‌ വീരചരമം പ്രാപിച്ചിരുന്നേനേ..

Anonymous said...

ന്നാലും എന്റെ മാഷേ.....

കിടുകിടുക്കന്‍ എഴുത്ത്!! ഇതുപോലെ ഒരു സംഭവം ഈ ഭാഷയില്‍ എഴുതിപ്പിടിപ്പിക്കണോങ്കില്‍ വേണമല്ലോ ധൈര്യം ആറു പറ!


ഒരു കല്ല്യാണം ഒക്കെ കഴിച്ചാല്‍ പിന്നെ കാട്ടാനയൊക്കെ തൃണമാടാ തൃണം എന്ന് ഇവിടെ ഒരു ചങ്ങായി പറയുന്നു..


*******
“ടീഷര്‍ട്ട് ഐഡിയ ഈസ് ഗുഡ് പക്ഷെ അതിന്റെ സത്യാവസ്ഥ ഇതല്ലേ: ടീഷര്‍ട്ട് പോലും ഇടാതെ നില്‍ക്കുന്ന ഒരു ആളിന്റെ അടുത്തേയ്ക്ക് പെണ്ണാന വന്നത് തന്നെ. പ്രത്യേകിച്ചും മലയാളീസിന്റെ അടുത്തേയ്ക്ക്. ആനയാണെങ്കിലും പത്രമൊക്കെ വായിക്കുന്നുണ്ടാവുമേ...”

കമന്റാസുരാ‍ാ‍ാ‍ാ :)

*********

ത്രേസ്യാമ്മോ... അത്രയൊന്നും വരൂല്ലെന്നേ. ഒരു മാതിരി ബോധമൊക്കെ ഒള്ള ആന ആണെങ്കില്‍ അതിനൊണ്ടായിക്കോളും ഹാര്‍ട്ട് അറ്റാക്ക്...

മുസ്തഫ|musthapha said...

!!!

ഇടയ്ക്ക് ഹാസ്യത്തിന്‍റെ മേമ്പൊടിയുണ്ടായിരുന്നിട്ട് കൂടെ കണ്ണ് നിറഞ്ഞു... ദൈവത്തിന് നന്ദി പറയാം...

അറിവുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നേയാണ്... ഒപ്പം ആപല്‍ഘട്ടത്തില്‍ കൈവരിക്കാനാവുന്ന മനോധൈര്യവും...

ക്യാമറ അപ്പോ ജീവന്‍രക്ഷാ ഉപകരണം കൂടെയാണല്ലേ... :)

ഇത്രയും ഭീകരമായ ഒരവസ്ഥ ഇങ്ങിനെ നര്‍മ്മത്തില്‍ പൊതിഞ്ഞ് പറയാനുള്ള ആ ശൈലിയും സമ്മതിച്ചു...!

Physel said...

സൂ....അതാ ആനയല്ല. അവന്‍ ശൂ...ന്നൊരു സാധനം ദൂരേന്നു വരുന്നകണ്ടപ്പോ അന്നേരം പോയ ബോധം എപ്പം വരും എന്നോര്‍ത്തു കിടന്നു പോയവനാ...ആ റ്റീഷര്‍ട്ട് എന്റേതേയല്ല. (എന്റെ റ്റീഷര്‍ട്ട് ഇങ്ങനല്ലമ്മേ - ജഗതി,മേലേപ്പറമ്പില്‍ ആണ്‍ വീട്)

രജീഷ്....നന്ദി

കൈതമുള്ളേ...അപ്പോ ആനയ്ക്ക് ഗള്‍ഫ് ഗേറ്റുകാര്‍ക്ക് ബിസിനസ്സ് ഉണ്ടാക്കുന്ന പണിയുമുണ്ടോ?പക്ഷേ വയലന്റ് ആയ ആനയെ അനുനയിപ്പിക്കല്‍ അത്ര എളുപ്പമുള്ള പണിയല്ല. മാരുതി 800 ഒക്കെ അവന്‍ പപ്പടം പോലെ പൊടിക്കും. ഭാഗ്യം അന്നു നിങ്ങള്‍ക്കൊപ്പം എന്നു കരുതിയാ മതി.

മഴത്തുള്ളീ....ആനക്കൂട്ടം പൊതുവെ മനുഷ്യന്മാരെ ഒഴിഞ്ഞു പോകത്തേയുള്ളൂ. അതാ തെറികേട്ട് സഹികെട്ട് വന്നതാവാനേ തരമുള്ളൂ.ആ ബ്ലോമേനു നന്ദി.

ഇക്കാസ്,കുറ്റിയറ്റു പോകുന്ന ഡീസന്റ് ബ്ലോഗേര്‍സിന്റെ പ്രദര്‍ശനം ആരേലും സംഘടിപ്പിക്കുന്നുണ്ടേല്‍ അതിന്റെ ഒന്നാമത്തെ കൂട്ടില്‍ ഇക്കാസ് ഉണ്ടാവും...മൂന്നരത്തരം :)

ആഷേ..തമാശ ഇപ്പോ വന്നതല്ലേ...അന്നേരം അതൊരൂ ഭി ഭീകരം തന്നെയായിരുന്നേയ്.

ദേവരാഗം, കാട്ടുപോത്തോടിച്ചതും, പിന്നെ അതിനു കരീം മാഷ് വരച്ച ചിത്രവുമൊക്കെ അന്നേ കണ്ടിരുന്നു! കൈപ്പള്ളി ആനകളേം കാട്ടുപോത്തിനേം ചാര്‍ജ് ചെയ്തതും!! ഈ മോഴ ഭയങ്കര പ്രശ്നക്കാരനാ‍ാണെന്നു പിന്നെ അറിഞ്ഞു. ആരേം ഇതുവരെ കൊന്നിട്ടില്ലെങ്കിലും ഒരു പാടു പേരെ ഇവനോടിച്ചിട്ടൂണ്ട്. അന്നു തന്നെ റ്റീഷര്‍ട്ട് എറിഞ്ഞതു കൊണ്ടൂന്നുമല്ല അവന്‍ സ്ഥലം വിട്ടത്. (അതിലും വലിയ മണവുമായി ഞാന്‍ മുന്നിലിരിക്കുമ്പോ അവനെവിടെ പ്പോവാന്‍!!)നല്ല കേള്‍വി ശക്തിയുള്ളതുകൊണ്ട് എന്നെ തിരഞ്ഞുവരുന്നവരുടെ ബഹളം അവന്‍ ദൂരേന്നേ കേട്ടിരിക്കണം.

എന്തായാലും അന്നു മുടങ്ങിയ തോല്‍പ്പെട്ടി പൂര്‍ത്തിയാക്കാന്‍ ഇപ്രാവശ്യം ഉറപ്പിച്ചു. ഒരു കമ്പനിക്ക് വരുന്നോ?

ത്രേസ്യാ ഗുപ്തന്റെ കമന്റു കണ്ടല്ലോ..കൂടുതല്‍ ഞാനെന്നല്ല, ബോധമുള്ള ഒരു ബ്ലോഗറും പറയുമെന്നു തോന്നുന്നില്ല!!!:) :)

ഗുപ്തന്‍...ന്നാലും മ്മളേ ത്രേസ്യാക്കൊച്ചിനോടിതു വേണായിരുന്നോ? (മേലെ പറഞ്ഞതു ഞാനല്ല)

അഗ്രൂ, നന്ദി...!

ദേവന്‍ said...

ഫൈസലേ, അറിയപ്പെടാത്ത രഹസ്യം എന്നൊരു സിനിമയുണ്ട്, അതില്‍ ജയന്‍ ചെയ്ത പരിപാടി ഒന്നു പരീക്ഷിക്കരുതായിരുന്നോ? സിമ്പിള്‍ പരിപാടിയാണ്‌. ആന കുത്താന്‍ വരുമ്പോള്‍ കൊമ്പില്‍ പിടിച്ച് പിറകോട്ട് തള്ളുക, ചവിട്ടാന്‍ കാലുപൊക്കിയാല്‍ കാലേല്‍ പിടിച്ച് മേല്പ്പോട്ടും തള്ളുക, ആന തോറ്റോടും.
(അടുത്ത തവണ ഞാനുമുണ്ട് തോല്പ്പെട്ടിക്ക്‌)

മോഴയെപ്പറ്റി കണ്‍ഫ്യൂ കമന്റില്‍ കണ്ടതുകൊണ്ട് രണ്ടു വരി:
മോഴ കൊമ്പില്ലാത്ത, വലിപ്പം കുറവുള്ള ആണാനയാണ്‌. അവന്‍ ശിഖണ്ഡിയൊന്നുമല്ല, പ്രജനനം നടത്താന്‍ കെല്പ്പുള്ളവന്‍ തന്നെ- ചൊറിച്ചു മല്ലിയാല്‍ "ചില ആനക്കുട്ടികള്‍ക്ക് മൊന്ത താഴെയായെന്നും വരാം." വലിപ്പക്കുറവും കൊമ്പില്ലായ്മയും മോഴയ്ക്കു ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് കൊടുക്കുന്നതുകാരണം അവന്‍ മദപ്പാടില്ലെങ്കിലും വയലന്റ് ആകുകയും ആള്‍ക്കാരെ ദ്രോഹിക്കുകയും ചെയ്യാറുണ്ട്.

Sherlock said...

തികച്ചും ഹൃദയമിടിപ്പോടുകൂട്യാ വായിച്ചേ....എന്തായാലും ദൈവത്തിനു നന്ദി പറയാം..


വിവരണം രസകരമായി :)

കണ്ണൂസ്‌ said...

Anna.. IthippOzhaa kanTath. kiTungngi!!

ഏറനാടന്‍ said...

ഫൈസല്‍ ഭായ് എപ്പോ വന്നു നാട്ടില്‍ എപ്പോ പോയി? ഇനിയെന്ന് വരും? വരുമ്പോ ഇനിയെങ്കിലും ഒന്നറിയിക്കുമല്ലോ... ഈ സംഭവം കിലുക്കനായി.. ഇക്കാസിന്റെ വിവാഹപന്തലില്‍ ഒടുവില്‍ എത്തിയ ബ്ലോഗര്‍ ഞാന്‍ ആയിരുന്നു എന്നൊരു അഹങ്കാരത്തിന്റെ കെട്ടഴിച്ചുവിട്ടത് ഇങ്ങള്‍ ഒരൊറ്റ മഹാന്‍ തന്നെ.. ഇനി ആ റിക്കാഡ് നിങ്ങള്‍ക്കുള്ളതാണ്‌. ഞാന്‍ പിന്നേം ത്വോറ്റു.. :)

Physel said...

ജിഹേഷ്, കണ്ണൂസ്...സന്തോഷം.

ഏറനാടന്‍, നവംബറില്‍ നാട്ടിലുണ്ടായിരുന്നു.ഇനി മിക്കവാറും ഈ മാസം (ജനുരവരി) അവസാനം നാട്ടിലെത്തിയേക്കാം! കോണ്ടാക്ട് ചെയ്യാനുള്ള മാര്‍ഗം അറിയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ബന്ധപ്പെടാം.

Sreejith K. said...

അപാരചങ്കൂറ്റം തന്നെ. നമിച്ചു. മനസ്സാനിധ്യം എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ല. എഴുത്തും കേമം. നര്‍മ്മവും പേടിയും ഒന്നിച്ച് നില്‍ക്കുന്ന ഇതുപോലൊരു എഴുത്ത് ഇതിനുമുന്‍പ് ഞാന്‍ കണ്ടിട്ടേയില്ല എന്ന് തോന്നുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു.

ഇപ്പഴൌം സ്വപ്നം കാണല്‍ ഉണ്ടോ ആവൊ...

ഇതിപ്പഴാ കണ്ടെ.

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

പ്രിയ said...

ഈശോയേ, ഇതു നടന്ന സംഭവം തന്നെ? ചുമ്മാ ആ സിറ്റുവേഷനെ പറ്റി ആലോചിക്കുമ്പോള് തന്നെ പാതി ജീവന് പോണു. ഈ ആനയുടെ അടുത്തേക്ക് പോവാന് തന്നെ പേടിയുള്ള (അതിപ്പോ അമ്പലത്തിലെ എഴുന്നള്ളിപ്പിനു തിടമ്ബേറ്റിയ, കൂച്ചുവിലങ്ങിട്ട ആന ആണേല് പ്പോലും എന്നെ ഒന്നു ഇരുത്തി നോക്കിയാല് ഞാന് സ്ഥലം കാലിയാക്കും, അല്ല പിന്നെ, ചുമ്മാ ഡിസ്ക് എടുക്കണ്ടാലോ ) എനിക്ക് ഇതു സങ്കല്പ്പിക്കാന് വയ്യ (പിന്നെ കണ്ട സ്ഥിതിക്ക് വായിച്ചൂന്നേ ഉള്ളൂ.പിന്നെ എഴുതിയ രീതി അതിന്റെ ആ സ്റ്റൈല്, അതിപ്പോ ആരായാലും കുത്തിരുന്ന്നു വായിച്ചു പോകും. ഏത് ആനപ്പേടിക്കാരി ആണേലും )

hi said...

ഫൈസല്‍ ഭായ്‌..വിവരണം കലക്കന്‍.. ആ സമയത്ത് അവിടെ ഉണ്ടായ പോലെ തോന്നിപ്പിച്ചു. ദൈവത്തിനു നന്ദി
സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. പക്ഷെ ഭാഗ്യത്തിന് ഞങ്ങള്‍ വണ്ടി നൂറില്‍ പറപ്പിച്ചു. കുറെ ദൂരം പിന്നാലെ വന്ന ശേഷം അവന്‍ വിട്ടു.. ഒരു കൊമ്പന്‍ ആയിരുന്ന്നു

Lathika subhash said...

otayiruppinu vayichu.
super ezhuthu.
oranubhavam ullathinal bhikaratha nannayi manassilakunnu.

ഹരിയണ്ണന്‍@Hariyannan said...

ഒരു ബസില്‍ കയറിയാണ് ഇന്ന് ഈ പോസ്റ്റില്‍ പിടിച്ചത്.

എന്തൊരു ഭീകര അനുഭവമായിരുന്നു?
ഒറ്റയടിക്ക് വെള്ളമൊഴിക്കാതെ മുയുമനും വായിച്ചു.

ഇനി ആനയെക്കണ്ട് ഓടുമ്പോ ഫ്ലാഷ് മാത്രമാക്കണ്ട,കാമറയും കയ്യില്‍ വച്ചോണേ! :)

NPT said...

ഫൈസല്ക നന്നായി എഴുതിയിട്ടുണ്ട് ...:)