Wednesday, April 16, 2008

പൈ‌ലറ്റുമ്മാര്‍....!!! അഹങ്കാരികള്‍...!!

Take off is optional, but the landing is mandatory

വിമാനത്തിന്റെ സ്പീഡ്‌ V1 അഥവാ പൊങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും വരെയുള്ള സ്പീഡ്‌ എത്തുവോളം "ന്നാ ഇപ്പൊ പൊങ്ങണ്ട" എന്നു ഡ്രൈവര്‍ക്ക്‌ തീരുമാനിക്കാം! പക്ഷേ അതും കഴിഞ്ഞ്‌ ആകാശത്തെത്തിയ ഈ പണ്ടാരത്തെ എങ്ങനേലും ഒന്ന് നിലത്തെത്തിക്കണം എന്നത്‌ നിര്‍ബന്ധമാകുന്നു.

അസ്സലാകപ്പാടെ ആലോചിച്ചാല്‍ ഈ വിമാനമോടിക്കല്‍ എന്തെളുപ്പം! ഗ്രൗണ്ട്‌ കണ്‍ട്രോളര്‍ ഉരുട്ടിക്കോളാന്‍ പറഞ്ഞാല്‍ വിമാനം ഉരുട്ടി റണ്‍വേയില്‍ കൊണ്ടു വെയ്ക്കണം. ന്നിട്ട്‌ അപ്രത്തൂട്യോ ഇപ്രത്യൂടോ വേറെ വിമാനം ഒന്നും വരുന്നില്ലേല്‍ എയര്‍ കണ്ട്രോളര്‍ ഡബിള്‍ ബെല്ല് കൊടുക്കും "ന്നാ പൂവാ റൈറ്റ്‌"...!

ശ്‌റ്റ്റ്റ്റ്ര്‍..... ഓ മ്മളാകാശത്തെത്തി.!

പിന്നെന്താ? ആ ഓട്ടോ പൈലറ്റ്‌ അങ്ങട്ട്‌ ഓണ്‍ ചെയ്ത്‌ വെക്കാം. പിന്നെ വല്ല പാട്ടോ സിനിമയോ ഒക്കെ ആസ്വദിച്ച്‌ അങ്ങിനെ ഇരിക്കാം.

ഇറങ്ങേണ്ട സമയമാവുമ്പം താഴേന്ന് വീണ്ടും വിളി വരും.

"ഇങ്ങ്‌ പോരട്ടെ ഒരു പത്തിരുപതിനായിരം അടി താഴേക്ക്‌..."

"ആ...പോരട്ടേ പോരട്ടേ..."

"പ്പ എത്ര്യായി"

"ഏകദേശം ഒരു രണ്ടായിരം അടി"

"മാഷക്ക്‌ റണ്‍വേ കാണാവോ?"

"പിന്നെ, നല്ല മണി മണിയായിട്ട്‌ കാണാം"

"ന്നാ അബ്‌ടെത്തന്നെ ഇറക്കിക്കോളേ..."

ആഹഹാ..എന്തെളുപ്പം. പിന്നെ ഈ ഡ്രൈവര്‍മാര്‍ എന്തിനാപ്പാ എന്റെ സമയം കഴിഞ്ഞേ..ഇനി പറത്താന്‍ ആളെ വേറെ നോക്കിക്കോന്നൊക്കെ പറഞ്ഞ്‌ ആളെ മക്കാറാക്കണേ....ദിപ്പ ഇത്ര ഭാരിച്ച പണിയാ? ഇവന്മാരെയൊക്കെയുണ്ടല്ലോ ചവിട്ടിക്കൂട്ടി പന്തു തട്ടിക്കളിക്കണം...ഹാ!അഹങ്കാരികള്‍!

ശരി. എന്നാ കഥകളി വേറൊന്നുകൂടെ നടക്കുന്നുണ്ട്‌ ഇപ്പോ. പ്രതി ഡയറക്റ്ററേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (DGCA). വാദി ലോകത്തെ സകലമാന വിമാനക്കമ്പനികളും. കഥ കീചക വധം തന്നെ!

ഇപ്പോ ഒരു പൈലറ്റിന്റെ പറപ്പിക്കണ സമയത്തിന്റെ കടുപ്പം തുടര്‍ച്ചയായി വരുന്ന പന്ത്രണ്ട്‌ മാസങ്ങളില്‍ ആയിരത്തി അറുനൂറ്‌ മണിക്കൂറുകളാവുന്നു. അതില്‍ തന്നെ ഇരുപത്തിനാലു മണിക്കൂറില്‍ മൊത്തം എട്ട്‌ മണിക്കൂര്‍ ചങ്ങായിക്ക്‌ വിശ്രമവും അനുവദിക്കണം. DGCA പറയണത്‌ ഈ ആയിരത്തി അറുനൂറ്‌ മണിക്കൂര്‍ ഒരു കൊല്ലത്തില്‍ എന്നത്‌ ആയിരം മണിക്കൂര്‍ ആയി കുറയ്ക്കണം എന്നാണ്‌. അതായത്‌ പൈലറ്റുമാര്‍ ഇപ്പോ തന്നെ വിമാനം പറത്തുന്ന സമയം വളരെ കൂടുതല്‍ ആണെന്ന്. പോരേ പൂരം?

വിമാനക്കമ്പനിക്കാര്‍ വെറുതെയിരിക്ക്വോ? അവര്‌ പറേണത്‌ "ന്നാ പ്പിന്നെ തേരാപ്പാരാ നടക്കണ ചെക്കന്മാരെയൊക്കെ പിടിച്ച്‌ പൈലറ്റാക്ക്‌, ഇപ്പറേണ സമയം വെച്ച്‌ ഓടിക്കാനുള്ള പൈലറ്റുകളൊന്നും ഞാളേലില്ല" എന്നും.

"അതെന്തൊരു ഉളുപ്പില്ലാത്ത പണ്യാ DGCA കാണിച്ചത്‌. പൈലറ്റുമ്മാര്‍ക്ക്‌ അല്ലേത്തന്നെ മുഴുത്ത അഹങ്കാരല്ലേ? അതിനിടക്ക്‌ ഇതും....?"

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലം ലോകത്ത്‌ നടന്ന വിമാനാപകടങ്ങള്‍ മൊത്തം പരിശോധിച്ചിട്ടാണ്‌ DGCA ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്‌ എന്നൂടെ അറിയുമ്പഴോ?

വിശദമാക്കണം അല്ലേ?തന്നെക്കാളും മൂന്നാലു മീറ്റര്‍ പൊക്കത്തില്‍ ലോഡും കയറ്റി റോട്ടുമ്മെക്കൂടെ പോകുന്ന ട്രക്കുകള്‍ ഓടിക്കുക എന്നത്‌,അതേത്‌ വോള്‍വോ ആയാലും ബെന്‍സ്‌ ആയാലും ശരി, നല്ല കായികാദ്ധ്വാനം ആവശ്യമുള്ള പണിയാണ്‌. എന്നാലും ആ ഡ്രൈവര്‍ സ്കൂളില്‍ പോയിരിക്കണം എന്ന് ഒരു ഡ്രൈവേര്‍സ്‌ മാന്വലും പറയുന്നില്ല. എന്നാല്‍ പത്ത്‌ നാനൂറ്‌ ടണ്‍ ഭാരമുള്ള ഒരു വിമാനം ആകാശത്തൂടെ പറത്താന്‍ ഒരു ട്രക്ക്‌ ഓടിക്കുന്നതിന്റെ നൂറിലൊരംശം പോലും കായികാധ്വാനം ആവശ്യമില്ല. പക്ഷേ ആ പറത്തുന്നവന്‍ പഠിച്ച്‌ പരൂക്ഷയൊക്കെ പാസായി വന്നിരിക്കണം. ഗുട്ടന്‍സ്‌ പിടികിട്ടിയോ?

കായികാധ്വാനത്തിനെക്കാളും മനുഷ്യനെ ക്ഷീണിപ്പിക്കുന്ന മാനസികാധ്വാനം അഥവാ ടെന്‍ഷന്‍ ആണ്‌ ഒരു പൈലറ്റ്‌ അനുഭവിക്കുന്നത്‌. അങ്ങേരുടെ മനസ്സിന്‌ ആവശ്യമുള്ളത്രയും വിശ്രമം കിട്ടിയില്ലെങ്കില്‍ ചിലപ്പോ വിമാനത്തിലിരിക്കുന്ന പത്ത്‌ മുന്നൂറ്‌ ജീവന്‍ സ്വാഹ....!

ചുമ്മാ അങ്ങ്‌ ദുഫായീന്ന് അല്ലെങ്കില്‍ ഖത്തറീന്ന് കയറി കാലും നീട്ടിയിരുന്ന് ച്ചിരെ വീശി, ശാപ്പാടുമടിച്ച്‌ ഒരു സിനിമേം കണ്ട്‌ ഒരു നാലുമണിക്കൂര്‍ കൊണ്ട്‌ ഇങ്ങു കൊച്ചീലോ കോഴിക്കോട്ടൊ വന്നിറങ്ങുന്ന നമ്മളോര്‍ക്കുന്നോ ആ നാലു മണീക്കൂറില്‍ കോക്പിറ്റില്‍ നടന്ന കാര്യങ്ങള്‍?

ആകെ മൊത്തം കണക്കു കൂട്ടലുകളുടെ കളിയാണ്‌ സര്‍ ഈ പറക്കണ പറക്കലുകളെല്ലാം.

ഉദാഹരണത്തിന്‌ ടേക്ക്‌ ഓഫ്‌ തന്നെയെടുക്കാം.

"ന്നാ കൂട്ടിക്കോ..."

വിമാനത്തിന്റെ ഭാരം പ്ലസ്‌ അതിലെ മൊത്തം യാത്രക്കാരുടെ ശരാശരി തൂക്കം പ്ലസ്‌ ആകെമൊത്തം ലഗേജുകളുടെ തൂക്കം പ്ലസ്‌ വിമാനത്തില്‍ ഇപ്പോ നിറച്ച ഇന്ധനത്തിന്റെ തൂക്കം, കൂട്ടിയോ?

"ആ കൂട്ടി"

"നമ്മളീ പറക്കാന്‍ പോണ റണ്‍വേയുടെ നീളം അറിയോ"

"ഒവ്വ"

"ശരി, കാറ്റടിക്കുന്നുണ്ടോ?"

"ഒണ്ടല്ലോ"

"എത്ര നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍? എവിടന്ന് എങ്ങോട്ട്‌?"

"അതിപ്പോ വെതര്‍കാസ്റ്റ്‌ നോക്കി പറഞ്ഞ്‌ തരാം ട്ടോ"

"അപ്പോ ടേക്കോഫിന്‌ എഞ്ചിന്‍ ത്രസ്റ്റ്‌ എത്ര സെറ്റ്‌ ചെയ്യണം മഹനേ?"

ഇദൊക്കെ എന്തു കാര്യത്തിന്‌?

സിമ്പിള്‍..ഉദാഹരണത്തിന്‌ ഒരു വിമാനത്തിന്റെ റൊടേറ്റ്‌ സ്പീഡ്‌ (V2 അഥവാ "മേലോട്ട്‌ പോട്ടെയ്‌" എന്നും പറഞ്ഞ്‌ അതിന്റെ മൂക്ക്‌ ആകാശത്തോട്ട്‌ പൊക്കാന്‍ ആവശ്യമായ സ്പീഡ്‌) മണിക്കൂറില്‍ 145 നോട്ടിക്കല്‍ മൈല്‍ (എതാാണ്ട്‌ 270 കിലോമീറ്റര്‍) ആണെന്നിരിക്കട്ടെ. വിമാനത്തിന്റെ മൊത്തം ഭാരവും റണ്‍വെയുടെ നീളവും അടിക്കുന്ന കാറ്റിന്റെ ദിശയും വേഗവും ഒന്നും കണക്കാക്കാതെ പറപ്പിക്കാന്‍ നോക്കിയാല്‍ ഈ പറയുന്ന 145 നോട്ടിക്കല്‍ മൈല്‍ എത്തുമ്പോഴേക്കും വിമാനം ചിലപ്പോ റണ്‍വേയും കടന്ന് കണ്ടത്തൂടെയും വരമ്പത്തൂടെയുമൊക്കെ കുറെ ഓടിയിട്ടുണ്ടാവും.

ഇദാ വെല്യ കാര്യം? ഇതൊരു കമ്പ്യൂട്ടര്‍ പിടിപ്പിച്ച്‌ അതിനങ്ങ്‌ ഇന്‍പുട്‌ ചെയ്താ പോരെ, ഠപ്പേന്ന് കിട്ടൂലോ ഉത്തരം.

പോരാ. ഏത്‌ കമ്പ്യൂട്ടറുണ്ടായാലും പൈലറ്റ്‌ കണക്കു കൂട്ടിയുണ്ടാക്കണം അത്‌.

ലോകത്തുള്ള ഓരോ എയര്‍പോര്‍ട്ടിലേയും സാഹചര്യങ്ങള്‍ ഒന്നിനൊന്നു വത്യാസപ്പെട്ടാണിരിക്കുന്നത്‌.

അതു പോലെ ടേക്കോഫിനു മുന്നെയുള്ള പത്തു നൂറായിരം നടപടിക്രമങ്ങള്‍! ചെക്ക്‌ ലിസ്റ്റ്‌ വായിച്ച്‌ ഓരോന്നും വ്യകതമായി ഉറക്കെ പറഞ്ഞ്‌ അടയാളപ്പെടുത്തണം...! ഏതെങ്കിലും ഒന്ന് പിഴച്ചാല്‍ മതി. മൊത്തം അല്‍ക്കുല്‍ത്താവാന്‍.

ഏതായാലും പൊങ്ങി. ഇനി ഈ സംഗതിയൊന്നു താഴെയിറക്കണമെങ്കിലോ?

"കൂട്ടണോ?"

"വേണ്ട കുറച്ചാ മതി"

"എന്തോന്ന് കുറയ്ക്കാന്‍?"

"ആകെ നമ്മളെത്ര പറന്നു, അതിന്‌ എത്ര കിലോ ഇന്ധനം നാം കത്തിച്ചു?"

"അത്‌...?"

"അദോ അതിനെ നുമ്മടെ പറക്കാന്‍ തുടങ്ങുമ്പോഴുള്ള ഭാരത്തീന്നു കുറച്ചേ?"

"കുറച്ചു"

"ശരി അപ്പോ മ്മടെ എയര്‍പോര്‍ട്ടിലേക്ക്‌ എത്ര മൈല്‍ ഉണ്ടെന്നാ പറഞ്ഞെ?"

"ഒരു പത്തഞ്ഞൂറ്‌ കാണും"

"കാറ്റുണ്ടോഡെയ്‌?"

"ഒടുക്കത്തെ കാറ്റ്‌! ഉണ്ടെന്നാ തോന്നുന്നെ!"

"ഹെഡ്‌ വിന്റോ, ടെയില്‍ വിന്റോ അതോ ക്രോസ്സ്‌ വിന്റോ?"

"എന്തര്‌...എന്തര്‌?"

ഡേയ്‌, കാറ്റു മുന്നീന്നോ പിറകീന്നോ അതോ സൈഡീന്നോ"?

"ഈ ചില്ലൊന്നു താഴ്ത്തി നോക്കട്ടെ ട്ടോ"

"ശരി എന്നാ കൂട്ടിക്കോ! ഇത്രേം കനമുള്ള ഈ വിമ്മാനം, ഇത്രേം വേഗത്തിലുള്ള ഈ കാറ്റില്‍, ഇത്രേം ദൂരത്തുള്ള താവളത്തില്‍ പോയിറങ്ങാന്‍ മിനിറ്റില്‍ എത്ര അടി കണ്ട്‌ നാം താഴോട്ട്‌ പോണം?"

"പാരച്യൂട്ട്‌ സ്റ്റോക്കുണ്ടോ?"

"എന്തിനാ?"

"എനിക്കൊന്നു താഴേക്ക്‌ ചാടാന്‍!"

ഒരു പ്രശ്ന രഹിതമായ പറക്കലില്‍ ഇതൊന്നും ഒരു പക്ഷേ വലിയ കാര്യമായിരിക്കില്ല. എന്നാല്‍ എല്ലാ പറക്കലുകളും പ്രശ്നരഹിതമായിരിക്കും എന്നാരാണ്‌ നമുക്ക്‌ ഉറപ്പ്‌ തരുന്നത്‌? (അതന്നെ, മുന്ത്യെ വിമാനക്കമ്പനികള്‍ പത്തിരുപത്‌ കൊല്ലം പറപ്പിച്ച വിമാനം ചുളു വിലക്ക്‌ വാങ്ങി, കൊച്ചി കോഴിക്കോട്‌ - കോഴിക്കോട്‌ ബഹ്‌റൈന്‍- ബഹ്‌റൈന്‍ ദോഹ - ദോഹ മസ്കറ്റ്‌ ഓടിച്ചു കളിക്കുന്ന വിമാനക്കമ്പനികളുള്ളപ്പോള്‍ പ്രത്യേകിച്ചും!)

ഒരു അടിയന്തിരഘട്ടം ഓരോ പറക്കലിലും ഉണ്ടായേക്കാം.എയര്‍കണ്ടീഷന്‍ സിസ്റ്റത്തിലേക്കുള്ള ഒരു ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ രൂപത്തില്‍, ലോക്ക്‌ ചെയ്യാന്‍ വിസമ്മതിക്കുന്ന ലാന്‍ഡിംഗ്‌ ഗിയറിന്റെ രൂപത്തില്‍, തൊട്ടു മുന്‍പേ ഉയര്‍ന്ന ജെറ്റ്‌ വിമാനം ഉയര്‍ത്തിവിട്ട ടര്‍ബുലന്‍സിന്റെ രൂപത്തില്‍, വെടിച്ചില്ലു കണക്കെ എഞ്ചിനുള്ളില്‍ ഇടിച്ചു കയറുന്ന പക്ഷികളുടെ രൂപത്തില്‍, കാറ്റിന്റെയും മഴയുടെയും രൂപത്തില്‍ എന്തിനേറെ കക്കൂസില്‍ കയറിയിരുന്ന് പുകവലിക്കാന്‍ ശ്രമിച്ച്‌, ഫയര്‍ അലാറം ഒച്ചവെച്ചപ്പോള്‍ അണയാത്ത സിഗരറ്റ്‌ കുറ്റി ലിറ്റര്‍ ബോക്സില്‍ നിക്ഷേപിച്ച യാത്രക്കാരന്റെ രൂപത്തില്‍ വരെ നിര്‍ഭാഗ്യം വിരുന്നു വരാം!

സൈഡൊതുക്കി നിര്‍ത്തി, വാതിലു നാലും തുറന്നിട്ട്‌, "മക്കളേ, ജീവന്‍ വേണ്ടോര്‌ വേം തടി കൈച്ചലാക്കിക്കോ" എന്നു പറയാന്‍പറ്റില്ലല്ലോ പത്തു മുപ്പത്തയ്യായിരം അടി ഉയരെ ആകാശത്ത്‌!

നമ്മക്കപ്പോ മുന്നിലെ സീറ്റിലേക്ക്‌ തല ചേര്‍ത്ത്‌ പിടിച്ച്‌ അലറിക്കരഞ്ഞാ മതി! കത്തുന്ന എഞ്ചിനോ, പുകയുന്ന ഫ്യൂസിലേജോ, മിഴിതുറക്കാത്ത നാവിഗേഷന്‍ സിസ്റ്റമോ ഒക്കെ വെച്ച്‌ മന:സാന്നിധ്യം നഷ്ടമാവാതെ വിമാനത്തെ നയിക്കേണ്ട ചുമതല കൂടെ ആ അഹങ്കാരിയായ പൈലറ്റിനുണ്ട്‌! സെക്കന്റുകള്‍ വെച്ച്‌ തീരുമാനമെടുക്കേണ്ട അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ മനസ്സ്‌ ഏകാഗ്രമായിരിക്കണം, കാര്യ കാരണ ബന്ധങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് അളന്നെടുക്കാന്‍ പാകത്തില്‍ അയാളുടെ ബുദ്ധി തെളിഞ്ഞുമിരിക്കണം.

"അപ്പോ ടിയാന്‌ ദെവസത്തില്‍ മണിക്കൂറെട്ട്‌ മതിയോളീ വിശ്രമം?"

നാഷണല്‍ ജിയോഗ്രഫിക്‌ ചാനലില്‍ "എയര്‍ ക്രാഷ്‌ ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിപാടി കാണുന്നവരുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും.

എയര്‍ കാനഡയുടെ പുതു പുത്തന്‍ ബോയിംഗ്‌ വിമാനം, അത്‌ പോയിറങ്ങേണ്ട വിമാനത്താവളത്തില്‍ നിന്നും പകുതി ദൂരം പോലുമെത്തും മുന്നെ ആകാശത്ത്‌ ഏതാണ്ട്‌ നാല്‍പതിനായിരം അടി ഉയരത്തില്‍ വെച്ച്‌ ഇന്ധനം തീര്‍ന്നു കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ്‌ നല്‍കുന്നു. പരിചയ സമ്പന്നനായ പൈലറ്റ്‌ തൊട്ടടുത്ത്‌ കിട്ടിയ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ ഇരുപത്തിഅയ്യായിരം അടി എത്തുമ്പോഴേക്കും ഇന്ധനം മുഴുവന്‍ തീര്‍ന്ന വിമാനത്തിന്റെ രണ്ട്‌ എഞ്ചിനുകളും നിശ്ചലമായി. അസാധാരണ മനോധൈര്യം സംഭരിച്ച ആ ഗ്ലോറിഫൈഡ്‌ ഡ്രൈവര്‍, എഞ്ചിനുകള്‍ നിന്നു പോയ വിമാനം ഏറ്റവുമടുത്ത്‌ ഒരു അടച്ചു പൂട്ടിയ വിമാനത്താവളത്തിന്റെ ഉപയോഗശൂന്യമായ റണ്‍വേയില്‍ ആ ഇരുപത്തയ്യായിരം അടി ഉയരത്തുനിന്നും ഗ്ലൈഡ്‌ ചെയ്തിറക്കി. ആര്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ!

ഇത്രയും പേരു കേട്ട ഒരു വിമാനത്തിന്റെ ഇന്ധനടാങ്കില്‍ ഇങ്ങനെ ചോര്‍ച്ച വരാന്‍ ഇതെന്താ കേരളത്തിലെ പൊതു ഖജനാവോ? അന്വേഷണം നടന്നു. ടാങ്കില്‍ ഇന്ധനം ചോര്‍ന്നതിന്റെ ഒരു തെളിവും കണ്ടെത്താനായില്ലെന്നു മാത്രം. പിന്നെ ആകെയുള്ള ഒരു സാധ്യത വിമാനം പറന്നുയരുമ്പോള്‍ തന്നെ അതില്‍ ആവശ്യത്തിന്‌ ഇന്ധനം ഇല്ലാ എന്നതു മാത്രം.

അങ്ങിനെ വരാമ്പാട്വൊ?

എന്നാ പാടി. അതു തന്നെയാണ്‌ സംഭവിച്ചത്‌. ഗ്രൗണ്ട്‌ സ്റ്റാഫിനും പൈലറ്റിനും പറ്റിയ പിഴ! വിമാനത്തില്‍ അത്രേം ദൂരം പോകാന്‍ നറയ്ക്കേണ്ട ഇന്ധനത്തിന്റെ അളവിനെ അതിനു തുല്യമായ ഭാരത്തിലേക്ക്‌ മാറ്റിയപ്പോഴുണ്ടായ പിഴ! ആ പുതിയ വിമാനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ അളവുകള്‍ മെട്രിക്‌ ആയിരുന്നു. അതായത്‌ ഭാരം കണക്കാക്കേണ്ടിയിരുന്നത്‌ കിലോഗ്രാമിലായിരുന്നു എന്നര്‍ഥം. എന്നാല്‍ അത്‌ ഓര്‍മ്മയില്ലാതെ പൈലറ്റ്‌ കണക്കു കൂട്ടിക്കൊടുത്തത്‌ പഴയ പൗണ്ടിലും! കിലോഗ്രാമിന്റെ പകുതിയോളമല്ലേ വരൂ പൗണ്ട്‌! അപ്പോ കണ്‍വേര്‍ട്ടിംഗ്‌ ഫാക്റ്റര്‍ ഇരട്ടിയായി. ഫലം, ആവശ്യമുള്ളതിന്റെ പകുതി ഇന്ധനവുമായായിരുന്നു ആ വിമാനം പറന്നുയര്‍ന്നത്‌.

ആര്‍ക്കും പറ്റിയേക്കാവുന്ന ഒരു പിഴവ്‌. പക്ഷേ അതിനു കൊടുക്കേണ്ടി വന്നേക്കുമായിരുന്ന വിലയോ?

അതാണ്‌ പറഞ്ഞത്‌ പൈലറ്റിന്റെ ഓര്‍മ്മയും മനസ്സും ഏകാഗ്രമായിരിക്കണം. എല്ലായ്പ്പോഴും...അല്ലെങ്കില്‍ ഇതു പോലൊരു പിഴ ഏതു കൊടികെട്ടിയ പൈലറ്റിനും വന്നേക്കാം. ആ സാധ്യത കൂടെ ഇല്ലാതാക്കാനാണ്‌ ആവശ്യത്തിനുള്ള വിശ്രമം അങ്ങേര്‍ക്ക്‌ കൊടുക്കണം എന്ന് DGCA ഉരുവിട്ടോണ്ടിരിക്കുന്നത്‌.

ക്രിസ്റ്റ്യന്‍ മാര്‍ട്ടിയെ ഓര്‍മ്മയില്ലേ? 2000 ജൂലായ്‌ 25 നു പാരീസില്‍ തകര്‍ന്നുവീണ കോണ്‍കോര്‍ഡ്‌ ജറ്റിന്റെ പൈലറ്റ്‌...! എല്ലാം അവസാനിക്കാറായി എന്നുറപ്പിച്ചിട്ടും മന:സാന്നിധ്യം വിടാതെ അഗ്നിഗോളമായ തന്റെ വിമാനത്തെ തകര്‍ന്നുവീഴാനായി നഗരപരിധിക്കു പുറത്ത്‌ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തേക്ക്‌ നയിച്ച വൈമാനികന്‍!

എന്തിന്‌, ക്യാപ്റ്റന്‍ സാറനെയും നാം മറക്കാറായിട്ടില്ല! 1999 ഡിസംബര്‍ 24ന്‌ കാഠ്‌മണ്ഡു വില്‍ നിന്നും ഹൈജാക്ക്‌ ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം 814 ന്റെ പൈലറ്റ്‌! ഇന്ധനം തീരാറായ ആ വിമാനത്തെ, പാക്കിസ്ഥാനി ഉദ്യോഗസ്ഥന്മാര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച്‌ വിളക്കുകള്‍ മൊത്തം അണച്ചുകളഞ്ഞ ലാഹോര്‍ വിമാനത്താവളത്തില്‍ ഒരു നാവിഗേഷന്‍ ഗൈഡുമില്ലാതെ കൊണ്ടിറക്കിയ വീരന്‍....

അങ്ങിനെ എത്രപേര്‍....! ഓര്‍ക്കാപുറത്ത്‌ അശനിപാതം കണക്ക്‌ വന്നു വീഴുന്ന അത്യാപത്തുകള്‍ക്കു മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാവേണ്ടവര്‍.

അവര്‍ക്ക്‌ അത്യാവശ്യമായ വിശ്രമം നല്‍കാന്‍ നാം ബാധ്യസ്ഥരല്ലേ സര്‍?

"എന്നാലും പൈലറ്റ്‌ അങ്ങിനെ ചെയ്യാമ്പാട്വൊ? വിമാനം പറത്തില്ലാന്നൊക്കെ പറയാന്‍ അയ്യാളാരാണോളീ..?"

"അഥാണ്‌......!!"

25 comments:

Physel said...

"എന്നാലും പൈലറ്റ്‌ അങ്ങിനെ ചെയ്യാമ്പാട്വൊ? വിമാനം പറത്തില്ലാന്നൊക്കെ പറയാന്‍ അയ്യാളാരാണോളീ..?"

"അഥാണ്‌......!!"

വിന്‍സ് said...

ഇന്നു വായിച്ചതില്‍ ഏറ്റവും മനോഹരമായ പോസ്റ്റ്.

വിന്‍സ് said...

എന്റെ ഒരു സുഹ്രുത്ത് ഒരു ചെറിയ വിമാനത്തിന്റെ പൈലറ്റാണു. വിമാനം ആകാശത്തായിരിക്കുമ്പോള്‍ പലപ്പോഴും ഒത്തിരി കാര്യങ്ങള്‍ തെറ്റാറുണ്ട്. ചിലപ്പോള്‍ ലാന്‍ഡിങ്ങ് ടൈമിലൊക്കെ ഒരുപാടു പിഴവുകള്‍ വരാറുണ്ട്, പക്ഷെ ഇതൊക്കെ യാത്രക്കാര്‍ അറിയാതെ സൂക്ഷിക്കുക എന്നതാണു പ്രധാനം എന്നാണു അവന്‍ പറഞ്ഞിട്ടുള്ളത്. ആകാശത്തു വച്ചു വിമാനത്തിന്റെ കോക്ക് പിറ്റില്‍ എന്തു സംഭവിക്കുന്നു എന്നു ആര്‍ക്കും ഒരു പിടിയും ഇല്ല എന്നതാണു സത്യം.

അനില്‍ശ്രീ... said...

ഫൈസല്‍,

വളരെ നല്ല ലേഖനം. നാഴികക്ക് നാല്പ്പത് വട്ടം 'ഗ്ലോരിഫൈഡ് ഡ്രൈവേഴ്സിന്റെ" സുഖങ്ങളെ പറ്റിയും അഹങ്കാരത്തെ പറ്റിയും പറയുന്നവര്‍ക്കുള്ള മറുപടി തന്നെ. കഴിഞ്ഞ മാസം ലുഫ്ത്താന്‍സ ഫ്ലൈറ്റ് കൊടുങ്കാറ്റില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അത് പറത്തിയിരുന്ന പൈലറ്റിനെ മനസ്സാ ഒരായിരം തവണ അഭിനന്ദിച്ചവനാണ് ഞാന്‍. എത്ര പേരുടെ ജീവന്‍ ആണ് ഒരു മനസ്സില്‍ ഇരിക്കുന്നത് എന്ന് ഫ്ലൈറ്റില്‍ ഇരുന്ന് വെള്ളമടിച്ച്, അല്ലെങ്കില്‍ വെറുതെ ഇരുന്ന് ഉറങ്ങുന്നവര്‍ അറിയുന്നില്ലല്ലോ.

ഈ പറഞ്ഞ ഭാരമെല്ലാം കൂട്ടിക്കിഴിച്ച് വിമാനം പറക്കാന്‍ റെഡിയാണ് , എന്നാല്‍ വിട്ടോ എന്ന് പറയാന്‍ ഉള്ള ബുദ്ധിമുട്ട് , അതിന്റെ ടെണ്‍ഷന്‍ , ദുബായിലെ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് കണ്ട്റോളില്‍ മാനേജരായി വര്‍ക്ക് ചെയ്യുന്ന ഒരു രാജീവേട്ടന്‍ പറഞ്ഞ് എനിക്കറിയാം. അപ്പോള്‍ പിന്നെ പൈലറ്റ്മാരുടെ കാര്യമോ? ( പൈലറ്റ്മാരിലും അഹങ്കാരികളും, മുന്‍ശുണ്ഡിക്കാരും കാണുമായിരിക്കും, എല്ലായിടത്തെയും പോലെ.). ലീവ് കഴിഞ്ഞ് വരുന്ന പൈലറ്റുമാരുടെ മാനസിക നില ചെക്ക് ചെയ്യുന്നതും ടെസ്റ്റ് പറക്കല്‍ നടത്തിക്കുന്നതും അതു കൊണ്ടാവുമല്ലോ. എത്ര ജീവന്‍ ആണ് അവരുടെ മനോനിലയെ ആശ്രയിച്ച് ആകാശത്ത് വട്ടമിടുന്നത്.

പൈലറ്റുകളേ ,, അഭിവാദനങ്ങള്‍ .. നിങ്ങള്‍ ഗ്ലോറിഫൈഡ് മാത്രമല്ല, ഫന്റാസ്റ്റിക്, ഫാബുലസ്, സൂപ്പര്‍, ഡ്രൈവേഴ്സ് തന്നെ.

(നാലു വീലും നിലത്തുറച്ചിട്ടും വണ്ടി ഓടിക്കാനുള്ള ബിദ്ധിമുട്ടേ ... പിന്നല്ലേ വീലെല്ലാം അകത്ത് വച്ചിട്ടുള്ള അഭ്യാസം.)

തോന്ന്യാസി said...

വിമാനത്തില്‍ യാത്രചെയ്യാത്തതുകൊണ്ടോ, അല്ലെങ്കില്‍ കൂടുതലറിയാന്‍ ശ്രമിക്കാഞ്ഞതു കൊണ്ടോ.. ഈ പോസ്റ്റ് വായിക്കുന്നതു വരെ പൈലറ്റുമാരുടെ ജോലിയുടെ കാഠിന്യത്തെക്കുറിച്ചെനിക്കറിയില്ലായിരുന്നു.
തുടര്‍ച്ചയായി 24 മണിക്കൂറിലേറെ വിമാനം പറത്തിയ ക്യാപ്‌റ്റന്‍ ശരണിനെ കുറിച്ച് അതേ വിമാനത്തിലെ ഒരു എയര്‍ ഹോസ്റ്റസ് എഴുതിയ ഓര്‍മക്കുറിപ്പില്‍ വായിച്ചിട്ടുണ്ട്.
നന്ദി... ഈ പോസ്റ്റിന്........

Raghu said...

കലക്കി...............
ഒരു പാവം പൈലററിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്ന ആടിനറിയുമോ അങാടി വാണിഭം

...പാപ്പരാസി... said...

എനിക്ക് വയ്യ!അടുത്ത ലീവിന് നാട്ടില്‍ പോകുമ്പോ ഒരു കാല്‍ക്കുലേറ്ററും കൊണ്ട് നേരെ പൈലറ്റിന്റെ മുറീല്‍ ചെന്ന് കണക്കൊക്കെ ഒന്ന് കൂട്ടിനോക്കീട്ടേ ഞാന്‍ വണ്ടീ കേറൂ!അനില്‍ശ്രീടെ ലിങ്ക് കൂടി കണ്ടപ്പോ ഇനി വിമാനത്തില്‍ കേറാന്‍ തന്നെ പേടി തോന്നുന്നു.എന്തായാലും ഇത്രയും കാര്യങ്ങള്‍ വിശദമായി പറഞ്ഞതിന് ഫൈസല്‍ ബായ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.പോസ്റ്റ് സമയോചിതം.

ഒ:ടോ: അല്ല ഇവിടെ തന്നെ ഉണ്ടല്ലേ ??

അതുല്യ said...

ATC യില്‍ ഇരുന്ന് വായു പിടിയ്ക്കുന്ന എന്റെ ശര്‍മ്മാജിയ്ക്കൊന്നും ഒരുവിലേം ഇല്ലേ ഫെഇസല്‍? ഒട്ടും ഈ ഫീള്‍ഡായിട്ട് ബന്ധമില്ലാത്ത ഫെഇസല്‍ ഇത്രേം നല്ല ഒരു ലേഖനം എഴുതിയതിനു BRAVO ZULU.

3 അര കൊല്ലത്തോളം, Pilot ട്ടായ കമോഡോര്‍ ജെ എസ് ദില്ലണ്‍ എന്ന വ്യ്കതിയുടെ പി.ഏ ആയിരുന്നു ഞാന്‍. (ഇപ്പോഴദ്ദേഹം, സ്പെഇസ് ജെറ്റ് എന്ന കമ്പനീടെ ഓപറേഷന്‍സ് നോക്കുന്നു.) അങ്ങനെ ആ ക്കാലത്ത് ഒരു ദിവസമാണു, ഒരു ദിവസം ഉച്ചയ്ക്ക് എന്നോട് പറഞത്, കുറെ ദിവസമായി കാലവസ്ഥമൂലം, ജൊയിന്റ് ഫ്ലെഇങ് ഒക്കെ നടത്തീട്ട്, സോ നാളെ ഉച്ചയ്ക്ക്, മറ്റേ പെഇലറ്റ്, ല.കമന്‍ഡ്. ശ്യാം സുന്ദറക്ക് സിഗനല്‍ അടിയ്ക്കു, വീ ബോത്ത് വില്‍ ഫ്ലെഇ റ്റുമോരോ അറ്റ് 6 am ന്ന്. അന്ന് വെഇകുന്നേരം, 4 മണിയ്ക്ക് ശ്യാം സുന്ദര്‍ എന്തിനോ എന്റെ ക്യാമ്പിനില്‍ എത്തി, സിഗ്നല്‍ വേണ്ട, ലെറ്റര്‍ മതി, ഇപ്പോ തന്നേയ്ക്കൂന്ന്, പിന്നേമ്മ് ഞാന്‍ ശഠിച്ചു, ദില്ലണ്‍ സിഗ്നല്‍ ന്ന് പറയുമ്പോ, ലെറ്റര്‍ മതീന്ന് എനിക്ക് പറ്റില്ല, നിങ്ങള്‍ പോവു, വീ വില്‍ ഡു നീഡ്ഫുള്‍ ന്ന്. എന്നിട്ടും കേള്‍ക്ക്ക്കാണ്ടെ, അപ്പോ തന്നെ ബൊസ്സിനെ വിളിച്ച്, അത് ലെറ്ററ് ആക്കാന്‍ നിര്‍ബ്ബന്ധിച്ച്, എന്നെ കൊണ്ട് റ്റെപ്പ് ചെയ്യിച്ച് കൊണ്ട് പോയി. രാവിലെ, വണ്ടി പാര്‍ക്ക് ചെയ്ത്, പഞ്ചിങ് കഴിഞി അകത്തേയ്ക്ക് പോയപ്പോഴ്, മേശപുറത്ത് ശ്യാം സുന്ദറിന്റെ പേര്‍ ബോള്‍ഡ് ആയിട്ട് എഴുതി ഒരു സിഗ്നല്‍. ആദം കരുതി, പിന്നെം ആരെലും അടിച്ചതാണെന്ന്. ഫോള്‍ഡറീലെയ്ക് മാറ്റുമ്പോഴ്, REGRET എന്ന വാക്ക് കണ്ണിലുടക്കി!! REGRET DEMISE OF LT CDR SYAM SUNDER AT ..... DURING FLYING, INQUIRY ORDERED. എന്നെ കൊണ്ട് നിര്‍ബ്ബന്ദ്ദപൂര്വ്വം ലെറ്ററ് വാങ്ങി അങ്ങേരു മരണത്തിലേയ്ക് പോയി. കാരണക്കാരന്‍, ഡില്ലണ്‍ എന്ന എന്റെ ബോസ്സും, 3 സമ്മര്‍ സോള്‍ട്ട് പ്രോഗ്രാം ചെയ്തിട്ട്, ഹരം പിടിച്ച്, അതു 6 ആക്കാന്‍ ദില്ലണ്‍ എ.റ്റി.സി ഓട് പറഞ് സമ്മതം വാങുകയായിരുനു. ജീവന്‍ പൊലിഞത്, പെഇലട്സ് ഇറര്‍ മൂലം 5 ആം റൊഉണ്ടില്‍.

മകന്‍ അപ്പു ഇപ്പോ പെഇലറ്റാവണമെന്ന വാശിയിലാണു, കൊച്ചിയിലേയ്ക്ക് പോവുന്നത തന്നെ. എനിക്ക് ആധിയുണ്ട്, എന്നാലും, ജോലിയുടെ ഭാഗമായിട്ട് അപകടം പറ്റുന്നത്, ഇവിടെ മാത്രമല്ലല്ലോ അല്ലേ? കാന കുഴിയ്കുമ്മ്പോഴ് പോലും മണ്ണിടിഞ് ആളുകള്‍ ചാവുന്നു. എല്ലാ ജോലിയ്ക്കും അതിന്റേതായ റിസ്ക് ഉണ്ട്. പെഇലറ്റുമാര്‍ അല്പം കൂടെ അലര്‍ട്ടായിട്ട് ഇരിയ്ക്ക്ണം എന്ന് മാത്ര്മ. ആകാശത്താണല്ലോ ജോലി. :)


പെഇലട്ടിന്റെ മനസ്സാന്നിദ്ധ്യം എത്ര മാത്രം പ്രധാനമര്‍ഹിയ്ക്കുന്നതാണെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമല്ലേ, നമ്മടെ കാണ്ഡഹാര്‍ ഹെഇജാക്കിങ്? ഈ ഫുള്‍ ഹെക്ജാക്കിങിനേം, അവിടെ കൊല്ലപ്പെട്ട നവവരന്റെ മരണമടക്കം ചിത്രീകരിച്ച്, ഡിസ്ക്കവറി ചാനലില്‍ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു. ഇത്രം പിരിമുറുക്കം അനുഭവിച്ച ഈ പെഇലറ്റിനേ പോലെ മറ്റൊരു വ്യക്തി ഈ ലോകത്ത് വേറേയുണ്ടാവുമോ?

അതുല്യ said...

z

പ്രിയ said...

വളരെ നല്ലൊരു ലേഖനം. നന്ദി .

ശരിക്കും അവര് കൂടുതല് വിശ്രമം അര്ഹിക്കുന്നു.

കുഞ്ഞന്‍ said...

കേരളത്തിലെ വണ്‍‌വേയില്ലാത്ത റോഡില്‍ക്കുടി പ്രൈവറ്റ് ബസ്സ് ഓടിക്കുന്ന ഡ്രൈവര്‍ക്ക് ഇതില്‍ക്കൂടുതല്‍ അഹങ്കാരിയാകാം.ഒരു ചാല് തെറ്റിയാല്‍ എല്ലാ പഴിയും ഡ്രൈവര്‍ക്കാണ്.ആകയാല്‍ വായു പിടിച്ച് കത്തിച്ചു പോകുമ്പോഴും ഒരു നിമിഷം ഏകാഗ്രത തെറ്റിയാല്‍...

ഫൈസല്‍ ഭായ് വളരെ രസകരമായി, ഭംഗിയായി ഒരു വീമാനം പറത്തുന്ന കാര്യങ്ങള്‍( പൈലറ്റിന്റെ ഭാഗം)പറഞ്ഞുതന്നിരിക്കുന്നു..നന്ദി..

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ. തമാശയിലൂടെ ആണെങ്കിലും വലിയൊരു കാര്യമാണ് പറഞ്ഞിരിയ്ക്കുന്നത്.
:)

Anonymous said...

വളരെ നല്ല പോസ്റ്റ്... വളരെ ലളിതമായി വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു... അഭിനന്ദനങ്ങള്‍...

പപ്പൂസ് said...

ഊഫ്!!!!! സുര്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍.............. ന്നങ്ങ് പോണോര്‍ക്കൊക്കെ ഇനിയിക്കാര്യം തലേല്‍ പൊകഞ്ഞു വരുമെന്നതു തീര്‍ച്ച. ക്ലാസ്സ് പോസ്റ്റ്. ഇതിലെ ഓരോ വരിയും പുതിയ വിവരം. :-)

പൈങ്ങോടന്‍ said...

മികച്ച ലേഖനം...ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.

ഷാഫി said...

നല്ല പോസ്റ്റ്.
നല്ല നര്‍മ്മം.
പൈലറ്റുമാരുടെ കാര്യം ഓകെ.
പക്ഷേ ഈ ലോക്കോ പൈലറ്റുമാരോ?
വെറുതേ റെയിലും നോക്കിയിരിക്കുന്നു എന്നല്ലാതെ അവന്മാര്‍ക്ക് കാര്യമായ വല്ല പണിയും ഉള്ളതായി ഇതു വരെ തോന്നിയിട്ടില്ല.

മി | Mi said...

വളരെ നല്ല ലേഖനം.. നര്‍മത്തിലൂടെ എത്ര മനോഹരമായാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്!

വഹാബിന്റെ പ്രശ്നത്തില്‍ പൈലറ്റുമാരെ കുറ്റം പറയുന്നവര്‍ ഇതു കൂടെ ഒന്നു വായിച്ചിരുന്നെങ്കില്‍..

“കിലോഗ്രാമിന്റെ ഇരട്ടിയോളം വരും പൗണ്ട്‌!“.. ഇവിടെ തിരുത്തുന്നില്ലേ?

അങ്കിള്‍ said...

പോസ്റ്റ് വായിച്ച്‌ കഴിഞ്ഞപ്പോള്‍ എനിക്ക്‌ സംശയമില്ലായിരുന്നു, ഈ ഫൈസല്‍ കോക്‌പിറ്റിനകത്ത്‌ ജോലിചെയ്യുന്ന ആളായിരിക്കണമെന്ന്‌. അതുല്യയുടെ പോസ്റ്റാണ് ഫൈസലിന്റെ പ്രൊഫൈല്‍ നോക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ഇപ്പോള്‍ സംശയമില്ല.

ഏതായാലും പൈലറ്റല്ലാത്തതുകൊണ്ട് ഒരു സംശയം ചോദിക്കട്ടേ,

ഇത്രയും വലിയ ഉത്തരവാദിത്വം വഹിക്കുന്ന പൈലറ്റിനു വിശ്രമം അത്യാവശ്യം തന്നെയാണ്, 100% യോജിക്കുന്നു. ഏതു തരത്തിലുള്ള വിശ്രമമെന്ന്‌ എവിടെയെങ്കിലും നിഷ്കര്‍ഷിക്കുന്നുണ്ടോ. ‘പറക്കല്‍’ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ വിശ്രമമാകുമോ. അവര്‍ വേണ്ടരീതിയില്‍ വിശ്രമിക്കുന്നുണ്ടോയെന്ന്‌ ആര് എങ്ങനെ ഉറപ്പാക്കും?

ചില അനുഭവങ്ങള്‍ എന്നെ ഇങ്ങനെ ചോദിപ്പിക്കാന്‍ പ്രേരിപ്പിച്ചതാണേ....

ഗ്ലോറിഫൈഡ്‌ ഡ്രൈവര്‍’ എന്നു വിളിച്ച നമ്മുടെ എം.പി യോട്‌ അങ്ങേയറ്റത്തെ പ്രതിഷേധവും രേഖപ്പെടുത്തുന്നു.

കുറുമാന്‍ said...

ഫൈസല്‍ ഭായ്.

വളരെ മനോഹരമായ, കാര്യപ്രസക്തിയുള്ള ലേഖനം, അതും നല്ലതുപോലെ നര്‍മ്മം ചേര്‍ത്തിയെഴുതിയിരിക്കുന്നു.

നന്ദി ഈ അറിവുകള്‍ പങ്കുവച്ചതിന്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:വിഷയം അവതരിപ്പിച്ച രീതി കിടിലോല്‍ക്കിടിലം. അല്ലെങ്കില്‍ ഈ രണ്ടു വരി വാര്‍ത്തയൊക്കെ ആരുവായിക്കാനാ!!! ;)

Physel said...

പോസ്റ്റുമിട്ട് തൃശ്ശൂര്‍ പൂരം കാണാന്‍ പോയി! കമന്റുകളൊക്കെ പിന്നെ ഇപ്പളാ നോക്കണെ.

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാര്‍ക്കും നന്ദി!

അതുല്യേച്ചി എനിക്ക് ഈ ഫീള്‍ഡില്‍ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞത് എനിക്ക് പിടിച്ചില്ലാ ട്ടൊ. ദെവസോം ഒരു ബോയിംഗുമെടുത്ത് ദോഹ-ബഹറൈന്‍-ദുബായ് വഴി കോഴിക്കോട്ടേക്കും കൊച്ചിക്കും മടുത്താല്‍ ഒരു കൊച്ചു സെസ്നയുമെടുത്ത് ഗ്രാന്റ് ക്ണിയനിലേക്കും ആല്‍‌പ്സ് പര്‍വതത്തിലേക്കുമെല്ലാം പറപ്പിച്ചു കളിക്കുന്നവനാ ഈ ഞാന്‍!!(ഹമ്പട ഞാനേയ്) സ്വകാര്യം:മൈക്രോസോഫ്റ്റ് ഫ്ലൈറ്റ് സിമുലേറ്ററിന്റെ മുടിഞ്ഞ ഫാനാകുന്നു ഞാന്‍.

ലോലന്‍, തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. എഴുതി വന്നപ്പോ തിരിഞ്ഞു പോയതാണ്. തിരുത്തിയിട്ടുണ്ട്.

ഒരിക്കല്‍ കൂടെ എല്ലാവര്‍ക്കും നന്ദി

Rajeend U R said...

വളരെ പ്രസക്തി അര്‍ഹിക്കുന്ന ഒരു കാര്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു...

പിന്നെ പണച്ചാക്കുകളും വഹാബുമാരും നമ്മുടെ നാടിന്റെ ശാപമല്ലെ...

കൊച്ചുത്രേസ്യ said...

സ്വന്തമായിട്ട്‌ ഒരു ഫ്ലൈറ്റ്‌ മേടിച്ചിട്ടാകാം ഇങ്ങോട്ടുള്ള വരവെന്ന്‌ തീരുമാനിച്ചതായിരുന്നു. അപ്പോ പിന്നെ ഇതിലു പറയുന്ന കാര്യങ്ങലൊക്കെ നേരിട്ടു തന്നെ കണ്ടു മനസ്സിലാക്കാലോ ..യേത്‌..

പറയാതിരിക്കാന്‍ വയ്യ..നല്ല കിണ്ണം കാച്ചി പോസ്റ്റ്‌. അത്ര നന്നായി പറഞ്ഞിരിക്കുന്നു.
പൈലറ്റിനെ തൊട്ടുതൊഴുതിട്ടേ ഇനി ഞാന്‍ ബീമാനത്തില്‍ കാലെടുത്തൂ കുത്തൂ..ഇടയ്ക്കിടയ്ക്കു ചെന്ന്‌ അങ്ങേര്‍ ഉറങ്ങിയെങ്ങാനും പോയോന്നു ചെക്ക്‌ ചെയ്യുകയും ചെയ്യും.. ഉറപ്പ്‌.. പൈലറ്റിനെ ഇനി മുതല്‍ 'പുലിയറ്റ്‌' എന്നു വിളിച്ചാലോന്നും ആലോചന ഇല്ലാതില്ല

nandakumar said...

ഫൈസല്‍, അതിഗംഭീര വിവരണം. മടുപ്പനുഭവിക്കാവുന്ന സാങ്കേതിക കാര്യങ്ങള്‍ എത്ര ഭംഗിയോടെയാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്? എങ്ങിനെ സാധിക്കുന്നു ഈ ശൈലി? ഞാനീയിടെ വായിച്ച മനോഹരമായ പോസ്റ്റ്. വിവരങ്ങള്‍ പറഞ്ഞുതന്നതിനും, ചുണ്ടിലൊരു മന്ദഹാസം ഒരുക്കിയതിനും ഒരുപാടു നന്ദി.

hi said...

മനോഹരമായ പോസ്റ്റ്‌