Tuesday, January 27, 2009

കേസു കൊടുത്തതിനു ശേഷം..(ചുമ്മാ ഒരു വിശേഷം!)

"അയ്യയ്യേ...ഛെ.ഛെ.ഛേ....വൃത്തികേട്‌, വൃത്തികേട്‌.... പൂട്ടി വെക്കോളീ കമ്പ്യുട്ടർ...ഉളുപ്പും മാനോം ഒന്നൂല്ലേ ഇതിങ്ങനെ കണ്ടോണ്ടിരിക്കാനെക്കൊണ്ട്‌.....?"

"എന്തുവാഡേയ്‌ രാവിലെ തന്നെ പുലമ്പുന്ന്...?"

"രാവിലെ തന്നെ കമ്പ്യ്യൂട്ടറും തുറന്ന് വെച്ച്‌ ഇമ്മാതിരി വൃത്തികെട്ട പടങ്ങൾ കണ്ടോണ്ടിരുന്നാ പിന്നെന്തു പറയണം...?"

" ഓ..ഇദോ...? ഇതാണ്‌ ബോഡി കാസ്റ്റിംഗ്‌"!

"എന്തോന്ന്...?"

"ന്നു വെച്ചാൽ ശിൽപങ്ങളുണ്ടാക്കുന്ന ഒരു പുതിയ രീതി..നമ്മുടെ ഏത്‌ ശരീരഭാഗങ്ങളും, മുഖമോ തലയോ, ഉടലോ, കയ്യോ,കാലോ, ഇനി എന്തിന്റെയായാലും അതിന്റെ ഒറിജിനലിൽ നിന്നും നേരിട്ട്‌ മോഡ്യൂൾ ഉണ്ടാക്കി മിനുക്കി ശരിക്കുള്ളതിനെ വെല്ലുന്ന പകർപ്പെടുക്കുന്ന കലാവിദ്യ..."

"എന്നിട്ട്‌ ഇതു മുഴുവൻ പെണ്ണുങ്ങളുടെ ആ ഭാഗത്തിന്റെ മാത്രം ചിത്രങ്ങളെടുത്ത്‌ ഒട്ടിച്ചു വെച്ചതാണല്ലോ...? അതും ഒരു പത്തു നാൽപതെണ്ണം നിരത്തി...ഒരു മാതിരി പൊതു ലേലത്തിനു വെച്ച മാതിരി...?"

"ഇദ്‌ പൊതു ലേലത്തിനു വെച്ചതല്ല, പൊതു പ്രദർശനത്തിനു വെച്ചതാണ്‌..അതും ഇംഗ്ലണ്ടിലെ ഇം‌പ്യൂർ ആർട്ട് ഗാലറിയിൽ....!ഇതിന്റെ ശിൽപി വളരെ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി, പതിനെട്ടാം പടി ചവിട്ടാൻ തുടങ്ങുന്ന കുമാരി മുതൽ അങ്ങ്‌ അറുപതിന്റെ ഉച്ചി തൊട്ട അമ്മൂമ്മ വരെയുള്ള കുറെ പെൺ വളന്റിയർമാരെ സംഘടിപ്പിച്ച്‌, അവരുടെയൊക്കെ ആ പ്രത്യേക ഭാഗത്തിന്റെ മോഡ്യൂൾ ഉണ്ടാക്കി, ഉരച്ചു മിനുക്കി, അടുക്കി നിരത്തി പ്രദർശനത്തിനു വെച്ചതിന്റെ പടമാണു മഹനേ നീയിക്കാണുന്നത്‌!"

"അപ്പോ അന്നാട്ടിലെങ്ങും ഊളമ്പാറയോ കുതിരവട്ടമോ ഇല്ലല്ലേ....?"

"മനസ്സിലായില്ല....."

"ഞാളെ നാട്ടിലൊക്കെ ഉച്ചിക്കിറുക്ക്‌ മൂത്താൽ അങ്ങിനെ ചില സ്ഥലങ്ങളുണ്ട്‌, ചികിത്സിക്കാൻ...."

"ദേ കളിച്ചു കളിച്ച്‌ കമ്പത്തിനുമേൽ കേറിക്കളിക്കരുത്‌...... കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ തൊട്ട്‌ കളിച്ചാൽ കളി കളിമക്കളിയാവും, പറഞ്ഞില്ലെന്ന് വേണ്ട!"

"ഇതിലെന്തോന്ന് കല...?"

"ശിൽപിയെ ക്വാട്ടിയാൽ, വൈവിദ്ധ്യമാണ്‌ ഇവിടെ പ്രതിപാദ്യ വിഷയം.മനുഷ്യന്മാരുടെ മുഖം പോലെ തന്നെ ഇതും, ഒരെണ്ണം കണ്ടിട്ട്‌ അതേപോലെ വേറൊന്ന് കൂടെ വേണംന്ന് ച്ചാൽ നടക്കില്ല ...ആ വൈവിദ്ധ്യം അങ്ങേരിങ്ങനെ ആ വിഷ്കരിച്ചു...അത്ര തന്നെ..."

"ഇതെല്ലാർക്കും അറിയണ കാര്യമല്ലേ....അത്രവലിയ മഹാസംഭവമൊന്നുമല്ലല്ലോ...ഇങ്ങനെ കലയാക്കി പ്രദർശിപ്പിക്കാൻ...?"

"റോസാപ്പൂവിനു ഭംഗിയുണ്ടെന്ന് നാട്ടാർക്ക്‌ മുഴോനും അറിയില്ലേ...എന്നിട്ട്‌ അതിന്റെ ഫോട്ടോയോ പടമോ കണ്ടിട്ട്‌ ആരും ഇതെന്തോന്ന് കല എന്നു പറയുന്നില്ലല്ലോ....!!"

"അതു പോലാണോ ഇത്‌...?"

"ഇതിന്‌ മാത്രം എന്തോന്ന് കുഴപ്പം...?"

"വൃത്തികേടല്ലേ.....?"

"ഹതുശരി....പെണ്ണുങ്ങൾഡേം ആണുങ്ങൾഡേമൊക്കെ ഈ ഒരു ഭാഗം മാത്രം വൃത്തികെട്ടതാണെന്ന് പറഞ്ഞു തന്ന മഹാൻ ആരാണ്‌ സർ?" ഈ ഒരു ഭാഗം മാത്രമാണ്‌ ശരീരത്തിൽ അസ്സലാകപ്പാടെ ഭംഗിയുള്ളതായുള്ളൂ എന്ന് ഈ ഞാൻ പറഞ്ഞാൽ അതങ്ങിനെയല്ല എന്ന് സ്ഥാപിക്കാൻ വല്ല കോപ്പും ഇയ്യാടെ കയ്യിലുണ്ടോ....ഉണ്ടെങ്കി പറ!" വേറൊരു കാര്യം കൂടെ കേട്ടോ............ ഈ പ്രദർശനം പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണെന്നു കൂടെ പറഞ്ഞിട്ടുണ്ട്‌ ടിയാൻ!"

"ഹൂശെന്റപ്പാ.......അതെന്ത്‌?"

"ഒടേ തമ്പുരാൻ കനിഞ്ഞ്‌ സ്വന്തം ശരീരത്തിൽ ഫിറ്റ്‌ ചെയ്ത്‌ തന്ന ആ ഒരെണ്ണം തന്നെ നേരെചൊവ്വേ ഒന്ന് നോക്കാൻ മെനക്കെടാത്തവരാണത്രെ ബഹുഭൂരിഭാഗം പെണ്ണുങ്ങളും!എന്നിട്ടല്ലേ വേറൊരുവൾഡെ? അപ്പോ "നിങ്ങൾക്കായി കിട്ടിയത്‌ പോലെ വേറൊരെണ്ണം ഈ ഭൂമിമലയാളത്തിൽ മഷിയിട്ട്‌ നോക്കിയാൽ കിട്ടില്ല, ആയതിനാൽ നിങ്ങൾക്കുള്ളതിൽ നിങ്ങൾ അഭിമാനിപ്പിൻ" എന്ന് അവരെ ഓർമ്മിപ്പിക്കാനും കൂടിയാണ്‌ ഇത്രേം പെടാപ്പാട്‌ പെട്ട്‌ താനിതൊപ്പിച്ചതെന്ന് അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിട്ടുണ്ട്‌"

നട്ടപ്രാന്തെന്ന് പറഞ്ഞാൽ പൊട്ടും പൊളിയുമല്ല, ഇതുപോലെ ഏതാണ്ടൊക്കെയോ ആണെന്ന് സാരം! താൻ ചിരിക്കണ്ട, പൊതു സമൂഹത്തിൽ പാലിക്കേണ്ട ചില മിനിമം മര്യാദകൾ പാലിക്കാൻ ഞാനും നീയും ഈ കിറുക്കനും ഒക്കെ ബാദ്ധ്യസ്ഥരല്ലേ എന്ന് ചോദിച്ചാൽ.....?

"അപ്പോ തിരിച്ചും ചോദ്യം വരും, ഏത്‌ മര്യാദകൾ? എവിടുന്നുണ്ടായ മര്യാദകൾ? സമൂഹത്തിൽ മുന്നേയില്ലാത്ത ഒന്ന്, അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, മതങ്ങളായും, പ്രവാചകന്മാരായും, അവതാരങ്ങളായും,ആശയങ്ങളായും ഇസങ്ങളായുമൊക്കെ ഉരുത്തിരിഞ്ഞു വന്ന വിധി വിലക്കുകൾ, നിയമങ്ങൾ, സാമൂഹികക്രമങ്ങൾ... ഇവയൊക്കെ സ്ഥായിയായി നിലനിൽക്കുന്നവയാണോ? ഇന്നലെയുടെ ശരി ഇന്നിന്റെ അസംബന്ധവും, ഇന്നിന്റെ ശരികേട്‌ നാളെയുടെ നീതിയും ഒക്കെയായി മാറിമറിഞ്ഞ്‌ കുഴഞ്ഞുമറിഞ്ഞ്‌ കിടക്കുന്ന അവസ്ഥയിൽ യഥാർത്ത ശരിയേത്‌ തെറ്റേത്‌ എന്ന് ആർക്കു പറയാൻ പറ്റും? അല്ലെങ്കിൽ യഥാർത്തത്തിൽ ശരി തറ്റ്‌ എന്നൊന്നുണ്ടോ?"

"അങ്ങിനെയൊക്കെ കടന്നു ചിന്തിക്കണോ......?"

"വേണം, ഓഷോ രജനീഷ്‌ പറഞ്ഞിട്ടുണ്ട്‌, "പ്രകൃതിയിൽ സ്വാഭാവികമായുള്ളതിനെ മതിൽ കെട്ടി തടയാൻ മനുഷ്യൻ മുതിരുന്നിടത്താണ്‌ അരാജകത്വത്തിന്റെ തുടക്കം" എന്ന്. കൊടുമുടിയിൽ ഉത്ഭവിക്കുന്ന പ്രവാഹങ്ങൾ വളരെ സ്വാഭാവികമായി മഹാസമുദ്രത്തെ തേടിയെത്തിക്കൊള്ളും..പ്രകൃത്യാ ഉള്ള വൻപാറക്കെട്ടുകളും, അഗാധ ഗർത്തങ്ങളും ഒന്നും അതിനെ വഴിയിൽ തടയില്ല. പക്ഷേ അതേ നദിപ്രവാഹത്തിൽ വൻ മതിൽ തീർത്ത്‌ മനുഷ്യൻ ഇടപെട്ടാലോ, ആ പുഴയ്ക്ക്‌ പിന്നീടൊരിക്കലും സമുദ്രത്തിലെത്തിച്ചേരാനേ കഴിഞ്ഞെന്നു വരില്ല"

"അതദ്ദേഹം ലൈംഗികതയെ കുറിച്ചു പറഞ്ഞതല്ലേ...?"

അതെ...അതേ ലൈഗികതയെയാണല്ലോ പാപങ്ങളുടെ തമ്പുരാനായി ഇപ്പോ അവതരിപ്പിക്കപ്പെടുന്നത്‌? അതു പോട്ടെ..കാലത്തെ അല്ലെങ്കിൽ കാലഘട്ടത്തെ ആപേക്ഷികമാക്കിയെടുത്താണ്‌ ശരിയും തെറ്റും ബലാബലം കളിക്കുന്നതെന്ന് സമ്മതിച്ചാൽ തന്നെയും കടന്നുപോയതും കണ്മുന്നിൽ നിൽക്കുന്നതുമായ കാലഘട്ടങ്ങളിലൊക്കെയും കലാകാരന്മാരും എഴുത്തുകാരുമൊക്കേതന്നെ മാറ്റിവരയ്ക്കപ്പെടുന്ന അതിർവരമ്പുകൾ ലംഘിച്ച്‌ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അപഥ സഞ്ചാരം നടത്തിയതായി കാണാൻ കഴിയില്ലേ"

"എന്നു വെച്ചാൽ എഴുത്തുകാർക്കും, ചിത്രകാരന്മാർക്കും, ശിൽപികൾക്കും പിന്നെ നിങ്ങൾ ബ്ലോഗർമാർക്കുമൊക്കെ എന്തു തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ്‌ കാലാകാലങ്ങളായി പതിച്ചു കിട്ടിയിട്ടുണ്ട്‌ എന്നാണോ?"

"അതെന്തരെഡേയ്‌ അതിനിടയിൽ ബ്ലോഗർമാർക്കിട്ടൊരു ഞോണ്ട്‌?"

"ഹല്ല, ഒരു എം. എഫ്‌. ഹുസൈന്‌ ഹിന്ദു വനിതാ ദൈവങ്ങളെ തുണീം കോണോനുമില്ലാതെ വരയ്ക്കാം.....ഒരു ചിത്രകാരന്‌ സരസ്വതിയുടെ ഏതാണ്ടൊക്കെ അവയവങ്ങളുടെ എണ്ണമെടുക്കാം....പിന്നെ കുറെ സർവ്വ വിജ്ഞാന കോശ ബ്ലോഗ്‌ എഴുത്തുകാർക്ക്‌ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും, അതെഴുതിയവനെ തെറിവിളിച്ചും, ആ തെറിവിളിച്ചവന്റെ തന്തയ്ക്ക്‌ വിളിച്ചും അർമ്മാദിക്കാം....ഇതല്ലെങ്കിൽ തോന്ന്യാസം എന്ന വാക്കിന്‌ താനെനിയ്ക്ക്‌ നിർവ്വചനം വേറെ തരണം...."

"ഇതിലൊക്കെ എന്തോന്ന് കൊഴപ്പം"?

"ഒരു കൊഴപ്പോം ഇല്ലാഞ്ഞിട്ടാണോ സന്തോഷ്‌ ജനാർദ്ദനൻ എന്ന ബ്ലോഗർ ചിത്രകാരൻ എന്ന ബ്ലോഗർക്കെതിരെ കേസ്‌ കൊടുത്തത്‌?"

"കാര്യമറിയാതെ വല്ലോം വിളിച്ചു പറയല്ല്....സരസ്വതീ ദേവിക്ക്‌ സേൻസസെടുത്ത പോസ്റ്റിട്ടതിനല്ല, മറിച്ച്‌ ബ്ലോഗിലൂടെ ജാതി വിദ്വേഷം തീർക്കുന്നു എന്ന ആരോപണത്തിൻ പുറത്താണ്‌ കേസ്‌ കൊടുത്തത്‌ എന്ന് ശ്രീ സന്തോഷ്‌ ജനാർദ്ദനൻ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ..."

അങ്ങിനാണേൽ അതും കുഴപ്പമല്ലേ....

ഇന്ന് രാജ്യത്ത്‌ നിലവിലുള്ള നീതിന്യായ വ്യവസ്ഥ വെച്ച്‌ അതു പ്രശ്നമാണെന്ന് കോടതിക്ക്‌ തോന്നിയാൽ ചിത്രകാരനു ചിലപ്പോ കുഴപ്പമാവും.അല്ലാതെന്ത്‌?

"എന്നാലും ആർക്കും എന്തും വിളിച്ചു പറയാനുള്ള പൊതു സ്ഥലമാണോ ഈ ബ്ലോഗ്‌?

"അതേ"

ങേ....! "

അതേന്ന്...വേലിയേലെങ്ങാൻ ചുമ്മാ വെയിലും കൊണ്ടിരിക്കുന്ന പാമ്പിനെയെടുത്ത്‌ വി.ഐ.പി ഫ്രഞ്ചിക്കുള്ളിൽ തിരുകിയാൽ, പിന്നെ ചിലപ്പോ ആസ്ഥാന മർമ്മാണിക്ക്‌ കാലമെത്തും മുന്നേ പെൻഷൻ കൊടുക്കേണ്ടതായീ വന്നേക്കാം എന്ന ഉത്തമബോദ്ധ്യത്തോടെ വല്ലവരും അങ്ങിനെ ചെയ്താൽ, അച്ചെയ്ത ചെയ്ത്തിന്‌, മേപ്പടിയാനെ കുറ്റം പറയാൻ പറ്റ്വോ?"

"ഹേ....യ്‌"

"എന്നാ അതന്നെ ഇതും"

"അപ്പോ ചിത്രകാരൻ ചെയ്തത്‌ തെറ്റല്ല?"

"അല്ല"

"അങ്ങിനെയെങ്കിൽ ശ്രീ. സന്തോഷ്‌ ജനാർദ്ധനൻ ചെയ്തത്താണ്‌ തെറ്റ്‌"?

അതുമല്ല

"അതെങ്ങിനെ? രണ്ടും ഒരുമിച്ചു ശരിയാവുന്നതെങ്ങിനെ ശരിയാവും"

"ചെലപ്പോ രണ്ടും ഒരുമിച്ചു തെറ്റുമാവാം!"

"ദേ...ഒരുമാതിരി.... "

ചൂടാവല്ല്...ചിത്രകാരൻ എഴുതിയ പോസ്റ്റായപോസ്റ്റെല്ലാം വായിച്ചാ, ഒരന്തോം കുന്തോമില്ലാത്ത ഒരാൾ എഴുതിയതാണെന്നു തോന്നുമോ"?

ഇല്ല...

അപ്പോ മിനിമം കോമൺസേൻസ്‌ എങ്കിലും ഉള്ള ഒരാൾ അതൊക്കെയെഴുതുമ്പോൾ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും മനസ്സിലാക്കിയിരിക്കും എന്നു കരുതുന്നതിൽ തെറ്റുണ്ടോ?

ഇല്ല

അപ്പോൾ സംഗ്രഹം : താൻ ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്ന (നോട്ട്‌ ദാറ്റ്‌ പോയിന്റ്‌) ധാരണകളുടെയും വിശ്വാസത്തിന്റെയും പുറത്ത്‌, തനിക്ക്‌ ശരിയെന്ന് തോന്നുന്ന ഭാഷയിൽ, വരും വരായ്കകളെകുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ്‌ ചിത്രകാരനതൊക്കെ എഴുതിയിട്ടുള്ളത്‌...

"ന്ന് ച്ചാൽ.....വേലിയിലിരിക്കുന്ന പാമ്പിനെ അറിയാണ്ടങ്ങ്‌ എടുത്ത്‌ വെച്ചതല്ല എന്ന്"

"അതന്നെ! ഒരു വ്യക്തി എന്ന നിലയിൽ ചിത്രകാരനുള്ള അവകാശങ്ങളൊക്കെയും ശ്രീ സന്തോഷ്‌ ജനാർദ്ദനൻ എന്ന വ്യക്തിക്കുമുണ്ട്‌. അങ്ങിനെ വരുമ്പോൾ താൻ ശരിയെന്നു വിശ്വസിക്കുന്ന ധാരണകളുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ, ചിത്രകാരൻ എഴുതുന്നത്‌ നിലവിലുള്ള സമൂഹ ക്രമത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണെന്നും, അപകടകരമാണെന്നും പ്രതിരോധിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്നതിൽ തർക്കമുണ്ടോ?

ഒട്ടുമില്ല... "

അതിനദ്ദേഹം ഇന്നത്തെ നിലയിൽ ഒരു മഹാഭൂരിപക്ഷം ആശ്രയിക്കുന്ന നീതിന്യായവ്യവസ്ഥയുടെ സഹായം തേടിയതിൽ പ്രതിഷേധിക്കാൻ ഈ നമുക്ക്‌ വല്ല വകുപ്പുമുണ്ടോ?

ഇല്ലെന്ന് തോന്നുന്നു.കോഴിക്കോട്ടോ കണ്ണൂരോ കാസർക്കോട്ടോ ഉള്ള വല്ല ക്വട്ടേഷൻ ചങ്ങായിമാരേം വിട്ട്‌ അദ്ദേഹം ചിത്രകാരനെ ഇരുട്ടടി അടിക്കാൻ ഏർപ്പാടാക്കിയിരുന്നെങ്കിൽ ഞാൻ ഘോര ഘോരം പ്രതിഷേധിച്ചേനേ.....!ബ്ലോഗ്‌ സ്തംഭിപ്പിച്ചേനെ!

അപ്പോ ഇതിലൊക്കെ എന്തര്‌ കുഴപ്പം എന്നു ഞാൻ ചോദിക്കുന്നതിൽ വല്ല കുഴപ്പവും ഒപ്പിക്കാനുള്ള വകുപ്പുണ്ടൊന്ന് നീ ശങ്കിച്ചാൽ എനിക്കെന്തെങ്കിലും കുഴപ്പം വരാൻ വഴുപ്പുണ്ടോ കുഴപ്പക്കാരാ?

എന്തോന്നെന്തോന്ന്...?

ഒന്നൂല്ല്യ....

"ഗൂഗിളിന്റെ ബ്ലോഗ്‌, എന്റെ കീബോർഡ്‌, വല്ലോന്റേം വരമൊഴി...എഴുത്തോടേഴുത്തും കമ്പക്കെട്ടും, നീയൊക്കെ നല്ല സൗകര്യമുണ്ടേൽ വായിച്ചാമതി" എന്ന ലൈനിലും കാര്യം തീർക്കാലോ തൽക്കാലം...."

"പബ്ലിക്‌ കംഫർട്ട്‌ സ്റ്റേഷന്റെ മതിലിൽ നോട്ടീസെഴുതി ഒട്ടിച്ചിട്ട്‌, സൗകര്യമുള്ളോൻ വായിച്ചാ മതി എന്നു പറയുന്നവന്റെ കോമൺസേൻസിൽ തൽക്കാലം എനിക്കിത്തിരി വിശ്വാസക്കുറവുണ്ട്‌"

"എന്നാലും ആ സരസ്വതീടെ......."

"ഷട്ടപ്‌....!!!"

5 comments:

Physel said...

"പബ്ലിക്‌ കംഫർട്ട്‌ സ്റ്റേഷന്റെ മതിലിൽ നോട്ടീസെഴുതി ഒട്ടിച്ചിട്ട്‌, സൗകര്യമുള്ളോൻ വായിച്ചാ മതി എന്നു പറയുന്നവന്റെ കോമൺസേൻസിൽ തൽക്കാലം എനിക്കിത്തിരി വിശ്വാസക്കുറവുണ്ട്‌"

"എന്നാലും ആ സരസ്വതീടെ......."

"ഷട്ടപ്‌....!!!"

പപ്പൂസ് said...

:-)

Vadakkoot said...

കലക്കി.

Mr. X said...

കൊള്ളാം... നര്‍മ്മത്തിന്റെ മേമ്പൊടി പുരട്ടി , ആനുകാലിക സംഭവങ്ങളെ നിഷ്പക്ഷമായി നോക്കിക്കാണുന്നു ...
പറഞ്ഞിരിക്കുന്നത് അപ്പടി സത്യം.

അഗ്രജന്‍ said...

"അപ്പോ ചിത്രകാരൻ ചെയ്തത്‌ തെറ്റല്ല?" "അല്ല" "അങ്ങിനെയെങ്കിൽ ശ്രീ. സന്തോഷ്‌ ജനാർദ്ധനൻ ചെയ്തത്താണ്‌ തെറ്റ്‌"? അതുമല്ല "അതെങ്ങിനെ? രണ്ടും ഒരുമിച്ചു ശരിയാവുന്നതെങ്ങിനെ ശരിയാവും" "ചെലപ്പോ രണ്ടും ഒരുമിച്ചു തെറ്റുമാവാം!" "ദേ...ഒരുമാതിരി....


sorry... ഞാൻ ഷട്ടപ്പി :)