വരമൊഴി/വരമ്പെറ്റമിഴിമൊഴി/ഒളിവെട്ടം;മായക്കാഴ്ച/മുലക്കാമ്പിലന്‍പുറവ്/മുലപറിച്ചെറിഞ്ഞ് കലിയാട്ടം/കണ്ണകിത്വം/കലാത്മകത്വംചിത്രഭാഷ/നിറഭേദമൊഴിയാട്ടക്കളം/യാങ്കിച്ചുണ്ടില്‍ ചിത്രലിപി/ചിത്രാക്ഷരമൊഴി വിചിത്രം/
വല്ലോം തിരിഞ്ഞോ? (തിരിഞ്ഞോന് തിരിഞ്ഞ്, അല്ലാത്തോന് നട്ടം തിരിഞ്ഞ്)
ഇല്ലല്ലേ.. സത്യായിട്ടും എനിക്കും മനസ്സിലായില്ല! എന്നാലും ഇതും കൂടെ...
മഹാവിസ്ഫോടനം/അന്ത്യാന്തകപ്രളയം/അവിനാശവിരല്‍മുദ്ര/അണ്ണാന്മുതുക്/ചിത്രശലഭച്ചിറക്/വരയാടുടല്/മയില്‍പ്പീലിക്കണ്ണേറ്/
ഇനീം പിടികിട്ടീല്ലാ?..ഇതാണ് കവിത!!മേല്ക്കണ്ടത് ചുമ്മാ വെറുമൊരു സാമ്പിള്‍ വെടിക്കെട്ട്!അദുമാതിരി ഖണ്ഡികകള്‍ 20 നു മേലുണ്ട്, വായിച്ചര്‍മ്മാദിക്കാന്‍.
എഴുതിയത് വിജയന് കുനിശ്ശേരി...അച്ചടിച്ചു വന്നത് മെയ് 25ആം തിയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍!
എന്തായാലും മലയാളത്തിലെ എണ്ണം പറഞ്ഞ വാരികയിലൊന്നില്‍ അച്ചടിക്കപ്പെട്ടതല്ലേ. എന്റെ ആസ്വാദന നിലവാരത്തിന്റെ അതിഭീകരമായ മൂല്യശോഷണം ഹേതുവായി എനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാവും വെള്ളം കൂട്ടാത്ത സത്യം. ശരി ഞാനത് വിട്ടു.പക്ഷേ കവിത എന്നെ വിടാന്‍ ഭാവമില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാ? ദേണ്ടെ പിന്നേം..!
നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രിയില്‍/വരണ്ടകാറ്റിന്റെ പിതൃപേച്ചുകള്‍/ആത്മാക്കള്‍ ആത്മഗതം കൊള്ളുന്ന ഇടനാഴികള്‍/ചുറ്റുഗോവണി ഇറങ്ങിവരുന്നത്/തൂങ്ങിച്ചത്ത കന്യക/ലോകത്തെവിടെയോ ഒരു ചുഴി/തിളക്കുന്ന എലിപ്പനി/
തുടക്കം കൊള്ളാം അല്ലേ...തീര്‍ന്നില്ല!
.....വയലറ്റ്മുഖങ്ങള്‍/തീയാളുന്നമുഖങ്ങള്‍/സ്ഫടികമുഖങ്ങള്‍/ശിലാമുഖങ്ങള്‍/പച്ചമുഖങ്ങള്‍/കളിമണ്മുഖങ്ങള്‍/പിച്ചളമുഖങ്ങള്‍/നീര്‍പോളമുഖങ്ങള്‍/എനിക്ക് മരിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാം/ജീവിച്ചിരിക്കുന്നവരെക്കാള്‍/വള്ളിപ്പന്നപടരുന്നത് പോലെ സ്ഫുടമായി/......ഒരുകൊള്ളിയാന്‍/ഒരുപ്യൂപ്പ/നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രി/ഒരു നിഗൂഡ ത്രികോണം/
(ആ അവസാനത്തെ വരി കഷ്ടിച്ച് നിരുപിക്കാം എന്നു തോന്നുന്നു!!!!)
വായിച്ചത് മാധ്യമം ആഴ്ചപ്പതിപ്പില്‍..എഴുതിയത് മന്ദാകിനി!
അതോടെ ഒന്നുറപ്പിച്ചു, ഇതാണ് കവിത,ഇതു തന്നെയാണ് കവിത, ഇതുമാത്രമാണ് കവിത.അപ്പോ അനോണിമാഷേ, ഇതും കവിതയല്ലാ എന്നു പറഞ്ഞേക്കല്ല്!
കട്ടമരം,കാട്ടിലെമരം/ആനമറുതാ,വടം വലി (എന്റെ തേവരേ)
ചക്കപ്പഴം/മുയല്‍ക്കുഞ്ഞ്/പ്ലാശും മൂട്/കബന്ധം(പിന്നേം ചത്തോ)
അണ്ണാന് കുഞ്ഞ്/ഹൈക്കു/വാര്‍മുളംതണ്ടില്‍ മുരളീരവം/
പാടവരമ്പ്/നനഞ്ഞകണ്‍കോണുകള്‍/കൈതപൂത്ത മണം/
ഇളംകാറ്റ്പാതിരാപ്പൂവ്/ചുടുനിശ്വാസം/ഉലഞ്ഞ വാര്കുഴല്/ഉടഞ്ഞ് ചിതറിയ നിലാവ്/
കറുത്ത ആകാശം/അടക്കിയ കരച്ചില്/ഊഷരഭൂമിയിലെ കുളിര്‍മഴ
പ്രഭാതം, പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളി/മൂവാണ്ടന്മാവിന്റെ കൊമ്പ്
കാലപാശത്തിന് കുരുക്ക്/തൂങ്ങിയാടുന്ന മരണം...!!!!
ബാക്കി പിന്നാലെ വരും...
പറഞ്ഞുവന്നത് വഴിമാറി കൊടകരയ്ക്ക് പോയ് എന്നു തോന്നുന്നു.
അനുഭൂതികളുടെ അനസ്യൂതമായ മഹാപ്രവാഹം എന്നോ മനോഹരമായ വാക്കുകളുടെ സുന്ദരമായ ഒത്തു ചേരല്‍ എന്നോ ഒക്കെ പണ്ടെങ്ങാണ്ട് ആരാണ്ടാലോ നിര്‍വചിക്കപ്പെട്ട ഒരു സാധനമാണല്ലോ ഈ കവിത..! അതു പണ്ട്..ഇപ്പോ അത് മാറീല്ലെ!അവ്യക്തമായ ആശയങ്ങളുടെയും പരസ്പരബന്ധമില്ലാത്ത വാക്കുകളുടെയും ഒരു വട്ടമേശസമ്മേളനം എന്നോ മറ്റോ മാറ്റിയാരുന്നല്ലോ ഈയിടെ?
അതെന്തോ ആവട്ട്. എന്റെ കയ്യിലിരിക്കുന്ന കാശ് കൊടുത്ത് ഞാന്‍ വാങ്ങിയ വാരികയില്‍ ആയതോണ്ട് എന്റെ വിമര്‍ശനത്തിന് ഒരു ന്യായീകരണമുണ്ട്. സംഗതി ഉത്തമോദാത്തമഹാവീരപട്ടാഭിഷേകം ആണേലും എനിക്കു മനസ്സിലായില്ല. ആയതിനാല്‍ അതു പൊട്ട.അതെഴുതിയ കവിയെ ഞാന്‍ തെറി വിളിക്കും കാരണം എന്റെ കാശുപോയ്.എന്നാല്‍ കവി തന്റെ വീട്ടുമുറ്റത്ത് ഒരു ബോര്‍ഡ് വച്ച് അതിന്മേലാണ് ഈ കവിതയ്ക്ക് വെട്ടം കൊളുത്തിയത് എന്നു വെയ്ക്കുക...അപ്പോ ആ കവിതയെ അല്ലെങ്കില്‍ കവിയെ കുരിശു മരത്തുമ്മേക്കേറ്റി തുരുമ്പെടുത്ത ആണി നെടുകെയും കുറുകെയും അടിച്ചു കയറ്റുന്നതിനെന്തു ന്യായീകരണം?
ഗൂഗ്ളും,വേര്‍ഡ് പ്രസ്സുമൊക്കെ സൗജന്യമായി പതിച്ചു തരുന്ന സ്ഥലത്ത് ചുമ്മാ മനസ്സീ തോന്നിയതൊക്കെ കുത്തിക്കുറിച്ചു വെക്കുന്ന പാവം ബ്ലോഗേര്‍സിന്റെ നെഞ്ഞത്ത് കുച്ചിപ്പുടീം ഭരതനാട്യോം ഒടുക്കം പോരാഞ്ഞ് ഡപ്പാം കുത്തും കളിക്കണതും ഇതേ സാമാന്യ നായത്തിന്റെ വിശാലപരിധിയില്‍ വരില്ലേന്നൊരു ശങ്കയില്ലേന്നു ചോദിച്ചാ, ഇല്ലാന്നങ്ങുറപ്പിച്ചു പറയാനും പറ്റ്വോ?
"എന്‍ പൂവാടിയില്‍ നടന്നൊരുനാള്
ആദ്യമായൊരാഭാസന്‍ എന്‍ കയ്യില്‍ പിടിച്ചു" എന്നോ
ഹൃദയത്തില്‍ ഞാന്‍ നിന് പേരെഴുതി
കാലം മഴപെയ്യിച്ചു,അഗ്നി വര്‍ഷിച്ചു
കടല്‍ തിളച്ചു തൂവി,
എന്നിട്ടുംഹൃദയത്തില്‍ നിന് പേരു ചിരിച്ചു നിന്നു" എന്നോ
സൂര്യാംശു കിരണങ്ങള്‍ തഴുകിത്തലോടി
സൂര്യനെ കണ്ടു ഞാന്‍, സൂര്യ താപം കൊണ്ടു
സൂര്യനില്‍ ലയിച്ചു, സുരലോകം കണ്ടു ഞാന്‍സൂ
ര്യനായ് സൂര്യനില്‍, കര്‍ണ്ണന്റെ അമ്മയായ്"
എന്നോ ഒക്കെ വായിക്കുമ്പോള്‍ അതു കവിതയല്ല, അതില്‍ കവിതയേയില്ല ആയതിനാല്‍ അതെഴുതിയവനെ /വളെ കൊല്ല് കൊല്ല് എന്ന് വര്‍മ്മവക കീചകവധം ആട്ടക്കഥ ആടുന്നതില്‍ എന്തു സാംഗത്യം? ചുമ്മാ ഒരു തമാശ എന്നായിരുന്നുവെങ്കില്‍ അത് നഗ്നമായ വ്യക്തി ഹത്യയിലേക്ക് വഴുതിപ്പോയതിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നൊഴിഞ്ഞ് മാറാന്‍ പറ്റുമോ? (ഈ വക കളകാഞ്ചിയും കാകളിയുമൊക്കെ കണ്ട് ബ്ലോഗും പൂട്ടിപ്പോയവരെ നോക്കി ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!)ഏതായാലും കവിതയോടുള്ള ഒരു സ്വാഭാവിക പ്രതികരണം എന്ന വകുപ്പില്‍ പെടുത്തിക്കളയാനും വകുപ്പില്ലല്ലോ ഇതില്‍?
ഇനി,
അസ്ഥിക്കൂട്ടീന്നൊരു വിമോചിത പ്രാണപ്പറവ
പറന്ന് പറന്ന് സ്വയം ഹത്യ-കളബലി, കലബലിത്തം....(എന്താണാവോ ഈ കലബലിത്തം?)
കലാഭാഷ
കലാപഭാഷണം
അകപ്പുറത്ത്ബൊഹീമിയനാനക്കളി
ഇതിലൊക്കെ ഉദാത്ത കവിതയുണ്ടെന്ന് എനിക്കു തോന്നിയില്ലെങ്കിലും പലര്‍ക്കും തോന്നി. അത് കവിതയുടെ കുഴപ്പമല്ലല്ലൊ..എന്റെയല്ലെ എന്റെമാത്രം കുഴപ്പം! ആ ആശാരിക്കോലെടുത്ത് അളവിനു വെച്ചാല്‍ ഏതു ന്യായത്തിന്റെ പുറത്താണ് സഗീറും രാജുവും ശ്രീദേവി നായരും ഒക്കെ എഴുതുന്ന വരികള്‍ കവിതയല്ലാ എന്നു പറയുന്നത്?ഏറിപ്പോയാല്‍ സൂര്യാംശുകിരണങ്ങള്‍ എന്നപ്രയോഗം വൈയ്യാകരണ യുക്തിപ്രകാരം നിലനില്‍ക്കുന്നതാണോ എന്നൊന്ന് ഗവേഷണം നടത്തി നോക്കാം അത്ര തന്നെ.
വയല്‍ക്കരയിലെ വീട്, കനല് നിലാവിലെ കൈത,കാഴ്ചപ്പാതി,ഒളിഞ്ഞുനോട്ടം,കണ്ണാടിയിലെ കാഴ്ച, എനിക്കില്ലേ.... ഇതൊക്കെ കവിതകളാണെന്ന് എനിക്കു തോന്നാമെങ്കില്‍.........കര്‍ക്കടകം,കുളം + പ്രാന്തത്തി,കുറിഞ്ഞി, ഞാന്‍ തിരക്കിലാണ് മുതലായവയില്‍ വേറൊരാള്‍ക്ക് കവിത കണ്ടെത്താമെങ്കില്‍........ഇപ്പറഞ്ഞ കോറിയിടലുകളിലും കവിതയുണ്ട് എന്ന് മൂന്നാമതൊരാള്‍ക്ക് തോന്നിക്കൂടേ?
ആപേക്ഷികമല്ലേ മാഷേ ഗുണനും ഗുണാളനും?
ഇനി "പോയാലൊരു പോസ്റ്റ് ആയാലൊരു ബെര്‍ളിതോമസ്" എന്ന ലൈനിലാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ തിരിച്ചെടുത്ത് ചവച്ചരച്ച് കഴിച്ച് മോളില് ഒരു ദ്രാം ചുക്കു കഷായം നില്‍പ്പനുമടിച്ച്..............!! സുലാന്‍!
12 comments:
ഇനി "പോയാലൊരു പോസ്റ്റ് ആയാലൊരു ബെര്‍ളിതോമസ്" എന്ന ലൈനിലാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ തിരിച്ചെടുത്ത് ചവച്ചരച്ച് കഴിച്ച് മോളില് ഒരു ദ്രാം ചുക്കു കഷായം നില്‍പ്പനുമടിച്ച്..............!! സുലാന്‍!
:)
:-)
മൊത്തത്തിൽ നല്ല രസായിട്ടുണ്ട്!
ബ്ലോഗ് എന്നതും ഒരു പൊതുമാധ്യമമാണ് എന്ന് അത് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ടതുണ്ട്. വായിക്കുവാൻ കാശ് കൊടുക്കുന്നുണ്ടാവില്ല; അതുകൊണ്ട് വായിച്ചിട്ട് ഇഷ്ടമായി/ഇഷ്ടമായില്ല എന്നുപറഞ്ഞുകൂട; അല്ലെങ്കിൽ എനിക്ക് ഇഷ്ടമാവാത്തത് മറ്റൊരാൾക്ക് ഇഷ്ടമാകുവാൻ സാധ്യതയുണ്ട് അതിനാൽ ഇഷ്ടമായില്ല എന്നു പറഞ്ഞുകൂട എന്നു പറയുവാൻ കഴിയില്ലല്ലോ!
പിന്നെ, ഇഷ്ടമല്ലായ്മയും വിമർശനവും രണ്ടും രണ്ടറ്റത്തു കിടക്കുന്നതല്ലേ? ഇവിടെ അനോണിമാഷിന്റെ വിമർശന പോസ്റ്റുകൾ ഏത് രീതിയിലാണ് വിമർശനം എന്നു പറയുവാൻ കഴിയുക? അവ പരിഹാസം മാത്രമല്ലേ? മറ്റുള്ളവർക്ക് കുറവുകൾ തീർച്ചയായും ഉണ്ടാവും. അതു ചൂണ്ടിക്കാണിച്ചു പരിഹസിക്കുവാൻ (വ്യക്തിപരമായി ആവണ്ട, എഴുതുന്നതിൽ തന്നെ മതി) ആർക്കും കഴിയും. ബ്ലോഗ് എന്ന മാധ്യമത്തിൽ എഴുതുന്നവർ, മാധ്യമങ്ങളിൽ എഴുതുന്നവരുടെ മാനസികാവസ്ഥയിലല്ലല്ലോ എഴുതുന്നത്. അവരെപ്പോലെ ‘തഴക്ക’വും ‘പഴക്ക’വും വന്നവരാവില്ലെന്ന്... :-) അതിനാൽ തന്നെ അവരുടെ കുറവുകൾ കൂടുതൽ പ്രകടമായിരിക്കുകയും ചെയ്യും. ചിലപ്പോൾ ഇതുപോലെയുള്ള പരിഹാസങ്ങൾ നേരിടുവാൻ അവർക്ക് കഴിഞ്ഞുവെന്നും വരില്ല. പക്ഷെ, ഇത് നല്ലതിനായെന്നേ ഞാൻ പറയൂ. ഇപ്പോൾ ആ ബ്ലോഗർ കവിതകൾ ഡിലീറ്റിയിരിക്കാം, പക്ഷെ നാളെ ഇങ്ങിനെയുള്ള പ്രതികരണങ്ങൾ നേരിടുവാൻ അവർ തയ്യാറായിരിക്കുമല്ലോ... കവിതകൾ കുറച്ചുകൂടി ശ്രദ്ധിച്ചെഴുതുവാനും അവർക്കു കഴിയുമായിരിക്കാം.
ഇനി വിമർശനങ്ങളാണെങ്കിൽ തന്നെയും, അവയോട് തട്ടിക്കയറാതെ, സ്വയമൊന്ന് അതിന്റെ വെളിച്ചത്തിൽ നോക്കി, കൊള്ളാവുന്നത് കൊള്ളുകയും, തള്ളേണ്ടത് തള്ളുകയും ചെയ്യുവാൻ ബ്ലോഗ് ചെയ്യുന്നവർ ശീലിക്കേണ്ടിയിരിക്കുന്നു. ഒരുവന്റേയും വിമർശനം അവസാനവാക്കൊന്നുമല്ലല്ലൊ, അതേത് പുലിയാണെങ്കിലും! :-)
--
മണ്ണീരയുടെ മണ്ടയിൽ മാണിക്യമില്ലന്നു പറഞ്ഞു കളിയാക്കുന്നവരെ കുറിച്ചെന്തു പറയാൻ.
പരിഹസിക്കുന്നവർക്ക് അറിയില്ലല്ലോ അതെങ്ങനെയാണ് പരിഹാസ്യരാക്കപ്പെട്ടവർ കാണുന്നതെന്ന്. അന്യരുടെ കുറ്റം ഒരുവിരലുകൊണ്ട് ചൂണ്ടിക്കാണിക്കുമ്പോൾ നമ്മുടെ കുറ്റം നാലുവിരലിൽ ഇരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാൽ പിന്നെയൊരു പ്രശ്നവുമില്ല.
:)
ഐ.പി. പിടിയന്‍ വര്‍മ്മ:-
ഡാ..നീയല്ലേടാ മാഗ്നിഫയര്‍ എന്ന പേരില്‍ തറവളിപ്പുകള്‍ എഴുതി പരാജിതന്റെയൊക്കെ കയ്യീന്ന് കണക്കിനു മേടിച്ചു കൂട്ടിയ ആ പുംഗവന്?!! എന്നിട്ടിപ്പൊ ഇവിടെ വന്ന് സദാചാരം പ്രസംഗിക്കുന്നോ...!! വര്‍മ്മമാരെ അധിക്ഷേപിച്ചാല്‍ നിന്റെ തറവാാടടക്കം പൊക്കി പുറത്തിട്ട് വെടിക്കെട്ടാഘോഷം നടത്തും! ജാഗ്രതൈ..!!
ഒന്നോ രണ്ടോ മുന്നോ പേരില്‍ എഴുതുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? സൌകര്യം പോലെ പല വിഷയങ്ങള്ക്കായിട്ട് പല പേരില്‍ ബ്ലോഗ് തുറന്നൂടേ? അനോണീ ആന്റണീ പറഞ പോലെ കുളയാണ്ടറിസം ബ്ലോഗ് ഓണരോട് വേണോ? 15 ബ്ലോഗ് ഉണ്ടെങ്കിലും പറയുന്ന വിഷയ്അത്തില് വിഷയമുണ്ടോ എന്നാണു നോക്കേണ്ടത്. സയന്‍സ് കൈകാര്യം ചെയ്യുന്ന ഷിജു അല ക്സ്വസ് വേറേ പേരില്‍ ബ്ലോഗ്ഗ് തുറന്നാല്‍ അത് കുറ്റമാകുമോ? പല ബ്ലോഗുകള്‍ തുടങ്ങി അതില്‍ എല്ലാം കേറി അങ്ങോട്ടും ഇങ്ങോട്ടും അഭിനന്ദന കമന്റുകള്‍ ഇടുമ്പോഴാണു ഈര്ഷ്യയാവുന്നത്.
ഫൈസല്‍ പറഞതിനോട് യോജിപ്പാണു. ചിലര്‍ അമ്മയേ അമ്മ എന്ന് വിളിയ്ക്കുപോഴ്, ചിലര്‍ സ്നേഹത്തൊടേ എടീ ജാനുക്കുട്ടീന്ന് വിളിച്ചാല്‍ വിമര്ശിയ്ക്കാന് ആര്‍ക്ക് എന്ത് അവകാശം? ബ്ലോഗ്ഗ് അല്ലാണ്ടെ, എനര്‍ജി ഉപയോഗ്ഗിച്ച് വിമര്ശിയ്ക്കാന് എന്തോരം കാര്യങ്ങള്‍ രാഷ്റ്റ്രീയവും മന്ത്രിമാരും നമുക്ക് തരുന്നു. അവിടെ ഒക്കെ ഇംങ്കിലാബ് വിളിച്ചിരുന്നെങ്കില്‍ ഒരു കുഴിയിലെങ്കിലും അല്പം ടാറു വീഴുമായിരുന്നു. ! പിന്നെ വിമര്ശിച്ചൂന്ന് വച്ചാലും എന്തിനിത്ര പരവശം? നമ്മള് എഴുതി അവര്‍ക്ക് ഇഷ്ടപെട്ടില്ല, സിനിമ കൊട്ടകയിലു എന്തോരം അളുകളു കൂക്കി വിളിയ്ക്കുന്നു, സിനിമ പൊളിയുമ്പോഴ്, മോഹന്‍ലാല്‍ കിലുങ്ങിയോ? സംവിധായാകന്? നിര്‍മ്മാതാവ്? അതാണു സ്പിരിറ്റ്!
അതുല്യാമ്മ പറഞ്ഞതു കറക്റ്റ്,കവിത വിമര്‍ശിക്കപ്പെട്ടതിന് കവി/കവയിത്രി തൂങ്ങിച്ചാവേണ്ട കാര്യമൊന്നുമില്ല.പക്ഷേ കരീം മാഷ് പറഞ്ഞതൊന്നു വായിച്ചു നോക്കു അനോണി മാഷിനു തെറ്റിയതെവിടെയാണെന്നു മനസ്സിലാവും. 'തേങ്ങാക്കൊല' അവതരിപ്പിച്ചപ്പോള്‍ അനോണിമാഷ് വെള്ളെഴുത്തിന്റെ ആ പോസ്റ്റിലേക്ക് ലിങ്കൊന്നും കൊടുത്തില്ലല്ലൊ അതെന്താ? ഉഴിച്ചിലുകാര്‍ എന്നത് അനോണി മാഷ് എന്ന പേരില്‍ ബ്ലോഗുന്ന ഒരാള്‍ക്ക് ചേര്ന്നകൂട്ടാകുമോ?
:)
പ്ഫൈസല്,
ഞാന്‍ വൈകിപ്പോയി എങ്കിലും നന്ദി. നിങ്ങളെന്റെ കണ്ണു തുറപ്പിച്ചു. ഞാന്‍ ശുദ്ധകവിതയിലേക്ക് തിരിച്ചുപോകുന്നു. ശുദ്ധകവിതക്ക് വേണ്ടി എന്നാല്‍ ചെയ്യാനാകുന്നതെല്ലാം ഞാന്‍ ചെയ്യും. ഇതു സത്യം സത്യം സത്യം!!
ഏതായാലും കരീം മാഷ് മാണിക്യത്തെ മണ്ണിരയെന്നു വിളിച്ചത് വ്യക്തിഹത്യയായിപ്പോയി
ഫൈസലേ, സഗീറും ഇരിങ്ങലും നിറുത്തിയിട്ടില്ലാ. ശ്രീദേവിച്ചേച്ചിയും കവിതയെഴുത്ത് ഇതുകൊണ്ട് നിറുത്തിയെന്ന് തോന്നുന്നില്ല.
ഇതു കണ്ടോ!
Post a Comment